കണ്ണനും രാധയും
കണ്ണനും രാധയും | |
---|---|
ഗ്രന്ഥകർത്താവ് | യു നന്ദകുമാർ |
മൂലകൃതി | 56 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2014 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 49 |
തലേന്നു കണ്ട നളചരിതത്തിലെ ‘കിസലയാധര’യുടെ മൊഞ്ചുനിറഞ്ഞ ആട്ടം കണ്ണന്റെയുള്ളില്‍ നിറഞ്ഞുനിന്നു. ഏകാഗ്രത നഷ്ടപ്പെട്ട് ജാള്യതയോടെ മ്യൂസിക് മാഷ് ജയദേവരുടെ മുഖത്തുനോക്കുമ്പോള്‍ കണ്ടത് ഭൈരവിയും മോഹനവും ഉപേക്ഷിച്ച് പന്തുവരാളിയില്‍ ‘പീനപയോധര ഭാരഭരേണ ഹരിം…’ ആലപിക്കുന്ന അദ്ദേഹത്തിന്റെ മുഖത്ത് നിരാശ.
“എന്തേ കണ്ണാ ഇങ്ങനെ? ഇന്നൊരു രാഗവും ശരിയാവുന്നില്ലല്ലോ…?”
കണ്ണന്‍ കണ്ണുകള്‍ അടച്ചുതുറന്നു. ഒരു കോട്ടുവായ് വിട്ടു ശുദ്ധവായു വലിച്ചെടുത്തു. നെറ്റിയിലേയ്ക്ക് വീണുകിടന്ന മുടി വാരി മേല്പോട്ടൊതുക്കി എട്ടാം ക്ലാസ് ഗണിത പുസ്തകം തെല്ലലക്ഷ്യമായി വലിച്ചെടുത്തു പേജുകള്‍ മറിച്ചു. പുസ്തകം പൊതിഞ്ഞിരുന്ന താളിലെ ജാക്വിലിന്‍ കെന്നഡി ഓനാസ്സിസിന്റേയും മേ വെസ്റ്റിന്റേയും ചിത്രങ്ങളിലേക്ക് ഒരുനിമിഷം കണ്ണോടിച്ച് ജയദേവന്‍ പറഞ്ഞു:
“ഇന്നു ശരിയാവില്ല കണ്ണാ. ഞാന്‍ ഇറങ്ങ്വാണ്.”
അപ്പോള്‍ പുറമേനിന്നും യദുകുലകാംബോജി ഒഴുകിവന്നു: “കരുണ ചെയ്‌വാനെന്തു താമസം…” പിന്നാലെ രാധയും.
“വരൂ കണ്ണാ ആകാശച്ചോട്ടില്‍നിന്നു നൃത്തം…ചെയ്യാം…"
കണ്ണന്‍ കുലുങ്ങിയില്ല.
“കണ്ണാ, പ്ലീസ്. വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കാം. കട്ടെടുക്കാന്‍ ഉടയാടകള്‍ തരാം. കദളിപ്പഴവും ബട്ടര്‍സ്കോച്ചും തരാം. വരൂ…"
കണ്ണന്‍ അവളെ നോക്കിയതുപോലുമില്ല.
“കണ്ണാ…ഉദ്യാനത്തിലെ വെള്ളാമ്പലുകള്‍ക്കിടയില്‍ നീന്തിനടക്കാം. ചെമ്പകച്ചോട്ടിലിരുന്നു ബദാം മില്‍ക്ക് കുടിക്കാം. വരൂ എന്നോടൊത്ത് അവയ്ക്കിടയിലൂടെ ചുറ്റിക്കറങ്ങി സന്ധ്യയ്ക്കുമുമ്പു തിരിച്ചെത്താം. എന്റെ കണ്ണനല്ലേ. സന്ധ്യാരാഗം യുഗ്മഗാനമാക്കാം. നമുക്കു ലൗ ബേഡ്സിനെ തുറന്നുവിടാം. എന്റെ കണ്ണാ…" അവളുടെ കെഞ്ചല്‍ കേട്ട് കണ്ണന്‍ സാവധാനമെഴുന്നേറ്റു. പ്രിന്‍റഡ് ഒറിയാകോട്ടണ്‍ ലൂസര്‍ ഷര്‍ട്ട് ജീന്‍സിലേയ്ക്കു ടക്കു ചെയ്തു തന്റെ കംപ്യൂട്ടര്‍ സൂതിപഥത്തില്‍ നിന്നും d-base വലിച്ചെടുത്തു:
10 REM Declare Gopi’s name & Date
20 DIM Gopi(16008)
30 Input Name
""
""
""
100 End
കണ്ണനവളെ നോക്കി കംപ്യൂട്ടറില്‍ ഡാറ്റ കൊടുത്തു: radha
സ്ക്രീനില്‍ മറുപടി മിന്നിത്തെളിഞ്ഞു:
Monday, 22
തിരികെ വന്ന് എന്‍.സി.ഇ.ആര്‍.ടി.യുടെ എട്ടാം ക്ലാസ് ഗണിതശാസ്ത്രം ബുക്ക് വീണ്ടുമെടുത്ത് പേജുമറിക്കുന്നതിനിടയില്‍ കണ്ണന്‍ അവളോടുപറഞ്ഞു:
“സോറി, രാധ. നിന്റെ ഊഴം നാളെയല്ലേ?”
അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കണ്ണുനീര്‍ മുത്തുകള്‍ ഉരുണ്ടുകൂടി ഒരു കാളിദാസസമവാക്യ നിബന്ധനകളാല്‍ താഴോട്ടൊഴുകി നാഭിയില്‍ വീണു ചിതറി.
കണ്ണനപ്പോള്‍ ഹിന്ദോളം സാധകം ചെയ്യുകയായിരുന്നു.