close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 05


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 05
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

അഞ്ജലി വീട്ടിലെത്തിയപ്പോൾ സാധാരണമട്ടിൽ എട്ടരയായി. വീട്ടിലെത്തിയ ഉടനെ അവൾ കുളിമുറിയിൽക്കയറി. രാത്രിയേ കുളി നടക്കു. രാവിലെ തിരക്കിൽ മേൽക്കഴുകൽ മാത്രം. കുളി കഴിഞ്ഞ ഉടനെ അവൾ ഫോണെടുത്തു വീട്ടിലേയ്ക്കു ഡയൽ ചെയ്തു. അമ്മയാണ് ഫോണെടുത്തത്.

‘എന്താ മോളെ?’

അവരുടെ സ്വരത്തിൽ പരിഭ്രമം. സാധാരണ ഒമ്പതു മണിയ്‌ക്കൊന്നും വിളിക്കാറില്ല.

‘അച്ഛനില്ലേ?’

‘ഊണു കഴിഞ്ഞ് മിറ്റത്തു നടക്കാനിറങ്ങിയിരിക്ക്യാണ്. എന്തേ?’

‘ഒന്നുല്ല്യ. അമ്മ ചെയ്തത് ഭംഗിയായിട്ട്ണ്ട്ന്ന് പറയാൻ വിളിച്ചതാ.’

‘എന്തേ?’ മകളുടെ ശബ്ദത്തിൽ രോഷമുള്ളത് അവർ കണ്ടുപിടിച്ചു.

‘ഇന്റർനെറ്റ് മട്രിമോണിയലിൽ എന്റെ ഫോട്ടോവും വിവരങ്ങളും കൊടുക്കണ കാര്യം എന്നോടൊന്നു പറയായിരുന്നു.’

‘അതേയ്, ഒന്നു രണ്ട് പ്രൊപോസല് കിട്ടിക്കഴിഞ്ഞിട്ട് പറയാംന്ന് വിചാരിച്ചു.’

‘എനിക്കിപ്പൊ കല്യാണം വേണംന്ന് ഞാൻ പറഞ്ഞോ?’

‘അങ്ങിന്യല്ല മോളെ. നിനക്കിപ്പൊ 23 ആയില്ലേ? എല്ലാരും പറയ്യാണ് പെൺകുട്ടികള്‌ടെ കല്യാണം നേരത്തെ കഴിയ്യാണ് നല്ലത്ന്ന്.’

‘ഇപ്പൊ എന്തേണ്ടായത്?’ അഞ്ജലിയുടെ ശബ്ദം ഉയർന്നിരുന്നു. ‘ഞങ്ങടെ ഓഫീസില്, എന്റെ ഫ്‌ളോറിൽ ത്തന്നെള്ള ഒരു നല്ല പയ്യനെ പിണക്കേണ്ടി വന്നു.’

‘അതെന്തേ?’

‘അതെന്തേന്നോ. അയാള് പ്രൊപോസലുമായി വന്നപ്പോൾ ഞാൻ ഒരാട്ടു വച്ചുകൊടുത്തു അത് തന്നെ. ഞാനറിഞ്ഞില്ല അയാള് ഇന്റർനെറ്റില് ഇത് കണ്ടിട്ടാണ് ചോദിക്കണത്ന്ന്. എന്നെ കളിപ്പിക്ക്യാണ്ന്ന് കരുതി ഞാൻ.’

‘അയ്യോ, നല്ല ബോയ് ആയിരുന്നോ?’

‘അതെ നല്ല ‘ബോയ്’തന്നെ.’ അമ്മയുടെ ബോയ് പ്രയോഗം കളിയാക്കിക്കൊണ്ട് അവൾ മറുപടി പറഞ്ഞു. ‘നല്ല പയ്യൻ, 27, 28 വയസ്സ്. എന്നേക്കാൾ നാലോ അഞ്ചോ ഇഞ്ച് ഉയരം കൂടും. ടീം ലീഡറാണ്. ഞാനിരിക്കണതിന്റെ അഞ്ചാറ് ക്യൂബിക്ക്ൾ അപ്പുറത്താണയാൾ ഇരിക്കണത്. പാവം പയ്യനാണ്. ആള് വല്ലാതെയായി. എനിക്കിനി അയാള്‌ടെ മുഖത്ത് നോക്കാൻ പറ്റില്ല.’

‘അയ്യോ…’ ഫോണിന്റെ മറുഭാഗത്തുനിന്ന് ശബ്ദമൊന്നുമില്ല. ഒരു വിടവിനു ശേഷം അമ്മ പറഞ്ഞു തുടങ്ങി. ‘നീയൊരു കാര്യം ചെയ്യ്. നാളെത്തന്നെ…’

അഞ്ജലി ഫോൺ ഡിസ്‌കണക്ട് ചെയ്ത് ഓഫാക്കിയിട്ടു. അമ്മ രാത്രി മുഴുവൻ വിളിക്കുമെന്നറിയാം. തന്റെ വിലപിടിച്ച ഉറക്കമാണ് അവതാളത്തിലാവുക. അവൾ അടുക്കളയിൽ കടന്നു. ഫ്രിജ്ജിൽനിന്ന് ചപ്പാത്തിയ്ക്കു വേണ്ട കൂട്ടാൻ എടുത്തു ചൂടാക്കാൻ തുടങ്ങി. എല്ലാം മേശപ്പുറത്ത് കൊണ്ടുവന്നുവച്ചപ്പോൾ അവൾക്ക് വിഷമമായി. പാവം അമ്മ. പക്ഷെ അതു വേണം. തന്നോടൊന്ന് പറയാമായിരുന്നു. അല്ലെങ്കിൽ ആഴ്ചയിൽ നാലും അഞ്ചും പ്രാവശ്യം ഫോൺ ചെയ്യുന്നതാണ്. ഇ—മെയിൽ അയക്കാറുള്ളതാണ്. തന്നോടു പറഞ്ഞിട്ടു മതിയായിരുന്നു ഇന്റർനെറ്റിലെ അഭ്യാസം.

ഭക്ഷണം കഴിഞ്ഞ ഉടനെ അവൾ ഹോംവർക്കിനായി ലാപ്‌ടോപ് എടുത്തു സോഫയിൽ പോയി ഇരുന്നു. ഹോംവർക്ക് എന്ന് അച്ഛൻ ഇട്ട പേരാണ്. എന്താണിതിനൊക്കെ അർത്ഥം? അഞ്ജലി ആലോചിച്ചു. രാവിലെ ഒമ്പത്, ഒമ്പതരയ്ക്ക് തുടങ്ങുന്ന ജോലി തുടർച്ചയായി രാത്രി എട്ടു മണിവരെ. പോരാത്തതിന് വീട്ടിൽ വന്നിട്ടും അതിന്റെ ബാക്കി. ശനിയാഴ്ച ഒഴിവുദിനമാണെന്നാണ് വെപ്പ്. ചിലപ്പോൾ അന്നും പോകേണ്ടിവരും. താൻ കല്യാണം കഴിച്ചിട്ടെന്തു കാര്യം? എങ്ങിനെയാണ് തനിക്കൊരു കുടുംബജീവിതം ഉണ്ടാവുന്നത്?

വലിയ കാര്യങ്ങളെക്കുറിച്ചാലോചിച്ച് തല പുണ്ണാക്കേണ്ട. പിന്നെ, ഇത് തന്റെ മാത്രം പ്രശ്‌നമല്ല. അവൾ ഉറങ്ങാൻ കിടന്നു. കിടന്നപ്പോൾ അവൾ സുഭാഷിനെ ഓർത്തു. നല്ല പയ്യൻ. കുറച്ചുകൂടി നന്നായി പെരുമാറാമായിരുന്നു. ശരി, നന്നായിപ്പോയി!’ അവൾ ദേഷ്യം പിടിച്ച് കട്ടിലിന്റെ തലയ്ക്കലുള്ള വിളക്ക് ഒരു ശബ്ദത്തോടെ ഓഫാക്കി.