close
Sayahna Sayahna
Search

ആശ്രമരൃഗങ്ങൾ


ആശ്രമരൃഗങ്ങൾ
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

വെയിലിന് അപ്പോഴും കുളിരു മാറിയിരുന്നില്ല. കൈകള്‍കൊണ്ടു കാല്‍മുട്ടുകളെ മാറോടണച്ചുബന്ധിച്ച് മുഖം കാല്‍മുട്ടുകള്‍ക്കിടയില്‍ പൂഴ്ത്തി, കഴുത്തിനു കീഴ്‌ഭാഗം ഒരു മുഷിഞ്ഞ വേഷ്ടികൊണ്ട് പൊതിഞ്ഞ്, ആ ആശുപത്രി വരാന്തയില്‍ വേലുആശാന്‍ സ്വസ്ഥനായി ഇരുന്നു. ആ ഇരുപ്പിന്റെ സുഖത്തില്‍ അല്പാല്പം ചാഞ്ചാടി.

അയാള്‍ക്കഭിമുഖം വിക്രമന്‍പിള്ളസാര്‍ മുററത്തേക്ക് ഒരു കാല്‍ തൂക്കി, ആശയഗംഭീരനായി സ്ഥിതി ചെയ്തു. ഭസ്മം പൂശിയ ആ വിശാലനെററിത്തടത്തിലെ ഞൊറികള്‍ ആശാന്റെ ഇരുപ്പും ചാഞ്ചാട്ടവും സാറിന് തെല്ലും രുചിക്കുന്നില്ലെന്നു വ്യക്തമാക്കിയിരുന്നു. ഈ ഭാവപ്രകടനംകൊണ്ട് ആശാന്‍ കുലുങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ പിള്ളസാര്‍, സൂര്യഭഗവാനെ ഒന്നു കടാക്ഷിച്ചിട്ട് ആശാനെ നോക്കി, പരുക്കന്‍ സ്വരത്തില്‍ പറഞ്ഞുതുടങ്ങി.

“എടോ ആശാനെ, അരുണോദയവും സൂര്യോദയവും കഴിഞ്ഞു. താന്‍ ഇതെന്തൊരിരുപ്പാ? മലമ്പനി പിടിച്ച മൂശേട്ടയെപ്പോലെ, മോന്തയിലിത്തിരി വെള്ളം ഒഴിക്കാതെ. അശ്രികരം.”

അതുവഴി ബക്കററും തുളളിച്ച് ചാടിക്കടന്നുപോയ മദ്ധ്യവയസ്ക്കയായ കറുമ്പിവാര്‍ഡറേയും, കാപ്പിമൊന്തിയുമേന്തി താളംതുള്ളിഒഴുകിപ്പോയ പെൺകിടാങ്ങളേയും സ്നേഹപുരസ്സരം തലചെരിച്ചൊന്നു നോക്കിയിട്ട് ആശാൻ കരവലയം ഒന്നുകൂടി മുറുക്കി സാവേരിയിൽ മൊഴിഞ്ഞു. “പിള്ളസാറു ചെറുപ്പം. അതുപോലാണോ ഈ ആശാൻ! എഴുപതും ഏഴുമാസവും കഴിഞ്ഞു… അല്ലേൽ ഈ മോന്തയും കൊണ്ടങ്ങ് ഓടിച്ചെന്നേച്ചാ മതി. കുളിമുറീലും, പൈപ്പിന്റെ മൂട്ടിലും ആളൊഴിയണ്ട്യോ. നാളെ ചാവാൻ പോണവനും നമ്മക്കാണുമ്പോ മൂഞ്ചി കറുക്കും.അവന്റെയൊക്കെ തന്തേടെ വക തിന്നാൻ വന്നുകെടക്ക്ണപോല നോട്ടം.” ആശാൻ ശരീരമനങ്ങാതെ ഒന്നു പൊന്തിച്ചു തുപ്പി.

വരാന്തയുടെ മറ്റേയറ്റത്തുനിന്ന് ശ്രീമതി കൗസല്യാദേവി വരുന്നതു കണ്ട് വിക്രമൻപിള്ള സാർ ഈ വിഷയം മറന്നു. “ആശാനേ. കണ്ടോ കൗസല്യാദേവി. ദാ ശുഭ്രവസ്ത്രാലംകൃതയായി എഴുന്നള്ളുന്നു. ‘കിമു കിന്നരി കിമു സുന്ദരീ’ ന്നല്യോ കെളവീടെ പുറപ്പാട്.”

ആശാൻ ഒന്നു തല ഉയർത്തി നോക്കി. ഒരു മഹാരഹസ്യത്തിന്റെ സ്വകാര്യതയിൽ പറഞ്ഞു. “ഇന്നലെ ടിയാൾക്ക് പെൻഷൻപണം വന്നു. ആ പുളീടെ മറവിലുനിന്നു ഒപ്പിട്ടു വാങ്ങിക്ക്ണതു ഞാൻ കണ്ടു. ഇനി അഞ്ചാറു ദെവസം രാവിലെ വെള്ളയപ്പവും ഇറച്ചീമില്ലാതെ വെള്ളമെറങ്ങൂലാ.”

കൈയിലൊരു കാപ്പിമൊന്തയുമായി കൗസല്യാദേവി അവരെക്കടന്നുപോയി. ആശുപത്രിയുടെ മോന്തായത്തിലിരുന്നു മാടപ്രാവുകൾ നീട്ടിക്കുറുകി.

ഏതോ കുസൃതി മനസ്സിൽ മൊട്ടിട്ടതിന്റെ ഉഷാറിൽ പിള്ളസാർ ചോദിച്ചു. “ നമ്മുടെ സ്വർണ്ണപ്പല്ലൻ ഗീവർഗ്ഗീസു പോയിട്ട് മാസം ഒന്നായല്ലോ. ഇനി റിട്ടേൺ ട്രിപ്പില്ലായിരിക്കും.”

രണ്ടു ചാൽ ചാഞ്ചാടി ആശാൻ ചൊല്ലി. “വരും, വരാതെ എവിടെപ്പോവാനാ. കൊയ്ത്തു വരുമ്പോ പതിവുള്ളതല്ലിയോ ഈ പോക്ക്. നെല്ല് അറയിലാക്കി, വയ്ക്കോലും വിറ്റ് അതിയാനിങ്ങു വരും. പിന്നേം കൃഷിസമയമാവുമ്പോ ഓടിപ്പോവും.”

“അയാളീ കാശൊക്കെ എന്തു ചെയ്യുകാ” പിള്ളസാർ ന്യായമായ സംശയം ആവർത്തിച്ചു.

ആശാൻ ഇളകി ചിരിച്ചു.

“അതേയുള്ളോ സംശയം… ബാങ്കിൽ… ഗീവർക്കിയെപ്പോലുള്ളവരു കൊടുക്കാതെ ബാങ്കിനു പണമെവിടുന്നാ?”

വരാന്തയുടെ തലയ്ക്കൽനിന്നൊരു ചുമ പൊങ്ങി. ഏതോ പാതാളഗുഹയിൽ നിന്നുയരുന്ന ഹുങ്കാരം പോലെ. ചുമ. ഏങ്ങൽ. പിന്നെയും ചുമ.

“കഷ്ടാൽകഷ്ടം മമ്മതിന്റെ സ്ഥിതി! എന്നേ ആസന്നമരണൻ! എന്നാലൊട്ടു നാകം പൂകത്തുമില്ല!” -വിക്രമൻപിള്ള അങ്ങോട്ടുനോക്കി സഹതപിച്ചു.

“ആയകാലത്ത് എത്ര ആടിന്റെ കഴുത്ത് കരുകരാന്ന് വെട്ടിത്തള്ളിയവനാ. ആ പാപമൊക്കെ കൊരച്ചും വലിച്ചും തീരട്ടേന്ന്.” ആശാൻ പുഞ്ചിരി തൂകി.

“എടോ ആശാനേ, കണ്ണിച്ചോരയില്ലാത്ത ഈ ഭാഷണം നിറുത്ത്. ഇവിടെ ചേക്കേറിയിരിക്കണ വൃദ്ധസമൂഹത്തിൽ യഥാർത്ഥരോഗി അവനൊരുത്തനേയുള്ളൂ.”

അകലെനിന്ന് ഹെഡ്നേഴ്സ് അന്നാമ്മ അടിയൊന്നിനു രണ്ടു ഉഗ്രശാസനകളുതിർത്ത് തിമർത്തു വരുന്നതു കണ്ട് ആശാൻ കാൽമുട്ടുകളുടെ കെട്ടുപ്പൊട്ടിച്ച് നീണ്ടുനിവർന്നു. ഒരു വിശുദ്ധമന്ത്രത്തിന്റെ ചേലിൽ മുരണ്ടു-

“ഇരമ്പി വരണൊണ്ട് പാതാളഭൈരവി…”

വിക്രമൻപിള്ള അതു കേട്ടില്ലെന്നമട്ടിൽ പുളിമരച്ചില്ലകളിൽ കണ്ണുനട്ടു.

അന്നാമ്മ അടുത്തെത്തിയപ്പോൾ ആശാൻ ഹൃദ്യമായി എതിരേറ്റു. “വണക്കമൊണ്ടെന്റെ അന്നാമ്മ സിസ്റ്ററേ.”

അന്നാമ്മ ഫ്ലോറൻസ് നൈറ്റിംഗ്ഗേലായി. തന്നിലേക്കു തിരിയാത്ത പിള്ളസാറിന്റെ കവിൾത്തടം നോക്കി കളിവാക്കിന്റെ ശയ്യയിൽ ചോദിച്ചു- “നമ്മുടെ വാദ്ധ്യാരെന്താ പെമ്പിള പെണങ്ങിപ്പോയ മട്ടിലിരിക്കുന്നെ?”

പക്ഷേ പിള്ളസാർ ചലിച്ചില്ല. അന്നാമ്മ തുടർന്നു- “കേട്ടോ ആശാനേ, ഇനീപ്പോ എല്ലാം ഒന്നോടെ കുടിയിറങ്ങേണ്ടതുതന്നെ. പുതിയ സൂപ്രണ്ടദ്ദേഹം വന്നിട്ടൊണ്ട്. ഒക്കെ പട്ടാളച്ചിട്ടയാ. ഇന്നലെ ആർ. എം. ഓയെ വിളിച്ചു സുഖമായങ്ങു വെരട്ടി. റോളിൽ പേരില്ലാതെ കെടക്ക്ണ എത്രയെണ്ണമുണ്ടെന്നു ചോദിച്ചു. ഇതിനൊക്കെ പാലും, മുട്ടേം, റൊട്ടീം, ഊണും ഏതുവകേലാ കൊടുക്കുന്നതെന്ന് ഉടനെ ബോധിപ്പിക്കണമെന്ന്.”

സിസ്റ്ററിന്റെ ഓരോ വാക്കും പിള്ളസാറിന്റെ മേൽ കൂരമ്പായി തറഞ്ഞു. ആ മുഖം താനെ തിരിഞ്ഞു. ആ കണ്ണുകൾ പരവശമായി അന്നാമ്മയിലേക്കു ചാഞ്ഞു. സിസ്റ്റർ ആ മാന്യദേഹത്തിൽ ഒരു കള്ളനോട്ടത്തിന്റെ ഇക്കിളി അർപ്പിച്ചു തുടർന്നു. “പണ്ടെന്നോ ഗ്രാന്റുസ്കൂൾ വാദ്ധ്യാരായിരുന്നെന്നു പറഞ്ഞാലൊന്നും ഈ സൂപ്രണ്ടദ്ദേഹം കനിയൂലാ. ഡയബറ്റീസും കൊണ്ടു ജനിച്ച മൂന്നു പെമ്പിള്ളേരൊണ്ടല്ലോ- ശാലിനീം റെംലത്തും ഫ്ലോറിയും. അതുങ്ങളേം ഇറക്കി വിടാൻ പോകുവാ.”

പിള്ളസാർ ഞെട്ടിവിറച്ച് ശബ്ദമിടറി ചോദിച്ചു. - “ഈ ധർമ്മാശുപത്രീന്ന് ബഹിഷ്കരിച്ചാൽ ആ പൈതങ്ങൾ എവിടെപ്പോകും? എവിടെന്നു ഇൻസുലിനെടുക്കും?”

“അതൊന്നും സർക്കാരിനും സൂപ്രണ്ടിനുമറിയേണ്ട സാറേ. റോളിൽ പേരില്ലാത്ത സ്ഥിരവാസക്കാരെയെല്ലാം തൂത്തുവാരിയങ്ങു കളയും” അന്നാമ്മ ഒരു സർക്കാർ ഗൗരവം പൂണ്ടു നിന്നു.

മമ്മതിന്റെ ചുമ വീണ്ടൂം ഉയർന്നു. നേഴ്സ് അയാളെ ഒരു അശുദ്ധവസ്തുവിനെയെന്നോണം നോക്കിയിട്ട് അലറി. “വരാന്തയൊക്കെ തുപ്പി വൃത്തികേടാക്ക്. ഇന്നു തന്നെക്കൊണ്ടുതന്നെ ഞാൻ കഴുകിക്കും… ശവം, കൊരയ്ക്കണ കൊര കേട്ടോ. പക്ഷേൽ കൈയ്യിലിരിക്ക്ണ ബീഡി കളയുന്നോന്ന് നോക്ക്. കൊര- വലി- പിന്നേം കൊര. വർക്കത്തുകെട്ടവൻ” അന്നാമ്മ മുഖം വെട്ടിത്തിരിച്ചു.

“അവൻ പറയണത് പൊക രണ്ടു പിടിക്കുമ്പോ ചുമ ഒന്നു കുറയുമെന്നാ”

“അതെയതെ. ഈ വലി തീരും. വലിയ താമസം വരൂല” നേഴ്സ് ധൃതിയിൽ നട തുടർന്നു.

മമ്മതിന്റെ ചുമ ആശുപത്രി ഒന്നാകെ മുഴങ്ങി. പുതുമുഖങ്ങൾ കഷ്ടം വച്ച് നോക്കി നിന്നു. ശാലിനി ഏതോ വാർഡിൽനിന്നും ഓടിയെത്തി, വൃദ്ധന്റെ പുറം തലോടിക്കൊടുത്തു. ശ്വാസം തെല്ലു സ്വാധീനമായപ്പോൾ മമ്മതു തേങ്ങി. “മോളേ, ഇത് ഒടുക്കത്തെ വലിയാ, മോളു കൈ വെറുതെ നാശമാക്കണ്ടാ”

അവളതു ചെവിക്കൊള്ളാതെ തടവിനിന്നു. ചുമ തെല്ലുനിന്നപ്പോൾ അയാളെ താങ്ങി ചുമരിൽ ചാരിയിരുത്തി; നെഞ്ഞുഴിഞ്ഞുകൊടുത്തു.

“ഈ പിള്ളാരെ ആ അസുരൻ ഇറക്കിവിടുകയാണെങ്കിൽ നമുക്കു ചെറുക്കണം. എന്തു വില നൽകിയും തടയണം” പിള്ളസാറിരുന്നു തിളച്ചു.

ഫ്ലോറിയും, റംലത്തും ഏതോ തമാശകൾ പറഞ്ഞു ചിരിച്ചുകൊണ്ട് അതുവഴി വന്നു. അവരുടെ ഉല്ലാസം കണ്ടപ്പോൾ പിള്ളസാറിന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം രണ്ടാംമുണ്ടിന്റെ തുമ്പു കൊണ്ടു മുഖം മറച്ചു. വേലുആശാൻ വിക്കിവിക്കി ചോദിച്ച്യ്.

“മക്കൾ… ഒരു..”

പിള്ള നേര്യതു മാറ്റി ആശാനെ രൂക്ഷമായൊന്നു നോക്കി. അവരോടാ വർത്തമാനം പറയരുതെന്നു കണ്ണുകൊണ്ടു വിലക്കി.

ഫ്ലോറി ആശാന്റെ അടുത്തു ചെന്നു നിന്നു. “അമ്മാവൻ എന്തോ പറയാൻ വന്നിട്ട് നിറുത്തിക്കളഞ്ഞതെന്ത്?”

ആശാൻ ബദ്ധപ്പെട്ട് ഒരു വിളറിയ ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു. “ഒന്നുമില്ല മോളേ, നിങ്ങൾ രാവിലെ എങ്ങോട്ടാ യാത്രയെന്ന് ചോദിക്ക്യാരുന്നു.”

ആ പെൺകുട്ടി ഫ്ലാസ്ക് ഉയർത്തിക്കാട്ടി. “ചായ വാങ്ങാൻ പോണു, പേ വാർഡിൽ കെടക്ക്ണ ചേച്ചിമാർക്ക്.”

“എന്നാൽ വാങ്ങിച്ച് ചൂടാറാതെ കൊണ്ടുക്കൊടുക്കിൻ”

ആശാൻ അവരെ യാത്രയാക്കി.

കുട്ടികൾ അകലെയായപ്പോൾ അയാൾ പിള്ളസാറിനോടു പറഞ്ഞു. “വാർഡിൽ കെടക്ക്ണവർക്കീ പിള്ളേർ വല്ല്യ സഹായമാ. അവരു വല്ലതും കൊടുക്കുകയും ചെയ്യും. കൂട്ടില്ലാത്ത പെണ്ണുങ്ങൾക്കു കൂട്ടിരിപ്പും ഇതുങ്ങളാ. ഒന്നിനും ദുർമുഖമില്ല. ചുമ്മാണ്ടിരിക്കുമ്പോ പ്ലാസ്റ്റിക് കുട്ടയും സഞ്ചീം നെയ്തു പത്തു കാശുമൊണ്ടാക്കും. ആ ഫ്ലോറീടെ കഴുത്തിൽ കിടക്കുന്ന ചെയിൻ അങ്ങനെ ഉണ്ടാക്കിയതാ.”

വിക്രമൻപിള്ള അഗധമായ ദു:ഖചിന്തയിലാണ്ടതുപോലെ ഇരുന്നു. ഇത്തിരിക്കഴിഞ്ഞ് സ്വഗതമെന്നോണം പുലമ്പി- “ജന്മശാപം പിടിച്ച ശിശുക്കൾ. ഇവർക്കീ ജീവിതത്തിലെന്തു പ്രതീക്ഷയാണു?. ഞരമ്പിൽ ഇൻസുലിനും കയറ്റി എന്നുമെന്നും…” അദ്ദേഹം കണ്ണീരൊപ്പി ഗദ്ഗദമടക്കി. “ഇവരുടെ മാതാപിതാക്കളാരും അന്വേഷിച്ചു വരാറില്ലെ?”

ആശാൻ ഒരു ഇരുണ്ട ചിരി ചിരിച്ചു. “ അതെന്തിനാ സാറെ, ഇതു പള്ളിക്കൂടമാണോ? നാളെ ഒതകുമെന്നു പ്രതീക്ഷയില്ലാത്ത ഒരു ജന്തൂനേം ആരും തിരിഞ്ഞുനോക്കൂലാ.”

കൗസല്യാദേവി മടങ്ങിവരുന്നതുകണ്ട് ആശാൻ വീണ്ടും ഉഷാറായി. “കൗസല്യയമ്മോ, കാപ്പികുടി കേമമായോ?” അവർക്കാ ചോദ്യം ഇഷ്ടപ്പെട്ടില്ല. “ഞാൻ അമ്പലത്തിൽ പോയതാ.”

“ദൈവത്തെ കണ്ടിട്ടു വന്നാൽ മസാല മണമടിക്കുമോ സാറേ?” - ആശാൻ വിടാൻ ഭാവമില്ല.

കൗസല്യാദേവി ഈർഷ്യകലർന്ന ഒരു നോട്ടമെറിഞ്ഞ് പോകാനൊരുങ്ങി. ആശാൻ തുടർന്നു.. “ പെണങ്ങാതെ പെങ്ങളേ, ഇന്നലെ പെൻഷൻ വന്നത് ഞങ്ങളുമറിഞ്ഞു. ഇനി നാലഞ്ചുദിവസം വെളുപ്പിനെ ഭഗവാനെ ചെന്നുകാണുമെന്നും അറിയാം.”

“പണ്ട് മലയാളം മുൻഷിയായിരുന്നതിന്റെ പെൻഷൻ പിള്ളസാറിനും കിട്ടുന്നുണ്ടല്ലോ.”

വിക്രമൻപിള്ള യാന്ത്രികമായിപ്പറഞ്ഞു:

“അതെയതെ. പെൻഷനും വാങ്ങി, വിയർത്തൊലിച്ചിവിടെ വരുമ്പോ ശ്രീമതി കൗസല്ല്യ കണ്ടിട്ടില്ലേ? എന്റെ മക്കളു സ്വീകരിക്കാൻ കാത്തുനിൽക്കുന്നത്. മൂത്തമോൾ രണ്ടു പിള്ളാരേംകൊണ്ടാ വരവ്. പിന്നെ നാടു ഭരിക്കാൻ നടക്കണ ഏകപുത്രൻ. സർക്കാരുദ്യോഗസ്ഥന്റെ സഹധർമ്മിണിയായ കനിഷ്ഠപുത്രിയും തീയ്യതി തെറ്റാതിങ്ങു വരും. ഇങ്ങനെ എല്ലാ മാസവും കൃത്യമായി അച്ഛനെ ദർശിക്കാൻ വരുന്ന സന്താനങ്ങൾ വേറെ ആർക്കെങ്കിലുമുണ്ടോ? ഡി. എ. കൂടുന്നതനുസരിച്ച് അവരുടെ വിഹിതവും കൂട്ടണം.”

കൗസല്ല്യ പറഞ്ഞു: “ സാറെ എനിക്ക് അരുമയ്ക്കരുമയായി ഒരു

സന്തതിയേയുള്ളൂ. അവൻ പോസ്റ്റുമാനെ ചട്ടം കെട്ടിയിട്ടുണ്ട്. ഇന്നോ നാളെയോ മണം പിടിച്ചു വരും. മൂക്കറ്റം കുടിച്ചോണ്ടേ വരൂ. അവൻ ഗേറ്റിലെത്തുമ്പോ ഞാൻ പൈസയുംകൊണ്ടങ്ങു ചെല്ലും. അതാ നിങ്ങളാരും അവനെ കാണാത്തത്.”

ആ സ്ത്രീയുടെ കണ്ണുനിറഞ്ഞു.

പെട്ടന്നോർത്തപോലെ ആശാൻ ചോദിച്ചു. “അന്നാമ്മനേഴ്സ് പറഞ്ഞില്യോ വരാൻ പോന്ന പൂരം. പുതിയ സൂപ്രണ്ട് നമ്മളെ പടിയെറക്കിയേ അടങ്ങൂ എന്ന്.”

കൗസല്യ ആ ഭീഷണിയെ പുച്ഛിച്ചു തള്ളി. “പിന്നെ പടിയിറക്കും! ഈ കൗസല്യ ഇവിടെ വന്നത് ഇന്നും ഇന്നലേമല്ലാ, വർഷം ഏഴായി, കേട്ടോ. സൂപ്രണ്ടല്ലാ, ഡയറക്ടർ വന്നാലും ഞാൻ പോവൂല്ലാ.”

ഒരു നിമിഷം ഒന്നു നിറുത്തി ആവേശം ആറ്റിയിട്ട് കൗസല്യ സ്വയം ചോദിച്ചു. “അല്ലെങ്കിൽ എവിടെപ്പോകാൻ.. ഏതു സ്വർഗ്ഗത്തിൽ?”

ആശാനും പിള്ളയും മൗനം പൂണ്ടിരുന്നതുകൊണ്ടാവാം, കൗസല്യദേവി നടന്നു.

ഒൻപതുമണിക്കു പാലും റൊട്ടിയും മുട്ടയും വരാന്തയിലൂടെ ഉരുണ്ടപ്പോൾ, ആശാനും പിള്ളയും മമ്മതും അതിനെ സ്വീകരിക്കാൻ തയ്യാറായിനിന്നു. അവർക്കു താഴെ, മുറ്റത്ത്, വായുംപൊളിച്ച് ചില നായ്ക്കളും.

എതിർവശത്തെ വാർഡിന്റെ വരാന്തയിൽനിന്ന് ഒരു പയ്യൻ നായ്ക്കളെ എറിഞ്ഞു. ഏറുകൊണ്ട് ചിലതു ഞെരങ്ങി. ഒരെണ്ണം കാലുമുടന്തി ചാടി. എങ്കിലും ഒരു നായ്പോലും സ്ഥലം വിട്ടില്ല. നോട്ടം തിരിച്ചുമില്ല.

പാലൊഴിച്ചു കൊടുക്കുമ്പോൾ അറ്റൻഡർ വഞ്ചിപ്പാട്ടായി ചൊല്ലി- “അവസാനത്തെ തീറ്റയാണിത്.. ഏലസ്സാ…” ഒരു വൃദ്ധനും അതിനു പ്രതികരിച്ചില്ല. ഒരുവേള അവരുടെ മനസ്സുമൂളിയിരുന്നതും അതു തന്നെയാവാം. അവർ പാലും റൊട്ടിയും വാങ്ങി തിരിഞ്ഞപ്പോൾ സ്വർണ്ണപ്പല്ലുകാട്ടി ചിരിച്ചുകൊണ്ട് ഗീവർഗ്ഗീസ് മുന്നിൽ!- “എന്റെ കപ്പ് കണ്ടില്ല”

“താനെവിടാ വച്ചിട്ടു പോയെ?” ആശാൻ ചോദിച്ചു.

“ആ ഡ്യൂട്ടിറൂമിന്റെ മൂലേൽ”

“അതെ, ഒരു നീല…”

“ആരോ എടുത്ത് കക്കൂസിലിട്ടിരിക്കും. ഇന്നലെ അവിടൊരു നീലമഗ്ഗ് കണ്ടു” സാർ പുഞ്ചിരിയോടെ പറഞ്ഞു.

“തന്റെ പഴയ ചരക്ക് കൗസല്യാദേവിയോട് പോയി ചോദിക്ക്. മൂപ്പത്തി ഇന്നു ലേശം ഗമേലാ” ആശാൻ ഇതൊരവസരമാക്കി.

ഗീവർഗ്ഗീസ് നാണംപൂണ്ടു ചിരിച്ചോണ്ടു പറഞ്ഞു. “ഇപ്പഴത്തേക്ക് താൻ വേഗം കുടിച്ചോണ്ട് ആ പാത്രമിങ്ങ് താ.”

‘മുട്ട പുഴുങ്ങണ്ടേ, പാലു ചൂടാക്കണ്ടേ’ എന്നു ചോദിച്ചുകൊണ്ട് രണ്ടു കുട്ടികൾ അവരുടെ മുന്നിൽ വന്നുനിന്നു.

വൃദ്ധർ മൂവരും മുഖത്തോടുമുഖം നോക്കി. ‘വേണ്ടെ’ ന്ന് പരസ്പരം തലയാട്ടി.

“ഇന്നു വേണ്ട.” ആശാൻ മുട്ട പൊട്ടിച്ച് വായിലൊഴിച്ചിട്ട് ഒരു പ്രതിഷേധപ്രകടനം പോലെ തോട് വലിച്ചെറിഞ്ഞു.

മുട്ടത്തോടിന്റെ പതിവുകാരായ കാക്കകൾ പുളിമരച്ചില്ലുകളിൽനിന്നു പാറിവന്നു.

പ്രാതൽ കഴിഞ്ഞ് അവർ വീണ്ടുമാ വരാന്തയിൽ വട്ടംകൂടി ഇരുന്നു. അന്നാമ്മ സിസ്റ്റർ മുഴക്കിയ ഭീഷണിയറിഞ്ഞ് ഗീവർഗ്ഗീസ് തേങ്ങിക്കരഞ്ഞു.

“എടോ പൂവൊന്നിനു പത്തുനൂറുപറ നെല്ലു കിട്ട്ണ താനെന്തിനാ മോങ്ങണെ? ഈ ആശുപത്രിവാട പിടിക്കാണ്ട് വീട്ടിൽ കെടന്നൂടെ”. ആശാന്റെ ആ ചോദ്യത്തിനു ഗീവർഗ്ഗീസ് മറുപടി പറഞ്ഞില്ല. അയാളുടെ ഏങ്ങലടിക്കു വീര്യം കൂടി.

കുറച്ചു നേരത്തേയ്ക്ക് ആരും ഒന്നും മിണ്ടിയില്ല. സൂപ്രണ്ടിന്റെ കാർ പോർട്ടിക്കൊവിൽ വന്നു നിന്നപ്പോൾ അവർ പരിഭ്രമിച്ചെണീറ്റു. തൂണിന്റെ മറപറ്റി ശ്വാസമൊതുക്കി നിന്നു. അദ്ദേഹം കടന്നുപോയപ്പോൾ വീണ്ടും യഥാസ്ഥാനത്തു വന്നിരിപ്പായി.

“മൊകം കണ്ടിട്ട് പാവങ്ങളൊട് അലിവൊള്ളവനാന്നാ തോന്നണെ”- ഗീവർഗ്ഗീസ് പറഞ്ഞു.

“ഒന്നും നാം കാണുമ്പോലല്ലാ വർഗ്ഗീസേ” പിള്ളസാർ ഒരു തത്വചിന്താശകലം ഒടിച്ചെടുത്തു.

“അതെയതെ, ഇപ്പോ എനിക്കുമതു ബോധിച്ചു.” ..അപ്രതീക്ഷിതമായ ആ നാദം എവിടെനിന്നാണെന്ന് മൂവരും നോക്കി.

പിത്തളഫ്രെയിമുള്ള കണ്ണടച്ചില്ലിനുമേലെ ചിരിക്കുന്ന കണ്ണുകളുമായി ദാമോദരൻനമ്പി നിൽക്കുന്നു.

“തന്നെ പിന്നേം ഇങ്ങു കെട്ടിയെടുത്തോ?” ആശാൻ കയർത്തു.

“വേറെ എവിടെ പോകാനെടോ” നമ്പി ചിരിച്ചു.

“അതെ. ഇതുതന്നെയാ കൈലാസം” പിള്ളസാറിനും അരിശം.

“പുറംലോകമൊക്കെ പരാതി കൊടുത്തു സ്വർഗ്ഗമാക്കിയോ?” ഗീവർഗ്ഗീസു ചോദിച്ചു.

“ങാ. ഒരുവിധം… നെറികേട് എവിടെക്കണ്ടാലും ഈ നമ്പി എതിർക്കും. അവകാശങ്ങൾ നെല്ലിട ചോരാതെ പിടിച്ചു പറ്റും. അതെന്റെ രക്തത്തിൽ ചേർന്ന ഗൊണമായിപ്പോയി. തന്തനമ്പി ഒരു പോലീസായിരുന്നു…”

“മതി പുണ്യപുരാണം” പിള്ളസാർ നമ്പിയെ രൂക്ഷമായി ഒന്നു നോക്കി.

“തന്നെ എന്തിനാ ഇവിടെന്ന് ഓടിച്ചതെന്ന് ഓർമ്മയുണ്ടോ?” ആശാന്റെ സ്വരത്തിൽ വെറുപ്പ് സ്പഷ്ടമായിരുന്നു.

“റൊട്ടി 400 ഗ്രാം വേണമെന്ന സർക്കർ നിയമം കരാറുകാരൻ തെറ്റിച്ചതും, പ്രസ്തുത അഴിമതിക്ക് ആശുപത്രി അധികാരികൾ കൂട്ടുനിന്നതും തെറ്റല്ലല്ലോ? എന്റെ പേനയുടെ ബലംകൊണ്ട് ഇരുപതുഗ്രാമിന്റെ ഗുണം ദിവസവും നിങ്ങൾക്കു കിട്ടുന്നില്ലേ?”

“താൻ ഒരു കംപ്ലയിന്റേ അയച്ചുള്ളൂ അല്ലേ?” വിക്രമൻ പിള്ള ക്ഷോഭിച്ചു.

“ചൂടാകണ്ട സാറെ, കക്കൂസ് വൃത്തിയാക്കാത്തതും മരുന്നു കടത്തുന്നതുമൊക്കെ എഴുതി അയച്ചതിലെന്താ തെറ്റ്? ഇപ്പോ പ്രാണായാമം ചെയ്യാതെ കക്കൂസിലിരുന്നുകൂടെ? ഈ നമ്പി അയച്ച ഒരു പരാതിക്കെങ്കിലും സമക്ഷത്തിൽനിന്നും അന്വേഷണം വരാതിരുന്നിട്ടുണ്ടോ?”

“എടോ തൂപ്പുകാരൻ ആണ്ടി മുതൽ സൂപ്രണ്ടുവരെയുള്ളവരുടെ വായിലിരിക്കുന്നതു ഞങ്ങളാ കേട്ടത്. ഇനാം പറ്റി ഭുജിച്ചോണ്ട് പതുങ്ങിക്കെടക്കാതെ പിടിച്ചുപറ്റാൻ ചാടിയാൽ തെരുവുതെണ്ടാം.” പിള്ള അരിശം അടങ്ങാൻ തൂണിൽ കൈകൾ പിണച്ചു.

“പൊന്നു സാറെ, പത്തുനാല്പതുകൊല്ലം കോടതി വരാന്തയിലിരുന്നിട്ട് ഹർജ്ജികളെഴുതിയവനല്ല്യോ. അതൊരു ശീലമായിപ്പോയി. ഞാൻ ചെന്നാ തോമസ് ഡോക്ടറെ കണ്ട് ഒരു ചീട്ട് വാങ്ങിക്കട്ട്…” നമ്പി പോകാനൊരുങ്ങി.

“തോമസ് ഡോക്ടറോ? തന്റെ പരാതി അയാളെ കൊല്ലം കടത്തിയത് അറിഞ്ഞില്ലെയോ?” ആശാൻ ചുണ്ട് കോട്ടി ചിരിച്ചു.

നമ്പി കൃതകൃത്യനായി തെല്ലുനേരം നിന്നു. മമ്മത് ചുമയ്ക്കിടയിൽ മൊഴിഞ്ഞു. “ആ തോമസ് സാർ മനുഷ്യപ്പറ്റുള്ളവനാരുന്നു.”

“ശരി. ഞാൻ ചെന്ന് ആ ശങ്കരൻ ഡോക്ടറെ കാണാം. അയാളും അമ്പലവാസിയാ. ആട്ടിയാലും ചവിട്ടിയാലും സാരമില്ല. ചീട്ടുവാങ്ങിക്കൊണ്ടേ വരൂ.” നമ്പി നടന്നു.

മമ്മത് ചുമച്ചു ചുമച്ച് ഗോളാകൃതിയിലെത്തും. പിന്നെ തൂണിൽ ഒരു കയ്യൂന്നി നിവർന്ന് ഊർദ്ധം വലിക്കും. പിന്നെയും അയാളെ ചുമ അണ്ഡാകൃതിയിലക്കും. ആശാനും സാറും ആ പ്രക്രിയ സഹതാപപൂർവ്വം നോക്കിയിരുന്നു.

പെട്ടെന്ന് ആശാൻ ഗീവർഗ്ഗീസിനോട് ചോദിച്ചു. “താൻ ചീട്ടു വങ്ങിയോ?”

ഗീവർഗ്ഗീസ് ചിരിച്ചു.- “പഴയ തുണ്ട് മടിയിലുണ്ട്. അല്ല എന്തു

സുഖക്കേടു പറഞ്ഞിട്ടാ ചീട്ടു ചോദിക്കണേ?”

ഗൗരവപുരുഷനായ പിള്ളസാർ ഒരല്പം മന്ദഹസിച്ചു. “അതെയതെ. നമുക്കൊക്കെ എന്ത് രോഗമാ?”

പോർട്ടിക്കൊവിൽ ഒരു വാൻ വന്നു നിന്നു. അതിൽനിന്നു പായിൽപ്പൊതിഞ്ഞ ഒരു ജഡം പുറത്തെടുത്തു. ആശാൻ ചാടിയെണീറ്റ് അങ്ങോട്ടുപോയി. ഡ്രൈവറോട് വിവരം തിരക്കി മടങ്ങിവന്നു. “സാറേ, ഇന്നു നേരം പോകാനുള്ള സംഗതിയായി. ഇരുപത്തൊന്നു വയസ്സുള്ള പെണ്ണാ. കൊളത്തിൽ കമഴ്ന്നു കിടന്നുപോലും. ചത്തതോ കൊന്നതോ എന്ന് അറിഞ്ഞുകൂടാ. ചെലപ്പോ ഗർഭവും കാണും കേട്ടോ. നെഞ്ചിലടിച്ച് അമറണത് അവളുടെ തള്ളയാ… (ചിരിച്ച്) ഇനി ഇപ്പോ പാഞ്ഞു വരും പാർട്ടിക്കാരും പോലീസുമൊക്കെ. ആകെയൊരു മേളമായിരിക്കും. ഇന്നത്തെ നമ്മുടെ കാഴ്ചഫലം കൊള്ളാം.

സാർ നാവിൽത്തടഞ്ഞ മറുപടി പുറത്തുവിടും മുമ്പ് കൗസല്യാദേവി ഓടിക്കിതച്ച് വന്നു- “ഏതെങ്കിലും നേഴ്സ് ഇതിലേ വന്നോ?. ആ എഴിപത്തൊന്നിലെ പെണ്ണ് ചാവാൻ പെടക്ക്ണു. പതിനെട്ടു തികയാത്ത കൊച്ച്” അവർ മറുപടി കക്കാതെ വേവലാതിയോടെ പറഞ്ഞു.

വിക്രമൻപിള്ള തല തൂണിൽനിന്നും അടർത്തി ആത്മഗതം ചെയ്തു- “ശിശുക്കളൊക്കെ പോകുന്നു. സുകൃതികൾ”

“അതും പെമ്പിള്ളേർ! വിവാഹം സ്വർഗ്ഗത്തിൽ വച്ചാനെന്നല്ലയോ വേദവാക്യം. അതിനായിരിക്കും.” ആശാൻ ഇളകിച്ചിരിച്ചു.

“താനൊരു ദുഷ്ടനാ. പല്ലു വീണിട്ടും ദയവ് മുളച്ചില്ല” ഗീവർഗ്ഗീസ് കോപിച്ചു.

വേലു ആശാൻ ഇരുപ്പുറയ്ക്കാതെ പ്രേതത്തിന്റെ പുറകേ പോയി. ഗീവർഗ്ഗീസ് തലകുമ്പിട്ടിരുന്നു മയങ്ങി. പിള്ളസാർ ആദ്യം ഈശ്വരകീർത്തനങ്ങളും ക്രമേണ ശൃംഗാരശ്ലോകങ്ങളും ഈണത്തിൽ ചൊല്ലി. അതിൽ സ്വയം രസിച്ചു നേരംപോക്കി. തങ്ങളുടെ തലയ്ക്കു മീതെ തൂങ്ങിയാടുന്ന വാളിനെ തൽക്കാലം അവർ മറന്നു. ഉച്ചയൂണും ഒരു മുടക്കവും കൂടാതെ കിട്ടിയപ്പൊൾ അവർ ചിന്താക്ലേശങ്ങൾ അകന്ന് പുളിമരച്ചുവട്ടിലിരുന്ന് സൊറ പറഞ്ഞു.

നമ്പി മാത്രം ഗതികിട്ടാപ്രേതമായി അങ്ങിങ്ങ് ഓടിനടന്നു- ഇടയ്ക്കൊരിക്കൽ സഖാക്കളുടെ മുന്നിൽ എത്തി തൊണ്ടയിടറി അറിയിച്ചു- “എല്ലാവനും കടിച്ചുതിന്നാൻ വരികയാ. ഇവന്റെയൊക്കെ ഒരു എം. ബി. ബി. എസ്സ്! ഇത് സർക്കാർ സ്ഥാപനമാ. സർക്കാർ എന്നു വച്ചാൽ നമ്മളാ. വോട്ടവകാശമുള്ള പൗരനു ഇവിടെ കെടക്കാൻ ഒരുത്തന്റെ ചീട്ടും വേണ്ട.”

മറ്റുള്ളവർ പ്രതികരിക്കാത്തതുകൊണ്ടാവാം അയാൾ എങ്ങോട്ടോ നടന്നു.

വെയിലിനു വാർദ്ധക്യമെത്തവേ ആ മൂന്നു പെൺകിടാങ്ങളും തേങ്ങിക്കരഞ്ഞുകൊണ്ട് ഓടിവന്നു. അവർക്കു പുറകെ ആയാസപ്പെട്ട് കൗസല്യാദേവിയും.

വിക്രമൻപിള്ളയും ആശാനും അമ്പരന്നു, മമ്മത് ഏങ്ങിക്കൊണ്ട് ചോദിച്ചു. “എന്തു മക്കളെ എന്ത്… എന്ത്?”

ശാലിനി വിതുമ്പി “സൂപ്രണ്ട് ഞങ്ങളെ ഇറക്കിവിട്ടു.”

“നാളെ വെളുക്കുംമുമ്പ് സ്ഥലം വിടണമെന്ന്.” റംലത്ത് തേങ്ങി.“എനിക്ക് ഉമ്മായില്ല, ബാപ്പാ വേറെ നിക്കാഹ് കഴിച്ചു. അവിടെച്ചെന്നാൽ ഞാൻ മയ്യത്താകും.”

ഫ്ലോറി തലയിലറഞ്ഞ് നിലവിളിച്ചു നിന്നു.

“ആ പരമദുഷ്ടൻ ഇതുങ്ങളുടെ മുഖത്ത് നോക്കാതെ കുനിഞ്ഞിരുന്നുകൊണ്ട് കല്പിച്ചുകളഞ്ഞു. ഇവിടെ ആർക്കും പട്ടയം തന്നിട്ടില്ലപോലും. പിള്ളാരുടെ നിലവിളികേട്ട് ഞാനങ്ങോട്ടൊന്ന് തല നീട്ടി. ‘കമാ’ന്ന് ഉരിയാടും മുമ്പ് ആ സൂപ്രണ്ട് ഒരു ചാട്ടം. കുംഭാണ്ഡൻ!” കൗസല്യ ചാമുണ്ഡിയാടി.

പിള്ളസാർ തുള്ളിയുലഞ്ഞു. ”എടോ ആശാനേ, വാടോ. നമുക്കൊന്ന് ചോദിക്കം. ഏത് ചന്ദ്രഗുപ്തനായാലും അങ്ങനങ്ങ് ഭരിക്കണ്ട. വരിൻ മക്കളേ”. സാർ കുതിച്ചു. കുട്ടികൾ പുറകേ ചെന്നു. ഏങ്ങി വലിഞ്ഞ് പൊങ്ങാൻ കിണഞ്ഞ് മമ്മത് പുറകോട്ട് മാറി.

ഗീവർഗ്ഗീസും ആശാനും മടിച്ചും പതുങ്ങിയും അനുഗമിച്ചു.

നടയിൽനിന്ന അറ്റൻഡർ അവരെ തടഞ്ഞു. വിക്രമൻപിള്ള ശബ്ദമുയർത്തി. “താൻ മാറിനിൽക്കടോ, കണ്ണിൽചോരയില്ലാത്ത മനുഷ്യൻ എങ്ങനെ ഭിഷഗ്വരനായിത്തീരുമെന്ന് ഈയുള്ളവനൊന്നു ചോദിക്കട്ടെ. സക്ഷാൽ ഗണപതി തടഞ്ഞാലും ഞാൻ കയറും, ചോദിക്കും.”

ഒച്ച കേട്ട് ജനം നിരീക്ഷകരായി എത്തി.

അകത്തുനിന്ന് സൂപ്രണ്ടിന്റെ ഘനഗംഭീര ശബ്ദം ഉയർന്നു. “ആരാദ്? അകത്തു വരൂ.”

ശിപായി പല്ലിറുമ്മി ഒതുങ്ങിനിന്നു. നിവേദകസംഘം അകത്തെത്തി.

ശാലിനിയേയും റംലത്തിനേയും കൈയ്ക്കു പിടിച്ചു കൊണ്ട് വിക്രമൻപിള്ള മുന്നോട്ടുവന്നു. “ ഡോക്ടറെ ഇത് ആശ്രമമൃഗങ്ങളാണു കൊല്ലരുത്… കൊല്ലരുത്…” സാർ കരഞ്ഞുപോയി.

സൂപ്രണ്ട് പുഞ്ചിരി തൂകിക്കൊണ്ട് ചോദിച്ചു. “ശാകുന്തളം വായിച്ചിട്ടുണ്ട് അല്ലേ? ഓ, പഴയ മലയാളം മുൻഷി നിങ്ങളാണല്ലേ? കേട്ടോ സാറേ, ഇത് കണ്വാശ്രമമല്ല. ഇവിടെ മാൻപേടകളും വേണ്ട, വാനപ്രസ്ഥത്തിനിറങ്ങിയവരും വേണ്ട. നിങ്ങളേയും ഞാനിങ്ങ് വിളിക്കാൻ തുടങ്ങുകയായിരുന്നു. കണ്ടത്

സന്തോഷം. കുടികിടപ്പുകാരെല്ലാം ഇരുപത്തിനാലുമണിക്കൂറിനകം സ്ഥലം ഒഴിയണം. പോയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിച്ച് നീക്കംചെയ്യും.”

“ഡോക്ടർ അവർകളേ…” സാർ ദീനമായി കേണു.

മമ്മതിനു ചുമയിളകി. ഓടും ഓടമ്പലും കുലുങ്ങുംവണ്ണം അയാൾ കുരച്ചു.

തനിക്ക് വേറെ ജോലിയുണ്ടെന്ന് ഭാവത്തിൽ സൂപ്രണ്ടദ്ദേഹം സ്റ്റെതസ്ക്കോപ്പുമെടുത്ത് പുറത്തിറങ്ങി.

വരാന്തയിലിരിക്കുന്ന കൗസല്യാദേവി മുറ്റത്തിറങ്ങി സൂപ്രണ്ടുപോയ ദിശയിലേക്കു മണ്ണു വാരിയെറിഞ്ഞ് പ്‌രാകി.

ആ കാളരാത്രി വൃദ്ധന്മാർ വരാന്തയിൽ സംഘം ചേർന്നിരുന്ന് അനിശ്ചിതമായ ഇരുണ്ടഭാവിയെ നോക്കി പലതും ഇടതടവില്ലാതെ പുലമ്പി. പക്ഷേ ആരും അപരൻ പറയുന്നത് ശ്രദ്ധിച്ചില്ല. ഓരോരുത്തരും അവരവരുടെതായ ദ്വീപിലായിരുന്നു.

പിന്നെ, രാത്രിയുടെ ഏതോ യാമത്തിൽ ഓരോരുത്തരായി അവിടെത്തന്നെ ചുരുണ്ടുകൂടി മയങ്ങി.

നാലര വെളുപ്പിനെ റംലത്ത് ഞെട്ടിയുണർന്നു. ഫ്ലോറി ഏതോ ദു:സ്വപ്നം കണ്ട് അലമുറയിടുകയാണു. അവൾ ഫ്ലോറിയെ കുലുക്കി ഉണർത്തി.

ശാലിനിയെ കാണാനില്ലെന്ന് റംലത്ത് ഒരു ഞെട്ടലോടെ മനസ്സിലാക്കി. അവൾ പിടഞ്ഞെണീറ്റു. ഫ്ലോറി ഒപ്പം ചെന്നു. ബാത്ത്റൂമിലും വാർഡിലും വരാന്തയിലും തിരഞ്ഞു. ഓടിച്ചെന്ന് വിക്രമൻ പിള്ളയെ ഉണർത്തി.

“അമ്മാവാ, ശാലിനി… അവളെ കാണുന്നില്ല…”

“ങേ”

സാർ മുണ്ടും വാരിപ്പിടിച്ച് എണീറ്റു.

ഗീവർഗ്ഗീസും മമ്മതും, നമ്പിയും ഉണർന്ന് മിഴിച്ചു നോക്കി.

അടുത്ത നിമിഷം പടിഞ്ഞാറെക്കോണിൽ ഒരു നിലവിളി പൊങ്ങി. ഒരു വയസ്സിത്തള്ള തലയിലറഞ്ഞുകൊണ്ട് ഓടിവന്നു.

“ദാ ആ ശാലിനിപ്പെണ്ണ് കഴുത്തൊടിഞ്ഞ് കിടക്കുന്നു… മേക്കുവശത്ത്… മൂന്നാം നിലയിൽനിന്ന് ചാടിയതാ.”

എല്ലാവരും അങ്ങോട്ട് ഓടി.

അവിടെ സിമന്റ്തറയിൽ അവൾ കിടക്കുന്നു. അവളുടെ തലച്ചോർ നാലുപാടും ചിതറിയിരുന്നു. ശാന്തമായി, കണ്ണും പൂട്ടി കിടക്കുന്നു, ശാലിനി.