close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 09


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 09
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

ഫ്‌ളാറ്റിന്റെ വാതിൽ തുറന്ന് അകത്തുകടന്നപ്പോൾ മനസ്സിലായി ജോസഫ് എത്തിയിരിക്കുന്നു എന്ന്. അയാൾ കിടയ്ക്കയിലിരുന്ന് കീബോർഡ് മടിയിൽവച്ച് കാർ റേസിങ്ങാണ്.

‘നിനക്ക് ചായ വേണോ?’ സുഭാഷ് ചോദിച്ചു.

‘ഞാനാണ് ഉണ്ടാക്കേണ്ടത് എങ്കിൽ വേണ്ട.’

‘ചായ ഞാനുണ്ടാക്കാം. നീയൊന്ന് എഴുന്നേറ്റു വാ, എനിക്കു നിന്നെക്കൊണ്ട് കുറച്ചാവശ്യമുണ്ട്.’

ജോസഫ് ഗെയിമിനു പോസ് വച്ച് എഴുന്നേറ്റു വന്നു.

‘ഇതാ ഞാൻ ചായയ്ക്കു വെള്ളം വെച്ചു. നീ ആ കപ്പുകള് ഒന്ന് കഴുകിയെടുക്ക്.’

‘ഇതിനാണോ എന്നെക്കൊണ്ട് ആവശ്യംണ്ടെന്ന് പറഞ്ഞത്. ഞാനെന്റെ ഫെരാരിയുടെ അടുത്ത് പോവ്വാണ്. അത് തല്ക്കാലം ബ്രെയ്ക്കിട്ടു നിർത്തിവച്ചിരിക്ക്യാണ്.’

‘അല്ലല്ല.’ സുഭാഷ് പറഞ്ഞു. ‘കപ്പുകള് ഞാൻതന്നെ കഴുകാം. നീ ഒരു കപ്പ് നല്ല ചായയുമായി എന്റെ ഒപ്പം കമ്പ്യൂട്ടറില് വന്നിരിക്കണം. എനിക്ക് ഇന്റർനെറ്റ് മട്രിമോണിയലിൽ പേര് രജിസ്റ്റർ ചെയ്യണം. എന്തൊക്കെയാണ് എഴുതേണ്ടത്ന്ന് പറഞ്ഞുതരണം.’

‘ആദ്യത്തേത,് പെൺകുട്ടിയ്ക്ക് നല്ല സാമർത്ഥ്യം വേണംന്നാണ്. അല്ലെങ്കിൽ നിന്റെ ഒപ്പം ജീവിച്ചുപോവാൻ പറ്റില്ല.’

‘നീ ആരുടെ വക്കീലാണ്? വരന്റെയോ വധുവിന്റെയോ?’

വെബ് ക്യാമറയിൽ രണ്ടു തരത്തിൽ ഫോട്ടോ എടുത്തു. അത് ജോസഫ് രണ്ടു വലുപ്പത്തിലാക്കിത്തന്നു. അതുപോലെ അമ്മ അയച്ചുതന്നിരുന്ന തലക്കുറി ഓഫീസിൽ കൊണ്ടുപോയി സ്‌കാൻ ചെയ്തതും ശരിയാക്കിയെടുത്തു. അവൻ ഗ്രാഫിക്‌സിന്റെ ആശാനാണ്. അര മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനു ശേഷം വ്യക്തിവിവരങ്ങളും ചെറുതും വലുതുമായി മൂന്ന് ഫോട്ടോകളും ഇന്റർനെറ്റ് പേജിൽ വന്നപ്പോൾ, അതു കണ്ട് തന്റെ വാതിൽക്കൽ ക്യൂ നിന്നേയ്ക്കാവുന്ന പെൺകുട്ടികളെ സുഭാഷ് ഭാവനയിൽ കണ്ടു. കൊള്ളാം.

ഇനി അമ്മയ്ക്ക് ഒരെഴുത്തെഴുതണം. എന്റെ കല്യാണം ഉടനെ നടത്താം, പക്ഷെ അമ്മ നാട്ടിൽത്തന്നെ താമസിക്കുമെന്ന നിബന്ധനയിൽ മാത്രം. അമ്മ ഇവിടെ വന്ന് ഒരമ്മായിയമ്മപ്പോര് സംഘടിപ്പിച്ചാൽ ശരിയാവില്ല. അമ്മയ്ക്കവിടെ ഒറ്റയ്ക്കു താമസിക്കാൻ വിഷമമുണ്ടെങ്കിൽ ഒരു ഫുൾടൈം ജോലിക്കാരിയെ വച്ചാൽ മതി. എത്ര പണം ആവശ്യം വരുംന്ന് പറഞ്ഞാൽ മതി. അയച്ചുതരാം.

സുഭാഷ് അച്ഛനെ ഓർത്തു. കുറെക്കാലംകൂടി ജീവിച്ചിരുന്നശേഷം പോയാൽ മതിയായിരുന്നു. തനിയ്‌ക്കൊ രു നല്ല ജോലി കിട്ടി അതു കാണാൻപോലും ഭാഗ്യമുണ്ടായില്ല. ജീവിതം അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം വല്ലാത്തൊരു സമരമായിരുന്നു. വിധിയോടുള്ള സമരം. അതിൽ അവസാനം അദ്ദേഹം ദയനീയമായി പരാജയപ്പെടുന്നത് കാണേണ്ടി വന്നു. അന്ത്യ നിമിഷങ്ങളിൽ ഏക മകൻ അടുത്തില്ലാതെയും പോയി. ബാംഗളൂരിൽ ഇന്റർവ്യൂവിനു വന്ന സമയത്താണതുണ്ടായത്. അങ്ങിനെയൊക്കയാണ് ജീവിതം.