close
Sayahna Sayahna
Search

അവർകളുടെ ഉയിർത്തെഴുന്നേൽപ്പ്


അവർകളുടെ ഉയിർത്തെഴുന്നേൽപ്പ്
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

ഇക്കാലത്തായി നമമുടെ സാഹിത്യമണ്ഡലത്തില്‍ കഥകള്‍ കെട്ടിയുണ്ടാക്കുന്നവരെയും, തല്‍കൃതികളേയും പററി നാനാവിധമായ പരാതികള്‍ വിഷധധൂമികപോലെ ഉയര്‍ന്നുപൊങ്ങുന്നത് നാം കാണുകയും വ്യസനിക്കുകയം ചെയ്യുന്നുണ്ടല്ലോ. ആ കൃതികളാകട്ടെ രസികന്മാരായിട്ടുള്ളവര്‍ക്കു പോലും രസിപ്പാൻ ബഹുവിഷമം എന്നതു മാത്രമല്ല, നമ്മുടെ വ്യസനഹേതു. ജനങ്ങളെ നേര്‍വഴിക്കു നയിച്ച്, അവരില്‍ വൃത്തശുദ്ധിയും കൃത്യശക്തിയും ഈശ്വരഭക്തിയും ഉളവാക്കി, അതുവഴി സര്‍വ്വരേയും മോക്ഷപ്രാപ്തിയിലെത്തിപ്പാന്‍പോലും അവ പര്യാപ്തങ്ങളല്ല എന്നതു കൂടിയാണ് ഇവ്വിധമായ ക്ണ്ഠിതത്തെ ഉളവാക്കിചെയ്യന്നത്. ഈ അധോഗതിക്ക് ഒരറുതി വരുത്തിയില്ലായെങ്കില്‍, സഹൃദയാഹ്ലാദകാരിയായ ചമല്‍ക്കാരം മേലില്‍ ശ്രീവഞ്ചിഭൂവില്‍ വന്നുദിക്കാതിരിപ്പാനേ സംഗതിയാവൂ. കാവ്യ ധര്‍മ്മങ്ങളേയോ, വ്യാകരണാദികളായ സല്‍നിയമങ്ങളേയോ അനുസരിപ്പാന്‍ ശ്രദ്ധിക്കാത്ത ഇവരില്‍ നിന്നും നമ്മുടെ ഭാഷായോഷ അനുഭവിക്കേണ്ടി വരുന്നതായ താഡനപീഡനങ്ങള്‍ ഏതു ഭാഷാസ്നേഹിയുടെ ഹൃദയത്തെത്തന്നെ നേരെ രണ്ടായി പിളര്‍ക്കുകയില്ല!

എന്നാല്‍ ഞാന്‍ കെട്ടിയുണ്ടാക്കിയിരിക്കുന്ന ഇക്കൊച്ചുകഥയാകട്ടെ ഈ വകയിലെങ്ങും പെടുന്നതല്ലായെന്ന്, കഥാശരീരത്തിലേക്കു പ്രവേശിക്കും മുമ്പു തന്നെ ഉപന്യസിച്ചു കൊള്ളട്ടെ.

പൊരുന്തമൺ കവലയിൽ നിന്നുത്ഭവിച്ച് പൂർവദിശയെ നോക്കി ഗമിക്കുന്നതായ ചെറുവീഥിയിൽ സുമാർ ഒരു കാതം ചെല്ലുമ്പോൾ തെക്കുഭാഗത്ത് അത്യുന്നതങ്ങളായ മോന്തായങ്ങളാലും, നിരവധി എടുപ്പുകളാലും അസംഖ്യം കിളിവാതിലുകളാലും പരിശോഭിക്കുന്നതായ ഒരു പുണ്യപുരാതന നായർഭവനം അക്ഷിലക്ഷീഭവിക്കുന്നതാകുന്നു. സർവ്വവിധത്തിലും മഹോന്നതമായ കദളിത്തോട്ടം കുടുംബമല്ലോ ഇത്. അനവധികാലം ഈ തറവാട്ടിലെ കാരണവന്മാർ അംശം അധികാരികളായി പരിലസിക്കുകയും, ആ പുണ്യശ്ലോകരുടെ യഥായോഗ്യങ്ങളായ പരിപോഷണലാളനങ്ങൾ ഏറ്റ് ഉത്തരോത്തരം ഉൽക്കർഷത്തെ ഈ ഭവനം പ്രാപിക്കുകയും, സാക്ഷാൽ ലക്ഷ്മീദേവിക്ക് മഹാവിഷ്ണുവിനെ വെടിഞ്ഞ് കദളിത്തോട്ടത്തിങ്കൽത്തന്നെ സദാ വിളയാടേണ്ടതായി വന്നു കൂടുകയും ചെയ്തു.

നമ്മുടെ കഥാനായകനായ ശ്രീ. ചന്തുക്കുറുപ്പ് മൂപ്പേൽക്കുമ്പോൾ അദ്ദേഹത്തിനു സുമാർ പതിനേഴ് തികയുന്നേയുള്ളൂ. ഏതുവിധമായാലും കുടുംബമഹത്വം എന്നൊന്നുണ്ടല്ലോ. ആ ബാല്യപ്രായം മുതൽ കുറുപ്പ് സ്വകുടുംബത്തിലുളവാക്കിയതായ ഐശ്വര്യാദികൾ വായനക്കാർക്കു വഴിയേ മനസ്സിലായിക്കൊള്ളുമെന്നതിനാൽ ആ ഭാഗം വിസ്തരിപ്പാൻ ഇവിടൊരുങ്ങുന്നില്ല.

എന്നാൽ ഈ അവസരത്തിൽ ചന്തുക്കുറുപ്പവർകളുടെ ആകാരഭംഗി ഇത്യാദി കുറഞ്ഞൊന്നു വർണ്ണിക്കേണ്ടത് ആവശ്യമാകുന്നു. പക്ഷേ, ആ പ്രൗഢഗംഭീരാകൃതിയെ വർണ്ണിപ്പാൻ ഈയുള്ളവന്റെ തൂലികയ്ക്കുള്ള ശേഷിക്കുറവും വിസ്താരഭയവും ഹേതുവായി —

“ആകാരസദൃശപ്രജ്ഞ:
പ്രജ്ഞയാ സദൃശോദയ:”

എന്ന കവിവാക്യം അനുസ്മരിച്ചു വിരമിച്ചുകൊള്ളുന്നു.

നമ്മുടെ കഥാനായകൻ നിത്യം വെളുപ്പിനെണീറ്റു സവിസ്തരമായ സ്നാനാദി ദിനകൃത്യങ്ങൾ നിർവ്വഹിച്ചശേഷം പൂജാഗാരത്തിൽ കടന്ന് ആ ദേവതയെ വന്ദിപ്പാൻ തുടങ്ങിയാൽ നാഴികകൾ വിനാഴികകളായി കടന്നുപോകും. താന്താങ്ങളുടെ സങ്കടങ്ങൾ ബോധിപ്പിപ്പാൻ ആ വിസ്തൃതമായ മുറ്റത്ത് അപ്പോൾ വന്നുകൂടുന്ന പൊരുന്തമൺകാർ, ആ മുറിയിൽ നിന്നുയരുന്ന ഭക്തിസ്തോത്രങ്ങളിൽ, ആകണ്ഠം നിമഗ്നരായി, താന്താങ്ങളുടെ ദു:ഖവ്യസനാദികൾ തൽക്കാലത്തേക്കു വിസ്മരിച്ച്, ഒരു അലൗകികലോകത്തിൽ എത്തിപ്പെട്ടവരെപ്പോലെ നിലകൊള്ളുമ്പോൾ, പൂജാമുറിയുടെ നട മെല്ലെ തുറന്ന് ഒരു സുകുമാരകളേബരം എട്ടുകെട്ടിലേക്കു നടക്കുകയായി.

പ്രഭാതഭക്ഷണവും ശുഭ്രവസ്ത്രധാരണവും കഴിച്ച് കഥാപുരുഷൻ പൂമുഖത്തിങ്കലേക്ക് ആഗതനാവുമ്പോഴേക്കും തങ്ങളുടെ ആരാധനാമൂർത്തിയെ കൺവെട്ടത്തു കണ്ട് സാഷ്ടാംഗപ്രമാണം ചെയ്‌വാൻ അവിടെ തടിച്ചുകൂടി നിൽക്കുന്ന പുരുഷാരം അമാന്തിക്കുന്നില്ല. കരുണാപൂരിതവിലോചനങ്ങളാലേ അവരെ ഒന്ന് അമൃതസേചനം ചെയ്തശേഷം കുറുപ്പവർകൾ ഉയർന്നൊരു തട്ടുപടിയിൽ ആസനസ്ഥനാകുന്നു. അപ്പോഴാകട്ടെ, തുരുമ്പു വീണാൽ മേഘഗർജ്ജനമായേക്കാവുന്ന നിശ്ശബ്ദതയാണുണ്ടാവുക, മുറ്റത്ത്.

വീക്ഷണവ്യായാമാനന്തരം കുറുപ്പദ്ദേഹം ഒന്നിരുത്തി മൂളുന്നതും ഒരോരുത്തരായി ഉത്തരീയം താന്താങ്ങളുടെ അരക്കെട്ടിൽ ബന്ധിച്ചു പഞ്ചപുച്ഛമടക്കി ആവലാതി ബോധിപ്പിക്കാൻ തുടങ്ങുന്നു. സർവ്വം ക്ഷമാപുരസ്സരം ചെവിക്കൊണ്ട്, നിമിഷനേരം വിചിന്തനം ചെയ്ത് സുഗ്രീവാജ്ഞയേയും ഉല്ലംഘിക്കുന്നതായ തന്റെ ഉത്തരവുകൾ കുറുപ്പവർകൾ പുറപ്പെടുവിക്കുന്നു.

“കോരപ്പൻ പാട്ടക്കുടിശ്ശികയിൽ പകുതി വരും ആവണിയിൽ കൊടുക്കണം. കാൽ പങ്ക് മാശിയിലും. രാമൻപിള്ള അതിനാൽ തൃപ്തിപ്പെടും.” ഇത്യാദി.

വാദിയും പ്രതിയും ഉത്തമാംഗം കുനിച്ചു സമ്മതിച്ചു പിൻ‌വാങ്ങുന്നു. ഇങ്ങനെ അപ്പീലില്ലാതെ തന്റെ വിധികൾ നടപ്പാക്കി കുറുപ്പദ്ദേഹം എണീക്കുമ്പോഴേക്കും സൂര്യൻ ആകാശമദ്ധ്യത്തെ ചുംബിച്ച് പശ്ചാൽഗമനം ആരംഭിച്ചിരിക്കും.

കുറുപ്പവർകൾ സമൃദ്ധമായ ഊണും ഉച്ചയുറക്കവും കഴിച്ച് പരിവാരസമേതമുള്ള സായാഹ്നസവാരിക്കിറങ്ങും. പാതക്കിരുവശവുമുള്ള പീടികകളിലും വഴിവക്കിലും വിശ്രാണിക്കുന്ന ആബാലവൃദ്ധം, സ്ത്രീപുരുഷഭേദമന്യേ, ഭക്ത്യാദരപുരസ്സരം ഉത്ഥാനം ചെയ്തു വണങ്ങി നിൽക്കവേ, ഏവരേയും കരുണാപുരസ്സരം നിർല്ലോഭം കടാക്ഷിച്ചുകൊണ്ടും, തന്റെ ഉത്തരീയാഗ്രം ഭൂമീദേവിയുടെ വക്ഷ:സ്ഥലത്തെ ലോലലോലം തഴുകുന്നതുപോലും അറിയാതെയും, ശിരസ്സുയർത്തിപ്പിടിച്ച് അദ്ദേഹം നടകൊള്ളുമ്പോൾ പൊരുന്തമൺകാർ ഏകസ്വരത്തിൽ മന്ത്രിക്കും:

“അദ് രാജകലയാ…”

സന്ധ്യാദേവി ഋതുമതിയാകവേ കദളീവനത്തിൽ മടങ്ങിയെത്തുന്ന നമ്മുടെ വീരപുരുഷൻ കരപാദമുഖക്ഷാളനങ്ങൽ കഴിച്ച് ഏഴുതിരിയിട്ട ദീപത്തിന്റെ മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് രാമായണാദി സൽക്കാവ്യപാരായണം ആരംഭിക്കുമ്പോൾ, പൊരുന്തമണ്ണിലെ ഒരോ ശ്രവണപുടവും, ആയതു ശ്രവിപ്പാൻ നോറ്റിരിപ്പുണ്ടാവും. ആ ഭക്തിഭൈരവി കർണ്ണപുടത്തിൽ പതിപ്പാൻ ഭാഗ്യം സിദ്ധിച്ച ആരും സാക്ഷാൽ വാണീദേവി തല്പദദാസിയാണോ എന്ന് സന്ദേഹിക്കാതിരിക്കില്ല, നിശ്ചയം.

ഏത് അവസരത്തിലായാലും, കുറുപ്പദ്ദേഹത്തിന്റെ കാലടികൾ ഒരു ഭവനത്തിന്റെ കൊട്ടിയമ്പലത്തെ സ്പർശിക്കുന്ന നിമിഷം മുതൽ ആ ഭവനത്തിൽ സർവ്വാധികാരി തന്നെ അദ്ദേഹമാകുന്നതാകുന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.

ഇന്നു പൊരുന്തമണ്ണിൽ കാണുന്ന പള്ളിക്കൂടവും, ദേവാലയവും, നിരവധി കുളങ്ങളും, എന്നല്ല, പള്ളിപോലും കുറുപ്പദ്ദേഹം സ്വന്തം മേൽനോട്ടത്തിലും ചെലവിലും നിർമ്മിച്ചിട്ടുള്ളതാകുന്നു.

ഇങ്ങനെയെല്ലാം പരിലസിക്കുന്ന കുറുപ്പവർകളുടെ പത്നീപദമലങ്കരിപ്പാനുള്ള മഹാസുകൃതം, എന്നുതന്നെ പറയേണ്ടിയിരിക്കുന്നു, സിദ്ധിച്ചത് കുഴിമനയ്ക്കൽ കല്ല്യാണിക്കുട്ടിയമ്മ എന്നൊരു കരംഗാക്ഷിക്കാണെന്ന വസ്തുത മുൻപു തന്നെ പറയേണ്ടതായിരുന്നത് ഇപ്പോൾ ക്ഷമാപണപൂർവ്വം ചേർത്തുകൊള്ളുന്നു. പരമസാധ്വിയും കുലീനയുമായ ടി യുവതി സമർഹം, സാഗോപാംഗം പതിശുശ്രൂഷചെയ്കയാൽ രണ്ടു പുരുഷസന്താനങ്ങളുടെ മാതാവാകുകയുണ്ടായി. അവരിൽ ഇളയവനായ ഗോപി എന്നു വ്യവഹരിക്കുന്ന ഗോപീവല്ലഭക്കുറുപ്പ് പിൽക്കാലത്തു സതീർത്ഥ്യനായിത്തീരുകയാൽ ഈയുള്ളവനു, പലേ തരുണത്തിലും കദളിത്തോട്ടത്തിങ്കൽ ചെല്ലുവാനും കഥാപുരുഷനെ ഭക്ത്യാദരസമ്മിശ്രമായ വിദൂരവീക്ഷണംചെയ്തു സായൂജ്യം നേടുവാനും, സംഗതിയായിട്ടുള്ളതുമാകുന്നു.

പൊരുന്തമണ്ണിൽ സർക്കാർ വാഹനങ്ങൾ ഓടുവാനാരംഭിച്ചശേഷം ശ്രീ കുറുപ്പിലുണ്ടായ അത്യന്തകോമളതയാർന്നോരു ശീലത്തെക്കുറിച്ചും പരാമർശിക്കേണ്ടത് കഥാഗതിക്കാവശ്യമാകുന്നു. ഇടയ്ക്കിടെ അദ്ദേഹം ടി ശകടങ്ങളിൽ ആസനന്ഥനായി വിദേശഗമനത്തിനു ഉത്സാഹം ചെയ്കയും, തദ്വാരാ അദ്ദേഹത്താൽ ഗമനം ചെയ്യാത്ത ദിക്കുകൾ വിരളമാകുകയും ചെയ്തു.

കാലചക്രം അതിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്തുകൊണ്ടേയിരുന്നു.

ഒരിക്കൽ ബോംബേ എന്ന വിദേശനഗരി ദർശിപ്പാൻ പുറപ്പെട്ട കുറുപ്പദ്ദേഹത്തെ നാട്ടുകാർ പതിവും പടി കവലയിങ്കൽ തിങ്ങിവിങ്ങി നിന്നു യാത്രയാക്കി. എന്നാൽ രണ്ടുവാരവും ത്രിദിനങ്ങളും കഴിഞ്ഞ് സീമന്തപുത്രനായ ശുദ്ധോദനക്കുറുപ്പിനു ലഭിച്ചതായ ഒരു കമ്പിയിൽ കുറുപ്പദ്ദേഹം പ്രസ്തുത നഗരത്തിൽ വച്ച് സ്വർഗ്ഗഗതിയെ അകാലത്തിൽ പ്രാപിച്ചതായി വ്യസനപൂർവ്വം രേഖപ്പെടുത്തിയിരുന്നു. കമ്പിയും കൊണ്ട് വന്ന കിളിമാനൂർക്കാരൻ കമ്പിശിപായിപോലും ഈ വാർത്ത കേട്ട് ദു:ഖകമ്പിതനായി എന്നുവന്നാൽ, പൊരുന്തമൺകാർക്കുണ്ടായൊരു ദു:ഖസാഗരത്തെ ഈയുള്ളവൻ എങ്ങനെ തൂലികയ്ക്കുള്ളിലൊതുക്കും!

ഇപ്പോൾ “ഗുണികളൂഴിയിൽ നീണ്ടുവാഴാ” എന്ന മഹദ്വചനം ചേർക്കുന്നത്, സന്ദർഭോചിതമാകുമെന്നു ബലമായി ശങ്കിക്കയാൽ അപ്രകാരം ചെയ്തുകൊള്ളുന്നു.

എന്നാൽ നമ്മുടെ കഥ തുടങ്ങുന്ന കാലമാകുമ്പോഴേക്കു മേൽ വിവരിച്ചതായ സംഗതികൾ നടന്നു പന്തീരാണ്ടിലേറെയായിരിക്കുന്നു. പിതാവിന്റെ ഒസ്യത്തനുസരിച്ചു സർക്കാരിനു ലഭിച്ചതായ പള്ളിക്കൂടം ഒഴികെ, ബാക്കി സ്വത്തിൽ നേർപകുതി ലഭിച്ചുവെങ്കിലും ആയതുകൾ മദ്യപാനാദി നിഷിദ്ധവൃത്തികൾക്കു ചെലവിട്ട ശുദ്ധോദനക്കുറുപ്പ്, സ്വന്തം നാട്ടിൽ ഭിക്ഷ തെണ്ടുവാനുള്ള വൈമനസ്യം കാരണമാവം,ദേശാന്തരത്തിലേക്ക് അന്തർദ്ധാനം ചെയ്തുമിരിക്കുന്നു. കൊടിയ ബിസിനസ്സും, പ്ലഷർകാറും, രാജ്യകാര്യങ്ങളുമായി പരിലസിച്ചുല്ലസിച്ച ഗോപീവല്ലഭക്കുറുപ്പ്, ഒടുവിൽ ഒരു കള്ളനോട്ടുകേസിലകപ്പെടുകയാൽ തത്ഫലമായുണ്ടായ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടു തലസ്ഥാനനഗരിയിൽ തുറുങ്കിലടയ്ക്കപ്പെട്ടുമിരിക്കുന്നു.

സ്നേഹനിധികളായ വായനക്കാരെ, കുറുപ്പദ്ദേഹത്തിന്റെ പ്രിയതമ കുഴിമനയ്ക്കൽ കല്ല്യാണിക്കുട്ടിയമ്മ കുറുപ്പദ്ദേഹം ദേശാന്തരഗമനം ചെയ്യുന്നതിനും ഏറെ മുൻപുതന്നെ പരലോകപ്രാപ്തയായ വിവരം യഥാവസരത്തിൽ ചേർക്കാത്ത അപരാധത്തിനു നിങ്ങളോടു മാപ്പപേക്ഷിച്ചുകൊണ്ട് ആയതു വ്യസനസമേതം ഇപ്പൊൾ അറിയിച്ചുകൊള്ളട്ടെ.

കൃത്യമായിച്ചൊന്നാൽ, നമ്മുടെ കഥ നടക്കുന്നതു രണ്ടാമതു ചൊന്നതായ സംഗതികൾനടന്നു നാലു വർഷത്തോളം പിന്നെയും കടന്നശേഷമാണു. കാലചക്രത്തിനു കറങ്ങാതിരിപ്പാൻ യാതൊരു നിർവ്വാഹവുമില്ലെന്നു മാന്യവായനക്കാർ ഓർക്കുമല്ലോ.

ഇന്നാകട്ടെ, കദളിത്തോട്ടം, ശുദ്ധോദനനിൽ നിന്നു തീറെഴുതി വാങ്ങിയ മത്തായി എന്നൊരു മാപ്പിളജാതിക്കാരന്റെ വാസഗൃഹമാകുന്നു. നാലാംവേദക്കാരനാണെങ്കിലും, പണ്ടേ പൂമുഖത്തെ അലങ്കരിച്ചിരുന്ന ചന്തുക്കുറുപ്പവർകളുടെ എണ്ണഛായാച്ചിത്രത്തിനു മാപ്പിള സ്ഥാനഭ്രംശം വരുത്തിയിട്ടില്ല. അതിൽ ചാർത്തപ്പെട്ടു കിടന്ന മല്ലികാസുമഹാരം മാറ്റിയതുമില്ല. അതിനാൽ സ്മര്യപുരുഷന്റെ ഭൗതികദേഹം അന്ത്യമായൊന്നു കാണാൻ ഭാഗ്യം ലഭിക്കാത്ത പൊരുന്തമണ്കാർക്ക്, അദ്ദേഹത്തിന്റെ ഛായാചിത്രമെങ്കിലും ദർശിച്ച് കണ്ണീർ പൊഴിപ്പാൻ നിതരാം സൗകര്യം ലഭ്യമാവുകയും, ആയത് അവർ വിനിയോഗിക്കുകയും ചെയ്യുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ജന്മചരമദിനങ്ങൾ അവർ ആചരിച്ച് ആനന്ദിച്ചും പോരുന്നു.

പൊരുന്തമൺ കവലയിൽ ആഹാരനീഹാരങ്ങളുടെ ഗുണപുഷ്കലതയാൽ പ്രഥമസ്ഥാനമലങ്കരിക്കുന്ന മാധവൻ നായരുടെ ചായപ്പീടികയിൽ ഈ ധനുമാസത്തിലെ ഒരു പ്രഭാതത്തിൽ, അതായതു വെളുപ്പാൻ പിന്നെയും വിനാഴികകളുള്ളപ്പോൾ ഒരു ഗോസായി കടന്നുവന്ന്, ഒരു കോണിനെ അവലംബിച്ചിരുന്ന ബെഞ്ചിൽ ആസനസ്ഥനായി. നായർ ഗോസായിയെ ഒന്നു നിരീക്ഷിച്ചു. ആജാനുബാഹു. ജീർണ്ണിച്ച കുപ്പായങ്ങൾ. ഹസ്തം ഒരു കൊച്ചു ഭാണ്ഡത്താലലംകൃതവും.

ഗോസായി ഒന്നു ചിരിച്ചു. ചായ ചോദിപ്പാൻ ഭാഷ വശമില്ലായ്കയാലാവുമെന്നു കരുതിയ നായർ ഒരു കോപ്പ ചായ മുന്നിലുടനടി എത്തിച്ചതിനെ ഗോസായി ഒരിറക്കിനു പക്വാശയത്തിലെത്തിച്ചു.

സൂര്യകിരണങ്ങളും പതിവുകാരും പീടികയിൽ വന്നു നിറഞ്ഞിട്ടും ഗോസായി അതേ മട്ടിലിരുന്നു. ഒരക്ഷരം ഉരിയാടാതെ എല്ലാം കാകദൃഷ്ടിയാലെന്നോണം വിലോകനം ചെയ്തു സുസ്മേരവദനനായി അങ്ങനെ സ്ഥിതിചെയ്തു.

വല്ല ചാരനോ അഭയാർത്ഥിയോ ആകാമെന്നു പട്ടണത്തിലെ കോളേജ് ക്ലാസ്സുകളിൽ വായന നടത്തുന്ന യുവാക്കൾ പറഞ്ഞെങ്കിലും അക്കാര്യത്തിലൊരു യോജിപ്പിൽ ജനം എത്തായ്കയാൽ മേൽനടപടികൽ ഉണ്ടായതുമില്ല.

ആളൊഴിഞ്ഞ ഗോസായി മെല്ലെ ഉത്ഥാനംചെയ്ത് കവലയിലെ അത്താണിച്ചുവടിനെ പ്രാപിച്ചു ശയിച്ചു. ശയിച്ചോരനന്തരം നിദ്രാദേവിയെ പുണർന്നു.

വൈകുന്നേരം പീടിക വീണ്ടും ജനബഹുലമാകവേ ഗോസായി കയറിവന്ന്, സർവ്വരേയും ലോചനങ്ങളാലൊന്നുഴിഞ്ഞു മന്ദഹാസം തൂകിയശേഷം, ഒരു വലിയ രഹസ്യം വെളിവാക്കുന്ന ഭാവത്തിൽ തലപ്പാവുമാറ്റി കഷണ്ടി കയറിയ ശിരസ്സു തലോടി. ജനങ്ങൾ കേവലം നോക്കിയിരുന്നതേയുള്ളൂ. ഗോസായി കണ്ണിമകൾ വിടർത്തി ഒരോരുത്തരെയായി നിരീക്ഷിച്ചശേഷം തനി മലയാളത്തിൽ സർവ്വരോടുമായി:

“എന്നെ മനസ്സിലായോ?”

ആളുകൾ നിർന്നിമേഷരായി കുത്തിയിരുന്നു.

അപ്പോൾ ഗോസായി ചിരിച്ചു. മറ്റാരും ചിരിച്ചില്ല.

ഗോസായി: കദളിത്തോട്ടത്തിൽ ചന്തുക്കുറുപ്പ് എന്നൊരാളെ അറിയുമോ?

തങ്ങളുടെ കൺപാർത്ത തിരുവവതാരത്തെ വെറും ചന്തുക്കുറുപ്പെന്നു വ്യവഹരിച്ചത് ആർക്കും രസിച്ചില്ലാ എന്ന് അവരുടെ മുഖാരവിന്ദങ്ങളിൽ ഞൊടിയിടയിൽ പരന്ന കാളിമ വ്യക്തമാക്കി.

അതു കണ്ടതായി ഭാവിക്കാതെ ഗോസായി വീണ്ടും പറഞ്ഞപ്പോൾ ഒരു വയോധികൻ കണ്ണുതുടച്ചുകൊണ്ട്, “കുറുപ്പദ്ദേഹത്തെ അറിയുമെന്നോ?-അദ്ദേഹം-അദ്ദേഹം-” വൃദ്ധനു കണ്ഠമിടറുകയാൽ മറ്റൊരാൾ ഗദ്ഗദകണ്ഠനായിത്തന്നെ പൂരിപ്പിച്ചു: “അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് വ്യാഴവട്ടം ഒന്നരയാവുന്നു.”

ദു:ഖത്തിന്റെ ഇരുളിലും ഗദ്ഗദങ്ങളിലും പീടിക ആഴ്ന്നു പോകുമോ എന്നു മാധവൻ നായർക്കു ഭയമായി.

ഗോസായി ദിഗന്തങ്ങൾ പൊട്ടിപ്പൊടിയുമാറ് ചിരിച്ചു. അതുകണ്ട് ചെറുപ്പക്കാർ രോഷാകുലരായി. എങ്കിലും ചിരിച്ചുവശാകുന്ന ഗോസായി കിറുക്കനായിരിക്കാമെന്ന് ഒരാൾ അംഗവിക്ഷേപം ചെയ്കയാൽ അനിഷ്ടമൊന്നുമുണ്ടായില്ല.

കോലാഹലം ശമിച്ചാറെ ഗോസായി: ഹാ കഷ്ടം! നിങ്ങളെന്നെ തിരിച്ചറിഞ്ഞില്ലല്ലോ? നിങ്ങളെ ഒരോരുത്തരേയും എനിക്കറിയാം. പേരും നാളും പോലും. ഞാനാണു ചന്തുക്കുറുപ്പ് ഈ ഞാൻ…

ഇപ്പോൾ ജനങ്ങളും ചിരിച്ചുപോയി. ഭ്രാന്തജല്പനം കേട്ടാൽ തീവ്രദു:ഖത്തിനിടയിലും ചിരിപ്പാതിരിപ്പാൻ തരമുണ്ടോ?

എന്നിട്ട്, ഗോസായി ഒരോരുത്തരുടെ പേർ, വീട്ടുപേർ ഇത്യാദിയെല്ലാം പറവാൻ തുടങ്ങി. കൂടിനിന്ന മഹാജനമകട്ടെ അത്ഭുതസ്തിമിതരായി. ഗോസായി ജ്യോതിഷവിശാരദനായ ഒരു കോടാങ്കിയാണെന്ന് മനസ്സിലായി. തങ്ങളുടെ ഭാഗ്യം പരീക്ഷിപ്പാൻ അഹമഹമികയാ മത്സരിച്ചു. ഗോസായിയാകട്ടെ, കദളിത്തോട്ടത്തിൽ കണക്കു മാതേവക്കുറുപ്പ് ചന്തുക്കുറുപ്പാണു താനെന്ന് ജനത്തെ വിശ്വസിപ്പിക്കാൻ പരിശ്രമിച്ചു കിണയുകയായിരുന്നു.

ഒടുവിൽ ഇരുകൂട്ടരും തന്താങ്ങളുടെ പരിശ്രമം അവസാനിപ്പിക്കുമ്പോൾ പത്തു നാഴിക രാച്ചെന്നു.

ഗോസായി വീണ്ടും അത്താണീപദത്തിൽ ചുരുണ്ടു. പക്ഷേ, മഹാമാന്ത്രികനായൊരു ഗോസായി കവലയിലെത്തിയിരിക്കുന്ന വാർത്ത ആ രാത്രി പൊരുന്തമണ്ണിൽ ഓടി നടന്നു.

പിറ്റേന്ന് കുക്കുടങ്ങൾ ഉണർന്നപ്പോഴേക്കും പൊരുന്തമൺ ആബാലവൃദ്ധം കവലയിലെ അത്താണിച്ചുവടു നോക്കി നടകൊണ്ടു. മകന്റെ ഭാഗ്യം, മകളുടെ വിവാഹം, ഭാര്യയുടെ ജാരസംസർഗ്ഗം ഇങ്ങനെ അനന്തകോടി പ്രശ്നങ്ങൾക്ക് ഗോസായി പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയാൽ അവരവിടെ തടിച്ചുകൂടി. ക്ഷമാപുരസ്സരം അവരവിടെ നിന്ന് സുഷുപ്തിയിലാണ്ടു കിടക്കുന്ന ഗോസായിയെ നോക്കി അഭിപ്രായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.

ഗോസായി ഉണർന്നാറെ, ആരവവും ജനതതിയും കണ്ടും, അവരുടെ ഭക്തിബഹുമാനങ്ങൾകണ്ടും സന്തോഷചിത്തനായി കുശലപ്രശ്നത്തിനു മുതിർന്നു. അദ്ദേഹം ക്ഷേമാന്യേഷണാർത്ഥം ചിലരുടെ നാമം വിളിക്കുകയും, ഉടനെ അവർ ഓടിയെത്തി, താണുവണങ്ങി, തങ്ങൾക്കറിയേണ്ടതായ കാര്യം ഉണർത്തിപ്പാനുദ്യമിക്കുകയും ചെയ്തു.

ഉടനെ നമ്മുടെ ഗോസായി അത്താണിയുടെ ഉപരിതലത്തെ ആരൂഢം ചെയ്തു, പൊരുന്തമൺകാരെ സ്നേഹമസൃണമായി സംബോധനചെയ്ത്, അവരുടെ പഴയ മാ. ചന്തുക്കുറുപ്പാണു താൻ എന്നു ബോധ്യപ്പെടുത്താൻ കിണഞ്ഞു ശ്രമം തുടങ്ങി. ജാതകാദികളുമായി വന്നവർക്കു ഈ പ്രഭാഷണത്തിൽ വിമുഖതയുദിക്കുകയും, അവർ തന്താങ്ങളുടെ ഉദ്ദേശസാദ്ധ്യത്തിനു ചതുരുപായങ്ങളും പ്രയോഗിപ്പാൻ ആരംഭിക്കുകയും ചെയ്തു. ഈ ബഹളബഹുലതയിൽ ഗോസായി ചൊന്ന ഒരു പദവും ആരുടെയും കർണ്ണപുടത്തെ പ്രാപിച്ചില്ലാ എന്ന വസ്തുത വായനക്കാർ ഗ്രഹിച്ചിരിക്കുമല്ലോ. രണ്ടുനാഴിക നേരത്തെ കണ്ഠക്ഷോഭാനന്തരം, വിയർത്തൊലിച്ചു ഗോസായി നിലത്തിറങ്ങി, തെല്ലു ദൂരെച്ചെന്ന് ഇരിപ്പുമായി.

ഈ സന്ദർഭം അസുലഭമാണെന്നു കണ്ട പൊരുന്തമൺ പഞ്ചായത്തുപ്രസിഡന്റവർകൾ അത്താണിയിലേക്ക് ഉരുണ്ടുകയറുകയും, ജനങ്ങളുടെ ഹസ്തതാഡനയ്ക്കുശേഷം അന്തരിച്ചുപോയ മാ. ചന്തുക്കുറുപ്പവർകളുടെ പതിനേഴാം ചരമവാർഷികം സമുചിതമായി ആഘോഷം ചെയ്യേണ്ടും വിഷയത്തിങ്കലേക്ക് ജനശ്രദ്ധയെ സാദരം ക്ഷണിക്കുകയും, ടി ഉത്സവത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനു നൂറ്റൊന്നുപേരുള്ള കമ്മറ്റിയെടുപ്പാൻ ഉത്സാഹിച്ചുദ്യമിച്ചു സാഫല്യത്തിലെത്തിക്കയും ചെയ്തു.

ആ പകൽ മുഴുവൻ നമ്മുടെ ഗോസായി നിരാശനും മ്ലാനവദനനുമായി അവിടെത്തന്നെ ഇരുന്നു. ശിശുക്കളൊഴികെ മറ്റാരുമദ്ദേഹത്തെ ഗൗനിച്ചതുമില്ല.

ആ നവമിരാത്രിയിലെ ശശാങ്കൻ അന്തർദ്ധാനം ചെയ്തിട്ടും, തന്റെ ദുർവ്വിധിയെ പഴിച്ചും, പേർത്തും വ്യസനിച്ചും, ജാഗരക്ലിഷ്ടനായി, അത്യന്തഖിന്നനായി, ഗോസായി ക്ലേശിച്ചു. ഗോസായി നമ്മുടെ കഥാപുരുഷനായ ശ്രീമാൻ ചന്തുക്കുറുപ്പല്ലാതെ മറ്റാരുമല്ലാ എന്ന കാര്യം സൂക്ഷ്മദൃക്കുകളായ വായനക്കാർ ഇതിനോടകം ഗ്രഹിച്ചിരിക്കുമല്ലോ. അദ്ദേഹമാകട്ടെ, തന്റെ വേഷപ്പകർച്ചയാണു നാട്ടുകാരുടെ തിരസ്കാരത്തിനു കാരണമെന്നു ചിന്തചെയ്തുറച്ചശേഷം ഒന്നു മയങ്ങുകയും ചെയ്തു.

പുലരീദേവത പൊരുന്തമണ്ണിൽ തിരുതകൃതിയായി എത്തുമ്പോൾ ഗോസായി എങ്ങോ പോയ്കഴിഞ്ഞിരുന്നു.

എന്നാൽ പിറ്റേന്നു ടി. ദേവത കണികണ്ടത് ശ്രീമാൻ കുറുപ്പിനെത്തന്നെ. ക്ഷൗരാദികളാൽ ഗോസായിവേഷം വെടിഞ്ഞു പഴയ സ്വരൂപം ആവോളം കൈക്കൊണ്ട് അദ്ദേഹമങ്ങനെ എത്തിയിരിക്കുകയാണു. ഇനി നാട്ടുകാർക്ക് തന്നെ തിരിച്ചറിയുവാൻ ക്ലിഷ്ടതയുണ്ടാവുകയില്ലാ എന്ന് അദ്ദേഹത്തിനു നിശ്ചയമുണ്ട്.

ചന്തദിവസമാകയാൽ നിരത്തും കവലയും ജനനിബിഡമായിരുന്നു. ആയതുകൊണ്ടു കുറുപ്പദ്ദേഹം സർവ്വജനശ്രദ്ധ പിടിച്ചുപറ്റാൻ പര്യാപ്തമായൊരിടത്തിൽ നിലകൊണ്ടു.

നിർഭാഗ്യമെന്നു പറയട്ടെ, ഉച്ചത്തിൽ വിലപേശിയും ഭാരങ്ങൾ ചുമന്നും സ്വേദഗന്ധം വമിച്ചും കടന്നുപോയ ജനതതിയിൽ ഒരാളും തന്നെ അദ്ദേഹത്തെ രണ്ടാമതൊന്നു നോക്കിപോലുമില്ല. ഈ ദു:സ്ഥിതിയിൽ മനോദു:ഖത്തേക്കാൾ അത്ഭുതമാണു അദ്ദേഹത്തിൽ ഉടലെടുത്തത്.

മേലിൽ ഒരോരുത്തരെയായി തന്റെ നിജസ്ഥിതി ബോദ്ധ്യമാക്കുകയാണു ഉത്തമമെന്നു വിചാരണ ചെയ്ത് സമാധാനിച്ചുംകൊണ്ട് തന്റെ കുടുംബഗൃഹം ഒന്നു കാണുവാൻ മോഹിച്ച് അദ്ദേഹം അങ്ങോട്ട് നടന്നു. ഗൃഹോപാന്തത്തിൽ പ്രവേശിച്ചപ്പോൾ തന്നെ തന്റെ ഛായാചിത്രം ഉമ്മറത്തു വിളങ്ങുന്നതു കാൺകയാൽ നിരുദ്ധകണ്ഠനായെന്നു മാത്രമല്ല, പുതിയ താമസക്കാരൻ തന്നോടു ഭക്തിയുള്ളവനാകണമെന്നും ആകയാൽ ഉപരിവിചാരണമദ്ധ്യേ തന്നെ തിരിച്ചറിഞ്ഞുകൊള്ളുമെന്നും ചിന്തിക്കുകയും ചെയ്തു. പ്രതീക്ഷാനിർഭരനായി കുറുപ്പദ്ദേഹം പൂമുഖത്തിൽ കയറുമ്പോൾ മത്തായിമാപ്പിള അടയ്ക്കയുടെ ചർമ്മങ്ങൾ വലിച്ചുപറിക്കുകയായിരുന്നു. കുറുപ്പ് ഉമ്മറപ്പടിയിൽ ഏറെ നിന്നശേഷമാണു മാപ്പിള ഉത്തമാംഗം ഉയർത്തിയത്.

ആ കണ്ണുകളിലെ ചോദ്യചിഹ്നം കണ്ട് കുറുപ്പിന്റെ ഉള്ളൊന്നു കാളി.

കുറുപ്പ്
ഞാൻ … എന്നെ അറിയില്ലേ?
മാത്തായി 
(മാർദ്ദവം തീരെയില്ലാത്ത സ്വരത്തിൽ) ഇല്ല.
കുറുപ്പ്
ശിവ! ശിവ! ഇല്ലെന്നോ? നിങ്ങൾ പിന്നെ ആ ചിത്രം അവിടെ വച്ചിരിക്കുന്നതെന്തിനാ?
മാപ്പിള
(കള്ളനെ നോക്കുംപോലെ കുറുപ്പിനെ ഒന്നു നോക്കിയിട്ട്)

അതെടുത്തുകളയേണ്ട ആവശ്യം?

മാപ്പിള സാധാരണ ലുബ്ധന്മാരിലൊരുവനല്ല, ഗൃഹാംഗങ്ങളുടെ തല മുണ്ഡനം ചെയ്യുന്ന രോമം പോലും ഒന്നൊഴിയാതെ ശേഖരിച്ചു വിൽകുന്നവനാണെന്നാണു പ്രസിദ്ധി.

കുറുപ്പ് ഉടനെ പിന്തിരിഞ്ഞില്ലെങ്കിലും മാപ്പിള നീരസപൂരിതമായ തന്റെ മുഖേന്ദുവിനെ അങ്ങോട്ട് തിരിക്കാതെ അടയ്ക്ക പൊളിക്കുന്നതിൽ ബദ്ധശ്രദ്ധനായി കാണുകയാൽ തിരിച്ചു നടന്നു.

വരുംവഴി തന്റെ ബാല്യകാലം മുതലേ ആത്മമിത്രമായി വർത്തിച്ചിരുന്ന രാമൻ നായരെ കണ്ടാൽ ഈ ആശയക്കുഴപ്പം പരിഹരിക്കാമെന്ന പ്രത്യാശകന്ദളം മനസ്സിലുദിക്കയാൽ അവ്വിധം ചെയ്തു.

ഒരു കസാലയിൽ മലർന്നു കിടക്കുകയായിരുന്നു രാമൻ നായർ. ചെന്നു കയറിയപാടെ കുറുപ്പ് വിസ്തരിച്ചൊന്നു ചിരിക്കുകയും കുശലമന്യേഷിക്കുകയും ചെയ്തുവെങ്കിലും നായർ ആഗതനു ഇരിപ്പാനൊരിടം ചൂണ്ടിക്കാട്ടിയതേയുള്ളൂ.

അത്ഭുതവും നൈരാശ്യവും ഹൃദയാന്തരാളത്തിൽ പണിപ്പെട്ടൊതുക്കി.

കുറുപ്പവർകൾ താൻ ബോംബെയിൽ വച്ച് കാണ്മാനിടയായ ഗോപീവസനഹരസ്വാമികൾ, ഇഹലോകബന്ധമോക്ഷത്തിനുള്ള ലഘുതമമാർഗ്ഗമെന്ന നിലയിൽ, താൻ മരിച്ചുപോയതായി ഒരു കമ്പിയടിപ്പാൻ തന്നെ ഉപദേശിക്കയാൽ താൻ അപ്രകാരം ചെയ്തുവെച്ച്, ആ സ്വാമിപാദങ്ങളെ പിന്തുടർന്നു പതിനാലു കൊല്ലം ഹിമാലയഗുരുസ്ഥാനങ്ങൾ പ്രാപിച്ച് സന്യസിച്ചതും, ഗുരുവിന്റെ സമാധിക്കുശേഷം രണ്ടരക്കൊല്ലം പലേ ദിക്കുകളിലും ഭിക്ഷാടനം ചെയ്തലഞ്ഞതും, സ്വദേശദിദ്യക്ഷയാ ഗോസായി വേഷത്തിൽതന്നെ പൊരുന്തമണ്ണിൽ പൊടുന്നനവെ എത്തിയതുമായ കഥകൾ സവിസ്തരം സവികാരം പ്രസ്താവിച്ചു.

എന്നാൽ ഈ കഥാകഥനം ആദ്യന്തം കണ്ണടച്ചു കേട്ടുകിടന്നതല്ലാതെ രാമന്നായർ ശബ്ദിച്ചില്ല. അവസാന ഭാഗമെത്തിയപ്പോൾ —

നായർ
ഞാനിതൊക്കെ വിശ്വസിക്കണമെന്നാണോ?
കുറുപ്പ്
(ഞടുങ്ങി ആത്മഗതം) എന്ത്! ഈ പറയുന്നയാൾ രാമന്നായരാണെന്നോ? സബ്രഹ്മചാരിയും നിതാന്തസഹചാരിയുമായി വർത്തിച്ചിയങ്ങിയ രാമൻനായർ!
നായർ
(ദീർഘമായി മൂന്നു നാലു ശ്വസിച്ചശേഷം) കുറുപ്പദ്ദേഹം മരിച്ച വിവരം എല്ലാ വൃത്താന്ത പത്രങ്ങളിലും ഉണ്ടായിരുന്നു. ആ കടലാസ്സുകൾ കള്ളം പറയുമെന്നു വിശ്വസിപ്പാൻ ഞാനാളല്ല. ആ കണ്മറഞ്ഞതു ഞങ്ങളുടെ ദൈവമായിരുന്നു. അദ്ദേഹത്തിന്റെ പേരും ചൊല്ലിയുള്ള ഈ പിത്തലാട്ടം ഇന്നാട്ടുകാർ ദീർഘം സഹിച്ചില്ലെന്നു വരും. ഈ വയസ്സുകാലത് ഉപജീവനത്തിനു മറ്റൊരു മാർഗ്ഗം നോക്കുന്നതല്ലേ ഹേ! മനുഷ്യാ, നന്ന്?

കുറുപ്പദ്ദേഹം നിശ്ശബ്ദം എണീറ്റ് നടന്നു.

എന്തിനേറെ? അടുത്ത രണ്ട് പകൽകളിലും കുറുപ്പദ്ദേഹം പൂർവ്വസുഹൃത്തുക്കളിൾ പലരെയും സന്ധിച്ചു സംസാരിച്ചു. ഒടുവിൽ അഫലപ്രയാസനായി മടങ്ങി നിശാന്തംവരെ ധ്യാനത്തിലിരുന്നു. അന്നേരം അദ്ദേഹം താഴെ കാണുംവിധം ചിന്തിച്ചുതുടങ്ങി;

അല്ലെങ്കിൽ താൻ കുറുപ്പാണോ? മാ.ചന്തുക്കുറുപ്പാണു താനെന്നു പറഞ്ഞതാരാണു്? താനല്ല. വീട്ടുകാർ; നാട്ടുകാരും. ഇന്ന് അതു താനല്ലായെന്നു പറയുന്നതോ? അതും അവർതന്നെ. അപ്പോൾ, മറിച്ച് സ്ഥാപിക്കാൻ തനിക്കവകാശം?…

പുലർച്ചയ്ക്ക് മാധവൻനായർ പീടിക തുറന്നയുടനെ കുറുപ്പദ്ദേഹം അവിടെച്ചെന്നു നായരെ വിളിച്ചു സ്വകാര്യമായിച്ചൊന്നു:

“മാധവൻനായരെ, ഞാൻ ചന്തുക്കുറുപ്പായും, ഗോസായിയായും വെറും മനുഷ്യനായും പൊരുന്തമണ്ണിൽ വന്നു. എന്നാൽ ഞാൻ ഒരിക്കലും കുറുപ്പോ ഗോസായിയോ ആയിരുന്നില്ല. ഈയുള്ളവൻ മാത്രമായിരുന്നെന്ന് ഇപ്പോൾ ഞാൻ

മനസ്സിലാക്കുന്നു. നിങ്ങളും അതു മനസ്സിലാക്കണം. അതിനാല്‍ പ്രത്യേക രേഖകളൊന്നുമില്ലാത്ത എന്റെ സ്വത്വവും കൊണ്ടു ഞാന്‍ പോകുന്നു. നിങ്ങള്‍ക്കെല്ലാം നന്മ വരും.

മാധവന്‍നായര്‍ സ്വതസ്സിദ്ധമായ ദൂകനോട്ടം നോക്കിനിന്നതല്ലാതെ ശബ്ദിച്ചില്ല.

ഇക്കഥയിലെ ഗുണപാഠം ഇതിനോടകം വായനക്കാര്‍ക്കു ബോദ്ധ്യമായിരിക്കാമെന്നിരിക്കിലും സന്ദര്‍ഭോചിതമായി തോന്നിയ ഒരു ശ്ലോകാര്‍ദ്ധം കൂടി ഉപരിരസനിഷ്പത്തിക്കായി ചേര്‍ത്തുകൊള്ളുന്നു: “സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെ ഇവിടെപ്പുക്കസ്തമിക്കുന്നതിങ്ങിഷ്ടന്മാര്‍ പിരിയുന്നു, ഹാ! ഹാ! ഇവിടമാണദ്ധ്യാത്മവിദ്യാലയം!”

(മലയാളനാട്, ജനവരി 1973)