close
Sayahna Sayahna
Search

സ്ക്കോളർഷിപ്പ്


സ്ക്കോളർഷിപ്പ്
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

സ്വിഫ്ററ്ട്രീററിലെ പതിനാറാം നമ്പര്‍ വീട്ടില്‍ ഞാന്‍ വസിക്കുന്നു. ആരാണ് ശ്രീമാന്‍ സ്വിഫ്റ്റെന്നോ, കേരളത്തിലെ ഒരു കോളനിക്ക് ഒരു സായിപ്പിന്റെ പേര് വീണതിന്റെ കര്‍മബന്ധമെന്തെന്നോ ചോദിക്കരുത്. ചോദിച്ചാൽ കോളനിനിവാസികള്‍ മലര്‍ന്നുവീഴുകയേയുളളു. കഥയില്‍ ചോദ്യങ്ങള്‍ക്ക് ഇടമില്ലെന്നും ഓര്‍ക്കുക.

പ്രൊഫസര്‍മാര്‍, ഭിഷഗ്വരര്‍, എഞ്ചിനീയേഴ്സ്, വക്കീലന്മാര്‍ തുടങ്ങി മക്കളുടെ ചുണ്ടില്‍ വെള്ളത്തവിതന്നെ വച്ചുകൊടുപ്പാന്‍ കെല്‍പ്പുള്ളവരാണ് ഇവിടത്തെ മുപ്പത്താറു വീടുകളിലേയും അന്തേവാസികള്‍. ഈ ചതുപ്പു നിലം സര്‍ക്കാര്‍ സ്വായത്തമാക്കിയ കാലത്ത് ഒരു കുടികിടപ്പ് പ്രശ്നമുണ്ടായി. സ്വന്തം കുടിയില്‍ നിന്നിറങ്ങാതെകിടന്ന പാര്‍ഥനെന്ന ഹോട്ടല്‍തൊഴിലാളിയെ മുപ്പത്താറാം വീട്ടിനുമപ്പുറമൊരു കോണില്‍ അഞ്ചു സെന്റില്‍ ബഹുമാനപ്പെട്ട സര്‍ക്കാർ കുടിയിരുത്തി. ഇപ്പുറത്തെ മാളികള്‍ക്കു കണ്ണേറു പററാതിരിപ്പാനുയര്‍ത്തിയ കോലമായി പാര്‍ഥന്റെ പാര്‍പ്പിടം.

ഒഴിവുവേളകള്‍ വീണുകിട്ടുന്നതിനൊത്ത് പരസ്പരം ഗൃഹസന്ദർശനങ്ങള്‍ നടത്തി ഞങ്ങള്‍ മൈത്രിയുടെ ചൂടു നിലനിറുത്തുന്നു. സൂര്യനുദിക്കുംമുമ്പ് ഹോട്ടല്‍ വേലയ്ക്കു പോവുകയും സ്ട്രീററുലൈററുകളണഞ്ഞശേഷം മടങ്ങിവരികയും ചെയ്യുന്ന പാര്‍ഥനെന്ന മനുഷ്യനെ ഞങ്ങളില്‍ പലരും ഒരു നോക്കി കണ്ടിട്ടുപോലുമില്ല.

കഴിഞ്ഞയാഴ്ച ഞാന്‍ ഇര‍ുപത്തിയാറാം നമ്പറില്‍ ചെന്ന‍ു. പ്രസിദ്ധനായ ഒര‍ു മലയാളം പ്രൊഫസറാണ് ഗ‍ൃഹനായകന്‍. അദ്ദേഹത്തിന്റെ ശ്രീമതിയ‍ും ഭാഷാധ്യാപിക. ഞങ്ങള്‍ ക്രമോപചാരങ്ങളോടെ സ്വന്തം സന്താനങ്ങളെപ്പറ്റി സംസാരിച്ച‍ു ത‍ുടങ്ങി.

പ്രൊഫസര്‍ അത്യാഹ്ലാദപ‍ൂര്‍വം പറഞ്ഞ‍ു “എന്റെ രണ്ട‍ു ഡാട്ടേഴ്‍സ‍ും ജര്‍മനാണ് സെക്കന്റ്‍ ലാംഗ്വേജെട‍ുത്തത്. ക‍ുഞ്ഞ‍ുങ്ങളെ അവര്‍ക്കഭിര‍ുചിയ‍ുള്ള ഭാഷ പഠിപ്പിക്കണം. ഡിഗ്രിക്ക് രണ്ട‍ുപേര്‍ക്ക‍ും ജര്‍മന് ഫസ്റ്റ്റാങ്ക്. ‍മ‍ൂത്തവള്‍ക്ക് ട്രിബിള്‍ ഫസ്റ്റ്ക്ലാസ‍ും തരമായി.”

ഈ അഭിര‍ുചി ഏത‍ു രക്തത്തില‍ൂടെ വന്നതാണെന്ന എന്റെ എളിയ സംശയം ആ സഭയില്‍ ഉന്നയിക്കാതെ ഞാന്‍ വിഴ‍ുങ്ങി. മാത്രമല്ല ആ ഗ‍ുര‍ുവര്യന്‍ പറയ‍ുന്നത് സര്‍വ്വവ‍ും ശരിയാണെന്ന് തലയാട്ടിക്കൊണ്ടിരിക്ക‍ുകയ‍ും ചെയ്‍ത‍ു.

“മിസ്റ്റര്‍. നിങ്ങള‍ും ക‍ുട്ടികളെ ജര്‍മ്മനോ ലാറ്റിനോ പഠിപ്പിക്കണം. ക‍ുറഞ്ഞപക്ഷം ഫ്രഞ്ചെങ്കില‍ും. ദാറ്റ് ഈസ് വൈസ്.”

ആ ഉപദേശത്തിന‍ു ഞാന്‍ തല വണങ്ങി.

ഇനി പതിനഞ്ചാം നമ്പറിലെ കഥ പറയാം. അവിടെ എക‍്‍‍സിക്യ‍ൂട്ടീവ് എഞ്ചിനീയര്‍ ശിവസേനന്‍ നായര്‍ സസ‍ുഖം വാണര‍ുള‍ുന്ന‍ു. ഭാര്യ നിവേദിത. പോസ്റ്റ‍ുഗ്രാജ്വേറ്റ്. സര്‍ക്കാര്‍ സേവനത്തിന് സ്റ്റാറ്റസ് കമ്മിയായതിനാല്‍ സ്വസ്ഥം ഗ‍ൃഹഭരണം. ആ ചിരഞ്‍ജീവികള്‍ക്ക് ഒരേയൊര‍ു സന്താനം. ‘വേട്ടയ്ക്കൊര‍ു മകന്‍’ എന്ന‍ു പറഞ്ഞാല‍ും പാഴ്‍വാക്കാകില്ല. പേര്, ജിജോസഫ്.

ശിവസേനന്‍ എന്നെ കാണ‍ുമ്പോഴൊക്കെ പറയ‍ുക ജിജോ എന്ന നാലാം ക്ലാസ്സ‍ുകാരനെപ്പറ്റിയാണ്. “ഹി ഈസ് ഹൈലി ഇന്റലിജന്റ്. വെരി സ്‍മാര്‍ട്ട് ആള്‍സോ. എല്‍.കെ.ജി. യില്‍ ഒര‍ു ക്ലാസ്‍ടെസ്റ്റിന്റെ തലേന്ന് കോള്‍ഡ് പിടിപെട്ടത‍ുകൊണ്ട് ഒര‍ു മാര്‍ക്ക് ക‍ുറഞ്ഞ‍ു. റാങ്ക‍ു പോയി. അവന്‍ ആകെ ഡസ്‍പായി. രണ്ട‍ുദിവസം ജലപാനംപോല‍ുമില്ലാതെ ഒറ്റക്കിടപ്പ്. ഞങ്ങള്‍ എത്ര പാട‍ുപെട്ടെന്നോ ഒര‍ു ഗ്ലാസ് ബോണ്‍വിറ്റ കഴിപ്പിക്കാന്‍. ഫൈനല്‍ എക‍്സാമിന് റാങ്ക് അവന്‍ വീണ്ടെട‍ുത്ത‍ു. വലിയ വാശിക്കാരനാ, ഇപ്പോള്‍ ഫോര്‍ത്ത് സ്റ്റാന്‍ഡേര്‍ഡിലാണ്. കഴിഞ്ഞ മൂന്ന‍ു ക്ലാസില‍ും അവന്‍ ഫസ്റ്റ് റാങ്ക് ആര്‍ക്ക‍ും വിട്ട‍ുകൊട‍ുത്തില്ല. ഈ റാങ്ക‍ുവാങ്ങല്‍ ഒര‍ു ശീലമാണ്… ശീലമാക്കണം…”

വീട്ടില്‍ വച്ചാണീ ഭാഷണമെങ്കില്‍ ശ്രീമതി ക‍ൂട്ടിച്ചേര്‍ക്ക‍ും-“ടീച്ചേഴ്‍സിന് ജിജോമോനെ ജീവനാ. സ്‍ക‍ൂളിന്റെ പ്രസ്റ്റീജാണ് അവനെന്നാ പ്രിന്‍സിപ്പാള്‍ പറയാറ്. അവന്റെ ഇംഗ്ലീഷ് ആക‍്സന്റ് ശ്രദ്ധിച്ചിട്ട‍ുണ്ടോ?. എന്റെ പ്രൊഫസര്‍മാര്‍ പോല‍ും ഇത്ര സ്റ്റൈലായി പ്രൊനൗണ്‍സ് ചെയ്തിട്ടില്ല.”

എഞ്ചിനീയര്‍ തുന്നിച്ചേര്‍ക്കും “അവന്റെ ജനറല്‍നോളഡ്ജ് ഒന്നു ടെസ്റ്റ്ചെയ്തുനോക്കണം. എനിക്കറിയാത്ത സയന്‍സും സൈക്കോളജിയും അവനറിയാം. ഇടയ്ക്കിടെ ഓരോ ചോദ്യങ്ങളും കൊൻടിങ്ങുവരും, എന്നെ പരീക്ഷിക്കാന്‍. മകന്റെ മുന്നില്‍ മണ്ടനാവാമോ? ഞാനൊററ വെരട്ട് പാസ്സാക്കി തടിതപ്പും.”

എഞ്ചിനീയറുടെ പൊട്ടിച്ചിരിയില്‍ ഗത്യന്തരമില്ലായ്കയാല്‍ ഞാനും പങ്കുചേരും. അടുത്ത തവണ കണ്ടുമുട്ടുമ്പോഴും ഇതൊക്കെ ചില്ലറ പാഠഭേദങ്ങളോടെ അദ്ദേഹം അവതരിപ്പിക്കും. ശ്രീമതി നിവേദിതയുടെ പ്രധാന പ്രഭാതകര്‍മ്മം മകനെ അണിയിച്ചൊരുക്കി സ്ക്കൂളില്‍ കൊണ്ടുവിടുകയാണ്. പയ്യനെ ഒരുക്കുവാന്‍ വേണ്ടതിലേറെ സമയം വേണം അമ്മയ്ക്കൊരുങ്ങുവാന്‍. സ്കൂള്‍ കോമ്പൌണ്ടില്‍ ഇത്തിരിനേരം വട്ടംകറങ്ങി അദ്ധ്യാപകരോട്, ഇതേ ഹോബിയുമായി അവിടെ തമ്പടിച്ചിരിക്കുന്ന അമ്മമാരോടും ജിജോയെപ്പറ്റി ചെറുകിട ചര്‍ച്ചകള്‍ നടത്തിയിട്ട് അവള്‍ മടങ്ങിപ്പോരും. മൂന്നുമണിയായാൽ വീണ്ടും ഒരൊരുക്കം, ഒരു നടത്തം; തിരക്കിട്ട നാലു പുത്രപ്രശസ്തി കഥനം.

അമ്മമാരുടെ ഈ യുഗധര്‍മ്മത്തെപ്പററി ചിന്തിക്കുമ്പോഴെല്ലാം കഴിഞ്ഞ ഡിസംബറില്‍ നടന്ന ആ അനിഷ്ടസംഭവം ഓര്‍ത്തുപോകുന്നു. ഇരുപത്തൊന്നാം നമ്പറിലെ നിര്‍മ്മലാകോശിയുടെ പ്രധാന ദേഹണ്ഡം സന്താനങ്ങളെ പഠിപ്പിക്കലാണ്. പ്രീഡിഗ്രി തോററവളാണാ മഹതിയെങ്കിലും പഠിപ്പിക്കാനായി പിറന്നവളാകുന്നു. കുട്ടികളെ സ്കൂളിലാക്കി മടങ്ങിവന്നാല്‍ മുറി അടച്ചിരുന്ന് അവള്‍ കുട്ടികളുടെ പാഠങ്ങള്‍ കാണാപ്പാടം പഠിക്കും. സന്ധ്യയായാല്‍ അതെല്ലാം സന്തതികളുടെ തലയ്ക്കുള്ളില്‍ നൂറ്റൊന്നാവര്‍ത്തി തള്ളിക്കയറ്റും. തള്ളക്കാക്ക കുഞ്ഞിന് തീററ കൊടുക്കുന്ന വിദ്യ.

സ്ക്കൂളിലേക്ക് നിര്‍മ്മല നടക്കുക നിവര്‍ത്തിപ്പിടിച്ച പുസ്തകവുമായിട്ടാണ്. സൂര്യഭഗവാന്റെ മുന്നില്‍ നടന്നുനടന്ന് ഹനുമാന്‍ വ്യാകരണം പഠിച്ചില്ലേ. ആ പാരമ്പര്യം നിര്‍മ്മലയുടെ പൈതങ്ങള്‍ നിലനിര്‍ത്തുന്നു.

ഡിസംബര്‍ പരീക്ഷക്കാലത്ത് ഈ വാക്കിംഗ് ട്യൂഷനില്‍ പരിസരം മറന്ന് ശ്രീമതി ഇടംവലം നോക്കാതെ റോഡുക്രോസ് ചെയ്തു. ഒരു ടെംബോവാൻ നിലത്തു തള്ളിയിട്ടപ്പോഴാണ് അവര്‍ സോഷ്യല്‍സ്റ്റഡീസില്‍ നിന്നും പുറത്തു ചാടിയത്. മൂന്നാംനാള്‍ ബോധം തെളിഞ്ഞ ആദ്യനിമിഷം അവര്‍ ഉരുവിട്ടത ഒരു ചോദ്യമായിരുന്നു — “ഹു വാസ് ദ ഫസ്റ്റ് ഗവര്‍ണ്ണര്‍ ജനറല്‍?”

അമ്മയെ ദുഃഖാര്‍ത്തനായി ഉററുനോക്കി നിന്നിരുന്ന മകന്‍ ശടേന്ന് ശരിയായ ഉത്തരം ഉണര്‍ത്തിക്കുകയും ചെയ്തു.

ആ വീഴ്ച സമ്മാനിച്ച മുടന്തോടെ നിര്‍മ്മലാകോശി ഇന്ന പഠനപദയാത്ര തുടരുന്നു.

ഹോട്ടല്‍ തൊഴിലാളി പാര്‍ത്ഥന്റെ മകനും നാലാംക്ലാസ്സിലാണ്. അവന്‍ കറുത്തപുള്ളികളുള്ള അലുമിനിയംപാത്രം കമഴ്ത്തിയ പുസ്തകക്കെട്ടും ചുമലിലേറ്റിക്കൊണ്ടു പോകുന്നതു കാണാറുണ്ടെന്നല്ലാതെ അവന്റെ ബുദ്ധി വൈഭവത്തെയോ, പഠിപ്പിലുള്ള ശുഷ്കാന്തിയെയോപ്പററി ഈ മുപ്പത്താറു വീട്ടികാര്‍ക്കും വിവരമില്ല. ഒരു സാധാ സര്‍ക്കാര്‍ പള്ളിക്കൂടത്തിന്റെ ജീര്‍ണ്ണതയിലേക്ക് പോയിമടങ്ങുന്ന അവനെപ്പററി പരിശുദ്ധബ്ലേഡായ ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ പൈതങ്ങളെ നിയോഗിച്ചിരുന്ന ഞങ്ങള്‍ക്ക് എന്തു തോന്നാനാണ്. ഏറി വന്നാല്‍ ഒരു സഹതാപതരംഗം അത്രമാത്രം.

മാര്‍ക്കററില്‍ നിന്ന് വല്ലതും വാങ്ങാനുണ്ടെങ്കില്‍ എന്റെ ഭാര്യ വിനയന്റെ വരവും കാത്തു നില്‍ക്കും. ആരോടും ദുര്‍മുഖം പ്രദര്‍ശിപ്പിക്കാത്ത അവന്‍ എന്റെ വീടിന്റെ ചവിട്ടുപടിയില്‍ പുസ്തകച്ചുമടിറക്കിയിട്ട് ഓടിപ്പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരും. ഞങ്ങള്‍ക്കു മാത്രമല്ല, പല വീട്ടുകാര്‍ക്കും വിനയന്‍ ഒരു ഉപകാരിയായിരുന്നു. അവന് ഒരു പഴയ ഷര്‍ട്ടോ, ഒരുരൂപയോ, പഴകിയ ഒരു കവർ ബിസ്ക്കറ്റോ പാരിതോഷികമായി നല്‍കാന്‍ ഞങ്ങള്‍ മറന്നിരുന്നില്ല.

അനിയന്‍മാര്‍ ഇല്ലാത്തതുകൊണ്ടാവാം എന്റെ മകള്‍ക്ക് ജിജോമോനെ വല്യപ്രിയം. തരം കിട്ടിയാല്‍ അവന്‍ ചേച്ചിയുടെ അടുത്തെത്തും. അവര്‍ കാരംസോ, കോണിയുംപാമ്പോ കളിച്ചു തുടങ്ങുമ്പോഴേക്കും നിവേദിത പാഞ്ഞെത്തും. ‘മോനെ, ടി. വി.യില്‍ ക്വിസ് ടൈമായി. ഹോംവര്‍ക്ക് ചെയ്യേണ്ടേ? സ്ക്കോളര്‍ഷിപ്പ് എക്സാമിന് രണ്ടു മാസമേയുള്ളു’ — ഇത്തരമെന്തെങ്കിലും ഭീഷണി മുഴക്കി അവനെ വലിച്ചിഴച്ച് കൊണ്ടു പോകും. ‘പത്തുമിനിട്ടു കഴിഞ്ഞു വരാം’ എന്ന കുഞ്ഞിന്റെ ദയാഹര്‍ജിയൊന്നും ആ മാതാവ് ചെവിക്കൊള്ളില്ല.

ഓരോണക്കാലത്ത് ഞങ്ങള്‍ പതിവുള്ള കുടുംബ സന്ദര്‍ശനത്തിനൊരുങ്ങി. ജിജോയേയും കൊണ്ടുപോകണമെന്ന് മോള്‍ക്കൊരാഗ്രഹം.

“ഞാന്‍ ആന്റിയോട് അനുവാദം വാങ്ങും.” — അവള്‍ പറഞ്ഞു:

“അവര്‍ വിടൂല്ല. നീ വെറുതെ പൊല്ലാപ്പിനൊന്നും പോകണ്ട”. എന്റെ ഭാര്യ വിലക്കി.

മകള്‍ പിന്മാറിയില്ല. അവള്‍ നിവേദിതയോട് നിരന്തരം മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അവസാനം ആ സ്ത്രീ കനിഞ്ഞു. എട്ടുമണിക്കൂര്‍ നേരത്തേക്ക് പെര്‍മിഷന്‍ നല്‍കി.

എന്റെ കുടുംബവീടിന്റെ പിന്നില്‍ നെല്‍പ്പാടമാണ്. കാററിലളകുന്ന കതിര്‍ക്കുലകളെ ചൂണ്ടി ജിജോ ചോദിച്ചു. “വാട്ടീസ് ദിസ്?”

“നെല്‍ച്ചെടി. അറിയില്ലേ?.” മോള്‍ കഷ്ടം വച്ചു. “മോന് ചോറുണ്ടാക്കുന്ന അരി ആകാശത്തീന്ന് ചൊരിഞ്ഞ് വീഴ്ണതാണോ”.

കുട്ടി ചിരിച്ചു. “ഓ, പാഡി,” അവന്‍ ഉരുവിട്ടു. “ദിസ് ഈസ് പാഡി”

ഫീല്‍ഡ്. വി ഗെറ്റ് റൈസ് ഫ്രം പാഡി”.

എങ്ങോ മറഞ്ഞിരുന്ന ഒരു തവള ചിലമ്പി. ജിജോ അമ്പരന്നു:“വാട്ട് ഈസ് ദാറ്റ്?”

തവള കരയണത് അല്ലേടാ പൊട്ടാ”. മോള്‍ കളിയാക്കി. അവന്‍ സംഗതി പിടികിട്ടാതെ ദീനമായി എന്നെ നോക്കി.

ഞാന്‍ പറഞ്ഞു: “ഫ്രോഗ്”

അവന്‍ പുഞ്ചിരിച്ചു: “ഫ്രോഗ് ക്രോക്ക്സ്”. ആര്‍ദ്രമായി കൊഞ്ചി. “ഷോ മീ എ ഫ്രോഗ്… പ്ളീസ് ഷോ മീ…”

പന്തലിട്ടു പടര്‍ത്തിയിരിക്കുന്ന പയറുചെടികളെ നോക്കി അവള്‍ പറഞ്ഞു:

“ദീസ് ആര്‍ ക്ളൈംബേര്‍സ്. സം പ്ളാന്‍റ്സ് ആര്‍ വീക് സ്റ്റെംഡ്. ദേ ക്ളൈംബ് ഓണ്‍ ട്രീസ്”

“യു ആര്‍ ആള്‍സോ വീക്ക് സ്റ്റെംഡ്” എന്നു പറയാനെനിക്കു തോന്നിയെങ്കിലും ആ ക്രൂരതയ്ക്ക് നാവു പൊന്തിയില്ല.

എട്ടു മണിക്കൂര്‍ തീരുംമുമ്പുതന്നെ ഞങ്ങള്‍ പയ്യനെ തിരികെ ഏല്‍പ്പിച്ചു. ഞാന്‍ ഭാര്യയോട് സ്വകാര്യമായി പറഞ്ഞു:“ഒരു രസീത് വാങ്ങേണ്ടതായിരുന്നു”

ഒരുനാള്‍ ശിവസേനന്‍ നായര്‍ വന്നത് പരവശനായിട്ടാണ്. ഞാന്‍ കാരണം തിരക്കിയപ്പോള്‍ കരച്ചിലിന്റെ സ്വരത്തില്‍ അയാള്‍ ചൊല്ലി:“ജിജോമോന് അടിക്കടി തലവേദന വരുന്നു. ബാം പുരട്ടിയാലൊന്നും പോവില്ല. ഞാന്‍ മൂന്നു സ്പെഷ്യലിസ്റ്റുകളെ കാണിച്ചു. അവര്‍ പറയുന്നത് കുഴപ്പമൊന്നുമില്ലെന്നാണ്”

ഒമ്പതു വയസ്സുകാരന് മാറാത്ത തലവേദന!

ഞാന്‍ സൌമ്യമായി പറഞ്ഞു:“കുട്ടികളെ കുറെനേരം കളിയ്ക്കാന്‍ വിടണം. ഓട്ടവും നാലു ചാട്ടവും കഴിഞ്ഞു വരുമ്പോള്‍ ഈ തലവേദനയൊക്കെ താനേ പോകും.”

“അവന്‍ എക്സര്‍സൈസോക്കെ കൃത്യമായി ചെയ്യുന്നുണ്ട് മിസ്റ്റര്‍. നിങ്ങള്‍ ആ പുസ്തകം കണ്ടിട്ടുണ്ടോ? ‘ഫോര്‍ എ സൌണ്ട് ബോഡി’ എ വെരി ഫൈന്‍ ബുക്ക്,കഴിഞ്ഞകൊല്ലം ഞാനത് അവന് വാങ്ങി കൊടുത്തു. പുസ്തകം നിവര്‍ത്തിവച്ച് നിവേദിത ഒന്നൊന്നായി എല്ലാം ചെയ്യിക്കും”

ഈ പ്രായത്തില്‍തന്നെ അവന് പ്രഷറും,ഡയബറ്റിസും വന്നാലും അതിശയിപ്പാനില്ല. പക്ഷേ എന്റെ ആ വിചാരം ശിവസേനനോട് പറഞ്ഞാല്‍ അയാള്‍ പിണങ്ങും.

“നല്ല അയല്‍ക്കാരെ എങ്ങനെയുണ്ടാക്കാം” എന്ന പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ടല്ലോ.

ഒരുനാള്‍ ശിവസേനന്റെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ ലൈറ്റണയാതെ കണ്ടപ്പോള്‍ ഞാന്‍ ചെവിയോര്‍ത്തു. നിവേദിതയുടെയും ശിവസേനന്റെയും

ആക്രോശങ്ങളും, ജിജോയുടെ ചിണുങ്ങലുകളും ഇടവിട്ടിടവിട്ട് പൊങ്ങുന്നുണ്ട്. ആ പരിപാടി തുടര്‍ന്നു പോയപ്പോള്‍ എന്താണ് സംഭവിവികാസമെന്ന് ഒരന്വേഷണം നടത്തി.

എന്റെ ഭാര്യ പറഞ്ഞു: “അടുത്തയാഴ്ച സ്കോളര്‍ഷിപ്പ് പരീക്ഷയാണത്രേ. നിവേദിതയ്ക്ക് വല്യ വേവലാതി. പത്തുമാസം തെകഞ്ഞ മകള്‍ക്കു കൂട്ടിരിക്കുന്ന അമ്മായിക്കു പോലുമില്ലാത്ത ഉല്‍ക്കണ്ഠ.”

ശിവസേനന്‍ ഒരു രാത്രി തിരിക്കിട്ടു വന്നു ചോദിച്ചു: “ജനറല്‍നോളഡ്ജ് പുസ്തകം വല്ലതും ഇരിപ്പുണ്ടോ?”

“ഇല്ലല്ലോ. നോവലോ, കഥയോ, കവിതയോ വേണമെങ്കില്‍…”

“ഛെ…ഛെ…അതാര്‍ക്കു വേണം! ഇപ്പോള്‍ മാര്‍ക്കററില്‍ കിട്ടുന്ന ജനറല്‍ നോളഡ്ജ് പുസ്തകങ്ങളെല്ലാം സില്ലി… വേണ്ടതൊന്നും കാണില്ല.”

അയാള്‍ പുലമ്പിക്കൊണ്ട് പടികളിറങ്ങിപ്പോയി.

പരീക്ഷദിവസം സൂര്യോദയത്തിനു മുമ്പ് ശിവസേനന്റെ വീട്ടില്‍ ഒമ്പതാം ഉത്സവമേളം. ബെഡ്കോഫിയുമായി വന്ന ഭാര്യ പറഞ്ഞു: “അപ്പുറത്ത കോലാഹലം കേട്ടോ. നാലുമണിക്ക് തുടങ്ങിയതാണ്.”

ഞാന്‍ കാപ്പി കുടിച്ച് വരാന്തയിലെത്തിയപ്പോള്‍ കണികണ്ടത് വിനയനെയാണ്. അവനൊരു പഴയ സൈക്കിള്‍ ടയര്‍ തട്ടിയുരുട്ടി അതിനൊപ്പം ഓടുകയായിരുന്നു. എന്നെക്കണ്ടപ്പോള്‍ ആ കുട്ടി ഒന്നു ചിരിച്ചു. വടിയേന്തിയ കൈപൊക്കി സലാം ചെയ്തു. പിന്നെയും ടയറിനു പുറകെ ഓടി. എന്തുകൊണ്ടോ അന്നത്തെ കണി ശുഭം എന്നൊരു തോന്നല്‍ എന്റെ മനസ്സിലുദിച്ചു.

അന്ന് ശിവസേനന്‍നായര്‍ കാറിലാണ് മകനെ സ്കൂളിലേക്ക് കൊണ്ടു പോയത്. ബാക്ക്സീററില്‍ തലമുടിപോലും നേരെ ചീകാത്ത നിവേദിത മടിയില്‍ നിവര്‍ത്തിയ പുസ്തകവുമായി ഇരിക്കുന്നതും മകന്‍ ഉത്തരം പറയാന്‍ സന്നദ്ധനായി മാതാവിന്റെ വായില്‍ കണ്ണുംനട്ട് സ്ഥിതിചെയ്യുന്നതും ഞാന്‍ കണ്ടു. വളവു തിരിഞ്ഞ് ഏതോ ശുഭശകുനം ദൃശ്യമായതിനുശേഷമേ ശിവസേനന്‍ കാര്‍സ്റ്റാര്‍ട്ട് ചെയ്തുള്ളു.

അന്നു വൈകീട്ട് എഞ്ചിനീയര്‍ സസന്തോഷം പറഞ്ഞു: “മോന്റെ സ്കോളര്‍ഷിപ്പ് എക്സാം കഴിഞ്ഞു. ക്വസ്റ്റന്‍സൊക്കെ വെരി ടഫ്. പക്ഷേ ജിജോക്ക് അതൊന്നും ആനക്കാര്യമല്ല. അവന്‍ വച്ചു കാച്ചിയിട്ടുണ്ട്. നിവേദിത അവന് നാല്‍പത്തെട്ടു മണിക്കൂര്‍ റെസ്റ്റു കൊടുത്തിരിക്കയാണ്. ഒന്നു റിലാക്സ് ചെയ്യട്ടെ.”

ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ജിജോയെ അടുത്ത ക്ളാസ്സ് പരീക്ഷകള്‍ക്കായി പാചകം ചെയ്യുന്ന കൃത്യം നിവേദിത പൂര്‍വ്വാധികംഗംഭീരമായി തുടര്‍ന്നു.

മിനിഞ്ഞാന്ന് സന്ധ്യക്ക് ശിവസേനന്‍ പതിവില്ലാതെ എന്റെ വീടിനുമുന്നിലെത്തിയപ്പോള്‍ കാര്‍ ബ്രേക്ക്ചെയ്ത് പുറത്തിറങ്ങി. ഡോര്‍ തകര്‍ന്നുപോകും വിധം വലിച്ചടച്ചു. ഇരുണ്ട മുഖവുമായി പടികള്‍ ചവിട്ടിത്തകര്‍ത്ത് അകത്തു കയറി വന്നു.

അയാള്‍ അമിട്ട് പൊട്ടിക്കും മട്ടില്‍ പറഞ്ഞു: “ ആ അസത്തുചെറുക്കനെ മേലില്‍ ഈ കാമ്പൌണ്ടില്‍ കയറ്റരുത്.”

“ഏതു ചെറുക്കന്‍?” ഞാന്‍ അമ്പരപ്പോടെ എണീറ്റു.

“ആ എച്ചിലുപെറുക്കീടെ മോന്‍… എന്താ അവന്റെ പേര്… ദാ, ആ മൂലയിലെ തെണ്ടീടെ മോന്‍…”

“വിനയനോ? അവനെന്തു ചെയ്തു?”

“ആ അശ്രീകരത്തിനെ ഇവിടെ കയറ്റരുത്”

അയാള്‍ കയറിവന്ന വേഗത്തില്‍ തന്നെ ഇറങ്ങിപ്പോയി. ആ രാത്രി മുപ്പത്തിയാറു വീട്ടിലും കയറിയിറങ്ങി അയാള്‍ ഈ ഊരുവിലക്കുകല്‍പ്പന വിതറി. എന്റെ ഭാര്യ പറഞ്ഞു “അവന്‍ എഞ്ചിനീയറോട് വല്ല കന്നത്തരവും കാണിച്ചിരിക്കും”

ഞാന്‍ പല സാധ്യതകളും ആലോചിച്ചു പെരുക്കിവച്ചു.

പിറ്റേന്നു രാവിലെ പതിനാലാം നമ്പറിലെ സാത്വികനായ ഡോക്ടറാണ് ശിവസേനന്റെ പ്രകോപനത്തിന്റെ യഥാര്‍ത്ഥ കാരണം അറിയിച്ച്ത്. “സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ വിനയന്‍ ജയിച്ചത്രേ. ജിജോ തോറ്റും പോയി”.

കോളനിയില്‍ നല്ല അയല്‍ബന്ധം നിലനില്‍ക്കേണ്ടതിനാല്‍ വിനയന്റെ സഹായസഹകരണങ്ങള്‍ തേടുന്നത് കുറച്ചു ദിവസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കണമെന്ന് ഞാന്‍ ധര്‍മ്മദാരത്തെ ഉപദേശിച്ചു. അവള്‍ ശിവസേനനെ കുളിര്‍ക്കെ ഭര്‍ത്സിച്ചു അരിശമടക്കി.

ഇന്നു രാവിലെ ഞാന്‍ കണികണ്ടത് ഒരു പോലീസ് ജീപ്പാണ്. ജീപ്പില്‍നിന്നിറങ്ങി എസ്. ഐ. ഗേറ്റിനു മുകളിലൂടെ ചോദിച്ചു:

“ഇതാണോ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ വീട്?”

“ഞാന്‍ മറുപടി നൽകും മുന്‍പ് ആ വേത്രധാരി അറിയിച്ചു. “ആ തെണ്ടിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. ആ അഹങ്കാരി പെമ്പ്രന്നോരെ തേടി വന്നതാണ്”.

ഞാന്‍ മുന്നോട്ടു നീങ്ങിക്കൊണ്ടു പറഞ്ഞു; “എനിക്കുമനസ്സിലായില്ല, ആരെ അറസ്റ്റു ചെയ്തെന്നാണ്?”

എസ്. ഐ. എന്നെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് ചൊല്ലി “രാത്രി മൂക്കറ്റം മദ്യപിച്ചുവന്നു ഈ കോളനിയില്‍ കൂത്താടുന്ന കഴുവേറിയെത്തന്നെ. എവിടെ ആ പാര്‍ത്ഥസാരഥിയുടെ കൊട്ടാരം? എഞ്ചിനീയര്‍ സാറില്ലേ ഇവിടെ?”

“അത് അടുത്ത വീടാണ്.” മുഖത്തെ ഗ്ലാനി മറയ്ക്കാന്‍ പാടുപെട്ടു കൊണ്ട് ഞാന്‍ അറിയിച്ചു.

(ദേശാഭിമാനി ഓണം വിശേഷാൽ പ്രതി, 1995)