ഗോപ്രതകം
ഗോപ്രതകം | |
---|---|
ഗ്രന്ഥകർത്താവ് | യു നന്ദകുമാർ |
മൂലകൃതി | 56 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2014 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 49 |
വിടര്‍ന്നുനില്‍ക്കുന്ന പൂക്കളുടെയിടയില്‍ സിതാര പാറിപ്പറന്നു കളിച്ചു. കൂട്ടിന് കലപിലകൂട്ടുന്ന കിളികളും കാട്ടരുവിയും, അവയ്ക്കു തണുപ്പിക്കുന്ന ഇളംകാറ്റും. ഉദിച്ചുവരുന്ന സൂര്യന്റെ നിറമാര്‍ന്ന രശ്മികൾ തട്ടി സീതമ്മയുടെ മൂക്കുത്തി വിടര്‍ന്നു. ദിവസവും. അതൊരു പുഷ്പമെന്നോര്‍ത്ത് പൂമ്പാറ്റകളെത്തി തേന്‍ നുകരാന്‍. അവളുടെയരികെ അനേകം പൂമ്പാറ്റകള്‍ പറന്നുവന്ന് ഇളിഭ്യരായി പോകുന്നതില്‍ അവള്‍ക്ക് ദുഃഖമായി. പിന്നീട് രാവിലെ പൂക്കുന്ന പനിനീര്‍ പുഷ്പങ്ങളില്‍നിന്നും ശേഖരിച്ച ഇളംതേന്‍ അവള്‍ തന്റെ മൂക്കുത്തിയില്‍ കരുതുമായിരുന്നു. പൂമ്പാറ്റകള്‍ക്ക് സന്തോഷമാകാന്‍ താണുകിടക്കുന്ന ശിഖരങ്ങളില്‍ ഊഞ്ഞാലാടി, ആണ്‍കുയിലിന്റെ ശൃംഗാരപ്പാട്ടിന് മറുപാട്ടുപാടി പുഴയില്‍ മുങ്ങിക്കുളിച്ച് ശുദ്ധയായി പൂക്കളുടെ പരിമളം ദേഹത്തുപൂശി, ഓടിയകലുന്ന അണ്ണാന്‍കുഞ്ഞിന് കായ്കനികള്‍ വാരിയെറിഞ്ഞ് അവള്‍ ദിവസങ്ങളിലൂടെ വളര്‍ന്നു. സൂര്യചന്ദ്രന്‍മാരെ നോക്കി സമയമളക്കാനും, നക്ഷത്രങ്ങളെ നോക്കി എണ്ണാനും പഠിച്ചു. മേഘങ്ങളില്‍ നിന്നും ശാസ്ത്രവും കടലിനേയും പുല്‍പ്പരപ്പിനേയും മേടുകളേയും തഴുകി വരുന്ന കാറ്റില്‍ നിന്നും സംഗീതവും കാട്ടരുവിയില്‍ നിന്നും നൃത്തവും പഠിച്ചു.
പിന്നീടൊരുനാള്‍ നീലക്കുറുഞ്ഞി പൂത്തിറങ്ങി. അതിന്റെ പരിമളവുമേന്തി പറന്നുവന്ന ഇളം കാറ്റ് പുഴയോരത്തുനിന്ന അവളുടെ വസ്ത്രങ്ങള്‍ക്കിടയില്‍ലൂടെ ശരീരത്തെത്തഴുകി കടന്നുപോയി. അവളില്‍നിന്നും ഉതിര്‍ന്നു വീണതുള്ളികള്‍ പുഴയ്ക്കു സിന്ദൂരത്തിന്റെ നിറമേകി. അവള്‍ ഋതുമതിയായി.
പുഴയുടെ നൃത്തവും, കാറ്റിന്റെ സംഗീതവും പുഷ്പങ്ങളുടെ സൗരഭ്യവും ആ നിമിഷത്തെ വിളിച്ചറിയിച്ചു. അവളുടെ കവിളുകളെ ചിത്രശലഭങ്ങൾ തലോടി. ആ പുഴവക്കത്തു തന്നെ ആവളെയിരുത്തി വേണ്ടുന്ന പൂജകള്‍ നടത്തി, അവളുടെ അച്ഛന്‍ ഇതിനുമുമ്പ്, ഇതിനുപോലൊരുനാള്‍ നീലക്കുറിഞ്ഞി പൂത്തനാളാണ് തനിക്കവളെ കിട്ടിയതെന്ന് അച്ഛനോർത്തു. ഇതേ പുഴയോരത്ത് പുഴയുടെ നീരും നുണഞ്ഞ് അവള്‍ കിടന്നിരുന്നു. ഋതുമതിയായ് അവള്‍ നാലാംനാള്‍ പുഴയില്‍ മുങ്ങിപ്പോങ്ങുമ്പോള്‍ ലജ്ജയുടെ പുഷ്പങ്ങള്‍ പൂത്തുവിടര്‍ന്നു.
വിണ്ടുമൊരിക്കല്‍ നീലക്കുറുഞ്ഞിയുടെ പരിമളമെത്തിയപ്പേള്‍ അവളെ വേള്‍ക്കാന്‍ രാമുവെത്തി. പട്ടുടുത്ത് കീരീടം ചൂടി ആയുധമേന്തി അവനവളെ വരിച്ചു. ഇനിയുള്ള നാള്‍ രാമുവോടൊപ്പം താമസിക്കാന്‍ പട്ടണത്തിലേക്കു പോകുമ്പോള്‍ അവളുടെ അച്ഛന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ അശ്രുക്കള്‍ നിറഞ്ഞു.
പെട്ടെന്നൊരു നാള്‍ അവള്‍ മടങ്ങിയെത്തി. കൊച്ചു ദുഃഖങ്ങളില്‍ അവളുടെ മൂക്കുത്തിയിലെ പ്രകാശം അലിഞ്ഞില്ലാതായിരുന്നു. ഭാരംകൊണ്ടു മുഖം കുനിച്ച്, കവിളിലെ കാന്തിമങ്ങി അവള്‍ അച്ഛനെ ചാരിനിന്നു.
‘എന്തുണ്ടായി മകളെ…’
സന്ധ്യയ്ക്ക് അച്ഛന്റെ മടിയില്‍ തല ചായ്ച്ചു നക്ഷത്രങ്ങളെ നോക്കിക്കിടക്കുമ്പോള്‍ അവള്‍ പറഞ്ഞു. പട്ടണത്തിലെ അവളുടെ ജിവിതം വിരസമാണെന്ന്. രാമുവിനെപ്പോഴും തിരക്ക്. ഒരു നാള്‍ അതിര്‍ത്തി സൂക്ഷിക്കാന്‍ പോണം. മറ്റൊരുനാള്‍ ശത്രുവിനെ തുരത്താന്‍, അല്ലെങ്കില്‍ അണക്കെട്ടു നിര്‍മ്മിക്കാന്‍ അവള്‍ക്കു വേണ്ടുവോളം രാമുവിനെ ലഭിക്കുന്നേയില്ല. പിന്നെ അവിടെ ചിരിക്കുന്ന പുഴയില്ല, മഴവില്ലും മേഘങ്ങളുമില്ല. പൂമ്പാറ്റകളില്ല. അവള്‍ക്കെപ്പോഴും രാമുവിനെ കണ്ടുകൊണ്ടിരിക്കണമല്ലോ, അതിനു രാമുവില്ല…
രാമുവുമായി കൈകോര്‍ത്തുപിടിച്ച് പുഷ്പങ്ങള്‍ക്കിടയിലൂടെ പാട്ടുപാടി നടക്കണം അവള്‍ക്ക്. അവളുടെ ആഗ്രഹം ദുഃഖമായി, വിരസതയായി, അവളെ കാർന്നുതിന്നുന്ന ഏകാന്തതയായി, ഇപ്പോൾ.
ഏകാന്തത അവളുടെ മുഖത്ത് ഉറഞ്ഞുകൂടി. അതിൽ അവളുടെ ആട്ടവും പാട്ടും പൊട്ടിച്ചിരിയും അലിഞ്ഞില്ലാതായി. മിച്ചമുണ്ടായിരുന്ന സംഗീതത്തിന് നഷ്ടബോധത്തിന്റെ ധ്വനിയുണ്ടായിരുന്നു. അവളെത്തഴുകിയ കാറ്റ് കണ്ണുനീർ ഉണക്കിക്കഴിഞ്ഞപ്പോൾ അവളുടെ കഥ കേട്ടിരുന്ന അച്ഛനോടവൾ ചോദിച്ചു:
‘അച്ഛാ, ഈ നക്ഷത്രങ്ങൾ എങ്ങിനെയുണ്ടാകുന്നു?’
അവളുടെ അച്ഛന് അതറിയില്ലായിരുന്നു. അതിനാലവൾക്കദ്ദേഹം ധ്രുവന്റെ കഥ പറഞ്ഞു കൊടുത്തു. അപ്പോഴവൾക്ക് ഉൽക്കടമായ ആഗ്രഹമുണ്ടായി. തനിക്കും ഒരു നക്ഷത്രമാകണമെന്നു്.
‘അതു നീ കിഴക്ക് മലകളോടും പുഴയോടും ചോദിക്കു’. അച്ഛനവളെ ഉപദേശിച്ചു. പിറ്റേന്നു രാവിലെ അവൾക്ക് പ്രസരിപ്പ് വീണ്ടുകിട്ടി. അവൾക്ക് രാമുവിനെക്കാണാൻ തിടുക്കമായി. പക്ഷെ കിഴക്കുമലയോടും പുഴയോടും ചോദിക്കാതെയെങ്ങിനെ പോകും? ചുണ്ടിലൊരു ഗാനവുമായി അവൾ മലയോടും പുഴയോടും ചോദിച്ചു.
‘എനിക്കു നക്ഷത്രമാകണം. എങ്ങിനെയെന്ന് പറഞ്ഞുതരൂ’.
‘എന്തിനു്?’ ഏകസ്വരത്തിൽ അയാൾ ചോദിച്ചു.
‘എനിക്ക് എപ്പോഴും രാമുവിനെ കണ്ടിരിക്കാൻ…’
അപ്പോഴവർ പറഞ്ഞുകൊടുത്തു: ‘അഗ്നിയുടെ ചൂടിലും ഹിമത്തിന്റെ കുളിർമ്മയിലും നിന്നുത്ഭവിക്കുന്ന നദിയിലലിഞ്ഞു ചേരുക. കൃഷ്ണപക്ഷത്തിൽ നീലക്കുറിഞ്ഞി പൂക്കുന്ന നാളിൽ…’
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി, പാടാൻ മറന്ന പാട്ടുകൾ പാടി. പൂമ്പാറ്റകളോട് മത്സരിച്ച് മടങ്ങിയെത്തിക്കാത്തിരുന്നു. അന്നു രാമു വന്നു അവളെത്തേടി, ഉൽക്കണ്ഠയോടെ.
രാമുവിനോടച്ഛൻ ചോദിച്ചു:
‘എന്തുണ്ടായി…?’
രാമുവിനു ദുഃഖമായി. അയാൾ പറഞ്ഞു. ‘എനിക്ക് ശത്രുക്കളെ തുരത്താൻ പോകേണ്ടേ? നാട്ടിലെ വരൾച്ച മാറ്റാൻ അണക്കെട്ടു നിർമ്മിക്കണ്ടേ? വന്യമൃഗങ്ങൾ പെരുകാതെ നോക്കേണ്ടേ? നിമിഷനേരത്തെ വേർപാടുപോലും ഇവൾക്കു താങ്ങാൻ സാധിക്കുന്നില്ലല്ലോ…’
വീണ്ടുമൊരിക്കൽ കൂടി സന്തോഷത്തോടെ കൈകോർത്തു പിടിച്ച് അവർ പോകുന്നത് അച്ഛൻ നോക്കിനിന്നു. ഇത്തവണ അദ്ദേഹമവൾക്കൊരു നീലപ്പൊന്മാനെക്കൊടുത്തു, അവൾക്കു കളിക്കാൻ.
പട്ടണത്തിലെ വിരസത വീണ്ടും അവളെ ഗ്രസിച്ചപ്പോൾ അഗ്നിയിലും ഹിമത്തിലും ഉത്ഭവിക്കുന്ന നദി കണ്ടുപിടിക്കാനുള്ള ശ്രമമായി അവൾ. അവൾക്കൊപ്പം കളിക്കുന്ന പൊന്മാനിനും, കാറ്റിനും അതറിയില്ലായിരുന്നു. പട്ടണത്തിലെ പണ്ഡിതന്മാർക്കും അങ്ങനെയൊരു നദിയറിയില്ലായിരുന്നു ഒടുക്കം അവൾ രാമുവിനോടു ചോദിച്ചു. ‘അഗ്നിയിലും ഹിമത്തിലും ഉദ്ഭവിക്കുന്ന നദിയേതെന്നു പറഞ്ഞുതരുമോ?’
‘എന്തിനു്?’ എന്ന അർത്ഥത്തിൽ രാമു അവളെ നോക്കി.
‘എനിക്കതിൽ അലിഞ്ഞു ചേരാൻ. ഒരു നക്ഷത്രമാകാൻ… രാമുവിനെയെപ്പോഴും കണ്ടുകൊണ്ടിരിക്കാൻ…’
‘പട്ടണത്തിനെ കിഴക്കുകൂടി പോകുന്ന സരയൂവാണു ആ നദി’, രാമു പറഞ്ഞു.
പിന്നീടൊരിക്കൽ കൃഷ്ണപക്ഷത്തിൽ അവൾ രാമുവിനോടു പറഞ്ഞു. ‘എനിക്ക് സരയുവിലേക്കു പോകണം’. രാമു അവളെത്തന്നെ നോക്കിനിന്നു. അവളുടെ കണ്ണുകളിൽ അവളുടെ ഉറച്ച തീരുമാനം അന്നാദ്യമായി അയാൾ കണ്ടു. അവൾ പോകുമെന്ന് അവളുടെ മുഖം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
രാമു അനുജനോടു പറഞ്ഞു.
‘അനുജാ, നീ സീതമമയെ സരയുവിൽ കൊണ്ടാക്കൂ. അവൾക്ക് നക്ഷത്രമാകണം. എന്നുമെന്നോടൊപ്പമുണ്ടാവാൻ’. അനുജൻ സംശയിച്ചു നിന്നു. രാമുവിന്റെയും സീതമമയുടേയും കണ്ണുകൾ അയാളുടെ സംശയം ഇല്ലാതെയാക്കി.
അനുജൻ, സീതമ്മയെ സന്ധ്യയ്ക്ക് സരയുവിന്റെ കരക്കെത്തിച്ചു. അവളുടെ പൊന്മാൻ നദിക്കരയിലുള്ള വൃക്ഷക്കൊമ്പിലിരുന്നു് അവളുടെ പാട്ടു പാടി. എന്തൊക്കെയോ ഇനിയും മനസ്സിലായില്ലെന്നമട്ടിൽ നിന്ന അനുജന്റെ സംശയങ്ങൾ ഒഴുകിവന്ന കാറ്റിൽ സാവധാനമില്ലാതെയായി. ആകാശത്തുദിച്ച നക്ഷത്രങ്ങൾ അവളുടെ മുഖത്തിനു തേജസ്സേകി. അനുജനെ നോക്കി സരയുവിലേക്ക് പിന്നോക്കം പൊയ്ക്കൊണ്ടിരുന്ന അവളോടയാൾ ചോദിച്ചു. ‘ഞാൻ ജ്യേഷ്ഠനോടെന്തു പറയണം?’ അതു സീതമ്മയ്ക്കറിയാമായിരുന്നു.
‘ഞാൻ എന്നും രാമുവിനോടൊപ്പമുണ്ടാവുമെന്നു പറയൂ. ഞാൻ രാമുവിനെ കണ്ടുകൊണ്ടിരിക്കും, ഒരു നക്ഷത്രമായി. എന്നെങ്കിലും എന്നോടു ചേരണമെന്നു തോന്നുമ്പോൾ ഞാൻ ഗോപ്രതകത്തു കാത്തിരിക്കും…’
അപ്പോഴേയ്ക്കും അവൾ സരയുവിലിറങ്ങിക്കഴിഞ്ഞിരുന്നു.
സരയുവിന്റെ ഒരു പുളകത്തിൽ ആകാശത്തിലെ നക്ഷത്രങ്ങളുടെ പ്രതിബിംബം കൂടുതൽ പ്രകാശത്തിൽ തെളിഞ്ഞു.
അതുനോക്കിക്കണ്ട് അനുജൻ തിരിഞ്ഞു നടന്നു.
നീലക്കുറിഞ്ഞി പൂത്തിറങ്ങിയത് അയാൾ ആ കാറ്റിൽ അറിഞ്ഞു.