ഒന്നായ നിന്നെ
ഒന്നായ നിന്നെ | |
---|---|
ഗ്രന്ഥകർത്താവ് | എസ് വി വേണുഗോപൻ നായർ |
മൂലകൃതി | കഥകളതിസാദരം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
വര്‍ഷം |
1996 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 116 |
ശ്രീമതി രമണീപവിത്രന്‍ ഒരുനാള്‍… പറഞ്ഞു തുടങ്ങിയതേ നാക്കുപിഴ. കഥ നടന്നത് രമണീദേവി മിസ്റ്റര്‍ പവിത്രനേയും തദ്വാരാ പുരുഷമേധാവിത്വത്തെയും തട്ടിയെറിഞ്ഞ് വേട്ടയ്ക്കൊരുമകളായി വിലസിത്തുടുങ്ങിയതിനുശേഷമാണല്ലോ. സാക്ഷാല്‍ ഗംഗാദേവിപോലും മലിനയും പങ്കിലയുമായിപ്പോയ ഇന്നാട്ടില്‍ ഒരു രമണിയുടെ വിഗതിയെന്തു വിവരിക്കാന്‍? നാം മിസ്റ്റര്‍ പവിത്രനെ വെറുതെ വിടുന്നു. അത്രമാത്രം. അവള്‍ രമണി, വെറും രമണീദേവി.
രമണീദേവിക്ക് ഒരുനാള്‍ കൃത്യം പതിനാന്നുമുപ്പതിന് ഒരു ഫോണ്‍ സന്ദേശം വരുന്നു. കുടുംബാസൂത്രണവകുപ്പിലെ ഒരു ചെറുകിട ആപ്പീസറായ അവള്‍ വിലാസലോലയായി യന്ത്രത്തിന്റെ വായ്ത്തല ചുണ്ടോടു ചേര്‍ത്തു: “ഹലോ…”
“ഇത് മാനവേന്ദ്രന്‍. ഞാന്‍ കൃത്യം ഒരുമണിക്ക് വരും, റെഡിയല്ലേ?”
“ഒരു മണിക്ക് എന്തു റെഡി? മീല്‍സ് റെഡിയോ?”
“മീല്‍സൊക്കെ അങ്ങു ബീച്ചിലെത്തിയിട്ട്. ഒരു ലക്ഷ്വറികോട്ടേജ് തന്നെ ബുക്കു ചെയ്തിട്ടുണ്ട്. രണ്ടു ദിവസം… (ചിരി) കേട്ടോ…”
“ഇന്നലെ ഞാന്‍ പറഞ്ഞതു മറന്നോ?”
“പണ്ടു നമ്മള്‍ നാലുകെട്ടില്‍ ഒളിച്ചുകളിച്ച കാലം മുതല്‍ നീ പറഞ്ഞതൊന്നും മറന്നിട്ടില്ല”.
“ഗുഡ്, എന്നാലേ എന്റെ കളിക്കൂട്ടുകാരാ, ഇന്നു ഞാന്‍ വരുന്നില്ല”.
“ശെടാ, ഇനി അതു പറഞ്ഞാലെങ്ങനെ?”
“കോട്ടേജ് ബുക്കുചെയ്തെന്നേ. സണ്‍ഡെയും ചേര്‍ത്ത് മൂന്നു ദിവസമാകാം. ഞാന്‍ ലീവെടുത്തു കഴിഞ്ഞു.”
“ഇനി ഒരു നിവൃത്തിയുമില്ല. അല്ലേ?”
“അതെ.”
“എങ്കില്‍ ഇഞ്ചിനീയര്‍സാറ് വിഷമിക്കേണ്ട. ആ പാവം സതിkkuട്ടിയുണ്ടല്ലോ, അവളെ കൂട്ടി നേരെയങ്ങ് പോവുക. ബീച്ചും കടലും ഇളക്കി മറിക്കുക; രണ്ടോ നാലോ ദിവസം. തിരിച്ചു വന്ന് കൊണ്ടതും കൊടുത്തതുമൊക്കെ പറഞ്ഞുതരിക. ഐ ഷാൽ ബി സാററിസ്ഫൈഡ്.”
“സതി! ജഡം! വീട്ടില്‍ത്തന്നെ അവളൊടൊപ്പം അഞ്ചിമിനിട്ടു വയ്യ…”
“അയ്യോ! അങ്ങനൊന്നും പറയരുത്. താലികെട്ടിക്കൊണ്ടു വന്ന ധര്‍മ്മപത്നിയല്ലേ. മഹാപാപം.”
“താലി കെട്ടി! ഒന്നരപ്പവന്റെ ആ നൂലിലോ ബ്രഹ്മാണ്ഡം?”
“ഉടല് ചൂടാവുമ്പൊ ആണുങ്ങള് ഇങ്ങനെയൊക്കെ പറയും. സാറേ, ആ നൂലില് കെട്ടിയ കാള ചക്കുകാള, ചാടിയാല് നാലുമൊഴം. കറങ്ങിക്കറങ്ങി അവിടെത്തന്നെ നില്ക്കും.”
“ഇന്നു വേണമെങ്കില്‍ അതു വലിച്ചുപൊട്ടിച്ചെറിയാം.”
“തമാശ പറയാതെ മോനെ”
“പൊട്ടിച്ച് നെന്റെ മടിയില് ഇട്ടു തരാം.”
“അത്ര കടുപ്പിക്കല്ലേ.”
രമണി ചിരിച്ചു. മാനവേന്ദ്രന്‍ നിന്നു തിളച്ചു. ഫോണ്‍ കട്ട്.
മാനവേന്ദ്രനും രമണിയും ബാല്യകാലസഖാക്കളാണെന്നു മനസ്സിലായിരിക്കുമല്ലോ. യൗവ്വനം വന്നുദിച്ചപ്പോഴും അവര്‍ ഒന്നിച്ചു തന്നെ നടന്നു. ചില്ലറ മേളപ്പദങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരബദ്ധം പററി ‘നിന്നെ കെട്ടിയില്ലെങ്കില്‍ ഞാന്‍ ശ്വാസംമുട്ടി ചാകും’ എന്ന വാചകം പരസ്പരം പറയാന്‍ വിട്ടുപോയി. ആദ്യം മറ്റേയാള്‍ പറയട്ടെ എന്ന് ഇരുവരും കരുതിയതാവാം. അഥവാ ഇതു പറയാനുള്ള ജ്ഞാനം അന്ന് അവര്‍ക്കില്ലാതെ പോയതുമാവാം. അതുകൊണ്ട് രണ്ടും രണ്ടു വള്ളത്തിലായി. മാനവേന്ദ്രന്‍ സതിക്കു താലി ചാര്‍ത്തി. രമണിക്ക് പവിത്രനും.
ഇവിടെ അല്പം വ്യക്തമാക്കുവാനുണ്ട്. പവിത്രനെന്ന പുരുഷന്‍ അകലെ ഒരു മഹാനഗരത്തിലാണത്രേ. ഇന്നാട്ടുകാര്‍ക്ക് അയാളെപ്പററി കേട്ടു കേള്‍വികളേയുള്ളു. രമണി ആറുമാസത്തെ അവധിയെടുത്തു അവിടെച്ചെന്ന് അയാളെ വരിച്ച് ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചെന്നും, ഏഴാംമാസത്തില്‍ തിരികെ ഓടിപ്പോന്നെന്നും ചിലർ. അതല്ല പാവം പവിത്രൻ പ്രാണരക്ഷാർത്ഥം കടല്‍കടന്നു പറന്നുപോവുകയാണുണ്ടായതെന്ന് മറ്റൊരകൂട്ടര്‍. മിസ്റ്റര്‍ പവിത്രന്‍
ഒരു സങ്കല്പ കഥാപാത്രമാണെന്നും വരാം.
സതി കുലവധുവാണല്ലോ. അവര്‍ മുള്ളിലവെങ്കില്‍ മുള്ളിലവ് എന്നു കെട്ടിവരിഞ്ഞു കിടന്നു. ഒന്നു പ്രസവിക്കുകയും ചെയ്തു.
മാനവേന്ദ്രന്‍ ത്ഡടിതി രണ്ടരനാളത്തെ ലീവ് എഴുതിയെറിഞ്ഞു. പടികളെയൊക്കെ ചവിട്ടിത്തള്ളി കാറിനകത്തു ഇരമ്പിക്കയറി. അരിശം ഒന്നാകെ ആക്സിലേറററില്‍ അമര്‍ത്തിത്താഴ്ത്തി. ലൈററിട്ട് ഓടിച്ചില്ലെന്നേയുള്ളു.
ചങ്ങലവലിച്ച് ഭൂമിയെ കടലാസ്സിലാക്കുന്നു ഓഫീസിനു മുന്നില്‍ ശകടം നിലവിളിച്ചു നിന്നു. മാനവന്‍ എടുത്തെറിഞ്ഞപേലെ പുറത്തു ചാടി. പടക്കം പൊട്ടുംവിധം ഡോര്‍ അടഞ്ഞു. ഈ കോലാഹലം കേട്ട് അകത്തിരുന്നവര്‍ ഉയര്‍ന്നും വളഞ്ഞു നോക്കി. കഥാപുരുഷനെ കണ്ട കണ്ണുകളിലൊക്കെ നിന്ദകലര്‍ന്ന മന്ദഹാസം.
“ആപ്പീസറുടെ കണവന്‍!”
“ആ ഓച്ചിറക്കാളയോ?”
“ഇന്നും കൊമ്പുകുലുക്കിക്കൊണ്ടു തന്നെ.”
“പാവം, സതിസാറിന്റെ ഒരു യോഗം!”
“പക്ഷേ അവരു പറയണത് ഭര്‍ത്താവ് തങ്കക്കതിരാണെന്നല്ലേ?”
മാനവേന്ദ്രന്‍ ഹാഫ്ഡോര്‍ പറിച്ചെറിഞ്ഞ് അകത്തുകയറി. സതി ഭവ്യതയോടെ എണീററു.
അയാള്‍ അവള്‍ നോക്കിക്കൊണ്ടിരുന്ന ഫയലെടുത്തു ദൂരെ എറിഞ്ഞു.
“എടീ ഇറങ്ങ്, എനിക്ക് വെയിററ് ചെയ്യാന്‍ നേരമില്ല”.
“എന്തേ കാര്യം?”
“ക്രോസ് ചെയ്യുന്നോ? ഇറങ്ങെടീ. ഒരിടത്തു പോണം.”
“ഞാന്‍ ഇന്നലെ പറഞ്ഞില്ലേ, ഇന്ന് മൂന്നുമണിക്ക് ഡയറക്ടര്‍ വരും. ഇവിടെ വച്ചൊരു കോണ്‍ഫറന്‍സുണ്ട്.”
“അയാളു നെന്റെ മററവനാണോ?”
“ഇങ്ങനെ പറഞ്ഞാല് ദോഷമുണ്ട് കേട്ടോ.”
“നീ ഇറങ്ങുന്നോ ഇല്ലയോ?”
മാനവേന്ദ്രന്‍ മോന്തായം കിടങ്ങുമാറാണ് സംസാരിച്ചതെങ്കിലും മറ്റാരും അങ്ങോട്ടു തലനീട്ടിയില്ല. ഇതൊരു പ്രതിവാരപരിപാടിയാണല്ലോ. അവരൊക്കെ കൂര്‍ത്തകാതും പരഹാസംകോട്ടിയ ചൂണ്ടുമായിരുന്നു രസിച്ചു.
“എന്തേ ഇങ്ങനെ…പ്ലീസ്…” സതി കെഞ്ചി.
മാനവേന്ദ്രന് അന്നേരം കാതുണ്ടായിരുന്നില്ല. ആ പരുന്തിന്റെ കണ്ണുകള്‍ അവളുടെ കഴുത്തില്‍ ചുററിവളഞ്ഞു കിടക്കുന്ന മഞ്ഞനൂലില്‍ തറഞ്ഞു നിന്നു.
“നീ വരുലാ, അല്ലേ?” അയാള്‍ ഒരു കുതിക്ക് ആ താലി പിടിച്ചു വലിച്ചു.
സതി ഞടുങ്ങി. ഒരുകൊടും നീചകൃത്യത്തെ തടുക്കും മട്ടില്‍ അയാളുടെ കൈയില്‍ ബലമായി പിടിച്ചു. ആ കണ്ണുകള്‍ ഇററു കാരുണ്യം യാചിച്ചു. അവളുടെ ശബ്ദം സ്തംഭിച്ചു.
മാനവേന്ദ്രന്‍ ഇടംകൈകൊണ്ട് ഭാര്യയെ പുറകോട്ട് ആഞ്ഞു തള്ളിക്കൊണ്ട് വലംകൈയാല്‍ താലിയെ മുന്നോട്ടു വെട്ടിവലിച്ചു. തന്നെച്ചൊല്ലി വഴക്കുവേണ്ടെന്നു കരുതിയാവാം, ആ കനകച്ചങ്ങല കെട്ടിയവന്റെ കൈവശം ചേര്‍ന്നു.
അയാള്‍ വിശ്വജേതാവായി പുറത്തുചോടി.
കാറിന്റെ ഇരമ്പം കേട്ടപ്പോഴാണ് സതിക്ക് പ്രജ്ഞ തിരിച്ചുകിട്ടിയത്.
ട്രോഫിയും തലയിലേന്തി വരുന്ന സ്ക്കൂള്‍ക്കുട്ടിയുടെ അഹംഭാവത്തോടെയാണ് മാനവന്‍ കുടുംബാസൂത്രണത്തില്‍ ഓടിയെത്തിയത്.
രമണി അവളുടെ സഹജമായ ആ നോട്ടമുണ്ടല്ലോ, ഒരു കഴഞ്ചു പരിഹാസം ചാലിച്ച കടാക്ഷം, അതു നീട്ടി വീരപുരുഷനെ എതിരേററു.
അയാള്‍ നീണ്ടുനിവര്‍ന്നു നിന്ന് ആ കെട്ടുതാലി അവളുടെ മേശപ്പുറത്തിട്ടു. ആ പാവംസൂത്രം ഭയന്നുമാറുംമട്ടില്‍ നീന്തി നിലത്തു വീണു. രമണി പ്യഥുലനിതംബിനിയെങ്കിലും പിടഞ്ഞെണീററു. നിലത്തു കിടക്കുന്ന വസ്തുവിനെ പകച്ചു നോക്കി വിറങ്ങലിച്ചു നിന്നു.
ഒടുവില്‍ അവളുടെ കാതരമായ നോട്ടം മാനവേന്ദ്രനിലേക്കു തിരിഞ്ഞു. അയാള്‍ ചെറുപുഞ്ചിരി തൂകി ഇടംകാല്‍കൊണ്ട് ഭൂമിയിലൊരു താളംമേളിച്ചു നില്പാണ്.
രമണി ഒന്നും മിണ്ടിയില്ല.
“എന്താ, ഇനി പോകാമോ?”
അവള്‍ തല കുമ്പിട്ടു നിന്നു ഏതോ വാക്കുകള്‍ വിഴുങ്ങി.
പിന്നെ മെല്ലെക്കുനിഞ്ഞ് ആ സ്വര്‍ണ്ണനൂലെടുത്ത് ഉള്ളംകൈയിലൊതുക്കി.
“ഇറങ്ങാം.” അയാള്‍ ധൃതി കൂട്ടി.
“ഉം.”
അവള്‍ മേശ പൂട്ടി ബാഗെടുത്തു. മാനവന്റെ അക്ഷമ കാലുകളെ ഇളക്കി.
“ഞാന്‍ ഓഫീസറെ കണ്ടിട്ടു വരാം.”
രമണി അങ്ങോട്ടു നടന്നു.
“മറക്കേണ്ട, രണ്ടു ദിവസം…” അയാള്‍ പുറകെ ഓര്‍മമിപ്പിച്ചു.
രമണി വൈകാതെ മടങ്ങി വന്നു. മാനവേന്ദ്രന്‍ രഥം തെളിച്ചു.
അയാള്‍ തമാശയില്‍ കുതിര്‍ത്ത ചില്ലറ വഷളത്തരങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. അവള്‍ പിന്നിലേക്കു പാഞ്ഞകലുന്ന വഴിയോരക്കാഴ്ചക
ളില്‍ കണ്ണുംനട്ട് നിശ്ശബ്ദയായി ഇരുന്നു.
സ്വര്‍ണ്ണപ്പീടികകളുള്ള കവലയിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: “ഒന്നു നിറുത്തു.”
“ഉം?”
“വേണം. നിറുത്തു.”
ആ അനുകൂലകാമുകന്‍ അനുസരിച്ചു. അവള്‍ പുറത്തിറങ്ങി. കപടഗൌരവമെന്നു വ്യാഖ്യാനിക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു: “ഇവിടിരുന്നാല്‍ മതി. പുറകെ ചാടി വരണ്ടാ” അവള്‍ നടന്നു.
അയാള്‍ തലയാട്ടി. അപ്പോഴാ തലയ്ക്കകത്ത് കാമുകിയുടെ യാത്രോദ്ദേശം തെളിഞ്ഞു. അവള്‍ അതു വില്ക്കാന്‍ പോയിരിക്കുന്നു. ഒന്നരപ്പവനുണ്ട്. മൂവായിരമെങ്കിലും കിട്ടും. ങാ, വിററു തുലയ്ക്കട്ടെ…രണ്ടു ദിവസത്തേയ്ക്കുള്ള റെന്റ്…
അയാളൊരു പാട്ടു മൂളി. രമണി തട്ടാനുമുന്നില്‍ നിന്നു. അയാള്‍ ഉലയൂതി ചെയിനിന്റെ പൊട്ടിയപ്പോയ കണ്ണികള്‍ പൊരുത്തി ചുവന്ന പേപ്പറില്‍ പൊതിഞ്ഞ് തിരികെക്കൊടുത്തു.
കാര്‍ വീണ്ടും ചലിച്ചു. രമണിയുടെ പരിമളം ആന്ധദിച്ചാസ്വദിച്ചൊഴു കുന്നതിനിടയിലും അയാള്‍ക്കു ചോദിക്കാതിരിക്കാനായില്ല.
“മൂന്നു രൂപ കിട്ടിയോ?”
“എന്ത്?”
“മൂവായിരം. ഒന്നരപ്പവനുണ്ട്.”
“ഉം.” അവള്‍ ചിരിച്ചു.
“കള്ളന്മാരാണ്. കബളിപ്പിക്കും.”
അവള്‍ നിര്‍ദ്ദേശിച്ച വഴികളിലൂടെത്തന്നെയാണ്, കാര്‍ നീങ്ങിയത്. അയാള്‍ വിനീതവിധേയനായ മാംസഭുക്കായിക്കഴിഞഞിരുന്നു.
സര്‍വ്വേഓഫീസിനു മുന്നിലെത്തിയപ്പോള്‍ മാനവേന്ദ്രന്‍ തല നാലുഡിഗ്രികൂടി നിവര്‍ത്തിപ്പിടിച്ചു.
രമണി കല്പിച്ചു: “നിറുത്തു”
“ഇവിടെയോ”
“അതെ.”
“എന്തിന്?”
“വേണം”
“വേണ്ടാ.”
“വേണമെന്നു പറഞ്ഞില്ലേ.”
അയാള്‍ അനുസരിക്കാന്‍ ഭാവമില്ലെന്നു കണ്ടപ്പോള്‍ അവള്‍ അലറി: “നിറുത്ത്, ഇല്ലെങ്കില്‍ ഞാന്‍ ഡോര്‍ തുറന്നു ചാടും. വിളിച്ചു കൂവും.”
അവള്‍ സ്റ്റിയറിംഗില്‍ പിടിച്ചു. മാനവേന്ദ്രന്‍ കാര്‍ നിറുത്തി.
“റീവേഴ്സെടുത്ത് ആ ഗേററിനപ്പുറം നിറുത്ത്.”
“രമണീ…!”
അവള്‍ രൂക്ഷമായെന്നു നോക്കി. കാര്‍ പുറകോട്ടു നീങ്ങി.
അവള്‍ പുറത്തിറങ്ങി. ഒന്നും മിണ്ടാതെ ധൃതിയില്‍ ആ ഓഫീസിലേക്കു നടന്നു.
മാനവേന്ദ്രന്‍ നെറ്റിത്തടം പലവട്ടം അമര്‍ത്തിഞെരിച്ചിട്ടും മീശ തെരുതെരെ വലിച്ചു പറിച്ചിട്ടും അവളുടെ പുറപ്പാട് എന്തിനെന്ന് പിടികിട്ടിയില്ല. പല സാദ്ധ്യതകളും അയാളുടെ കണ്‍മുന്നില്‍ വട്ടം കറങ്ങി.
രമണി വരാന്തയില്‍ ഹാഫ്ഡോറിന്റെ വിടവിലൂടെ നോക്കി.
സതി ഏതോ ഫയല്‍ നോക്കുന്നു. ആ മുഖത്ത് ക്ഷോഭത്തിന്റെ മിന്നാട്ടം പോലുമില്ല.
അവള്‍ ഒച്ചയുണ്ടാക്കാതെ ഡോര്‍ തുറന്നു.
സതി മുഖമുയര്‍ത്തി ആഗതയെ നോക്കി, ഹൃദ്യമായ പുഞ്ചിരിയോടെ പറഞ്ഞു: “വരൂ.”
രമണിക്ക് താന്‍ ബാഷ്പീഭവിക്കയാണെന്ന് തോന്നി. വളരെ ആയാസപെട്ട് അവള്‍ ശബ്ദിച്ചു —
“ഞാന്‍…രമണി…”
“അറിയാം… ഇരിക്കൂ”
അവള്‍ ഇരുന്നില്ല. ദയ യാചിക്കുന്ന അതിഥിയെപ്പോലെ നിന്നു.
സതിയും എണീററു.
“എന്നോട് ക്ഷമിക്കണം:”
മാനവേന്ദ്രന്‍ താലിപ്പൊട്ടിച്ചത് എന്റെ മുന്നില്‍ക്കൊണ്ട് എറിയാനാണ്. തന്റെ പൌരുഷം എന്നെ ബോധ്യപ്പെടുത്താന്‍…
സതി ചിരിച്ചു. രമണിയുടെ കണ്ണു നിറഞ്ഞു.
“രമണി വ്യസനിക്കേണ്ട”
അവളുടെ തോളില്‍ കൈവച്ച് സതി ആശ്വസിപ്പിച്ചു.
വര്‍ണ്ണക്കടലാസുപൊതി നിവര്‍ത്തിക്കാട്ടിക്കൊണ്ട് രമണി പറഞ്ഞു.
“ഞാന്‍ ഇതുംകൊണ്ട് വന്നതാണ്. പൊട്ടിപ്പോയകണ്ണി വിളക്കിച്ചേര്‍ത്തു.”
അതിശാന്തയായി സതി ചൊല്ലി.
“രമണിക്ക് ബുദ്ധിമുട്ടായി, അല്ലേ? വേണ്ടായിരുന്നു. മാനേട്ടന്‍ തന്നെ അത് വിളക്കിച്ചേര്‍ത്തു കോണ്ടുവരുമായിരുന്നു”.
രമണി തന്റെ മുന്നില്‍ നില്‍ക്കുന്ന വിഗ്രഹത്തെ കണ്ണിമയ്ക്കാതെ നോക്കി.
“നോക്കൂ രമണി, ആ ചരടിലെ താലി ആലിലയല്ലേ… പ്രളയം വന്ന് എല്ലാം ജലത്തില്‍ മുങ്ങി ഒഴുകും. ആ ജലപ്പരപ്പിനു മുകളില്‍ ഒരു ആലില മാത്രം പൊങ്ങിക്കിടക്കും. അതിന്മേല്‍ ഒരുണ്ണി കാല്‍വിരലുണ്ട് ചിരിച്ച് കിടക്കും. ആലില ഒഴുകി നടക്കുമ്പോള്‍ ജലം താണുതാണു വററും. വീണ്ടും പുതുനാമ്പുകള്‍ പുതിയൊരുലോകം, മുളപൊട്ടി വരും…”
രമണി ആകെ തളര്‍ന്നുനിന്നു.
സതി ഒന്നുകൂടെ കുളിര്‍ക്കെ ചിരിച്ച് പറഞ്ഞു:
“ഞാന്‍ ലേശം പുരാണം പറഞ്ഞതാ കേട്ടോ, വെറും ഒരുരസത്തിന്. ഇത് അദ്ദേഹത്തിന്റെ കൈയില്‍ കൊടുക്കൂ. അതല്ലേ പ്രോപ്പര്‍ ചാനല്‍.”
തന്റെ കൈയില്‍, നിവര്‍ന്ന കടലാസിന്റെ അരുണാഭയില്‍ പിടികിട്ടാത്ത ഒരു കുസൃതിപോലെയിരുന്ന് തിളങ്ങുന്ന ആ തങ്കസൂത്രത്തില്‍ കാഴ്ചചകുരുങ്ങി, നിശ്ചലയായി രമണി നിന്നു.
ഒരു ശിപായി ഹാഫ് ഡോര്‍ തുറന്നു. രമണി ഞെട്ടി മുഖം തിരിച്ചു. ഡോറിനപ്പുറം മാനവേന്ദ്രന്‍! ഭൂമി പിളര്‍ന്ന് പൊങ്ങിവന്ന മട്ടില്‍! പുകഞ്ഞ കൊള്ളിപോലെ.
സതി സ്നേഹാര്‍ദ്രം ചിരിച്ചു. രമണി പൊടുന്നനെ ആ വര്‍ണ്ണക്കടലാസ് മേശപ്പുറത്തു വച്ച് പുറത്തേക്കൂര്‍ന്നു. ഇടംവലം നോക്കാതെ ധൃതിയില്‍ നടന്നു. വഴിയോരക്കാഴ്ചകള്‍ ഒന്നും കാണാതെ…
(ജനയുഗം വാരിക, 1991)