close
Sayahna Sayahna
Search

അടുക്കളയിൽ നിന്ന്


അടുക്കളയിൽ നിന്ന്
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

ആനന്ദകൃഷ്ണന്‍ ആകെ വലഞ്ഞു. അരിശമോ, സങ്കടമോ, പൊറുതികേടോ എന്താണതെന്ന് അയാള്‍ക്ക് തന്നെ നിശ്ചയമില്ല.

വിട്ടിലിരുന്ന് ആലോചിക്കുമ്പോള്‍ തോന്നും ‘ഹേയ്, കാര്യമൊന്നുമില്ല. വെറും ഒരു പേടി, അത്രേയുള്ളു’. പിന്നെ കൌമാരത്തില്‍ താന്‍ ചെയ്ത സാഹസിക കൃത്യങ്ങളോര്‍ത്ത് അഭിമാനംകൊളളും. തന്നെത്തന്നെ നോക്കി ഒന്നൂറി ചിരിക്കും. ശാന്തമായൊന്ന് മയങ്ങും.

പക്ഷേ, മയക്കം മുറുകുംമുമ്പ് ഞെട്ടി ഉണരും. പിന്നെയും വേവലാതി, പ്രാണസഞ്ചാരം.

ഓഫീസില്‍ എല്ലാം കുഴഞ്ഞമട്ടായിരിക്കുന്നു. പതിനഞ്ചുകൊല്ലം വെളിമ്പറമ്പിലിരുന്ന് ഫയല്‍ കരണ്ടിട്ടാണ് പ്രത്യേകം ക്യാബിനുളള ആഫീസറായത്. ആദ്യമൊക്കെ അതിലൊരു അന്തസ്സുണ്ടെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ ഈ ഏകാന്തത്തടവില്‍ നിന്ന് മോചനം കൊതിക്കുന്നു. മഹാജനത്തെ കണ്ടും പേശിയും ഇരുന്നാല്‍ ഇത്രയ്ക്ക് വിമ്മിട്ടം ഉണ്ടാവില്ല.

മുന്നിലിരിക്കുന്ന ഫോണില്‍ കണ്ണുവീണാലുടനെ ഉല്‍ക്കണ്ഠ നെഞ്ചുപിളര്‍ന്നുപൊങ്ങും. വിരലുകള്‍ നിവര്‍ന്ന്ചാടും.

എട്ട് ഒന്ന് എട്ട് രണ്ട് പൂജ്യം…

അപ്പുറത്ത് റിസിവറെടുക്കാന്‍ വൈകിയാല്‍ ഇരിപ്പുറക്കില്ല. ‘ഹലോ യമുനയാണോ… വീട്ടില്‍ വിശേഷം എന്തെങ്കിലും…‍?’ അതുകേട്ട് ചിലപ്പോള്‍ അവള്‍ ചിരിക്കും.

‘ഇവിടുന്ന് പോയിട്ട് ഒരു മണിക്കൂറായില്ലല്ലോ. അതിനിടയ്ക്ക് എന്തു വിശേഷം വരാന്‍?’

ചിലനേരം അവള്‍ പൊട്ടിത്തെറിക്കും. ‘പുന്നാരിക്കാന്‍ കണ്ട നേരം. എന്തെല്ലാം ജോലി കിടക്കുന്നു.’

‘നിന്റെ ജോലിക്കാര്യം തന്നെയാണ് പറയാന്‍ തുടങ്ങിയത്. ഗ്യാസിന്റെ വാല്‍വ്…’

‘ഓ!’ അവളുടെ ഒച്ചയിലുള്ളൊരു പരിഹാസം.

എല്ലാം സഹിക്കുകയേ നിവര്‍ത്തദിയുള്ളു. മര്‍ത്ത്യവിധി ഇങ്ങനെയും! ആററില്‍ കുളിച്ച്, കിണററുവെളളം കുടിച്ച്, മണ്‍കലത്തില്‍ വച്ചചോറുണ്ട് വളര്‍ന്നു. മണ്ണെണ്ണ വിളക്കിനു മുന്നില്‍ ചമ്രം പടഞ്ഞിരുന്ന് പഠിച്ചു.

തൊട്ടുടുത്ത കൊച്ചുപട്ടണത്തിലെ കൊച്ച് ഓഫീസില്‍ പണിയെടുത്തു. വൈകീട്ടും, കാലത്തും പ്രൈവററ് ബസ്സില്‍ തൂങ്ങി സഞ്ചരിച്ചു. ഇതിനിടെ കല്യാണം കഴിച്ചു. ഓണത്തിനും, വിഷുവിനും, ദിപാവലിക്കും സദ്യയുണ്ടു. കൊട്ടകയില്‍ സിനിമ കണ്ടു. അല്ലലറിയാത്ത കാലം.

ശനിദശയുടെ തുടക്കത്തിലാണ് ഒരു ടെസ്റ്റേഴുതാന്‍ തോന്നിയത്. പ്രതീക്ഷിച്ചതല്ലെങ്കിലും ജയിച്ചു. അന്ന് തന്നെക്കാള്‍ മണ്ടന്‍മാരാണ് മറ്റെല്ലാരും എന്നോര്‍ത്ത് ആനന്ദകൃഷ്ണന്‍ ചിരിച്ചു. ഒററയടിക്ക് രണ്ടു പടി കയററം. സ്ഥലം മാററം. പുതിയ ഓഫീസ്. വലിയ പട്ടണം. ഏറിയ ചുമതല.

വേവലാതി പൂണ്ട യമുനയോടു പറഞ്ഞു: ‘ഞാന്‍ അവിടെ ലോഡ്ജില്‍ കഴിഞ്ഞു കൊള്ളാം. വാരാന്ത്യത്തില്‍ വരാം. എല്ലാം നോക്കി നടത്തണം.’ അവള്‍ നിറകണ്ണുകള്‍ തിളങ്ങുന്ന തലയാട്ടി.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ യമുനയുടെ മനം ലേശം ഇളകി. രാത്രി തനിച്ച് കിടക്കാന്‍ ഭയന്നിട്ടോ, അയല്‍ക്കാരികള്‍ മന്ത്രിച്ച് പിരി കേററിയിട്ടോ അവള്‍ അല്പാല്പം ശാഠ്യംപിടിച്ചു തുടങ്ങി.

‘നമുക്കു സിററിയില് ഒരു വീട് എടുത്താലെന്താ? കുട്ടികളുടെ പഠിത്തം നോക്കണ്ടേ… നാട്ടിലെ സ്ക്കൂള് അറുവഷളായിരിക്കയാണ്. പിള്ളേര് അവിടെ നിന്ന് വേണ്ടാതീനമേ പഠിക്കൂ.’

ആദ്യമാദ്യം ആനന്ദകൃഷ്ണന്‍ അതു കേട്ടില്ലെന്നു നടിച്ചു. പക്ഷേ യമുന നിസ്തന്ദ്രം ധാര കോരി.

‘ഹോട്ടലിലുണ്ടുണ്ട് ശരീരം എന്തു കോലമായി എന്നറിയാമോ. കണ്ണാടിയില്‍ ഒന്നു നോക്കിയേ’.

‘നാല്‍പതായില്ലേ, ഇനി ഉണങ്ങുന്നതാ നല്ലത്’.

ആനന്ദകൃഷ്ണന്‍ ഒരു ചിരി പൂശി നോക്കി. ഒരു മറുപടിയും യമുനയ്ക്ക് ബോധിച്ചില്ല. അവളുടെ കിനാവും നാവും നഗരവാസത്തില്‍ക്കുരുങ്ങിക്കിടക്കുന്നു. ആനന്ദകൃഷ്ണന്‍ എത്രനേരം ഊമ കളിക്കും! ഒടുവില്‍ അവളുടെ വാ മൂടാന്‍ ഒരു ഒററമൂലി കണ്ടെത്തി.

‘നീ എന്താ ഇപ്പറയുന്നേ?‍ വാടകവീട്ടില് കുടിക്കിടക്കണോ? വിട്ടുടമസ്ഥന്റെയും കെട്ടിയോളുടേയും വായിലിരിക്കണതെല്ലാം നമ്മള്‍ ഏററുപിടിക്കണം. ഒരുനേരം സ്വൈര്യമുണ്ടാവില്ല.’

യമുന മൌനം പൂണ്ടു. അയാള്‍ക്കു സന്തോഷമായി. അടുത്ത വാരാന്ത്യത്തില്‍ അതിനും അവള്‍ മറുമരുന്ന് തയ്യാറാക്കിയിരുന്നു.

‘വാടക വീട് വേണ്ട. നമുക്കൊരെണ്ണം വിലയ്ക്ക് വാങ്ങാം.’

‘വിലയ്ക്കൊ!’ അന്തംവിട്ട് അയാള്‍ ചോദിച്ചു. ‘എത്ര രൂപയാകുമെന്നാ നിന്‍റെ വിചാരം’

‘എത്രയോ ആയിക്കോട്ടെ, ഞാന്‍ തരാം.’

‘നീയോ!’

അയാള്‍ പകച്ചു നോക്കി. യമുന ചിരിച്ചു. ‘അച്ഛന്‍ വന്നിരുന്നു. കഴിഞ്ഞമാസം സര്‍വ്വീസീന്നു പിരിഞ്ഞപ്പോ നല്ലൊരു തുക കിട്ടിയത്രേ. ഇനിയും എന്തോ കിട്ടുംന്ന്‍. ഞാന്‍ സിറ്റിയില്‍ ഒരു വീട് വാങ്ങണ കാര്യം പറഞ്ഞപ്പോള്‍ അച്ഛന് വലിയ ഉത്സാഹം. പിന്നെ, അച്ഛന്‍ ഓര്‍മ്മിപ്പിച്ചപോലെ നമുക്കൊരു പെണ്‍കുഞ്ഞില്ലേ. സിറ്റിയില്‍ ഒരു വീട് കൊടുക്കാമെന്നു പറഞ്ഞാല്‍ ഏതു വമ്പനും വീഴും.

വീടിനുവേണ്ടി മുടക്കുന്ന പണം ഡെഡ് ഇന്‍വെസ്റ്റ്മെന്‍റാണെന്നൊക്കെ ആനന്ദകൃഷ്ണന്‍ വാദിച്ചാലുണ്ടോ യമുന അടങ്ങുന്നു.

പിറ്റേ ആഴ്ച മകളുടെ ഭാഗം വാദിക്കാന്‍ പിതാവുമെത്തി. അദ്ദേഹം നഗരത്തില്‍ രണ്ടുമൂന്നു വീടുകള്‍ കണ്ടുവെച്ചു കഴിഞ്ഞു. ആനന്ദകൃഷ്ണന്‍ ചെന്നൊന്ന് നോക്കുക, അഡ്വാന്‍സ് കൊടുക്കുക,അത്രേ വേണ്ടൂ.

ആ വാര്‍ത്ത കേട്ടപ്പോള്‍ കുട്ടികള്‍ക്ക് പൊന്നോണം അവര്‍ ഇടംവലം നിന്ന് ആനന്ദകൃഷ്ണനെ മെരുക്കി. ഒടുവില്‍ ആനന്ദകൃഷ്ണന്റെ അമ്മയും വേദിയിലെത്തി. ‘മോനേ, എല്ലാം കൊണ്ടും അതാ നന്ന്.’ അമ്മയെ നോക്കാന്‍ ഇവിടാരും വേണ്ടേ?’ അയാള്‍ ഓതിരം പയറ്റി. ‘കുഴിയില്‍ പാതി ഇറങ്ങിയ എന്നെ ഇനി നോക്ക്ണു! ഇവിടെ നെന്‍റെ ഇളയ ഒരുത്തി ഇല്ലേ. പോരെങ്കില്‍ വേലക്കാരീം. നീ സിറ്റിയില് താമസമാക്കിയാല് എനിക്കവിടെ വന്ന് പദ്മനാഭസ്വാമിയെയും ആറ്റുകാലമ്മേമൊക്കെ തൊഴുകേം ചെയ്യാം.’

അങ്ങനെ പഴുതുകളെല്ലാമടച്ച് മൂന്നുതലമുറ നിന്നപ്പോള്‍ ആനന്ദകൃഷ്ണന്‍ പത്തിയൊതുക്കി. നഗരത്തിലെ ഒരു ഊടുവഴിയോരത്തെ വീട് വിലപേശിയൊതുക്കി. കഴുകിത്തേച്ചു ചായമടിച്ചു മിനുക്കിയപ്പോള്‍ അതൊരു നേട്ടമായെന്നുതന്നെ അയാള്‍ക്കുതോന്നി. പിന്നെ കുടുംബ കണിയാരെക്കൊണ്ട് നാളും തിഥിയും നോക്കി, കാലദോഷങ്ങള്‍ പോക്കി,സകുടുംബം കുടിയേറി. സിറ്റി ബസില്‍ ഇരുപതുമിനിട്ടിരുന്നാല്‍ ആപ്പീസ്സ്. വൈകീട്ട് മെല്ലെ നടന്നിങ്ങു പോരാം. സങ്കടങ്ങളേതുമില്ലാതെ മാസം രണ്ട് പറന്നുപോയി.

നിനച്ചിരിക്കാത്ത നേരത്താണ് യമുനയുടെ തുടക്കം: ‘പിള്ളേര്‍ക്ക് എടുമണിക്ക് പോണം. വെളുപ്പാന്‍കാലത്തേ എണീററ് പെടപെടച്ചാലും സമയത്തൊന്നും ആവണില്ല. എനിക്കു വയ്യാ ഇങ്ങനെ ഓടിച്ചാടി ചാകാന്‍’.

‘കുട്ടികള്‍ക്ക് ഹോട്ടലില്‍ ഏര്‍പ്പാടാക്കാം’.

‘അയ്യാ! നല്ല പുകില്! ഒരു പ്രഷര്‍കുക്കര്‍ വാങ്ങിയാല് കാര്യം കഴിഞ്ഞു. അരമണിക്കൂറു മതി അരി വേവാന്‍’.

‘അത്രേയുള്ളോ. ഉദ്ദേശം എന്തു വില വരും?’

തന്റെ ബഡ്ജററിലൊതുങ്ങാത്തതല്ലാ സൌകര്യത്തിന്റെ വിലയെന്നു കണ്ടപ്പോള്‍ ഒന്നാംതീയതി തന്നെ ക്ലേശമോചനം സാധിക്കാമെന്നു പ്രതിജ്ഞ ചെയ്തു.

പ്രഷറില്‍ വെന്ത ചോറിന്റെ രുചി ആനന്ദകൃഷ്ണന് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഭാര്യയുടെ ആശ്വാസമോര്‍ത്ത് ആഹ്ലാദിച്ചു.

പത്തുനാള്‍ കഴിഞ്ഞപ്പോഴാണ് ഓഫീസിലെ ലേഡീ ടൈപ്പിസ്റ്റിന് സംഭവിച്ച അത്യാഹിതത്തിന്റെ വാര്‍ത്ത ആ കൂററന്‍ കെട്ടിടത്തെയും നടുക്കി കൊണ്ട് വരുന്നത്.

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മുപ്പതു തികയാത്ത ആ സുന്ദരിയുടെ ഉടലാകെ പൊള്ളിയത്രേ. മാംസം അങ്ങിങ്ങ് വെന്തിഴിഞ്ഞു. മുഖം അപ്പടി ബീഭത്സമായി. ഒന്നു കണ്ടാല്‍ ഉയിരുള്ളവര്‍ നിലവിളിച്ചു പോകും.

‘രക്ഷപ്പെടുന്ന കൊളില്ല. രക്ഷപ്പെട്ടാലും വിശേഷമില്ല.’ പ്യൂണ്‍ അതു വിവരിച്ചപ്പോള്‍ ആനന്ദകൃഷ്ണന്‍ വിളറിവെളുത്തു.

ഉടന്‍ തന്നെ ഫോണ്‍ കറക്കി — എട്ട്, ഒന്ന്, എട്ട്, രണ്ട്, പൂജ്യം… ‘യമുനേ, വല്ല വിശേഷവും…?’ അയാളുടെ തൊണ്ട വിറയ്ക്കുന്നത് അവളറിഞ്ഞു. അവളുടെ സ്വരവും വിറച്ചു. ‘എന്താ സുഖമില്ലേ?’

ആനന്ദകൃഷ്ണന്‍ മിണ്ടിയില്ല. ടൈപിസ്റ്റിന്റെ ദുര്യോഗം ഭാര്യയോടു പറയാനുള്ള ധൈര്യം ഒരിക്കലും അയാള്‍ക്കു കൈവന്നില്ല.

പിറ്റേന്നു രാത്രി ഏററവും നല്ല മുഹൂര്‍ത്തം നോക്കി അയാള്‍ പറഞ്ഞു: ‘മണ്‍കലത്തിലെ ചോറുണ്ടു ശിലീച്ചിട്ടാവാം എനിക്കീ കുക്കര്‍ ചോറുണ്ടിട്ട് ഒരസ്കിത!’

കണവനൊരു കണ്‍ട്രിയാണെന്ന മട്ടില്‍ യമുന ചിരിച്ചു:‘മെല്ലെ ഇതും ശീലമായിക്കൊള്ളും.’

അയാള്‍ വാക്കുകള്‍ക്കു പരതി. ‘ന്നാലും മണ്‍കലത്തില്‍ വേവിച്ചു വാര്‍ത്ത ചോറിന്റെ രുചി…

യുമന ആ വിലാപത്തിന്റെ ഇടയ്ക്കു കയറി. ‘അത്ര കൊതിയാണെങ്കില് അവധി ദിവസം പഴയ ചട്ടീം കലവുമാക്കിക്കളയാം. പോരെ?’

അതുപോരാ എന്നെങ്ങനെ പറയും!

പ്രഷര്‍ കുക്കറിന്റെ ചൂളം കേള്‍ക്കുമ്പോള്‍ ആനന്ദകൃഷ്ണന്റെ ഹൃദയം വേവും. പമ്മിപതുങ്ങി അടുക്കളയോളം ചെന്് വട്ടം കറങ്ങി തിരികെ പോരും.

തന്‍റെ പാവം ഭാര്യയ്ക്ക് കൂട്ടായിരിപ്പാന്‍ പരദൈവങ്ങളോട് പ്രാര്‍ത്ഥിക്കും.

ഒരു പ്രഭാതത്തില്‍, പത്രത്തില്‍ മനമുരുട്ടിക്കൊണ്ടിരിക്കുമ്പോള്‍ മോള് ചിണുങ്ങിക്കൊണ്ടു വരുന്നു:

‘അച്ഛാ ദേ കണ്ടോ, ഏട്ടന്‍ എന്‍റെ ബ്ളൌസ് കേടാക്കി.’

ബ്ളൌസിന്‍റെ ഒരുഭാഗം കരിഞ്ഞുപോയിരിക്കുന്നു. പുക പൊങ്ങുന്ന ഇസ്തിരിപ്പെട്ടിയുമായി പ്രതിയുമെത്തി. ‘എനിക്കാ കുറ്റം, ഇവള് കണക്കില്ലാണ്ട് തീയിട്ടിട്ടാ പെട്ടി ചുട്ടുപഴുത്തത്. ചൂടിന്‍റെ അളവറിയാന്‍ മീറ്ററുണ്ടോ ഇതില്?’

ആനന്ദകൃഷ്ണന്‍ ഒരു ന്യായവിധി കരുപ്പിടിപ്പിക്കുന്നതിന്നിടയില്‍ പുത്രന്‍ കൂട്ടിച്ചേര്‍ത്തു: ‘നാശംപിടിച്ച ഈ പെട്ടി കളയുകയാ നന്ന്‍. ചാരം പറന്നുവീണ് എന്റെ രണ്ടു പാന്‍റ്സ് കേടായി. നമുക്കൊരു ഇലക്ട്രിക് അയേണ്‍ വാങ്ങണം.’

ആനന്ദകൃഷ്ണന്‍ കലിതുള്ളി: ‘ങും, ഇലക്ട്രിക് അയണ്‍! കടന്നുപോ.’

ഡെപ്യൂട്ടി സെക്രട്ടറി മേനോന്‍റെ മകള്‍ ഇസ്തിറിപ്പെട്ടീന്ന്‍ ഷോക്കേറ്റ് ചത്തുകിടക്കുന്നത് അയാള്‍ കണ്ടതാണ്. ഏക സന്തതി.

രണ്ടു ദിവസം കഴിഞ്ഞ് മോള്‍ അയാളുടെ ഷര്‍ട്ടും പൊക്കിപ്പിടിച്ചുകൊണ്ടെത്തി: ‘ദാ കണ്ടോ, ഇതിലപ്പടി ഇരുമ്പൂറല്. ഇലക്ട്രിക് പെട്ടിയായിരുന്നേല്…’

ആനന്ദകൃഷ്ണന്‍ ചീറിക്കൊണ്ട് ചാടി: ‘സര്‍വ്വ തുണീം കരിഞ്ഞു പറന്നുപോട്ടെ. ആളു കരിയില്ലല്ലോ.’

നാലുനാള്‍ കഴിഞ്ഞൊരു സന്ധ്യക്ക് ഓഫീസ്സില്‍ നിന്നു വന്നപ്പോ കുട്ടികളെ കാണാനില്ല. ‘അച്ഛന്‍ വന്നിട്ടുണ്ട്. കുട്ടികളേം കൂട്ടി നടക്കാന്‍ പോയിരിക്കുന്നു.’ യമുന അറിയിച്ചു. തുള്ളിക്കളിച്ചുകൊണ്ടാണ് മോള്‍ മടങ്ങി വന്നത്. വന്നപാടെ പുതിയ ഇലക്ട്രിക് അയേണ്‍ ആനന്ദകൃഷ്ണന്റെ മുന്നില്‍ വച്ചു. ‘അച്ഛാ ഇതുകണ്ടോ, എല്ലാ അഡ്ജസ്റ്റ്മെന്‍റുമുണ്ട്.’ അതെടുത്ത് തെരുവിലെറിയാനുള്ള അരിശം അയാളില്‍ പതഞ്ഞു. ചാടിയെണീറ്റപ്പോള്‍ കണ്ണില്‍ വീണത് ശ്വശുരന്‍റെ മുഖം. കുട്ടികളുടെ ആഹ്ളാദത്തില്‍ ധന്യത നുണയുന്ന ആ ചിരി. ആനന്ദകൃഷ്ണന്‍ ആരോടെന്നില്ലാതെ പറഞ്ഞു: ‘സൂക്ഷിച്ചുപയോഗിക്കണം’. ഇലക്ട്രിഫൈ ചെയ്ത വീട് അഗ്നിപഞ്ജരമാണെന്നയാള്‍ ചിന്തിച്ചു. വയറിങ്ങിന് തീപിടിക്കുന്നത് വാര്‍ത്തയല്ലാതായി. മറ്റൊരുവന്‍ വച്ച വീടാണ്. വയറിങ് കണ്‍സീല്‍ഡ്.ഷോര്‍ട്ട് സര്‍ക്യൂട്ടോ മറ്റുവല്ല കൂനാക്കുരുക്കൊ സംഭവിച്ചാല്‍ അറിയാനും വഴിയില്ല. പെയിന്‍റടിക്കാന്‍ വേണ്ടി നനച്ചപ്പോള്‍ രണ്ടു ചുമരില്‍ ഷോക്കുണ്ടായിരുന്നു. നല്ല മഴയുള്ള ദിവസം ആനന്ദകൃഷ്ണന് ഉറക്കം വരില്ല. ചോര്‍ച്ചയുണ്ടോ? ചുമര് നനയുന്നുണ്ടോ? കഥയില്ലാത്ത കുട്ടികള്‍ നനഞ്ഞ ചുമരിൽ തൊടുമോ? ടെസ്റ്ററുംകൊൻട് മഴ തീരുവോളം ചുറ്റിക്കറക്കം തന്നെ.

മറ്റൊരു രാത്രി ധാന്വന്തരം കുപ്പിയുമായിട്ടാണ് യമുന അടുത്തു വന്നത്.

‘ഈ കുഴമ്പൊന്നു പുരട്ടിത്തരുമോ?’ അവള്‍ കൈമുട്ടു നീട്ടി. ‘രണ്ടു മുട്ടിലും നീര്.’

അയാള്‍ സ്നേഹപുരസരം ഉഴിച്ചില്‍ തുടങ്ങിയപ്പോള്‍ യമുന പറഞ്ഞു:

‘ഇന്ന് കറിക്ക് അരയ്ക്കുമ്പോള്‍ കൈ ഒടിഞ്ഞെന്നുതന്നെ തോന്നി. ഹൊ! എന്തൊരു വേദന. രാവിലത്തെ പലഹാരത്തിന് മാവ് അരച്ചതുമില്ല.’

‘കാപ്പിക്ക് ഉപ്പുമാവോ, ബ്രഡോ ഒക്കെ മതി. അരയ്ക്കലിനെയങ്ങു വിട്ടേര്.’

‘നന്നായി, സന്തതികള് അതൊന്നും തൊടില്ല.’

ഇനി എന്തു പറയേണ്ടു എന്ന് വ്യഥ പുണ്ടിരിപ്പായി ആനന്ദകൃഷ്ണന്‍. ആ മൌനത്തെ തെല്ലൊന്നു മാനിച്ചിട്ട് യമുന ചൊല്ലി: ‘ഒരു മിക്സി വാങ്ങിയെങ്കില്‍ അരപ്പും പൊടിപ്പും എത്ര എളുപ്പം.’

അതാ വരുന്നു അടുത്ത കുന്ത്രാണ്ടം എന്ന് അയാള്‍ മനസ്സില്‍ കുറിച്ചു. പെട്ടെന്ന് പൊന്തിയ കോപത്തിരയില്‍ നാവു താണുപോയി. താന്‍ പറഞ്ഞത് ഭര്‍ത്താവിന് രസിച്ചില്ലെന്ന് തോന്നിയ യമുന ആ വിഷയം പുഴ്ത്തിക്കളഞ്ഞു.

പിറ്റേന്ന് ഓഫീസില്‍ ചെന്നയുടനെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സേനനെ വിളിച്ചുവരുത്തി നയത്തില്‍ ചോദിച്ചു: ‘ഈ മിക്സി അപകടമൊന്നുമുണ്ടാകാത്ത സാധനമാ… അല്ലേ?’

സാദാ അമ്മിയെപ്പോലെ തന്നെ നിരുപദ്രവിയാണ് മിക്സി എന്ന് സേനന്‍ ഉറപ്പിച്ചു.

എന്നിട്ടും സ്റ്റെനോടൈപ്പിസ്റ്റിനോട് ഡികടേഷനിടയിലൊന്നു ചോദിച്ചു.

‘ലതയുടെ വീട്ടില്‍ മിക്സിയുണ്ടോ?’

‘ഉണ്ട്.’

‘അതില്‍ നിന്ന് വല്ലഅപകടവും…’

‘എന്തപകടം?’

‘ഷോക്കടിക്കുക. ജാറ് പൊട്ടിത്തെറിക്കുക…’

ലത കുലുങ്ങിചിരിച്ചു: ‘ഈ സാറിന്റെ പേടി! ഒരു കുഴപ്പവും ഉണ്ടാവില്ല. സാര്‍ ധൈര്യമായി വാങ്ങിക്കൊടുക്കണം.’

സന്ധ്യയ്ക്ക് മിക്സിയുമായി കയറിച്ചെന്നപ്പോള്‍ യമുന വിസ്മയവും സന്തോഷവും കൊണ്ട് വീര്‍പ്പുമുട്ടി.

‘ബ്ലേഡ് മാററുമ്പോ സൂക്ഷിക്കണം.’ അയാള്‍ അടിക്കടി ഓര്‍മമിപ്പിച്ചു.

എങ്കിലും മിക്സി ചിലയ്ക്കുമ്പോള്‍ ആനന്ദകൃഷ്ണന് ഒരു വിങ്ങല്‍. ആ ബ്ലേഡെങ്ങാന്‍ ഊരിത്തെറിച്ചാലോ. സേനന്റെയും ലതയുടെയും വാക്കുകള്‍ ഓര്‍മ്മയിലെത്തും. അതോടെ മനം ശാന്തമാകും. പക്ഷേ ഊ ഇലക്ട്രിക് അയണും പ്രഷര്‍കുക്കറും മതിയല്ലോ സ്വൈരം കെടുത്താന്‍.

ആനന്ദകൃഷ്ണൻ കുട്ടികളോട് കര്‍ശനമായിത്തന്നെ പറഞ്ഞു:

‘ഇസ്തിരിയിടുന്നത് ഞാന്‍ വീട്ടിലുള്ളപ്പോള്‍ മതി.’ മാത്രമല്ല ഓഫീസില്‍ പോകുംമുന്‍പ് അതെടുത്ത് അലമാരയില്‍ വെച്ചു പൂട്ടാനും അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭയത്തിന്‍റെ ചതുപ്പിലൂടെ അയാളുടെ ദിനങ്ങള്‍ തങ്ങിയും താണും തെന്നിയും നീങ്ങിപ്പോകവേയാണ് അടുത്ത വൈതരണിയുടെ വരവ്. അതോ തികച്ചും ആകസ്മികമായി.

പീറ്ററും ഭാര്യയും ഒരു സൌഹൃദ സന്ദര്‍ശനത്തിനു വന്നതാണ്. ആനന്ദകൃഷ്ണന്‍ അവരോടു സംസ്സാരിക്കേ കാപ്പിയുമായി യമുന കടന്നു വന്നു. അയാള്‍ ഭാര്യയെ ഒന്നേ നോക്കിയുള്ളൂ. തൊലിയാകെ ചുളുങ്ങിപ്പോയി. അവളുടെ മൂക്കിലും ഇടത്തേ കവിളിലും ബ്ളൌസ്സിലും കരി. അതിഥികള്‍ മാന്യരായതുകൊണ്ട് ആ കരിച്ചാര്‍ത്തിനെപറ്റി കമാന്‍റൊന്നും പാസ്സാക്കിയില്ല. അതിഥികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ തലയിലറഞ്ഞു സ്വയം ശപിച്ചു. ഈ നാണക്കേട് എങ്ങിനെ മാറ്റുമെന്ന് പരിതപിച്ചു. ആനന്ദകൃഷ്ണന്‍ കുറേ പ്രസംഗിച്ചപ്പോള്‍ യമുന ഒരു കടലാസ് മുന്നിലേക്കിട്ടു. ഒരു ഗ്യാസ് ഏജന്‍സിയുടെ പ്രലോഭനശ്ശീട്ട്. ഇപ്പോള്‍ റെജിസ്റ്റര്‍ ചെയ്താല്‍ കൈയോടെ കണക്ഷന്‍. കാത്തിരിക്കേണ്ടാ, തേടി നടക്കേണ്ടാ. ‘വിറകുകൊണ്ടു തീ കത്തിച്ചാല് മോന്തയില്‍ കരി പറ്റീന്നു വരും. ഗ്യാസ്സായാല് ആ നാണക്കേട് വരൂലാ.’ വിറകായാല് കരി പറ്റുമെന്നല്ലേയുള്ളൂ. ആളു കരിഞ്ഞുപോവില്ലല്ലോ.’ ‘പിന്നെ ഗ്യാസ് വാങ്ങിയവരെല്ലാം ചാമ്പലായ് പറന്നു പോയിരിക്കയല്ലേ.’

അങ്ങനെ ഒരു വലിയ പിണക്കത്തിന് തീ കത്തി. ആ സ്ട്രീറ്റില്‍ ഗ്യാസ്സില്ലാത്ത ഒരേഒരു വീട് അതുമാത്രം. പത്തുരൂപായുടെ വിറകു വാങ്ങാന്‍ മൂന്നു രൂപ കൂലി കൊടുക്കണം. ആ വിറകോ, വാഴപ്പിണ്ടിയേക്കാള്‍ കേമം. ഊതിയൂതി നെഞ്ചുപിളരും. പുക കയറി കണ്ണുകലങ്ങും. അയലത്തെ പെണ്ണുങ്ങള്‍ കളിയാക്കുന്നു…’ അങ്ങനെ പോയി യമുനയുടെ വായ്ത്താരി. പക്ഷേ ആനന്ദകൃഷ്ണന് ഗ്യാസ്സെന്നു കേള്‍ക്കുമ്പോഴേ ശ്വാസം മുട്ടും. എത്രപേരെ ഉയിരോടെ ചുട്ട മാരണമാണത്. വാല്‍വ് അടക്കുന്നതില് ലേശമൊരു അശ്രദ്ധ മതി വീട് ചാമ്പലാകാന്‍. ഒരു രാജവെമ്പാലയെ വീട്ടില്‍ വളര്‍ത്തുകയാണ് ഇതിലും ഭേദം. ഭാര്യ പിണങ്ങിപ്പോയാലും ഈ വിന വിലയ്ക്ക് വാങ്ങില്ല-അയാളും തീരുമാനിച്ചു.

തെരുവിന്റെ അങ്ങേയറ്റത്തു താമസിക്കുന്ന ഭൈരവന്‍ ആനന്ദകൃഷ്ണന്റെ ഓഫീസ്സിലെ പ്യൂണാണ്. അയാള്‍ സൈക്കിളിന് പിന്നില്‍ ഗ്യാസ് സിലിണ്ടറുമായി പോകുന്നത് ചൂണ്ടിക്കാണിച്ച് യമുന പുലമ്പി: ‘വെറും പ്യൂണായാലെന്താ, ചില ഓഫീസ്സറന്‍മാരെക്കാള്‍ ബോധമുണ്ട്.’ ആനന്ദകൃഷ്ണന്‍ പല്ലിറുമ്മിപ്പിടിച്ച് നാവിനെ ബന്ധിച്ചു. ഒരു വാക്ക് മിണ്ടിയാല്‍ പൊട്ടിത്തെറിക്കുന്ന പരുവത്തിലായി ആ ദാമ്പത്യം. അതുകൊണ്ട് ആകെ വലഞ്ഞത് കുട്ടികളാണ്. ആരോടും ഒന്നും പറയാന്‍ വയ്യ. വീട്ടിന്‍റെ മുക്കിലും മൂലയിലും കൈബോംബ്പൊതികള്‍ വെച്ചിരിക്കും പോലെ.

ആ മഞ്ഞിന് ആക്കം കൂട്ടിക്കൊണ്ട് വൃശ്ചികമാസം എത്തി. വിരുന്നു പാര്‍ത്ത് ദൈവങ്ങളെ തൊഴാന്‍ ആനന്ദകൃഷ്ണന്റെ അമ്മ വന്നു. വൃദ്ധയ്ക്ക് ആ വീട്ടിലെ അടിയന്തരാവസ്ഥ മനസ്സിലാക്കാന്‍ രണ്ടുനാള്‍ വേണ്ടി വന്നില്ല.

മൂന്നാം ദിവസം ആഫീസില്‍ നിന്നും എത്തിയ ആനന്ദകൃഷ്ണന്‍ യമുനയുടെ മുഖത്ത് പണ്ടെങ്ങോ നഷ്ടപ്പെട്ട പ്രസാദം കണ്ട് വിസ്മയിച്ചു. അയാളെ കണ്ടതും അവള്‍ തെല്ലൊരു നാണത്തോടെ അകത്തേക്കു പോയി. അമ്മ സഹസ്രനാമം ചൊല്ലി കണ്ണുമടച്ചിരിപ്പാണ്.

ആനന്ദകൃഷ്ണന്‍ യമുനയെപ്പററി ചിന്തിച്ചു കൊണ്ടുതന്നെ മോള്‍ കൊണ്ടുവന്ന ചായ നുണഞ്ഞു. അപ്പോള്‍ മോള്‍ ചോദിച്ചു: ‘അച്ഛാ, ചായയ്ക്ക് രുചി വ്യത്യാസമുണ്ടോ?’

ചോദ്യത്തിന് അര്‍ത്ഥം പിടികിട്ടാതെ അയാള്‍ നോക്കി.

‘ഇത് ഗ്യാസില്‍ തിളപ്പിച്ചതാ’

‘ങേ’

അയാള്‍ ചാടിയെണീററ് തുറിച്ചുനോക്കി.

‘അതേന്ന്, അമ്മൂമ്മയാ പണം കൊടുത്തത്. ഏതോ കുറി കിട്ടിയ പണവുമായിട്ടാ അമ്മൂമ്മ വന്നതെന്ന്.’

ഈ ലോകത്തെ പെണ്ണുങ്ങള്‍ ഒന്നാകെ തന്നെ ദ്രോഹിക്കാന്‍ കച്ച കെട്ടി നില്‍ക്കുന്നതായി ആനന്ദകൃഷ്ണന് തോന്നി. അയാള്‍ കപ്പ് മുററത്തേക്ക് വലിച്ചെറിഞ്ഞിട്ട് മുറിയില്‍ ചെന്ന് കമിഴ്ന്നുകിടന്നു.

ഒരു നാഴിക കഴിഞ്ഞപ്പോള്‍ അമ്മ വന്ന് കട്ടിലില്‍ ഇരുന്നു. ഓരോ നാട്ടു വിശേഷങ്ങള്‍ പറഞ്ഞ് അയാളെ ആശ്വസിപ്പിക്കാന്‍ തുടങ്ങി. ഇടയ്ക്ക് അവര്‍ മകന്റെ നെററിയില്‍ തലോടി.

‘അയ്യോ മോനെ, നെററി ചുടുന്നുണ്ടല്ലോ.’

‘വൃദ്ധ ബഹളം വച്ചു. മരുമകളെ വിളിച്ചു. കട്ടന്‍കാപ്പി, മരുന്ന്, പുതപ്പ് — കല്പനകള്‍ പുറപ്പെട്ടു.’

ആനന്ദകൃഷ്ണന്‍ ഒന്നിനും ശക്തനല്ലാതെ വീനീതവിധേയനായി കിടന്നു.

പിറ്റേന്ന് ആഫീസിലെത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഏതോ ഉള്‍വിളിയാല്‍ ടെലിഫോണ്‍ എടുത്തു:

‘യമുന അല്ലേ… ഗ്യാസിന്റെ വാല്‍വ്… ശ്രദ്ധിച്ചോണേ’

അങ്ങേത്തലയ്ക്കല്‍ അവളുടെ ചിരി. പന്ത്രണ്ട് കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു.

‘ഗ്യാസിന്റെ…’

ഇതിനകം അയാള്‍ ഒരു ലക്ഷംതവണ പറഞ്ഞിരിക്കുന്നു… ‘കുട്ടികളെ അതിനടുത്ത് വരാന്‍ സമ്മതിക്കരുത്. ലേശം ലീക്കുണ്ടായാല്‍ മതി…’

ചുററിപ്പടര്‍ന്ന്, ആളിക്കത്തി, ഓടിച്ചിട്ട് ദഹിപ്പിക്കുന്ന ആഗ്നിനാളങ്ങള്‍ സദാ

അയാളുടെ കണ്മുന്നിൽ നാവുനീട്ടി പുളഞ്ഞു. ഓരോ നിമിഷത്തിന്റെ തിരിവിലും അയാൾ മരണത്തിന്റെ ഗന്ധം ശ്വസിച്ചു.

കൂടുതൽ മാരകായുധങ്ങളൊന്നും വരാനില്ലല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണു അളിയന്റെ വരവ്. അച്ഛനോട് കലമ്പി നാടുവിട്ട പയ്യൻ അഞ്ചുകൊല്ലത്തിനുശേഷം വരികയാണ്. ഒറ്റത്തടിയായതുകൊണ്ട് ആനയ്ക്കെടുപ്പത് പണവും കൊണ്ടാവും വരവെന്ന് ആനന്ദകൃഷ്ണൻ കണക്കുകൂട്ടി.

ചേച്ചിക്ക് നഗരത്തിൽ വീടുണ്ടായതിൽ അനിയനു ബഹുസന്തോഷം. ഒരാഴ്ച താമസിച്ചിട്ടേ പോകൂ എന്നൊരു പ്രഖ്യാപനവും നടത്തി.

യമുനയ്ക്കും കുട്ടികൾക്കും പുതിയൊരുണർവ്. അയാളുടെ തമാശകൾ ആനന്ദകൃഷ്ണന്റെ ഭയത്തിനും ഇടവേളകളൊരുക്കി.

ചേച്ചിയ്ക്കും അളിയനും എന്താ വാങ്ങിക്കൊടുക്കുക എന്ന് അവൻ ചിന്തിച്ചു തുടങ്ങി.

‘അളിയൻ പറ. പുതിയ വീടിനു എന്റെ വകയായിട്ട് എന്താ വേണ്ടത്?’

‘ശിവന്റെയോ, സരസ്വതിയുടെയോ ചില്ലിട്ട് വലിയ പടമായിക്കോട്ടെ’. നിവൃത്തിയില്ലാതെ ആനന്ദകൃഷ്ണൻ പറഞ്ഞു.

അതുകേട്ട് ഗൾഫ് മലയാളി ഒരു പരിഹാസച്ചിരി ചിരിച്ചു.

‘കുട്ടികളുമായി ആലോചിക്കാം. അവർക്കാണല്ലോ മോഡേൺ സെൻസുള്ളത്’. അയാൾ അകത്തു പോയി.

ഏതു നീരാളിയെയാവും ഇവൻ പൊക്കിക്കൊണ്ടു വരിക എന്നാലോചിച്ച് ആനന്ദകൃഷ്ണൻ ഉറക്കമിളച്ചു.

പിറ്റേന്ന് ഓഫീസിൽ ചെന്നിട്ടും വേവലാതി മാറിയില്ല. ആയിരമോ രണ്ടായിരമോ രൂപയ്ക്ക് എന്തൊക്കെ സ്ഫോടനയന്ത്രങ്ങൾ വാങ്ങാൻ കഴിയുമെന്ന് സഹപ്രവർത്തകരോട് സംസാരിച്ചു മനസ്സിലാക്കാൻ അയാൾ ശ്രമിച്ചു. വലിയ ദ്രോഹമൊന്നും ഉണ്ടാവാനിടയില്ലെന്ന നിഗമനത്തിലെത്തി ശാന്തചിത്തനായി.

അളിയൻപയ്യൻ എന്തെങ്കിലും വാങ്ങിക്കൊണ്ട് വന്നോ എന്ന് യമുനയോട് ഫോണിൽ തിരക്കാൻ മൂന്നുനാലുവട്ടം തുനിഞ്ഞെങ്കിലും പതിവു ചോദ്യത്തിനപ്പുറം നാവെത്തിയില്ല.

വൈകീട്ട് വീടിന്റെ പടി കടന്നപ്പോഴും വിശേഷിച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്ന് തോന്നിയില്ല. സ്വന്തം മുറിയിലേക്ക് കടക്കുമ്പോൾ കണ്ണ് ഡൈനിങ്ങ്ഹാളിന്റെ മൂലയിൽത്തെളിയുന്ന ചുമന്ന വെളിച്ചത്തിൽ വീണു. ഒരു നെറ്റിക്കൺവെട്ടം. സ്റ്റെബിലൈസറിന്റെ ചെങ്കണ്ണ്. താഴെ ആ ദുഷ്ടമൃഗം. ഫ്രിഡ്ജ്!

ചീഫ് എക്സിക്യുട്ടീവിന്റെ ഭാര്യ അമ്മാൾ ഫ്രിഡ്ജിൽ പിടിച്ചപ്പോഴാണു ഷോക്കടിച്ചത്. നിലത്തു വീഴുമ്പോഴും അമ്മാൾ പിടിവിട്ടില്ല. ശീതപ്പെട്ടി അവരേയും ഉപേക്ഷിച്ചില്ല. ഉടനടി മീതേതന്നെ ചരിഞ്ഞു. നീലച്ചായം ചേച്ച രാക്ഷസനു കീഴെ കിടന്ന് ഞെരിഞ്ഞ് പിടഞ്ഞ് ആ അമ്മാൾ മരവിച്ചു. ആ കിടപ്പ് അയാൾ ഇന്നും ഓർക്കുന്നു.

‘അച്ഛനെന്താ ഇങ്ങനെ നില്‍ക്കുന്നെ?’ — തൊട്ടുണര്‍ത്തിയത് മോളാണ്. അയാള്‍ മുറിയിലേക്ക് തിരിയുമ്പോള്‍ അവര്‍ പറഞ്ഞു: ‘അമ്മാവന്‍ മൂന്നുമണിയുടെ വണ്ടിക്ക് പോയി.’

ബെഡ്ഡില്‍ മലർന്നുകിടക്കെ ആനന്ദകൃഷ്ണന് തലയ്ക്കുമുകളിൽ കറങ്ങുന്ന ഫാൻ പിടിവിട്ട് താഴേയ്ക്കുവീഴുമെന്നു തോന്നി. അയാൾ ബെഡ് നീക്കിയിട്ട് കമിഴ്ന്നു കിടന്നു. രാത്രി യമുന അനിയന്റെ സമ്മാനത്തെപ്പററി പറഞ്ഞു തുടങ്ങിയപ്പോള്‍ അയാള്‍ മുററത്ത് ഇറങ്ങി ഉലാത്തുവാന്‍ തുടങ്ങി. യമുന വിളിച്ചിട്ടും, പരിഭവിച്ചിട്ടും, കെഞ്ചിയിട്ടും അയാള്‍ നടന്നുകൊണ്ടേയിരുന്നു, കോഴി കൂവും വരെ.

ഇന്ന്, എം.ഡി. വിളിച്ചപ്പോള്‍ ഗൗരവമുള്ള എന്തോ ചര്‍ച്ചചെയ്യാനാണെന്നാണ് ആനന്ദകൃഷ്ണന്‍ വിചാരിച്ചത്. ലേശവും വൈകാതെ അങ്ങ് ചെന്നു. പക്ഷേ ആ മുഖം കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി. ശരവര്‍ഷം പോലെയായിരുന്നു ശകാരം.

നിങ്ങള്‍ക്ക് എന്തു പററി? നോട്ടെഴുന്നത് പരസ്പരബന്ധമില്ലാതെ എന്തൊക്കെ വങ്കത്തരങ്ങള്‍. എത്ര ഫയല്‍ തന്റെ മേശപ്പുറത്ത് അടയിരിപ്പുണ്ടെന്ന് അറിയാമോ? എന്തിനാണ് ആഫീസിലെ ഓരോരുത്തരോടായി അവരുടെ വീട്ടില്‍ മിക്സിയുണ്ടോ, ഗ്യാസുണ്ടോ എന്നൊക്കെ തിരക്കുന്നത്? ‘നല്ല സുഖമില്ലെങ്കില്‍ അവധിയെടുക്കൂ. അല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങിപ്പിരിയൂ…’

എന്തെങ്കിലം സമാധാനം ബോധിപ്പിക്കാന്‍ ആനന്ദകൃഷ്ണന്‍ ഒരുങ്ങുമ്പോഴേക്കും എം. ഡി. ഗര്‍ജ്ജിച്ചു.

‘കടന്നു പോകൂ’.

വിഷണ്ണനായി ലിഫ്ററിന് കാത്തു നിന്നു. അപ്പുറത്തു കുറെ കീഴ്ജീവനക്കാരികള്‍ വായ്തോരാതെ എന്തോ പറയുന്നു. ചിരിക്കുന്നു. അവര്‍ക്ക് കാത്തു നില്‍പും ഒരു രസം.

ഒന്നിലും മനസ്സുറയ്ക്കാതെ ആനന്ദകൃഷ്ണന്‍ വട്ടം കറങ്ങി നില്‍ക്കെ, മഹാനുഗ്രഹം പോലെ ലിഫ്ററ് എത്തി. അതിനകത്തേക്കു പാഞ്ഞുകയറുമ്പാള്‍ ആ പെണ്ണുങ്ങളില്‍ ഒരുത്തി തെല്ലുറക്കെത്തന്നെ പറഞ്ഞു.

‘ഇതിലെങ്ങനെ വിശ്വസിച്ചു കയറുമപ്പാ! കറണ്ടു പോവുകയോ കയറററു വീഴുകയോ ചെയില്ലേ…’

ലിഫ്ററ് അനങ്ങിത്തുടങ്ങിയപ്പോള്‍ അവരുടെ കൂട്ടച്ചിരി.

സ്വന്തം മാളത്തില്‍ എത്തിയ ഉടനെ ആനന്ദകൃഷ്ണന്‍ ഫോണെടുത്തു. ഗൗരമാര്‍ന്ന ചൊദ്യം — ‘യമുനയല്ലേ, വിശേഷം വല്ലതും…?’

പിന്നെ ശാന്തനായി പറഞ്ഞു —

‘ഇവിടെയുമങ്ങനെതന്നെ.’