close
Sayahna Sayahna
Search

ഒരുവൻ രക്തസാക്ഷിയാവുന്നതെങ്ങനെ?


ഒരുവൻ രക്തസാക്ഷിയാവുന്നതെങ്ങനെ?
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

പണ്ടൊരിക്കല്‍ നടന്നതാണ് ഇത്. പണ്ടെന്നു വച്ചാല്‍ വളരെ പണ്ടൊന്നുമല്ല, ഉപഭോക്തൃ സംസ്കാരം ജീവിതരീതിയില്‍ അശ്ലീലച്ചുവ പരത്തുകയും സമൂലമായ മാറ്റങ്ങളിലൂടെ അതിനെ ഏറെക്കുറെ തച്ചുടയ്ക്കുകയും ചെയ്തതിനു മുമ്പുള്ള കാലമെന്നു മാത്രമേ അര്‍ത്ഥമാക്കുന്നുള്ളു. ഇപ്പോഴാണെങ്കില്‍ ഞാന്‍ എനിക്കുവേണ്ടിയും നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയും ജീവിക്കുന്ന കാലം. മനുഷ്യന്‍ പ്രകൃതിയില്‍ നിന്നുമകന്നുവെന്നും പ്രകൃതിയിലെ വിഭവങ്ങളെ ചൂഷണം ചെയ്യുന്ന ഒരു കുത്തക ബൂര്‍ഷ്വാ ചൂഷക സംസ്കാരം അവനെ പിടിപെട്ടിരിക്കുന്നുവെന്നും പ്രകൃതിസ്നേഹികള്‍ വിലപിക്കുന്നുവല്ലോ. ഒന്നാലോചിച്ചാല്‍ ഇങ്ങനെയല്ലാതെന്തു ചെയ്യും? ആയിരമോ രണ്ടായിരമോ ശമ്പളം പറ്റുന്ന സാധാരണക്കാരന് എന്തു പ്രകൃതി? രാവിലെ പല്ലുതേയ്ക്കാന്‍ പേസ്റ്റു മുതല്‍ ബ്രായും പാന്റീസും വരെ പ്രകൃതിവിഭവങ്ങളായി കിട്ടുമോ? സംസ്കാരം പോയ പോക്കില്‍ മനുഷ്യനെ ഒന്നടങ്കം ആക്ഷേപിച്ചിട്ടു കാര്യമില്ലതന്നെ. പക്ഷെ മനുഷ്യന്റെ ഈ മൂല്യത്തകര്‍ച്ച നമ്മെ ചുറ്റിപ്പറ്റിക്കഴിയുന്ന എല്ലാ ജീവജാലങ്ങളിലും പ്രതിഫലിക്കുമെന്ന് എത്രപേര്‍ ചിന്തിച്ചിട്ടുണ്ട്? മനുഷ്യന്‍ നശിച്ചാല്‍ ലോകം നശിക്കുമെന്നിരിക്കെ മൃഗങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണമുണ്ടാവുകയും ഏറെക്കുറെ കുണ്ഠിതത്തോടെ അവരും പ്രശ്നം കൈകാര്യം ചെയ്യുകയുമായാല്‍ അതിലെന്തത്‌ഭുതം?

പരിസ്ഥിതി സംരക്ഷണസമിതിയുടെ കൂറ്റന്‍ പൊതുസമ്മേളനം നടക്കവേയാണ് മൈതാനത്തുള്ള കപ്പക്കാട്ടില്‍ കട്ടും മോഷ്ടിച്ചും ഭക്ഷ്യവിഭവങ്ങള്‍ പൂഴ്‌ത്തിവച്ചും ജീവിച്ചിരുന്ന ഒരു സാധാരണക്കാരന്‍ എലിക്ക് ബോധവല്‍ക്കരണമുണ്ടായത്. എന്ത്? പ്രകൃതിവിഭവങ്ങളെ നിര്‍ലജ്ജം ചൂഷണം ചെയ്യുന്ന മനുഷ്യന്‍ ലോകം മുടിക്കുമെന്നോ? മരംവെട്ടും കീടനാശിനികളും ഫാക്ടറിയും ഒക്കെ പ്രകൃതിയുടെ സന്തതികളായ പ്രാണിമൃഗാദികളെ നശിപ്പിക്കുമെന്നോ? വിവിധതരം ജന്തുക്കള്‍ക്കിടയില്‍ നില്ക്കുന്ന ഇക്കോളജിക്കല്‍ ബാലന്‍സ് എന്താണെന്ന് എലിക്കു മനസ്സിലായില്ല. പക്ഷേ സാരമല്ല. മനസ്സിലായ കാര്യങ്ങള്‍തന്നെ നടുക്കാന്‍ പോന്നവയായിരുന്നു. ഓരോ ജീവജാലവും മറ്റൊന്നില്‍ ആശ്രയിച്ചിരിക്കുന്നു. ആഹാരത്തിനും, സ്വജീവിതത്തിനും, ചെറുപ്രാണികളെ തങ്ങള്‍ തിന്നുന്നതുപോലെ ന്യായീകരിക്കാവുന്നത്രെ പൂച്ച, പരുന്ത് മുതലായ ഉയര്‍ന്ന ജന്തുക്കള്‍ തങ്ങളെ ഭക്ഷിക്കുന്നതും. ഈ വിജ്ഞാനം എലിയില്‍ ഞെട്ടലോ ഭയമോ ഉളവാക്കിയില്ല. മറിച്ച് അവന്റെയുള്ളില്‍ കുളിര്‍മ്മയുടെ തണല്‍ പരന്നു, ആ ശീതളച്ഛായയില്‍ കുത്തിയിരുന്നു ചിന്തിച്ചു ചിന്തിച്ച് ലോകത്തിന്റെ കടിഞ്ഞാണില്ലാത്ത പോക്കോര്‍ത്ത് വ്യാകുലപ്പെട്ടും, ഇക്കോളജിക്കല്‍ബാലന്‍സിന്റെ നഷ്ടമോര്‍ത്ത് കണ്ണീര്‍ വാര്‍ത്തും ആ എലി ഏറെനേരമിരുന്നു. പിന്നീട് തന്റെ മാളത്തില്‍ തിരിച്ചെത്തി തിരിഞ്ഞും മറിഞ്ഞും, ഏറെനേരം കിടന്നും, പ്രിയതമയോടു രമിക്കാതെ അകന്നുകിടന്നും, കുഞ്ഞുങ്ങളെ തലോടാതെതിരിഞ്ഞു കിടന്നും,നിരാശാബോധത്തിന്റെ കയങ്ങളില്‍ ആണ്ടും പൊങ്ങിയും താണും നേരം വെളിപ്പിച്ചു.

ദൂരെ കപ്പക്കാടുകള്‍ക്കിടയിടയിലാകാശത്തിനു നിറംവച്ചു തുടങ്ങുമ്പോഴേക്കും ദുഃഖാര്‍ത്തനായ എലി പുറത്തുകടന്നുകഴിഞ്ഞു. അന്നാദ്യമായി അതിനു സ്വന്തം അസ്തിത്വത്തില്‍ തീവ്രമായ ദുഃഖമുണ്ടായി. ഈ ദുഃഖം അറിവായിരുന്നു.

വരുന്ന പഞ്ഞമാസങ്ങള്‍ തരണം ചെയ്യാന്‍ ശേഖരിച്ചുവച്ചിരുന്ന കപ്പത്തുണ്ടുകളും ആഞ്ഞിലിക്കുരു, ചക്കക്കുരു മുതലായവയും യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പു വരുത്തിയാണ് ഭാര്യയേയും കുട്ടികളേയും ഉണര്‍ത്താതെ എലി മെല്ലെ പുറത്തുകടന്നത്. പഞ്ഞമാസങ്ങള്‍ക്കായി പണ്ടു ശേഖരിച്ചിരുന്ന നെല്ലും നിലക്കടലയും മറ്റും ഇന്നെവിടെ? ദൂരെ തരിശു കിടക്കുന്ന നെല്‍പ്പാടങ്ങളും പയറുവിതയ്‌ക്കാതെ വന്ധ്യമായി കിടക്കുന്ന കണ്ടങ്ങളും നോക്കി എലി നെടുവീര്‍പ്പിട്ടു. കീടനാശിനികള്‍ കൊണ്ടും കാലാവസ്ഥാമാറ്റങ്ങള്‍കൊണ്ടും ചെറുപ്രാണികള്‍ നശിച്ചപ്പോള്‍ വലിയവ പട്ടിണികിടന്നു ചത്തു. അവയും പോയപ്പോള്‍ ഇക്കോളജിയുടെ ഇംബാലന്‍സ് മൂലം കൃഷിയും നശിച്ചുവത്രെ. ലോകത്തിനുവേണ്ടിയുള്ള ഈ ദുഃഖം തളര്‍ത്തിയ ശരീരവുമായി എലി ഇറങ്ങിനടന്നു. ജൈവശാസ്ത്രത്തിലുള്ള പുതിയ വിപ്ലവം തുടങ്ങിവയ്ക്കാനും മൃഗങ്ങളെ പ്രകൃതിയിലേക്കു തിരിച്ചുവരുത്താനുമുള്ള സിംബോളിക് യത്നമാണ് എലി പ്ലാന്‍ ചെയ്തത്.

അങ്ങനെ മൃഗങ്ങളെ തിരിച്ചുകൊണ്ടുവരാനും പരിസ്ഥിതി സംരക്ഷിക്കുവാനുമായി ആത്മത്യാഗത്തിന്റെ മാര്‍ഗ്ഗം തന്റെ മുന്നില്‍ തെളിഞ്ഞപ്പോള്‍ അസ്തിത്വത്തിന്റെ ദുഃഖത്തില്‍ തകര്‍ന്നുകഴിഞ്ഞിരുന്ന എലിക്ക് തന്റെ അന്യവല്‍ക്കരണം ലാഘവപ്പെടുന്നത് അനുഭവപ്പെട്ടു. ജനിതമായ സ്വഭാവം ഉപേക്ഷിച്ച് പട്ടാപ്പകല്‍ മൈതാനമദ്ധ്യ നടന്നു പുല്‍ത്തകിടിക്കുമപ്പുറം സ്ഥിതി ചെയ്യുന്ന മാളികവീടിന്റെ വടക്കേപ്പുറത്തെത്തി, വരാന്തയില്‍ ഉലാത്തുന്ന പൂച്ചയെ എലി മുഖം കാണിച്ചു.

ആജന്മശത്രുക്കളായ രണ്ടുപേര്‍ തമ്മിലുള്ള കൂടിക്കാഴ്ച എത്രയും ഉദ്വോഗപൂര്‍ണ്ണമാവുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. തികച്ചും ഒരു മൊമന്റ് ഓഫ് ക്രൈസിസ് ആവേണ്ട എല്ലാ സാദ്ധ്യതകളും ഉണ്ടായിരുന്നിട്ടും തന്റെ വലത്തേ കയ്യാല്‍ മീശ തടവി താല്പര്യലേശമില്ലാതെ ‘എന്തെടേയ്‌ ഇവിടെ?’ എന്ന മട്ടില്‍ എലിയെ നോക്കുകമാത്രമേ പൂച്ച ചെയ്തുള്ളൂ. കഠിനമായ ആന്റി ക്ലൈമാക്സിന്റെ യാതനയോടെ എലി പറഞ്ഞു:

"ഭവാന്‍, ചരിത്രാതീതകാലംമുതല്‍ എലി പൂച്ചയുടെ ഭക്ഷണമാകുന്നു. മനുഷ്യന്റെ അനിയന്ത്രിതമായ വളര്‍ച്ചയും ചൂഷിത സ്വഭാവവും സംസ്കാരവും നിമിത്തം നമ്മുടെ ഈ ബന്ധം എന്നോ നശിച്ചുപോയിരിക്കുന്നു. അതിനാല്‍ ഭവാന്‍ പ്രകൃതിയെ തിരികെ കൊണ്ടുവരുവാനായി ഈയുള്ളവനെ ഭക്ഷണമായി സ്വീകരിച്ചാലും…"

ഇവിടെ എലി തികച്ചും നാടകീയമായി തന്റെ മാര്‍ജ്ജാരശത്രുവിനു മുമ്പില്‍ പ്രണാമം ചെയ്തുവെങ്കിലും പൂച്ചയ്ക്കു പ്രീതിയായില്ല.

“പാലും ബിരിയാനിയും വറുത്ത മീനും ജിഞ്ചര്‍ ചിക്കനും കഴിക്കുന്ന എനിക്കെന്തിനെടേയ് നിന്റെ പച്ചമാംസം? അഴുക്കും രോമവും നിറഞ്ഞ നിന്നെക്കാണുന്നതേ എനിക്ക് അറപ്പാണ്. മാത്രമോ, പച്ചച്ചോര എനിക്ക് വല്ല ദഹനക്കേടോ വയറിളക്കമോ ഉണ്ടാക്കിയാലോ? ഇവിടെവൃത്തിയുള്ള പാത്രത്തില്‍ ഭക്ഷണം കഴിക്കുന്ന എനിക്കിനി നിന്നെപ്പിടിക്കാനും കൊല്ലാനും ഒന്നും വയ്യടേയ്. നീ മറ്റുവല്ലയിടവും പോ. എനിക്ക് കൊച്ചമ്മയോടൊത്ത് കാറില്‍ മാര്‍ക്കറ്റില്‍ പോകാന്‍ സമയമായി…"

തികച്ചും ഭൗതികമായ പരിഗണനകള്‍ മാത്രമുള്ള ഒരു മുതലാളിത്ത സംസ്കാരത്തിലുണ്ടാകുന്ന ബന്ധങ്ങളുടെ തകര്‍ച്ച മാത്രമല്ല എലി ഇതില്‍ കണ്ടത്. വലിയ വീട്ടിലെ പൂച്ചകള്‍ക്കുണ്ടാകുന്ന സെന്‍സിബിലിറ്റിയുടെ പ്രശ്നവും കൂടിയാണ്. തങ്ങളെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛം കലര്‍ന്ന സഹാനുഭൂതി ഈ പ്രതികരണത്തിലൊളിഞ്ഞുകിടക്കുന്നത് എലിയെ നിസ്സഹായനാക്കി. അത് അവിടെനിന്നും ആട്ടിപ്പായിച്ചതില്‍ മനംനൊന്ത് പുറത്തേക്കിറങ്ങി നടന്നു.

പ്രത്യേകിച്ചു ലക്ഷ്യമില്ലാതെ നടക്കുമ്പോഴാണ് കള്ളുഷാപ്പിനരികിലെ അന്തോണിച്ചന്റെ പുരയില്‍ നിന്നും ഓടിവരുന്ന കണ്ടന്‍ പൂച്ചയുടെ മുന്നില്‍പ്പെട്ടത്. എലി ഒരു പുതിയ സുഹൃത്തിനെക്കണ്ട ഉത്സാഹത്തോടെ പൂച്ചയെപിടിച്ചുനിര്‍ത്തി ലോകത്തിന്റെ പരിസ്ഥിതി സംരക്ഷികേണ്ടതിലേക്കായി തന്നെ ഭക്ഷിക്കുവാന്‍ വിനയപുരസ്സരം അപേക്ഷിച്ചു. തന്റെ വായിലിരുന്ന ഉണക്കപ്പരവ താഴെ വച്ച് മുന്‍കാലുകൊണ്ടമര്‍ത്തിപ്പിടിച്ച് തികച്ചും ദയനീയമായി കണ്ടന്‍പൂച്ച പറഞ്ഞു:

“എന്റെ പൊന്നെലിക്കുട്ടാ, ഈ പാവത്തിനെ വിട്. ഞാന്‍ വല്ല ഉണക്കമീനും പഴഞ്ചോറുമടിച്ചു ജീവിച്ചോളാം. ചേറും ചോരേം എന്റെ ദേഹത്തിനു പിടിക്കൂല്ല. അന്തോണീടെ പെണ്ണുമ്പിള്ള മറിയച്ചേട്ടത്തി കണ്ടുപിടിക്കും മുമ്പ് ഞാന്‍ ഈ പരവ വീട്ടിലെത്തിക്കട്ടേ. പൊന്നുകുട്ടന്‍ പോ…”

ഇതും പറഞ്ഞ് പോകുംമുമ്പ് അനുനയരൂപേണ മുന്‍കൈകൊണ്ട് പൂച്ച മാര്‍ദ്ദവമായൊന്നു തലോടിയത് എലിയുടെ ഉള്ളു നീറ്റി. ഈ പ്രോലിറ്റേറിയന്‍ ടിറണി ലോകത്തിനെ നാശത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ അടുപ്പിക്കുമെന്ന് ഒരു മന്ത്രമെന്നോണം എലി മനസ്സില്‍ പറഞ്ഞു. തന്നെ സന്തോഷത്തോടെ ഭക്ഷിക്കാനീ നാട്ടില്‍ ഒരു പൂച്ചപോലുമില്ലെന്നത് അതിനെ അധൈര്യപ്പെടുത്തുകയും ലോകത്തിന്റെ നിലനില്പിനായി താന്‍ തയ്യാറാക്കിയ തന്റെ രക്തസാക്ഷിത്വത്തിനുള്ള പദ്ധതി തകര്‍ന്നതില്‍ പൊട്ടിക്കരഞ്ഞുംകൊണ്ട് ലക്ഷ്യവും മാര്‍ഗ്ഗവുമില്ലാതെ എലി എത്രദൂരം നടന്നുവെന്നറിയില്ല. പരിസരബോധം വന്നപ്പോള്‍ താനെത്തിയിരിക്കുന്നത് ഒരമ്പലപറമ്പിലാണെന്ന് അതിനു മനസ്സിലായി. അവിടെ അങ്ങുമിങ്ങും നടക്കവേ ഭജനപ്പുര ശ്രദ്ധയില്‍പ്പെട്ടു. വെറും ഒരു കൗതുകം എന്നതില്‍ക്കവിഞ്ഞ് ഒന്നുമുണ്ടായിട്ടല്ല എലി അങ്ങോട്ടുപോയത്.

ഒഴിഞ്ഞുകിടന്ന ഭജനപ്പുരയുടെ തെക്കുകിഴക്കേ മൂലയില്‍ വിരിച്ചിരുന്ന മഞ്ഞപ്പട്ടില്‍ ഇരിക്കുന്ന പൂച്ചയെക്കണ്ട മാത്രയില്‍ തന്റെ തകര്‍ന്ന സ്വപ്നങ്ങള്‍ ഒരിക്കല്‍ക്കൂടി ഉണര്‍ന്നുവരുന്നത് എലി അറിഞ്ഞു. ‘എന്റെ ദൈവങ്ങളെ ഇത്തവണ എന്നെ കൈവെടിയരുതേ’ എന്ന് ഏകാഗ്രമായി പ്രാര്‍ത്ഥിച്ചും, പരാജയഭീതിയുടെ ജാള്യത മുഖത്തു കാണാതിരിക്കാന്‍ ശ്രമിച്ചും എലി വീണ്ടുമൊരുദ്യമത്തിനായി പൂച്ചയെ സമീപിച്ചു. തികച്ചും വസ്തുനിഷ്ഠമായി തന്റെ ദര്‍ശനത്തിന്റെ ഏകദേശരൂപം നല്കി, തനിക്ക് ഇച്ഛാഭംഗം വരുത്തരുതെന്നപേക്ഷിച്ച്, ന്യായമായും ഒരു പൂച്ചയുടെ ഭക്ഷണമായ തന്നെ ഭക്ഷിച്ച് തനിക്ക് ലക്ഷ്യപ്രാപ്തി നല്‌കണമെന്ന് എലി ഭജനപ്പുരയിലിരുന്ന പൂച്ചയോട് യാചിച്ചു.

ധ്യാനത്തിലിരുന്ന പൂച്ചയുടെ മുന്നില്‍ ഇപ്രകാരം പറഞ്ഞുനിര്‍ത്തിയ എലിക്ക് അടുത്ത ഏതാനും നിമിഷങ്ങള്‍ ഒരു ഘോര സസ്‌പെന്‍സ് ആയിരുന്നു. തന്റെ ഹൃദയത്തിന്റെ താളം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും സിരകളിലൂടെ തിളച്ചുകയറുന്ന രക്തപ്രവാഹവും എലി അറിഞ്ഞു. എങ്കിലും പാതിയടഞ്ഞ കണ്ണുകളോടെ തന്റെ മേല്‍ചാടിവീഴുന്ന പൂച്ചയെ കാത്തുനിന്ന എലിക്ക് ഒരിക്കല്‍ക്കൂടി തെറ്റുപറ്റി.

പൂച്ച പറഞ്ഞത് ഏതാണ്ടിപ്രകാരമാണ്. താനൊരു സന്യാസിപൂച്ചയാണെന്നും, ഹിംസചെയ്യരുതാത്ത പാപമാണെന്നും, മാംസാഹാരം തനിക്ക് വര്‍ജ്ജ്യമാണെന്നും, പാലും പഴവും കഴിച്ച് ദൈവനാമവുമുരുവിട്ട് ഭജനമിരിക്കുന്നതാണ് തന്റെ നിയോഗമെന്നും, അങ്ങനെ…അങ്ങനെ…ലൗകികസുഖങ്ങള്‍ ത്യജിച്ച്, ആത്മഹത്യ തുടങ്ങിയ പാപചിന്തകള്‍ വെടിഞ്ഞുവന്നാല്‍ തന്നോടൊപ്പം ഭജനമിരിക്കാന്‍ സമ്മതിക്കാമെന്നും പൂച്ച പ്രഖ്യാപിച്ചു.

ഈ പ്രഭാതം മുതല്‍ അസ്തിത്വത്തിന്റെ ദുഃഖവുമായി ലോക നന്മമാത്രം മനസ്സില്‍ക്കണ്ട് താനീ നാട്ടിലെമ്പാടും അന്വേഷിച്ചത് ഒരു മരീചികയായിരുന്നുവെന്ന് എലി അറിഞ്ഞു. ഇത്തരം ആന്‍റി-സെക്കുലര്‍ അനാര്‍ക്കിയില്‍ എലിക്ക് ലേശംപോലും മതിപ്പുളവായില്ല.

തനിക്കു ചുഠും നിറഞ്ഞുനിന്ന അസ്‌തമിക്കാറായ സൂര്യന്റെ പ്രഭാവമില്ലാത്ത രശ്‌മികള്‍ ജീവിതാന്ത്യത്തിലേക്കു പരത്തുന്ന വെളിച്ചമാണെന്ന് എലിക്കു തോന്നി. ഈ ദുഃഖത്തിലും, ഈ വീക്ഷണത്തിലും, ഈ വിശപ്പിലും ദാഹത്തിലും തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധത്തിന് മങ്ങലേറ്റിരുന്നില്ലല്ലോ, എലി ഓര്‍ത്തു. അതിന്, ലോകത്ത് ആവര്‍ത്തനത്തിന്റെ താളുകള്‍ നല്‌കുന്ന സൂര്യചന്ദ്രന്മാര്‍ക്കും, സ്ഥായീഭാവം നല്കുന്ന ആകാശവിരിപ്പിനും, താളലയങ്ങള്‍ നല്കുന്ന അരുവികള്‍ക്കും കുന്നുകള്‍ക്കും, ജീവന്റെ ഉറവിടമായപ്രകൃതിക്കും തന്റെ ചെറുബുദ്ധിയില്‍ തെളിഞ്ഞുവരാത്ത എല്ലാവിധ വിജ്ഞാനങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, ആ ഭജനപ്പുരയില്‍നിന്നുമിറങ്ങി എലി അതിനു പിമ്പിലുള്ള അമ്പലക്കുളത്തിലേക്കു നടന്നു.

കല്പടവുകളിറങ്ങി കൈകാലുകള്‍ നനച്ച് അസ്തമിക്കാറായ സൂര്യനെ വന്ദിച്ച് അമ്പലക്കുളത്തില്‍ തനിക്കെത്താവുന്നത്ര അകലത്തിലേക്ക് എലി എടുത്തുചാടി. ഏതാനും കുമിളകള്‍പൊന്തിവന്ന് ജലപ്പരപ്പില്‍ നേരിയ ഓളങ്ങള്‍ സൃഷ്ടിച്ച് പരിസ്ഥിതിയില്‍ അലിഞ്ഞുചേര്‍ന്നു.