close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 13


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 13
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

സുഭാഷ് ഇന്ന് അത്ര നല്ല മൂഡിലല്ലാ എന്ന് തോന്നി. എന്തെങ്കിലും പ്രശ്‌നമുണ്ടാവും. അഞ്ജലി അയാളെ കാന്റീനിന്റെ പുറത്തുനിന്നുതന്നെ കണ്ടിരുന്നു? അവൾ ചോദിച്ചു.

‘വെജ് ഓർ നോൺവെജ്?’

‘എന്തു വേണമെങ്കിലും ആവാം.’

‘എന്നാൽ വെജിറ്റേറിയനായിക്കോട്ടെ.’ അവൾ പറഞ്ഞു. നാളത്തെ ബുഫെ ലഞ്ചിനോട് നീതി പുലർത്തണമെങ്കിൽ ഇന്നുതൊട്ടേ അല്പം സംയമം ഉണ്ടാവുകയാണ് നല്ലത്.

അഞ്ജലിയുടെ ട്രേ കണ്ട് സുഭാഷ് അദ്ഭുതപ്പെട്ടു. ഇത് സംഭാവ്യമാണോ? രണ്ടു റൊട്ടിയും പീസ്‌കറിയും മാത്രം. ഒരാൾക്ക് ഇത്രയും താണുപോകാൻ പറ്റുമോ? അയാളുടെ അമ്പരപ്പ് അഞ്ജലിയ്ക്കു മനസ്സിലായെന്നു തോന്നുന്നു. അവൾ പറഞ്ഞു.

‘ഞാൻ നാളത്തെ ലഞ്ചിനു വേദിയൊരുക്കുകയാണ്.’

‘എന്താണ് വിശേഷം?’

‘നാളത്തെ ബുഫെയുടെ കാര്യം മറന്നോ?’ അവളുടെ മുഖം മങ്ങി.

‘ഓ… ബുഫെ ലഞ്ച്. ഞാനാക്കാര്യം മറന്നുപോയി.’

‘അപ്പോൾ സീരിയസ്സായി പറഞ്ഞതല്ലാ അല്ലേ?’

‘അല്ല അല്ല, അതെ അതെ, ഞാൻ മറന്നു പോയതാണ്. നാളെ നമുക്ക് ഇന്റിജോവിൽ ലഞ്ചുണ്ട്. ഞാൻ മറ്റു ചില കാര്യങ്ങൾ ഓർത്തിരിക്കയായിരുന്നു.’

‘എന്താണത്?’

‘ലുക്, നീ എന്റെ കൺസൾട്ടന്റും ഞാൻ നിന്റെ ക്ലയന്റുമാണ്. അത്രമാത്രം. മറ്റു കാര്യങ്ങളൊന്നും നീ അറിയണ്ട.’

‘സോറി.’ ഇതെന്തൊരു സാധനാണ്. അഞ്ജലി ആലോചിക്കുകയാണ്. ഇതിന്റെ മനസ്സിൽ ഒരുപാടു കാര്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. എല്ലാം ഒളിപ്പിച്ചുവയ്ക്കാൻ മിടുക്കനാണ്.

‘എനിക്കും ഒരു കൺസൾട്ടന്റിനെ ആവശ്യമുണ്ട്?’ അവൾ പറഞ്ഞു.

‘എന്തിന്?’

‘മ്യൂസിക് സെലക്ഷന്.’

‘സോ യു നീഡെ മ്യൂസിക് കൺസൾട്ടന്റ്, റൈറ്റ്?’

‘യെസ്. കുറച്ചു സി.ഡി.കൾ വാങ്ങണം. പഴയ പാട്ടുകൾ.’

‘മാഡം, അയാം അറ്റ് യുവർ ഡിസ്‌പോസൽ. നാളെ വാങ്ങാം. ലഞ്ചു കഴിഞ്ഞ് മ്യൂസിക് ഷോപ്പിൽ പോയി നോക്കാം. അവിടെ അടുത്താണ്.’

‘സുഭാഷിന് എങ്ങിനെയാണ് പാട്ടിൽ, പ്രത്യേകിച്ചും പഴയ പാട്ടുകളിൽ താല്പര്യണ്ടായത്?’

സുഭാഷ് കുറച്ചുനേരം ആലോചനയിലായിരുന്നു. ഒരുപക്ഷേ യാദൃശ്ചികമാവാം. ഇന്ന് അച്ഛൻ മരിച്ച ദിവസമാണ്.

‘എന്റെ അച്ഛൻ നല്ലൊരു മനുഷ്യനായിരുന്നു. സംഗീതത്തിലും സാഹിത്യത്തിലും ഒക്കെ താല്പര്യണ്ടായിരുന്നു. നല്ല വായനക്കാരനായിരുന്നു. സ്വന്തമായി ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. പഴയ പാട്ടുകള് ഇഷ്ടായിരുന്നു. അതിന്റെ കുറേ സിംഗ്ൾസ് ഉണ്ടായിരുന്നു. ഞാൻ കുട്ടിക്കാലത്ത് ആ പാട്ടുകളെല്ലാം വെയ്ക്കാറുണ്ട്. പിന്നെ എല്ലാം നിന്നു. അച്ഛന് കുറേ കടം വന്നുചേർന്നു. എല്ലാം നഷ്ടായി. അപ്പോഴും സംഗീതത്തിന്റെ ശേഖരം മാത്രം കൈയ്യിൽനിന്ന് പോവാൻ അനുവദിച്ചില്ല.’

അയാൾ കുറെനേരം മൗനത്തിലായി. അഞ്ജലി ഒന്നും പറയാതെ ഭക്ഷണം കഴിച്ചു.

‘ഇന്ന് അച്ഛന്റെ ചരമദിനാണ്. നല്ല മനുഷ്യനായിരുന്നു. നല്ലൊരച്ഛനും.’

അഞ്ജലി ഒന്നും പറയുന്നില്ല. ഒരഞ്ചു മിനുറ്റുനേരത്തെ ഇടവേളയ്ക്കുശേഷം സുഭാഷ് ചോദിച്ചു.

‘നീ എങ്ങിനെയാണ് റെസ്റ്റോറണ്ടിൽ എത്തുക? നേരിട്ട് വരാൻ പറ്റുമോ? എന്റെ വീട്ടിൽ വരാൻ ഞാൻ ആവശ്യപ്പെടില്ല. അവിടെ ഞാനും ജോസഫും മാത്രേള്ളൂ.’

‘ഞാൻ റെസ്റ്റൊറണ്ടിൽ എത്തിക്കൊള്ളാം. നിങ്ങൾ രണ്ടുപേരും മാത്രേള്ളൂ എന്നതോണ്ട് എനിക്ക് വരാൻ വിഷമമൊന്നുംല്യ. പക്ഷേ സുഭാഷിന്റെ സ്ഥലം ഉച്ചനേരത്ത് പരതി കണ്ടുപിടിക്കാൻ മെനക്കെടാണ്.’

‘വേണങ്കിൽ ഞാൻ അവിടെവന്ന് അഞ്ജലിയെ പിക്കപ് ചെയ്യാം.’

‘വേണ്ടാന്നേയ്. ദൂരം കൊറേണ്ട്. അത്രേം ദൂരം മറുവശത്തേയ്ക്കാണ് വരണ്ടത്. ഞാനവിടെ എത്തിക്കൊള്ളാം.’

‘അപ്പൊ അങ്ങിനെയായിക്കോട്ടെ. ഞാനവിടെ പന്ത്രണ്ടരയ്ക്ക് എത്തും. പുറത്ത് കാത്തുനിൽക്കാം.’

‘മറക്കില്ലല്ലോ.’

‘മറക്കില്ല.’ അയാൾ ചിരിച്ചു.