close
Sayahna Sayahna
Search

പഞ്ചവർണ്ണന്റെ പ്രവചനങ്ങൾ


പഞ്ചവർണ്ണന്റെ പ്രവചനങ്ങൾ
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

പഞ്ചവര്‍ണന്‍ ഗ്രാമത്തിലെത്തിയത് അസാധാരണമായി ഒന്നും സംഭവിക്കാത്ത ഒരു ദിവസമായിരുന്നു. പകലിന്റെ ആരംഭത്തില്‍ അരണ്ട വെളിച്ചത്തില്‍ ഒരു മനുഷ്യരൂപം കിഴക്ക് കുന്നിറങ്ങിവരുന്നത് കണ്ടവരുണ്ട് എന്ന് പിന്നീടാരൊക്കെയോ പറഞ്ഞു. ആരാലും ശ്രദ്ധിക്കപ്പെടാതെ ഗ്രാമത്തിന്റെ കവലയില്‍ പഞ്ചവര്‍ണന്‍ ഒരു രാവിലെ വന്നെത്തുകയും അവിടെയുള്ള ആലിന്‍ചോട്ടില്‍ തന്റെ ഭാണ്ഡത്തില്‍ നിന്നും ഒരു തുണി വിരിച്ച് ഇരിപ്പായി എന്നതുമാണ് സത്യം. തന്നെ ആരെങ്കിലും ശ്രദ്ധിക്കണമെന്ന വിചാരം അയാളെ ബാധിച്ചിരുന്നില്ല. വഴിപോക്കര്‍ ആരെങ്കിലും അയാളെ ഗൗനിച്ചുവെങ്കില്‍ അയാളത് തീര്‍ത്തും അവഗണിക്കുകയും ചെയ്തു.

എന്നാല്‍ പഞ്ചവര്‍ണന്‍ എങ്ങനെയാണ് ഗ്രാമനിവാസികളുടെ ശ്രദ്ധയില്‍പെട്ടതെന്നോ? ഗ്രാമത്തില്‍ പുറമേനിന്ന് ആരും വരാറുണ്ടായിരുന്നില്ല. അവിടെനിന്ന് ആരും എങ്ങോട്ടും പോകാറും പതിവില്ല. രാവിലെ ഗ്രാമമുണരുകയും രാത്രി ഉറങ്ങുകയും ചെയ്യും. അങ്ങനെയുള്ള ഗ്രാമത്തില്‍ ഒരു നവാഗതന്‍ എങ്ങനെ ശ്രദ്ധിക്കപ്പെടാതിരിക്കും? അയാളുടെ വരവ് ഗ്രാമനിവാസികള്‍ക്ക് ഒരുതരം കൗതുകമാണുളവാക്കിയത്. അത്ഭുതംകൊണ്ടാര്‍പ്പുവിളിക്കുകയോ വിദ്വേഷംകൊണ്ട് ആക്രോശിക്കുകയോ ആരും ചെയ്തില്ല.

കവലയിലെ ചായക്കടക്കാരനാണ് അയാളെ ആദ്യം കണ്ടത്. ചായപ്പാത്രം അടുപ്പില്‍ വെച്ച് കടയുടെ പകുതിപൊളിഞ്ഞ മുന്‍വാതില്‍ തുറക്കാനായി എത്തിയപ്പോഴാണ് അതുണ്ടായത്. പുതിയ കച്ചവടസാധ്യത മനസ്സില്‍ക്കണ്ട് വാതില്‍ തുറക്കാന്‍ മറന്ന് അടുപ്പിലെ തീ ആളിക്കത്തിച്ചു. ആ തീയില്‍ നിന്നും ബീഡി കത്തിച്ച് ദീര്‍ഘമായി വലിച്ച് സാവധാനം പുക വെളിയിലേക്ക് ഊതിവിട്ട് നോക്കുമ്പോള്‍ നവാഗതന്‍ അകലെയുള്ള ആല്‍ച്ചോട്ടില്‍ ഇരുന്നുകഴിഞ്ഞു. ‘ഒരു പണ്ടാരം’ എന്നു പറഞ്ഞ് ചായക്കടക്കാരന്‍ ഉള്ളിലേക്കു വലിഞ്ഞു. അടുത്തുള്ള കുറ്റിക്കാട്ടില്‍ തങ്ങളുടെ അന്നത്തെ സുപ്രധാന പ്രവൃത്തിയായ മലവിസര്‍ജനം നടത്താനെത്തിയ രണ്ട് യുവാക്കള്‍ അതു കേട്ട് തലയുയര്‍ത്തി നോക്കി. അപ്പോള്‍ അവരും അതുതന്നെ പറഞ്ഞു. ‘ഒരു പണ്ടാരം’. പക്ഷേ അപ്പോഴും അയാളുടെ വേഷവും മുഖവും ആരും ശ്രദ്ധിച്ചിരുന്നില്ല. അരണ്ട വെളിച്ചത്തില്‍ അതു സാധിക്കുമായിരുന്നില്ല. അങ്ങോട്ടുചെന്ന് മനസ്സിലാക്കുവാനുള്ള താല്‍പര്യം ആര്‍ക്കും ഉണ്ടായിരുന്നുമില്ല. കുറച്ചുകൂടി സമയം കഴിഞ്ഞ് നേരം വെളുക്കുകയും അടുത്തുള്ള മുറുക്കാന്‍കട, വായനശാല എന്നിവ തുറക്കുകയും ചെയ്തപ്പോള്‍ ഗ്രാമനിവാസികള്‍ കവലയിലേക്കു വന്നുതുടങ്ങി. തങ്ങളുടെ പ്രഭാതത്തിലെ ചായയ്ക്കും ബീഡിക്കും പത്രത്തിനും കവലയിലേക്കു വരാതെ ഗ്രാമനിവാസികള്‍ക്ക് മറ്റു പോംവഴിയില്ലായിരുന്നു. ചിലര്‍ പത്രത്തിനു മുകളിലൂടെയും ചിലര്‍ ചൂടുചായയുടെ ആവി ഊതിപ്പറപ്പിക്കുന്നതിനിടയിലും മറ്റുചിലര്‍ മുറുക്കാന്‍കടയിലെ പഴക്കുലകള്‍ക്കിടയിലൂടെയും ആല്‍ച്ചുവട്ടിലിരുന്ന ആഗതനെ സൂക്ഷമായി നിരീക്ഷിച്ചു. പ്രായാധിക്യത്താല്‍ അക്ഷരംമറന്നവരും കാഴ്ചനഷ്ടപ്പെട്ടവരും അക്ഷരം വായിക്കാനറിയില്ലാത്തവരും അന്ന് പതിവിനു വിപരീതമായി പത്രം വായിച്ചുകേള്‍ക്കാന്‍ വായനക്കാരനെ സമീപിച്ചില്ല. വായനക്കാരനാകട്ടെ അന്ന് വായനയില്‍ പ്രത്യേകതാല്‍പര്യവുമില്ലായിരുന്നു. ആല്‍ച്ചോട്ടിലിരിക്കുന്നയാളെ ഒന്നുകൂടി നോക്കിയിട്ട് അവര്‍ ചായക്കടക്കാരനോട് യോജിച്ചു. ‘ഒരു പണ്ടാരം’.

ഗ്രാമനിവാസികളിലൊരാളാണ് അയാളുടെ വസ്ത്രം ശ്രദ്ധിച്ചത്. കഴുത്തുമുതല്‍ പാദം വരെ നീണ്ട കുപ്പായം. തലയിലെ തുണിത്തൊപ്പി കുപ്പായത്തോട് തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. കുപ്പായത്തിന് വയലറ്റ്, നീല, പച്ച, മഞ്ഞ, ചുവപ്പ് എന്നി നിറങ്ങളുണ്ടായിരുന്നു. ഇനിയും നിറങ്ങളുണ്ടായിരുന്നുവെങ്കില്‍ അവയുടെ പേരറിയാഞ്ഞ് അയാള്‍ വിട്ടുകളഞ്ഞ് കാണും. അങ്ങനെ പഞ്ചവര്‍ണ്ണന്‍ പണ്ടാരം എന്ന പേര് അയാള്‍ക്ക് ഏറ്റവും അനുയോജ്യമാണെന്ന് നിവാസികള്‍ വിശ്വസിച്ചു.

അപ്പോള്‍ രവിലെ ചായകുടിക്കാനും ബീഡിവലിക്കാനും പത്രം വായിക്കാനും മറന്നുനിന്ന അവര്‍ക്ക് പഞ്ചവര്‍ണ്ണനെ കൂടുതല്‍ അറിയാനുള്ള ജിജ്ഞാസയുണ്ടായി. നിയന്ത്രിക്കാനാവാത്ത ഏതോ ഉള്‍പ്രേരണയാല്‍ അവര്‍ സാവധാനം ആല്‍ചുവട്ടിലേക്ക് നീങ്ങി. ഗ്രാമനിവാസികള്‍ക്കപ്പോഴയാളെ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിച്ചു. ചെമ്പിച്ചുനീണ്ട് കഴുത്തറ്റമെത്തുന്ന മുടി അലസമായിക്കിടക്കുന്നത് നേര്‍ത്ത തുണിത്തൊപ്പിയിലൂടെ കാണാമായിരുന്നു. മുഖത്ത് ഇരുണ്ടും ചെമ്പിച്ചതുമായ രോമം. നേര്‍ത്ത് നീണ്ടചുണ്ടുകളും തീക്ഷ്ണമായ കണ്ണുകളും. തുളഞ്ഞുകയറുന്ന അയാളുടെ നോട്ടം നിവാസികളെ അസ്വസ്ഥരാക്കാന്‍ പോന്നതായിരുന്നു. അവര്‍ അടുത്തെത്തിയപ്പോള്‍ അസ്വസ്ഥമായ അവരുടെ മനസ്സ് തണുക്കാനെന്നോണം പഞ്ചവര്‍ണ്ണന്‍ മൃദുവായി പുഞ്ചിരിച്ചു. എന്നിട്ട് മനപ്പൂര്‍വമെന്നപോല്‍ തിരിഞ്ഞ് തന്റെ ഭാണ്ഡത്തില്‍ നിന്നും ഒരു സ്ഫടികഗോളം പുറത്തെടുത്ത് മുമ്പില്‍ വെച്ചു. പകല്‍വെളിച്ചം അതില്‍ പതിച്ചുണ്ടാകുന്ന ത്രീവ്രമായ പ്രതിപതനപ്രകാശത്താല്‍ ഗോളത്തിലേക്കു നോക്കിനിന്ന ഗ്രാമനിവാസികളുടെ കണ്ണുകള്‍ കൂമ്പി. ഗോളാകൃതിയായ ആ സ്ഫടികോപലത്തില്‍ നിഗൂഢദൃശ്യങ്ങള്‍ കാണാമെന്ന തോന്നല്‍ അവരെ കീഴടക്കി. പ്രചണ്ഡമായ ജിജ്ഞാസ പരല്‍ഗോളത്തിലവരെ പിടിച്ചുനിര്‍ത്തിക്കഴിഞ്ഞപ്പോള്‍ ഒരു സമ്മോഹനക്കാരന്റെ സ്ഫുടതയോടെ മെല്ലെ പഞ്ചവര്‍ണന്‍ അവരോടായി പറഞ്ഞു; “അടുത്തുവരൂ" മന്ത്രനിബദ്ധരായി അടുത്തേക്കു നീങ്ങുന്ന അവരുടെയിടയില്‍ നിന്നൊരുവനെ പഞ്ചവര്‍ണന്‍ ആംഗ്യംകാട്ടിക്ഷണിച്ചു. വശ്യമായ ആ കണ്ണുകളുടെ ക്ഷണം നിരസിക്കാനാവാതെ അയാള്‍ പഞ്ചവര്‍ണന്റെ അടുത്തെത്തി.

ആരോഗ്യമുള്ള ശരീരവും ബലിഷ്ഠങ്ങളായ കരങ്ങളുമുള്ള അയാള്‍ ചെത്തുകാരനായിരുന്നു. രാവിലേയും വൈകീട്ടും തെങ്ങില്‍നിന്നും കള്ള് ശേഖരിച്ച് ഷാപ്പിലെത്തിക്കയാണ് അയാളുടെ പ്രവൃത്തി. പഞ്ചവര്‍ണന്റെ നിശ്ശബ്ദമായ പ്രേരണയാല്‍ ചെത്തുകാരന്‍ സ്ഫടികഗോളത്തിന്റെ മുമ്പിലെത്തി അതിലേക്ക് നോക്കിനിന്നു. ഗോളത്തില്‍ പതിച്ച അയാളുടെ പ്രതിബിംബത്തെ പഞ്ചവര്‍ണന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ക്രമേണ ആ നോട്ടം കൂടുതല്‍ തീക്ഷ്ണമാവുകയും കണ്ണുകള്‍ ജ്വലിക്കുകയും ചെയ്യുന്നത് കണ്ടുനിന്നവരെ ഉല്‍കണ്ഠാകുലരാക്കി. പഞ്ചവര്‍ണന്റെ ദൃഷ്ടിയില്‍ നിന്നും വികിരണം ചെയ്ത ഊര്‍ജത്തിന്റെ പ്രഭാവത്തില്‍ ചെത്തുകാരന്‍ ചേതന നഷ്ടപ്പെട്ട കണ്ണുകളോടെ പകുതിബോധം നശിച്ച്, ഗോളത്തിലേക്ക് തന്നെ നോക്കിനില്ക്കുമ്പോള്‍, വശ്യവും, സ്ഫുടവും എന്നാല്‍ ദൃഢവുമായ സ്വരത്തില്‍ പഞ്ചവര്‍ണന്‍ അയാളോട് പറഞ്ഞു. ‌“നിങ്ങല്‍ക്കു ജീവിതം നാളെ സന്ധ്യവരെ".

അവിടെക്കൂടി നിന്നവര്‍ക്ക് ആദ്യമായുണ്ടായത് അവിശ്വാസം കലര്‍ന്ന ആശ്ചര്യമായിരുന്നു. തീര്‍ച്ചയായും സംഭവിക്കില്ലാത്ത എന്തോ കേട്ടതായി അവര്‍ നടിച്ചെങ്കിലും അടുത്തനിമിഷം തങ്ങളുടെ പ്രതിബിംബം ഗോളത്തില്‍ പതിക്കാതിരിക്കാന്‍ അവര്‍ സാവധാനം മുഖം തിരിച്ചു. ജിജ്ഞാസ കെട്ടടങ്ങി, പ്രത്യേകിച്ചൊന്നും പ്രതികരിക്കാനില്ലാതെ അവര്‍ മെല്ലെ പത്രവായനക്കാരന്റെ അടുത്തെത്തി. ആശങ്കയും ഭയവും ചേര്‍ന്ന വികാരം മുഖത്തേല്‍പ്പിച്ച പിരിമുറുക്കം മറക്കാന്‍ ചെത്തുകാരന്‍ ശരിക്കും ശ്രമിക്കുന്നുണ്ടായിരുന്നു. പഞ്ചവര്‍ണന്റെ ആകര്‍ഷണവലയത്തില്‍നിന്നും മുക്തി നേടിയ ഗ്രാരമനിവാസികള്‍ ആദ്യത്തെ പ്രവചനം തള്ളിക്കളഞ്ഞു. നടക്കുവാന്‍ സാധ്യത തീരെയില്ലാത്ത ബാലിശമായ ഒന്നായി അവര്‍ അതിനെ വിശേഷിപ്പിച്ചു. ചെത്തുകാരനാകട്ടെ പുതുതായി ധൈര്യം കിട്ടിയപോലെ തീര്‍ത്തും അതിനോട് യോജിക്കുന്നുവെന്ന് ഉറക്കെപ്പറയുകയും ചെയ്തു. എങ്കിലും അയാളുടെ മനസ്സില്‍ ഭയവും ആശങ്കയും അപ്പോഴും പതഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

പഞ്ചവര്‍ണന്റെ ആവിര്‍ഭാഭവും ആദ്യത്തെ പ്രവചനവും വളരെ വേഗം ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി. ഏതാനും ചില ഗ്രാമനിവാസികള്‍ ചൂടുള്ള ആ വാര്‍ത്ത തങ്ങളുടെ വീട്ടിലും പരിസരങ്ങളിലും അറിയിച്ചു. അവരുടെ സ്ത്രീകള്‍ മറ്റു സ്ത്രീകള്‍ വഴി കൂടുതല്‍ ആള്‍ക്കാരെയും. അങ്ങനെ ഗ്രാമത്തിലെ പ്രധാനവ്യക്തികളും പൊതുജന സമ്പര്‍ക്കമുള്ള പലചരക്കു വ്യാപാരി, ക്ഷുരകന്‍, ആശാരിമാര്‍, സ്വര്‍ണപണിക്കാരന്‍, ഗ്രാമത്തിലെ വേശ്യ എന്നിവരും അറിഞ്ഞു. പഞ്ചവര്‍ണനെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതലായി അറിയാന്‍ ആഗ്രഹിച്ചവര്‍ കവലയിലെ ചായക്കടക്കാരന്‍, മുറുക്കാന്‍ കടക്കാരന്‍, ബീഡിതെറുപ്പുകാരന്‍, പത്രപാരായണക്കാരന്‍ എന്നിവരെതന്നെയാണ് ആശ്രയിച്ചത്. അങ്ങനെ പഞ്ചവര്‍ണന്റെ വൃത്താന്തം ആധികാരികമായി പ്രചരിപ്പിക്കാന്‍ പോന്ന ഒരു കേന്ദ്രമായി കവല രൂപാന്തരപ്പെട്ടു. സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെങ്കിലും തന്റെ പ്രവൃത്തിയുടെ പ്രത്യേകതകളാല്‍ ഗ്രാമത്തിലെ വേശ്യയ്ക്കും പഞ്ചവര്‍ണന്റെ വിശേഷങ്ങള്‍ കൃത്യമായി അപ്പപ്പോള്‍ പറയുവാന്‍ കഴിയുമായിരുന്നു. ഗ്രാമത്തിലെ എഴുത്താശാന്‍ കുടിപ്പള്ളിക്കൂടത്തിലെത്തിയ കുട്ടികളുടെ ആവേശംപൂണ്ട സംസാരത്തില്‍ നിന്നാണ് പുതിയ വാര്‍ത്ത ഗ്രഹിച്ചത്. തൊട്ടടുത്തുള്ള ഗ്രാമത്തിലെ വേശ്യയോട് എഴുത്താശാന്‍ ഇതേക്കുറിച്ചന്വേഷിച്ചു. ശരിയെന്ന മട്ടില്‍ തലയാട്ടി പഞ്ചവര്‍ണന്റെ കൂടുതല്‍ വിവരം പറയുവാനായി അവള്‍ അദ്ദേഹത്തെ അകത്തേക്കു ക്ഷണിച്ചു. വിശേഷം ഗ്രഹിച്ചു കഴിഞ്ഞപ്പോള്‍ എഴുത്താശന്റെ കീശയിലെ നാണയങ്ങള്‍ ചോര്‍ന്നുപോയിരുന്നു.

ചെത്തുകാരന്‍ അവിടെനിന്നും നേരെ വീട്ടിലേക്കാണ് പോയത്. തന്നേക്കാള്‍ വേഗം വാര്‍ത്ത ഗ്രാമത്തില്‍ പടര്‍ന്നതിനാല്‍ മറ്റുള്ളവരുടെ ഉല്‍കണ്ഠയോടും, ദയയോടും, ആശങ്കയോടും മറ്റുമുള്ള നോട്ടം അയാള്‍ക്കു നേരിടേണ്ടി വന്നു. തീര്‍ച്ചയായും അതയാളെ കൂടുതല്‍ ക്ഷീണിതനാക്കി. വീട്ടില്‍ ഈ വാര്‍ത്തയുടെ നടുക്കത്തില്‍ നിന്നും മുക്തി നേടിയിട്ടില്ലാത്ത ഭാര്യയുടെ മ്ലാനമായ മുഖമാണ് അയാളെ എതിരേറ്റത്. അതുവരെ അമര്‍ത്തിവെച്ചിരുന്ന ആശങ്കയും ഭയവും പുകഞ്ഞ് ലോകത്തോടുള്ള വിദ്വേഷമായി. ലോകം ചുരുങ്ങി തന്റെ ഭാര്യയിലേക്കു കേന്ദ്രീകരിക്കുന്നതയാള്‍ കണ്ടു. അപ്പോള്‍ ഉന്മാദത്തിന്റെ ലാഞ്ചനയേറ്റ അയാളുടെ ബലിഷ്ടങ്ങളായ കരങ്ങള്‍ അവളെ മര്‍ദിച്ചു. അതുകൊണ്ടും കുത്തഴിഞ്ഞ തന്റെ അന്ത:ക്ഷോഭങ്ങള്‍ കെട്ടടങ്ങാത്തതിനാല്‍ ഏതാനും കോപ്പ മദ്യത്തില്‍ അതലിയിച്ചുകളയാനായി അയാള്‍ ശ്രമിച്ചു. പരാജിതനായി ക്ഷീണിച്ച് ഉന്‍മാദം പിടിപെട്ട് അയാള്‍ വീട്ടിനുള്ളിലേക്ക് ചുരുങ്ങി.

ഇതിനിടെ ജിജ്ഞാസുക്കളായ മറ്റു ഗ്രാമനിവാസികള്‍ കൂട്ടം ചേര്‍ന്ന് പഞ്ചവര്‍ണനെക്കാണാന്‍ പോയി. അന്നേദിവസം സന്ധ്യവരെവന്നപലരില്‍ നിന്നും മൂന്നുപേര്‍ക്കുകൂടി പഞ്ചവര്‍ണന്‍ ആയുസ്സ് നിശ്ചയിച്ചു കഴിഞ്ഞിരുന്നു. ഗ്രാമത്തിലെ ചെറുകിട മോഷ്ടാവിന് അന്നുമുതല്‍ രണ്ടു ദിവസവും, സ്വര്‍ണ്ണപണിക്കാരന് മൂന്നു ദിവസവും കല്ലാശാരിക്ക് നാലുദിവസവുമാണ് പഞ്ചവര്‍ണന്‍ കല്പിച്ചത്. അന്നത്തെ സന്ധ്യയില്‍ നിഴലുകള്‍ നീണ്ടുവന്നപ്പോള്‍ ഭീതിയുടെ മുഖഛായ ഗ്രാമനിവാസികള്‍ കണ്ടു. കാറ്റിന് വേഗം കുറയുകയും തെങ്ങോലകള്‍ ക്രമേണ നിശ്ചലമാകുകയും ചെയ്തു. രാത്രിയില്‍ ചേതനയില്ലാതെ എരിയുന്ന ചെറുനാളങ്ങളോടെ മണ്ണെണ്ണവിളക്കുകള്‍ ഗ്രാമത്തില്‍ പടര്‍ന്നിരുന്ന ദു:ഖം വിളിച്ചറിയിച്ചു. അടക്കിപ്പിടിച്ച ശബ്ദങ്ങളും നിശ്വാസങ്ങളും അതിന് ആക്കം കൂട്ടി.

തുടര്‍ന്നുവന്ന പ്രഭാതത്തില്‍ ജിജ്ഞാസയേക്കാള്‍ ആശങ്ക പൂണ്ട ഗ്രാമനിവാസികള്‍ കവലയില്‍ ഒത്തുകൂടി. അതുവരെയുള്ള വാര്‍ത്തകള്‍ ചായക്കടക്കാരനില്‍ നിന്നും, പത്രവായനക്കാരനില്‍ നിന്നും കേട്ടറിഞ്ഞ് ഗൗരവമായ ചര്‍ച്ച ആരംഭിച്ചു. അകലെ മരച്ചോട്ടില്‍ പഞ്ചവര്‍ണന്‍ ഇരിക്കുന്നത് കാണാമായിരുന്നെങ്കിലും അങ്ങോട്ടു നോക്കാന്‍ ആര്‍ക്കും ഉള്‍ക്കരുത്തുണ്ടായിരുന്നില്ല. പഞ്ചവര്‍ണന്റെ പ്രവചനങ്ങള്‍ നടക്കാത്തതും പൊള്ളയായതുമാണെന്ന് ഒരിക്കല്‍ക്കൂടി അവര്‍ തീരുമാനിച്ചു. തങ്ങളോടൊപ്പമുണ്ടായിരുന്ന ചെത്തുകാരന് ആരോഗ്യത്തിന് യാതൊരു കോട്ടവുമുണ്ടായിട്ടില്ലെന്ന കാര്യം അവര്‍ പ്രത്യേകം സ്മരിച്ചു. അതിനിടെ പഞ്ചവര്‍ണന്‍ മനുഷ്യനാണെന്നും, അല്ലെന്നുമുള്ള വാദഗതികള്‍ ഉണ്ടായതിനാല്‍ ദിവസം മുഴുവന്‍ അയാളെ ശ്രദ്ധിക്കാന്‍ ഏതാനും പേരെ സംഘം ചുമതലപ്പെടുത്തി. അവര്‍ ദൂരെയും അടുത്തും നിന്ന് പഞ്ചവര്‍ണനെ നിരീക്ഷിച്ചുകൊണ്ടിരിക്കും. പഞ്ചവര്‍ണന്‍ തൊടുത്തുവിട്ട പുതിയ കൊടുങ്കാറ്റ് ഗ്രാമത്തലവനെ അറിയിക്കാനും ഗ്രാമനിവാസികള്‍ ഒരു സംഘത്തെ നിയമിച്ചു. ഈ സംഘം ഗ്രാമത്തലവനെ സന്ദര്‍ശിച്ചെങ്കിലും പ്രത്യേകതെളിവൊന്നുമില്ലാതെ എങ്ങുനിന്നോ വന്നെത്തിയ സാധു പണ്ടാരത്തെ വിരട്ടി ഓട്ടിക്കാനോ ഉപദ്രവമേല്‍പ്പിക്കാനോ ഗ്രാമത്തലവന്‍ മടിച്ചു. മാത്രമല്ല ഗ്രാമനിവാസികളുടെ അനര്‍വചനീയവും അവ്യക്തവുമായ ഏതോ ഭീതിയായി മാത്രമേ പ്രശ്നത്തെ ഗ്രാമത്തലവനു കാണാന്‍ കഴിഞ്ഞുള്ളൂ. കാത്തിരുന്നു കാണുക എന്ന നയം അദ്ദേഹം സ്വീകരിച്ചു. ഗ്രാമത്തിന്റെ പല ഭാഗങ്ങളില്‍ കൂട്ടായും അല്ലാതെയും ഇതേക്കുറിച്ച് ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നുകൊണ്ടിരിക്കുമ്പോഴും പഞ്ചവര്‍ണന്‍ തന്റെ വശ്യമായ പുഞ്ചിരിയും ആകര്‍ഷകവും തീക്ഷണവുമായ നോട്ടവുമായി ഗ്രാമനിവാസികളെ ആകര്‍ഷിച്ചുപോന്നു. ഒളിച്ചും പതുങ്ങിയും അവര്‍ പഞ്ചവര്‍ണനെ കാണുകയും അയാളുടെ ചുണ്ടുകളില്‍ വിരിയുന്ന നേര്‍ത്ത പുഞ്ചിരിയില്‍ മോഹിതരാവുകയും ചെയ്തുകൊണ്ടിരുന്നു. അന്നു സന്ധ്യയായപ്പോഴേക്കും പുതിയ രണ്ടുപേര്‍ക്കുകൂടി സ്ഫടികഗോളത്തിലൂടെ തങ്ങളുടെ ജീവിതാവസാനം നിശ്ചയിച്ചു കൊടുത്തിരുന്നു. ഗ്രാമത്തില്‍ മുട്ടകച്ചവടം ചെയ്തു ജീവിച്ചു പോന്ന മദ്ധ്യവയസ്സന് അന്നുമുതല്‍ നാലുദിവസവും ബന്ധുക്കളില്‍ നിന്നും വേര്‍പെട്ട് കടത്തിണ്ണകളില്‍ ഉറങ്ങുന്ന ചട്ടുകാലന്‍ വൃദ്ധന് അഞ്ചുദിവസവും.

യഥാര്‍ഥത്തില്‍ ഗ്രാമം നടുങ്ങിയത് അന്ന് സന്ധ്യയ്ക്കാണ്. ആദ്യമൊക്കെ ഗ്രാമനിവാസികള്‍ക്ക് അത് ശരിക്കും മനസ്സിലായിരുന്നില്ല. ഗ്രാമത്തെ നടുക്കിയത് പതിവിനു വിപരീതമായി കിഴക്കുനിന്നും പടിഞ്ഞാറേക്ക് ഒഴുകിയ കാറ്റാണ്. വേഗത്തില്‍ വന്നുകൊണ്ടിരുന്ന കാറ്റിന് മനുഷ്യരക്തത്തിന്റെയും മദ്യത്തിന്റെയും മണമുണ്ടായിരുന്നു. ഗ്രാമത്തിലെ മദ്യഷാപ്പുകാരനും അറവുകാരനുമാണ് ഇതിലെ പന്തികേട് ആദ്യം മനസ്സിലാക്കിയത്. അവര്‍ പുതുതായി കാറ്റുകൊണ്ടുവന്ന ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ച് കിഴക്കോട്ട് പാഞ്ഞു. ഗ്രാമത്തിന്റെ കിഴക്കറ്റത്ത് ചെത്തുകാരന്‍ തെങ്ങില്‍നിന്നും തലകറങ്ങി വീണ് മരിച്ചുകിടന്നു. അയാളുടെ കത്തി ശരീരത്തില്‍ തുളച്ചുകയറി ശരീരം പിളര്‍ന്നിരുന്നു. കള്ള് ശേഖരിക്കുന്ന കുടം കമിഴ്ന്ന് മണ്ണ് നനഞ്ഞിരുന്നു. ഇത് കണ്ട് അവര്‍ ഗ്രാമത്തെ ഉണര്‍ത്തി. കവലയിലെ ചായകടക്കാരനും മുറുക്കാന്‍കടക്കാരനും പത്രവായനക്കാരനും അറിഞ്ഞു. ഗ്രാമത്തിലെ പ്രധാന വ്യക്തികളും, വേശ്യയും അറിഞ്ഞ് ഭയന്നു. ആ രാത്രിയിലെ ഗ്രാമത്തിന്റെ നിദ്ര കാറ്റില്‍ ഒഴുകിപോയി. ഇനിയുള്ള നാളില്‍ മരണം നിശ്ചയിച്ചു വെച്ചിരുന്നവരുടെ വീട്ടില്‍ ദുഃഖത്തിന്റെ തീനാളം കത്തിനിന്നു. അവരുടെ ഉറക്കമില്ലാത്ത രാത്രികള്‍ക്ക് പ്രകാശം പകരാന്‍ അവയ്ക്ക് സാധിച്ചിലെങ്കിലും മനുഷ്യച്ചോരയുടേയും മദ്യത്തിന്റെ മണമുള്ളകാറ്റിന് അതിനെ നശിപ്പിക്കുവാനും സാധിച്ചില്ല. പഞ്ചവര്‍ണനെ സൂക്ഷമമായി ശ്രദ്ധിക്കുവാന്‍ നിയോഗിക്കപ്പെട്ടിരുന്ന രണ്ടുപേര്‍ നടുക്കത്തോടെയാണ് ആ രാത്രി പിന്നിട്ടത്. ഒളിച്ചും പതുങ്ങിയും പഞ്ചവര്‍ണന്റെ ശ്രദ്ധയില്‍ പെടാതെ അവര്‍ ദൂരെ മാറിനിന്നു. പലരുടെയും മരണം കൃത്യമായി കുറിച്ചുകൊടുത്ത അയാള്‍ തങ്ങളെ ശ്രദ്ധിക്കാതെ വിട്ടത് നന്ദിപൂര്‍വം അവര്‍ ഓര്‍ത്തു. അന്നുമുതല്‍ ജീവിക്കുവാന്‍ വീണ്ടും ഒരു ഊഴവും കൂടി ലഭിച്ചതില്‍ അവര്‍ പഞ്ചവര്‍ണനോട് കടപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പഞ്ചവര്‍ണനെ ശ്രദ്ധിക്കുന്ന കാര്യത്തിലും തികഞ്ഞ ഉദാസീനതയാണ് പ്രകടിപ്പിച്ചിരുന്നത്. വലിയ ഒരു തുണിക്കെട്ടുപോലെ ഇരുളില്‍ കാണാമായിരുന്ന പഞ്ചവര്‍ണനെക്കുറിച്ച് അവര്‍ക്കൊന്നും പഠിക്കുവാന്‍ ഏതായാലും സാധ്യമായിരുന്നില്ല.

പിറ്റേന്ന് പുലര്‍ന്നത് ഗ്രാമം ഒരു എകാധിപതിയായ പട്ടാളമേധാവിയുടെ ഭരണത്തിലായെന്ന മട്ടിലാണ്. ഗ്രാമത്തിന്റെ ഭരണം ഗ്രാമത്തലവനില്‍നിന്നും ചോര്‍ന്നുപോയതായും പഞ്ചവര്‍ണനില്‍ വന്നുചേര്‍ന്നതായും കവലയില്‍ കൂടിയ ഗ്രാമവാസികള്‍ക്കു തോന്നി. പഞ്ചവര്‍ണനെ നോക്കുവാനോ അയാളെക്കുറിച്ച് സംസാരിക്കുവാനോ ഭയന്ന ഗ്രാമവാസികള്‍ക്കപ്പോഴും ഉത്കണ്ഠയും ജിജ്ഞാസയും കലര്‍ന്ന വികാരം മുമ്പിട്ടുനിന്നു. അന്നു രാത്രിയില്‍ ഒരു ഭവനഭേദനം ചെയ്യുന്നതിനിടയില്‍ ഗ്രാമത്തിലെ ചെറുകിട മോഷ്ടാവ് കുത്തേറ്റ് മരിച്ചുവീണു. അയാള്‍ അപ്പോള്‍ ഒരു പറ്റം വെള്ളി ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

ആ രാത്രിയിലെ കാറ്റിന് മനുഷ്യരക്തത്തിന്റെയും വെള്ളിയുടെയും മണമുണ്ടായിരുന്നു. ഗ്രാമത്തലവന്‍ ഇതിനു പരിഹാരം കണ്ടുപിടിക്കേണ്ടതാന്ണെന്ന ഏകാഭിപ്രായത്തിലാണ് ഗ്രമനിവാസികള്‍ അടുത്ത ദിവസമെത്തിയത്. പഞ്ചവര്‍ണന്‍ ഗ്രാമത്തെ കുടുക്കിയിരിക്കുന്ന മാന്ത്രികവലയത്തില്‍ നിന്നും തങ്ങളെ രക്ഷിക്കേണ്ട ചുമതല ഗ്രാമത്തലവനാണെന്ന പ്രഖ്യാപനം വന്നു, പിന്നാലെ. ഗ്രാമത്തലവനാകട്ടെ തികഞ്ഞ നിഷ്ക്രിയത്ത്വവുമായാണ് ഇതിനെ നേരിട്ടത്. പഞ്ചവര്‍ണനെ നേരിടുന്നതിനുള്ള ഭയമായിരുന്നു അയാള്‍ക്ക്. ഗ്രാമം നേരിടുന്ന ഗുരുതരമായ വൈകാരികപ്രശ്നത്തില്‍നിന്നും ഒഴിഞ്ഞുനിന്ന അയാളെ നേര്‍വഴിക്കുകൊണ്ടുവരാന്‍ നിവാസികള്‍ മറ്റൊരുപാധി കണ്ടുപിടിച്ചു. പതിവുപോലെ വൈകീട്ട് തന്റെയടുത്തെത്തിയ ഗ്രാമത്തലവനെ സ്ത്രൈണമായ തന്റെ കഴിവുകള്‍കൊണ്ട് ഗ്രാമത്തിലെ വേശ്യ ബോധവാനാക്കി. പഞ്ചവര്‍ണനുമായി ഉടന്‍ ഏറ്റുമുട്ടുമെന്ന തീരുമാനവുമായി ഗ്രാമത്തിലെ വേശ്യയുടെ വീടിനുള്ളിലേക്ക് വിരമിക്കുമ്പോള്‍ അന്നത്തെ കാറ്റിന് സ്വര്‍ണത്തിന്റെയും സൈനൈഡിന്റേയും മണമുണ്ടെന്ന് അവരും ഗ്രാമവാസികളും ശ്രദ്ധിച്ചു. അത് ഗ്രാമത്തിലെ സ്വര്‍ണപ്പണിക്കാരന്റെ മരണം സൂചിപ്പിക്കുന്നതായിരുന്നു.

പഞ്ചവര്‍ണനെ നേരിടാന്‍ തന്നെ ഗ്രാമത്തലവന്‍ നിശ്ചയിച്ചു. അയാള്‍ മനുഷ്യനാണോ അല്ലയോ എന്നുള്ള തര്‍ക്കം അപ്പൊഴും അവസാനിച്ചിരുന്നില്ല. അയാളുടെ മുഖത്തുനോക്കിയ ആര്‍ക്കും അയാളോട് സ്നേഹവും ആദരവും ചേര്‍ന്ന വികാരം മാത്രമേ തോന്നിയിരുന്നുള്ളു. എങ്കിലും ഗ്രാമത്തിലെ ജീവിതത്തെ അടിച്ചുടച്ച് അതിലെ നിവാസികള്‍ക്ക് വൈകാരികപ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്ന പഞ്ചവര്‍ണനെ അവിടെനിന്നും പറഞ്ഞയക്കേണ്ടിയിരിക്കുന്നുവെന്ന് തീരുമാനമായി.

അടുത്ത നാളില്‍ ഗ്രാമത്തലവന്‍ അരോഗദൃഢഗാത്രനായ തന്റെ കിങ്കരന്മാരുമായി ആല്‍ച്ചുവട്ടിലെത്തി. ദൂരെ കവലയില്‍ ഒരു സംഘം ഗ്രാമനിവാസികള്‍ രംഗം നോക്കിനില്‍പ്പുണ്ടായിരുന്നു. അവര്‍ പഞ്ചവര്‍ണനിലോ സ്ഫടികഗോളത്തിലോ ദൃഷ്ടിപ്പതിപ്പിക്കാതെ നിന്നു വെറുതെ. പത്രവായനക്കാരന്‍ പത്രം മടക്കി ബഞ്ചില്‍ നിക്ഷേപിച്ചു. ബീഡിതെറുപ്പുകാരന്‍ ഇലയും ചുക്കായും മാറ്റിവച്ചു. ചായക്കടക്കാരന്‍ ചായപ്പാത്രത്തിന്റെ തീ താഴ്ത്തിവെച്ചു. ഗ്രാമത്തെ തഴുകികൊണ്ടിരുന്ന കാറ്റ് വേഗം കുറഞ്ഞ് ഇല്ലാതായി. ഇലകള്‍ നിശ്ചലമാകുകയും പക്ഷികള്‍ നിശ്ശബ്ദരാകുകയും ചെയ്തു.

ഗ്രാമത്തലവന്‍ അടുത്തെത്തിയപ്പോള്‍ പഞ്ചവര്‍ണന്‍ വശ്യമായി പുഞ്ചിരിച്ചു. നേര്‍ത്ത പുഞ്ചിരിയെ കൂസാതെ നില്‍ക്കുന്ന ഗ്രാമത്തലവന്റെ മുന്നിലേക്ക് അയാള്‍ സ്ഫടികഗോളം നീക്കിയിട്ട് ഗ്രാമത്തലവന്റെ പ്രതിബിംബം ആവാഹിച്ചെടുക്കുന്ന മട്ടില്‍ സൂക്ഷ്മമായി അതിലേക്ക് നോക്കി പഞ്ചവര്‍ണന്‍ നിശ്ചലമായി നിന്നു. ആ നില കണ്ട് അസ്വസ്ഥനായ ഗ്രാമത്തലവന്‍ എന്തോ ചീത്ത ശകുനം കണ്ടെന്നപോലെ രോഷാകുലനായി. ആ രോഷാഗ്നിക്ക് പഞ്ചവര്‍ണനെ സ്പര്‍ശിക്കാന്‍പോലും കഴിവില്ലായിരുന്നു. ഇത് ഗ്രാമത്തലവന്റെ കൂടുതല്‍ രോഷാകുലനാക്കുകയാണ് ചെയ്തത്. പഞ്ചവര്‍ണന്‍ തന്റെ നേര്‍ത്ത ചുണ്ടുകള്‍ ചലിപ്പിച്ച് നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു. “നിങ്ങള്‍ക്ക് രണ്ട് സൂര്യോദയം കൂടി. മൂന്നാമത്തെതിനുമുമ്പ് നിങ്ങള്‍ അവസാനിക്കും." ഗ്രാമത്തലവനെ ധിക്കരിക്കാന്‍പോന്ന പഞ്ചവര്‍ണനെപിടിച്ചുകെട്ടാന്‍ അയാള്‍ കിങ്കരന്‍മ്മാരോട് ആജ്ഞാപിച്ചു. അവര്‍ മടിച്ചുനിന്നപ്പോള്‍ ശബ്ദമുയര്‍ത്തി ഗ്രാമത്തലവന്‍ അവരോട് കര്‍ശനമായും വ്യക്തമായും ആജ്ഞാപിച്ചു. “ഇയാളെ പിടിച്ചുകെട്ടി ഈ ആല്‍മരച്ചോട്ടില്‍ ജീവനോടെ കുഴിച്ചുമൂടുക." ക്രൂരമെങ്കിലും ന്യായമായ ശിക്ഷയാണതെന്ന് ഗ്രാമനിവാസികളില്‍ കൂടുതല്‍പേരും കരുതി. തനിക്കു വിധിച്ച ശിക്ഷകേട്ട് പഞ്ചവര്‍ണന്‍ തന്റെ വശ്യമായ പുഞ്ചിരി പൊഴിച്ചുകൊണ്ടിരുന്നതേയുള്ളൂ. കിങ്കരന്മാര്‍ പിടിച്ചുകെട്ടുന്നവേളയില്‍ പഞ്ചവര്‍ണന്റെ കണ്ണുകള്‍ കൂടുതല്‍ തേജോമയമായി. സ്ഫടികഗോളം കൂടുതല്‍ പ്രകാശമാനമായിത്തോന്നി. സ്വമേധയാ കീഴടങ്ങുംപോലെനിന്ന പഞ്ചവര്‍ണനെ കയറാല്‍ മുറുകെ കെട്ടി അരയാല്‍ച്ചോട്ടില്‍ നിക്ഷേപിച്ചു. എന്നിട്ട് കിങ്കരന്‍മാര്‍ അയാള്‍ക്കുള്ള കുഴിമാടത്തിന്റെ പണി ആരംഭിച്ചു. അന്ന് വൈകുന്നേരം ആയപ്പോള്‍ വിശാലമായ കുഴിമാടം തയ്യാറായി. ഗ്രാമത്തലവനും ഗ്രാമത്തിലെ പ്രധാന വ്യക്തികളും കുഴിമാടം സന്ദര്‍ശിച്ച് തങ്ങളുടെ അംഗീകാരം അറിയിച്ചു. അപ്പോഴും ഗ്രാമത്തെ തഴുകികൊണ്ടിരുന്ന കാറ്റ് ഇല്ലാതായിരുന്നു. ഇലകള്‍ നിശ്ചലമായിരുന്നു. പക്ഷികള്‍ നിശബ്ദമായിരുന്നു. സന്ധ്യയായപ്പോള്‍ കിങ്കരന്മാരൊത്തുചേര്‍ന്ന് പഞ്ചവര്‍ണനെ കുഴിയിലേക്കിറക്കി. തുടര്‍ന്ന് അയാളുടെ ഭാണ്ഡവും സ്ഫടികഗോളവും. പഞ്ചവര്‍ണന്‍ അപ്പോഴും തന്റെ വശ്യമായ പുഞ്ചിരി ഗ്രാമനിവാസികള്‍ക്ക് നല്‍കി. ചുറ്റും നിന്ന എല്ലാരേയും ഒരിക്കല്‍കൂടി കണ്ണോടിച്ച് അജ്ഞാതമായ ആത്മവിശ്വാസം തുളുമ്പുന്ന മുഖവും കണ്ണുകളോടുംകൂടി തനിക്കുവേണ്ടി ഗ്രാമം വിധിച്ച കുഴിയിലേക്കൊതുങ്ങി. അതിനുമുമ്പ് ഇത്രയും പറഞ്ഞു. “ഇനി പേമേരിയും അതിസാരവും."

അടുത്തുനിന്ന പലരും അത് കേള്‍ക്കുകയുണ്ടായില്ല. കേട്ടവര്‍ക്ക് അതിന്റെ പൊരുള്‍ മനസ്സിലായതുമില്ല. പഞ്ചവര്‍ണന്റ അവസാനത്തെ നോട്ടം ഗ്രാമനിവാസികളെ ഒരു മോഹനിദ്രയിലാഴ്ത്തിയിരുന്നു. കിങ്കരന്‍മാര്‍ പഞ്ചവര്‍ണനെ അടക്കിയ കുഴി മണ്ണുകൊണ്ട് മൂടി ഗ്രാമത്തെ രക്ഷിക്കുമ്പോഴും നിവാസികള്‍ മോഹനിദ്രയിലായിരുന്നു. അപ്പോള്‍ ഗ്രാമത്തിന്റെ മറ്റൊരു ഭാഗത്ത് ഒരു കയറിന്റെ കുരുക്കില്‍ മരിച്ച കല്ലാശാരിയില്‍നിന്നും കയറിന്റെയും മണ്ണിന്റേയും ഗന്ധമുയര്‍ന്നുവെങ്കിലും കാറ്റിന്റെ അഭാവത്തില്‍ ഗ്രാമനിവാസികള്‍ക്കെത്തിയില്ല.

അന്നു സന്ധ്യ മുതല്‍ മഴ തുടങ്ങി. നിര്‍ത്താതെ കോരിച്ചൊരിയുന്ന മഴ ആ രാത്രിയും തുടര്‍ന്നുള്ള രണ്ടുദിവസവും നീണ്ടുനിന്നു. വെള്ളം പൊങ്ങി ഗ്രാമത്തിന്റെ ഭൂരിഭാഗവും മുട്ടറ്റം വെള്ളമായി. ചായക്കടയിലും മുറുക്കാന്‍കടയിലും ഇരിക്കാന്‍ വിഷമമായി. പത്രവായനക്കാരന് തന്റെ വായന കേള്‍ക്കാന്‍ ആരും വരാതെയായി. പൊങ്ങിയ വെള്ളത്തില്‍ മലയില്‍നിന്നും കുത്തിയൊലിച്ചുവന്ന വെള്ളം കലര്‍ന്നു. അതോടൊപ്പം പിടയ്ക്കുന്നതും ചത്തുമലര്‍ന്നതുമായ മത്സ്യങ്ങളും അതിസാരവുമെത്തി. മിക്കവാറും കുട്ടികളെയാണ് ബാധിച്ചത്. പല കുട്ടികളും അതിനു വഴങ്ങി. ചീത്ത മുട്ട തിന്നാവണം മുട്ടക്കച്ചവടക്കാരനും അതിസാരം വന്നു മരിച്ചു. മൃതശരീരങ്ങള്‍ മറവുചെയ്യാന്‍ ഗ്രാമനിവാസികള്‍ക്ക് വെള്ളപ്പൊക്കത്തില്‍ നിവൃത്തിയില്ലാതായി. അല്പംപോലും വിട്ടുവീഴ്ചയില്ലാത്ത മഴ അടുത്ത പകലും കഴിഞ്ഞ് അതിനടുത്ത രാത്രിയിലേക്ക് കടന്നു.

പിന്നെ പുലര്‍ന്നത് പഞ്ചവര്‍ണന്‍ ഗ്രാമത്തില്‍ വന്ന് ഏഴു ദിവസം പൂര്‍ത്തിയായിക്കഴിഞ്ഞുള്ള പ്രഭാതമാണ്. അന്ന് സൂര്യനുദിക്കുന്നതിന് വളരെ മുമ്പ് മഴ തോര്‍ന്നു. മഴവെള്ളം വളരെ വേഗം ഒലിച്ചുപോകാനും തുടങ്ങി. വേഗത്തിലുള്ള ഒഴുക്കില്‍പ്പെട്ട് ചട്ടുകാലന്‍ വൃദ്ധന്റെ മൃതശരീരം എങ്ങോ പൊയ്മറഞ്ഞു.

മഴ തീര്‍ന്ന് പൊങ്ങിയ വെള്ളം വാര്‍ന്നുപോകുമ്പോള്‍ അന്തരീക്ഷത്തിന് സന്തോഷത്തിന്റെ ലാളിത്യമുണ്ടായിരുന്നു. ഏതോ ഒരു നീണ്ട ഉറക്കത്തിനുശേഷം അവസാനത്തെ ആലസ്യവും വിട്ടുപോയുണരുന്നതുപോലെ ഗ്രാമമുണര്‍ന്നു. ദിവസങ്ങള്‍ക്കുശേഷം അന്ന് ഗ്രാമനിവാസികള്‍ക്ക് മറവിയുടെ ലാഘവം അനുഭവപ്പെട്ടു. അവ്യക്തമായ സന്തോഷംപോലെ ഗ്രാമനിവാസികള്‍ ഓരോരുത്തരായി പുറത്തേക്കുവന്നു. ചത്തുമലര്‍ന്ന മത്സ്യങ്ങളേയും നനഞ്ഞ ചെളിയും ചവുട്ടി പലരും കവലയിലെത്തി. ചായകടക്കാരന്‍ വീണ്ടും ചായപ്പാത്രം അടുപ്പില്‍വെച്ച് തിളപ്പിക്കാനുള്ള ശ്രമമായി. ആല്‍ച്ചുവട്ടില്‍ വന്നവര്‍ പഞ്ചവര്‍ണന്റെ കുഴിമാടത്തിനടുത്ത് നല്ല വസ്ത്രം ധരിച്ച് കമിഴ്ന്നുകിടക്കുന്ന മനുഷ്യരൂപം ശ്രദ്ധിച്ചു. അവര്‍ അടുത്തുവന്നു നോക്കി. വസ്ത്രത്തിന്റെ പിന്‍ഭാഗം അഴുക്കുപുരളാത്തതായിരുന്നു. മുന്‍ഭാഗമാകട്ടെ ചളിപുരണ്ട് മലിനപ്പെട്ടുമിരുന്നു. തോളില്‍ പിടിച്ച് അവരിലൊരാള്‍ ആ ശരീരം മലര്‍ത്തിവെച്ചു. അത് ഗ്രാമത്തലവനായിരുന്നു. മുഖത്ത് സന്തോഷത്തിന്റെ ലക്ഷണമുണ്ടായിരുന്നു. ചുണ്ടില്‍ നേരിയ പുഞ്ചിരിയും. മരിക്കുമ്പോള്‍ അയാള്‍ക്ക് സന്തോഷമായിരുന്നുവെന്ന് വ്യക്തം.

അപ്പോഴേക്കും കവലയിലെ ചായക്കടക്കാരന്‍ ചായപ്പാത്രം അടുപ്പില്‍വെച്ച് തീ പിടിപ്പിച്ചുകഴിഞ്ഞു. തീ ഊതിക്കത്തിച്ച് അതില്‍ നിന്നും ബീഡികത്തിച്ചുവലിച്ച് പകുതി പൊളിഞ്ഞ മുന്‍വാതില്‍ തുറക്കാനായി എത്തിയപ്പോള്‍ ഉദിച്ചുവരുന്ന സൂര്യന്റെ പ്രകാശത്തില്‍ ദൂരെ കിഴക്ക് കുന്നുകയറി ഒരാള്‍രൂപം മെല്ലെ നടന്നകലുന്നത് കണ്ടു. ആല്‍ച്ചോട്ടില്‍ കൂടിനിന്നവര്‍ക്കും ഇതു കാണാമായിരുന്നു. അത് പഞ്ചവര്‍ണന്‍ ആയിരുന്നു.