close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 01


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 01
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

അയാൾ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ഇന്റർനെറ്റ് മട്രിമോണിയലിൽ രണ്ടാമത്തെ പേജിൽ ആദ്യത്തേതു തന്നെയാണ്. അഞ്ജലി മാധവൻ, ഉത്രാടം നക്ഷത്രം, 23 വയസ്സ്, അഞ്ചടി നാലിഞ്ചുയരം, വീറ്റിഷ് കോംപ്ലക്ഷൻ, ബി.ടെക്, ബാംഗളൂരിൽ എം.എൻ.സി.യിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. വലതുവശത്ത് ഫോട്ടോ. മുഖം മാത്രം. ഫോട്ടോവിനു മീതെ ക്ലിക് ചെയ്തപ്പോൾ രണ്ടു വലിയ ഫോട്ടോ, ഇടതും വലതുമായി കൊടുത്ത പേജിലെത്തി. ഒന്ന് ഇരിക്കുന്നത്, മുകൾഭാഗം മാത്രം. മറ്റേത് ചൂരിദാർ വേഷത്തിൽ നിൽക്കുന്നത്.

അയാൾ തിരിച്ച് മാസ്റ്റർ പേജിലേയ്ക്കു വന്നു. അവിടെ ഒരു കള്ളിയിൽ അവളുടെ ഡിമാൻഡ്‌സ് എഴുതിയിട്ടുണ്ട്. ‘നാട് ഒറ്റപ്പാലം. ബാംഗളൂരിൽത്തന്നെ നല്ല നിലയിൽ ജോലിയുള്ള സൽസ്വഭാവികളായ നായർ യുവാക്കളിൽനിന്ന് പ്രൊപോസലുകൾ ക്ഷണിക്കുന്നു.’

ഇക്കാലത്ത് സൽസ്വഭാവികളായ ചെറുപ്പക്കാരെ എവിടുന്നു കിട്ടാനാണ്. തനിക്കുവേണ്ടി എഴുതിവച്ചപോലെയുണ്ട്. അയാൾ ഫോട്ടോ ഒന്നുകൂടി ക്രിട്ടിക്കലായി നോക്കി. തരക്കേടില്ല. നാലു വയസ്സിന്റെ വ്യത്യാസം. ഉം, സാരമില്ല. നല്ല പരിചയമുള്ള മുഖം. പെട്ടെന്നാണ് അയാളിൽ ഭൂതോദയമുണ്ടായത്. പേര് അഞ്ജലി. ഇത് തന്റെ കമ്പനിയിൽ അതേ ഫ്‌ളോറിൽത്തന്നെ അഞ്ച് ക്യൂബിക്ക്ൾ അപ്പുറത്ത് ജോലിയെടുക്കുന്ന കുട്ടിയാണല്ലോ. എന്നും കാണാറുള്ളതാണ്. എന്നിട്ടും ഫോട്ടോവിന്റെ രൂപത്തിൽ ഇന്റർനെറ്റിൽ വന്നപ്പോൾ തിരിച്ചറിഞ്ഞില്ല.

അമ്മയുടെ കത്താണ് അന്വേഷണത്തിന്റെ ആരംഭം. ഇരുപത്തേഴു വയസ്സല്ലേ ആയിട്ടുള്ളു എന്നു പറഞ്ഞാലൊന്നും അമ്മ കേൾക്കില്ല. അമ്മ എഴുതിയിരിക്കയാണ്. ‘വല്ല്യ പണക്കാരൊന്നും വേണ്ട. വല്ല്യ സൗന്ദര്യൊന്നും വേണംന്ന്‌ല്യ, നല്ല സ്വഭാവം ആയിരിക്കണംന്ന് മാത്രം.’ സൗന്ദര്യം വേണ്ടെ? നല്ല കാര്യായി. അമ്മയാണല്ലൊ അത് തീർച്ചയാക്കേണ്ടത്. ‘നീ കല്യാണം കഴിച്ചാൽ എനിക്കവിടെ വന്ന് ഒപ്പം താമസിക്കാലോ.’ ഉം. ഉം… നടക്കണ കാര്യം വല്ലതുംണ്ടെങ്കിൽ പറയൂ. അമ്മയുടെ ജീവിതരീതിയും തന്റെ ജീവിതരീതിയുമായി ഒരിക്കലും യോജിക്കില്ല. സീരിയലുകൾ കാണലും, അമ്പലത്തിൽ പോക്കും, മത്തങ്ങ കൊണ്ടുള്ള പുളിങ്കറി കൂട്ടി ഊണും. നടക്കണ കാര്യല്ല അമ്മേ, അവിടെത്തന്നെ ഇരുന്നാൽ മതി. തന്റെ പരിപാടികളൊന്നും അമ്മയുണ്ടെങ്കിൽ നടക്കില്ല. ഇത്ര മണിയ്ക്ക് കുളിക്കണം, ഇന്ന സമയത്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ പറയാൻ തൽക്കാലം ഇവിടെ ആരുമില്ല. സ്‌നേഹിതൻ ജോസഫ് ഒരു കാര്യത്തിലും ഇടപെടില്ല. അഞ്ചുകൊല്ലം മുമ്പ് അച്ഛൻ മരിച്ചശേ ഷം പാവം അമ്മ ഒറ്റയ്ക്കാണ്. അതൊക്കെ ശരിതന്നെ. പക്ഷേ അമ്മ വന്ന് ഒപ്പം താമസിക്കലൊന്നും നടക്കില്ല.

സുഭാഷ് കമ്പ്യൂട്ടർ ഓഫാക്കി. സമയം പന്ത്രണ്ടു മണി. ജോസഫ് നിലത്തു വിരിച്ച കിടക്കയിൽ കിടന്നുറക്കമായിരിക്കുന്നു. തലയ്ക്കൽ ഭാഗത്തുവെച്ച അവന്റെ കമ്പ്യൂട്ടർ ഓഫാക്കിയിട്ടില്ല. സുഭാഷ് കമ്പ്യൂട്ടർ ഓഫാക്കി. പാന്റ്‌സും ടിഷർട്ടും ധരിച്ചു കിടക്കുന്ന ജോസഫിനെ അയാൾ കുറച്ചുനേരം നോക്കിനിന്നു. അതയാളുടെ സ്ഥിരം വേഷമാണ്. കുളിക്കുമ്പോൾ മാ ത്രമേ അതഴിച്ചുവയ്ക്കൂ. അയാൾ ലൈറ്റ് ഓഫാക്കി അപ്പുറത്തു വിരിച്ചിട്ട കിടയ്ക്കയിൽ കിടന്നു, ഒരു മിനുറ്റിനുള്ളിൽ ഉറക്കമാവുകയും ചെയ്തു.