close
Sayahna Sayahna
Search

ലോകം എന്റെ മുറിക്കുള്ളിലായത്


ലോകം എന്റെ മുറിക്കുള്ളിലായത്
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

[1] ജീവഗതി

പട്ടണത്തിന്റെ നടുക്ക് എന്റെ ഈ 16-ആം നമ്പര്‍ മുറിയില്‍, എന്റെ മാളത്തില്‍ എന്തിനിങ്ങനെ ഒളിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ ചോദിച്ചിട്ടില്ലേ? ഈ മുറിവിട്ട് എങ്ങും പോകാത്തത് ഞാനൊരു അന്തര്‍മുഖനായതുകൊണ്ടാവും എന്നു നിങ്ങള്‍ ധരിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ ഏതോ മാനസിക സംഘട്ടനത്തിലുഴറുന്ന മനുഷ്യജീവിയായി നിങ്ങളെന്നെ കാണുന്നുണ്ടാവും. അതുമല്ലെങ്കില്‍ ലോകത്തോടും ജീവിതത്തോടും വിരക്തിപൂണ്ട് ജീവിതാവസാനത്തിനുവേണ്ടി കൊതിച്ചിരിക്കുന്ന പരാജിതനായാവും.

എന്നാല്‍, സുഹൃത്തേ, സത്യം ഇതില്‍ നിന്നെത്ര വിഭിന്നമാണ്. അനേകം തവണ ആവര്‍ത്തിക്കപ്പെട്ട നിങ്ങളുടെ ചോദ്യത്തില്‍ നിന്നുമൊഴിഞ്ഞുമാറിയപ്പോള്‍ നിങ്ങളുടെ തോന്നലുകള്‍ ദൃഢമായതില്‍ നിങ്ങളെ കുറ്റപ്പെടുത്താനില്ല. നിങ്ങള്‍ മനസ്സിലാക്കേണ്ടത്, ലോകത്തിന്റെ ഒരു ചീന്ത് എന്റെ ഈ മുറിയില്‍ നിലനില്‍ക്കുന്നുവെന്നതാണ്, ഒരു മിനിയേച്ചര്‍ ലോകം എന്റെ മുറിയില്‍ ജീവനോടെ സ്ഥിതിചെയ്യുന്നുവെന്നതാണ്. ലോകത്തിലെ എല്ലാ സംഭവങ്ങളും ഈ മുറിക്കുള്ളിലും നടന്നുവരുന്നുണ്ട്. വളര്‍ച്ചയും വികാസവും, സ്നേഹവും സ്പര്‍ദ്ധയും, യുദ്ധവും സമാധാനവും, ഒക്കെ. പിന്നെ ഈ ജനാലയില്‍ക്കൂടി പുറമേ നോക്കിയാല്‍ ആകാശവും വെള്ളിനക്ഷത്രങ്ങളും മഴമേഘങ്ങളും നീരുറവകളും കാണാം. എന്തിന്, പുറമേയുള്ള ഓരോ സ്പന്ദനവും ഈ ജനാലയിലൂടെ നോക്കിക്കാണാം. പൂര്‍ണ്ണമായ ഒരു ലോകം എനിക്കുചുറ്റുമുള്ളപ്പോള്‍ അതിനുമപ്പുറം മറ്റെന്തു കാണാനും കേള്‍ക്കാനുമാണ് ഞാന്‍ എന്റെ ഈ സങ്കേതത്തില്‍നിന്നും പുറത്തുകടക്കേണ്ടത്? ഇവിടെ ഇല്ലാത്തത് എന്താണ് നിങ്ങള്‍ പറഞ്ഞു ഘോഷിക്കുന്ന പുറംലോകത്തുള്ളത്?

[2] കാലലീല

തികച്ചും ആകസ്മികമായാണ് ഞാന്‍ എന്റെ മാളം കണ്ടെത്തിയത്. അതുതന്നെ ആകസ്മികമായി. ഈ മുറി എനിക്കു പരിചയപ്പെടുത്തിത്തന്നത് 22-ആം നമ്പറിലെ ഉണ്ണിത്താനാണ്. ഞാന്‍ അതിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ എനിക്കുവേണ്ടി കാത്തിരുന്നുവെന്നപോലെ വാതിലുകള്‍ തുറന്നു. മുറിക്കുപുറത്തെ ഇടനാഴിയിലെ ഇരുണ്ട മൂലകളിലൊന്നില്‍നിന്നും പതിഞ്ഞസ്വരത്തില്‍ ഒരു ചിരി എന്നെ സ്വാഗതം ചെയ്തു. ഇരുണ്ട മൂലകളില്‍ മനുഷ്യരൂപമൊന്നും കാണാഞ്ഞിട്ടും എനിക്കു ലഭിച്ച ചിരിയുടെ പൊരുള്‍ തേടാതെ ഞാന്‍ അവഗണിക്കയാണുണ്ടായത്. മുറിക്കുള്ളിലാകട്ടെ, തികച്ചും അത്ഭുതാവഹമായ കാര്യങ്ങള്‍തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ചെറുതും വലുതുമായ അനേകം പ്രാണികൾ — ചിതല്‍, ഉറുമ്പ്, പഴുതാര, പാറ്റ, ചിലന്തി, എന്നിങ്ങനെ! ഇവ തമ്മില്‍ ജൈവശാസ്ത്രത്തിലെ ഏതോ അജ്ഞാതമായ തലത്തില്‍ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്ന് അന്നെനിക്ക് മനസ്സിലായില്ല. എന്റെ മുറി കയ്യടക്കിയിരുന്ന ഈ ജന്തുക്കളോട് അടക്കാനാവാത്ത വൈരാഗ്യമാണ് എനിക്കുണ്ടായത്. പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലായിരുന്നുവെങ്കിലും ശക്തനെന്ന എന്റെ അഹങ്കാരം മൂലം ഒരു യുദ്ധത്തോടെയാണ് ഞാനെന്റെ വാസം തുടങ്ങിയത്.

ചരിത്രവും ദര്‍ശനവും അറിയുന്ന നിങ്ങള്‍ക്ക് യുദ്ധത്തിന്റെ കാരണങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ?ആംഗ്ളോ സാക്സണ്‍, യൂഫ്രറ്റസ്, ടൈഗ്രിസ്, റോം എന്നീ സംസ്കാരങ്ങളിലെ യുദ്ധങ്ങള്‍ കാര്യമായ പ്രകോപനങ്ങളൊന്നുമില്ലാതെ നടന്നവയാണെന്ന് ആര്‍ക്കാണറിയാത്തത്? ശരിയാണ്. ശക്തനു യുദ്ധം ചെയ്യാന്‍ പ്രകോപനമെന്തിന്? ശക്തിമാന്‍ ആക്രമിക്കുമ്പോള്‍ ധര്‍മ്മവും ശക്തിയും ഒരുമിക്കുമെന്നല്ലേ പുരാണങ്ങളിലെയും പാഠം?

ഏതായാലും എന്റെ യുദ്ധം എന്റെ പകലുകളെ ഇരുട്ടിലാഴ്ത്തി. ആധുനിക മിസ്സൈലുകളും സന്നാഹങ്ങളുമുപയോഗിച്ച് എന്റെ ശത്രുക്കളെന്നു ഞാന്‍ ധരിച്ചവരെ ഏറെക്കുറെ തുരത്താനെനിക്കു സാധിച്ചു. സ്കഡ്, പേട്രിയറ്റ് തുടങ്ങിയ സന്നാഹങ്ങളുള്ള യോദ്ധാവിന് ഇതൊരു വലിയ നേട്ടമല്ല എന്നു നിങ്ങള്‍ പറയുന്നുണ്ടാവും, ശരിതന്നെ. എന്നാല്‍ പഴുതാരകളും പാറ്റകളും ക്ളോസറ്റിന്റെയുള്ളിലും ഓവുചാലുകള്‍ക്കിടയിലും ഭൂമിയുടെ വിള്ളലുകളിലും ഗര്‍ത്തങ്ങളിലും ഒളിച്ചപ്പോള്‍ പൂര്‍ണ്ണവിജയം എന്നില്‍നിന്നകന്നു പോകുന്നത് ഞാനറിഞ്ഞു. വിഷവാതകങ്ങളും വേണ്ടി വന്നാല്‍ അണുശക്തിയുമുപയോഗിക്കാനാണ് എനിക്കു തോന്നിയത്. കുട്ടിക്കാലത്ത് മതില്‍ക്കെട്ടിലെ ചെറിയ വിടവിനുള്ളില്‍ ഒളിച്ചിരിക്കുന്ന പ്രമാണികളെ പിടിക്കാന്‍ നേര്‍ത്ത കമ്പുകളും മറ്റും ഉപയോഗിച്ചിരുന്നത് അപ്പോഴാണ് ഞാനോര്‍ത്തത്. കാലഘട്ടത്തിന്റെ മാറ്റം കൊണ്ടാവാം എന്റെ ആ പഴയ ആയുധങ്ങള്‍ക്ക് പുതിയ പ്രതിയോഗികളെ പിടിക്കാന്‍ കെല്‍പ്പില്ലായിരുന്നു. ദ്വാപരാന്ത്യത്തില്‍ ഗാണ്ഡീവത്തിനുപോലും ശക്തി ക്ഷയിച്ചുവല്ലോ. ചുള്ളിക്കമ്പുകളും കമ്പികളും ഒടിഞ്ഞു മടങ്ങിക്കഴിഞ്ഞപ്പോള്‍ മുറിയുടെ പുറത്ത് ഇരുണ്ട ഇടനാഴിയിലെവിടെയോനിന്ന് പഴയ ആ ചിരി വന്നുകൊണ്ടിരുന്നു.

എങ്കിലും ശത്രുക്കള്‍ പിന്‍മാറിയെന്ന സമാധാനവുമായാണ് ഞാന്‍ എന്റെ മാളത്തിലെ ജീവിതമാരംഭിച്ചത്. ദീര്‍ഘമായും ഗാഢമായും ഉറങ്ങുന്ന ഞാന്‍ രാത്രികാലങ്ങളില്‍ ഒരു പോരാട്ടത്തിനു ‌ശക്തനല്ലെന്ന് അവര്‍ വളരേവേഗം മനസ്സിലാക്കി. രാത്രികാലങ്ങളില്‍ എന്റെ ഉറക്കത്തിന്റെ മറയില്‍ ചിലന്തികള്‍ പുതിയ പുര പണിയുകയും പാറ്റകള്‍ യഥേഷ്ടം ഓടിനടക്കുകയും പഴുതാരകള്‍ ഒളിസങ്കേതങ്ങളില്‍ നിന്നു പുറത്തുവരുകയും ചെയ്തത് ഞാനറിഞ്ഞു. അവര്‍ എന്നെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തില്ല എന്നത് ഒരു ഘടകമല്ലായിരുന്നു. എന്റെ മുറിയ്ക്കുള്ളില്‍ അവര്‍ ഉണ്ട് എന്നത് എന്റെ ഉറക്കത്തില്‍ വിള്ളലുകളുണ്ടാക്കി. അങ്ങനെ ഒരു രാത്രിയിലാണ് ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന ഞാന്‍ ഇണചേരുന്ന പാറ്റകളെക്കണ്ടത്. അവയുടെ മുഖത്തുണ്ടായിരുന്ന രതിയുടെ പ്രസന്നതയില്‍ എന്റെ ഈര്‍ഷ്യ ആളിക്കത്തി. എന്റെ ചെരുപ്പുകളിലൊന്ന് ഊക്കോടെ പതിക്കുമ്പോള്‍ അവയിലൊന്ന് രക്ഷപ്പെട്ടു, മറ്റത് അരഞ്ഞു മരിച്ചു. മരണപ്പെട്ട പാറ്റയുടെ മുഖത്തും ആദ്യമുണ്ടായിരുന്ന പ്രസന്നത ഊഷ്മളമായി തന്നെ നിലനിന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്നെ കൂടുതല്‍ ആശ്ചര്യപ്പെടുത്തിയത് ഇടനാഴിയിലെ ഏതോകോണില്‍ നിന്നുമുയര്‍ന്ന ദൈന്യതയാര്‍ന്ന ചിരിയാണ്. ഞാന്‍ ചെയ്ത ക്രൂരമായ പ്രവര്‍ത്തിയില്‍ എന്നെ ലജ്ജിപ്പിക്കാന്‍ പോന്നതായിരുന്നു ആ ചിരി.

ആ ഒരു നിമിഷം എന്നില്‍ അറിവിന്റെ വെളിച്ചം വീശി. ആ വെളിച്ചത്തില്‍ കൂട്ടുപിരിഞ്ഞ ഇണയുടെ ദുഃഖം എന്റെയും ദു:ഖമായി. ഇണചേരുന്ന കമിതാക്കളൊന്നിനെ കൊല്ലുന്ന ലോകനീതി എനിക്കുമുമ്പുതന്നെ ഇവിടെ സ്ഥാപിതമാണല്ലോ എന്ന് ഞാന്‍ ദുഃഖത്തോടെ ഓര്‍ത്തു. ഇത് എന്റെ കുറ്റസമ്മതമായെന്നോണം മുറിയുടെ പുറമേനിന്നും സാന്ത്വനത്തിന്റെ ചിരി മുഴങ്ങി. കൊലപാതകം മനുഷ്യനു ചെയ്യാവുന്ന ഏറ്റവും വലിയ പാതകമാണെന്നും, മരണം ഒരു ജീവിക്കനുഭവിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയല്ലെന്നും അന്നാണെനിക്കു മനസ്സിലായത്. എന്റെ മുറിയ്ക്കുള്ളില്‍ നടത്തിയിരുന്ന യുദ്ധത്തില്‍നിന്നും പരാജിതനായി ഞാന്‍ പിന്‍വാങ്ങി.

അന്നാദ്യമായി എനിക്ക് മനസ്സിലായി, എന്റെ 16-ആം നമ്പര്‍ മുറിക്കുള്ളിലെ എല്ലാജന്തുക്കളും സമാധാനം കാംക്ഷിക്കുന്നവരാണെന്ന്. മാത്രമല്ല, അവര്‍ എന്റെ രക്ഷകരുമായിരുന്നു. വിദൂരമായ ഏതോ കലാപത്തില്‍ പകലറുതികളില്‍ എന്നിലേയ്ക്കൊഴുകിവന്നിരുന്ന നീലാംബരികളായിരുന്നു എന്റെ മുറിക്കു പുറത്തെ ഇടനാഴിയില്‍നിന്നു കഴിഞ്ഞ രാത്രികളില്‍ എന്നൊടൊപ്പമുണ്ടായിരുന്ന സംഗീതമെന്നും ഞാനറിഞ്ഞു.

എന്റെ ഉറക്കത്തില്‍ കടന്നുവന്ന് എനിക്കുണ്ടാകാറുള്ള പേടിസ്വപ്നങ്ങളെ വലയ്ക്കുള്ളിലാക്കി മാറ്റിയിരുന്ന ചിലന്തികളും, എന്റെ കട്ടിലിനു ചുറ്റും കാവല്‍നിന്നിരുന്ന പഴുതാരകളും മുറിക്കുള്ളില്‍ പറന്നുനടന്ന് ഉഷ്ണത്തില്‍നിന്നുമെന്നെ രക്ഷിച്ചിരുന്ന പാറ്റകളും എന്റെ രക്ഷിതാക്കളല്ലെങ്കില്‍ മറ്റെന്താണ്?

സുഹൃത്തേ, 16-ആം നമ്പര്‍ മുറി മനുഷ്യവാസത്തിനു യോഗ്യമല്ലാതായെന്നും, അവിടെകയറിവരാന്‍ എല്ലാവര്‍ക്കും അറപ്പാണെന്നും നിങ്ങള്‍ ധരിച്ചത് കഷ്ടംതന്നെ. എന്റെ രക്ഷകരുമായി ഞാന്‍ നടത്തുന്ന സംഭാഷണങ്ങള്‍ പതിയിരുന്നു കേട്ടിരുന്ന മറ്റുള്ളവര്‍ ദുര്‍ഗ്രഹവും ഗൂഢവുമായ പ്രവര്‍ത്തികള്‍ ച്ചെയ്യുന്നവനായും ഒരുതരം അസാമാന്യനായും എന്നെ ചിത്രീകരിച്ചിരുന്നു. സൂക്ഷ്മത്തില്‍ നടക്കുന്നതെന്തും ഗൂഢമെന്നു വ്യാഖ്യാനിച്ച് എന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നപ്പോഴും ഈ രക്ഷിതാക്കള്‍ തന്നെയാണ് എന്നോടൊപ്പം നിന്നത്.

പിന്നീടൊക്കെ ഞാന്‍ വൈകുന്നേരങ്ങളില്‍ പുറത്തുപോകുമ്പോള്‍ എന്നെ പിന്തുടരാറുണ്ടായിരുന്ന പരിഹാസച്ചിരികള്‍ എനിക്ക് വൈകാരിക സംഘട്ടനമുണ്ടാക്കിയിരുന്നു. പക്ഷേ എന്റെ രക്ഷകര്‍ തന്നെയാണ് ആ വൈകുന്നേരങ്ങളെ മൂടിക്കെട്ടി എന്നോടൊത്ത് എന്റെ മുറിക്കുള്ളിലാക്കിയത്. ഇവിടെയിരുന്ന് അങ്ങനെ എനിക്ക് പുറംലോകത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും എന്റെ വൈകുന്നേരങ്ങള്‍ ആസ്വാദ്യമാക്കുവാനും കഴിയുമെന്നായി.

[3] സംസാരവര്‍ണ്ണന

എന്റെ ചുമലില്‍ കൈവച്ച്, തുറന്നിട്ട ഈ ജനാലയിലൂടെ പുറത്തേയ്ക്കുനോക്കൂ. നിശ്ചയമായും നക്ഷത്രങ്ങളും ദൂരെയുള്ള പുഴയും പാലവും ഒക്കെ നിങ്ങള്‍ക്കു കാണാന്‍ കഴിയും. ഒന്നു കൂടി സൂക്ഷിച്ചുനോക്കു, പുറംലോകത്തു നടക്കുന്ന ഏറ്റവും നിസ്സാരമായ സംഭവങ്ങള്‍പോലും ഇവിടെയിരുന്നു നിങ്ങള്‍ക്ക് കാണാം. ദൂരെ പാലത്തിനുമപ്പുറം ടൈപ്പ്റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും അതോടു ചേര്‍ന്ന വീടും കാണുന്നില്ലേ? അവിടെ നടക്കുന്ന സംഭവങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.

പകല്‍ മുഴുവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്ന കമ്മത്തും തൊട്ടുചേര്‍ന്ന വീട്ടില്‍ ഏകാന്തതയുടെ തടവറയില്‍ കഴിയുന്ന ഭാര്യയുമാണ് അവിടെയുള്ളത്. നോക്കൂ കഴിഞ്ഞ നാളുകളില്‍ അവിടെ നടന്നതെന്തൊക്കെയായിരുന്നുവെന്ന്. രാവിലെ എട്ടു മുതല്‍ പത്തു വരെ പെണ്‍കുട്ടികള്‍ക്ക് ടൈപ്പ്റൈറ്റിംഗ് ക്ളാസ്സും ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുവരെ ചുരുക്കെഴുത്തു ക്ളാസ്സും മുറതെറ്റാതെ എടുത്തുമടങ്ങിയെത്തുന്ന കമ്മത്തിന്റെ ഭാവമാറ്റം ആദ്യമൊന്നും പാവം ഭാര്യ അറിഞ്ഞിരുന്നില്ല. ഫാനിനടിയില്‍ പെണ്‍കുട്ടികളുടെ തലമുടിനാരുകള്‍ ഇളകുന്നതും അവരുടെ വസ്ത്രം ക്ളാസ്സുമുറികളില്‍ ഒഴുകി നടക്കുന്നതും കമ്മത്തിന്റെ കണ്‍മുന്നില്‍ നേര്‍മ്മയുള്ള ഒരു തിരശ്ശീലയെന്നോണം തങ്ങി നിന്നിരുന്നതും ഭാര്യ കണ്ടിരുന്നില്ല. പെണ്‍കുട്ടികള്‍ വായിക്കുന്ന നോവലുകളിലെ പൈങ്കിളി മൊഴികള്‍ കമ്മത്തിന്റെ നാവില്‍നിന്നടര്‍ന്നു വീണപ്പോഴും അവരുടെ കളിയൊച്ചകള്‍ അയാളുടെ ചെവികളില്‍ അലകളായിവന്നിക്കിളിപ്പെടുത്തിയപ്പോഴുമാണ് ഭാര്യയ്ക്ക് താളപ്പിഴയുടെ വൈകല്യമനുഭവപ്പെട്ടത്. പിന്നീട് കമ്മത്തിന്റെ ക്ളാസ്സുകള്‍ മുറിക്കുള്ളില്‍ നിന്നും പെണ്‍കുട്ടികള്‍ പരീക്ഷ കടന്ന് പക്ഷികളെപ്പോലെ പറന്നു പൊയ്കഴിഞ്ഞ്, പുതിയ പക്ഷിക്കുഞ്ഞുങ്ങള്‍ എത്തിയപ്പോഴും അയാളുടെ നാവില്‍ നിന്നും പൈങ്കിളി മൊഴികള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു. ക്ളാസ്സുകള്‍ പുരോഗമിച്ചപ്പോള്‍ അയാള്‍ക്കുമേല്‍ പുരണ്ടിരുന്ന സ്ത്രൈണ സുഗന്ധവും കണ്ണുകളില്‍ അലിഞ്ഞുചേര്‍ന്ന പാരവശ്യത്തിന്റെ മോഹരേഖയും ഭാര്യയുടെയുള്ളില്‍ അങ്കലാപ്പുളവാക്കി. അയാളുടെ പാരവശ്യം അവളെ തളര്‍ത്തി. അയാളുടെ മേലുണ്ടായിരുന്ന സുഗന്ധം അവളെ അസ്വസ്ഥയാക്കി. അവള്‍ വിശപ്പില്ലായ്മയും ദാഹക്കുറവും നിമിത്തം വീട്ടുപടിക്കല്‍ കാല്‍നീട്ടിയിരുന്ന് തന്റെ ഏകാന്തത അനുഭവിക്കാന്‍ ശ്രമിച്ചു. സ്ത്രൈണഗന്ധങ്ങള്‍ അസഹനീയമായി വീട്ടിലൊഴുകിനടന്നപ്പോള്‍ പിച്ചിപ്പൂമാലകള്‍ മുടിയില്‍ ചൂടി, വസ്ത്രങ്ങള്‍ മോടിയാക്കി കണ്ണുകള്‍ വിടര്‍ത്തി അതിനെ നേരിട്ടു നോക്കി. മാറിമാറി വരുന്ന പക്ഷികളെ താലോലിച്ച കൈകള്‍ അവളെ സ്പര്‍ശിച്ചപ്പോള്‍ അവയുടെ അസാധാരണ മാര്‍ദ്ദവം അവളെ ഭയപ്പെടുത്തി. എട്ടു മുതല്‍ പത്തുവരേയും, ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുവരേയും അവള്‍ അകത്തളങ്ങളിലിരുന്ന് ശബ്ദമില്ലാതെ വിതുമ്പി കരഞ്ഞു.

അന്നൊരു നാളാണ് ആദ്യമായി സത്യവാന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ വന്നത്. അയാള്‍ക്കു വേണ്ടിയിരുന്നത് ദാഹശമനത്തിനു ഒരു ഗ്ളാസ് വെള്ളമായിരുന്നു. കണ്ണുകള്‍ തുടച്ച് മുഖം പ്രസന്നമാക്കി വെള്ളം കൊടുത്തു വിടുമ്പോള്‍ സത്യവാന് തന്നെക്കുറിച്ചെന്തു തോന്നിയിരിക്കും എന്നാണവള്‍ ചിന്തിച്ചത്. രാവിലെ പതിന്നൊന്നുമുതല്‍ ടൈപ്പും ഉച്ചയ്ക്ക് മൂന്നുമുതല്‍ ചുരുക്കെഴുത്തും പടിക്കുന്ന സത്യവാന്‍ വീണ്ടും പലയാവര്‍ത്തി വന്നു. കമ്മത്തിന്റെ വീട്ടില്‍ കുടിവെള്ളത്തിനായി. ഒരു നാള്‍ സത്യവാന്‍ പറഞ്ഞു. “ചേച്ചിയുടെ കവിളുകളിലെ ദുഃഖത്തിന്റെ കരിനിഴല്‍ എന്നെ വേദനിപ്പിക്കുന്നു."

ആത്മാര്‍ത്ഥ തുളുമ്പുന്ന നിഷ്കളങ്കനായ വിദ്യാര്‍ത്ഥിയുടെ വാക്കുകളില്‍ അവളുടെ മനസ്സ് ആദ്രമായി. അന്നാദ്യമായി അവളുടെ തലമുടിയില്‍ തിരുകിയിരുന്ന പിച്ചിപൂക്കള്‍ അവിടെ പരിമളം പരത്തി. അതില്‍ അവള്‍ക്കു കുളിരനുഭവപ്പെട്ടു. പനിനീര്‍ത്തുള്ളികള്‍പോലെ അശ്രുകണങ്ങള്‍ അവള്‍ക്കു സന്തോഷമേകാനെത്തി. അവള്‍പോലുമറിയാതെ എല്ലാ ദിവസവും കുടിവെള്ളത്തിന് സത്യവാന്‍ വരുവാനായവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

ഒരു നാള്‍ കുടിവെള്ളം കൈമാറുന്നതിനിടയില്‍ തികച്ചും ആകസ്മികമായി സത്യവാന്റെ വിരല്‍തുമ്പുകള്‍ അവളുടെ വിരലുകളില്‍ സ്പര്‍ശിക്കുകയും അവ്യക്തമായ മിന്നല്‍പ്പിണര്‍ അവളുടെ ശരീരത്തിലൂടെ കടന്നുപോകുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടികളുടെ പൊട്ടിച്ചിരിയില്‍ ദ്രാവകാവസ്ഥയിലേക്ക് പോകുകയായിരുന്നു കമ്മത്ത്. പിന്നീടൊരിക്കല്‍ തന്റെ ദുഃഖമറിയിക്കാന്‍വേണ്ടിമാത്രം സത്യവാന്റെ തോളില്‍ മുഖമമര്‍ത്തി നില്‍ക്കുമ്പോഴും സത്യവാന്റെ കൈകള്‍ അവളൂടെ ചുമലില്‍ സാന്ത്വനസ്പര്‍ശങ്ങള്‍ അര്‍പ്പിക്കുമ്പോഴും കമ്മത്ത് ക്ളാസ്സുമുറികളില്‍ പെണ്‍കുട്ടികളൂടെ ചിരി പങ്കിടുകയായിരുന്നു.

സുഹൃത്തേ, പുറം ലോകം എത്രകണ്ട് ജീര്‍ണ്ണിച്ചിരിക്കുന്നുവെന്നു നോക്കൂ. തികച്ചം പതിവ്രതകളായ ഭാര്യമാര്‍ പോലും ഒട്ടും സുരക്ഷിതരല്ല എന്ന കാര്യം നമുക്കു വ്യക്തമല്ലേ? ഫാനിനടിയില്‍ ചലിക്കുന്ന മുടിനാരുകളിലും ഇളകുന്ന വസ്ത്രങ്ങളിലും ഇക്കിളികൊള്ളുന്ന ഭര്‍ത്താക്കന്‍മാര്‍ ക്രൂരന്‍മാരും ദുഷ്ടന്‍മാരുമാണെന്നു കണ്ട് ഞാന്‍ നടുങ്ങുന്നു. ഒരു ദിവസം ക്ളാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ കമ്മത്തിനു ഭാര്യയെ നഷ്ടപ്പെട്ടു. ഭാര്യയെ അന്വേഷിച്ച് വിലപിച്ച അയാളെ വിദ്യാര്‍ത്ഥികളുടെ അടക്കിയ പരിഹാസച്ചിരിയും ഉള്ളില്‍ തറയുന്ന ഫലിതവും നിര്‍വ്വീര്യനാക്കി. അയാളിനി എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ല.

സുഹൃത്തേ, ഞാന്‍ പറഞ്ഞുവന്നത് ഒരു ചെറിയ കാര്യം മാത്രം. എന്റെ ഈ 16-ആം നമ്പര്‍ മുറിയില്‍, ഈ മാളത്തില്‍ ഞാനെന്തിനൊളിച്ചിരുന്നുവെന്ന് നിങ്ങള്‍ ചോദിക്കുന്നുവല്ലോ. ലോകത്തിന്റെ ഒരു മിനിയേച്ചര്‍ പതിപ്പിച്ച് ഈ മുറിക്കുള്ളിലുണ്ടെന്ന് നിങ്ങള്‍ക്ക് വിശ്വാസമായോ എന്നെനിക്കറിയില്ല. അതിനാല്‍ മാത്രമാണ് ഞാനിപ്പോള്‍ എന്റെ മുറിയുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് തുറന്നുകാട്ടുന്നത്.

ഇപ്പോഴെങ്കിലും ലോകം എന്റെ മുറിക്കുള്ളിലായത് നിങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടുവോ?