close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 07


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 07
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

‘ഗുഡ് മോണിങ്.’

സുഭാഷ് കീബോർഡിൽ എഴുതി മറുപടിയും പ്രതീക്ഷിച്ചുകൊണ്ട് മോണിറ്ററിൽ നോക്കി. മറുപടി പെട്ടെന്നുതന്നെ വന്നു.

‘ഈസിറ്റ്?’

‘എന്തേ?’

‘എന്റെ പ്രാതൽ മോശായിരുന്നു. ഐ ഹാഡെ ബാഡ് ബ്രെയ്ക്ഫാസ്റ്റ്.’

‘വാട്ടെ പിറ്റി…’

‘താങ്ക്‌സ്.’

സുഭാഷ് കണക്ഷൻ വിഛേദിച്ചു. ഈ പെണ്ണിനോട് ചാറ്റ് ചെയ്തിരുന്നാൽ തന്റെ ജോലിയൊന്നും നടക്കില്ല. രാവിലെ പത്തരയ്ക്ക് ടീമിന്റെ മീറ്റിങ്ങുണ്ട്. അതിനുള്ള തയ്യാറെടുപ്പ് വേണം. അതൊരു പ്രഹസനമാണ്. എങ്കിലും തയ്യാറെടുത്തേ പറ്റൂ. അയാൾ തന്റെ ടീമിലുള്ളവരുടെ പ്രോഗ്രസ്സ് നോക്കി. ആരും മോശമില്ല. താനാണ് താരതമ്യേന പിന്നിൽ. രണ്ടു ദിവസത്തെ ഡിബഗ്ഗിങ് തന്നെ പിടിച്ച് പിന്നിലാക്കിയിരിക്കയാണ്. ഷിറ്റ്.

മീറ്റിങ് കഴിഞ്ഞപ്പോൾ സമയം പന്ത്രണ്ടര. ഇനി ലഞ്ചു കഴിഞ്ഞു വന്നിട്ട് ജോലി തുടങ്ങാം. സുഭാഷ് ഗ്രൗണ്ട് ഫ്‌ളോറിലേയ്ക്കു പോയി. ഇന്ന് സസ്യേതരനാവാം. ക്യൂ നിന്ന് ട്രേയിൽ ചിക്കൻ കറിയും തണ്ടൂരിറൊട്ടിയും സാലഡുമെടുത്ത് അയാൾ സ്ഥലമന്വേഷിച്ചു നടന്നു. ആൾക്കാർ വന്നുതുടങ്ങുന്നേയുള്ളൂ. ഒരൊഴിഞ്ഞ മേശ ലാക്കാക്കി നടക്കുമ്പോഴാണ് ഇടതുവശത്തുനിന്ന് വിളിയുണ്ടായത്. ‘ഹായ്.’

അവൾതന്നെ. ശരിയ്ക്കു പറഞ്ഞാൽ സുഭാഷ് അഞ്ജലിയെ സസ്യേതരവിഭാഗത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. അവൾ സസ്യഭുക്കാണെന്ന തോന്നലാണുണ്ടായിരുന്നത്. അവൾ രണ്ടുപേർക്കിരിക്കാവുന്ന മേശയ്ക്കു പിന്നിൽ…

‘നീയൊരു മാംസഭുക്കാണെന്ന് ഞാൻ കരുതിയിരുന്നില്ല.’

‘അദ്ഭുതങ്ങൾ സംഭവിക്കുന്നു അല്ലെ?’

‘വലിയ അദ്ഭുതമൊന്നുമില്ല.’ സ്വന്തം ട്രേ മേശമേൽ വച്ചുകൊണ്ട് സുഭാഷ് പറഞ്ഞു. ‘ഞാനത് ഇന്നലെത്തന്നെ മനസ്സിലാക്കേണ്ടതായിരുന്നു.’

‘എങ്ങിനെ?’

‘യു വേർ ലുക്കിങ് ലൈക്കെ ഫിഷ് ഔട്ടാ വാട്ടർ ഇൻ ദ വെജിറ്റേറിയൻ ഹാൾ.’

‘ഡിഡ്യു സേ ഫിഷ്?’ അവൾ അവളുടെ ട്രേ പരതുകയായിരുന്നു. ‘ഞാനൊരു ഫിഷ് ഫ്രൈ എടുത്തിരുന്നു. എവിടെപ്പോയി അത്?’

‘മുമ്പിലുള്ള കാട്ടിൽനിന്ന് ഒരു ചെറിയ സാധനം കിട്ടാൻ കുറച്ചു പാടുപെടും.’

‘കിട്ടി.’ അവൾ ഒരു മീൻ വറുത്തതിന്റെ വട്ടത്തിലുള്ള കഷ്ണം എടുത്തു പൊന്തിച്ചു കാണിച്ചു.

‘ഇന്നലെ ഞാൻ അമ്മയോട് സംസാരിച്ചു. ഐ ഗേവ് ഹേർ എ പീസോഫ് മൈ മൈന്റ്.’

‘എന്തിന്?’

‘എന്നോടു ചോദിക്കാതെ മട്രിമോണിയലിൽ കൊടുത്തതിന്.’

‘ഓ…’

‘ഇന്നു രാവിലെ അച്ഛന്റെ ഫോണുണ്ടായിരുന്നു. കുറേ പ്രൊപോസലുണ്ടായിരുന്നെന്ന്.’

‘എന്റെ പ്രൊപോസലുണ്ടാവാൻ വഴിയില്ല, കാരണം ഞാൻ അയച്ചിട്ടില്ല.’

‘ഞാൻ പ്രതീക്ഷിക്കുന്നുമില്ല.’

അഞ്ജലി നേരത്തെ വീട്ടിലെത്തി. അവൾക്ക് അമ്മയോട് ദേഷ്യം പിടിച്ചിരുന്നു. എല്ലാ കുഴപ്പവും തുടങ്ങിവച്ച് നാട്ടിൽ സുഖമായി ഇരിക്കുന്നു. ഏഴുമണിയ്ക്ക് ആദ്യത്തെ പിക്കപ്പ് ബസ്സിൽ വീട്ടിൽ എത്തിയപ്പോൾ ചെറിയചെറിയ ജോലികളൊക്കെ തീർക്കാമെന്നു കരുതി. ജോലിദിവസങ്ങളിൽ ഇങ്ങിനെ കിട്ടുന്ന സമയങ്ങളിൽ ആ വക ജോലി തീർത്താൽ ശനിയും ഞായറും കൂടുതൽ സമയം പാട്ടുകേട്ട് ആസ്വദിക്കാം. അല്ലെങ്കിൽ വെറുതെ കിടന്ന് ഉറങ്ങുകയെങ്കിലും ചെയ്യാം. പക്ഷേ വീട്ടിലെത്തിയപ്പോൾ അതിനുള്ള മൂഡൊന്നുമുണ്ടായില്ല. അവൾക്ക് സുഭാഷിനോടും ദേഷ്യം തോന്നി. പക്ഷേ ദേഷ്യം പെട്ടെന്നുതന്നെ തണുത്തു. പാവം മനുഷ്യൻ. അമ്മ പറഞ്ഞതുകൊണ്ടാണ് ഇന്റർനെറ്റിൽ പോയി പരതിയത്. അവിടെ ഇങ്ങിനെ അപകടം പതിയിരിക്കുന്നുണ്ടാവും എന്നൊന്നും കരുതിയിട്ടുണ്ടാവില്ല. ഒരുപക്ഷേ ഇതോടെ കല്യാണാലോചനകളെല്ലാം തൽക്കാലം നിർത്തിവെച്ചിട്ടുമുണ്ടാവും. വീട്ടിൽ ആരൊക്കെയുണ്ട് എന്നു ചോദിച്ചതിന് പറഞ്ഞ മറുപടി ഇതായിരുന്നു.

‘ഒരാൾ മാത്രം. അമ്മ. അമ്മയ്ക്ക് ഞാനും.’

‘അച്ഛൻ?’

‘അച്ഛൻ മരിച്ചു. അഞ്ചുകൊല്ലം മുമ്പ്. എന്നെ ഒരു സ്ഥിതിയിലാക്കാനുള്ള അദ്ധ്വാനം കാരണമാവണം മുപ്പര് നേരത്തെ മരിച്ചത്. വല്ലാത്ത അദ്ധ്വാനം തന്നെയായിരുന്നു.’

അയാൾ കുറേ നേരം എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. അഞ്ജലി പറഞ്ഞു.

‘നിങ്ങൾ ഭക്ഷണം മറന്നുപോയോ?’

ലാന്റ്‌ഫോണിന്റെ സംഗീതം കേട്ടപ്പോൾ അഞ്ജലി വീണ്ടും അവളുടെ ഫ്‌ളാറ്റിൽ തിരിച്ചെത്തി. വീട്ടിലെ നമ്പർ തന്നെയാണ്. അമ്മയാവാനെ തരമുള്ളു. അച്ഛൻ അങ്ങിനെ വിളിക്കാറില്ല. താൻ വീട്ടിലെത്തിയിട്ടുണ്ടെങ്കിൽ സംസാരിക്കാമെന്നു വച്ച് വിളിക്കുന്നതായിരിക്കും.

‘മോളെ, അമ്മയാണ്?’

‘അത്യോ?’ അവൾ അദ്ഭുതം പ്രകടിപ്പിച്ചു.

‘എന്നെ കളിപ്പിക്ക്യാണല്ലെ. ഇപ്പഴും നെനക്ക് ദേഷ്യംണ്ടോ എന്നോട്? നീ വീട്ടിലെത്തിയോ?’

‘ഇല്ല, ഞാൻ ലാന്റ്‌ഫോണുംകൊണ്ടാണ് ഓഫീസിൽ പോണത്.’

‘നെന്നോട് ഒന്നും സംസാരിക്കാൻ വയ്യാന്നായിരിക്കുണു. അതു പോട്ടെ. ഇന്നലെ വന്ന ജാതകങ്ങളില് രണ്ടെണ്ണം നന്നായി ചേര്ണ്ണ്ട്.’

‘ഇനിയെന്താണ് വേണ്ടത്? കല്യാണം ഒറപ്പിക്ക്യന്ന്യല്ലെ?’

‘ഔ ഈ പെണ്ണിന്റെ ദേഷ്യം മാറാൻ ഞാനെന്താണ് വേണ്ടത്? ആ പയ്യനെ കാണാറുണ്ടോ?’

‘അമ്മേ ആ പയ്യന്റെ കാര്യം ഇനി ഒന്നും പറയണ്ട. ഞാനത് ഉപേക്ഷിച്ചു.’

‘കഷ്ടായി…’

‘അമ്മേ ഞാനിപ്പൊ എത്തിയിട്ടേ ഉള്ളു. ഒന്ന് കുളിക്കണം, കുറച്ചു ജോലിയെടുക്കണം. ആദ്യംതന്നെ ഒരു ചായ കുടിക്കണം…’

‘ശരി, നീ അതൊക്കെ ചെയ്യ്, ഞാൻ വെറുതെ വിളിച്ചതാ.’

ടാപ്പിൽ വരുന്ന വെള്ളത്തിന് നേരിയ ചൂടുണ്ട്. പകൽ മുഴുവൻ ടെറസ്സിലുള്ള ടാങ്കുകൾ പൊള്ളുന്ന വെയിലത്താവും. വിന്ററിൽ ഈ ചൂടു കിട്ടിയാൽ ഗെയ്‌സർ ഓണാക്കാതെ കഴിക്കാം. പക്ഷേ തണുപ്പുകാലത്ത് വെള്ളം ഇങ്ങിനെ ചൂടാവുകയുമില്ല.

ഒമ്പതു മണിയ്ക്ക് ചപ്പാത്തിയും കുറുമയും കഴിച്ച്, സി.ഡി. പ്ലെയറിന്റെ ഫോണുകൾ ചെവിയിൽ തിരുകി സൈമൻ ഏന്റ് ഗാർഫങ്കലിന്റെ ബ്രിഡ്ജ് ഓവർ ട്രബ്ൾഡ് വാട്ടേഴ്‌സ് കേട്ടുകൊണ്ട് അവൾ ലാപ്‌ടോപ്പുമെടുത്ത് കിടയ്ക്കയിൽ ഇരുന്നു. ജോലി തുടങ്ങുന്നതിനു മുമ്പ് മെയിൽ ചെക് ചെയ്യാം. ഭാഗ്യത്തിന് ഡിലീറ്റ് ചെയ്തു കളയേണ്ട ജങ്ക് മെയിൽ ഒന്നുംതന്നെ ഇല്ല, അമ്മയുടെ കത്തുകളൊഴികെ. അവ വായിക്കാൻ മെനക്കെടാതെ ഡിലീറ്റു ചെയ്യാൻ നോക്കുമ്പോഴാണ് കണ്ടത്, അതിനോടൊപ്പം അറ്റാച്ച്‌മെന്റുമുണ്ട്. ജിജ്ഞാസ ഒതുക്കാനാവാതെ അവൾ ആ കത്ത് തുറന്നു.

രാവിലെ കിട്ടിയ രണ്ടു ആലോചനകളുടെ വിവരങ്ങളാണ്. ചെന്നൈയ്യിൽനിന്നുള്ള ആലോചന നോക്കുന്നില്ല. രണ്ടു പയ്യന്മാരുടെയും ഫോട്ടോ ഒപ്പം അയയ്ക്കുന്നു. അഭിപ്രായം അറിയിക്കൂ. രണ്ട് പേര്‌ടേം ജാതകം നന്നായി ചേര്ണ്ണ്ട്.

അഞ്ജലി അറ്റാച്ച്‌മെന്റ് തുറന്നു. രണ്ടു ഫോട്ടോകൾ. നല്ല പയ്യന്മാർ. ഒരാൾക്ക് മീശയുണ്ട്. സാരമില്ല, അതെടുത്തുകളയാൻ പറയാം. രണ്ടുപേരും സുഭാഷിനെക്കാൾ സുന്ദരന്മാരാണ്. സൗന്ദര്യം ഒട്ടും ചോർന്നുപോകാതിരിക്കാൻ വളരെ സൂക്ഷിച്ചാണ് രണ്ടുപേരും ക്യാമറയുടെ മുമ്പിൽ നില്ക്കുന്നത്. നന്നായി വസ്ത്രം ധരിച്ച് ഇല്ലാത്ത ചിരി ഉണ്ടാക്കുന്ന തിരക്കിൽ അല്പം നെർവ്വസ്സായി രണ്ടും നിൽക്കുന്നു. ഇവരുമായി നോക്കുമ്പോൾ സുഭാഷിന്റെ വസ്ത്രധാരണം വളരെ അശ്രദ്ധമായിട്ടാണ്. താൻ ധരിക്കുന്ന വസ്ത്രത്തെപ്പറ്റി അയാൾ തീരെ ബോധവാനല്ല എന്നു തോന്നും. അമേരിക്കൻ കമ്പനിയിൽ ഇതു നടക്കുമായിരിക്കും.

അവൾ രണ്ടു കത്തുകളും മുഴുവൻ വായിക്കുകകൂടി ചെയ്യാതെ ഡിലീറ്റുചെയ്തു. ഇനി ജോലി തുടങ്ങാം.