അയനങ്ങള്‍: പതിമൂന്ന്
അയനങ്ങള്‍: പതിമൂന്ന് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | അയനങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 44 |
ആരോടാണ് ഒന്ന് ഉള്ളുതുറന്ന് സംസാരിക്കുക. ആരുടെ മുമ്പിലാണ് തനിക്കൊന്ന് പൊട്ടിക്കരയാൻ സാധിക്കുക. ഒരു കാര്യം തീർച്ചയായിരിക്കുന്നു. പുതിയ മൂവി തന്നെപ്പോലെ നൂറുകണക്കിന് പെൺകുട്ടികളെ വിഴുങ്ങാൻ വലുപ്പ മുള്ളതാണ്. അങ്ങിനെയുള്ള സിനിമകളിൽ നായിക കഴിഞ്ഞാൽ പിന്നെയുള്ള സ്ഥാനം വളരെ ചുവട്ടിലായിരിക്കും. സുനന്ദയെ അവൾക്ക് ഇപ്പോൾ മുഴുവൻ മനസ്സിലായിരിക്കുന്നു. താൻ ഉയർന്നു വരാൻ അവർ സമ്മതിക്കില്ല. താൻ ഒരു ഭീഷണിയാണെന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞു. അവർക്ക് ചൈനാനിയുടെ മേലുള്ള പിടി കാര്യങ്ങൾ എളുപ്പ മാക്കുകയും ചെയ്യും. ചൈനാനി കനിഞ്ഞ് ഒരുമാതിരി നല്ല റോൾ തനിക്കു തരികയാണെങ്കിൽത്തന്നെ അതു തന്നിൽനിന്ന് തട്ടിപ്പറിച്ച് മറ്റേതെങ്കിലും നടിക്ക് കൊടുത്തുവെന്നു വരും. രണ്ടാം നിരയിൽ നടികൾക്ക് പഞ്ഞമൊന്നു മില്ല. ഇങ്ങിനെയൊരു മെഗാമൂവിയിൽ ഒന്നാം തരം നടികൾതന്നെ രണ്ടാംതരം റോൾ എടുക്കാൻ തയ്യാറാവും. കാരണം അവർക്ക് ഒരു സാധാരണ മൂവിയിൽ നായികയായി അഭിനയിച്ചാൽ കിട്ടുന്നതിനേക്കാൾ പ്രതിഫലം ഇതിൽനിന്ന് കിട്ടും.
താൻ എന്താണ് ചെയ്യേണ്ടത്? ഇങ്ങിനെയൊരു നിസ്സഹായത ജീവിതത്തിലുണ്ടായിട്ടില്ല. പ്രശ്‌നങ്ങൾ ഉണ്ടാവു മ്പോഴെല്ലാം ആരെങ്കിലും ആശ്വസിപ്പിക്കാൻ വന്നിരുന്നു. ഇപ്പോൾ താൻ അവരിൽനിന്നെല്ലാം അകന്നിരിക്കയാണ്. ഈ പ്രശ്‌നവും കൊണ്ട് അവരുടെയാരുടെ അടുത്തും ചെല്ലാൻ അവൾ തയ്യാറുമല്ല. തന്റെ പ്രതിച്ഛായ വളരെ പ്രധാനമാണ്. ഈ പ്രശ്‌നം പരിഹരിച്ചാലും തനിക്കൊരു ഭാവിയുണ്ട്. അന്ന് അവരാരും പറയരുത്. ‘കണ്ടില്ലേ...’
ഒരു മാതിരി വിജനമായ തെരുവുകളിലൂടെ അവൾ കാറോടിച്ചു കൊണ്ട് പോയി. ഇടയ്ക്കിടക്ക് മുമ്പിൽ വന്നുപെടുന്ന കടൽ അവളെ ആശ്വസിപ്പിച്ചില്ല. കടലിനെപ്പറ്റി വിനോദ് ചന്ദാനി പറഞ്ഞത് അവൾ ഓർത്തു. അവൾ എന്തുകൊണ്ടോ വിനോദിനെ വെറുത്തു. തന്നെ സഹായിക്കാൻ, താൻ വീണു കിടക്കുമ്പോൾ എഴുന്നേൽപ്പിക്കാൻ അയാളുണ്ടാവില്ലെന്ന് അവൾക്ക് ഉറപ്പായി. അയാൾ തന്നെ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. സിനിമയിൽ കടന്നു കൂടാനുള്ള തന്റെ വ്യഗ്രതയെ വൃത്തികെട്ട നിലയിൽ ചൂഷണം ചെയ്യുക. അതുകഴിഞ്ഞ് തന്റെ ഒപ്പം നിൽക്കുകയാണെങ്കിൽ ശരി. അങ്ങിനെയല്ല സംഭവിക്കുന്നത്. അര മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം അവൾ എത്തിയത് സുനിൽ താമസിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ പാർക്കിങ് ലോട്ടിലാണെന്നത് അവളെ അദ്ഭുതപ്പെടു ത്തിയില്ല. അവളുടെ മനസ്സിലെവിടേയോ ഒരഭയകേന്ദ്രമായി ആ കെട്ടിടവും ഏഴാം നിലയിലെ ഫ്‌ളാറ്റുമുണ്ടായിരുന്നു.
ഹസിം ആണ് വാതിൽ തുറന്നത്. അയാൾ സാധാരണമട്ടിൽ അതിഭവ്യതയോടെ അവളെ സീകരണമുറിയിലേയ്ക്ക് ആനയിച്ചു. ‘ആയിയേ അപർണ്ണാജീ... ചാ പീയേഗാ, നാ കുച്ച് ടണ്ടാ...’
‘ഒന്നും വേണ്ട.’
സുനിൽ പുറത്തുവന്നു. അയാൾ ഉറങ്ങുകയായിരുന്നു. അല്ലെങ്കിൽ വെറുതെ കിടക്കുകമാത്രം. അയാളുടെ മുഖം തീരെ പ്രസന്നമല്ല. അപർണ്ണയിരിക്കുന്ന സോഫയുടെ മറ്റെ അറ്റത്ത് വന്നിരുന്ന് അയാൾ അവളെ നോക്കി.
‘നിന്നെ ഞാൻ ഇപ്പോൾ പ്രതീക്ഷിച്ചില്ല.’ സുനിൽ പറഞ്ഞു. ‘എന്താണ് ഫോൺ ചെയ്യാതിരുന്നത്?’
‘ഞാൻ ചൈനാനിയെ കണ്ടിരുന്നു...’ അപർണ്ണ പറഞ്ഞു.
‘നിതിൻ എന്തു പറഞ്ഞു?’
അവൾ പറയാൻ തുടങ്ങി. സുനന്ദയെ ചൈനാനിയുടെ ഓഫീസിൽ വച്ച് കണ്ടതു തൊട്ട് അവൾ പറഞ്ഞു. ഒന്നും ചോർന്നു പോകാതെ, വാക്കുകളിൽ ഒട്ടും ക്ഷോഭം പ്രകടമാകാതെ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞുകൊണ്ടിരുന്നു. അതിനിടയ്ക്ക് ഹസിം രണ്ടു ഗ്ലാസ്സുകളിൽ തണുത്ത വെള്ളം കൊണ്ടു വന്ന് വെച്ചു.
‘സാബ് ഞാൻ മാർക്കറ്റിൽ പോക്വാണ്. കാറെടുക്കട്ടെ?’
സുനിൽ തലയാട്ടി. ഹസിം ഷോകേസിന്മേൽ വച്ച താക്കോലെടുത്ത് പുറത്തേയ്ക്കു പോയി. വാതിലടഞ്ഞപ്പോൾ സുനിൽ ചോദിച്ചു.
‘എന്നിട്ട്?...’
അപർണ്ണ ഗ്ലാസ്സിലെ വെള്ളമെടുത്ത് കുടിച്ചു. അവളുടെ തൊണ്ട വികാരക്ഷോഭംമൂലം വരണ്ടു പോയിരുന്നു.
‘ഞാനിനി എന്താണ് ചെയ്യേണ്ടത്?’ അവൾ ചോദിച്ചു.
‘തൽക്കാലം ഒന്നും ചെയ്യേണ്ട. കാര്യങ്ങൾ എങ്ങിനെ നീങ്ങുന്നുവെന്ന് നോക്കാം.’ സുനിൽ പറഞ്ഞു. ‘ചൈനാനി പുതിയ മൂവിയിൽ നിനക്ക് ചാൻസ് തരുമെന്നത് ഉറപ്പാണ്. ചൈനാനി അറിയാതെ സുനന്ദയെ കൈകാര്യം ചെയ്യേണ്ട തെങ്ങിനെയാണെന്ന് നുമുക്ക് നോക്കാം. എന്തായാലും ഇനിതൊട്ട് നീ പത്രങ്ങൾക്കൊന്നും ഇന്റർവ്യൂ കൊടുക്കണ്ട. ആരോടും ഇതിനെപ്പറ്റി സംസാരിക്കുകയും വേണ്ട. സമാധാനമായി പോകൂ.’
അവൾ എഴുന്നേറ്റു. സുനിൽ എഴുന്നേറ്റ് വന്ന് അവളുടെ കൈകൾ ഗ്രഹിച്ചുകൊണ്ട് വീണ്ടും പറഞ്ഞു.
‘സമാധാനമായി പോകൂ.’