close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 08


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 08
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

ഓഫീസിൽ പോകുന്നത് നല്ല ലഞ്ചു കഴിക്കാനാണെന്ന ബോധം അഞ്ജലിയ്ക്കുണ്ട്. അവൾ ആദ്യത്തെ കമ്പനി മാറാനുള്ള കാരണംതന്നെ അതാണ്. ഒന്നാമത് അവിടെ കാന്റീനുണ്ടായിരുന്നില്ല. രണ്ടാമത് ശനിയാഴ്ച ഒഴിവുദിനമല്ല. ഇതു രണ്ടും തന്റെ ജീവിതരീതിയുമായി പൊരുത്തപ്പെടുന്നതല്ല. ഇത്ര സമയം കൃത്യമായി ജോലി ചെയ്യണമെന്നൊന്നും ആരും പറയുന്നില്ല. നേരത്തെ പോകണമെങ്കിൽ പോകാം. പക്ഷേ നിങ്ങളുടെ ജോലി നിങ്ങൾതന്നെ തീർക്കേണ്ടതുകൊണ്ട് പിന്നെ കഷ്ടപ്പെടാതിരിക്കണമെങ്കിൽ ജോലിയെടുത്തേ തീരൂ. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു വലിയ സോഫ്റ്റ്‌വെയറിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. പക്ഷെ നിസ്സാരമെന്നു തോന്നുന്ന ആ ഭാഗംകൂടി കിട്ടാതെ ആ സോഫ്റ്റ്‌വെയർ പൂർണ്ണമാകുന്നില്ല. വലിയൊരു ചങ്ങലയുടെ ഏറ്റവും ബലഹീനമായ കണ്ണിയാവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കും. മറ്റൊരു കാര്യമുള്ളത് ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിർത്താൻ പറ്റില്ലെന്നതാണ്. ഒരുവരി കഴിഞ്ഞാൽ അടുത്തത് സ്വാഭാവികമായും വരുന്നു. അതിനിടയിൽ ജോലി നിർത്താനും കമ്പ്യൂട്ടർ ഓഫാക്കാനൊന്നും ഓർമ്മയുണ്ടാവില്ല. ഇടയ്ക്ക് പ്രശ്‌നങ്ങളുണ്ടായാൽ കഴിഞ്ഞു. പിന്നെ അതിന്റെ പിന്നാലെയായി. സമയം പോകുന്നതറിയില്ല. സമയം എട്ടായിയെന്ന് ആരെങ്കിലും പറയുമ്പോഴാണ് മോണിറ്ററിൽനിന്ന് മുഖമുയർത്തുക. പെട്ടെന്ന് എല്ലാം ഓഫാക്കി എഴുന്നേൽക്കും. വൈകിയതൊന്നും കൂസാതെ അപ്പോഴും ജോലിയെടുക്കുന്ന മററുള്ളവരുടെ ഇടയിലൂടെ, ലിഫ്റ്റിനുവേണ്ടി ഓടുന്നു. അവസാനത്തെ ബസ്സ് സ്റ്റാർട്ടാക്കി നിർത്തിയിട്ടുണ്ടാവും.

സുഭാഷിനെ കണ്ടിട്ട് നാലഞ്ചു ദിവസമായി, അതായത് കാന്റീനിൽ. ഓഫീസിൽ വല്ലപ്പോഴും കാണും. അയാൾക്ക് ഓരോ മണിക്കൂർകൂടുമ്പോൾ കാപ്പി കുടിക്കാനൊരു പോക്കുണ്ട്. ഓരോ ഫ്‌ളോറിലും ഒരു കോഫിവെന്റിങ് മെഷിനും പെപ്‌സി വെന്റിങ് മെഷിനുമുണ്ട്. കമ്പനിവക സൗജന്യമാണ്. കാപ്പി തന്റെ ഇഷ്ടപാനീയമല്ല. കാപ്പിക്കു പകരം താൻ പോകാറ് മറുവശത്തുള്ള പെപ്‌സി കുടിക്കാനാണ്. അതുകൊണ്ട് ആ നേരത്തും സുഭാഷിനെ കാണാൻ വഴിയില്ല. അല്ലെങ്കിൽ കണ്ടിട്ടെന്തു വേണം?

സുഭാഷും ചിന്തിച്ചിരുന്നത് ഇതേ മട്ടിലായിരുന്നു. ഇന്നലെയും അമ്മയുടെ കത്തുണ്ടായിരുന്നു. എന്തായി നിന്റെ അന്വേഷണം? ഞാനിവിടെ ഒറ്റയ്ക്കാണ്. ആകെള്ളത് ഒരമ്മാവനാണ്. എട്ടന്റെ മകളെ കല്യാണം കഴിക്കാൻ നിനക്ക് താല്പര്യല്ല എന്നറിഞ്ഞതിൽപ്പിന്നെ മുപ്പരും അങ്ങിനെ തിരിഞ്ഞുനോക്കാറൊന്നുമില്ല. അങ്ങിനത്തെ ഒരാളോട് എങ്ങിന്യാ ഈ കാര്യം പറയ്യാ? അപ്പൊ നീതന്നെ അന്വേഷിക്കണം. വല്ല ജാതകും കിട്ട്യാല് എനിക്കയച്ചുതന്നാ മതി. നമ്മടെ കുട്ടികൃഷ്ണപ്പണിക്കരോട് ചോദിക്കാം…

ഇന്റർനെറ്റിൽ രജിസ്റ്റർ ചെയ്തിട്ടാലോ? സുഭാഷ് നാരായണൻ. 27 വയസ്സ്. 5 അടി 10 ഇഞ്ച് ഉയരം. രോഹിണി നക്ഷത്രം. വടക്കാഞ്ചേരി ദേശം. ബാംഗളൂരിൽ എം.എൻ.സിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഒരു ഫോട്ടോ കൊടുക്കാം. അതുതന്നെ വലുതാക്കാനുള്ള ലിങ്ക് കൊടുക്കുകയും ചെയ്യാം. തന്റെ വെബ് ക്യാമറകൊണ്ട് നല്ലൊരു ഫോട്ടോ എടുക്കണം. ഇഷ്ടാനിഷ്ടങ്ങളുടെ കോളത്തിൽ എന്തൊക്കെയാണ് എഴുതേണ്ടത്?

ഒന്ന്: പെണ്ണ് തൊട്ടാവാടിയാകരുത്.

രണ്ട്: കാര്യങ്ങളൊക്കെ സ്വന്തം ചെയ്യാൻ കഴിവുള്ളവളായിരിക്കണം. (എന്തിനും ഭർത്താവിനെ ആശ്രയിക്കരുത് എന്നർത്ഥം.)

മൂന്ന്: ജോലി വേണം, കഴിയുന്നതും സോഫ്റ്റ്‌വെയർ രംഗത്തുതന്നെ. (ജോലിയില്ലെങ്കിൽ വീട്ടിനുള്ളിലിരുന്ന് ഓരോന്ന് ആലോചിച്ചുണ്ടാക്കും. ക്രമേണ അയൽക്കാരികളുമായി ചേർന്ന് പരദൂഷണം തൊഴിലാക്കും. നല്ല ജോലിയായിരിക്കണം, കാരണം നമ്മുടെ സമയം മറ്റൊരാൾക്കുവേണ്ടി ചെലവാക്കുമ്പോൾ അതിന് കിട്ടാവുന്നതിൽ പരമാവധി പ്രതിഫലവും വേണം.)

സുഭാഷ് ചിരിച്ചു. ഇങ്ങിനെയൊക്കെ നിബന്ധനകൾ വെച്ചാൽ പെൺകുട്ടികളെ കിട്ടിയില്ലെന്നേ വരൂ. കിട്ടിയില്ലെങ്കിൽ വേണ്ട, കല്യാണം കഴിക്കണമെന്ന് ആർക്കാണ് ഇത്ര നിർബ്ബന്ധം?

ഉച്ചയ്ക്ക് കാന്റീനിൽവച്ച് അഞ്ജലിയെ കണ്ടു. അവൾ താനിരിക്കുന്നിടത്തേയ്ക്ക് വരികയാണുണ്ടായത്.

‘ഇത്ര ദിവസം എവിടെയായിരുന്നു?’ ട്രേ മേശപ്പുറത്ത് വെച്ചുകൊണ്ട് അവൾ ചോദിച്ചു. സുഭാഷ് ചിരിച്ചു.

‘രണ്ടു ദിവസം മീറ്റിങ്ങുണ്ടായിരുന്നു. മാനേജരുടെ വകയായിരുന്നു ലഞ്ച്. മൂന്നാം ദിവസവും മീറ്റിങ്ങുണ്ടായിരുന്നു. പക്ഷേ പിശുക്കൻ തന്ത്രപൂർവ്വം മീറ്റിങ്ങ് ഒന്നേകാലിനു നിർത്തി, ഒരു അപ്പോയ്ന്റ്‌മെന്റ് ഉണ്ടെന്നു പറഞ്ഞ് ഒഴിവായി. ഇവിടെ എത്തിയപ്പോഴേയ്ക്ക് കാന്റീനിലെ വിഭവങ്ങളൊക്കെ തീർന്നിരിക്കുന്നു.’

‘അയ്യോ പാവം.’

‘എന്താ ചെയ്യാ? ആദ്യം വന്ന് തട്ടുന്നവർക്ക് ഇനിയും ആളുകൾ കഴിക്കാനുണ്ടെന്ന ബോധം ഇല്ലെങ്കിൽ?’

‘എന്നിട്ട്, ഒന്നും കഴിച്ചില്ല്യേ?’

‘ഹേയ്, ഞാൻ പുറത്തുപോയി ഇന്റിജോവിൽനിന്ന് ബുഫെ ലഞ്ച് കഴിച്ചു.’

‘അത് ശരി, വില്ലൻ!’

അഞ്ജലി ഒന്നും പറയാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പക്ഷെ അവളുടെ മുഖം വാടിയിരുന്നു. സുഭാഷ് ചോദിച്ചു.

‘എന്താണ് പെട്ടെന്ന് മൂഡോഫായത്?’

‘ഒന്നുംല്ല്യ.’ അവൾ പ്ലെയ്റ്റിൽനിന്ന് സ്പൂൺകൊണ്ട് ചിക്കൻ മയോനീസ് കഴിക്കുകയാണ്.

ചിക്കൻ മയോനീസ് അവളുടെ മൂഡ് അല്പം നന്നാക്കിയെന്നു തോന്നുന്നു. സ്പൂൺ പ്ലെയ്റ്റിൽ വച്ച് അവൾ പറഞ്ഞു.

‘അച്ഛനുള്ളപ്പോൾ ഞങ്ങൾ മുന്നു തവണ ഇന്റിജോവിൽ പോയിട്ട്ണ്ട്.’

‘അച്ഛനെ ഓർമ്മ വന്നതുകൊണ്ടാണോ മൂഡോഫായത്?’

‘അല്ല അന്നെല്ലാം കഴിച്ച സാധനങ്ങൾ ഇനി അടുത്തൊന്നും കിട്ടില്ലല്ലോന്ന് ഓർത്തിട്ട്.’

ഇവൾ ആള് കൊള്ളാമല്ലൊ. സുഭാഷ് ആലോചിക്കുകയാണ്. ഇന്റർനെറ്റിൽ കല്യാണക്കുറിപ്പു കൊടുക്കുമ്പോൾ ഇഷ്ടാനിഷ്ടങ്ങളുടെ കോളത്തിൽ നാലാമതൊരിനംകൂടി കൊടുക്കണമെന്നയാൾ തീർച്ചയാക്കി.

4. പെൺകുട്ടി തീറ്റപ്പണ്ടാരമാവരുത്.

‘അഞ്ജലിയുടെ ഹോബികൾ എന്തൊക്കെയാണ്?… ഐ മീൻ അപാർട് ഫ്രം ഗ്ലട്ടണി.’

‘ആർ യു സീരിയസ് എബൗട്ട് മൈ ഈറ്റിങ്? എന്റെ ഹോബികൾ… ഞാൻ പാട്ടു കേൾക്കാറുണ്ട്.’

‘ഏതൊക്കെ?’

‘പഴയ ഇംഗ്ലീഷു പാട്ടുകൾ. സൈമൺ ആന്റ് ഗാർഫങ്കൽ…’

‘ഉം, പിന്നെ?’

‘പിന്നെ ഒന്നുമില്ല. ഈ സി.ഡി. എന്റെ ഒരു ഫ്രന്റ് ബർത്‌ഡേ ഗിഫ്റ്റായി തന്നതാണ്.’

‘വേറെ ഒന്നുംല്യേ?’

‘ഉം, ഉം…’ അല്പം വല്ലായ്മയോടെ അഞ്ജലി പറഞ്ഞു.

‘ഗാർഫങ്കൽ അറുപത്, എഴുപതുകളിൽ പാടിയിട്ടുള്ളതാണ്. ഒപ്പമുള്ളവരാണ് ടോം ജോൺസ്, എങ്കൽബർട്ട് ഹംബർഡിങ്ക്ട്, കാർപന്റേഴ്‌സ്, ബീജീസ്, നീൽ ഡയമണ്ട്… അവരുടെ പാട്ടുകളൊന്നും?…’

അവൾ നിശ്ശബ്ദയായി. ഇവൾ ഒരു ഭയങ്കര തട്ടിപ്പുകാരിയാണ്. സുഭാഷ് മനസ്സിൽ കരുതി. പാട്ടു കേൾക്കലാണ് അവളുടെ ഹോബി എന്നു പറയുന്നു. ആകെ കേൾക്കുന്നത് സൈമൺ ഏന്റ് ഗാർഫങ്കലിന്റെ ഒരു സി.ഡി. മാത്രം. മറ്റൊരു പാട്ടുകാരനെപ്പറ്റിയും അവൾ കേട്ടിട്ടുപോലുമില്ല.