close
Sayahna Sayahna
Search

അയനങ്ങള്‍: രണ്ട്


അയനങ്ങള്‍: രണ്ട്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

അപർണ്ണ എഴുന്നേറ്റ് തലമുടി കെട്ടിയ സ്‌കാർഫ് അഴിഞ്ഞു പോയത് വീണ്ടും കെട്ടി ബാൽക്കണിയിലേയ്ക്ക് നടന്നു. ബാൽക്കണിയുടെ റെയിലിങ്ങിൽ ചാരിനിന്നുകൊണ്ട് അവൾ മുമ്പിൽ കിടക്കുന്ന ചതുപ്പു നിലങ്ങളിലേയ്ക്കു നോക്കി. വിമൺസ് യൂനിവേഴ്‌സിറ്റിയുടെ നിർമ്മാണം അവിരാമമായി നടന്നുകൊണ്ടിരിക്കുന്നു. മുകളിൽ ഭയങ്കര ശബ്ദത്തോടു കൂടി ബോയിങ് 707 പറന്നു. അതിന്റെ ചക്രങ്ങൾ വിമാനത്തിന്റെ ഉള്ളിലേയ്ക്ക് വലിഞ്ഞുകയറി വാതിലടയുന്നത് അവൾ നോക്കി. കടലിൽ നിന്നു വരുന്ന കാറ്റിന് തണുപ്പുണ്ടായിരുന്നു. അതവളുടെ നേരിയ നൈറ്റിക്കുള്ളിൽ കടന്നുചെന്ന് കുളിരണി യിച്ചു. രാവിലെ കിടക്കയിൽ നിന്നെഴുന്നേറ്റ ആ നിമിഷങ്ങ ളിലേ ഇങ്ങിനെ ബാൽക്കണിയിൽ പോയി നിൽക്കാൻ അവൾ ക്ക് ധൈര്യം വരൂ. അപ്പോൾ അവൾക്ക് മേക്കപ്പ് വേണ്ട, ആരെങ്കിലും തന്നെ കാണുമെന്ന ഭയവുമില്ല. വെയിൽ മൂക്കുന്നതോടു കൂടി ഈ ആത്മധൈര്യത്തിന് ഇളക്കം തട്ടുന്നു. അവൾ കണ്ണാടിയുടെ മുമ്പിലേയ്ക്ക് ഓടുന്നു, കാണുന്ന പ്രതിഛായ വളരെ മനോഹരമാണെങ്കിലും തനിക്ക് അംഗീ കാരത്തിനു വേണ്ട ആ പ്ലസ് ഇല്ലെ എന്ന ഭയം. കണ്ണാടിയിൽ നോക്കിക്കൊണ്ട് അവൾ മൃദുലമായ കവിളുകളിൽ തലോടി. ഇന്നു ചൈനാനിയുമായി ഇന്റർവ്യൂ ഉണ്ടെങ്കിൽ ഒരു ഫേഷ്യലും ഹെയർഡുവും വേണമെന്നവൾ തീർച്ചയാക്കി. നേരിയ നൈറ്റിയിൽക്കൂടി കാണുന്ന രൂപം അവൾ കണ്ണാടിയിൽ ദർശിച്ചു. നൈറ്റി മാറിനുതാഴെ കുറച്ചു വലിച്ചുപിടിച്ച് അവൾ ഒരുവശം തിരിഞ്ഞുനിന്നു. കണ്ണാടിയിൽ കണ്ട രൂപം ആശാവഹമായിരുന്നു. തനിക്കൊരു പീറ്റർ പാനിന്റെ ആവശ്യമില്ലെന്ന് അവൾ അഹങ്കാരത്തോടെ ഓർത്തു. രേണു ചായട്രേയുമായി വന്നു. ചായ കൂട്ടുമ്പോൾ അവൾ പറഞ്ഞു.

‘ബ്രേയ്ക്ക് ഫാസ്റ്റിന് സേട്ടിനെ കാക്കേണ്ടെന്നു പറഞ്ഞു.’

‘ഊം?’

‘ജുഹുവിൽ പോയിരിക്കയാണ്.’

‘ഈ അങ്കിൾ!’ അവൾ തലയിൽ കൈവച്ചു പറഞ്ഞു. ബ്രേയ്ക്ക് ഫാസ്റ്റുകൂടി കഴിക്കാതെ ഹരേകൃഷ്ണയിൽ എത്താനായിരുന്നു ധൃതി.

‘അങ്ക്ൾ എത്ര മണിക്കാണ് പോയത്?’

‘ഏഴര മണിക്ക്.’

‘ഏഴര മണി? അപ്പോൾ സമയമെത്രയായി ഇപ്പോൾ?’

‘എട്ടരയായി ദീദി...’ രേണു ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഓ, ഞാനിന്നു വളരെ നേരം ഉറങ്ങി അല്ലെ?’

അവൾ സുനിൽ മൽഹോത്രയെ ഓർത്തു. അയാൾ ചൈനാനിയുമായി സംസാരിച്ചിട്ടുണ്ടാകും എന്നും ഇന്നു തന്നെ ഇന്റർവ്യൂ തരമാക്കുമെന്നും അവൾ ആശിച്ചു. അവൾ പറഞ്ഞു.

‘ഞാൻ താഴത്തു പോയി ഒന്നു ഫോൺ ചെയ്തു വരാം.’

അവൾ നൈറ്റി അഴിച്ചുവെച്ച് മാക്‌സി എടുത്തിട്ടു. ചുവട്ടിൽ മിസ്സിസ്സ് പാണ്ഡെയാണ് വാതിൽ തുറന്നത്..

‘ആന്റി ഒന്ന് ഫോൺ ചെയ്യണം.’

‘ആർക്കാണ് ഇത്ര രാവിലെത്തന്നെ?’

‘ഒരു ഫ്രണ്ടിനാണ് ആന്റി.’

അവൾ ഡയൽ ചെയ്തു. അപ്പുറത്ത് ടെലിഫോൺ എടുത്തത് ഹസിം ആയിരുന്നു.

‘സാബ് ഹെ?’

‘സാബ് ഉറങ്ങുകയാണ്. കോനെ?’

‘അപർണ്ണ.’അവൾ പറഞ്ഞു. ‘സുനിൽ ഇനിയും എണീറ്റില്ലെ?’

‘ഇല്ല.’

‘ഒന്നു വിളിക്കാമോ?’

‘ശ്രമിച്ചു നോക്കട്ടെ.’

‘ശരി.’ അവൾ ടെലിഫോൺ ചെവിയിലമർത്തി കാത്തു നിൽക്കുമ്പോൾ മിസ്സിസ്സ് പാണ്ഡേ അടുത്തുവന്നു.

‘ബേട്ടീ, ഇന്ന് ബ്രേയ്ക്ക്ഫാസ്റ്റിന് നാളികേരച്ചട്ടിണി അരച്ചിട്ടുണ്ടോ?’

‘അറിയില്ല ആന്റീ.’

സുനിൽ ഫോണിൽ വരുമ്പോഴേയ്ക്ക് ആന്റിയെ അവിടെനിന്ന് ഒഴിവാക്കണമെന്നവൾ ആലോചിച്ചു. അവൾ പറഞ്ഞു. ‘അരച്ചിട്ടുണ്ടെങ്കിൽ രേണുവിന്റെ കയ്യിൽ കൊടുത്തയക്കാം.’

‘മറക്കരുത് കെട്ടോ.’

ഫോണിൽ സുനിലിന്റെ ശബ്ദം കേട്ടു.

‘ഗുഡ് മോണിങ്. അപർണ്ണ ഹിയർ.’

‘മോണിങ് എന്നൊക്കെ പറയാൻമാത്രം നേരം പുലർന്നോ?’

‘സോറി, ഉറങ്ങുകയായിരുന്നു അല്ലെ?’

അപ്പുറത്തുനിന്ന് ഉറക്കച്ചടവു വിടാത്ത ശബ്ദം.

‘ഇന്നലെ നിതിന്റെ വീട്ടിൽ പാർട്ടിയുണ്ടായിരുന്നു. കാര്യം പറയൂ.’

അവളുടെ ആവേശം പെട്ടെന്നു തണുത്തു. അപ്പോൾ സുനിൽ തന്റെ കാര്യം ചൈനാനിയോട് പറയാൻ മറന്നെന്നു തോന്നുന്നു. തന്റെ കാര്യം തന്നെ മറന്നെന്ന മട്ടാണ്. അവൾ നിരുന്മേഷയായി പറഞ്ഞു.

‘ചൈനാനിയുമായി സംസാരിക്കാൻ പറ്റിയില്ല അല്ലേ?’

‘തീർച്ചയായും. ഇന്നു വൈകുന്നേരം ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട്. ആറു മണിക്ക്. നിനക്ക് അഞ്ചര മണിക്ക് എന്റെ വീട്ടിൽ വരാമോ?’

‘വരാം. താങ്ക്‌യു വെരി മച്ച് സുനിൽ. ബൈ...’

അവൾ ഫോൺ വച്ച് മിസ്സിസ്സ് പാണ്ഡെയോട് നന്ദികൂടി പയറാൻ നിൽക്കാതെ പുറത്തു കടന്ന് കോണിപ്പടികൾ ചാടിക്കയറി ബെല്ലടിച്ചു.

രേണു വാതിൽ തുറന്നു.

‘രേണു എനിക്ക് ബ്രേയ്ക്ക് ഫാസ്റ്റ് വേഗം വേണം.’

‘കൊണ്ടുവരാം.’

അപർണ്ണ വാഷ്‌ബേസിനടുത്തുപോയി പല്ലു തേച്ചു വന്നു. തനിക്ക് വളരെ കുറച്ചു സമയത്തിനു ള്ളിൽ കുറേയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ബ്രേയ്ക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ അവൾ ആലോചിച്ചു.

സാധാരണ മുറുമറുത്തു മാത്രം കഴിക്കുന്ന ബ്രെഡ്‌ടോസ്റ്റും ബുൾസൈയും ഇന്നവൾ വളരെ സ്വാദോടുകൂടി കഴിച്ചു.

ചൈനീസ് ബ്യൂട്ടിപാർലറിൽ അവൾക്കിഷ്ടമില്ലാത്ത നാറ്റമുണ്ടായിരുന്നു. ഒരു തടിച്ച സ്ത്രീയുടെ പുരികം ആകൃതി പ്പെടുത്തുകയായിരുന്ന വയസ്സായ ചൈനക്കാരി അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.

‘ഹല്ലോ, വാട് ഡുയു വാണ്ട്?’

‘ഫേഷ്യൽ, ഹെയർഡൂ, പിന്നെ പുരികവും...’

‘ഒരു മിനുറ്റ്... തിരക്കുണ്ടെങ്കിൽ മുകളിൽ പൊയ്‌ക്കോളൂ, അവിടെ സാവ്‌റിൻ ഉണ്ട്.’

അപർണ്ണയ്ക്ക് അവരുടെ അസിസ്റ്റന്റുകളെയൊന്നും ഇഷ്ടമായിരുന്നില്ല. മെസ്സാനിൻ ഫ്‌ളോറിലാണ് അവർ. നടക്കുമ്പോൾ തല മുട്ടുകയും ചെയ്യും. അതുകൊണ്ട് ചൈനക്കാരി ആ സ്ത്രീയുടെ പുരികം ആകൃതിപ്പെടുത്തി കഴിയുന്നതുവരെ അവൾ ഒരു മാസികയും കയ്യിലെടുത്ത് കാത്തിരുന്നു.

സ്വന്തം തലമുടി ചെയ്തുകൊണ്ടിരിക്കെ അവൾക്ക് ചൈനക്കാരിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവന്നു. അവർ സംസാരപ്രിയയായിരുന്നു.

‘യു ഗോട്ട് ലവ്‌ലി ഹെയർ... ഇന്ന് പാർട്ടിയുണ്ടോ?’

‘ഊം...താങ്ക് യു.’ അവർ പ്രശംസ ചൊരിയുന്നതിൽ ഒട്ടും പിശുക്കു കാണിച്ചിരുന്നില്ല.

‘എവിടെയാണ് പാർട്ടി?’

എന്തൊക്കെ അറിയണം ഇവർക്ക്? അവൾ മറുപടി പറഞ്ഞു. ‘ശിവജി പാർക്കിൽ ഒരു വെഡ്ഡിങ് പാർട്ടിയാണ്.’

എല്ലാം കഴിഞ്ഞ് തിരിച്ചു വീട്ടിൽ വന്നപ്പോൾ സമയം ഒരു മണിയായിട്ടേ ഉള്ളൂ. ഇനി ഭക്ഷണം കഴിഞ്ഞ് ഒരു സൗന്ദര്യ നിദ്രക്കുള്ള സമയം കൂടിയുണ്ട്.

അവൾ മൂന്നു മണിക്ക് പുറപ്പെടാൻ തുടങ്ങി. രേണു ഒരു കോണിസ്സറല്ലാത്തതു കാരണം അപർണ്ണയ്ക്ക് വസ്ത്രത്തെപ്പറ്റി അഭിപ്രായവും തീരുമാനവും സ്വന്തം എടുക്കേണ്ടിവന്നു. അഞ്ചു മണിയായപ്പോഴേയ്ക്കും ഒരു വിധം ഒരുങ്ങിക്കഴിഞ്ഞു. കണ്ണാടിയിൽ നോക്കിയപ്പോൾ സ്വന്തം സൗന്ദര്യത്തെപ്പറ്റി തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.

അവൾ പുറത്തിറങ്ങുമ്പോൾ അങ്ക്ൾ ചോദിച്ചു.

‘എങ്ങോട്ടാണ്?’

‘ഇന്ന് പ്രൊഡ്യൂസറുടെ അടുത്ത് ഇന്റർവ്യൂ ഉണ്ട് അങ്ക്ൾ.’

‘നിന്റെ പ്രാന്ത്.’ അയാൾ ചിരിച്ചു.

ടാക്‌സിയിൽ കയറി അവൾ ജുഹുവിലേയ്ക്കു കുതിച്ചു.

സുനിലിന്റെ വെള്ള ഹെരാൾഡ് വീട്ടിനുമുമ്പിൽ നിൽക്കുന്നു. അവൾക്ക് ആശ്വാസമായി. ഇരുപത്തൊന്നാം നമ്പർ ഫ്‌ളാറ്റ് ഏഴാം നിലയിലാണ്. ലിഫ്റ്റിൽനിന്നു പുറത്തു കടന്ന് ബെല്ലടിച്ചു അവൾ കാത്തുനിന്നു. വാതിൽ തുറന്നത് ഒരു ഇരുപതു വയസ്സുകാരനായിരുന്നു. ഹസിം ആയിരിക്കുമെന്നവൾ ഊഹിച്ചു.

‘സുനിൽ ഹെ?’

അവൻ വാതിൽ മലർക്കെ തുറന്നു. തല കുമ്പിട്ടുകൊണ്ട് എയർ ഇന്ത്യാ മഹാരാജാവിന്റെ കൈകൊണ്ടുള്ള ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു. ‘ആയിയേജീ... ആയിയേ, തശ്‌രീഫ് രഖിയേ.’

അവൾ അകത്തു കടന്നിരുന്നു. മുറിക്കു നടുവിൽ ഇട്ട കാർപ്പറ്റ് ഭംഗിയുണ്ടായിരുന്നു. ഡിസ്റ്റമ്പർ തേച്ച ചുവരിൽ പ്രകൃതിദൃശ്യം കാണിക്കുന്ന വലിയ ചിത്രം. മുറിയിൽ രണ്ടു മൂലയിൽ വലിയ സ്പീക്കറുകൾ. നടുവിൽ വച്ച ഷോകേസിനു മീതെ സ്റ്റീരിയോ ആംപ്ലിഫൈർ, ടേപ് ഡെക്ക്, റെക്കോഡ് പ്ലെയർ മുതലായവ.

സുനിൽ വന്നു. അയാൾ ഒരു ടീഷർട്ടും ജീൻസുമാണ് ഇട്ടിരുന്നത്. അവളെ കണ്ട ഉടനെ അയാൾ നിന്നു. ഒരു അവ ലോകനത്തിനുശേഷം അയാൾ പറഞ്ഞു.

‘നിതിൻ തീർച്ചയാക്കാൻ അധികം സമയമൊന്നും എടുക്കുമെന്ന് തോന്നുന്നില്ല.’

എങ്ങിനത്തെ ആളാണ് നിതിൻ?’ അവൾ ചോദിച്ചു.

സുനിൽ അവളുടെ മുമ്പിൽത്തന്നെ ഒരു തിരിയുന്ന സ്റ്റൂളിൽ സ്ഥലമുറപ്പിച്ചിരുന്നു.

‘എന്താണ് നീ ഉദ്ദേശിക്കുന്നത്?’

‘ഐ മീൻ...ഐ മീൻ വെഥർ ഹീയീസ് വെരി ഫസ്റ്റീഡിയസ്.’

സുനിൽ കണ്ണിറുക്കി.

‘നിതിൻ ചെറുപ്പക്കാരികളായ സുന്ദരികളെ ഇഷ്ടപ്പെടുന്നു. നിന്നെ ഒരു നായികയായി തെരഞ്ഞെടുക്കുമെന്നതിൽ ഒരു സംശയവുമില്ല എനിക്ക്.’

അവൾക്കാ സംസാരം ഇഷ്ടപ്പെട്ടു. പ്രൊഡ്യൂസർമാരെപ്പറ്റി അവൾ കേട്ടിട്ടുണ്ട്. ഒരു നടിയാവണമെങ്കിൽ എന്തൊ ക്കെ സഹിക്കണമെന്ന് അവൾ കേട്ടറിഞ്ഞിട്ടുണ്ട്. ചൈനാനിക്ക് സുന്ദരികളെ ഇഷ്ടമാണെന്ന വിവരം അവൾക്കറി യാത്തതുമല്ല. പക്ഷെ അതെത്ര മാത്രം തന്റെ വിജയത്തിന് സഹായിക്കും എന്ന് അവൾക്ക് സുനിൽ പറഞ്ഞപ്പോൾ ബോധ്യമായി. അവളുടെ ചെറുപ്പത്തെപ്പറ്റി, സൗന്ദര്യത്തെപ്പറ്റി, പുരുഷന്മാരിൽ ആസക്തിയുണ്ടാക്കാനുള്ള കഴിവിനെ പ്പറ്റി അവൾക്ക് നല്ല ബോധമുണ്ടായിരുന്നു. അവളുടെ അവയവങ്ങളുടെ ഓരോ ചലനവും അതു ലാക്കാക്കിയാ യിരുന്നു.

ഒരു കൈയിൽ ട്രേ ബാലൻസു ചെയ്തുകൊണ്ട് ഹസിം വന്നു. അവന്റെ ചലനങ്ങളിൽ കോമാളിത്തമുണ്ടാ യിരുന്നു. സുനിൽ ചായ കൂട്ടുകയാണ്. അപർണ്ണ ചോദിച്ചു.

‘ചൈനാനി എന്നെ എടുക്കുമെന്ന് തോന്നുന്നുണ്ടോ?’

‘ഹൗ മച്ച് ഷുഗർ?’

‘വൺ സ്പൂൺ, താങ്ക്‌യു.’

‘നീ എന്താണ് ചോദിച്ചത്?’

‘നിതിനെപ്പറ്റി. ചൈനാനി എനിക്കൊരു ചാൻസു തരുമെന്ന് തോന്നുന്നുണ്ടോ?’

സുനിൽ നിവർന്നിരുന്നു. ചായ കുടിച്ചുകൊണ്ട് അയാൾ പറഞ്ഞു. യുവാർ ദ റൈറ്റ് ഗേൾ ഫോർ നിതിൻ. നിന്നെ പ്പോലെ ഒരു പെൺകുട്ടിയെ നോക്കിയിരിക്കയാണ് അയാളുടെ പുതിയ ചിത്രത്തിനു വേണ്ടി.’

അവളുടെ കണ്ണുകൾ വിടർന്നു. ചൈനാനിയുടെ ഓരോ ചിത്രവും ഓരോ സംഭവമാണ്. അതിലൊന്നിൽ നായികയായി അവസരം കിട്ടിയാൽ പിന്നെ മറ്റു പ്രൊഡ്യൂസർമാർ അവളുടെ പടിക്കൽ കാവൽ കിടക്കും.

‘നമുക്ക് പോകാം.’

ലിഫ്റ്റിൽ വച്ച് അവർ സംസാരിച്ചില്ല. താഴെ എത്തിയപ്പോൾ ഒരു അദ്ഭുതം അവളെ പ്രതീക്ഷിച്ചു നിൽക്കുന്നു. ഹസിം ഹെരാൾഡു കാറുമായി തയ്യാറായി നിൽക്കുകയാണ്. അവൻ എപ്പോഴാണ് പൈജാമ മാറ്റി യൂനിഫോമിൽ കടന്നതെന്നോ, അവളുടെ കണ്ണുവെട്ടിച്ച് എപ്പോഴാണ് താഴത്തിറങ്ങി വന്നതെന്നോ അവൾ അറിഞ്ഞില്ല. അവളുടെ അദ്ഭുതം കണ്ടപ്പോൾ സുനിൽ പറഞ്ഞു.

‘ഇത് ഹസീമിന്റെ വേറൊരു ടാലന്റാണ്. അവനെ കൂടുതൽ അറിയുംതോറും അവന്റെ വിവിധ മുഖങ്ങൾ താനെ മനസ്സിലായിക്കോളും.’

ഹസിം വെള്ള യൂനിഫോമിൽ വെള്ള തൊപ്പിയുമായി കാറിന്റെ വാതിൽ തുറന്നുപിടിച്ച് നിൽക്കുകയാണ്. അവൻ ഒരു വിദഗ്ദ ഡ്രൈവറായിരുന്നു. ഒരു ഹെരാൾഡിനു പകരം അവൻ ഓടിക്കേണ്ടിയിരുന്നത് ഒരു റെനോൾട്ടോ, മെഴ്‌സിഡിസോ ആയിരുന്നെന്ന് അവൾക്കു തോന്നി.

ചൈനാനിയുടെ ഓഫീസിന്റെ ഗെയ്റ്റ് തുറക്കപ്പെട്ടു. ഒരു പടുകൂറ്റൻ കെട്ടിടം. ദർവാൻ സുനിലിനെ നോക്കി സലാം വെച്ചു. സുനിൽ അവളെ നോക്കി, തനിക്കിവിടെയെല്ലാം സ്വതന്ത്രമായ പ്രവേശനമുണ്ട് എന്നഹങ്കരിക്കുന്ന മട്ടിൽ. അപർണ്ണയെ സംബന്ധിച്ചേടത്തോളം അതു വളരെ ആശ്വാസപ്രദമായിരുന്നു. തന്റെ വിജയം, സുനിൽ, ചൈനാനി യുടെ എത്രയടുത്താണെന്നതിനെ ആശ്രയിക്കുന്നു എന്നവൾക്കു തോന്നി.

മട്ടുപ്പാവിൽ കാർ നിർത്തിയപ്പോൾ വേറൊരു ദർവാൻ വന്ന് സലാം വച്ച് കാറിന്റെ വാതിൽ തുറന്നു പിടിച്ചു. സുനി ലും അപർണ്ണയും പുറത്തിറങ്ങി. സുനിൽ അകത്തേയ്ക്കു കടന്നു. എവിടെയും അയാൾക്കു മുന്നിൽ വാതിലുകൾ തുറക്കപ്പെട്ടു. ചുമർതൊട്ട് ചുമർവരെ കാർപ്പെറ്റുകൾ. ചുമരുകളിൽ വലിയ കാൻവാസുകൾ. മൂലകളിൽ നഗ്നസ്ത്രീക ളുടെ ലോഹശില്പങ്ങൾ. മങ്ങിയ ഇടനാഴിക അവസാനിക്കുന്നിടത്ത് സുനിൽ നിന്നു. വാതിലിന്മേൽ പിച്ചളകൊണ്ടു ള്ള സിംഹത്തല.

ഇടത്തുവശത്തെ കണ്ണാടിമുറിയിൽ ഇരിക്കുന്ന സുന്ദരി സുനിലിനെ നോക്കി ചിരിച്ചു.

‘ഗുഡ് മോണിങ്.’

‘ഗുഡ് മോണിങ് ഡാർലിങ്. പോകാമല്ലൊ?’

‘പൊയ്‌ക്കോളൂ, ചൈനാനി സാബ് കാത്തിരിക്കുന്നു.’

സുനിൽ അവളെ നോക്കി കണ്ണിറുക്കി. പിന്നെ വാതിലിന്മേൽ പതുക്കെ രണ്ടു തവണ മുട്ടി.

ഏതാനും സെക്കന്റുകൾക്കുള്ളിൽ അകത്തുനിന്നൊരു ശബ്ദം കേട്ടു.

കമിൻ, എന്നായിരിക്കണം അത്. കാരണം സുനിൽ അകത്തു കടന്ന് അവൾക്കു വേണ്ടി വാതിൽ തുറന്നു പിടിച്ചു. അപർണ്ണ അകത്തു കടന്നു. ഇരുണ്ട ഇടനാഴികയിലൂടെയുള്ള നടത്തം കാരണം അവളുടെ കണ്ണുകൾ മുറിയിലെ മങ്ങിയ വെളിച്ചവുമായി പഴകാൻ താമസം വേണ്ടിവന്നില്ല. വിശാലമായ മുറിയുടെ മറു ഭാഗത്ത് ഇട്ട വലിയ മേശയ്ക്കു പിന്നിലെ റിവോൾവിങ് ചെയറിൽ നിന്ന് തലമുടി നരച്ച ഒരു മനുഷ്യൻ എഴുന്നേൽക്കുന്നതവൾ കണ്ടു. അയാൾ മേശ ചുറ്റി വന്ന് അവളുടെ കൈ പിടിച്ചു കുലുക്കി.

‘അപർണ്ണ.’

സുനിൽ പരിചയപ്പെടുത്തി. ‘മിസ്റ്റർ നിതിൻ ചൈനാനി.’

‘നൈസ് മീറ്റിങ് യു.’ വീണ്ടും ഒരിക്കൽക്കൂടി അവളുടെ കൈ പിടിച്ചു കുലുക്കിയ ശേഷം അയാൾ മേശക്കു മുമ്പിലുള്ള മൂന്നു കസേലകളിൽ നടുവിലത്തേത് നീക്കി അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു. ചൈനാനി തിരിച്ച് മേശയ്ക്കു പിന്നിൽ ഇട്ട രാജകീയമായ റിവോൾവിങ് ചെയറിൽ ഇരുന്നു.

‘കുടിക്കാൻ എന്താണ് വേണ്ടത്? ടീ, കോഫി, ഓർ എനിതിങ് കോൾഡ്?’

‘തണുത്തതെന്തെങ്കിലും മതി.’ അവൾ പറഞ്ഞു.

‘വാട്ടെബൗട്ട് യു.’ ചൈനാനി സുനിലിനോട് ചോദിച്ചു.

‘എനിക്കും അതു മതി.’

ചൈനാനി ഇന്റർകോമിന്റെ ബട്ടൻ അമർത്തി. ഇന്റർ കോമിന്റെ പാനലിൽ ചുവപ്പു വെളിച്ചം.

‘കുടിക്കാനെന്തെങ്കിലും തണുത്തത് കൊണ്ടുവരൂ.’

അപർണ്ണ ചൈനാനിയെ പഠിക്കുകയായിരുന്നു. നരച്ച തലമുടി. ചെവിക്കു മുമ്പിലുള്ള സൈഡ് ബേൺ കട്ടിയി ലുണ്ട്. അതും മുഴുവൻ നരച്ചതാണ്. തിളങ്ങുന്ന കണ്ണുകൾ അതിന്റെ ഉടമസ്ഥന്റെ ബുദ്ധിശക്തി കാണിച്ചു. അയാളുടെ നോട്ടം വളരെ മൃദുവായിരുന്നു. തുളച്ചു കയറുന്ന നോട്ടമില്ല. മര്യാദയോടു കൂടിയ പെരുമാറ്റം. ഇദ്ദേഹം ഒരു സ്ത്രീ ലമ്പടനാണെന്ന് തോന്നുകയേ ഇല്ല. പത്രങ്ങൾ പ്രചരിപ്പിക്കുന്ന ഗോസ്സിപ്പുകളിൽ ഒന്നായിരിക്കണം അത്. വളരെ കൂടുതൽ മര്യാദക്കാരൻ ആവുന്നതിലും തനിക്ക് അവസരങ്ങൾ കിട്ടുക ചൈനാനിക്ക് എന്തെങ്കിലും ദൗർബ്ബല്യ ങ്ങളുണ്ടെങ്കിലായിരിക്കും എന്നവൾ ഓർത്തു. സിനിമാലോകത്തെ ചില യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ അപർണ്ണ സ്വന്തം മനസ്സിനെ ഒരുക്കിയിരുന്നു. അല്ലറചില്ലറ സൗജന്യങ്ങൾ, വിട്ടുവീഴ്ചകൾ. ഇതെല്ലാം സിനിമാ ലോകത്ത് എത്തുവാനും അവിടെ പിടിച്ചു നിൽക്കാനും ആവശ്യമാണെന്നവൾ മനസ്സിലാക്കിയിരുന്നു. പത്ര മാസിക കൾ കൊടുക്കുന്ന ഗോസ്സിപ്പ് കോളങ്ങൾ അവളെ ഈ കാര്യത്തിൽ വളരെ സഹായിച്ചിരുന്നു.

‘സിനിമയിൽ വരുന്നതിനെപ്പറ്റി നല്ലവണ്ണം ആലോചിച്ചിട്ടുണ്ടോ?’ ചൈനാനി ചോദിച്ചു.

ഉവ്വെന്ന് അവൾ തലയാട്ടി.

‘സിനിമ എന്നത് ഒരദ്ഭുതലോകമാണ്.’ ചൈനാനി തുടർന്നു. ‘അതിലേയ്ക്ക് കടന്നുവരിക എളുപ്പമല്ല. കടന്നു വന്നതുകൊണ്ടു മാത്രമായില്ല. ഉയർന്നുവരികയും വേണം. അതിന് വളരെയധികം അധ്വാനം ആവശ്യമാണ്. വളരെയധികം ത്യാഗം സഹിക്കണം. മത്സര ബുദ്ധിക്കോ അഹന്തയ്‌ക്കോ ഇവിടെ സ്ഥാനമില്ല. അവസാനം എല്ലാവർ ക്കും അവരവർ അർഹിക്കുന്ന സ്ഥാനം കിട്ടും. ക്ഷമ വേണം. ഒരു ദിവസംകൊണ്ട് ഒരു നായികയെ ഉണ്ടാക്കാൻ പറ്റില്ല.

ബോർഡറുള്ള പച്ചസിൽക്കുസാരിയും ബ്ലൗസും ധരിച്ച ഒരു പെൺകുട്ടി ട്രെയുമായി അകത്തു വന്ന് സ്റ്റ്രോ ഇട്ട ഗ്ലാസ്സുകൾ അവരുടെ മുമ്പിൽ വച്ചു. നല്ല ഭംഗിയുള്ള പെൺകുട്ടിയായിരുന്നു അവൾ. വെളുത്ത നിറം. സിൽക്കു പോലത്തെ ഇളംചെമ്പിച്ച മുടി പച്ച നിറത്തിലുള്ള സിൽക്ക് സ്‌കാർഫ് കൊണ്ട് മറച്ചിരിക്കുന്നു.

‘ഈ കാരിയറിന് രണ്ടു വശങ്ങളുണ്ട്. ഞാൻ പറയാം.’ ചൈനാനി തുടർന്നു. ‘ചീത്ത വശം ഇതാണ്. നമുക്ക് പലതും സഹിക്കേണ്ടി വരും. ഓരോ മൂവികളിൽ ഓരോ നായകന്മാരുടെ കൈവലയത്തിൽ പ്രത്യക്ഷപ്പെടേണ്ട നായികയ്ക്ക് ചാരിത്രശുദ്ധിയുടെ ഇമേജൊന്നും അവകാശപ്പെടാൻ പറ്റില്ല. പിന്നീട് വിവാഹാലോചന വരുമ്പോൾ അതൊക്കെ പ്രശ്‌നമായെന്നു വരും. അതെല്ലാം നമ്മൾ എങ്ങിനെ നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പിന്നെ വളരെ, വളരെയധികം അദ്ധ്വാനിക്കേണ്ടി വരും. രാവുപകലില്ലാത്ത ജോലി. രാത്രി പത്തുമണിക്ക് കാൾ ഷീറ്റ് കിട്ടുകയാ ണെങ്കിൽ അപ്പോൾ എനിക്കുറങ്ങേണ്ട സമയമാണ്, പറ്റില്ലെന്നു പറയാൻ കഴിയില്ല. ഇതൊരു ടീം വർക്കാണ്. അതിൽ ‘ഞാൻ’ ‘നീ’ എന്ന വാക്കുകളില്ല. ‘നമ്മൾ’ എന്നു മാത്രം. പിന്നെയുള്ളത് പേരിന്റെ പ്രശ്‌നമാണ്. നല്ല പേരു കിട്ടാൻ സാധ്യതയുണ്ട് ഈ കാരിയറിൽ. മറിച്ചുമാവാം. പേർ ചെളിക്കുണ്ടിലെത്തിയെന്നും വരാം. പലപ്പോഴും നല്ല പേരിന്റെ പിന്നിൽ നിറയെ ചെളിയായിരിക്കാനും സാധ്യതയുണ്ട്.’

‘ഇനി നല്ല വശം. ധാരാളം പണമുണ്ടാക്കാം. നല്ല ബങ്ക്‌ളാവുകൾ വിലക്കെടുക്കാം. ഫോറിൻ കാറുകൾ വാങ്ങാം. വളരെ ആഢംബരമുള്ള ഒരു ജീവിതം നയിക്കാം. ഒരു പത്തുകൊല്ലം ജോലിയെടുത്താൽ നാലു തലമുറയ്ക്ക് കഴിയാനുള്ള പണമുണ്ടാക്കാം. നിങ്ങൾ ബുദ്ധിപൂർവ്വം പണം ഇൻവെസ്റ്റ് ചെയ്യണമെന്നു മാത്രം.’

ചൈനാനി നിവർന്നിരുന്നു. മേശമേൽനിന്ന് പഴച്ചാറിന്റെ ഗ്ലാസ്സെടുത്ത് സ്റ്റ്രോവിൽക്കൂടി വലിച്ചു കുടിക്കാൻ തുടങ്ങി, ഒപ്പം അവരോടും കുടിക്കാൻ ആംഗ്യം കാണിച്ചു.

അപർണ്ണ ഗ്ലാസ്സെടുത്ത് കുടിക്കാൻ തുടങ്ങി. കോക്‌ടെയിൽ ജ്യൂസാണ്. അവൾ ചൈനാനി പറഞ്ഞതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ഫിലിം കാരിയറിനെപ്പറ്റി ഇത്രയും വ്യക്തമായി വളരെ കുറച്ചു വാക്കുകളിൽ അയാൾ പറഞ്ഞത് അവളെ അദ്ഭുതപ്പെടുത്തി. അവളുടെ മനസ്സിലുണ്ടായിരുന്ന ചിത്രത്തിന് അയാൾ മിഴിവു കൂട്ടിയെന്നേ യുള്ളൂ. ഇതെല്ലാം അവൾക്ക് അറിയാവുന്നതാണ്. ഇതിനെല്ലാം തയ്യാറായിട്ടാണ് അവൾ വന്നത്. ഇനി ആലോചി ക്കാനൊന്നുമില്ല. ഇതിനെല്ലാം പുറമെ ചൈനാനി പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം കൂടിയുണ്ട്. അത് കണക്കു കൂട്ടലുക ളാണ്. ഏറ്റവും മുകളിലേയ്‌ക്കെത്താനുള്ള ഏണിപ്പടികളുടെ കണക്കുകൂട്ടലുകൾ. അത് പിഴക്കാതിരുന്നാൽ മതി. അവൾ വീണ്ടുവിചാരമുള്ളവളായിരുന്നു. ഈയൊരു അവസരത്തിനുവേണ്ടി അവൾ ഒരു കൊല്ലം ആസൂത്രണം ചെയ്തതാണ്.

ചൈനാനി സുനിൽ മൽഹോത്രയുമായി സംസാരം തുടങ്ങി. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തെപ്പറ്റിയാണ്.

സെറ്റുണ്ടാക്കുന്ന ഒരു കോൺട്രാക്ടറെപ്പറ്റിയാണ് ചൈനാനി പറഞ്ഞിരുന്നത്. കേൾക്കുന്നില്ലെന്ന മട്ടിലിരുന്നെ ങ്കിലും അപർണ്ണ അവരുടെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്നു. കത്തി നശിക്കാനുള്ള ഒരു കൊട്ടാരത്തിന്റെ മോക്കപ്പ് ഉണ്ടാക്കുന്ന കോൺട്രാക്ടർ ചൈനാനിയെ കബളിപ്പിച്ചതാണ് വിഷയം.

‘അയാൾക്ക് പ്രാരാബ്ദങ്ങളുണ്ടാവും. അതായിരിക്കണം അയാൾ പണവുംകൊണ്ട് പോയത്.’ ചൈനാനി പറഞ്ഞു. ‘അയാൾ എവിടെയാണെന്നെനിക്കറിയാം. എനിക്കു വേണമെങ്കിൽ അയാളെ പിടിക്കാം, പോലീസിലേൽപ്പിക്കാം, കാരണം ഞാൻ കൊടുത്ത അമ്പതിന്റെ രേഖകൾ ഉണ്ട് എന്റെ കയ്യിൽ. അതുമല്ലെങ്കിൽ എനിക്കയാളെ നശിപ്പിക്കാം. പക്ഷേ അതുകൊണ്ട് എന്തു കാര്യം. ഒരു മനുഷ്യനെ നശിപ്പിക്കാൻ എളുപ്പം കഴിയും. അയാളെ അയാളാക്കാൻ എന്തു പാടുപെടണം? ഈ ചിത്രത്തിന് എന്റെ ഒരു ദിവസത്തെ കലക്ഷൻ ഉണ്ടായില്ലെന്നു മാത്രം കരുതിയാൽ മതി. ഈ അമ്പതിനായിരമല്ല എന്നെ വിഷമിപ്പിക്കുന്നത്. എന്റെ സമയം. ഒരു മാസം നഷ്ടമായി. അതെനിക്ക് തിരിച്ചുകിട്ടില്ല. അയാൾ വിഡ്ഢിത്തം കാട്ടിയതാണ്. ഒരു ലക്ഷത്തിന്റെ കോൺട്രാക്ടാണ്. അതിൽ ഞാൻ കണക്കാക്കിയിടത്തോളം മുപ്പത് അയാളുടെ ലാഭമാണ്. അതുകൊണ്ട് സംതൃപ്തിയടയേണ്ടതാണയാൾ. ഇപ്പോൾ കണ്ടില്ലേ ഒരു കള്ളനെ പ്പോലെ ഒളിച്ചുനടക്കേണ്ടി വരുന്നു. ഞാനിപ്പോഴും വിശ്വസിക്കുന്നു, അയാൾക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവും പാവം.

അപർണ്ണയുടെ മനസ്സിൽ ചൈനാനിയെപ്പറ്റിയുള്ള മതിപ്പ് കൂടിക്കൂടി വരികയായിരുന്നു. വെറും ഒരു മര്യാദക്കാരൻ മാത്രമല്ല അയാൾ. ഉദാര മനസ്‌കനുമാണ്. പത്രക്കാർ ഇദ്ദേഹത്തെപ്പറ്റി പറയുന്നതെല്ലാം ശുദ്ധ അസംബന്ധമാണ്.

ചൈനാനി അപർണ്ണയുടെ നേരെ തിരിഞ്ഞു.

‘അപ്പോൾ അതാണ് ഞാൻ പറഞ്ഞത്. ജോലിയോട് ആത്മാർത്ഥത പുലർത്താനും, മറ്റു പലതും സഹിക്കാനും തയ്യാറുണ്ടെങ്കിൽ നിങ്ങൾക്ക് ജോലിയെടുക്കാം. തുടക്കത്തിൽ വരുമാനത്തെപ്പറ്റി അധികം ആലോചിക്കരുത്. ഞാൻ മാസം രണ്ടായിരം വീതം ശമ്പളം തരാം. ഇതൊരു അലവൻസായി കണക്കാക്കിയാൽ മതി. നമ്മൾ ഷോബിസിന സ്സിലാണ്. അതുകൊണ്ട് നാം മറ്റുള്ളവരിൽനിന്ന് വ്യത്യസ്ഥമായി ജീവിക്കണം, വ്യത്യസ്ഥമായി വസ്ത്രധാരണം ചെയ്യണം. മനസ്സിലായോ. സമ്മതമാണെങ്കിൽ ദേവിനോട് സ്‌ക്രീൻ ടെസ്റ്റെടുക്കാൻ പറയാം.’

‘ഞാൻ റെഡിയാണ്.’ മനസ്സിലുള്ള ആഹ്ലാദത്തള്ളിച്ച കഴിവതും പുറത്തു കാണാതിരിക്കാൻ പണിപ്പെട്ടുകൊണ്ടാ ണ് അപർണ്ണ അതു പറഞ്ഞത്. പറഞ്ഞ ഉടനെ അതു പറയേണ്ടിയിരുന്നില്ലാ എന്നു തോന്നി. ആലോചിച്ചു പറയാ മെന്നോ മറ്റോ പറയാമായിരുന്നു. തന്റെ തിടുക്കം ചൈനാനി മനസ്സിലാക്കിയോ ആവോ?

‘ഗുഡ്’ പതുക്കെ പറഞ്ഞുകൊണ്ട് ചൈനാനി എഴുന്നേറ്റു.

സുനിലും എഴുന്നേറ്റു. അപർണ്ണ എഴുന്നേറ്റു സാരി നേരെയാക്കി. ചൈനാനി മേശ ചുറ്റിവന്ന് വാതിൽ തുറന്നു പിടിച്ചു. അപർണ്ണയുടെ കൈപിടിച്ചു കുലുക്കി കുറച്ചു കുനിഞ്ഞുകൊണ്ട് പറഞ്ഞു.

‘ആൾ ദ ബെസ്റ്റ്.’

സുനിലിനും അതുപോലെ കൈകൊടുത്തു. അവർ പുറത്തു കടന്നപ്പോൾ വാതിൽ പതുക്കെ അടഞ്ഞു.

വീണ്ടും മൃദുവായ പരവതാനികൾ വിരിച്ച ഇടനാഴികകളിലൂടെ പുറത്തേയ്ക്കു നടക്കുമ്പോൾ അവൾ വിചാരിച്ചു. എന്തൊരു നല്ല മനുഷ്യൻ!