close
Sayahna Sayahna
Search

അപരിചിതരുടെ സന്ധ്യ


അപരിചിതരുടെ സന്ധ്യ
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

സന്ധ്യ അന്നും എന്നത്തേയുംപോലെ ആയിരുന്നു. കടൽതീരവും എന്നത്തെയുംപോലെ ചുവപ്പും ഓറഞ്ചും മഞ്ഞയും ആകാശത്തേയും കടലിനേയും നിറംപൂശുന്നു. എന്നും ഇവിടെ വന്നെത്താറുള്ള തനിക്കു് ഇത് ആവര്‍ത്തനത്തിന്റെ വിരസത തോന്നിപ്പിക്കേണ്ടതല്ലേ? ദൂരെ ആള്‍ക്കൂട്ടത്തില്‍നിന്നും ആര്‍പ്പുവിളികളില്‍ നിന്നുംമാറി കടപ്പുറത്തെ പുഴിമണ്ണിലിരിക്കുമ്പോള്‍ അവള്‍ ഓര്‍ത്തു. പിന്നെന്തേ തനിക്ക് വിരസത തോന്നാത്തത്? നിസ്സംഗതയുടെ ആലസ്യം മാത്രമാണ് മനസ്സിലെപ്പോഴും. ആവര്‍ത്തിക്കാത്ത ചിലതുണ്ട്, ഇവിടെ. മാറിമാറി വരുന്ന തണുത്ത കാറ്റ്. ഇന്ന് അതിനു് ലേശം വേഗം കൂടുതലാണ്. കടലിന്റെ ഇരമ്പലിനെ ഭഞ്ജിക്കുന്ന കുട്ടികളുടെ കളിശബ്ദം. നിറങ്ങള്‍. ചെറുപ്പക്കാരും ചെറുപ്പക്കാരികളും, യുവമിഥുനങ്ങള്‍, ജീവിതസായാഹ്നത്തിലെത്തിയ മുത്തശ്ശന്മാര്‍, ഓരോ ദിവസവും മാറി മാറിവരുന്ന ഇതൊക്കെയാവാം വിരസതമാറ്റുന്നത്. ഇനിയൊന്നു കൂടിയുണ്ട്. പണ്ടൊക്കെ ഈ കടല്‍ത്തീരത്തു താനെത്തുമ്പോള്‍ കഥപറയാനും ചിരിക്കാനും ഒപ്പം രവിയുമുണ്ടാകും.

രവിയുമായി സംസാരിക്കാതെ വെറുതെയിരിക്കാനും രസമാണ്. അന്നൊക്കെ താൻ ഇതേസ്ഥലത്ത് ഇങ്ങിനെ ഇരിക്കും — തെക്കോട്ടു നോക്കി മുട്ടുലേശംപൊന്തിച്ച് സാരിത്തുമ്പുകൊണ്ട് പാദംമറച്ച്. രവി തൊട്ടടുത്തുതന്നെയുണ്ടാവും. തന്റെ കാല്‍മുട്ടില്‍ ഇടതു കൈവച്ച് കടലിനു മുകളില്‍ മേഘപാളികളേയും നോക്കി. പെട്ടെന്നാവും എന്തെങ്കിലും പറയുക — ഗ്രീസിലെയും ഭാരതത്തിലെയും പുരാണ കഥാപാത്രങ്ങളെ മേഘങ്ങളില്‍ കണ്ടെത്താന്‍ എന്തു വിരുതാണ്. ‘അതാ പെഗാസസ്’ എന്നോ, അല്ലെങ്കില്‍, ‘നോക്കൂ ആ മേഘങ്ങളും കടലും ഒപ്പം നോക്കിയാല്‍ കാളിയമര്‍ദ്ദനം പോലില്ലേ’ എന്നോ മറ്റോ. തനിക്കതു തമാശയായി മാത്രമേ തോന്നൂ. കടലിന്റെ ശബ്ദത്തിലൂടെ രവിയുടെ സംസാരം കേള്‍ക്കാന്‍ തനിക്കെന്തിഷ്ടമായിരുന്നു. അതാണോ താനെന്നും — ഇപ്പോഴും ഇവിടെ വന്നെത്തുന്നത്?

കിലുകിലെയുള്ള ചിരി കേട്ട് അവള്‍ മുഖമുയര്‍ത്തിനോക്കി. നൂറുവാര ദൂരെ രണ്ടു പെണ്‍കുട്ടികള്‍. ഏതെങ്കിലും കോളേജ് വിദ്യാര്‍ത്ഥിനികളാവും അവര്‍. ഒന്നുകൂടി സൂക്ഷിച്ചു നോക്കി, തന്റെ വിദ്യാര്‍ത്ഥിനികളാവും അവര്‍. ഒന്നുകൂടി സൂക്ഷിച്ചു നോക്കി, തന്റെ വിദ്യാര്‍ത്ഥിനികളാണോ, അല്ല. എന്താവും അവര്‍ പറഞ്ഞു ചിരിക്കുന്നത്? ലേറ്റസ്റ്റ് മിൽസ് ആന്‍റ് ബൂണ്‍ ഹീറോയെപ്പറ്റിയാവാം. തങ്ങള്‍ വരിക്കാന്‍പോണ ചെക്കന്മാരെ ചുറ്റിപ്പിടിച്ച് ബൈക്കിലെ യാത്രയെക്കുറിച്ചുമാവാം. അതുമല്ലെങ്കില്‍ പുതുതായ് വന്ന പ്രൊഫസറുടെ ചേഷ്ടകളാവാം. പറഞ്ഞു ചിരിക്കട്ടെ അവര്‍. കല്യാണംവരെ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്വപ്നം കാണാനവകാശമുണ്ട്. അതിനുശേഷമാണല്ലൊ സ്വപ്നങ്ങൾ ജീര്‍ണ്ണിക്കുന്നത്.

സാഹിത്യം തനിക്കെന്നും ഇഷ്ടമായിരുന്നു. ലിറ്ററേച്ചര്‍ ലക്ചററായ തനിക്ക് വരനായി കിട്ടാന്‍ പോണത് ഫിലോസഫിക്കാരന്‍ രവിയാണെന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ നേരിയ ഭയം. ഫിലോസഫി പഠിപ്പിക്കുന്നവര്‍ തേയ്ക്കാത്ത ഉടുപ്പിട്ട് താടിയും മുടിയും നീട്ടിവളര്‍ത്തി പറ്റിയാല്‍ കുളിക്കാതെ നടക്കുന്നവരാണെന്ന് സഹപ്രവര്‍ത്തക. രവി വ്യത്യസ്തനായിരുന്നു. വിചാരിച്ചെതിലും കൂടുതല്‍ സാഹിത്യത്തില്‍ അഭിരുചിയും അറിവുമുള്ളയാള്‍. ഭാരതീയ ദര്‍ശനം എലിയട്ടിനേയും യേറ്റ്സിനേയും എങ്ങനെ സ്വാധീനിച്ചെന്നും, അലക്സാണ്ടറുടെ കാലത്ത് ഭാരതത്തിലെ വി… എങ്ങനെ പടിഞ്ഞാറെത്തിയെന്നും വായ്തോരാതെ സംസാരിക്കും. സാഹിത്യംതന്നെ ഫിലോസഫിയില്‍ നിന്നുണ്ടായതാണെന്നു പറഞ്ഞുതുടങ്ങുമ്പോള്‍ താനെതിര്‍ക്കും. അന്നൊരിക്കല്‍ ഇവിടിരുന്നുകൊണ്ട് രവി പറഞ്ഞതോര്‍ക്കുന്നു. ‘ആ മേഘങ്ങള്‍ ഏതാനും ഓലക്കുടക്കള്‍പോലുണ്ട്.’ തുടര്‍ന്ന് ഓലക്കുട മാഹാത്മ്യത്തെപ്പറ്റി ലഘുപ്രഭാഷണവും. താന്‍ പറഞ്ഞു, ‘രവി — യു ആര്‍ എ പെര്‍വേര്‍ട്ട് — അത് ഓലക്കുടയും മറ്റുമല്ല. സില്‍വിയാ പ്ലാത്തിന്റെ മഷ്റൂമുകളാണ്.’ എനിക്ക് ആത്മഹത്യ ചെയ്തവരുടെ കവിത ഇഷ്ടമല്ല എന്നു രവി.

കടല്‍തീരത്തു ദിവസവും കാണാറുള്ള മറ്റൊരാളുണ്ടായിരുന്നു. ഏകനായിവന്നു പോകുന്ന തോമസ്. താനും രവിയും സ്വകാര്യമായി അദ്ദേഹത്തെ താടിക്കാരന്‍ തോമസ് എന്നുവിളിച്ചിരുന്നു. തോമസ്സിന് കറുപ്പും വെളുപ്പും ചേര്‍ന്ന താടിയാണ്. തലയില്‍ മുന്‍വശത്ത് കഷണ്ടിയുടെ ആരംഭം. ബാങ്ക് ഓഫീസറാണ്. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലോണ്‍ കൊടുക്കുന്ന ഉദ്യോഗസ്ഥന്‍, നല്ലവന്‍. രാത്രി മൂന്നു പെഗ്ഗ് വിസ്കി ചെന്നാലെ ഉറങ്ങാന്‍ പറ്റുള്ളുവത്രെ. എന്താണ് തോമസ് ഒറ്റയക്ക് ബീച്ചില്‍വരുന്നതെന്നു താനും രവിയും പലവട്ടം ചിന്തിച്ചുട്ടുണ്ട്. ഒടുവില്‍ രവി കണ്ടുപിടിച്ചു. തോമസിനെ ഭാര്യ ഉപേക്ഷിച്ചിരിക്കുന്നു. അതാണ് തോമസ് താടിക്കാരനായത്. ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയോ? തനിക്കതു ചിന്തിക്കാന്‍കൂടി സാദ്ധ്യമല്ലായിരുന്നു അന്നൊക്കെ. താന്‍ ചോദിച്ചു. എന്റെ വാക്കുകള്‍ രവിയെ വേദനിപ്പിച്ചെന്നു തോന്നുന്നു. അന്നു പിന്നെ രവി ഒന്നും മിണ്ടാതെ കഴിഞ്ഞുകൂടി. ഓ. താനിതിനല്ലല്ലോ താടിക്കാരനെ ഓര്‍ത്തത്, ഒരിക്കല്‍ താടിക്കാരന്‍ ഞങ്ങളെ ചെറുതായി കളിയാക്കി. ‘ഇവിടെവച്ചും സാഹിത്യം ചര്‍ച്ച ചെയ്താല്‍ വീട്ടില്‍ നിങ്ങള്‍ എന്തു ചെയ്യും?’ മറ്റൊരിക്കല്‍ തോമസ് പറയുകയാണ്. ‘ഞാന്‍ ബീച്ചില്‍ വരുന്നത് മനസ്സിലാക്കാം. നിങ്ങളെന്തിനു ദിവസവും വരുന്നു?’ താനും അതപ്പോഴാണ് ആലോചിച്ചത്. രവിയോട് താനാ ചോദ്യം ആവര്‍ത്തിച്ചു. രവി പറഞ്ഞതെന്താണെന്നൊ? ‘ചുവപ്പും ഓറഞ്ചും മഞ്ഞയും ഒക്കെ ചേര്‍ന്ന ഈ നിറക്കൂട്ടണ്ടെല്ലൊ പാറുക്കുട്ടീ — അതു തന്റെ കവിളില്‍ നിറം പിടിപ്പിക്കുന്നത് കണ്ടുകൊണ്ടിരിക്കാന്‍’ കള്ളമാണ് പറഞ്ഞതെന്ന് തനിക്കു നന്നായറിയാം. എങ്കിലും അതു കേള്‍ക്കാനാര്‍ക്കാണിഷ്ടമാകാത്തത്. താനെന്നും ഈ കടല്‍തീരത്തെത്തും. പറഞ്ഞത് കള്ളമാണെന്നറിയാം — എന്നിട്ടും.

മുമ്പൊക്കെ വൈകിട്ട് തന്നെ വിളിക്കാന്‍ രവി കോളേജിലെത്തുമായിരുന്നു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി കാത്തുനില്‍ക്കും. തന്റെ സഹപ്രവര്‍ത്തകലെയാരെങ്കിലും ദൂരെ കണ്ടാല്‍ വിളിച്ചു ചോദിക്കും — ‘പാറുക്കുട്ടിയുണ്ടോ?’ ഇതു കേട്ടാവണം, വിദ്യാര്‍ത്ഥിനികള്‍ക്കും താനിപ്പോള്‍ പാറുക്കുട്ടി ടീച്ചറാണ്. തന്റെ പേര് പാര്‍വ്വതിയെന്നാണെന്നകാര്യം എല്ലാവരും മറന്നപോലെ. വനിതാകോളേജായതു ഭാഗ്യം. അല്ലെങ്കില്‍ ഈ പേരുവച്ച് കുട്ടികള്‍ എന്തെല്ലാം കുസൃതി കമെന്റുകളുണ്ടാക്കുമായിരുന്നു. താനിവിടെ ഇംഗ്ലീഷ് പ്രഫസറാവുമ്പോഴും പാറുക്കുട്ടി തന്നെയായിരിക്കുമോ ആവോ! ഓരോ വര്‍ഷവും പോയവര്‍ഷത്തെ കുട്ടികള്‍ തന്റെ ഈ പേര് താഴെ ക്ലാസ്സിലേക്കു കൈമാറ്റം ചെയ്താണ് പോകുന്നത്. എങ്കിലും ഈ പേര് കേള്‍ക്കുമ്പോള്‍ തന്റെ ഉള്ളു തണുക്കാറുണ്ട്. ഇപ്പോള്‍ പഴയതിന്റെ മിച്ചമായി പേരു മാത്രമേയുള്ളൂവെന്ന് തോന്നുന്നു എങ്കിലും.

താന്‍ തന്റെ ഏകാന്തതയുമായി കടല്‍ത്തീരത്ത് ഈ സന്ദര്‍ശനം തുടങ്ങിയശേഷം താടിക്കാരനെ കണ്ടിട്ടില്ല. പിന്നീടാണറിഞ്ഞത് തോമസ്സിന് തഞ്ചാവൂര്‍ക്ക് മാറ്റമായിയെന്ന്. അവിടെ അയാള്‍ക്ക് മദ്യം കിട്ടാന്‍ വിഷമമുണ്ടോ ആവോ. അവള്‍ വെറുതെ ഓര്‍ത്തു.

വേഗത്തിലോടുമ്പോള്‍ പൂഴിമണ്ണിലുണ്ടാവുന്ന ശബ്ദം കേട്ടാണ് അവള്‍ മുഖമുയര്‍ത്തിയത്. തന്റെ അരികിലൂടെ മഞ്ഞമി‍‍ഡി ധരിച്ച ഒരു പെണ്‍കുട്ടി ഓടിപ്പോകുന്നു. അഞ്ചുവയസ്സ് വരും അവള്‍ക്ക്. തൊട്ടുപിമ്പേ അതേ വേഷത്തില്‍ മറ്റൊരു കുട്ടി. അവള്‍ക്ക് വയസ് ഏറിയാല്‍ എട്ട്. ഏഴാവാം ഒരു പക്ഷെ. നല്ല ചേര്‍ച്ചയുള്ള കുട്ടികള്‍. രവിക്കും ഇഷ്ടമാണ് കുട്ടികളെ നോക്കിയിരിക്കുന്നത്. ചെറിയ പെണ്‍കുട്ടികളെയാണ് രവിക്ക് കൂടുതല്‍ ഇഷ്ടം. പക്ഷെ ചോദിച്ചാല്‍ സമ്മതിക്കില്ല. മുഖത്തു കാണിക്കുകയുമില്ല. ആ കുട്ടികളിപ്പോഴും ഓടിക്കളിക്കുകയാണ്. പൂഴിമണ്ണില്‍നിന്നും നനഞ്ഞ മണ്ണിലേയ്ക്കാണ് ഓട്ടം. തിര വരുമ്പോള്‍ ശ്രദ്ധിച്ചു പിന്നോക്കം പോകും. കാലു നനച്ചുകൊണ്ട് പിന്‍തിരിയുന്ന തിരയ്ക്കൊപ്പം വീണ്ടും കടലിലേയ്ക്കും. കാല് നനച്ച്, കാലില്‍ മണ്ണാക്കി, അതു കഴുകിക്കളയാന്‍ വീണ്ടും തിരയിലേയ്ക്കോടുന്നു അവര്‍, കടലിനെ തെല്ലും ഭയമില്ലാതെ. കടലിനെ ഭയക്കണമെന്നവര്‍ക്കറിയില്ലായിരിക്കാം. എന്തിനു ഭയക്കണം? പെണ്‍ക്കുട്ടികള്‍ക്കെന്നു മുതല്‍ക്കാണ് മനസ്സില്‍ ഭയമുണ്ടാവുന്നത്. തനിക്കതാലോചിക്കേണ്ടി വന്നിട്ടില്ല. ഒരുപക്ഷെ കല്യാണം കഴിക്കുമ്പോള്‍ മുതല്‍ക്കായിരിക്കും. എല്ലാറ്റിനേയും എല്ലാവരേയും ഭയക്കണം. ബന്ധങ്ങളെപ്പോലും.

ആ പെണ്‍കുട്ടികള്‍ ഇപ്പോല്‍ വളരെ അകലെയായി; മഞ്ഞവേഷമായതു കൊണ്ട് കാണാമെന്നേയുള്ളൂ. മൂത്തവള്‍ ഇപ്പോള്‍ കടല്‍ക്കരയിലെന്തോ എഴുതുകയാണ്. എഴുതുന്നതെന്താണെന്ന് തനിക്കറിയാം. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ബീച്ചില്‍ വന്നാല്‍ കടല്‍ക്കരയിലെഴുതുന്നത് തനിക്കൊരു വിനോദമായിരുന്നു. ‘കടലമ്മ കള്ളി’ എന്നെഴുതിയാല്‍ കടല്‍ രോഷം കൊള്ളും. അടുത്ത തിരമാല അതു മായ്ച്ചു കളയും. ‘കടലമ്മ നല്ലവള്‍’ എന്നെഴുതിയാല്‍ തിരകള്‍ അതു മായ്ക്കാതെ ഒതുങ്ങി തിരിച്ചുപോകും. പെണ്‍കുട്ടികള്‍ തുള്ളിച്ചാടുകയാണ്. അവർ എഴുതിയത് കടലമ്മ മായ്ച്ചു കാണും. ഒരുപക്ഷെ മായ്ക്കാതിരുന്നതിനാലാകാം അവര്‍ കൈകൊട്ടി ചിരിക്കുന്നത്.

പെണ്‍കുട്ടികളുടെ അച്ഛനുമമ്മയും എത്തികഴി‍ഞ്ഞു. അവര്‍ തിരിച്ചുപോകുകയാണ്. നേരം ഇരുണ്ടു തുടങ്ങി. നൂറുവാര ദൂരെയിരുന്ന രണ്ടു വിദ്യാര്‍ത്ഥിനികള്‍ പോയ്ക്കഴിഞ്ഞിരിക്കുന്നു. കിലുകിലെയുള്ള അവരുടെ ചിരി നിലച്ചിട്ട് കുറച്ചു സമയമായി. അതിനുമപ്പുറം രണ്ട് മുത്തശ്ശിമാര്‍ തങ്ങളുടെ ഒരു ദിവസംകൂടി തള്ളിനീക്കിയിട്ട് എഴുന്നേറ്റു കഴിഞ്ഞു. കാലിലെ മണല്‍ത്തരികള്‍ തട്ടിക്കളഞ്ഞ് അവര്‍ ഇപ്പോള്‍ റോ‍‍ഡിലെത്തും. അവര്‍ ദൈവവിശ്വാസികളാവണം. വയസ്സായാല്‍ ദൈവമല്ലാതെ മറ്റാരാണ് കൂട്ട്. കാത്തിരിപ്പ് തന്നെപ്പോലുള്ളവര്‍ക്കാണല്ലോ. ഇപ്പോള്‍ കടപ്പുറത്ത് സ്ത്രീകളാരുമില്ല. എല്ലാവരും പുറപ്പെടുകയായി, കപ്പലണ്ടി വില്‍ക്കുന്ന ഏതാനും കുട്ടികള്‍ അവിടവിടുണ്ട്. അവര്‍ മിച്ചമുള്ള കപ്പലണ്ടിപ്പൊതികള്‍ എണ്ണിനോക്കി ലാഭം കണക്കുകൂട്ടുന്നു, പോകാനുളള ഒരുക്കമായി. താനെന്തേ ഇനിയുമെഴുന്നേല്‍ക്കാത്തെ? ഒരു സന്ധ്യകൂടി കഴിഞ്ഞപ്പോള്‍ വീണ്ടും കാത്തുനില്പിന്റെ നൊമ്പരം. കിട്ടാനാഗ്രഹിക്കുന്ന എന്തോ ചിലത് ഈ തിരകള്‍ക്കും കടലിനും അപ്പുറത്തായപോലെ. അകല്‍ച്ചയുടെ വിങ്ങലിനു വേദനിപ്പിക്കാന്‍കഴിവുണ്ട്, അവള്‍ സ്വയം പറഞ്ഞു. അല്ലെങ്കില്‍ എന്താണിങ്ങനെ. കേള്‍ക്കാന്‍ കൊതിക്കുന്നതും അടുക്കാന്‍ ശ്രമിക്കുന്നതും തെറ്റല്ലല്ലോ. അപരിചിതത്വം ഇല്ലാതെ മൂടുപടമില്ലാതെ കേള്‍ക്കുകയും കാണുകയും ചെയ്യാനും ഒരുമിക്കാനും താനിനിയും വരും ഈ കടല്‍ത്തീരത്ത്. നാളെയും, മറ്റെന്നാളെയും അതിനുശേഷവും.

ഇരുണ്ടുതുടങ്ങി. നേര്‍ത്ത ഇരുളില്‍ ഒരാള്‍രൂപം തന്റെ സമീപത്തേയ്ക്കു നടന്നടുത്തു. തന്നെയും കടന്ന് മുമ്പോട്ട് പോകുംവഴി മെല്ലെ പറഞ്ഞു. ‘എന്താ ടീച്ചറെ, ഇരുട്ടിക്കഴിഞ്ഞു. വീട്ടിലേയ്ക്കില്ലേ?’ തികച്ചും അപരിചിതമായ ശബ്ദം. ഒഴുക്കും താളവുമില്ലാത്ത ജിവനില്ലാത്ത ശബ്ദം പോലെ. അവള്‍ക്കു നന്നായറിയാവുന്ന ആ അപരിചിതമായ ശബ്ദത്തോടൊപ്പമെത്താന്‍ അവള്‍ സാവധാനം എഴുന്നേറ്റ് നടന്നുതുടങ്ങി.