close
Sayahna Sayahna
Search

അയനങ്ങള്‍: പതിനെട്ട്


അയനങ്ങള്‍: പതിനെട്ട്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

നഗരത്തിൽ കൊലപാതകങ്ങൾ കൂടിയിട്ടുണ്ടെന്നത് അങ്കിളിന്റെ സ്ഥിരം ആവലാതിയാണ്. രാവിലെ ആദ്യത്തെ ചായയുടെ ഒപ്പം അദ്ദേഹം പത്രം വായിക്കുന്നു. ഒരു ട്രെയിൽ ചായകൂട്ടാനുള്ള കെറ്റിലും, പാലും പഞ്ചസാരയുമുള്ള പാത്രങ്ങളും ഒരു കപ്പും സോസറുമായി രേണു ബാൽക്കണിയിൽ കൊണ്ടുപോയി വയ്ക്കുന്നു. അങ്ക്ൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ചായകൂട്ടി കുടിക്കുന്നു. ഒരു മൂന്നു കപ്പ് ചായ അകത്താക്കുമ്പോഴേയ്ക്ക് പത്രം മുഴുവൻ വായിച്ചു തീർന്നിട്ടുണ്ടാകും.

‘അപർണ്ണാ...’ അദ്ദേഹം വിളിച്ചു.

അവൾക്ക് ഉറക്കച്ചടവു മാറിയിരുന്നില്ല. ചായകുടി നിർത്തി അവൾ ബാൽക്കണിയിലേയ്ക്ക് പോയി.

‘എന്താണ് അങ്ക്ൾ?’

സാധാരണ അങ്ങിനെ വിളിക്കാറുണ്ട്. അപ്പോഴാണ് അവളുടെ അന്നത്തെ പരിപാടിയെക്കുറിച്ചൊക്കെ അദ്ദേഹം ചോദിക്കാറുള്ളത്.

‘നിന്റെ പ്രൊഡ്യൂസർ ഒരു സിന്ധിയല്ലേ?’ അവൾ തലയാട്ടിയപ്പോൾ അദ്ദേഹം തുടർന്നു. ‘ചൈനാനി?’ അവൾ വീണ്ടും തലയാട്ടി.

‘അയാളുടെ മകൻ മരിച്ചു.’

‘എങ്ങിനെ?’ അവൾ പേപ്പർ തട്ടിപ്പറിച്ചു.

ഒന്നാമത്തെ പേജിൽത്തന്നെ വലിയ അക്ഷരത്തിൽ വാർത്ത കൊടുത്തിരിക്കുന്നു. ഫിലിം പ്രൊഡ്യൂസർ ചൈനാനിയുടെ മകനും സ്‌നേഹിതനും വെടിയേറ്റ് മരിച്ചു. അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു. ചൈനാനിയ്ക്ക് രണ്ടു മക്കളുണ്ടായിരുന്നുവെന്നറിയാം. മൂത്തവൻ രണ്ടു വർഷം മുമ്പ് മരിച്ചുവെന്നും. അവൾ വായിക്കാൻ തുടങ്ങി. ചൈനാനിയുടെ മകൻ രാകേഷും സ്‌നേഹിതൻ മഹേഷും അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഖാറിലെ ലിങ്ക് റോഡിൽ വച്ചാണ് സംഭവം. കാറിൽ വരികയായിരുന്ന രണ്ടു പേരേയും എതിർ വശത്തുനിന്നു കാറിൽ വന്ന രണ്ടുപേർ കാർ നിർത്തി നിറയൊഴിക്കുകയായിരുന്നു. രണ്ടുപേരും ഉടനെ മരിച്ചു. അക്രമികൾ വന്ന കാറിൽ ത്തന്നെ രക്ഷപ്പെട്ടു

താഴെ കൊടുത്ത ചിത്രത്തിൽ ഒരു വെള്ള അംബാസഡർ കാറിനുള്ളിൽ തല കുനിച്ച മട്ടിൽ രണ്ടുപേരുടെ ശവശരീരം. അപർണ്ണയുടെ കാലുകൾക്ക് ബലക്ഷയം പോലെ തോന്നി. അവൾ ആദ്യം ആലോചിച്ചത് അവളുടെ വിധിയെപ്പറ്റിയായിരുന്നു. തനിക്ക് ചെറിയതെങ്കിൽ ചെറിയ ഒരു ചാൻസ് സിനിമയിൽ കിട്ടുമെന്നായപ്പോൾ ഇങ്ങനെയും ഒരു കുഴപ്പം. ഇനി ചൈനാനി അദ്ദേഹത്തിന്റെ പ്ലാനുകൾ മാറ്റുമോയെന്ന് ആരു കണ്ടൂ. അവളുടെ കണ്ണുകൾ അപ്പോഴാണ് ആ രണ്ടു ഫോട്ടോകളിലേയ്ക്കു പതിഞ്ഞത്. അടുത്ത കോളത്തിൽ മരിച്ച രണ്ടു ചെറുപ്പക്കാരുടെ ഫോട്ടോകൾ കൊടുത്തിരുന്നു. പെട്ടെന്ന് അവൾക്ക് തല കറങ്ങുന്നതായി തോന്നി. ഒരു നിമിഷത്തി നുള്ളിൽ അവൾ ബോധം കെട്ട് നിലത്തു വീണു.

ബോധം വന്നപ്പോൾ അവൾ കട്ടിലിൽ കിടക്കുകയായിരുന്നു. അങ്ക്ൾ അടുത്തുതന്നെ ഇരിക്കുന്നുണ്ട്.

‘കീ ഹോലോ കീ?’ അദ്ദേഹം ചോദിച്ചു.

എന്താണുണ്ടായത്? അവൾക്ക് വീണ്ടും ബോധക്ഷയം വരുന്ന പോലെ തോന്നി. അങ്ക്ൾ വീണ്ടും കുറച്ച് വെള്ള മെടുത്ത് അവളുടെ മുഖം തുടച്ചു.

‘ഛി, ഛി, ഒരു വാർത്ത കണ്ട് ഇങ്ങിനെയായാലോ? ഇതൊക്കെ ഈ നഗരത്തിൽ എന്നും സംഭവിക്കണതല്ലെ? നിനക്ക് ഇത്രയും ധൈര്യമില്ലാതായോ.’

ചിത്രത്തിൽ കണ്ട രണ്ടുപേർ അംബാസഡർ കാറിൽ വന്ന് അവളെ ഉപദ്രവിച്ചവരായിരുന്നു. അയാൾ ചൈനാനി യുടെ മകനോ? അവരെ ആർ എങ്ങിനെ...

‘കുഴപ്പമില്ല അങ്ക്ൾ. ഇപ്പോൾ ശരിയായി.’

‘എനിക്ക് മനസ്സിലായി മോളെ.’ അയാൾ പറഞ്ഞു. ‘സാരംല്ല്യ. എഴുന്നേൽക്കു.’

അങ്കിളിന് ഒന്നും മനസ്സിലായിട്ടില്ലെന്ന് അവൾ ഓർത്തു. എന്തു കൊണ്ടോ അവൾക്ക് ഓർമ്മ വന്നത് സുനിലിന്റെ വാക്കുകളാണ്. ‘ദേ വിൽ പേ ഫോറിറ്റ്.’ അവർ വില കൊടുത്തു കഴിഞ്ഞു. പക്ഷേ എന്തു വില! ആരാണതു ചെയ്തിട്ടു ണ്ടാവുക? അവൾക്ക് സുനിലുമായി സംസാരിക്കണമെന്ന് തോന്നി. ചൈനാനിയോടും സംസാരിക്കണം. അവൾ കുളിച്ച് പുറത്തുപോകാൻ തയ്യാറെടുത്തു.

സാധാരണ വിളിക്കാറുള്ള ബൂത്തിൽ നിന്നു വിളിക്കാതെ അല്പം അകലെയുള്ള ബൂത്തിൽ നിന്നാണ് അവൾ വിളിച്ചത്.

‘ചൈനാനി ഫിലിംസ്.’ രഞ്ജിനിയുടെ ശബ്ദം കേട്ടു.

‘ചൈനാനി സാബുണ്ടോ.’

‘ഇല്ല, ആരാണ് സംസാരിക്കുന്നത്. ഇന്ന് സാബുണ്ടാവില്ല.’

‘ഇത് ഞാനാണ് അപർണ്ണ.’

‘ഓ, അപർണ്ണാജി വിവരമറിഞ്ഞില്ലേ.’

‘അറിഞ്ഞു.’

പത്തു മണിക്ക് വന്നോളു. കൺഡോലൻസ് പുസ്തകം ഇവിടെ വച്ചിട്ടുണ്ട്. ഒപ്പിട്ടുപോകാം.’

‘ചൈനാനി സാബിനെ കാണാൻ പറ്റില്ലേ?’

‘ഇന്നു പറ്റില്ല.’

‘ശരി.’

അവൾ സുനിലിന്റെ നമ്പർ വിളിച്ചു. അയാൾ അവിടെയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ രണ്ടാമത്തെ റിങ്ങിൽത്തന്നെ സുനിൽ ഫോണെടുത്തു.

‘ഹലോ, സുനിൽ ഹിയർ.’

‘ഇത് ഞാനാണ് അപർണ്ണ.’

‘ബോലോ അപർണ്ണ, ക്യാ ഹാൽ ഹെ.’

അവൾ ഒരു മിനുറ്റ് നിശ്ശബ്ദയായി. പിന്നെ ചോദിച്ചു. ‘നിങ്ങൾ പ്രവാചകനാണോ?’

‘നീ ചൈനാനിയെ വിളിച്ചോ.’

‘വിളിച്ചു, കിട്ടിയില്ല. പത്തു മണിക്ക് ചെന്നാൽ കൺഡോലൻസ് ബുക്കിൽ ഒപ്പിടാമെന്ന് പറഞ്ഞു രഞ്ജിനി.’

‘ഞാൻ നിതിന്റെ വീട്ടിലായിരുന്നു രാത്രി മുഴുവൻ. ഇപ്പോൾ തിരിച്ചെത്തിയിട്ടേ ഉള്ളൂ. ഹീയീസെ ടോട്ടൽ റെക്ക്. ആദ്യത്തെ മകൻ രണ്ടു കൊല്ലം മുമ്പാണ് പോയത്. അതൊരു ആക്‌സിഡണ്ടായിരുന്നു. ഇപ്പോഴിതാ രണ്ടാമത്തേതും.’

‘സുനിലിനു മനസ്സിലായോ ആരായിരുന്നു എന്നെ...’ അവൾ മുഴുവൻ പറഞ്ഞു.

‘എനിക്കറിയാം. ബിഗ് ബ്രദർ നോസ് എവിരിതിങ്. നീ ഇങ്ങോട്ടു വരൂ. നമുക്കൊപ്പം ചൈനാനിയുടെ ഓഫീസിൽ പോകാം.’

‘ശരി ഞാൻ പത്തു മണിയ്ക്ക് വരാം.’

‘ഞാൻ അപ്പോഴേയ്ക്കും ഒന്ന് കുളിച്ചു തയ്യാറാവാം.’

തിരിച്ച് വീട്ടിലേയ്ക്കു നടക്കുമ്പോൾ അവൾ ആലോചിച്ചു. സംഭവങ്ങൾ വളരെ വേഗത്തിലാണ് നടക്കുന്നത്. തനിക്കതുൾക്കൊള്ളാൻ കഴിയുന്നില്ല. ഒരു സംഭവം തന്റെ ഉള്ളിൽ ഒരു ആഘാതമുണ്ടാക്കി അതിൽനിന്ന് എഴുന്നേൽക്കുന്നതിനു മുമ്പുതന്നെ മറ്റൊന്നുണ്ടാവുന്നു. ഇങ്ങിനെ പോയാൽ എവിടെ എത്തും? ഇതാണോ താൻ ഉദ്ദേശിച്ച ജീവിതം? ജീവിതത്തെപ്പറ്റി അവൾ ആദ്യമായി ചിന്തിക്കാൻ തുടങ്ങി. അതിന്റെ നിരർത്ഥകതയെപ്പറ്റി. എന്താണ് സംഭവിക്കുക. തനിക്ക് ചൈനാനി ഒരു ചാൻസു തന്നു. അടുത്ത സിനിമയിൽ നായികസ്ഥാനം തന്നെ തന്നുവെന്നിരിക്കട്ടെ. താൻ ഒരു ഹിറ്റാവുന്നു. കൂടുതൽ പ്രൊഡ്യൂസർമാർ തന്നെ അന്വേഷിച്ചു വരുന്നു. കോൺ ട്രാക്ടുകൾ ഒപ്പിടുന്നു. കാൾ ഷീറ്റുകൾ. ഒന്നിനും സമയമില്ലാതെ ഒരു സെറ്റിൽനിന്ന് വേറൊരു സെറ്റിലേയ്ക്ക് ഓട്ടം. പണം വാരുന്നു. അതിനിടയ്ക്ക് തനിക്ക് രണ്ടു ദിവസം മുമ്പ് സംഭവിച്ചതുപോലെ അപകടങ്ങൾ. ദുരൂഹമായ ഈ തിരക്കഥയിൽ ജീവിതമെന്ന കഥാപാത്രത്തിന് എവിടെ സ്ഥാനം.

പാർകിങ് ലോട്ടിൽ വാച്ച്മാൻ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് കാർ പാർക്ക് ചെയ്തു അപർണ്ണ ഇറങ്ങി. കാർ പൂട്ടിയിട്ടി ല്ലേ എന്ന് പരിശോധിച്ച് അവൾ നടന്നു. ചൈനാനിയുടെ ഓഫീസിലേയ്ക്ക് യാത്ര സുനിലിന്റെ കാറിലായിരിക്കണം. ലിഫ്റ്റിൽ സംഗീതമുണ്ടായിരുന്നു. അവൾക്ക് അപ്പോൾ അത് കുറച്ച് അനവസരത്തിലുള്ളതായി തോന്നി. ഏഴാം നിലയിൽ ലിഫ്റ്റ് നിന്നു. അവൾ പുറത്തിറങ്ങി. സമയം, സിനിമയിൽ സ്ലോമോഷനിൽ കാണിക്കും പോലെ നീളുന്നതായി അവൾക്കു തോന്നി. ലിഫ്റ്റിൽനിന്ന് സുനിലിന്റെ വാതിൽക്കലെത്താൻ ഇത്രയധികം സമയമോ?

ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് സുനിൽ തന്നെയായിരുന്നു. അയാൾ അകത്തേയ്ക്കു നോക്കി ഹസീമിനോട് എന്തോ വിളിച്ചു പറഞ്ഞ് അവളുടെ ഒപ്പം ലിഫ്റ്റിലേയ്ക്കുതന്നെ നടന്നു.

ചൈനാനിയുടെ ഓഫീസിനു മുമ്പിലെ തിരക്ക് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു. നിറയെ ആൾക്കാർ, ഓഫീസ് കോമ്പൗണ്ടിന്നകത്തും പുറത്തും. അകത്തും പുറത്തും നിറയെ കാറുകൾ. കാമറയുടെ ഫ്‌ളാഷുകൾ. അവർ അകത്തേയ്ക്കു കയറി. ഫ്‌ളാഷുകൾ മിന്നി. സ്വീകരണമുറിയിൽത്തന്നെ രാകേഷിന്റെ ഒരു വലിയ ഫോട്ടോയ്ക്കു മീതെ പുഷ്പഹാരം. ഒരു വലിയ താലത്തിൽ പൂക്കൾ നിറച്ചിരുന്നു. വരുന്നവരെല്ലാം അതിൽനിന്ന് പുക്കളെടുത്ത് ഫോട്ടോവിനു താഴെ അർപ്പിച്ചു. സുനിലും ഒരു കുടന്ന പൂക്കളെടുത്ത് ഫോട്ടോവിലേയ്ക്ക് ഇട്ട് കൈകൂപ്പി. ഫ്‌ളാഷു കൾ മിന്നുന്നുണ്ടായിരുന്നു. അപർണ്ണ കുനിഞ്ഞ് പൂക്കളെടുത്തു ഫോട്ടോവിലേയ്ക്കു നോക്കി. ഈ മനുഷ്യനാണ് രണ്ടു ദിവസം മുമ്പ് തന്നെ കൊല്ലാൻ ശ്രമിച്ചത്. നാലുപേരുടെയും ഊഴം കഴിഞ്ഞപ്പോൾ അയാളാണ് പറഞ്ഞത്. ‘കതം കർദോ; നാതോ ഗുൽമാൽ ഹോജായഗാ.’

പിന്നീടുണ്ടായേക്കാവുന്ന കുലുമാലുകൾ ഒഴിവാക്കാൻ അവളെ കൊല്ലാൻ. ഉടനെ മറ്റൊരുത്തൻ അവളുടെ കഴു ത്തിൽ പിടിക്കുകയും ചെയ്തു. അവൾ ഉച്ചത്തിൽ അലറുന്നുണ്ടായിരുന്നു. ഭാഗ്യത്തിനാണ് വാച്ച്മാൻ വന്നതും അവർ നാലുപേരും ഓടി രക്ഷപ്പെട്ടതും. അവൾ സുനിലിന്റെ നേരെ നോക്കി. അയാൾ ഒന്നും പറയാതെ അവളെ ശ്രദ്ധിച്ചു നോക്കുകയാണ്. ഫ്‌ളാഷുകൾ മിന്നുന്നുണ്ടായിരുന്നു. അവൾ പൂക്കൾ ഫോട്ടോവിനു മുമ്പിൽ ഇട്ട് തിരി ഞ്ഞു നടന്നു.

അവർ അപ്പോൾത്തന്നെ മടങ്ങി.

‘വല്ലാത്തൊരു യോഗമാണ് എന്റേത്.’ അപർണ്ണ പറഞ്ഞു. സുനിൽ അവളെ ഒരു ചോദ്യത്തോടെ നോക്കി. അവർ എയ്ത്ത് റോഡിൽനിന്ന് മെയിൻ റോഡിലേയ്ക്കു കടക്കുകയാണ്.

‘എന്നെ ബലാൽസംഗം ചെയ്തശേഷം കൊല്ലുവാനുള്ള ഓർഡറും കൊടുത്ത ഒരു മനുഷ്യന്റെ ഫോട്ടോവിനു മുമ്പിൽ പുഷ്പമർപ്പിക്കുക. ലോകത്ത് ഒരു പെൺകുട്ടിയ്ക്കും ഈ ഗതികേട് ഉണ്ടായിട്ടുണ്ടാവില്ല.’

‘ശരിയാണ്.’ സുനിൽ പറഞ്ഞു.

‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ. രാകേഷിന്റെ മരണവും ദേ വിൽ പേ ഫോറിറ്റ് എന്ന സുനിലിന്റെ പ്രവചനവുമായി വല്ല ബന്ധവുമുണ്ടോ?’

‘നിനക്കെന്താണ് തോന്നുന്നത്?’

‘ഞാനാകെ ആശയക്കുഴപ്പത്തിലാണ്. എനിക്ക് എന്തൊക്കെയോ സംഭവിച്ചുകൊണ്ടിരിക്കയാണ്. ചുറ്റും നടക്കുന്ന തെല്ലാം ശരിക്കുള്ളതാണോ അതോ സ്വപ്നം കാണുന്നതാണോ എന്നുകൂടി സംശയമാകും വിധം ഞാൻ ആശയ ക്കുഴപ്പത്തിലാണ്.’

‘ഞാനൊരു ദൈവവിശ്വാസിയാണ്.’ സുനിൽ പറഞ്ഞു. ‘ഞാൻ അമ്പലങ്ങളിൽ പോകും പള്ളികളിൽ പോകും, ഗുരുദ്വാരകളിൽ പോകും. പ്രാർത്ഥിക്കും. അനീതികൾ എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്. അനീതികൾക്കെതിരായി നടപടിയെടുക്കാൻ ഞാൻ ദൈവത്തിന് ഒന്നല്ല പല അവസരവും കൊടുക്കും. ഒന്നും നടക്കുന്നില്ലെന്നു കണ്ടാൽ നീതിയ്ക്കായി ഞാൻ മറ്റ് ദൈവങ്ങളെ ആശ്രയിക്കുന്നു. അവർ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.’

‘ഏതാണാ ദൈവങ്ങൾ.’

സുനിൽ ഗെയ്റ്റു കടന്നു. അയാൾ പറഞ്ഞു. ‘ഇറങ്ങിക്കോളൂ.’ അവൾ ഇറങ്ങി.

‘പിന്നെ...’ സുനിൽ അവളോടു പറഞ്ഞു. ‘ഇന്നത്തെ പേപ്പറിൽ അഞ്ചാമത്തെ പേജിൽ മറ്റൊരു ന്യൂസുണ്ട്. അതു കൂടി വായിക്കണം.’

അയാൾ കാർ, പാർകിങ് ലോട്ടിലേയ്‌ക്കെടുത്തു. അപർണ്ണ ഒരു നിമിഷം അവിടെ നിന്നു. സുനിൽ വന്നു അവളുടെ കൈ പിടിച്ചു കുലുക്കി. ‘ശരി ഇനി കാണാം. ഞാൻ പോട്ടെ, കുറച്ചു തിരക്കുണ്ട്.’

‘ശരി.’