close
Sayahna Sayahna
Search

കോടതി വിധിക്കു മുമ്പ്


കോടതി വിധിക്കു മുമ്പ്
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.

അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?

യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി. അങ്ങിങ്ങ് പാണ്ട് കണക്ക് നര പടര്‍ന്ന കുററിത്താടിയുള്ള പ്രാകൃതനായ പ്രതി ഭക്ത്യാദരപൂര്‍വ്വം എന്തോ പറയുവാന്‍ വെമ്പി. അതു കണ്ട് ന്യായാധിപന്‍ കനിഞ്ഞു.

“പ്രതിക്ക് വല്ലതും ബോധിപ്പിക്കാനുണ്ടോ?”

“ഉവ്വ.” വടിപോലെ നിന്ന പ്രതിയുടെ സ്വരം ഏതോ അഗാധഗഹ്വരത്തില്‍ നിന്നുയരും പോലെ മുഴങ്ങി.

“ബഹുമാനപ്പെട്ട അങ്ങ് തന്നെ എന്റെ വിധി പറയണമെന്ന് താത്പര്യപ്പെടുന്ന പക്ഷം കേസ് അവധിക്കു വെയ്ക്കാതെ, ഇപ്പോള്‍ തന്നെ വിധി പ്രസ്താവിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.”

സഹൃദയനായ ന്യായാധിപന് രസമുദിച്ചു. ആ രസം കോടതിയിലെങ്ങും പടര്‍ന്നു. വക്കീലന്മാരില്‍, ബഞ്ചുക്ലാര്‍ക്കില്‍, പോലീസുകാരില്‍, ഗുമസ്തന്മാരില്‍ക്കൂടി ആ നര്‍മബോധം തുളുമ്പിത്തൂകി. എല്ലാ ദൃഷ്ടികളും ആ പ്രതിയില്‍ ചാഞ്ഞു. പുറത്ത് ആര്‍ത്തിപിടിച്ച കാതുകളുമായി നിന്ന ജനത്തിന്റെ ജാഗ്രത ജനാലക്കമ്പികളുടെ തുരുമ്പില്‍ നാസികയുരസി.

“കാരണം?” ശാന്തഗംഭീരമായിത്തന്നെ ബഹു: കോടതി ചോദിച്ചു.

പ്രതിയുടെ ശബ്ദം ഖിന്നമായി. “അതുബോധിപ്പിക്കുവാന്‍ സങ്കടമുണ്ട്. ബഹുമാനപ്പെട്ട അങ്ങേക്ക് ഇനി ഒരു മണിക്കൂറും മൂന്നു മിനിട്ടും കൂടി മാത്രമേ ജീവിതമുളളൂ.!”

“ഹോ!” ആരോ ഞെട്ടിയ ഒച്ച എങ്ങോ കേട്ടു.

നേര്‍ത്ത ഒരിടവേളതെന്നിക്കടന്ന് ന്യായാസനം ഊറിച്ചിരിച്ചു. ആ മന്ദഹാസം മഞ്ഞച്ച നിര്‍ജ്ജീവിതയിലലിഞ്ഞു.

അഭിഭാഷകരും പോലീസും ആ ചിരി എറ്റുവാങ്ങി. വക്കീല്‍ഗുമസ്തരും. ചിരിക്കാതിരിക്കുവാനാകാത്തപോലെ എല്ലാവരും ചിരിച്ചു. എല്ലാ ചിരികളും ഒരു വര്‍ണശൂന്യതയില്‍ പരുങ്ങി. തങ്ങളുടെ ചിരി വിലക്കുന്ന ആരോ ആ പഴയ മുറിയിലെവിടെയോ പതുങ്ങിനില്പുണ്ടെന്ന് അവര്‍ക്കെല്ലാം തോന്നി. എങ്കിലും ആരും തല തിരിച്ചില്ല. എല്ലാ കണ്ണുകളും പ്രതിയില്‍ത്തന്നെ ഉറഞ്ഞുകൂടി.

“നിങ്ങൾ ഈശ്വരനാണോ?” ആദ്യം ചിലച്ചത് പ്രോസിക്യൂഷനാണ്. കോടതിയാണെന്നു മറന്ന് അദ്ദേഹമെണീററു. ആ അലക്ഷ്യം തടയാന്‍ കോടതിയും മറന്നു.“”

“അല്ലാ…”

“പിന്നെ? ദേവജ്ഞനാണോ? അതോ പ്രവാചകനോ?”

“അല്ലാ…”

പ്രതിയുടെ വക്കീലും ഭാഗം മറന്ന് എതിര്‍ഭാഗത്തെണീററു.

“ചിത്രഗുപ്തനാണോ?”

“അല്ലാ…” പ്രതി കുടഞ്ഞു.

അനേകം പേര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുള്ള ബഹു. ജഡ്ജി എല്ലാം വെറുതെ നോക്കിയിരുന്നു. ആ പ്രതി നാഴികമണിയില്‍ മിഴിയൂന്നിക്കൊണ്ട് ആരോടെന്നില്ലാതെ ചൊല്ലി.

“ഇനി അമ്പത്തേഴു മിനിട്ടേയുള്ളു.”

പോലീസ് ഇന്‍സ്പെക്ടര്‍ക്ക് ഉദ്വേഗമുണര്‍ന്നത് അപ്പോഴാണ്. അദ്ദേഹം ചാടിയെണീററ് പ്രതിയെ കണ്‍നീട്ടിയൊന്നുകുത്തി. ധൃതഗതിയില്‍ അടുത്തുചെന്ന് അയാളെ കേശാദിപാദം നോക്കിക്കണ്ടു. സംശയദൃഷ്ട്യാ അയാളുടെ മടിക്കുത്തുഴിഞ്ഞു.

“ഗുഢാലോചന വല്ലതുമുണ്ടോ?”

“ഒന്നുമില്ലേ.” പ്രതി കൈമലര്‍ത്തി.

മഹാസാത്വികനായ വക്കീല്‍ ശിങ്കാരം അസഹ്യതപ്പെട്ട് വിറച്ചു കൊണ്ട് ചോദ്യം ചെയ്തു. “നിങ്ങള്‍ ഇതെങ്ങനെ അറിഞ്ഞു?”

നൂറുനൂറു കണ്‍വേലുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങുന്ന പ്രതി അതിവിനയത്തോടെ ഉണര്‍ത്തിച്ചു. “എനിക്കറിയാം. ഇനി നാല്പത്തൊമ്പത് മിനിട്ട പത്തു സെക്കന്‍ഡ്.”

തികച്ചും അപ്രതീക്ഷിതമായി ന്യായാധിപനൊന്നു പൊട്ടിച്ചിരിച്ചു. അദ്ദേഹം ഒളികണ്ണാല്‍ തന്റെ വാച്ചു നോക്കി. സമയം 11.24. അതായത് 12.13–ന് ഈ കോടതി പൊടുന്നനെ സ്തംഭിക്കുമെന്നാണ് ബഹു. പ്രതിയുടെ വിധി.

സ്ഥലത്തും കാലവും മറന്ന് ആത്മഗതം പൊഴിച്ചും പരസ്പരം സംസാരിച്ചും ആളുകള്‍ കോടതിയുടെ ഗൌരവം ഭഞ്ജിക്കുകയാണെന്ന വസ്തുത മിന്നലായി ജഡ്ജിയുടെ പ്രജ്ഞയിലാളി.

അദ്ദേഹം സപദി ഗൌരവം സര്‍വം വീണ്ടെടുത്തു കല്പിച്ചു: “ശരി” കോടതിയില്‍ കല്ലോലജാലമടങ്ങി അദ്ദഹം പ്രതിയോട് ആജ്ഞാപിച്ചു:

“കൂട്ടില്‍ നിന്നിറങ്ങി മാറിനില്ക്കൂ…”

പ്രതി ഘടിയന്ത്രത്തെ പേര്‍ത്തുമൊന്നു നോക്കിയിട്ട് അവരോഹണം ചേയ്തു. ഡ്യൂട്ടിപോലീസുകാര്‍ അയാളുടെ ഇരുപുറവുമേററു. ചുമരോരംപററി കൈകള്‍ മാറില്‍ പിണച്ച് നിഷ്ക്കന്മഷനായി പ്രതി നില്പായി.

കോടതി കൃത്യാന്തരത്തിലേക്ക് കടന്നു. ബഞ്ചു ക്ലാര്‍ക്ക് സനാതനമായ ഈണത്തില്‍ വിളിച്ചു — “സെഷന്‍സ് 80–ല്‍ 715. പ്രതി ദിനകരന്‍ ധര്‍മപാലന്‍.”

ശിപായി ഏററു വിളിച്ചു.

ഒരു മദ്ധ്യവയ്കന്‍ കൂട്ടില്‍ പൊങ്ങി. ധര്‍മ്മപാലന്റെ വക്കീല്‍ തന്റെ മുന്നില്‍ അട്ടിവെച്ച ഫയലുകളില്‍ ടി കേസ് പരതുവാന്‍ തുടങ്ങി. നാലഞ്ചുവട്ടം കെട്ടാകെ മറിച്ചിട്ടും 715–ന്റെ ഫയല്‍ കിട്ടിയില്ല. പിറകില്‍ നിന്നു് ഗുമസ്ഥന്റെ പാതി ഉടലും കൈയും സഹായാര്‍ത്ഥം നീണ്ടു വന്നു.

എന്നിട്ടുമാ കടലാസ്സ് കിട്ടിയില്ല!

മററുളള വക്കീലന്മാരുടേയും ഗുമസ്തന്മാരുടേയും കണ്ണുകള്‍ ചിത്രപ്പണി മങ്ങിയ ആ പഴയ ക്ലോക്കിനെ വട്ടം ചുററി നിന്നു. പോലീസ്ഓഫീസര്‍ തളര്‍ന്ന മട്ടില്‍ പിറകോട്ട് ചാരി സീലിംഗ് നോക്കി മലച്ചിരുന്നു.

ജഡ്ജിയുടെ ശിരസ്സിനു മുകളില്‍ തൂങ്ങിയിരുന്ന പുരാതനമായ കൂററന്‍ പങ്ക കാസരോഗിയെപ്പോലെ ഏങ്ങിയും വാതരോഗിയെപ്പോലെ മുടന്തിത്തെറിച്ചും ഓടി നടന്നു കൊണ്ടിരിക്കുന്നു.

715–ന്റെ അഭിഭാഷകന്‍ വിയര്‍പ്പില്‍ കുതിര്‍ത്തു. സ്വയം പ്‌രാകി ഗുമസ്തനെ പ്‌രാകി. അദ്ദേഹം വീണ്ടും അട്ടി പരതി.

ആ പരാക്രമം കണ്ട് തൊട്ടടുത്തിരുന്ന ഗൌണിന് മനമലിഞ്ഞു. അദ്ദേഹം സഹതാപപൂര്‍വ്വം ആ ഫയല്‍ക്കെട്ടിനെ നോക്കി. ഝടിതി അട്ടിയുടെ മേലേയ്ക്കുംമേലെ നിന്നുതന്നെ ടി രേഖ വലിച്ചെടുത്ത് സുഹൃത്തിനു നല്‍കി.

തന്റെ കണ്‍പിശകില്‍ ഒരു വളിച്ച ചിരിയോടെ നല്ലവനായ അയല്‍വാസിക്ക് അളവററ നന്ദി മുരണ്ട് കൊണ്ട് ആ വക്കീലത് കൈപ്പററി.

പിന്നെയുമെന്തോ ഓര്‍മപിശകു പററിയ മട്ടില്‍ ഒരു നിമിഷം നിന്നു. കോടതിയില്‍ ഇത്തരം സ്വകാര്യമൌഢ്യത്തിനൊന്നും ഇടമില്ലല്ലോ. അതിനാല്‍ വക്കീലദ്ദേഹം വെമ്പലോടെ മുന്നോട്ട്ചെന്ന് വാദത്തിന് കോപ്പിട്ടു.

അദ്ദേഹം കൂടിന് കൂട്ടുനില്‍ക്കുന്ന ധര്‍മപാലനെ ഒന്നു നോക്കി. പക്ഷേ കണ്ണില്‍ പതിച്ചത് അയാള്‍ക്കുമപ്പുറം നില്‍ക്കുന്ന പഴയ പ്രതിയുടെ നിശ്ചലദൃഷ്ടിയാണ്. അതിനാല്‍ വീണ്ടുമാവഴിക്കൊന്നും കണ്ണുയര്‍ത്താതെ ഫയലിലേക്ക് മുഖം താഴ്ത്തിപ്പിടിച്ച് ഇന്ദ്രിയങ്ങളെ സ്വകൃത്യത്തിലാവാഹിച്ചു ബന്ധിച്ചു.

‘യുവര്‍ ഓണര്‍…’

പെട്ടെന്ന് ക്ലോക്ക് ഒന്നു ചിലച്ചു.

11.30.

വക്കീലിന് ഉമിനീരു വിക്കി. ശബ്ദം നെടുകെ മുറിഞ്ഞു.

വീണ്ടും പാടുപെട്ട് തുടര്‍ന്നു. “യുവര്‍ ഓണര്‍… ഓണര്‍… നാല്പത്തേഴ് വയസ്സുളള ഈ പ്രതി, ഭവനഭേദനം നടത്തുകയും, ഒന്നാം സാക്ഷിയുടെ ഉറങ്ങിക്കിടന്ന നിരപരാധിയായ ഭാര്യയേയും കുഞ്ഞിനേയും വെട്ടിക്കൊല്ലുകയും ചെയ്തുവെന്നാണല്ലോ പ്രോസിക്യൂഷന്‍ കേസ്…’’

കൂട്ടില്‍ നിന്ന പ്രതി ഞടുങ്ങി.

ജഡ്ജി മുഖമുയര്‍ത്താതെ പറഞ്ഞു. “അല്ല… കേസ് അങ്ങനെയല്ലാ…”

കോടതി സമൂലം പൊട്ടിച്ചിരിക്കേണ്ടുന്ന ഒരു വീഴ്ചയാണതെങ്കിലും ആരും പുഞ്ചിരിപോലും തുകിയില്ല. ബഞ്ചുക്ലാര്‍ക്കിന്റെ ചുണ്ടു മാത്രമൊന്നു വക്രിച്ചു. പാവം വക്കീല്‍ വിറച്ചുപോയി.

അദ്ദേഹം തല ശക്തിയൊന്നു കുടഞ്ഞു. കണ്‍കള്‍ കടലാസ്സിലുരുട്ടി വിട്ടു.

“യുവര്‍ ഓണര്‍, ഐ ബെഗ്ഗ് പാര്‍ഡന്‍… കൈന്റിലി പാര്‍ഡന്‍. പ്രതിയുടെ പേരില്‍ ആത്മഹത്യാശ്രമമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.”

ജെഡ്ജി നിസ്സഹായത അലയുന്ന സ്വരത്തില്‍ പറഞ്ഞു — “മിസ്റ്റര്‍, നിങ്ങള്‍ക്കെന്തു പററി? ദയവായി കേസ് നേരെ പഠിച്ചുകൊണ്ടു വരൂ… അടുത്ത പത്താം തീയതിക്കു മാററിയിരിക്കുന്നു.”

നിലത്തുനിന്ന പ്രതി തന്റെ ചുണ്ടില്‍ സ്ഫുരിച്ചുയര്‍ന്നുപോയ ഏകാന്തമായ ചിരി മറയ്ക്കാന്‍ ബദ്ധപ്പെട്ടു.

വക്കീല്‍ ശ്വാസം മുട്ടി തെന്നിത്തെന്നി സീറ്റിലേക്കു മണ്ടി. അസാധാരണമായ ഒന്നുമവിടെ സംഭവിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു മറ്റുള്ളവരുടെ മുഖസ്ഥിതി.

ഉന്നതങ്ങളിൽ മുഖം കുനിച്ചിരിക്കുന്ന നീതിമാനെ ഒന്നു നോക്കിയിട്ട് ബഞ്ചുക്ലാർക്ക് അടുത്ത കേസ് വിളിച്ചു. ‘സെഷൻസ് 01-ൽ 1237. പ്രതി നാരായണൻ സൂര്യനാരായണൻ.

കഴുമരത്തിലേറും മട്ടിൽ സൂര്യനാരായണൻ കൂട്ടിലുദിച്ചുയർന്നു.

ഒന്നാം സാക്ഷിയും വിളിച്ചു കൂട്ടിലാക്കപ്പെട്ടു.

പ്രതിഭാഗം വക്കീലിന്റെ ക്രോസാണ്. അമാനുഷമായ ഉയരവും കൂട്ടുപുരികവുമുള്ള അഡ്വക്കേറ്റ് തന്റെ ഗൗൺ നേരെയാക്കിക്കൊണ്ട് എണീറ്റു. തല തെക്കുവടക്കു തിരിച്ച് റെഡിയാക്കി. ധീരമായ കാലടികൾ വെച്ച് ഡയസിനു മുന്നിൽ, സ്വയം പ്രദർശനതൽപ്പരനായ അവർകൾ പഴയ നടനെപ്പോലെ അർദ്ധവൃത്തത്തിൽ നിന്നുകറങ്ങി. ചുറ്റിനും കണ്ണുനടത്തി.

അവിടുള്ള കണ്ണായകണ്ണൊക്കെയും ക്ലോക്കിന്റെ പെൻഡുലത്തിനൊത്ത് തളരാതെ ആടുകയാണെന്ന് ആ ബുദ്ധിശാലി കണ്ടു. ബഞ്ചുക്ലാർക്ക് പിന്നാക്കം മാറി. വരാന്തയിലേക്കൂർന്ന് കൂജയിൽനിന്ന് ജലം പകർന്ന് വായ്‌ പൊളിച്ചു. ഈ തക്കത്തിന് മേശപ്പുറത്തു നിന്ന് തൊണ്ടിയായ കത്തിയെടുത്ത് സാക്ഷിക്കു മുന്നിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. “ഈ കത്തി നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ?”

“ഇല്ല”

വക്കീൽ വീണ്ടും ചുറ്റുമൊന്ന് നിരീക്ഷിച്ചിട്ട് ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ ആ മാരകായുധം എങ്ങോ മറച്ചു. മറ്റൊരു കത്തി ആ കൈയിൽ പ്രത്യക്ഷമായി.

“ജഗദീശനെ കുത്താൻ ഉപയോഗിച്ചത് ഈ ആയുധമാണോ?’
“അറിയില്ല”
“പോലീസിനെ കത്തി ഏൽപ്പിച്ചത് നിങ്ങളാണോ?”
“അല്ല”

ബഞ്ചുക്ലാർക്ക് മുഖം തുടച്ച് മടങ്ങിയെത്തി.

“പിന്നെ എന്തായുധം ഉപയോഗിച്ചാണ് പ്രതി ജഗദീശനെ കുത്തിയത്?”
“ജഗദീശനെ ആരും കുത്തുന്നത് ഞാൻ കണ്ടില്ല”
“ജഗദീശൻ ചത്തദിവസം നിങ്ങൾ ഇരുവരും തമ്മിൽ കണ്ടിരുന്നില്ലേ?”
“ജഗദീശൻ ചത്തോ എന്ന് എനിക്കറിഞ്ഞുകൂടാ”

തന്റെ ക്രോസ് അതിശയനീയമായി മുന്നേറുന്നതിൽ ഉൾപ്പുളകത്തോടെ വക്കീൽ ശിരസ്സ് വെട്ടിത്തിരിച്ച് നീതിപീഠത്തെ ഒന്നു നോക്കി.

ന്യായാധിപന്റെ മുന്നിലെ കടലാസു കണ്ട് വക്കീൽ അമ്പരന്നു. അതിൽ അക്ഷരങ്ങളില്ല. അക്കങ്ങൾ. കുറെ അക്കങ്ങള്‍ മാത്രം. അപ്പോഴും അദ്ദേഹം കണക്കെഴുതുകയാണ്.

അമ്പരപ്പാറിയപ്പോള്‍ അതിബുദ്ധിമാനായ അഭിഭാഷകന്‍ അടവൊന്നു മാററി. സാക്ഷിക്കു നേരെ ഒന്നു കണ്ണുരുട്ടിയിട്ട് ബോധിപ്പിച്ചു:

“യുവര്‍ ഓണര്‍ സാക്ഷിക്കു സുഖമില്ല. മറ്റൊരു ദിവസം ക്രോസ് തുടരാന്‍ അനുവദിക്കണം.”

തന്റെ എഴുത്തിനു മുടക്കം വരുത്താതെ അന്യമനസ്ക്കനെപ്പോലെേ ജഡ്ജി മൂളി.

കൂടൊഴിഞ്ഞു. വക്കീല്‍ മടങ്ങി. അടുത്ത കേസ് വിളിക്കാനുള്ള ആജ്ഞക്കായി ബഞ്ചുക്ലാർക്ക് കാത്തുനിന്നു. കോടതിയുടെ അകര്‍മണ്യനിശ്ശൂന്യതയെ ക്ലോക്കു മാത്രം താളമിട്ടുലച്ചുകൊണ്ടിരുന്നു.

ജഡ്ജി എന്തോ മൊഴിഞ്ഞു. ബഞ്ചുക്ലാര്‍ക്കിനതു വ്യക്തമായില്ല. അയാള്‍ ശിരസ്സ് നീതിപീഠത്തിലേക്ക് ഏന്തിനീട്ടി. കാര്യം ഗ്രഹിച്ചയുടനെ ഡയസ്സിനു പിറകിലേക്കു പാഞ്ഞു. ഒരു ഗ്ലാസ്സ് ശുദ്ധജലവുമായി പാറി വന്നു. ജ‍ഡ്ജി ജലം ഒററവലിക്ക് കുടിച്ചിട്ട് ശ്വാസവും ഗ്ലാസും സ്വതന്ത്രമാക്കി. ഒരു നിമിഷം വൈകിയെങ്കിലും നന്ദി പറയാനും മറന്നില്ല.

ജഡ്ജി പൊടുന്നനെ ഉഷാറിലായി. ‘ശരി’ അദ്ദേഹം പുഞ്ചിരി തൂകി. ആ പ്രതിയെ കടക്കണ്ണാലുഴിഞ്ഞു.

അടുത്ത കേസിന്റെ വാദിയും വക്കീലും രംഗത്തെത്തി. രസനിഷ്പത്തിക്കു പഴുതില്ലാത്ത കേസായതുകൊണ്ടാവാം ആ വിസ്താരം ഒരു നനഞ്ഞ സ്വകാര്യ സംവാദം പോലെ ജനശ്രദ്ധയാകര്‍ഷിക്കാതെ മുന്നോട്ടു നീങ്ങിയത്. ആ സിവിള്‍ വക്കീലും വാദിയുമൊഴികെയുള്ളവരൊന്നൊകെ പുറത്തെ മരച്ചില്ലുകള്‍ക്കിടയിലുടെ ഊളിയിട്ടൊഴുകുന്ന കാററിന്റെ ചൂളത്തില്‍ എന്തോ പരതും പോലെ, അതിന്റെ ദൂരൂഹതയിലേക്ക് ഞരമ്പുകളെറിഞ്ഞ് കാത്തിരിക്കും പോലെ…

എങ്ങോ നിന്നൊരു നരിച്ചീര്‍ ചീറിപ്പറന്നു വന്നു. കറുത്തകോട്ടുകള്‍ക്കു മേലെ ഒരു കൊടിക്കുറപോലെ താണുമുയര്‍ന്നും അതു വട്ടം ചുററി പാറി. മുറിയാകെ കറുപ്പിന്‍തിര തുള്ളി. തുളഞ്ഞു കയറുന്ന ശബ്ദത്തില്‍ ഇടക്കിടെ അതെന്തോ ചിലച്ചു. ജഡ്ജിയുമതിനെയൊന്നു വീക്ഷിച്ചു. ബഞ്ചുക്ലാർക്ക് താന്‍ വിളിക്കാതെ കയറിവന്ന ആ കരിംപൂതത്തെ നോക്കി കര്‍ത്തവ്യമൂഢനായി മുഖം മലര്‍ത്തി നിന്നു.

ആ കരിങ്കൊടി ജഡ്ജിയുടെ ശിരസ്സിനു മേലേക്കു പറന്ന്, തെന്നിതുള്ളി ചിലമ്പിച്ചുററുന്ന ആ പഴയ പങ്കയെ പ്രദക്ഷിണം വെയ്ക്കാന്‍ തുടങ്ങി.

ന്യായാധിപന്റെ തലക്കു മുകളില്‍ രണ്ടു വൃത്തങ്ങള്‍ കറങ്ങി. ഏകാന്ത സ്വൈരതയാര്‍ന്ന് ഗമിച്ചിരുന്ന ആ വിസ്താരം പോലും ഒരു നിമിഷം ഇടറി നിന്നു.

പെട്ടെന്ന് പങ്കയുടെ ചിറകില്‍ ചിറകുമുട്ടി നരിച്ചീര്‍ ഡയസ്സിന്റെ അഴകളില്‍ പിടഞ്ഞുവീണു. വീണിടത്ത് മുഖം പൊത്തി കിടന്നു.

പലതായിരുന്ന കോടതി ഒന്നായി ഞെട്ടി. ആ കരിംപൂതം മരിച്ചോ ഇല്ലയോ എന്ന് തിട്ടം വരാഞ്ഞ് പലരിലും ഒരസ്കിത പൊങ്ങി. എണീററുചെന്ന് പരിശോധിക്കുവാനുളള ഉദ്വേഗത്തില്‍ പുകഞ്ഞെങ്കിലും ആരും ചലിച്ചില്ല.

ഇത്രയും നേരം ജഡ്ജിയില്‍ തന്നെ മിഴിനട്ടു വെച്ചിരുക്കുകയായിരുന്ന ശിങ്കാരംവക്കീല്‍. തേങ്ങിക്കരഞ്ഞുപോയി. മററുള്ളവരുടെ ദീനാനുകമ്പ ശിങ്കാരത്തിലേക്കു തിരിഞ്ഞു. അദ്ദേഹം കര്‍ചീഫെടുത്ത് ദുഃഖം പൊത്തി. പക്ഷെ തേങ്ങലടങ്ങിയില്ല. അതേ അവസ്ഥയില്‍ പൊങ്ങി വരാന്തയിലേക്കു പോയി.

പുറത്തെ വരണ്ട കാററ് ശിങ്കാരത്തിന്റെ കണ്ണീരൊപ്പി. പക്ഷെ നാവു വരണ്ടു താണു. അതിനാല്‍ സഹതാപാര്‍ത്തനായി അനുഗമിച്ച സ്വന്തം ഗുമസ്തനു നേരെ ഒരു കൈപ്പത്തി കാട്ടുവാന്‍ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. കോടിപ്പോയ കോടതിയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് നരീച്ചീര്‍ ശടേന്നുയര്‍ന്നു. ഋജുരേഖയില്‍ പാഞ്ഞ് ക്ളോക്കിന്റെ മുഖത്തു തന്നെ അള്ളിപ്പിടിച്ചു ചിറകു പൂട്ടി.

എല്ലാ മുഖങ്ങളും കരിവാളിച്ചു.

ജഡ്ജി സാവകാശം ടൌവ്വലെടുത്ത് ഉള്ളംകൈയ് അമര്‍ത്തിത്തുടച്ചു. അദ്ദേഹമെഴുതിക്കൊണ്ടിരുന്ന പാഡ് മഞ്ഞുപോലെ കുതിര്‍ന്നിരുന്നു. അദ്ദേഹം വിരല്‍ ചൂണ്ടി. ബഞ്ചു ക്ളാര്‍ക്ക് ആ ഭാഗത്തേക്കു വാങ്ങി. ഫാനിന്റെ വേഗം മാക്സിമത്തിലേക്കു തള്ളിനീക്കി. വയസന്‍പങ്ക ഏങ്ങലടിച്ച് ഇളകിത്തുള്ളി.

അപ്പോഴും താഴെ വിസ്താരം അവസാനിച്ചിരുന്നില്ല. വക്കീല്‍ എന്തെല്ലാമോ ചോദിച്ചുകൊണ്ടിരുന്നു. വാദി ഓര്‍ത്തും മറന്നും എന്തോ മൊഴിഞ്ഞുകൊണ്ടിരുന്നു. അവരിരുവരും ഓരോ കൈ അഴിയില്‍ ബലമായി പിടിച്ചിരുന്നു.

ബഞ്ചില്‍ വയറും ചാരി നിന്നിരുന്ന ഗുമസ്തന്‍മാര്‍ ഓരോരുത്തരായി പിന്നോക്കം മാറി ചുമരില്‍ ഉടലും തലയും താങ്ങി നില്പായി.

ജഡ്ജി വെറുതെ ഓര്‍ത്തു. ഇന്നലെ ഈ നേരത്ത് കുപ്രസിദ്ധമായ കൊലക്കേസിന്റെ വിധി വായിക്കുകയായിരുന്നു. പതിനാറു പേജ് വിധിന്യായം. ജനം ശ്വാസമടക്കി ഓരോ വാക്കും ശ്രദ്ധിച്ചിരുന്നു. അവസാനം പ്രതിയെ മരിക്കുവോളം തൂക്കുവാന്‍ വിധിച്ചപ്പോള്‍ അവരില്‍ ആശ്വാസവും ആഹ്ളാദവും മിന്നിപ്പടര്‍ന്നു. അതേവരെ നിസ്തോഭനെപ്പോലെ നിന്ന പ്രതി മാത്രം ഉരുൾപൊട്ടും മട്ടിൽ അലറിക്കരഞ്ഞു.

ഒരു നീതിനിർവഹണത്തിന്റെ ആത്മസംതൃപ്തിയിൽ ഇന്നലെ സുഖമായൊന്നുറങ്ങി. “നിന്റെ ജനത്തിനുമേൽ നിന്റെ നീതി നടത്തുവാൻ ഈ ഭൗതിക ന്യായപീഠത്തിൽ നീ എന്നെ നിയോഗിച്ചിരിക്കുന്നു. നീ നിന്റെ സത്യത്താൽ ഈ ലോകത്തെ വിധിക്കുവാൻ എഴുന്നെള്ളി വരുവോളം… അന്ത്യവിധി വന്നെത്തുവോളം…” സത്യപ്രതിജ്ഞാവേളയിൽ മനസ്സു ചൊല്ലിയ വാചകം ഓർമ്മയിലെങ്ങോ തിര നീക്കിയെത്തി.

ന്യായാധിപൻ വക്കീലന്മാരെ ഒളികണ്ണാലൊന്നു നോക്കി. നിൽക്കാൻ കൂടി നേരമില്ലാതെ കോടതികൾതോറും ഗൗണും പാറിച്ച് ഓടിനടക്കാറുള്ളവർപോലും താടിക്ക് കൈയും കൊടുത്ത് ഇരിക്കുകയാണു. രാവിലെ ഇതിനുള്ളിൽ കടന്നവരാരും പുറത്തു പോയിട്ടില്ല. കാലം എങ്ങോവെച്ചു മുറിഞ്ഞുപോയെന്നോ? “മനുഷ്യൻ സദാ കാലത്തെ കൊല്ലുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാലതാവട്ടെ അവനെ കൊല്ലുന്നതിൽ അവസാനിക്കുന്നു-” എവിടെയാണതു വായിച്ചത്?

അടുത്ത നിമിഷം ജഡ്ജിക്കു വിസ്മയം തോന്നി. നൂറ്റാണ്ടു പഴക്കമുള്ള കോടതിമുറിയാണിത്. ഇവിടെ മരണം അപരിചിതനായൊരു സന്ദർശകനല്ല. മരണവും ശിരസ്സിലേറ്റുവാങ്ങിക്കൊണ്ട് എത്രയെത്ര മനുഷ്യർ ഈ കൂട്ടിൽ നിന്നിറങ്ങിപ്പോയിട്ടുണ്ട്. കോടതി വളപ്പിൽ മരണം സഹതാപമർഹിക്കുന്നൊരു സംഭവമല്ല.

ചിലർ മരണം വഴി ഇവിടെ ഇടം നേടുന്നു. മറ്റു ചിലർ മരണം വാങ്ങാനിവിടെ വരുന്നു. അത്രമാത്രം. എന്നിട്ടുമിതാ…

ഒരു ഭ്രാന്തന്റെ അർത്ഥശൂന്യമായ രണ്ടു വാക്കു കേട്ട് യുക്തിയിലും ന്യായവാദത്തിലും ജീവിക്കുന്ന വക്കീലന്മാർകൂടി! ആശ്ചര്യം തന്നെ.

അദ്ദേഹം കോടതിയെ വിഭ്രാന്തമാക്കിയ പ്രതിയെ നോക്കി.അയാൾ നരിച്ചീർ മുഖമടച്ച ക്ലോക്കിനെ ധ്യാനിച്ചു നിൽപ്പാണ്.

ജഡ്ജി തന്റെ കൈത്തണ്ടയിൽ മിടിക്കുന്ന കാലതാളത്തെപ്പോലും അവഗണിച്ച് താഴെ നടക്കുന്ന വിസ്താരത്തിൽ മനസ്സിനെ ഊന്നിപ്പിടിച്ചു.

കോടതിക്കു ഞരമ്പുകളില്ല. തിളയ്ക്കുകയും തണുത്തുറയുകയും ചെയ്യുന്ന രക്തമില്ല. പൊട്ടുവാൻ രക്തവാഹിനികളില്ല. കോടതി ഒരഗ്നികുണ്ഡമാകുന്നു. സത്യത്തിന്റെ എണ്ണയിൽ ആളിജ്വലിക്കുന്ന അഗ്നിദേവന്റെ സനാതനക്ഷേത്രം.

വെടി പൊട്ടും പോലെ ക്ലോക്ക് ചിലച്ചു. ഒന്ന്, രണ്ട്, മൂന്ന്…

അതു നീണ്ടു. ഏതോ ദാരുണമായ കുളമ്പടിപോലെ, ദുഃഖമണിപോലെ ഇടവിട്ടിടവിട്ട്… പന്ത്രണ്ടു വട്ടം.കാലമാനത്തിന്റെ സീമന്തബിന്ദു.

ഓരോ ഹൃദയഭിത്തിയിലുമാ ഉത്തോലകം ആഞ്ഞു മുട്ടി.

അതിനിടയില്‍ ആ നരീച്ചീര്‍ പിന്നോക്കം ഞെട്ടിത്തെറിച്ചു പറന്നുമാറി. ആ മുറിയെ ഭയക്കും മട്ടില്‍ കരഞ്ഞുകൊണ്ട് തുറന്നുകിടന്ന ജനാലയിലൂടെ ശരംകണക്കെ പുറത്തേക്കു പാഞ്ഞു.

ആ മണിമുട്ടലില്‍ ക്രോസ് മുട്ടി. വീണ്ടും ഉയര്‍ത്തിയെടുക്കാനാവാത്ത വിധം അഭിഭാഷകന്റെ നാവു താണു.

ക്ലോക്ക് വാ പൂട്ടിയപ്പോള്‍ വക്കീല്‍ നിശ്ശബ്ദം പിന്‍വാങ്ങി. ഒന്നു പകച്ചു ശങ്കിച്ചു നിന്നിട്ട് കക്ഷിയും നിലംപററി. മുന്നോട്ടു പോകാനറിയാതെ നിമിഷം നിന്നു വിറങ്ങലിച്ചു.

ന്യായാധിപന്‍ കണ്ണു കുനിച്ചിരുപ്പാണ്. മററുള്ളവരും നിശ്ചലതയെടുത്തു പുതച്ചുകഴിഞ്ഞു.

ഏതോ നിമിഷാര്‍ദ്ധത്തില്‍ ജഡ്ജി ഉണര്‍ന്നു. അപ്പോള്‍ മാത്രം കാലജ്ഞാനമുണ്ടായ മട്ടില്‍ തന്റെ ക്ലാര്‍ക്കിനെ നോക്കി. ആ നോട്ടം വിറയ്ക്കുന്നത് സ്നേഹമുള്ള കീഴുദ്യോഗസ്ഥന്‍ കണ്ടു.

അയാള്‍ അടുത്ത കേസ് പൊക്കി. വിറയ്ക്കുന്ന കടലാസില്‍ നോക്കി തെല്ലുനിന്നിട്ട് ഒരു നമ്പരും വിളിച്ചു.

ആരുമതു കേട്ടതായി തോന്നിയില്ല. നിമിഷങ്ങളുടെ പരിചമുട്ടു മാത്രം ത്രസിച്ചു നിന്നു. സ്വയം മറന്ന് ലേശം നിന്നശേഷം ആ സാധു പേരും നമ്പരും ദീനമായ് ആവര്‍ത്തിച്ചു.

ശിപായിക്ക് അതേററു വിളിക്കാന്‍ അല്പം ഒരുങ്ങേണ്ടി വന്നു. എന്നിട്ടും വാക്കു തൊണ്ടയില്‍ കുത്തി.

ജഡ്ജി ബലാൽക്കാരേണ ഒരു പുഞ്ചിരി തൂകി.

ബന്ധപ്പെട്ട വക്കീല്‍ എണീററു ചുററുമൊന്നു വീക്ഷിച്ചു. പിന്നെ സ്വന്തം കൈത്തണ്ടയിലേക്കാ കണ്ണുകള്‍ ചാഞ്ഞു. അദ്ദേഹം ഒന്നുമേ മിണ്ടാതെ തിരികെ ഇരുന്നു.

ക്ലോക്കില്‍ നെടിയസൂചി പന്ത്രണ്ടാം മിനിട്ടില്‍ നിന്നും തെന്നി. ജഡ്ജി ഒരാത്മാലാപം കണക്കേ ടി കേസ് മാറ്റി വെച്ചതായി കല്പിച്ചു. ബഞ്ചു ക്ലാര്‍ക്ക് ഫയലുകള്‍ തട്ടിയടുക്കിക്കൊണ്ടിരുന്നു.

ക്ലോക്കില്‍ത്തന്നെ ദൃഷ്ടിവെച്ചു നിന്നിരുന്ന ആ പ്രതി ഒരടി മുന്നോട്ടു നീങ്ങി എന്തോ പറയാന്‍ ഭാവിച്ച വായ് തുറന്നെങ്കിലും വാക്കു പുറപ്പെട്ടില്ല. അയാള്‍ ഒരു നിമിഷം കണ്ണുകള്‍ ഇറുകെ അടച്ചു നിന്നു.

സൂചി അപകടമേഖല താണ്ടി.

അടുത്ത ക്ഷണം ജഡ്ജിയില്‍, ബഞ്ചു ക്ലാര്‍ക്കില്‍, വക്കീലന്മാരില്‍ പോലീസുകാരില്‍ അങ്ങനെ യഥാക്രമം ഒരു മന്ദഹാസം പരന്നു.

മുറിക്കുള്ളില്‍ കുളിര്‍കാററ് പരന്നുവന്നു. ആശ്വാസത്തിന്റെ നിശ്ശബ്ദ നിശ്വാസം ചുമരുകളില്‍ തട്ടി.

ജഡ്ജി എണീററു. മററ്റുള്ളവര്‍ എണീററു നിന്നു വണങ്ങി, ഒരഭിനന്ദന ഭാവത്തില്‍ പുഞ്ചിരി തൂകി.

ന്യായാധിപന്‍ സമുചിതമായി പ്രത്യഭിവന്ദനം ചെയ്ത് ചേംബറിലേക്ക് അടിവെച്ചു. ഡഫേദാര്‍ പിറകെ ചെന്നു.

എല്ലാ കണ്ണുകളും എന്നിട്ടും ക്ളോക്കിനെ തന്നെ തുറിച്ചു നോക്കി നില്ക്കുന്ന ആ പ്രതിയിലേക്കു പാഞ്ഞു. എല്ലാ മുഖങ്ങളിലും ഈര്‍ഷ്യയും നിന്ദയും ഇടകൂടിയിടഞ്ഞു. ചിലര്‍ പല്ലിറുമ്മി. പലരും മുരണ്ടു.

എസ്. ഐ. ബെല്‍ററു മുറുക്കി. ഒരു നിന്ദാഗര്‍ഭചിരിയോടെ പ്രതിയെ സമീപിച്ചു. ക്രോധവിവശനായ പുലിയുടെ മട്ട്. ക്രോസ്ബെല്‍ററ് ഒന്നമറി. ആ കൊഴുത്തുരുണ്ട കൈകള്‍ അസഹ്യമായി തരിച്ചു.

മുഖമിളക്കാതെ നിര്‍വ്വികാരനായി നില്പാണ് പ്രതി. ഇരുപുറവും നിന്ന പോലീസുകാരുടെ പേശികള്‍ വിങ്ങി.

പ്രതി ശാന്തഗംഭീരമായി സ്ഫുടമായി പറഞ്ഞു “മനുഷ്യരുണ്ടാക്കിയ യന്ത്രത്തിന് ചെറിയ തെറ്റു പററാം”.

വീണ്ടും മുഖങ്ങളിരുണ്ടു. ഞരമ്പുകള്‍ മുറുകി. കണ്ണുകള്‍ പകച്ചു. അവ തങ്ങളില്‍ മുട്ടി ഇടറി. പിന്നെ കൈത്തണ്ടകളിലെ യന്ത്രങ്ങളിലേക്ക് തളര്‍ന്നു ചാഞ്ഞു.

വിറയാര്‍ന്ന ആ രംഗത്തേക്കു പാഞ്ഞുവന്ന ഡഫേദാര്‍ പറയാനോങ്ങിവന്നത് തൊണ്ടയില്‍ കുരുങ്ങി നിന്നു കിതച്ചു.

(മാതൃഭൂമി വാരിക, 1983 മാർച്ച്)