close
Sayahna Sayahna
Search

അയാൾ


അയാൾ
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

എലികള്‍ നഗരത്തെ ആക്രമിച്ചു.

സ്ക്കൂള്‍ കുട്ടികളുടെ പുസ്തകസഞ്ചികളിലും വീട്ടമ്മമാരുടെ പാത്രശേഖരങ്ങളിലും ഫാക്ടറികളിലും സര്‍ക്കാരാപ്പീസുകളിലും കടന്നുവന്ന് അവളനങ്ങളുടെ മനസ്സ് വ്യാകുലപ്പെടുത്തി.

വൃദ്ധന്മാരുടെ മുറികളില്‍നിന്നും രാത്രികാലങ്ങളില്‍ ഭീതിദമായ രോദനങ്ങളുയര്‍ന്നു. കന്യകമാരുടെ ഉറക്കങ്ങളില്‍ കയറി അവരുടെ സ്വപ്നങ്ങളില്‍ പങ്കുചേര്‍ന്നു. അടുത്തനാള്‍ പുലര്‍ച്ചെ അവരുടെ കണ്ണിലെ വെള്ളയില്‍ തെളിഞ്ഞ കരിവാളിപ്പുകള്‍ക്ക് എലിയുടെ ആകൃതിയായിരുന്നു. രതിസ്വപ്നങ്ങള്‍ക്കുശേഷം മാറിടങ്ങളില്‍ തെളിഞ്ഞുവന്ന എലിയുടെ ദന്തക്ഷതങ്ങള്‍ അവരെ നഷ്ടബോധത്തിന്റെ ദുഃഖത്തിലാഴ്ത്തി. സര്‍ക്കാരാപ്പീസിലെ ബ്യൂറോക്രാറ്റൂകളുടെ വലിയ കോട്ടുകളില്‍ എലികള്‍ പതിയിരുന്ന് പൊതുജനങ്ങളുടെ കൈക്കൂലി നിറയേണ്ട കീശകളില്‍ ദ്വാരമുണ്ടാക്കി. അവരുടെ ദാമ്പത്യ ബന്ധങ്ങളും എലികള്‍ കടിച്ചുകീറി അനുക്രമമായി തകര്‍ച്ചയിലെത്തിച്ചു. ഹര്‍ഷോന്മാദങ്ങളായ രാത്രികള്‍ ജീര്‍ണ്ണിച്ച് ഉല്‍കണ്ഠയുടെയും ഭയത്തിന്റെയും ഉഷ്ണമേഖലയായിക്കഴിഞ്ഞപ്പോള്‍ നിശാക്ലബ്ബുകളും മ്യൂസിക്കും ഡാന്‍സും നഗരവീഥികളില്‍ മരിച്ചുകിടന്നു. രാത്രിയുടെ വിവിധയാമങ്ങളില്‍ ഉണര്‍ന്നിരുന്നു നെടുവീര്‍പ്പിടുന്ന പുതിയ സമൂഹം ഉദയം ചെയ്തു. അവരുടെ നെടുവീര്‍പ്പുകളില്‍നിന്നും സമയമളക്കാനും മോഹഭംഗങ്ങളില്‍നിന്നും നിദ്രയുടെ ആഴം നിര്‍ണ്ണയിക്കാനും സാദ്ധ്യമാകുമെന്നായി. സ്വപ്നം കാണാന്‍ പോലും കഴിവില്ലാതായ നഗരത്തിന് രാത്രിയുടെ അശാന്തിയില്‍നിന്നും രക്ഷപ്പെടാന്‍ പകലുറക്കത്തിനു കീഴടങ്ങേണ്ടിവന്നു.

രാത്രിയിലെ ഇണചേരലുകളുടെ സുരക്ഷിതത്വം എലികള്‍ പൊളിച്ചുമാറ്റിയപ്പോള്‍ വിദ്വേഷത്തിന്റെയും അസംതൃപ്തിയുടേയും മേഖലയിലേയ്ക്ക് നഗരം ചുരുങ്ങി. തടാകങ്ങളില്‍ പരല്‍മീനുകള്‍ കഥ പറയാന്‍ മറന്ന് ചേതനയറ്റ് വന്ധ്യമായ രാവുകളെ നോക്കിക്കിടന്നു.

പിന്നെ,

ശിശുജനങ്ങള്‍ കുറഞ്ഞുവന്നപ്പോള്‍ നഗരത്തില്‍ പുതിയ ഈറ്റില്ലങ്ങളുയര്‍ന്നു. അവയ്ക്കുള്ളില്‍ എലികള്‍ പെറ്റുപെരുകി. രണ്ടാം തലമുറക്കാര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും ക്രമേണ വലിപ്പമേറി ഭീമാകാരന്മാരായ എലികളുടെ തലമുറ ഏറെ താമസിയാതെ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പകലിനെ കൂസാതെ ഉന്നതങ്ങളായ മലകളിലും വൃക്ഷങ്ങളിലും പാര്‍പ്പിടമൊരുക്കുകയും കണ്ണാടി ജനാലകളില്‍ താവളമുറപ്പിച്ച് നഗരത്തിന്റെ പകല്‍ വെളിച്ചത്തെ ഏറെക്കുറെ അരിച്ചു മാറ്റുകയും ചെയ്തു.

തുടര്‍ന്ന് പകലറുതികളിലെ അരണ്ടവെളിച്ചത്തില്‍ നടന്ന കാമുകസമാഗമങ്ങളില്‍ കുപ്പിവളകളുടെ ഗദ്ഗദം നിലച്ചു. അവരുടെ കാലടികളില്‍ ഞെരിഞമരുന്ന മണല്‍ത്തരികള്‍ ശോകമൂകമായി. അവരുടെ നിശ്ശബ്ദമായ മൊഴികളില്‍ എലികളുടെ ദുര്‍ഗ്ഗന്ധം വമിച്ചു. പുല്‍പ്പരപ്പിലൂടെ ഒഴുകി വരുന്ന കാറ്റിലെ കമിതാക്കളുടെ കാതരനാദത്തില്‍ എലികളുടെ എകതാനമായ മൂളിക്കരച്ചില്‍ കുമിഞ്ഞുക്കൂടി. ഭാര്യാഭര്‍ത്താക്കന്മാരുടെയിടയില്‍ എലികളുടെ തീക്ഷ്ണമായ നോട്ടം മതിലുകള്‍ നിര്‍മ്മിച്ചു. ഉറക്കവും ദുഃഖവും സന്തോഷവും നഷ്ടപ്പെട്ട മനുഷ്യക്കോമരങ്ങള്‍ വാവലുകളെപ്പോലെ അചേതനവസ്തുക്കളായി പകലുകളിലും കുരുടരെപ്പോലെ രാത്രിയിലും നട്ടംതിരിഞ്ഞു. സ്വയം പരിത്യജിച്ച ഈ സമൂഹത്തിന്റെ മുഖത്ത് ഭയാനകത്തിന്റെ കറുപ്പും ബീഭല്‍സത്തിന്റെ നീലയും മാത്രം കാണപ്പെട്ടു. ഭയന്നു കറുത്തവര്‍ എലികളെപ്പോലെ നാലുകാലില്‍ നടന്നുതുടങ്ങി; അവയുടെ ശബ്ദത്തില്‍ സംസാരിക്കാനും. നഗരത്തിന്റെ ഭരണം കയ്യടക്കിയിരുന്ന ഹിറ്റ്ലേറിയന്‍ ഭരണകൂടം ഉദ്യോഗക്കയറ്റം നല്‍കി അവരെ ഔന്നത്യത്തിലെത്തിച്ചു.

നീലിച്ച മുഖവുമായി അലഞ്ഞുതിരിഞ്ഞവര്‍ക്ക് ഉറക്കം ഒരു മരീചികയായിരുന്നു. കാലങ്ങളിലൂടെ അതിനെ പിന്തുടര്‍ന്ന അവര്‍ ഉറക്കത്തില്‍ വഴുതിവീഴുമ്പോള്‍ എലികളവരുടെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി. അവരില്‍ ചിലരുടെ ജനനേന്ദ്രിയങ്ങളാക്രമിച്ച് നപുംസകരുടെ ഒരു പുതിയ സമൂഹത്തെ രൂപപ്പെടുത്തി. ഭരണകൂടമാകട്ടെ ഈ നപുംസകരെ തേടിപ്പിടിച്ച് അധികാരം കയ്യാളുന്ന ബ്യൂറോക്രാറ്റിക്ക് പദവിയിലവരോധിച്ചു. ഇന്ദ്രീയങ്ങളുടെ ദൗര്‍ബല്യ മില്ലാത്ത ഇവര്‍ക്ക് ക്രൂരവും കാര്യക്ഷമവുമായ വൃകഭരണം നടപ്പിലാക്കാന്‍ കഴിഞ്ഞു.

അപ്പോഴേയ്ക്കും പുതുതായ് നിലവില്‍ വന്ന എലികളുടെ തലമുറ മനുഷ്യരോളം പോന്നവരായിരുന്നു. അവര്‍ ധാര്‍ഷ്ട്യത്തോടെ മനുഷ്യരെ പിന്തള്ളി അവരുടെ ജീവിതം കയ്യടക്കി അവരുടെ ശയനഗൃഹങ്ങളും ഓര്‍മ്മകളും നിശ്വാസങ്ങളും ഒക്കെ. അങ്ങനെ നഗരത്തിലെ വിഭവങ്ങള്‍ ചൂഷണംചെയ്യാന്‍ കെല്പുള്ളവരായപ്പോള്‍ ബ്യൂറോക്രാറ്റുകള്‍ പുറത്തുവിട്ട സ്ഥിവിവരക്കണക്കുകള്‍ എലികളുടേതായി മാറി. അവയില്‍ എലികളുടെ സംഖ്യയും അവരുടെ ഭക്ഷണക്രമങ്ങളും അവര്‍ തിന്നുതീര്‍ത്ത ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ തോതും നിറഞ്ഞു.

ഇത് എലികളുടെ നഗരമാണ്.

നഗരത്തിലെ ജനങ്ങളുടെ അന്യവല്‍ക്കരണം അങ്ങനെ പൂര്‍ത്തിയായി.

ഇവിടെ അയാള്‍ അയാള്‍ക്കുതന്നെ അന്യനായിരുന്നു. യുഗങ്ങളിലൂടെ കടന്നുവന്ന അഭിശപ്തമായ കുറെ ഓര്‍മ്മകളുടെ തടവറയ്ക്കുള്ളില്‍ക്കഴിയവേയാണ് അയാള്‍ക്കാദ്യമായി അന്യവല്‍ക്കരണമുണ്ടായത്. ഒരന്തര്‍മുഖന് ലബ്ധമാകുന്ന സ്വകാര്യമായ ആമനസ്യം അയാളിലും ഒരളവുവരെ കടന്നുകൂടി നിഷ്ക്കളങ്കമായ വശ്യത ആ മുഖത്തിനേല്പിച്ചിരുന്നു. ആകാശത്തിന്റെ വിശാലമായ പരപ്പിലേയ്ക്ക് അവിരാമമായി നോക്കിയിരിക്കുന്ന അയാളുടെ കണ്ണിണകളില്‍ പ്രാചീനമായ ദുഃഖരേഖകളോടൊപ്പം അസ്വാസ്ഥ്യത്തിന്റെ നീലിമയും ഉണ്ടായിരുന്നു. അതിനാലാവണം അയാളെന്നും ഏകനായി, അന്യനായിക്കഴിഞ്ഞത്.

എന്തെന്നാല്‍,

സമൂഹം അയാളെ തികച്ചും ഒരന്യനായാണ് കണ്ടത്. വ്യക്തിയുടേയും വസ്തുവിന്റേയും ഇടയ്ക്ക് പണിതീരുന്ന നിയമങ്ങളുടെ അനേകായിരം വേലിക്കെട്ടുകളില്‍ തളച്ചിടാന്‍ പറ്റാത്തവനായി. മാമൂലുകളെന്ന മിഥ്യയില്‍ കുരുങ്ങാത്ത മത്സ്യമായി, അല്ലെങ്കില്‍ സമൂഹത്തെത്തള്ളിപ്പറയാന്‍ കെല്‍പ്പുള്ള ഒരേകാന്തപഥികനായി. അതുകൊണ്ടുതന്നെ അവരയാളെ ഒരു മാതൃമരണത്തിനും പിതൃഹത്യയ്ക്കുമിടയ്ക്ക് സ്ഥാപിച്ച് അയാള്‍ എന്ന ഓര്‍മ്മകളില്‍ നിന്നും ക്ഷരതേടി. ജന്മാന്തരങ്ങളിലൂടെ കടന്നുവന്ന അയാള്‍ പ്രതീകാത്മകമായ പിതൃഹത്യയിലൂടെയും ദേഹത്യാഗത്തിലൂടെയും മാത്രമേ അനശ്വരത കൈവരിക്കാന്‍ സാധ്യമാവൂ എന്ന് ഗ്രഹിച്ചിരുന്നു. ആ അറിവോടെ അയാള്‍ പറഞ്ഞമൊഴികള്‍ സമൂഹത്തിന് കേള്‍ക്കാനിമ്പമുള്ളതും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായിരുന്നില്ല.

പണ്ടുതന്നെ എഴുതിവയ്ക്കപ്പെട്ട സൂര്യനില്‍നിന്നുത്ഭവിച്ച പുരുഷനില്‍നിന്നും ചന്ദ്രനില്‍നിന്നും ഉത്ഭവിച്ചസ്ത്രീയില്‍നിന്നും തന്നെയാണ് അയാളും ജനിച്ചത്. മനസ്സിലെ നിയമങ്ങളും ചലനങ്ങളും ദൈര്‍ഘ്യവും കാലമായി രൂപാന്തരപ്പെട്ടപ്പോള്‍ താന്‍ ചുരുങ്ങിക്കഴിഞ്ഞ ചിപ്പിക്കുള്ളില്‍ അയാളൊരു തുള്ളിജലമായിമാറി.

അതായിരുന്നു അയാളുടെ സ്വകാര്യ ദുഃഖം.

അതിലൂടെ അയാള്‍ നഗരത്തെ നോക്കിക്കണ്ടു. ഹിറ്റ്ലേറിയന്‍ ഭരണകൂടത്തിന്റെ കുടക്കീഴില്‍ ആയിരക്കണക്കിന് എലികള്‍ അധികാരം കയ്യാളുന്നതയാളറിഞ്ഞു. തീപാറുന്ന നോട്ടവും ദയയില്ലാത്ത മുഖവുമായി നഗരജീവിതത്തെത്താറുമാറാക്കിയ അവരെക്കണ്ടയാള്‍ നടുങ്ങി. അതയാള്‍ക്ക് പുതിയൊരുള്‍ക്കാഴ്ച നല്‍കി. ഭരണക്കൂടത്തിന്റെ ഈ ജൈവായുധത്തെ നശിപ്പിക്കേണ്ടത് തന്റെ നിയോഗമായതിനാല്‍ അതിലേക്കായി അയാളുടെ അന്വേഷണം. അയാളുടെ മനസ്സും ചിന്തകളും എലികള്‍ കീഴ്പ്പെടുത്തിക്കഴിഞ്ഞു/

അപ്പോള്‍,

ദീര്‍ഘകാലത്തെ പ്രവാസത്തിനുശേഷം അയാളിലെ അപരന്‍ നിശ്ശബ്ദമായി തിരിച്ചെത്തി. ജന്മാന്തരങ്ങളുടെ ബോധധാരയ്ക്കുമേല്‍ പരന്ന ഇളം വെയില്‍ അയാള്‍ക്ക് മനഃസാന്നിദ്ധ്യമേകി. തന്നെ വേട്ടയാടുന്നവരുടെ നേരെ വിരല്‍ചൂണ്ടാനും, സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട് കണ്ണുകളില്‍ കരുവാളിപ്പുമായി ഉഴലുന്നവരെ ആശ്വസിപ്പിക്കാനും അയാള്‍ പഠിച്ചു. പ്രവാസത്തിനുശേഷം ഉണര്‍ന്നു പൂര്‍ണ്ണതയിലെത്തിയ അയാള്‍ മറ്റൊരു ജൈവായുധവുമായി എത്തിയതുകണ്ട് ഭരണകൂടവും നഗരവും സ്തബ്ധരായി. തന്റെ വിധികര്‍ത്താക്കളുടെ നേര്‍ക്കുള്ള അയാളുടെ യുദ്ധം ആരംഭിച്ചു.

അന്ന് ആദ്യത്തെ എലി ചത്തുവീണു. മരണത്തിന്റെ മണം ആദ്യമായി ശ്വസിച്ച എലികളുടെ മൂളലില്‍ പ്രതികാരത്തിന്റെ ജ്വാല പടര്‍ന്നു. അവര്‍ കൂടുതല്‍ നപുംസകരെ സൃഷ്ടിക്കുകയും ഭരണം കര്‍ക്കശമാക്കുകയും ചെയ്തു ഉടന്‍ തന്നെ. പക്ഷെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എലികളുടെ മൃതശരീരങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ ബ്യൂറോക്രസി ഉലഞ്ഞു. നഗരത്തില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചിരിക്കുന്നു.

തുടരെത്തുടരെയുള്ള എലിമരണങ്ങള്‍ നഗരത്തെ പ്രക്ഷുബ്ധമാക്കി. എലികളുടെ ഈറ്റില്ലങ്ങള്‍ ആരോഗ്യകേന്ദ്രങ്ങളായി മാറി. അവയ്ക്കും പ്ലേഗ് നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ അവ എലികളുടെ ശ്മശാനഭൂമിയായി. പ്ലേഗ് എലികളോടൊപ്പം അപ്പോഴേക്കും ബ്യൂറോക്രാറ്റുകളേയും ഭയാനത്തിന്റെ കറുപ്പുബാധിച്ച ഉന്നതരായ ഉദ്യോഗസ്ഥരേയും കൊന്നുതുടങ്ങി. നഗരത്തിന്റെ മേലുള്ള പിടി തളര്‍ന്നപ്പോള്‍ ഭരണകൂടത്തിന്റെ രോദനം ആകാശത്തിലേയ്ക്കുയര്‍ന്നു മേഘക്കീറുകളില്‍ പതിച്ചു പ്രതിധ്വനിച്ചു. പ്രതികാരത്തിന്റെ ജ്വാലമാറി എലികളുടെ മൂളലില്‍ ഉല്‍കണ്ഠയുടെ ദൈന്യതയായി.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥിതിവിവരക്കണക്കുകളില്‍ എലികളുടെ സംഖ്യ കുത്തനെ താണു. ശ്മശാനത്തിലെ ജ്വാലകള്‍ ഭീമന്മാരായ എലികളെ വിഴുങ്ങിക്കളഞ്ഞപ്പോള്‍ വലിപ്പം കുറഞ്ഞ എലികള്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. നഗരവീഥികളിലൂടെ ഓടിനടന്ന അവര്‍ അദൃശ്യമായ പ്ലേഗ് മണത്തറിയുവാന്‍ ഘ്രാണശക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുംപോലെ പരതിനടന്നു.

അയാള്‍ അപ്പോഴൊക്കെ നിസ്തോഭനായി നിലകൊണ്ടു. മുഖത്ത് വിജയത്തിന്റെ തെളിമയുണ്ടായി. എങ്കിലും അന്യഥാബോധത്തിന്റെ മൗനം നേരിയതോതില്‍ അയാളിലപ്പോഴും ഉണ്ടായിരുന്നു. ഒപ്പം സമൂഹത്തിന് അനിഷ്ടമായ വാക്കുകള്‍ ഉളവാക്കുന്ന പ്രശ്നങ്ങളും അയാളുടെ മനസ്സില്‍ നിറഞ്ഞുനിന്നു.

നഗരത്തെ ഉലച്ച പ്ലേഗ് നിയന്ത്രിക്കപ്പെടുന്നതിനു മുമ്പുതന്നെ ബ്യൂറോക്രസിയും ഭരണകൂടവും നിലംപതിച്ചുകഴിഞ്ഞിരുന്നു. കെട്ടിടങ്ങളിലും മലകളിലും പൊക്കമുള്ള വൃക്ഷങ്ങളിലും തമ്പടിച്ചിരുന്ന എലികള്‍ നാമാവശേഷമായപ്പോള്‍ നഗരത്തില്‍ വെയില്‍ പരന്നു. ആ പകലില്‍ ആകാശത്തിന്റെയും ഭൂമിയുടെയും പരിരക്ഷണത്തില്‍ ജനങ്ങള്‍ ഉറക്കത്തിന്റെ സൗന്ദര്യമറിഞ്ഞു. അവസാനം വരെ പിടിച്ചുനിന്ന എലികളില്‍ ഭൂരിഭാഗവും തങ്ങളുടെ മാളങ്ങളിലേയ്ക്കു ചുരുങ്ങി. അതിലേതാനും കൂറ്റന്മാര്‍മാത്രം ഒരന്തിമയുദ്ധത്തിനു തയ്യാറാവുന്നുണ്ടായിരുന്നു.

ഉറക്കവും സ്വപ്നവും നഗരത്തിലേയ്ക്കു തിരിച്ചുവന്നതയാള്‍ കണ്ടു. തന്റെ സ്വകാര്യ ദുഃഖങ്ങള്‍ ജീവിതത്തിലലിയിക്കുംമുമ്പ് അവസാനത്തെ എലിയേയും തകര്‍ക്കുവാന്‍ അയാളും തയ്യാറാവുന്നുണ്ടായിരുന്നു.

അന്നൊരു ദിവസം കണ്ണില്‍ പകയുമായി വെല്ലുവിളിച്ച് ഭീമാകാരനായ എലിയെ അയാള്‍ നേരിട്ടു. അവസാനത്തെ എലിയുടെ പോരാട്ടമായിരുന്നു അത്. ദീര്‍ഘമായ യുദ്ധത്തിന്റെയൊടുക്കം പരാജയഭീതിയാല്‍ തിരിഞ്ഞോടിയ എലിയെ അയാള്‍ പിന്തുടര്‍ന്നു. നേരം നന്നേ വൈകി. ഇരുട്ടിനു കട്ടിപിടിച്ചുകഴിഞ്ഞപ്പോഴും അയാള്‍ തന്റെ വാഹനത്തില്‍ ആ കൂറ്റനെലിയെ പിന്തുടരുകയായിരുന്നു. വാഹനത്തിന്റെ വെളിച്ചത്തില്‍ എലി ഒരു അവ്യക്തതയായി മാറിയപ്പോഴും വേഗത്തില്‍ അതിനോടടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, അയാള്‍.

അപ്പോഴേയ്ക്കും അയാളുടെ വാഹനത്തിന്റെ മേല്‍മൂടിയും ജാലകങ്ങളും അന്തരീക്ഷത്തിലലിഞ്ഞു ചേര്‍ന്നു. ചക്രങ്ങളുടെ സ്ഥാനത്ത് അതിവേഗം ചലിക്കുന്ന നാലു കാലുകളും പുകക്കുഴല്‍ നീണ്ട വാലുമായി. പിന്നീട് സ്റ്റിയറിംഗ് വീല്‍ രണ്ടു ചെവികളായിക്കഴിഞ്ഞപ്പോള്‍ താന്‍ വേഗത്തില്‍ പായുന്ന മറ്റൊരെലിയുടെ മേലാന്നെന്ന് അയാള്‍ ഗ്രഹിച്ചു. അയാള്‍ വേഗം കൂട്ടി.

നഗരവീഥി അവസാനിക്കാറായപ്പോള്‍ ഗതിമുട്ടിയ ശത്രു പെട്ടന്ന് തിരിഞ്ഞ് അയാളെ ആക്രമിക്കാനാഞ്ഞു. ശത്രുവിന്റെ കണ്ണുകളിലെ ശക്തമായ പ്രകാശം അയാളുടെ കണ്ണുകളില്‍ തുളച്ചു കയറി. അയാള്‍ വീണ്ടും വേഗംകൂട്ടി. നാലു കണ്ണുകള്‍ അടുത്തടുത്തു വന്നു. അനേകം കൊള്ളിമീനുകള്‍ ഒന്നിച്ചപോലെ അവ ഒത്തുചേര്‍ന്നു.

ഒരു നിമിഷം സാവധാനം കടന്നു പോയി.

കഴുത്തൊടിഞ്ഞ്, തലയുടെ അസ്ഥികള്‍ തകര്‍ന്ന് അയാള്‍ കിടന്നു. ദീര്‍ഘമായ പോരാട്ടത്തിനുശേഷം ക്ഷീണച്ചുറങ്ങും പോലെ, ദുഃഖങ്ങളില്ലാതെ ഭയമില്ലാതെ. തലയോട്ടിയില്‍ നിന്നും പുറത്തുവന്ന തലച്ചോറില്‍ ചോരക്കറയുണ്ടായിരുന്നു. അയാളിലെ അപരന്റെ ചിന്തകളും എലികള്‍ അടക്കിയ നഗരത്തിന്റെ ജീവിതവും അയാളുടെ ഉള്‍ക്കാഴ്ചയുടെ ശകലങ്ങളും അതില്‍ പറ്റിപ്പടര്‍ന്നു കിടന്നു. അന്തരീക്ഷത്തിലപ്പോള്‍ അയാളുടെ മാനസിക വ്യാപാരങ്ങള്‍ പടര്‍ന്നു കേറി. ആ നീരാവി വായുവില്‍ ലയിച്ച് നഗരവാസികളുടെ സ്വപ്നങ്ങള്‍ക്കു ജീവന്‍ നല്‍കി. അവരുടെ ഓര്‍മ്മകളില്‍ അവ നൃത്തം ചെയ്തു.

അയാളുടെ മുഖത്ത് നീണ്ട ഒരു മുറിപ്പാടുണ്ടായിരുന്നു. തന്റെ ചിന്തകളില്‍ ചിലത് വെട്ടിമാറ്റിയതു പോലെ. തീര്‍ച്ചയായും ആ ചിന്തകള്‍ മാത്രം നഗരത്തിന്റെ ഹൃദയത്തിലെത്തിയില്ല.

നഗരത്തിന് ആ രാത്രി പുതിയ യുഗപ്പിറവിയുടെ ഈറ്റില്ലമായി.