close
Sayahna Sayahna
Search

അടിയുടുപ്പുകൾ


അടിയുടുപ്പുകൾ
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

കുളികഴിഞ്ഞ് ബാത്ത്റൂമിൽ നിന്നിറങ്ങി ഈറന്‍ അടിയുടുപ്പുകള്‍ വിരിച്ചിടുമ്പോഴാണ് ആദ്യമായി അവളത് കണ്ടത്. അവളെത്തന്നെ നോക്കുന്ന കറുത്തകട്ടിഫ്രേയ്ം കണ്ണടയ്ക്ക് പിന്നിലെ രണ്ടുവലിയ കണ്ണുകള്‍. അവയുടെ തുറിച്ചുനോട്ടം അവളില്‍ തുളച്ചുകയറി. വിചിത്രമായ ഈ കാഴ്ചകണ്ട് ആദ്യം അവള്‍ക്ക് ചിരിക്കാനാണ് തോന്നിയത്. അതുണ്ടായില്ല. താന്‍ ലോലമായ നീണ്ടഗൗണും ഇടതു കൈവിരലിലെ സ്വര്‍ണ്ണമോതിരവും മാത്രമേ ധരിച്ചിട്ടുള്ളുവെന്നോര്‍ത്തപ്പോള്‍ അവള്‍ ലജ്ജകൊണ്ട് ചൂളിപ്പോയി.

അവളുടെ മുഖംതുടുത്തു. പിന്നെ രക്തംവാര്‍ന്നു വിളറി.

അടിയുടുപ്പുകള്‍ വേഗത്തില്‍ വിരിച്ചെന്നുവരുത്തി അയഞ്ഞഗൗണ്‍ മുമ്പില്‍ കൂട്ടിപ്പിടിച്ച് നേരെ ബെഡ്റൂമിലേക്ക് പോയി വാതില്‍ അടച്ചു.

അപ്പോഴേയ്ക്കും സ്വപ്നത്തിലെ ഒരുകാഴ്ചമായുംപോലെ ആ കണ്ണുകളും കറുത്ത ഫ്രെയിമുള്ള കണ്ണടയും മാഞ്ഞുപോയ്ക്കഴിഞ്ഞു. അവള്‍ ചുറ്റും നോക്കി, ഒന്നുംതന്നെ ഇല്ല. ആ കണ്ണുകളും കണ്ണടയും മറഞ്ഞുകഴിഞ്ഞിരിക്കുന്നു. എങ്കിലും അവളുടെ ഹൃദയമിടിപ്പ് വളരെ വേഗത്തിലായി തുടര്‍ന്നു അപ്പോഴും ഹൃദയത്തിന്റെ ഓരോ മിടിപ്പിലും തന്റെ ഇടത്തേമാറ് ഉയര്‍ന്നുതാഴ്ന്നതവളറിഞ്ഞു. മെല്ലെ കട്ടിലില്‍ ചാഞ്ഞു കിടന്ന് അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

കുറേക്കഴിഞ്ഞ് കണ്ണീര്‍ തോര്‍ന്നപ്പോള്‍ അവള്‍ എഴുന്നേറ്റ് പുതിയ അടിയുടുപ്പുകള്‍ ധരിച്ച് സാരിയിലേക്കും ജായ്ക്കറ്റിലേയ്ക്കും മാറി. അപ്പോഴേയ്ക്കും താനെന്തിനാണ് പൊട്ടിക്കരഞ്ഞതെന്നവള്‍ മറന്നു. വാസ്തവത്തില്‍ എന്തിനായിരുന്നു കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്കു പിന്നിലെ കണ്ണുകള്‍ തുറിച്ചുനോക്കിയതിനോ? മുഖമില്ലാതെ, ശരീരമില്ലാതെ… കണ്ണുകള്‍, കണ്ണട… ആരുടെ? എത്ര ആലോചിച്ചിട്ടും അതവള്‍ക്കറിയില്ലായിരുന്നു. പക്ഷെ അതൊരു തോന്നല്‍ മാത്രമാണെന്നു വിശ്വസിക്കാന്‍ എത്ര വിചാരിച്ചിട്ടും അവള്‍ക്ക് കഴി‍ഞ്ഞില്ല. അവള്‍ ആ ചിത്രം മറക്കാന്‍ ശ്രമിച്ചു.അതിനവള്‍ സ്വീകരണമുറിയിലെ പൂപ്പാത്രത്തിലെ പൂക്കള്‍മാറ്റി പുതിയ പൂക്കള്‍നിറച്ചു. ആഷ്ട്രേ വെടിപ്പാക്കി. പക്ഷെ പടിഞ്ഞാറെ മുറ്റത്തേയ്ക്കുപോകാനും നോക്കാനും എന്തോ ഉള്ളില്‍ അപ്പോഴും ഭയം.

ഇനിയുമുണ്ട് സമയം ജയേട്ടന്‍ വരാന്‍. വിരസത മാറ്റാന്‍ പുസ്തകവുമായി സോഫയിലിരുന്നു. ഒരാവര്‍ത്തി വായിച്ചുകഴിഞ്ഞ പലതരം പുഡ്ഡിംഗുകളിലൂടെ വീണ്ടും കടന്നുപോയി. പുഡ്ഡിംഗ് ഡ്രസ്സ് ചെയ്തിരിക്കുന്ന ചെറികള്‍ മല്ലെ രണ്ട് വലിയ കണ്ണുകളായി, പിന്നീടതിനുചുറ്റും കറുത്ത ഫ്രെയിമുള്ള…

പുസ്തകം മടക്കി സോഫയിലിട്ട് അവള്‍ ചാടിയെഴുന്നേറ്റു. ഇഴഞ്ഞുനീങ്ങുന്ന സമയംപോക്കാനിനിയെന്തു ചെയ്യണമെന്നായി അവളുടെ ചിന്ത. മുടി മറ്റൊരുവിധത്തില്‍ കെട്ടിവയ്ക്കാം. അവള്‍ തീരുമാനിച്ചു. തലമുടി സംവിധാനംചെയ്ത് ചെവിക്കുമുകളില്‍ ഹെയര്‍പിന്‍ കുത്തി കണ്ണാടി നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ശ്രദ്ധിച്ചു. തന്റെ മുഖം വിളറിയിരിക്കുന്നു. ചുണ്ടുകള്‍ ഉണങ്ങി. അതില്‍ ഭയത്തിന്റെ നേര്‍ത്ത വരകള്‍…

അക്ഷമയായി ഗേറ്റില്‍ കാത്തുനില്‍ക്കുമ്പോള്‍ ജയേട്ടന്‍ വന്നു. കാര്‍ പാര്‍ക്കുചെയ്ത് അകത്തുവരുമ്പോള്‍ ചോദിച്ചു. ‘സുമേ, എന്തുപറ്റി, സുഖമില്ലേ നിനക്ക്?’

വേഷം മാറിവന്ന് ഒരു വോഡ്ഹൗസ് പുസ്തകത്താളുകളിലെ ഫലിതത്തില്‍ പൊട്ടിച്ചിരിക്കുമ്പോള്‍ അവളയാൾക്ക് ചായയും ഉപ്പേരിയും കൊണ്ടുവന്നു. അയാള്‍ ചോദ്യം ആവര്‍ത്തിച്ചു, ‘സും., നിനക്കെന്തുപ്പറ്റി?’ അവള്‍ ഒന്നും മിണ്ടിയില്ല. അയാളുടെ വായനയിലേക്ക് നോക്കിയിരുന്നു അവള്‍. ഏതാനും സമയത്തെ മൗനത്തിനുശേഷം വീണ്ടും ആ ചോദ്യമുയര്‍ന്നപ്പോള്‍ അവള്‍ക്ക് പറയാതിരിക്കാന്‍കഴിഞ്ഞില്ല. അടിയുടുപ്പുകൾ വിരിക്കുന്നനേരം അവളെത്തന്നെ തുറിച്ചുനോക്കുന്ന കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്ക് പിന്നിലെ വലിയ രണ്ടു കണ്ണുകള്‍…

പക്ഷെ മറ്റൊരു വോഡ്ഹൗസ് ഫലിതത്താലെന്നപോലെ അയാള്‍ പൊട്ടിച്ചിരിച്ചത് അവള്‍ക്കൊട്ടും ഇഷ്ടമായില്ല. അതിലവളുടെ ഈറന്‍കണ്ണുകളുണങ്ങി.

രാത്രി അയാളുടെ നെഞ്ചില്‍ തലചായ്ച്ച് അവളുറങ്ങി. അവളുടെ തലയിലും കവിളിലും മാറിലും ചുമലിലും തലോടിക്കൊണ്ട് അയാളും കിടന്നു. ഇരുട്ടില്‍ അവളുടെ രൂപത്തിന് സൗന്ദര്യമേറി. എങ്കിലും രാത്രിയുടെ ലോലമായ ശബ്ദത്തില്‍ അയാള്‍ക്കുറങ്ങുവാന്‍ കഴിഞ്ഞില്ല, അവള്‍ക്കുണരുവാനും. അവളുടെ ഗന്ധം ഉണർത്തിയ തീക്ഷ്ണമായ ആഗ്രഹം അയാളെ അസ്വസ്ഥനാക്കി. നിരാശയുടെ പകല്‍വെളിച്ചം എത്തിയപ്പോള്‍ അയാള്‍ എഴുന്നേറ്റു. നീണ്ടൊരുറക്കത്തിനുശേഷം അവളും.

അന്നു പകൽ അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ മുതല്‍ അവൾക്ക് അങ്കലാപ്പു തുടങ്ങി. ഭക്ഷണം കഴിക്കുമ്പോഴും സോഫയിലേയും ജനാലയിലെയും പൊടി തട്ടിമാറ്റുമ്പോഴും വനിതാമാസികകളിലെ പാചകക്കുറിപ്പുകളിലൂടെ കണ്ണോടിക്കുമ്പോഴും അജ്ഞാതമായ ..യം അവളെ കീഴടക്കിയിരുന്നു. ഏകാന്തതയുടെ ആ തടവറയ്ക്കുള്ളില്‍ ഒടുവില്‍ കളി കഴിഞ്ഞ് അടിയുടുപ്പുകള്‍ നനച്ചുവിരിക്കുമ്പോഴൊന്നും അവളുടെ മുമ്പില്‍ അവളെത്തന്നെ തുറിച്ചുനോക്കുന്ന കറുത്ത ഫ്രെയിമിനുള്ളിലെ വലിയ രണ്ടു കണ്ണുകള്‍…

അവളറിയാതെ ഒരു നിലവിളി അവളില്‍ നിന്നുയര്‍ന്നു. തന്റെ കിടക്കയില്‍ മറിഞ്ഞുവീണു തേങ്ങിക്കരയുമ്പോള്‍ അവളുടെ ഹൃദയമിടിപ്പുകള്‍ ആ തേങ്ങലുകളെ ഭേദിച്ച് അവളുടെ ചെവികളിലെത്തി.

വൈകിട്ട് അയാളെത്തിയപ്പോള്‍ പരിസരബോധം വിട്ട് ഉമ്മറത്തുവച്ചയാളെ കെട്ടിപ്പിടിച്ചു തേങ്ങി.

‘ജയേട്ടാ, വലിയ, വലിയ കണ്ണുകള്‍, കറുത്ത ഫ്രെയ്മുള്ള കണ്ണട, ഒക്കെ ഭയപെടുത്തുന്നു.’

‘ഇംപ്പോസ്സിബിള്‍, സുമേ, നീ സ്വപ്നം കാണുകയാണ്, നോക്കൂ എങ്ങിനെയാണ് ഒരു കണ്ണട ഫ്രെയ്മും രണ്ടു കണ്ണുകളും മാത്രം നിന്നെക്കാണാന്‍ വരിക?’

അവള്‍ നിരാശയില്‍ മുങ്ങി. അന്നാദ്യമായി അയാളിലെ മരവിപ്പ് അവള്‍ക്കു വ്യക്തമായി. അവളെ വേട്ടയാടുന്ന കണ്ണുകള്‍ അവളുടെ വിഭ്രാന്തിയാണെന്ന് അയാളാവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ അകല്‍ച്ചയുടെ വിള്ളലുകള്‍ക്കപ്പുറംനിന്ന് അവളയാളെ നോക്കി കണ്ടു.

രാത്രി അയാളുടെ നെഞ്ചില്‍ നിന്നകലെ, അയാളുടെ തലോടലുകള്‍പ്പുറം പുറംതിരിഞ്ഞു കിടന്നു് അവളുടെ ലോകത്തില്‍ അവളുറങ്ങി. അയാളുടെ കൈവിരലുകള്‍ അവളടെ അടിയുടുപ്പുകൾ തേടിവന്നപ്പോള്‍ അവളുടെ കൈകള്‍ അവയെ തടഞ്ഞുനിര്‍ത്തി.

ഉറക്കം നഷ്ടപ്പെട്ട രാത്രികളുടെ ക്ഷീണവുമായി ആപ്പീസില്‍ പോകുമ്പോള്‍ അയാളുടെ സ്വരത്തില്‍ വിരസതയായിരുന്നു ഏറെക്കുറെ.

‘പകല്‍മുഴുവന്‍ ഓരോന്നാലോചിച്ചിരിക്കാതെ എന്തെങ്കിലും യൂസ്‌ഫുള്‍ ആയി ചെയ്യു, വായിക്കയെങ്കിലും’. വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ തുളച്ചുകയറി.

ഏകാന്തമായ പകലില്‍ കറുത്ത ഫ്രെയ്മിനുള്ളിലെ വലിയ കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു. കുളിച്ചുകൊൻടിരുന്നപ്പോൾ അവളുടെ മുലക്കണ്ണുകളില്‍നിന്നും തെറിച്ചുവീണ തുള്ളികളില്‍ ആ വലിയ കണ്ണുകളും കറുത്ത ഫ്രയിമും അവള്‍ കണ്ടു. വ്യക്തമായി. അവളുടെ നഗ്നത കണ്ടാസ്വദിക്കുന്ന കണ്ണുകളെ ഭയന്നവള്‍ ഒരു പൊട്ടിക്കരച്ചിലോടെ കിടക്കയിലേക്ക് മറിഞ്ഞു. പക്ഷെ അവ പിന്നെയും അവളെ പിന്തുടര്‍ന്നു. പുതിയ അടിയുടുപ്പുകളും സാരിയും ധരിക്കുന്നതുവരെ.

‘സുമേ, എന്തൊരസംബന്ധമാണ് നീ പറയുന്നത്? ശരീരമില്ലാതെ കണ്ണുകളും കണ്ണടയും എങ്ങനെ നിന്നെ കാണാന്‍വരും? അല്ലെങ്കിലും അവ ആരുടെ കണ്ണുകളാണെന്നു പറയൂ…’

പിന്നീടവള്‍ തന്നെ പിന്തുടര്‍ന്നിരുന്ന വലിയ കണ്ണുകളെയും കണ്ണടഫ്രെമിനെക്കുറിച്ചൊന്നും അയാളോട് പറഞ്ഞില്ല. പകല്‍സമയങ്ങളില്‍ അവളുടെ നിലവിളി കേട്ടിരുന്ന അയല്‍വാസികളുടെ അടക്കിയ സംസാരങ്ങളില്‍ നിന്നും വിറയ്ക്കുന്ന അവളുടെ കൈകളില്‍ നിന്നും അവളുടെ ഹൃദയസ്പന്ദനങ്ങില്‍നിന്നും, അവളുടെ ഭീതി അയാള്‍ ഗ്രഹിച്ചു. ഭീതിദമായ പകലുകളുടെ വിരസതയില്‍ നിന്നു അയാളോടൊപ്പം ശാന്തമായ രാത്രികളിലേയ്ക്കു രക്ഷപ്പെടാന്‍ കഴിയാതെ അവളുടെ മനസ്സു മരവിച്ചു. അയാൾക്കൊരിക്കലും ഉണര്‍ത്താനാവാത്തവിധം ഗാഢമായുറങ്ങുന്ന അവളുടെ രാത്രികൾ അയാളില്‍ അവളോടുള്ള വികാരത്തേയും മരവിപ്പിച്ചു. ഉറക്കമില്ലാത്ത രാത്രികളില്‍ നിന്നയാള്‍ രക്ഷപ്പെടലുകളുടെ പകലുകളിലേയ്ക്കുണരാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

അവള്‍ ഏതോ മറ്റൊരാളായി മാറിക്കഴിഞ്ഞപ്പോള്‍ അയാളില്‍ ഭയം നിഴലിച്ചു തുടങ്ങി.

അന്നൊരുനാൾ രാത്രി കറുത്ത ഫ്രെയ്മുള്ള കണ്ണടയ്ക്കു പിന്നില്‍ വലിയ രണ്ടു കണ്ണുകള്‍ തുറിച്ചു നോക്കുന്നതയാള്‍ കണ്ടു. അപ്പോഴയാള്‍ ഉറക്കത്തിലായിരുന്ന അവളുടെ അടിയുടുപ്പുകളുടെ കുരുക്കുകൾ അഴിക്കാനുള്ള ശ്രമത്തിലായിരുന്നു. ഷോക്കേറ്റന്ന പോലെ പിന്നോക്കം പോയി അയാളുടെ കൈകള്‍.

പരിഭ്രാന്തിയുടെ ഒരലര്‍ച്ച ആ മുറിയില്‍ തളം കെട്ടി. ഞെട്ടിയുണര്‍ന്ന അവള്‍ കണ്ടത് ഭയന്നു വിറച്ചു് വിയര്‍പ്പില്‍ക്കുളിച്ചു നില്‍ക്കുന്ന അയാളെയാണ്. വാക്കുകള്‍ അയാളുടെ തൊണ്ടയില്‍ കുരുങ്ങി നേര്‍ത്ത ചലനങ്ങളായി. ഏകാന്തമായ പകലുകളില്‍ തന്നെ പിന്തുടരാറുള്ള ദൃശ്യം അയാളുടെ രാത്രികളെ പിടിച്ചടക്കിയതവളറിഞ്ഞു.

തുടര്‍ന്നുള്ള രാവുകളിലും അവളുടെ അടിയുടുപ്പുകളില്‍ സ്പര്‍ശിക്കുമ്പോഴൊക്കെ വലിയ കണ്ണുകളും കറുത്ത ഫ്രയിമുള്ള കണ്ണടയും അയാളെ ഭീഷണിപ്പെടുത്തി. അയാളുടെ അലര്‍ച്ചയും നിലവിളിയും ദുസ്സഹമായപ്പോള്‍ അവള്‍ നീരസപ്പെട്ടു.

‘പ്ലീസ്, ജയേട്ടാ, രാത്രിയെങ്കിലും എനിക്കല്പം സമാധാനം തരൂ…’

പക്ഷെ ഇതു പറയുമ്പോള്‍ അവളുടെ ചുണ്ടുകളുടെ കോണില്‍ മിന്നിമറഞ്ഞ ഒരു പുഞ്ചിരി അയാളെ രോഷാകുലനാക്കി. കണ്ണില്‍കണ്ടതൊക്കെ തച്ചുടച്ച് കോപമടക്കി തിരികെ വന്നപ്പോള്‍ ശിഥിലമായ ബന്ധങ്ങളുടെ തടവറയിലവള്‍ ഗാഢമായുറങ്ങുകയായിരുന്നു.

പകല്‍ തമ്മില്‍ കാണുന്നവേളയിൽ മൗനം അവരുടെയിടയില്‍ മതിലുകെട്ടി. തീന്‍മേശയിലവര്‍ ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു ഭക്ഷണം കഴിച്ചു. പരസ്പരം കണ്ണില്‍പ്പെടാതെ നിശ്ശബ്ദത അവര്‍ പങ്കിട്ടു.

അടക്കാനാവാത്ത ഒരുള്‍പ്രേരണയാല്‍ അടുത്ത തവണ അവളുടെ അടിയുടുപ്പുകളിലയാള്‍ കടന്നുപിടിച്ചപ്പോള്‍ അയാളെ ആക്രമിക്കാനെത്തിയ കണ്ണുകളെക്കണ്ടയാള്‍ ഞെട്ടി. ഇത്തവണ കറുത്തഫ്രെയ്നമിനുള്ളിലെ കണ്ണുകള്‍ ആരുടെതെന്നയാള്‍ കണ്ടുപിടിച്ചു.

അടുത്തനാള്‍ തന്നെ ആപ്പീസ് വിട്ടുവരുംവഴി അയാല്‍ തന്റെ അയല്‍വാസി ജോണിയെ കണ്ടു. പക്ഷെ ജോണി കുറ്റാരോപണങ്ങള്‍ മുഴുവന്‍ അപ്പടി നിഷേധിക്കതന്നെചെയ്തു.

‘നോക്കൂ, മിസ്റ്റര്‍ ജയശങ്കര്‍, എന്റെ ശരീരവും മനസ്സും മറ്റും പലരേയും പിന്തുടര്‍ന്നുണ്ട്. പലരെയും വേട്ടയാടാന്‍ ഞാന്‍തന്നെ അവയെ ഉപയോഗിച്ചിട്ടുമുണ്ട്. എന്റെ കയ്യുകളും വസ്ത്രങ്ങളും പലര്‍ക്കും ജീവിതത്തിലെ ബാധകളായിട്ടുണ്ട്. പക്ഷെ, കണ്ണുകള്‍… ഇല്ല. തീര്‍ച്ചയായും ഇല്ല. അത് നിങ്ങളുടെ തോന്നലാവാനാണ് വഴി. നിങ്ങള്‍ വിശ്വസിക്കൂ മിസ്റ്റര്‍ ജയശങ്കര്‍; അല്ലെങ്കില്‍, വൈ ഡോണ്ട് യൂ ഗെറ്റ് മെഡിക്കല്‍ ഹെല്‍പ്പ്?’

ചുണ്ടു കടിച്ചുപിടിച്ച് ഉള്ളില്‍ പതഞ്ഞുവന്ന ദേഷ്യമടക്കി വീട്ടിലേയ്ക്കു മടങ്ങി തന്റെ മുറിയിലേയ്ക്ക് പോകുമ്പോള്‍ ഇത്രയും പറയുന്നതവള്‍ കേട്ടു. ‘അയാള്‍ അല്ലത്രെ…’

അവളുടെ ചുണ്ടുകളുടെ കോണില്‍ ഒരു ചെറുപുഞ്ചിരി മിന്നി മറഞ്ഞുവോ? തീര്‍ച്ചയില്ല.

അയാളാകെ അസ്വസ്ഥനായിക്കഴിഞ്ഞിരുന്നു. മുറിക്കുള്ളിലും പുറമെയും അയാള്‍ നടന്നു. തുടര്‍ച്ചയായി, അക്ഷമനായി, അവളുടെ നിര്‍വികാരമായ പെരുമാറ്റവും അപരിചിതത്വവും അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി. സമയമേറെക്കഴിഞ്ഞും അയാള്‍ നടപ്പ് തുടര്‍ന്നു. അപ്പോള്‍ അയാളുടെ മുഖത്ത് തെളിഞ്ഞുവന്ന സ്വേദകണങ്ങളില്‍ തടഞ്ഞുനിന്ന പ്രകാശത്തിന്റെ അവസാന കിരണങ്ങള്‍ അയാളുടെ തുടുത്ത മുഖവും മനസ്സിലെ സംഘര്‍ഷവും വ്യക്തമാക്കി.

ഒരു നിമിഷം നിയന്ത്രണം വിട്ടപ്പോള്‍, തികഞ്ഞ നിര്‍വ്വികാരതയോടെ മാസികകളിലൂടെ വെറുതെ കണ്ണോടിക്കുന്ന അവളെ അയാള്‍ വരിഞ്ഞുമുറുക്കി. പിന്നെ അവളുടെ വസ്ത്രങ്ങളിലൂടെ അടിയുടുപ്പുകളുടെ കുടുക്കുകള്‍ കണ്ടെത്തിയപ്പോള്‍ ജോണിയുടെ വലിയ രണ്ടു കണ്ണുകള്‍ കറുത്ത കണ്ണടയ്ക്കു പിമ്പില്‍… അടിയുടുപ്പുകളുടെ കടുക്കുകള്‍ വിടുവിക്കാന്‍ പണിപ്പെടുമ്പോള്‍ ആ കണ്ണുകള്‍ ചുകന്നു വലുതായി അടുത്തടുത്തുവന്നു. ക്രമേണ അവ ഭിത്തിയോളം വലുതായി അയാളെ ആക്രമിക്കാനെന്നോണം മുമ്പോട്ടാഞ്ഞു. അപ്പോഴയാളുടെ കണ്ണുകള്‍ ജ്വലിച്ചു. കോപവും ഭയവും ചേര്‍ന്ന് മെല്ലെ അവളുടെ മേലുള്ള അയാളുടെ പിടിയയഞ്ഞു. ദീര്‍ഘമായ അലര്‍ച്ച അയാളില്‍നിന്നുയര്‍ന്നു. വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ട്, പ്രതിധ്വനിക്കപ്പെട്ട് അത് അവിടെ തളംകെട്ടി.

അയാള്‍ പുറത്തേയ്ക്കോടുന്നതു കണ്ടവള്‍ കിടക്കമേല്‍ ഇരുന്നു. അല്പനിമിഷങ്ങള്‍ക്കുശേഷം വികൃതമായ പൊട്ടിച്ചിരിയുമായി അയാള്‍ പാഞ്ഞുവരുന്നതു കണ്ടവള്‍ ഭയന്നെഴുന്നേറ്റു. ഒരു കയ്യിലെ പിച്ചാത്തി വീശിക്കൊണ്ടയാള്‍ ഉറക്കെപ്പറഞ്ഞു.

‘ഞാനവളെ വകവരുത്തി… നോക്കൂ ഇതവന്റെ രക്തമാണ്. ഈ പിച്ചാത്തിയിലവന്റെ ശരീരം ഇങ്ങനെ പിളര്‍ന്നു കഴിഞ്ഞു… അവന്റെ കറുത്ത കണ്ണടയും വലിയ കണ്ണുകളുമിവിടെ വരില്ല… നോക്കൂ…’

പിന്നെയും അട്ടഹാസത്തിനിടയില്‍ അയാളില്‍നിന്നും വാക്കുകള്‍ ചോര്‍ന്നു വീണുകൊണ്ടിരുന്നു.

അയാളുടെ മുഖവും ശരീരവുമെന്ന പോലെ അയാളുടെ കൈകളും വിയര്‍പ്പില്‍ കളിച്ചിരുന്നു… അയാളുടെ കയ്യിലെ മിന്നുന്ന പിച്ചാത്തിയിലേയ്ക്കും, വെളുത്ത വിവര്‍ണ്ണമായ കൈകളിലേയ്ക്കും നോക്കിനിന്നും അവള്‍.

അപ്പോള്‍ തൊട്ടുചേര്‍ന്ന വീട്ടിലെ ജനലഴികളില്‍ നിന്നും ഒരു പൊട്ടിച്ചിരിയുടെ അലകൾ ഒഴുകിയെത്തി. അവിടെ കറുത്ത ഫ്രയ്‌മുള്ള കണ്ണടയ്ക്കു പിന്നില്‍ രണ്ടു വലിയ കണ്ണുകള്‍ ഇങ്ങോട്ടു നോക്കിനില്‍ക്കുന്നതവള്‍ വ്യക്തമായി കണ്ടു.

അവര്‍ക്കു ചുറ്റും ഇരുള്‍ പരന്നു.