ലാടാനുപ്രാസം
ലാടാനുപ്രാസം | |
---|---|
ഗ്രന്ഥകർത്താവ് | എസ് വി വേണുഗോപൻ നായർ |
മൂലകൃതി | കഥകളതിസാദരം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | കറന്റ് ബുക്സ് |
വര്‍ഷം |
1996 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 116 |
ഞാന്‍ ആ വൃദ്ധനെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും- അയാളെന്റെ കടയ്ക്കു മുന്നിലൂടെ കടന്നു പോകും. ഈ പട്ടണത്തിലെ ചന്ത കൂടുന്ന ദിവസങ്ങളാണവ.
ഒററ മുണ്ടും തോര്‍ത്തുമാണ് അയാളുടെ വേഷം. തോര്‍ത്ത് നെഞ്ചും മാറും മറയുമാറ് ചുററിപ്പുതച്ചിരിക്കും. മ്ലാനതയ്ക്ക് സഹജമായ ഒരു ശാന്തതയുണ്ടല്ലോ, അതാണയാളുടെ സ്ഥിരം മുഖഭാവം. വളരെ പതിയെ മാത്രമേ നടക്കു… ഒച്ചുപോലും പേപിടിച്ചോടുന്ന നഗരത്തില്‍ ഒരു വിയോജനക്കുറിപ്പു പോലെ ഇഴഞ്ഞു നീങ്ങുന്ന മനുഷ്യന്‍. ആ നടത്തമാവാം എന്റെ ശ്രദ്ധ പിടിച്ചു പററിയത്.
രാവിലെ ചന്തയിലേക്കു നടക്കുന്ന അയാള്‍ ഉച്ചയ്ക്ക് വിയര്‍ത്തൊലിച്ച് തിരികെപ്പോകും. അന്നേരം തലയില്‍ ഒരു ചുമടുണ്ടാകും. ഉണങ്ങിയ വാഴയിലകൊണ്ട് പൊതിഞ്ഞ് ഭദ്രമായിക്കെട്ടിയ ഒരു ചുമട്. അതിനുള്ളില്‍ പച്ചക്കറിയാണെന്ന് വ്യക്തം.
ആരാണയാള്‍? ആര്‍ക്കു വേണ്ടിയാണ് മലക്കറി വാങ്ങിച്ചുമക്കുന്നത്? ഇയാള്‍ക്കു വേറെ തൊഴിലൊന്നുമില്ലേ? കാണുന്നതിനെപ്പററയെല്ലാം നിരുപയോഗമായ കുറെ ചോദ്യങ്ങള്‍ മെനെഞ്ഞെടുക്കുന്ന എന്റെ മനസ്സ് ആ വൃദ്ധനെയും വെറുതെ വിട്ടില്ല. ഉത്തരം തേടി സങ്കല്‍പങ്ങളില്‍ അലഞ്ഞ് ഞാന്‍ കുഴഞ്ഞു.
ഒരു ദിവസം അയാളെ വിളിച്ചു നിർത്തി ഇതൊക്കെ ചോദിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, അതിനുള്ള തഞ്ചം എനിക്ക് ഉണ്ടായില്ല.
അങ്ങനെയിരിക്കെ ഒരു മഴയത്ത് അയാൾ എന്റെ കടയുടെ വരാന്തയിൽ കയറി ഒതുങ്ങി നിന്നു. അപ്പോൾ ഞാൻ ആ രൂപം ആപാദചൂഡം ഒന്നു നോക്കി. ചുളിവുകൾ വീണ ഇരുണ്ട നെറ്റിയുടെ മേലെ അറ്റത്ത്, തലമുടി തുടങ്ങുന്നിടത്ത്, രണ്ടു വൃണങ്ങൾ. മൊരിഞ്ഞ അതിരുകളുള്ള ചുവന്നു തുടുത്ത വ്രണങ്ങൾ. അവ തലമുടിക്കുള്ളിലേക്ക് നൂഴ്ന്ന് വളർന്നിരുന്നു. അയാളോടൊന്നു സംസാരിക്കാൻ ഞാൻ ഒരുങ്ങുകയായിരുന്നു.
പൊടുന്നനെ മഴ പടം താഴ്ത്തി. എനിക്ക് എന്തെങ്കിലും ചോദിക്കാൻ പറ്റും മുമ്പ് അയാൾ ഇറങ്ങിപ്പോയി.
അതുമുതൽ എന്റെ ചിന്ത ആ വ്രണങ്ങളിൽ കേന്ദ്രീകരിച്ചു. അയാളെ അകലെക്കാണുമ്പോഴേ ഞാൻ നെറ്റിയിൽ മിഴികളൂന്നും. അവ അല്പാല്പം വളരുകയാണെന്ന സത്യം ഞാൻ മനസ്സിലാക്കി. കുറെനാൾ കഴിഞ്ഞപ്പോൾ അയാളുടെ ഇടത്തെ കാതിന്റെ ഓരത്ത് മറ്റൊരു വൃണം മുളപൊട്ടിയതും ഞാൻ കണ്ടെത്തി. ആ തോർത്തു മൂടിയ മാറിലും മുതുകിലും ഇതുപോലുള്ള അനവധി വൃണങ്ങൾ ഉണ്ടാകാം. പക്ഷേ, എന്തുകൊണ്ടോ അയാളിലുള്ള എന്റെ താൽപര്യം വർദ്ധിച്ചുവന്നതേയുള്ളൂ.
ഒരു ദിവസം അയാൾ എന്റെ കടവരാന്തയിൽ ചുമടിറക്കി വച്ചിട്ട് ഷോകേസിൽ വിടർത്തിയിട്ടിരിക്കുന്ന സാരികളിൽ കണ്ണുംനട്ട് നിൽപ്പായി. ഇടയ്ക്കിടെ ഒളികണ്ണാൽ എന്നെയും നോക്കുന്നുണ്ടായിരുന്നു. എന്റെ ജിജ്ഞാസ ഗൗരവത്തിന്റെ അണക്കെട്ട് ഭേദിച്ചു. അയാൾ ഇങ്ങോട്ട് നോക്കിയതും ഞാൻ തലയാട്ടി വിളിച്ചു. അയാൾ അറച്ചറച്ച് കൗണ്ടറിനടുത്തേക്ക് വന്നു. ഞാൻ വളരെ നിർബന്ധിച്ചിട്ടും ആ വൃദ്ധൻ ഇരുന്നില്ല.
‘വീടെവിടെയാണ്?’ ഞാൻ ആദ്യത്തെ ചോദ്യം കണ്ടെത്തി.
‘ഇപ്പോത് വീടും കുടിയുമൊന്നും കിടയാത് മൊതലാളീ-’ അയാൾ പുഞ്ചിരിച്ചു.
‘നാട്? ’ ഞാൻ സാകൂതം ചോദിച്ചു. അയാൾ തമിഴ്നാട്ടിലുള്ളൊരു സ്ഥലത്തിന്റെ പേരുപറഞ്ഞു.
‘ഇവിടെ എന്തു ജോലിയാണു?’
‘വേലെയൊണ്ണും ഇല്ല സാർ, വയറ്റുപ്പാടുക്ക് ഏതാവതു ചെയ്യാതിരിക്ക മുടിയുമാ’ അയാൾ വരാന്തയിലെ ചുമടിലേക്ക് വിരൽ ചൂണ്ടി.
‘പച്ചക്കറിക്കച്ചവടമാണോ?’
‘ഇന്ത മലക്കറി വാങ്കിനതല്ല സാർ, ചന്തയിലിരുന്ത് നുള്ളിപെറുക്കിയെടുത്ത് സുമാറാക്കിനതാക്കും’
‘ഇത്രയുമോ!’ ഇനി ഇതെന്തു ചെയ്യും?
‘സായംകാലം അന്ത ചിന്നമാര്‍ക്കററിലെ കൊണ്ടുപോയി വിററിട്ടാ ഏതാവതു ചില്ലറൈ കെടയ്ക്കും എനക്ക് പിച്ചക്കാരുമട്ടിലെ എരക്ക മുടിയാത് സാര്‍. അതിനാലെതാന്‍ ഇന്ത മെനക്കേടു വേലൈ.’
‘ആഴ്ചുയില്‍ രണ്ട് ദിവസമല്ലേ ഇവിടെ ചന്തയുളളൂ?’
‘അങ്കുംഇങ്കും വേറെ ചന്തകളിരിക്കെ, എല്ലാടവും പോകും.’
‘താമസം എവിടെ?’
‘അന്തിക്ക് എങ്കെയാവത് പടുത്തിടവേന്‍. ആരുക്കുമേ തൊന്തറവു ശെയ്യാതെ ചാകണം. അവ്വളവുതാന്‍ എണ്ണം.’
‘നാട്ടില്‍ ആരുമില്ലേ?’
‘ആണ്ടവന്‍ വാഴവൈത്ത് എല്ലാവരും ഇരുക്ക് സാര്‍. തമയനും തമ്പിയുമുണ്ട്. നാന്‍ താലിവെച്ച പൊണ്ണ്. എനിക്ക് പെറന്ത മുന്നു കുളന്തൈകളും ഇരുക്ക്. രണ്ടാണും ഒരേയൊരു പൊണ്ണും. അവളിക്കിപ്പോ വയതു് പത്തൊമ്പത്. ആണ്‍പിള്ളൈകളുക്ക് ഗവണ്‍മെന്‍റ് ഫാക്ടറിയിലെ നല്ലവേലയുമിരുക്ക്. എല്ലാരുമേ നന്റാക്ക ഇരുക്കട്ടും’. വൃദ്ധന്‍ ചിരിക്കാന്‍ ശ്രമിച്ചു.
‘പിന്നെ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നതെന്തിനാ?’
‘എനക്ക് കടവുള്‍ ഇന്ത വ്യാതി തന്തിട്ടില്ലാ! പോന ജന്മത്തിലെ നാന്‍ കൊടും പാപിയായിരുന്തിരിക്കലാം. കുഷ്ഠരോഗി വീട്ടുക്കുള്‍ ഇരിപ്പതു അവാള്‍ ആരുക്കുമേ പിടിക്കാതാ. അവളാവത് സന്തോഷമാ ഇരിക്കട്ടും’.
‘അവര്‍ ഇറക്കി വിട്ടതാണോ?’
‘അതൊണ്ണും ശൊല്ലവേണ്ടാം സാര്‍. മനിതനുക്ക് ഉടമ്പു താന്‍ പെരുമൈ. അദു കേടു വന്തിട്ടെണ്ണാ പിള്ളയ്ക്കു തളള കെടയാത്. മകനുക്ക് തകപ്പനില്ലൈ. പെണ്ണുക്കു കണവന്‍ഇല്ലൈ. ഉലകത്തില്‍ അന്പും ഉറുതിയും നം നലമാക ഇരുക്കും വരെതാന്‍ ഉണ്ടും. അതിലൊണ്ണും എനിക്ക് കവലയില്ലെ.’
വൃദ്ധന്റെ വരണ്ട കണ്ണുകളുടെ ആഴങ്ങളിലെവിടെയോ ഒര നനവ്. അയാളുടെ കണ്ഠം ഇടറി. അയാള്‍ ഝടിതി തലകുമ്പിട്ട് പടിയിറങ്ങിപ്പോയി.
കുഷ്ഠരോഗം പിടിപ്പെട്ടതു കൊണ്ട് ആട്ടിയിറക്കപ്പെട്ട ഒരു ഗൃഹസ്ഥന്‍. അയാളെ കാണുമ്പോഴെല്ലാം ആ അറിവ് എന്നെ കുത്തി നോവിച്ചു.
അതില്‍പ്പിന്നെ എന്റെ കടയുടെ മുന്നില്‍ എത്തുമ്പോള്‍ അയാള്‍ എന്നെ നോക്കി മന്ദഹസിക്കും. ചിലപ്പോള്‍ ഒന്നും തൊഴുതെന്നും വരും. മ്ലാനതയുടെ മന്ദഹാസം. ഞാന്‍ ഒന്നു ചിരിച്ച് മ്ലാനനാകും.
ഒരു മാസത്തോളം കഴിഞ്ഞ് വീണ്ടും അയാള്‍ കയറി വന്നു. എന്നെ തൊഴുതിട്ട് ഷോക്കേസിലെ സാരികളില്‍ കണ്ണോടിച്ചു നിന്നു. ഒടുവില്‍ കടുംചുവപ്പ് ബോര്‍ഡറുളള ഒരു ഇളംനീല സാരി ചൂണ്ടിക്കാണിച്ച് അതിന്റെ
വില ചോദിച്ചു.
തെല്ലൊരു വിസ്മയത്തൊടെയാണു ഞാൻ മറുപടി നൽകിയത്.
അയാൾ മടിശ്ശീലയിൽനിന്ന് ഒരു ചുരുൾ നോട്ടെടുത്ത് എണ്ണിനോക്കി. എണ്ണിത്തീർന്നപ്പോൾ ആ മുഖം ഒന്നുകൂടി ഇരുണ്ടു.
‘തികയാത് സാർ, പതിമൂന്റ് രൂപാ കമ്മി.”
‘നല്ല സാരി വേറെയുണ്ട് നോക്കൂ.’
അയാൾ വിനയപൂർവ്വം പറഞ്ഞു; ‘ഇദു താൻ വേണം.’ അയാൾ നോട്ടുചുരുൾ മേശപ്പുറത്ത് വച്ചിട്ടു പറഞ്ഞു; ‘സാർ ഇതേ വച്ചിടുങ്കോ. പിറങ്ക് ബാക്കി പൈസ തന്ത് സാരി നാൻ എടുത്തിടലാം. ഇരണ്ട് വാരത്തുക്കുള്ളെ…”
‘സാരി കൊണ്ടുപൊയ്ക്കൊളൂ. ബാക്കി പിന്നെ തന്നാൽ മതി.’ ഞാൻ പറഞ്ഞു.
‘വേണ്ടാം സാർ, അദു മുറയല്ലെ. അന്തസാരിയെ മാറ്റി ഉള്ളൈ വച്ചിട്ടാ പോതും.’
അയാൾ പോയി.
ആർക്കു വേണ്ടിയാണു സാരിയെന്നു ചോദിക്കാൻ ഞാൻ മറന്നു. മകൾക്കോ, ഭാര്യക്കോ അതോ മറ്റു വല്ലവർക്കുമോ? ഇതെന്റെ ഒരു കുഴപ്പമാണു. വേണ്ടപ്പോൾ ഒന്നും ചോദിച്ചറിയുകയില്ല. പിന്നെ യാതൊരു ആവശ്യവും ഇല്ലാതെ കുറെ സംശയങ്ങളും മനസ്സിലേറ്റി വെറുതെ നട്ടം തിരിയും.
മൂന്നാഴ്ച കഴിഞ്ഞപ്പോൾ അയാൾ കയറിവന്നു.
വന്നയുടനെ പതിമൂന്നു രൂപ എന്റെ മേശപ്പുറത്തു വച്ചു. ഞാൻ പയ്യനെ വിളിച്ച് ആ സാരി എടുത്തുകൊണ്ടു വരുവാൻ പറഞ്ഞു.
ആ വൃദ്ധന്റെ മുഖത്ത് മുമ്പെങ്ങും കാണാത്ത ഒരു തിളക്കം ഞാൻ കണ്ടു. അയാൾ ചൊല്ലി. ‘സാർ, അന്ത പൊണ്ണുക്കാക്കും, മകളുക്ക്. പൊങ്കലല്ലാ വാറത്. എങ്കൾ ഊരിലെ പൊങ്കൽ പെരിയ വിഴായാക്കും. പൊണ്ണുക്ക് ഇത് പാഴ്സലാ അനുപ്പണം. സാർ, ഉങ്കൾ അതൈ പൊതിഞ്ച് അഡ്രസ്സെഴുതി തരുവീർകളാ?’
ഈ അലഞ്ഞുനടപ്പിനിടയിലും പത്തൊമ്പതുകാരിയായ മകളുടെ ഓർമ്മ മനസ്സിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ആ വൃദ്ധന്റെ സ്നേഹം എന്റെ കണ്ണു നിറച്ചു.
പയ്യൻ സാരി പൊതിഞ്ഞുകെട്ടുമ്പോൾ അയാൾ മടിയിൽ നിന്ന് ഒരു മുഷിഞ്ഞ കടലാസുതുണ്ടെടുത്തു. അതിൽ അഴകമ്മയുടെ പേരും മേൽവിലാസവും എല്ലാം വ്യക്തമായി എഴുതിയിരുന്നു.
ഞാൻ ചോദിച്ചു. പാഴ്സലയയ്ക്കാൻ ഇരുപത്തഞ്ചു രൂപയെങ്കിലുമാകില്ലേ? പത്തോ പതിനഞ്ചോ കൂടി ചെലവാക്കിയാൽ അവിടെ ചെന്ന് ഇത്
മകളുടെ കൈയ്യിൽ കൊടുക്കാം. ആ കുട്ടിക്കും അത് കൂടുതൽ സന്തോഷമാകുമല്ലോ?’
അയാളുടെ മുഖം വല്ലാതെ ഇരുണ്ടു. നോട്ടം ശൂന്യമായി. ആ കണ്ണുകളെ നേരിടാനാവാതെ ഞാൻ മുഖം തിരിച്ചു.
‘ഇല്ല സാർ, അന്ത തള്ളയും മക്കളും എന്നെ വീട്ടുക്കുള്ളേ ഏറവിടാത്. ഇന്ത പൊണ്ണുകൂട എൻ മുഖത്തിലെ പാക്കാത്.’
സ്നേഹം തിരിച്ചുകിട്ടാത്ത ഒരു ഡിപ്പോസിറ്റ് ആണെന്നാവാം ഈ തത്ത്വജ്ഞാനിയുടെ വിശ്വാസം.
ഞാൻ പൊതിക്കെട്ടിനു മുകളിൽ അഡ്രസ്സെഴുതി. അപ്പോഴാണു മറ്റൊരു പ്രശ്നം ഓർത്തത്; ‘അയയ്ക്കുന്ന ആളിന്റെ അഡ്രസ്സ് വേണം. അല്ലെങ്കിൽ പാഴ്സൽ പോസ്റ്റാഫീസിൽ എടുക്കില്ല.’
അയാൾ കുറേ നേരം നിശ്ചേഷ്ടനായി നിന്നു. എന്നിട്ടു മടിച്ചു മടിച്ചു പറഞ്ഞു. ‘സാർ, ഒരു ഉതവി കൂടി ശെയ്യണം. ഉങ്കളുടെയ അഡ്രസ്സ് എഴുതുങ്കോ.’
അപരിചിതനായ ഒരാൾ അയക്കുന്ന പാഴ്സൽ ആ പെണ്ണ് സ്വീകരിക്കുമൊ? പോസ്റ്റുമന്റെ മുന്നിൽ അമ്പരന്നു നിൽക്കുന്ന ആ നാടൻപെണ്ണിന്റെ രൂപം ഞാൻ മനസ്സിൽ കണ്ട് ചിരിച്ചുപോയി.
ആകെ പതറി നിൽകുന്ന ആ വൃദ്ധനോട് ഞാൻ പറഞ്ഞു; ‘നിങ്ങളുടെ പേരെഴുതി, ഈ കടയുടെ അഡ്രസ്സ് വയ്ക്കാം, പോരേ?’
അയാൾക്ക് അളവറ്റ ആഹ്ലാദം. കറുത്ത പല്ലുകൾ മുഴുവൻ പുറത്തുകാട്ടി അയാൾ ചിരിച്ചു. തന്റെ നന്ദി ഒന്നാകെ കൈക്കുമ്പിളിലൊതുക്കി എന്നെ തൊഴുതു നിലകൊണ്ടു.
‘നിങ്ങളുടെ പേർ?’
‘കുറ്റാലിംഗം, സാർ’
അയാളാ പൊതി വാങ്ങി. ഞാനെണീറ്റ് ആ സ്നേഹനിധിയെ യാത്രയാക്കി.
തൈപ്പൊങ്കൽ ദിവസം സിന്ദൂരപ്പൊട്ടുമിട്ട് അയാളെത്തി.
‘ഇന്നു തൈപ്പൊങ്കലാക്കും, കോടി വാങ്കറുതുക്കാക വന്തേൻ’
‘എന്തൊക്കെ വേണം?’
’ഒരു തോർത്തുമട്ടും പോതും സാർ’
പോകാൻ നേരം അയാൾ രഹസ്യം മന്ത്രിക്കും മട്ട് ചോദിച്ചു. ‘ഇപ്പൊ അന്ത ചേല എൻ കൊളന്തയ്ക്ക് കെടച്ചിരിക്കും, ഇല്ലയാ സാർ?’
ഞാൻ ‘തീർച്ചയായും’ എന്ന് തലയാട്ടി. അയാൾ വീണ്ടും ഹൃദ്യമായൊന്നു ചിരിച്ചു.
നാലഞ്ചു ദിവസം കഴിഞ്ഞ് പോസ്റ്റുമാന്‍ വന്ന് അറിയിച്ചു. ഒരു പാഴ്സലുണ്ട്. മടങ്ങിവന്നതാണ്.
ഞാനത് വാങ്ങി നോക്കി. ‘അതില്‍ മേല്‍വിലാസക്കാരി ഇല്ല’ എന്ന് ചുമന്ന മഷികൊണ്ട് എഴുതിയിരുന്നു.
ഒരു നിമിഷം നിശ്ശബ്ദനായിരുന്നിട്ട് ഞാന്‍ പറഞ്ഞു: ‘ഇത് അയച്ച ആള്‍ ഇപ്പോള്‍ ഇവിടില്ല. നാളെ വരും. അങ്ങോട്ട് പറഞ്ഞയക്കാം.’
പിറ്റേന്ന് വൃദ്ധന്‍ കടയ്ക്കു മുന്നിലെത്തിയനേരത്ത്, നാശത്തിനോ നന്മയ്ക്കോ എന്നറിയില്ല. പോസ്റ്റുമാനും വന്നുചേര്‍ന്നു. വിവരം അറിഞ്ഞപ്പോള്‍ വൃദ്ധന്‍ പ്രജ്ഞയററു നിന്നു.
‘ഒപ്പിട്ടു വാങ്ങൂ ഹേ.’ ക്ഷമയററ പോസ്റ്റുമാന്‍ പറഞ്ഞു.
‘എനക്ക് എതര്‍ക്കു സാര്‍ സാരി?’ എന്റെ നേരെ തിരിഞ്ഞ് അയാള്‍ ചോദിച്ചു. പോസ്റ്റുമാന്‍ എന്തോ മുറുമുറുത്തു. ‘വാങ്ങൂ’, ഞാന്‍ അനുനയം പറഞ്ഞു. പേന കൊടുത്തു.
തികച്ചും യാന്ത്രികമായി അയാളുടെ കൈകള്‍ ചില വരകള്‍ വരച്ചു.
പോസ്റ്റുമാന്‍ പാഴ്സല്‍ എന്റെ മേശപ്പുറത്ത് വച്ചു.
വൃദ്ധന്‍ പേന മടക്കിതന്നിട്ട് ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി നടന്നുതുടങ്ങി; ഓടും മട്ടില്‍. ഇതികര്‍ത്തവ്യതാമൂഢനായി അതു നോക്കി നിന്ന എനിക്ക് അയാളോട് ഒരാശ്വാസവചനം പറയാന്‍ പോലും കഴിഞ്ഞില്ല.
ഇനിയും അയാള്‍ ഇതുവഴി വരുമല്ലോ. അപ്പോള്‍ സാരി തിരിച്ചു നല്‍കാം എന്നു കരുതി ഞാന്‍ സമാധാനിച്ചു.
അതിനുശേഷം കുററാലിംഗം അതുവഴി വന്നിട്ടേയില്ല. അയാളെ കാത്തിരുന്ന് എന്റെ കണ്ണ് കുഴഞ്ഞു. അയാള്‍ക്കു സാരി വേണ്ടെങ്കില്‍ അത് തിരികെ എടുത്ത് വാങ്ങിയവില തിരിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. യാത്രചെയ്യുമ്പോള്‍ വഴിവക്കിലെങ്ങും ആ വിചിത്രജീവിയെ തിരയുക എന്റെ ശീലമാണ്.
ഒരു മാസം കഴിയും മുമ്പ്, ഒരു നാലുമണി നേരത്ത്, കറുത്തിരുണ്ട ഒരു പെണ്ണ് ഒരു ചെറുപ്പക്കാരനോടൊപ്പം വന്നു. അവര്‍ കടയ്ക്കുമുന്നില്‍ നിന്ന് ബോര്‍ഡിലേക്കും ഉള്ളിലേക്കും മിഴിച്ചുനോക്കുന്നതു കണ്ട് ഞാന്‍ വിവരംതിരക്കി.
അവള്‍ തെല്ലൊരുദ്വേഗത്തോടെ ചൊല്ലി; ‘നാന്‍ അളകമ്മ. അന്ത കുററാലിംഗത്തെ തേടി വന്തേന്‍.’
ഞാനെണീററു ചെന്നു സഹതാപപൂര്‍വ്വം എന്റെ നിസ്സഹായത അറിയിച്ചു. എന്നാല്‍ മുഴുവനും പറഞ്ഞു തീരും മുമ്പ് അവള്‍ തിരിഞ്ഞു നടന്നു. ആ ചെറുപ്പക്കാരന്‍ പുറകെ പാഞ്ഞു.
ഈ കടങ്കഥയുടെ പൊരുള്‍ പിടികിട്ടാതെ ഞാന്‍ മിഴിച്ചിരുപ്പായി.
രണ്ടു മാസം മുമ്പ്, അകലെ ടൌണിലെ സുഹൃത്തിനോട് ഞാൻ കുററാലിംഗത്തെപ്പററി പറഞ്ഞു. അയാളുടെ തുണിക്കടയില്‍ ഇരുന്നായിരുന്നു സംഭാഷണം.
ആ സുഹൃത്ത് ചിരിച്ചുകൊണ്ട് സൈന്‍ബോര്‍ഡ് തുറന്ന് ഒരു പഴയ പാഴ്സലെടുത്ത് കാണിച്ചു. രണ്ടു വര്‍ഷം മുമ്പ് കുററാലിംഗം അഴകമ്മയ്ക്ക് അയച്ച സമ്മാനം!
പാഴ്സല്‍ തിരികെ വന്നശേഷം അയാളും കുററാലിംഗത്തെ കണ്ടിട്ടില്ല. അഴകമ്മ അവിടെയും ചെന്നിരുന്നുവത്രേ.
പക്ഷേ, ഒരു കുഴപ്പം. സുഹൃത്തിന്റെ വാദം കുററാലിംഗത്തിന് കുഷ്ഠമല്ല, ക്ഷയമാണെന്നാണു. കുപ്പികൾ, കാലിടിന്നുകള്‍, പ്ലാസ്റ്റിക്ക് കഷണങ്ങള്‍ തുടങ്ങിയവ ശേഖരിച്ചു വില്‍ക്കുകയായിരുന്നുവത്രേ തൊഴില്‍. അയാളുടെ കഥയിലെ അഴകമ്മ കറുത്തിരുണ്ടവളല്ല. വെളുത്തു കൊലുന്നനെയുള്ള സുന്ദരിയാകുന്നു. ഞങ്ങള്‍ കുറെനേരം തര്‍ക്കിച്ചിരുന്നിട്ട് പിരിഞ്ഞു.
ഇന്നലെ ഞാനും ആ സുഹൃത്തും ഗുരുവായൂര്‍ക്കു പോവുകയായിരുന്നു. ഞങ്ങളുടെ കാര്‍ ഒരു റയില്‍വേക്രോസിനെ സമീപിക്കുമ്പോള്‍, ഇത്തിരി മുന്നിലായി കുററാലിംഗം മുടന്തിമുടന്തിപ്പാകുന്നതു കണ്ടു. അയാളുടെ തലയില്‍ ഒരു കെട്ട്പുല്ല്.
ഞാന്‍ തലപുറത്തേയ്ക്കിട്ട് വിളിച്ചു - “കുററാലിംഗം.”
അയാള്‍ തിരിഞ്ഞു നോക്കാതെ നടന്ന്, റയില്‍വേ ഗേററി താണ്ടി പാളത്തിലെത്തി.
സുഹൃത്ത് വണ്ടിയുടെ വേഗം കൂട്ടാനൊരുങ്ങുമ്പോഴേക്കും റയില്‍വേ ഗേററ് അടഞ്ഞു.
ഞങ്ങള്‍ കാറില്‍ നിന്നിറങ്ങി ആ ഗേററിനടുത്തു ചെന്നു.
ഞാന്‍ വിളിച്ചു - “കുററാലിംഗം…”
അയാള്‍ തിരിഞ്ഞു നോക്കിയതേയില്ല.
ഞങ്ങള്‍ പിന്നെയും വിളിച്ചു.
അയാള്‍ മറ്റേ ഗേററിനപ്പുറമെത്തി. അതും അടഞ്ഞു.
അയാള്‍ നടന്നകന്നു.
ഞങ്ങളാ ഗേററിനടുത്ത് ഒരു കടംകഥയ്ക്കിപ്പുറത്തെന്നപോലെ നിന്നു.