close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 11


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 11
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

‘എനിയ്ക്ക് നിന്റെ സ്‌കൂട്ടർ വേണം, ഇന്ന്.’ ജോസഫ് പറഞ്ഞു.

‘എന്തിനാണ്?’

‘എന്റെ ഗേൾഫ്രന്റിനെ ഉച്ചയ്ക്ക് ലഞ്ചിനു കൊണ്ടുപോണം.’

‘ഗേൾഫ്രന്റോ, നിനക്കോ?’ സുഭാഷിന് ശരിക്കും അദ്ഭുതമായി.

‘എന്തേ?’

‘നിനക്ക് 24 വയസ്സേ ആയിട്ടുള്ളു. എനിയ്ക്ക് 27 വയസ്സായിട്ടും ഞാൻ അങ്ങിനെ ഒരു സാഹസം ഇതുവരെ ചെയ്തിട്ടില്ല. പോട്ടെ അപ്പൻ ഉണ്ടാക്കിയ മൊതല് നശിപ്പിക്കാൻ ആരെങ്കിലും വേണ്ടെ അല്ലെ?’

‘പെട്രോാള്ണ്ടല്ലൊ?’

‘അതാന്നും എനിക്കറിയില്ല. തിരിച്ചുവയ്ക്കുമ്പോൾ ഫുൾ ടാങ്ക് അടിക്കണം.’

‘ഫുൾ ടാങ്കോ. ഇതെന്താ പിടിച്ചുപറിയാണോ?’

‘സ്‌കൂട്ടർ വേണെങ്കില് മതി.’

‘ശരി, പകുതി അടിക്കാം. മറ്റൊന്നും ചെയ്യില്ല, പിശുക്കൻ. കഴുത്തറപ്പൻ.’

‘നീ പോവുമ്പോ എന്നെ ഓഫീസില് ഡ്രോപ് ചെയ്യണം. എത്ര മണിയ്ക്കാണ് പോണത്?’

‘ഒമ്പതു മണിയ്ക്ക്.’

ജോസഫിന്റെ പിന്നിൽ സ്‌കൂട്ടറിൽ ഇരുന്ന് പുറത്തിറങ്ങുമ്പോൾ സുഭാഷ് ചുറ്റും നോക്കി. താൻ പ്രകൃതി ഭംഗി ആസ്വദിച്ചിട്ട് കുറേ ദിവസമായല്ലൊ. അയൽപക്കത്ത് തോട്ടത്തിൽ നനയ്ക്കുന്ന അയൽക്കാരി സ്ഥിരം പോസിൽ അവിടെത്തന്നെയുണ്ട്. ഞാനുദ്ദേശിക്കുന്നത് അയൽ പക്കത്തെ തോട്ടം അതേപോലെ ഭംഗിയിൽ നിൽക്കുന്നുണ്ടെന്നാണ്. സുഭാഷ് സ്വയം തിരുത്തി. പിന്നീട് തിരുത്താൻ മറന്നെന്നു വരും. കുറച്ചപ്പുറത്തെ വീട്ടിലെ അല്പം പച്ചപ്പ്…

സ്‌കൂട്ടർ പെട്ടെന്ന് ബ്രെയ്ക്കിടേണ്ടിവന്നു. ആ കുലുക്കത്തിൽ സുഭാഷിന്റെ പ്രകൃതിനിരീക്ഷണവും തടയപ്പെട്ടു.

‘എന്തു പറ്റീ?’

‘ഞാനേയ് ഒരു കാഴ്ച കണ്ടപ്പോൾ നോക്കിയതാ.’ ജോസഫ് പറഞ്ഞു.

‘അല്പം പച്ചപ്പ് കണ്ടപ്പോൾ അതു നോക്കി അല്ലെ? അതെല്ലാം പില്ല്യൻ ഡ്രൈവേഴ്‌സിനു വിധിച്ചിട്ടുള്ളതാണ്. നീ നിന്റെ ഗേൾഫ്രന്റിനെ എവിടെയും കൊണ്ടുപോയി ഇടിയ്ക്കല്ലെ. നേരെ നോക്കി ഓടിയ്ക്ക്.’

ഓഫീസിലെത്തിയപ്പോൾ അയാൾ ആദ്യം ചെയ്തത് അഞ്ജലി വന്നിട്ടുണ്ടോ എന്നു നോക്കുകയായിരുന്നു. ഉണ്ട്. അയാൾ നെറ്റ്‌വർക്കിൽ അവളുമായി ബന്ധപ്പെട്ടു.

‘താങ്ക്‌സ് ഫോർ ദ കൺസൾട്ടൻസി…’

‘സോ, യു ഹാവ് റെഡ് മൈ ലെറ്റർ.’

‘ഞാൻ നിന്നെ എന്റെ കൺസൾട്ടന്റായി നിയമിക്കുന്നു.’

‘എന്തിന്റെ? കല്യാണപരസ്യം കൊടുക്കാനോ?’

‘അല്ല ഫോർ ദ എന്റൈർ ഓപ്പറേഷൻ.’

‘എന്നുവച്ചാൽ?’

‘എനിക്കൊരു വധുവിനെ തേടിപ്പിടിക്കാൻ.’

‘ഞാൻ ചാർജ്ജ് ചെയ്യും.’

‘ആയിക്കോട്ടെ.’ സുഭാഷ് ടൈപ്പ് ചെയ്തു. ‘ആർ യു ഫ്രീ ദിസ് സാറ്റർഡേ?’

‘എന്തേ?’

‘ഞാൻ നിന്നെ ഒരു ട്രീറ്റിനു കൊണ്ടുപോകാം.’

‘ട്രീറ്റിനോ, എവിടെ?’

‘ഇന്റിജോവിൽ.’

‘വൗ! ഒരു മിനുറ്റ്. ഞാൻ വല്ല ബോയ്ഫ്രന്റ്‌സിനും ഡേറ്റ് കൊടുത്തിട്ടുണ്ടോ എന്നു ഡയറി നോക്കണം.’

‘എന്നാൽ നമുക്കിത് കാൻസൽ ചെയ്യാം.’

‘അയ്യോ വേണ്ട ഞാൻ മറ്റെല്ലാ അപ്പോയ്ന്റ്‌മെന്റ്‌സും ഇതാ റദ്ദാക്കുന്നു. എന്തെക്കൗണ്ടിലാണ് ട്രീറ്റ്?’

‘ഇതുവരെ ചെയ്ത കൺസൾട്ടൻസിയ്ക്ക്.’

‘ഓ, അതു വളരെ കൂടുതലാണ്. സാരല്യ.’

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ അവൾ നല്ല സന്തോഷത്തിലായിരുന്നു.

‘നിങ്ങളുടെ ഫോട്ടോ ഒരെണ്ണം സ്റ്റുഡിയോവിൽ പോയി എടുക്കണം?’ അഞ്ജലിയുടെ കൺസൾട്ടൻസി തുടരുകയാണ്.

‘ഇപ്പോൾ കൊടുത്തിട്ടുള്ളത് വലിയൊരു പ്രൊഫഷനൽ ഫോട്ടോഗ്രാഫർ എടുത്തതാണ്.’

‘ആരാണത്?’

‘സുഭാഷ് നാരായണൻ.’

‘ഓ… ഞാനുദ്ദേശിക്കുന്നത് അത്രതന്നെ സൂപ്പർപ്രൊഫഷനല്ലാത്ത വല്ലോരെക്കൊണ്ടെങ്കിലുമാണ്. ഏതെങ്കിലും സ്റ്റുഡിയോവിൽനിന്ന്.’

‘ഇപ്പോഴത്തെ ഫോട്ടോവിന് എന്താണ് തരക്കേട്?’

‘പെൺകുട്ടികൾക്ക് വേറൊരു ടൈപ്പ് ഫോട്ടോവാണ് ഇഷ്ടമാവുക?’

‘അഞ്ജലിയ്ക്ക് ആ ഫോട്ടോ ഇഷ്ടമായില്ലേ?’

‘എന്റെ കാര്യമല്ലല്ലൊ പ്രധാനം. ആ ഫോട്ടോ കാണുന്ന പെൺകുട്ടികൾക്ക് ഇഷ്ടമാവണ്ടെ?’

‘ആ ഫോട്ടോ ഇഷ്ടപ്പെടുന്ന പെൺകുട്ടി വന്നാൽ മതി.’

രാത്രി ഭക്ഷണമുണ്ടാക്കുന്നത് ഒരു കൂട്ടുകൃഷിയാണ്. എന്നുവച്ചാൽ ഉണ്ടാക്കുന്നത് ജോസഫും അതെല്ലാം മേശമേൽ എത്തിയ്ക്കുന്നതും തിന്നുതീർക്കാൻ സഹായിക്കുന്നതും സുഭാഷും. ജോസഫിന് പാചകം ഇഷ്ടമായതുകൊണ്ട് ഈ സംവിധാനം വലിയ കുഴപ്പമില്ലാതെ കൊണ്ടുനടക്കുന്നു. ചില ദിവസങ്ങളിൽ അവൻ വരാൻ വൈകിയാൽ അന്ന് റസ്റ്റോറണ്ടിൽനിന്ന് ഫോൺ ചെയ്ത് വല്ലതും വരുത്തുന്നു. ഇന്ന് അങ്ങിനെയുള്ള ഒരു ദിവസമായിരുന്നു. ഓഫിസിൽനിന്ന് എട്ടുമണിയ്ക്ക് എത്തി കുളി കഴിഞ്ഞപ്പോഴാണ് ജോസഫ് എത്തിയത്.

അവന്റെ ക്ഷീണിച്ച മുഖം നോക്കി സുഭാഷ് പറഞ്ഞു.

‘മോൻ ക്ഷീണിച്ചിട്ടുണ്ടല്ലോ.’

അവൻ ഒരു കസേലയിൽ ഇരുന്ന് ഷൂസഴിച്ചുകൊണ്ട് പറഞ്ഞു.

‘ഇതിൽ എന്തോ ഒരു ആന്തരാർത്ഥമുണ്ടല്ലോ.’

‘ഏയ്. ആട്ടെ എങ്ങിനെയുണ്ടായിരുന്നു നിന്റെ ഡേയ്റ്റ്?’

‘ലഞ്ചു കഴിച്ചപ്പോൾ ഞാൻ അവളുടെ ഗൈഡും ഡ്രൈവറുമായി സ്ഥലങ്ങൾ കാണാൻ പോയി. അത്രതന്നെ.’

സുഭാഷ് ഫോണെടുത്തു.

‘ഞാൻ ഭക്ഷണം ഓർഡർ ചെയ്യാൻ പോകുന്നു. നിനക്കെന്താണ് വേണ്ടത്?…’