close
Sayahna Sayahna
Search

മന്ഥര


മന്ഥര
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

മന്ഥരയെ കൊട്ടാരത്തില്‍നിന്നു കല്ലെറിഞ്ഞാണ് ഓടിച്ചത്.

സത്യത്തില്‍ മന്ഥര ഒരു ബുദ്ധിജീവിയായിരുന്നു. ചിന്തകളുടെ ഭാരത്താല്‍ നടുവുകൂനി. സൂക്ഷ്മമായി കണ്ടുകണ്ട് കാഴ്ച നശിച്ചു. അറിവിന്റെ പ്രാരബ്ധങ്ങള്‍ മുഖത്തു ചുളിവുകള്‍ വീഴ്ത്തി. ചരിത്രം പഠിക്കാത്ത ചരിത്രകാരന്മാര്‍ അവരെ ദുഷ്ടകഥാപാത്രമാക്കി.

കര്‍ണ്ണനേയും ബ്രുട്ടസ്സിനേയും നമ്മുടെ പണ്ഡിതന്മാര്‍ ദുഷ്ടകഥാപാത്രങ്ങളാക്കിയത് ഓര്‍ക്കുക .

മന്ഥര തന്റെ ഊന്നുവടിയില്‍ നിവര്‍ന്നുനിന്നു കൈകേയിയുടെ ചെവിയില്‍ മന്ത്രിച്ചു. വെറും ചെറുവിരല്‍കൊണ്ടു ഭര്‍ത്താവിനെ മെരുക്കുന്നതെങ്ങനെയെന്നാണ് മന്ഥര അവരെ പഠിപ്പിച്ചത്. ബുദ്ധിമതിയായ ഭാര്യയുടെ ചെറുവിരലിനപ്പുറം പോകാന്‍ സാധാരണഭര്‍ത്താവിനാവില്ലെന്ന് നമുക്കേവര്‍ക്കും അറിയാമല്ലോ. ദശരഥന്റെ രഥം പണ്ടു പാളിപോകാതെ തടഞ്ഞു നിര്‍ത്തിയത് കൈകേയിയുടെ ഒരു ചെറുവിരലാണ്.

ദശരഥന്റെ രഥം എന്നാല്‍ അദ്ദേഹം യാത്ര ചെയ്തിരുന്ന വാഹനം എന്നു പില്‍ക്കാലപണ്ഡിതന്മാര്‍ പറഞ്ഞതു തെറ്റ്. രഥം ഒരു അലിഗറിയാണ്. അലിഗറി ഉപയോഗിക്കുമ്പോള്‍ എടുത്തു പറയേണ്ട കാര്യമില്ലല്ലോ. സഹൃദയര്‍ അതിലെ താത്പര്യം ഉള്‍കൊള്ളുകയാണ് വേണ്ടത്. ദശരഥനില്‍ത്തന്നെ അടങ്ങിയിരിക്കുന്ന രഥം അഥവാ ദശരഥന്റെ ജീവനെന്ന രഥം എന്നു നാം മനസ്സിലാക്കിയാല്‍ ഒരു കാര്യം വ്യക്തമാകും. ഇത് എന്നും കൈകേയിയുടെ നിയന്ത്രണത്തിലായിരുന്നു. ഇതാണ് മന്ഥര പഠിപ്പിച്ച പാഠം. ആ ചെറുവിരല്‍ അനക്കി കൈകേയി ദശരഥനെ വരുത്തി, അതിന്റെ ശക്തിയില്‍ അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു.

ഈ അലിഗറി പരാജയപ്പെട്ടപ്പോള്‍ മന്ഥരയ്ക്കു കഷ്ടകാലം വന്നു. ബുദ്ധിയില്ലാത്തവര്‍ക്കു ശക്തികൊണ്ടു വിജയിക്കാനാവില്ലെന്ന് കൈകേയി തെളിയിച്ചു. അതിനു മന്ഥരയെ ശിക്ഷിക്കണമായിരുന്നോ?

നാം ഓര്‍ക്കേണ്ടത്: മന്ഥരയ്ക്കും വരും ഒരു നല്ലകാലം.