close
Sayahna Sayahna
Search

അയനങ്ങള്‍: ഇരുപത്തിയൊന്ന്


അയനങ്ങള്‍: ഇരുപത്തിയൊന്ന്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

സൺ ഏന്റ് സാന്റിലെ സ്വിമ്മിങ്പൂളിന്റെ കരയിലിട്ട വെളുത്ത മേശകളിലൊന്നിൽ അവർ അഭിമുഖമായി ഇരുന്നു. കടലിൽ നിന്നുള്ള കാറ്റ് വളരെ സുഖകരമായിരുന്നു. സ്വിമ്മിങ്പൂളിൽ ആളുകൾ കുറവാണ്. ഒരു സായ്‌വും മദാമ്മയും മാത്രം. അവർ ഭാര്യാഭർത്താക്കന്മാരോ കാമുകരോ ആണ്. ഓരോ വട്ടം നീന്തിക്കഴിഞ്ഞാലും അവർ കോണിമേൽ തൂങ്ങിനിന്ന് ചുംബിക്കുകയും വീണ്ടും നീന്താൻ തുടങ്ങുകയും ചെയ്യും. വീണ്ടും തിരിച്ചുവന്ന് കണിശമായി... സുനിലിന് ദേഷ്യം പിടിച്ചു.

‘ഗുഡ് മോർണിങ് മിസ്റ്റർ മൽഹോത്ര.’ ഒരു സ്റ്റുവാഡ് അടുത്തു വന്നു. ‘മോണിങ് മേം.’

‘ഗുഡ് മോണിങ്.’

അയാൾ രണ്ട് മെന്യു കാർഡുകൾ അവരുടെ മുമ്പിൽ വച്ച് തിരിച്ചു പോയി.

‘നീ എന്താണ് കഴിക്കുന്നത്?’

‘നോക്കട്ടെ.’ അവൾ മെനു തുറന്നു.

‘നീ കാർ തിരിച്ചു കൊടുത്തത് നന്നായി.’ സുനിൽ പറഞ്ഞു. ‘ഇനി നിതിന് എന്തെങ്കിലും പ്ലാനുകളുണ്ടെങ്കിൽ അയാൾ നിന്നെ വിളിക്കും. അതുവരെ ഹോളിഡേ.’

അയാൾ മെനു തുറന്ന് ഒന്നോടിച്ചുനോക്കിയ ശേഷം അടച്ചു വച്ചു. അയാൾ അപർണ്ണയെ നോക്കി. അവൾ ഗൗരവമായി മെനു പഠിക്കുകയാണ്. പെട്ടെന്ന് അയാളുടെ ഉള്ള് സ്‌നേഹം കൊണ്ട് നിറഞ്ഞു. അയാൾ പറഞ്ഞു. ‘നോക്ക് അപർണ്ണ, അതിനിടയ്ക്ക് നമുക്കും ചിലതെല്ലാം പ്ലാൻ ചെയ്യാം. എന്തുകൊണ്ട് നമുക്ക് സ്വന്തമായി ഒരു സിനിമ എടുത്തുകൂടാ.’

‘നമുക്കോ, സ്വന്തമായോ?’ അവൾ അദ്ഭുതത്തോടെ സുനിലിനെ നോക്കി.

‘വൈ നോട്ട്? വലിയ ബജറ്റ് സിനിമകളൊന്നും പറ്റില്ല. എന്റെ ഒരു സ്‌നേഹിതന്റെ കയ്യിൽ ഒരു സ്‌ക്രിപ്റ്റുണ്ട്. വലിയ ചെലവില്ലാതെ ഉണ്ടാക്കാൻ പറ്റുന്ന ഒരെണ്ണം. വലിയ സെറ്റിങ്ങുകളൊന്നുമില്ല.’

‘അങ്ങിനത്തെ സിനിമകളാണ് നല്ലത്.’ അപർണ്ണ പറഞ്ഞു. ‘കഴിയുന്നത്ര ഔട്‌ഡോർ ഷൂട്ടിങ് മതി. സ്റ്റുഡിയോവിൽ വച്ചാവുമ്പോൾ വാടകയും മറ്റും കൊടുത്ത് മുടിയും.’

സുനിൽ അവളെ ആദരവോടെ നോക്കി. ‘നീ ഇപ്പോൾത്തന്നെ ഒരു വിദഗ്ദയായിട്ടുണ്ടല്ലോ. നിന്റെ തലയിലൊന്നുമില്ലെ ന്നാണ് ഞാൻ കരുതിയത്.’

‘ഒന്നുരണ്ട് അവാർഡുകൾ തരമാക്കാൻ എനിക്കാവും.’ സുനിൽ തുടർന്നു. ‘അതിൽത്തന്നെ ചെലവ് കഴിയും. ഒന്നുകിൽ ഞാൻ ഹീറോ. അതു ശരിയാവില്ലെന്നു തോന്ന്വാണെങ്കിൽ നമുക്ക് മറ്റാരെയെങ്കിലും വിളിക്കാം. പ്രതിഫലത്തിന് വല്ലാതെ ആർത്തിയില്ലാത്ത ഒന്നുരണ്ടു പേരെ എനിക്കറിയാം. നീ നായിക.’

സ്റ്റുവാഡ് ഓർഡറെടുക്കാൻ വന്നു.

‘കുറച്ചു കഴിയട്ടെ, തീർച്ചയാക്കിയിട്ടില്ല.’

‘ശരി സർ.’ അയാൾ പോയി.

‘ഹീറോ ആയി മറ്റാരും വേണ്ട. സുനിലിനെന്താണ് കുറവ്?’

‘പടം ഓടുകയും വേണം. കാരണം ഞാൻതന്നെയാണ് പണമിറക്കുന്നത്.’

‘ഓടാതെന്താണ്? കുറച്ചൊക്കെ മസാല ചേർക്കണം.’

‘അല്പം സെക്‌സും സ്റ്റണ്ടും അല്ലേ?’

‘അതെ.’

കടലിൽ നിന്ന് വരുന്ന കാറ്റിന് തണുപ്പ്. ഒരു ക്ലോക്കിന്റെ കണിശത്തോടെ ചുംബിക്കുന്ന ദമ്പതിമാർ സ്വമ്മിങ് പൂളിൽനിന്ന് അപ്രത്യക്ഷരായിരിക്കുന്നു. വേറെ മൂന്നുപേർ ആണ് ഇപ്പോൾ. രണ്ടു സ്ത്രീകളും ഒരു പുരുഷനും. അയാൾ വീണ്ടും വെറുതെ മെന്യുകാർഡ് തുറന്നു മറിച്ചു കൊണ്ടിരുന്നു.

അപർണ്ണ മെന്യു അടച്ചു വെച്ചു.

‘സുനിൽ, ഞാനൊരു കാര്യം പറയട്ടെ?’

അയാൾ ചോദ്യത്തോടെ മുഖമുയർത്തി.

‘നിങ്ങൾ ക്ലാർക് ഗേബിളിനെപ്പോലെയുണ്ട്.’

‘അതെന്റെ...’ അയാൾ നിർത്തി, അവളെ നോക്കി ചിരിച്ചു. അവളുടെ ചുണ്ടുകൾ നേരിയതാണ്. ഭംഗിയുള്ള നീണ്ട മൂക്ക്. തലമുടി നാലു ഭാഗത്തുനിന്നും മുകളിലേയ്ക്കു കയറ്റി നെറുകയിൽ കെട്ടിവച്ചകാരണം വെളുത്ത നിറമുള്ള നീണ്ട കഴുത്ത് മുഴുവൻ കാണാനുണ്ട്. കഴുത്തിനു പിന്നിലുള്ള നേരിയ ചെമ്പിച്ച രോമങ്ങൾ കാറ്റിലിള കുന്നു. അയാൾ പറഞ്ഞു.

‘നിനക്കറിയാമോ, നീ അതിസുന്ദരിയാണ്.’