close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 12


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 12
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

ഓഫീസിൽനിന്ന് എത്താൻ താമസമില്ല, ലാന്റ് ഫോൺ അടിച്ചു. അഞ്ജലി ഫോണെടുത്തു.

‘മോളെ ഇത് അമ്മയാണ്.’

‘അത്യോ?’

‘കളിപ്പിയ്ക്കല്ലെ മോളെ. നീയെന്താ മൊബൈൽ ഓഫാക്കിയിട്ടിരിക്ക്യാണോ?’

സെൽഫോൺ ഓഫാക്കിയിട്ടത് അപ്പോഴാണ് അവൾ ഓർത്തത്. ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കാൻ അവൾക്കിഷ്ടമല്ല. പ്രത്യേകിച്ച് അമ്മ വിളിക്കുമ്പോൾ. അവൾ ഹാന്റ്ബാഗിൽനിന്ന് ഫോണെടുത്ത് ഓണാക്കിവച്ചു. ഇല്ലെങ്കിൽ പിന്നെ മറക്കും.

‘എന്താ നീ ഇതുവരെ ഇന്റർനെറ്റിൽ നോക്കീലെ?’

‘എന്ത്? മട്രിമോണിയലോ? നോക്കി. എനിക്കിഷ്ടപ്പെട്ട ഒരൊറ്റ മോന്തയും കണ്ടില്ല.’

‘അതെന്തേ?’

‘നല്ലത് വല്ലും വേണ്ടെ?’

‘നെറയെ നല്ല പയ്യന്മാര്ണ്ടല്ലോ. എന്തേ നിനക്ക് ഒന്നും പിടിക്കാതിര്ന്നത്?’

‘എന്റെ ടേസ്റ്റിനു പറ്റിയ ആരുംല്യമ്മേ. ഞാൻ ഇടയ്ക്കിടയ്ക്ക് നോക്കാം. വല്ലതും കണ്ടാൽ അറിയിക്കാം.’

‘എല്ലാരും പറയ്യാണ് പെൺകുട്ടികള്‌ടെ കല്യാണം വൈകിക്കാതിരിക്ക്യാണ് നല്ലത്ന്ന്.’

‘ആരാണീ എല്ലാരും?’

‘മാലതി വല്യമ്മീം ഒക്കെ.’

‘മാലതി വല്യമ്മ്യോട് ഒരു ഭാഗത്ത് മിണ്ടാതിരിക്കാൻ പറയൂ. അച്ഛനെന്തു പറയുണൂ?’

‘അച്ഛനിതാ ഇവിട്യൊക്കെ നടക്ക്ണ്ണ്ട്.’

‘ശരി…’ അഞ്ജലി ഫോൺ വെച്ചു.

കുളിക്കണം. അതിനുമുമ്പ് അവൾ ഫ്രിജ്ജ് തുറന്ന് നോക്കി. രാവിലെ കമല എന്തു കറിയാണ് ഉണ്ടാക്കിയതെന്നവൾ മറന്നിരുന്നു. പാത്രമെടുത്തപ്പോൾ മനസ്സിലായി തന്റെ അറിവ് ഫ്രിജ്ജ് തുറക്കുന്നതിനു മുമ്പേക്കാൾ ഒട്ടും കൂടിയിട്ടില്ലെന്ന്. പാത്രത്തിൽ കിടക്കുന്നത് എന്താണെന്ന് അവൾക്കു മനസ്സിലായില്ല. അവൾ അതെടുത്തു പുറത്തു വച്ചു. മയോനീസിന്റെ കുപ്പിയും കുറച്ചു കാരറ്റും ഗ്രീൻപീസിന്റെ പാക്കറ്റും പുറത്തേയ്‌ക്കെടുത്തു. ഒരു ഉരുളക്കിഴങ്ങും ചേർക്കാം.

കാരറ്റും ഉരുളക്കിഴങ്ങും തോലുകളഞ്ഞ് ചെറിയ ചതുരൻ കഷ്ണങ്ങളാക്കി നുറുക്കുമ്പോൾ അവൾ ആലോചിച്ചു. മറ്റന്നാളത്തെ ലഞ്ചാണ് തന്റെ മനസ്സിൽ സാലഡ് മുതലായ അവിശുദ്ധ ചിന്തകൾ ഉണ്ടാക്കിത്തീർത്തത്. സാധാരണ കമലയുണ്ടാക്കുന്ന കറിയും ചപ്പാത്തിയും കഴിച്ച് തൃപ്തിപ്പെടാറുള്ള താൻ ഇന്ന്…

കുളികഴിഞ്ഞ് ചപ്പാത്തിയും കഴിച്ചപ്പോൾ അവൾക്ക് അച്ഛനെ ഫോൺ ചെയ്യാൻ തോന്നി.

അമ്മയാണ് ഫോണെടുത്തത്.

‘അച്ഛനില്ലേ?’

‘ഉണ്ട്, എന്തേ?’ അവരുടെ സ്വരത്തിൽ പരിഭ്രമം.

‘ഒന്നുംല്യമ്മേ, വെറുതേ സംസാരിക്കാനാ.’

ദേ മോള് വിളിക്ക്ണ്ണ്ട്. അമ്മ അച്ഛനോട് വിളിച്ചു പറയുന്നതവൾ കേട്ടു.

‘എന്താ മോളെ?’ പാവം ഓടിവന്നതാണെന്നു തോന്നുന്നു. കിതയ്ക്കുന്നുണ്ട്.

‘ഒന്നുംല്യച്ഛാ. വെറ്‌തെ വിളിച്ചതാ. അച്ഛന്റെ ആരോഗ്യം എങ്ങിനെണ്ട്? ഇപ്പോ നടക്കാൻ പോവാറില്ലേ?’

‘ഉണ്ട് മോളെ. പണ്ട് കുഞ്ചൻനമ്പ്യാര് പാടിയ മാതിരി. നീ കേട്ടിട്ടില്ലേ. നായർ വിശന്നുവലഞ്ഞു വരുമ്പോൾ… ഇത് മറിച്ചാണ്. നടന്ന് നല്ലോണം വെശന്നാലെ അമ്മ നായരെ വിളിക്കു. അതുവരെ പുരയുടെ ചുറ്റും മണ്ടിനടത്തംതന്നെ.’ അച്ഛൻ ഉറക്കെ ചിരിക്കാൻ തുടങ്ങി. അച്ഛന്റെ കുലുങ്ങിച്ചിരി അവൾ മനസ്സിൽ കണ്ടു.

‘ഇപ്പൊ നടക്ക്വായിരുന്നോ?’

‘അതേ.’

‘എന്നാൽ പോയി നടക്കൂ. മരുന്നൊക്കെ കഴിക്ക്ണ്ണ്ടല്ലോ. മറക്കണ്ട.’

‘ഇല്ല മോളെ, മോള്‌ടെ വർത്തമാനം എന്തൊക്ക്യാണ്?…’

അഞ്ജലി ലാപ്‌ടോപ്പ് പുറത്തെടുത്ത് കട്ടിലിന്മേൽ പോയി ഇരുന്നു. സി.ഡി. പ്ലെയറിന്റെ ഹെഡ്‌ഫോണുകൾ ചെവിയിൽ തിരുകി. ‘ഓ സെസീല്യാ…’ സൈമൺ ഏന്റ് ഗാർഫങ്കൽ. അവൾ സി.ഡി.പ്ലെയർ ഓഫാക്കി. കുറച്ചുകൂടി സി.ഡി.കൾ വാങ്ങണം. എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന് അവൾക്ക് യാതൊരു രൂപവുമില്ല. തന്റെ മ്യൂസിക് കൺസൾട്ടന്റായി സുഭാഷിനെ നിയമിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. ഒരു സി.ഡി.യും ഒരു പാട്ടുകാരനും മാത്രമായുള്ള ജീവിതം ദുഷ്‌കരംതന്നെ. ഇന്റർനെറ്റിൽനിന്ന് പഴയ പാട്ടുകൾ ഡൗൺലോഡ് ചെയ്യാം. പക്ഷെ ഏതു സൈറ്റിലാണ് അതൊക്കെയുള്ളത് എന്നും അവൾക്കറിയില്ല. സുഭാഷിന്നറിയുമായിരിക്കും.