close
Sayahna Sayahna
Search

മറ്റേമകൾ


മറ്റേമകൾ
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

ഭരണഭാഷയില്‍ ചൊല്ലാം — ഞങ്ങളുടേത് ഒരു സന്തുഷ്ടകുടുംബം.

ഞാന്‍,

അനുകൂല ശാലീന പത്നി വരദ,

രണ്ടാണ്‍കുട്ടികള്‍,

കൊച്ചുമോള്‍ രജിയും.

ആണ്‍കുട്ടികളുടെ പേര്‍ പ്രസക്തമല്ല, അവരീനിഴല്‍ നാടകത്തിലെ ശബ്ദവും വെളിച്ചവും മാത്രമാകുന്നു.

കാററുപോലും കരിഞ്ഞു മറഞ്ഞുപോയ ചൈത്രമാസസായന്തനം. കട്ടിലില്‍ മലര്‍ന്നു കിടക്കുകയായിരുന്നു ഞാന്‍. തൊട്ടടുത്തൊരു കസേരയില്‍ വരദ. അവളുടെ മടിയില്‍ കിടന്നിരുന്ന രജിമോള് എന്തോ കുസൃതി കാട്ടി. അമ്മ കോപിച്ചു. മകള്‍ കലമ്പി. എണീററു വന്നു കട്ടിലിന്റെ അങ്ങേ തലയ്ക്കല്‍ മുഖം കുനിച്ചിരിപ്പായി.

മിനിട്ടുകള്‍ ആ കലമ്പലിനെ കുലുക്കുന്നില്ലെന്നു കണ്ട് ഞാനവളെ ഒന്നു വിളിച്ചു നോക്കി.

മോള്‍ അനങ്ങിയില്ല.

വരദ അനുനയം പറഞ്ഞു.

ഞാന്‍ പുന്നാരിച്ചു വിളിച്ചു.

മോള്‍ അനങ്ങിയില്ല.

നിലത്തിരുന്ന പേപ്പറിലെന്തോ വരച്ചു കളിക്കയും ഇടയ്ക്കിടെ തമ്മില്‍ പിണങ്ങി ഒച്ചവയ്ക്കുകയും വീണ്ടും ര‍ഞ്ജിപ്പായി കളി തുടരുകയും ചെയ്തിരുന്ന പുത്രന്മാര്‍ ഇതൊന്നും ശ്രദ്ധിച്ചില്ല.

ഗാംഭീര്യത്തില്‍ തലകുനിച്ചിരിക്കുന്ന ആ കുഞ്ഞുകലഹത്തിന്‍റെ ഓമനത്തം പലവുരു നുകര്‍ന്ന്, ചിരി പരസ്പരം കണ്ണുകളില്‍ മിന്നിച്ചൊതുക്കി, ഞാനും വരദയും.

ഞാന്‍ കൈമുട്ടിനു മേലൊരല്പമുയര്‍ന്നു വിളിച്ചു:

“അച്ചന്‍റെ ചെല്ലമോളല്ലേ…? ഇങ്ങടുത്തു വരൂന്ന്…?”

പക്ഷേ, അങ്ങുളളിലേതും പ്രസാദമില്ല. പിന്നെ അമ്മയുടെ വക അടവുകളായി. ഒന്നുമൊന്നും അങ്ങേശുന്നില്ല.

അടുത്ത നിമിഷം എന്നിലെ കുസൃതിയുണര്‍ന്നു. ഞാന്‍ ഗൗരവം നടിച്ചു പറഞ്ഞു:

“നീ വരണ്ട… കേട്ടോ വരദേ, എന്റെ മറ്റേമോളെ വീളിച്ചോണ്ടു വരാം”.

അമ്മ ഒരു പുഞ്ചിരിത്തെല്ലിൽ മോളെ നോക്കി.

രജി മുഖമുയര്‍ത്തിയില്ല. എന്നാലാകുഞ്ഞിക്കണ്‍മുന ഇങ്ങോട്ടു ചായുന്നുണ്ടായിരുന്നു.

“അവള് രജിമോളെപ്പോലെ ചീത്തയല്ല.. ഒരിക്കലും പിണങ്ങില്ലാ… എന്തു വഴക്കു പറഞ്ഞാലും ചിരിച്ചോണ്ടിരിക്കും. അച്ഛന് നൂറുനൂറുമ്മ തരും. നാളെത്തന്നെ കൂട്ടിക്കൊണ്ടു വരാം.”

രജിമോളുടെ മുഖം മെല്ലെ മെല്ലെ ഉയര്‍ന്നു. ആ കണ്ണുകള്‍ ചോദ്യചിഹ്നമായി എന്റെ മുഖത്തു തറഞ്ഞു.

ഞാന്‍ അതു കണ്ടതായി ഭാവിച്ചില്ല.

ആ സങ്കല്പപുത്രിയെക്കുറിച്ചുള്ള വര്‍ണ്ണന തുടര്‍ന്നു

അവളുടെ നിറം…

ചിരിയുടെ ചന്തം…

കൊഞ്ചലിന്റെ അരുമ…

അങ്ങനെയങ്ങനെ ഒത്തിരിദൂരം…

രജിമോളുടെ മുഖത്തുനിന്നു ഗൗരവം ഇററിററു വാര്‍ന്നൊഴിഞ്ഞു. അവിടെ പിന്നിപ്പറക്കുന്ന മേഘനാരുകള്‍ ഉരുള്‍ തരംഗങ്ങളായലഞ്ഞു.

എങ്കിലും ഈ കേള്‍പ്പതൊന്നും സത്യമല്ലെന്നു സ്വയം വിശ്വസിപ്പിക്കാനായിരുന്നു ആ കുരുന്നു മനസ്സിന്റെ ശ്രമം. അവള്‍ ചുണ്ടിന്‍കോണില്‍ പരിഹാസം ചാലിച്ചൊരു ചിരി പൂശി ഞങ്ങളെ മാറി മാറി നോക്കി.

ഞങ്ങളുടെ നിര്‍മ്മമതയിലുരഞ്ഞ് ആ ചിരി വിളറിപ്പൊലിഞ്ഞു. ഒരു സഹായം തേടിയൊന്നോണം കണ്ണുകള്‍ ഏട്ടൻമാരിലേക്കു തിരിഞ്ഞു. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന വരകളുടെ ലോകത്തിലാഴ്ന്ന അവര്‍ ഇക്കഥയേതുമറിഞ്ഞില്ല.

പടര്‍ന്നു കയറിയ നിരാലംബതയില്‍ കുഞ്ഞ് അമ്മയെ ഒരിക്കൽക്കൂടി നോക്കി. ചാരുശീലകള്‍ക്കുള്ളൊരു ഗ്രന്ഥത്തിന്റെ താളുകള്‍ തലോടുകയായിരുന്നു മാതൃനയനം.

കുഞ്ഞിന്റെ വല്ലായ്മ വാക്കുകളായി ചോര്‍ന്നു.

“ങ്ങും… അച്ഛന്‍ വെറുതെ പറയ്ണ്…”

ആ കുഞ്ഞിക്കണ്ണുകളില്‍ നിന്ന് രണ്ടു് പ്രകാശരേണുക്കള്‍ ഉണ്മ തേടി എന്റെ കണ്ണിലിറങ്ങി.

ഞാന്‍ ആര്‍ദ്രതയില്ലാതെ ഉറക്കെ ചിരിച്ചു. “പിന്നെ വെറുതെ…! ഞാന്‍ കൂട്ടിക്കൊണ്ടുവരുമ്പോ കാണാലോ…

ആണ്‍കുട്ടികള്‍ കലപിലയുണ്ടാക്കി പുറത്തേയ്ക്കോടി.

ആ കോലാഹലം മുറിച്ച വാക്കുകളെ ഞാന്‍ വീണ്ടും തോടുത്തു.

“അതല്ലെ ചെല ദിവസം ഓഫീസിന്നു വരാന്‍ വൈകിപ്പോണത്. ഓഫീസിനു തൊട്ടടുത്താ മോൾറടെ വീട്. ഇടയ്ക്കിടെ അച്ഛനെ കാണണമവള്‍ക്ക്. ഇല്ലെങ്കില്‍ കരയും. കരഞ്ഞു കരഞ്ഞ് ഉറങ്ങാതെ പട്ടിണി കിടക്കും…”

രജിമോള്‍ വീണ്ടും ചിരിക്കാന്‍ സാഹസപ്പെട്ടു. ഉതിരാനൊരുങ്ങും മുമ്പെ പൊലിഞ്ഞുപോകുന്ന ചിരിയുടെ കുമിളകള്‍…എങ്കിലും അവള്‍ പറഞ്ഞു, ആവതും ശക്തിയില്‍ — “കള്ളം…കള്ളം…അച്ഛന്‍ കള്ളം പറയ്യ്യാ…അല്ലേ അമ്മേ…”

ദൈന്യതയുടെ നൂരികളിഴയുന്ന മകളുടെ നോട്ടം നോവലില്‍ പൂഴ്ന്ന അമ്മയുടെ കണ്ണുകളില്‍ ഉടക്കിയില്ല. രജി കൂടുതല്‍ വല്ലായ്മയിലായി.

ഞാന്‍ തലയണ ചാരി തെല്ലു കൂടെ നിവര്‍ന്നിരുന്ന്, ആ മാനസപുത്രിയെ പ്രശംസകള്‍ കൊണ്ടു് പിന്നെയും താലോലിപ്പാനൊരുങ്ങി.

രജി അസഹ്യതയുടെ നെല്ലിപ്പലകയില്‍‌ ചവിട്ടി നിലത്തേയ്ക്കുര്‍ന്നു. ഞൊടിയിടപോലും പാഴാക്കാതെ മുറിയ്ക്കു പുറത്തേയ്ക്കു പാഞ്ഞു.

വരദ പ്രേമപുരസ്സരം എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കിലും, ആ മാതൃഹൃദയം വിതുമ്പി:

“പാവം മോള്”—

ആ നിമിഷത്തിലാണു് അതിഥികളുടെ വേലിയേററരുണ്ടായത്. എന്റെ ചില പൂര്‍വസുഹൃത്തുക്കള്‍.

വരദയെ അവര്‍ക്കു പരിചയപ്പെടുത്തി. അവരെ അവള്‍ക്കും.

തുടര്‍ന്ന് ഔപചാരിക കുശലപ്രശ്നം. ആത്മകഥാകഥനം, ചിരിയുടെ പഞ്ചവാദ്യം..

വരദയുണ്ടാക്കിയ ചായയുടെ കടുപ്പം നുണഞ്ഞ് ഞങ്ങള്‍ കഥയില്ലായ്മകളുടെ രസച്ചരടഴിച്ചു നീട്ടി.

ബഹളവും, ചങ്ങാതികളും പടിയിറങ്ങിയശേഷമാണു് ഞാന്‍ രജിയെ ഓര്‍ത്തത്. വരദയും മോളെ മറന്നുപോയിരുന്നു.

അകത്തെ ഇടനാഴിയിലിട്ട പഴയ കട്ടിലില്‍ ചുരുണ്ടുകിടക്കുകയായിരുന്നു കുട്ടി.

അടുത്തു ചെന്നുനോക്കി. ഉറക്കമാണു്. കവളില്‍ കണ്ണീരുണങ്ങിയ പാട്. അമ്മ മോളെ വാരിയെടുത്തു. കുഞ്ഞുണര്‍ന്നില്ലെങ്കിലും എന്തോ പുലമ്പുകയും ഞെളിപിരിയലാല്‍ പ്രതിഷേധത്തിന്റെ വില്ലുകുലയ്ക്കുകയും ചെയ്തു.

ആ വരണ്ട കണ്ണീര്‍ച്ചാല് എന്റെ മനസ്സില്‍ നൊമ്പരത്തിന്റെ ഉറവയായി.

കുററബോധം കൈയൊഴിയാനുള്ള വാസനയാലാവാം, ഞാന്‍ പുത്രന്മാരെ വിളിച്ചു ക്രോസ്സു ചെയ്തു:

“സത്യം പറഞ്ഞോ… ആരാ അനിയത്തിയെ കരയിച്ചതു്?”

പൈതങ്ങള്‍ പരസ്പരം മിഴിച്ചു നോക്കി. തൊടിയിൽ തുടിച്ചു നടന്ന അവരുണ്ടോ അവളെ കാണു്ന്നു! ആ രാത്രി ഉറങ്ങിക്കിടക്കുന്ന മോളുടെ തലമുടി പലവുരു മാടിയൊതുക്കിയും ആ കുഞ്ഞിക്കവിളില്‍ ചുണ്ടു ചേര്‍ത്തും എന്റെ മനസ്സ് പശ്ചാത്തപിച്ചു.

എന്നാല്‍ മറ്റൊരു രാത്രി ഗാഢനിദ്രയില്‍ക്കിടന്ന മോള്‍ പുലമ്പുന്നതു് കേള്‍‌ക്കായി - “ഞാന്‍ അച്ഛനോട് പിണക്കമാ. മിണ്ടൂല… ഇനിയും മിണ്ടേയില്ല… അച്ഛന്‍ ചീത്ത കുട്ടിയാ…”

വാരികയില്‍ നിന്ന് എന്റെ കണ്ണുകള്‍ പൊങ്ങി. മുന്നില്‍ നിവര്‍ന്ന അവ്യക്തവിഷാദവികാരങ്ങളുടെ ഓളങ്ങളില്‍ നിര്‍ന്നിമേഷം നിന്നു പോയ കണ്ണുകളെ വീണ്ടെടുത്ത് വായന തുടര്‍ന്നത് ഇത്തിരിക്കഴിഞ്ഞാണ്. അക്ഷരങ്ങള്‍ കുതിര്‍ന്നിരിക്കുംപോലെ തോന്നി.

രണ്ടാഴ്ചയോളം പിന്നിട്ടിരിക്കുണം. അന്ന് പതിവിലേറെ വൈകി വീട്ടിലേത്താന്‍. കതകിലൊന്നു മുട്ടിയപ്പോഴേക്കും രജിമോളുടെ ശബ്ദം … “അമ്മേ അച്ഛന്‍!”

വരദ ഒരു മയക്കത്തിന്റെ അലസതയോടെ വന്നു. “മോളെ നീ ഇനിയും ഉറങ്ങിയില്ലേ…” എന്ന എന്റെ അന്വേഷണം കേട്ട് കുഞ്ഞ് തലയണയില്‍ മുഖം പൂഴ്ത്തിക്കിടന്നു.

എങ്കിലും ഉടനെ എഴുന്നേററുവന്ന് ഊണു മേശയ്ക്കടുത്തും പിന്നെ ഈസിചെയറിന്റെ അടുത്തും ചുററിപ്പററി നിന്നു. എന്തോ കേള്‍ക്കാന്‍ കൊതിച്ച്, പക്ഷേ, ചോദിക്കാന്‍ മടിച്ചുള്ള നില്പ്. “മോള്‍ പോയി കിടന്നോളൂ”, എന്ന് അമ്മയുടെ ശാസനവും അവള്‍ ചെവിക്കൊണ്ടില്ല.

ഞാന്‍ വൈകിപ്പോയതിനുള്ള കാരണം പറയുമ്പോള്‍ മോള്‍ ജിജ്ഞാസയോടെ ചെവി വട്ടം പിടിച്ചു.

അതു കാണ്‍കെ ഒരിടിമിന്നിലൊന്നോണം എന്റെ ബുദ്ധിയുണര്‍ന്നു.

എന്‍റെ കുസൃതി, വെറുതെ എടുത്തെറിഞ്ഞൊരു വിത്ത്, കാററായി, കൊടുങ്കാററായി, പരിണമിക്കുകയാണ്.! ഇളം കാററിന്‍റെ ചുണ്ടിലൊരോലപീപ്പി ചേര്‍ത്തു വച്ചനേരം അതു സപ്തസ്വരങ്ങളുമാലപിച്ചേ അടങ്ങു എന്നോര്‍ക്കാത്ത ബുദ്ധിശൂന്യത! അജ്ഞാതയായ ചേച്ചിയുടെ വിശേഷമറിവാനാകണം അനിയത്തി ഉറക്കമിളച്ച് കാവല്‍കിടന്നത്.

രജിമോളുടെ കൂട്ടികാരികള്‍ സുനിതയ്ക്കും, രമണിയ്ക്കും, സിന്ധുവിനും ചേച്ചിമാരുണ്ട്. സ്നേഹമയികളായ ചേച്ചിമാര്‍. അവരതു ചൊല്ലി മേനി നടക്കുമ്പോള്‍ രജിമോള്‍ക്ക് ചെറുതാവാന്‍ പററുമോ?

അവരെയൊക്കെ അമ്പരിപ്പിച്ചുകൊണ്ട് അവളാ രഹസ്യംവെളിപ്പെടുത്തി.

പക്ഷേ രജിമോളുടെ മേനിയുടെ പെരുപ്പം ഒന്നാംക്ലാസ്സിനുള്ളിലോ സ്കൂള്‍ വരാന്തയിലോ ഒതുങ്ങിയില്ല. അയല്‍പക്കത്തെ അമ്മമാരുടെ കാതുകള്‍ തേടി അതെത്തി.

എന്‍റെ ഒന്നാം പുത്രിയുടെ നിറം, ചിരിയുടെ ചന്തം, ഉടുപ്പുകളുടെ വിശേഷം അങ്ങനെ എണ്ണമററ കൗതുകവാര്‍ത്തകള്‍ ആ നാലാം നമ്പര്‍ തെരുവില്‍ പാറിനടന്നു. പലരും തങ്ങളുടെ ഭാവനകൊണ്ടെന്‍റെ സങ്കല്‍പ്പപുത്രിക്ക് ധാടി കൂട്ടി.

അവസാനം ആ കഥ മതിലുകള്‍ക്കു മുകളിലൂടെ വരദയുടെ കാതിലുമെത്തി.

ഞങ്ങളുടെ സല്ലാപത്തിന് ആ പാഠഭേദങ്ങള്‍ നല്ലൊരു വിഷയമായി. അതിനാല്‍ ബന്ധപ്പെട്ട എല്ലാ ഭാവനസമ്പന്നര്‍ക്കും സ്തുതി ചൊല്ലി. ചേച്ചിയെക്കുറിച്ച് പുതിയൊരു വിശേഷം കേള്‍ക്കാന്‍ കാത്തുകാത്തിരുന്ന് സഹികെട്ടിരിക്കണം രജിമോള്‍.

ഒരു നാള്‍ പൊടുന്നനെ, ആ സഹികേട് നാണം പുരണ്ട ചോദ്യനുണുങ്ങുകളായി ഉതിര്‍ന്നു വീണു.

“അച്ഛന്‍ അന്നു പറഞ്ഞില്ല്യേ…”

“എന്തു മോളെ?”

“ഒരു കാര്യം”

“എന്തു കാര്യം?”

“ചേച്ചിയുടെ…”

“ങേ?”

“അച്ഛന്‍റെ മോളുടെ…”

ഞാന്‍ ചിരിച്ചുപോയി. എങ്കിലും രജിമോളുടെ നാണവും ജിജ്ഞാസയും കണ്ടപ്പോള്‍ ആ നീര്‍പ്പോളയില്‍ ഒരു നുള്ളു ചായം കൂടി പൂശാനാണ് തോന്നിയത്.

“ങാ…ങാ അച്ഛന്‍ ഇന്നലെയും കണ്ടു. രജിമോള്‍ക്ക് സുഖമാണോ, നല്ലവണ്ണം പഠിക്കുന്നുണ്ടോ എന്നെല്ലാം ചോദിച്ചു”.

മോളുടെ മുഖം തുടുത്തു വിടര്‍ന്നു.

ഞാന്‍ പെട്ടെന്ന് ചോദിച്ചു:

“അച്ഛന്‍ ചേച്ചിയെ കൂട്ടിക്കൊണ്ടു വരട്ടെ?”

മോളുടെ മുഖത്തെ പ്രകാശം മെല്ലെ മങ്ങി. അവള്‍ ഉത്തരം പറഞ്ഞില്ല. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവള്‍ മുഖം ഫ്രോക്കിലേക്ക് കുനിച്ച് അതില്‍ തുന്നിയിരുന്ന പടത്തില്‍ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

“എന്തോ എനിക്ക് അറിഞ്ഞുകൂടാ.”

“മോള്‍ക്ക് ഇഷ്ടമാണെങ്കില്‍ അച്ഛന്‍ കൂട്ടിക്കൊണ്ടു വരാം. നല്ല ചേച്ചിയല്ലേ… നിങ്ങള്‍ക്കു രണ്ടാള്‍ക്കും കൂടെ ഒരുമിച്ച് സ്ക്കൂളിൽ പോകാം. കളിക്കാം, ഉറങ്ങാം.”

കുഞ്ഞ് എന്നിട്ടും മറുപടി പറഞ്ഞില്ല. ഉത്തരത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ഒരാകസ്മികതപോലെ പുറത്തേക്കുര്‍ന്നുകളഞ്ഞു.

മറ്റൊരു ദിവസം. മുററത്ത് ഏട്ടന്മാരും അനിയത്തിയും തമ്മിലൊരു കലഹം. വാഗ്വാദം മുന്നേറിയപ്പോള്‍.

“കൊച്ചേട്ടനും വല്യേട്ടനും ചീത്തയാ…”

“നോക്കിക്കോ ഞാനങ്ങ് പോവുല്ലോ”

“എവിടെ?”

“പറയുല്ലോ ഒരു സ്ഥലത്ത്…”

“ഉം. സ്ഥലം! ഇരിക്ക്ണ്!”

“ഞാന്‍ പറേട്ടെ”

“ഉം…”

“പറ. പെണ്ണിന്റെ ചുണ കാണട്ടെ”

“ഞാന്‍…ഞാന്‍… ചേച്ചിയുടെ അടുത്ത് പോകും.”

ഏട്ടന്മാർ കോഞ്ഞനം കാട്ടി കളിയാക്കിയിട്ടും മോള്‍ ഭീഷണി ആവര്‍ത്തിച്ചു കൊണ്ടിരിന്നു.

നിരുദ്ദേശമായി ഊതിവിട്ടൊരു നീര്‍ക്കുമിള കാററിലലഞ്ഞ് പെരുകിപ്പെരുകി വീര്‍ത്ത് എന്തെന്ത് വര്‍ണ്ണപ്പൊലിമകളാര്‍ജ്ജിച്ചു വളര്‍ന്നിരിക്കുന്നു!

എന്റെ ഉള്ളില്‍ ഭീതിയുടെ ഒരു ചിറ്റോളം തെന്നി.

മോളുടെ മനസ്സില്‍ അജ്ഞാതയായ ചേച്ചി സുന്ദരിക്കുട്ടിയായി, സുശീലയായി നാള്‍ തോറും വളര്‍ന്നു. അവളെപ്പററി അറിവാനും പറവാനും ഉള്ള ഉത്സാഹവും.

അയല്‍പ്പക്കത്തെ അടുക്കളത്തളങ്ങളില്‍ എന്റെ മാനസപുത്രിയെപ്പററി പുതുപുത്തന്‍ ഗാഥകള്‍ കിളിമൊഴികള്‍ പാടി. ചില അമ്മമാരെങ്കിലും ചിന്താക്കുഴപ്പത്തിലായിരിക്കണം.

ആ കടങ്കഥ വളര്‍ന്നു വളര്‍ന്ന് നിസ്സഹായതയുടെ ആവൃതിയായി.

എന്നെ പോതിയുന്നത് ഞാന്‍ അറിഞ്ഞു. ആ നേര്‍മ്മയേറിയ വര്‍ണ്ണപ്പൊലിമയിലൊരു പോറലേല്പിക്കാന്‍ പോലും അശക്തനായി ഞാന്‍ ഭവിക്കുകയാണെന്നും ധര്‍മ്മസങ്കടത്തോടെ മനസ്സിലാക്കി.

ഒരിക്കലും സംഭവിക്കില്ലെന്നു ഞാന്‍ എന്നെത്തന്നെ നൂറുതവണ വിശ്വസിപ്പിച്ച് ആശ്വസിച്ചിരുന്ന പരിണാമം തന്നെ ഒരു പ്രഭാതത്തില്‍ വന്നുഭവിച്ചു.

ഞാന്‍ ഓഫീസില്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു. മോള്‍ വന്നു എന്നെ ഉരുമ്മിനിന്ന് മൊഴിഞ്ഞു:

“അച്ഛാ…നാളെ”

“നാളെ എന്താ മോളെ?”

“അച്ഛന്‍ എല്ലാം മറക്കണ്…നാളെ എന്റെ പിറന്നാളല്ലേ?”

“ശരിയാണല്ലോ” ഞാന്‍ ചിരിച്ചു.

കുനിഞ്ഞ് ഞാന്‍ കവിളില്‍ ഒരു മുത്തം നല്കി.

“മോള്‍ക്ക് എന്താ വേണ്ടത്?”

“ഞാന്‍ പറയട്ടെ?”

“ഉം…”

“പറഞ്ഞാ… കൊണ്ടര്വോ”

“പിന്നെ… കൊണ്ട്വരില്ലേ?”

“തീര്‍ച്ച”

“ചേച്ചിയെ കൂട്ടിക്കൊണ്ട്വരോന്ന്?”

“ഞാനൊന്നു പിടഞ്ഞു”.

എന്റെ മുഖം വിളറുന്നതു മോള്‍ കാണാതിരിക്കാന്‍ കുടയെടുത്തു നിവര്‍ത്തി നിരീക്ഷിച്ചു.

ധൃതിയില്‍ പുറപ്പെട്ടു കൊണ്ടു് പറഞ്ഞു:

“നോക്കട്ടെ”

ഓഫീസില്‍ ഫയല്‍നാടകളിലിറുകി മനസ്സ് തളരുമ്പോഴും എന്നെ പ്രതീക്ഷമൂററിയ രണ്ടു കൊച്ചു കണ്ണുകള്‍ അക്ഷീണം വേട്ടയാടിക്കൊണ്ടിരുന്നു.

വൈകുന്നെരം എന്തു പുത്തന്‍ നുണ ചൊല്ലിയാണ് മോളെ സാന്ത്വനിപ്പിക്കുക.! മരവിച്ച ബുദ്ധിയുമായി ഒരുത്തരം തേടി ഞാന്‍ ആ രാജപാതയില്‍ ചുററി നടന്നു.

ആവോളം വൈകിയാണ് വീട്ടിലെത്തിയത്.

അമ്മയെ മുന്നിട്ടു വന്ന് കതക് തുറന്നത് മോളാണ്. ആ കണ്ണുകള്‍ എന്റെ പിറകിലേക്ക് ചാടി നീണ്ടിട്ട് സാവകാശം പിന്‍വാങ്ങി. എന്റെ കണ്ണുകളിലെക്കുയര്‍ന്ന ആ ഓമനമിഴികളില്‍ വിഷാദം വിങ്ങി.

ഷര്‍ട്ടി മാറി പൂമുഖത്തു മടങ്ങിയെത്തിയപ്പോള്‍ സെററിയില്‍ മുഖം

കുനിപ്പിച്ചിമിപ്പാണവള്‍.

ഞാന്‍ സാവകാശം ഈസി ചെയറില്‍ കിടന്നു. മോളെ മടിയിലിരുത്തി താലോലിച്ചു. ചേച്ചിയെ കൊണ്ടുപോരാത്തതിന് അപ്പോള്‍ വീണുകിട്ടിയ ഒരു കാരണം വിശദീകരിച്ചു തുടങ്ങി.

രംഗത്തേക്കു വന്ന വരദയുടെ പുഞ്ചിരിയില്‍ പുലിവാലു പിടിച്ച നായര്‍ക്കുനേരെയുള്ള ഹാസം.

ഞാന്‍ ശബ്ദം പതറാതെ പറഞ്ഞു.

“മോളെ, അച്ഛന്‍ പോയി ചേച്ചിയെ വിളിച്ചു… അവള്‍ക്ക് വരാന്‍ ഇഷ്ടമാ. പക്ഷേ, അമ്മ അയക്കില്ല.”

മോല്‍ ജാഗ്രതയോടെ ശ്രദ്ധിക്കുകയാണ്.

“നാളെത്തന്നെ തിരികെ കൊണ്ടു വിടാമെന്ന് പറഞ്ഞു നോക്കി… അമ്മ പറയണത് എന്താണെന്നോ…? അവള്‍ക്കും വരണമെന്ന്”

മോള്‍ ഒരു പ്രതിമ കണക്കെ ഇരിപ്പായി.

ഒരു നിമിഷത്തെ ഇടവേള നല്‍കിയിട്ട് ഞാന്‍ ചോദിച്ചു. “അവരെ രണ്ടുപേരെയും കൊണ്ടു പോരട്ടെ?”

കുഞ്ഞിന്റെ മുഖം കുനിഞ്ഞു. അവള്‍ മറ്റൊന്തോ ചിന്തിക്കും മട്ടിലിരുന്നു. ഞാന്‍ തുടര്‍ന്നു:

“ആ അമ്മയിക്ക് രജിമോളെ എന്തിഷ്ടമാണ്! മോളെപ്പററി എപ്പോഴും ചോദിക്കും. മിടുക്കിയാണോ… പഠിക്ക്വോ… കരയ്വോ…എന്നൊക്കെ…”

എന്നിട്ടും രജിമോള്‍ക്കൊരു ഭാവവ്യത്യാസവുമില്ലെന്നു കണ്ട് എന്നിലെ ശപ്തമായ കുസൃതിക്ക് ഹരം പിടിച്ചു.

“മോളെ, ആ അമ്മയെ കാണാനെന്തു രസമാണെന്നോ. ചന്ദനക്കട്ടിയില്ലേ; അതിന്റെ നിറമാണ്. നീണ്ട കണ്ണ്, റോസാപ്പൂവു പോലെയിരിക്കും കവിള്… മോള്‍ ഒന്ന് കണ്ടാല്‍പ്പിന്നെ വിട്ടിയ്യക്കില്ല. നല്ലോണം പാടാനും അറിയാം ദെവസവും രജിമാളെ പാട്ടു പഠിപ്പിക്കും.”

വര്‍ണ്ണനയില്‍ സ്വയം മറന്ന് ഞാന്‍ ഇടയ്ക്കൊന്ന് മുഖമുയര്‍ത്തുമ്പോള്‍…

എന്നെതന്നെ നോക്കി നില്‍ക്കുന്നു ധര്‍മ്മപത്നി. ആ കണ്ണുകളില്‍ കുസൃതിച്ചിരി പറന്നു പോയിരിക്കുന്നു. ആ മുഖത്ത് കോടക്കാറിന്റെ കണങ്ങള്‍.

ഞാന്‍ ഒന്നു ഞെട്ടി. ആ ഞടുക്കത്തില്‍ നാവിന്‍ തുമ്പിലെത്തിയ കഥനുറുങ്ങി.