close
Sayahna Sayahna
Search

അയനങ്ങള്‍: പതിനഞ്ച്


അയനങ്ങള്‍: പതിനഞ്ച്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

ബോധം വന്നപ്പോൾ അവൾ ഒരാശുപത്രി മുറിയിലായിരുന്നു. എന്താണുണ്ടായതെന്ന് മനസ്സിലാവാൻ അവൾക്ക് ഏതാനും നിമിഷങ്ങൾ എടുത്തു. പെട്ടെന്നവൾ ഭയന്നു നിലവിളിക്കാൻ തുടങ്ങി. ഒരു നഴ്‌സ് അകത്തേയ്ക്കു വന്നു. അവൾ അപർണ്ണയുടെ നെറ്റി തലോടി.

‘സാരമില്ല. ഇപ്പോൾ ആരുമില്ല. സമാധാനമായി കിടക്കു...’

‘ഞാനെവിടെയാണ്?’

‘ഒരു നഴ്‌സിങ്‌ഹോമാണ്. നിങ്ങളുടെ ആൾക്കാരെ വിവരമറിയിച്ചിട്ടില്ല. ഫോൺ നമ്പർ തന്നാൽ വിളിച്ചുപറയാം. അല്ലെങ്കിൽ നിങ്ങൾക്കുതന്നെ സംസാരിക്കാം.’

‘ആരാണെന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്?’

‘ഒരു വാച്ച്മാനാണ്. നിങ്ങളുടെ നിലവിളി കേട്ട് ഓടിച്ചെന്നതാണ്. യുവാർ ആൾറൈറ്റ് നൗ.’

ഒരു കാക്കിക്കുപ്പായക്കാരൻ ഓടിവരുന്നതു കണ്ടിരുന്നു. അതോടെ നാലുപേരും സ്ഥലം വിടുകയും ചെയ്തു. അപ്പോഴേയ്ക്കും അവൾ അബോധാവസ്ഥയിലെത്തിയിരുന്നു.

‘എനിക്കൊരു ഫോൺ തരാമോ. ഞാൻ വിളിക്കാം.’

‘ശരി.’ നഴ്‌സ് പുറത്തേയ്ക്കുപോയി, ഉടനെത്തന്നെ ഒരു ഫോണുമായി തിരിച്ചുവന്നു. പ്ലഗ്ഗ് ചുമരിലെ സോക്കറ്റിൽ കുത്തിയശേഷം അവൾ ഫോൺ അപർണ്ണയ്ക്കു കൊടുത്തു.

ആരെ വിളിക്കും. അങ്ക്‌ളിനെ വിളിക്കാൻ വയ്യ. പിന്നെ ആരാണുള്ളത്. ആരുമില്ല. ആരെയും അറിയിക്കേണ്ട. ഈ നാണക്കേട് തന്നിൽത്തന്നെ ഒടുങ്ങട്ടെ. പക്ഷേ നഴ്‌സിങ്‌ഹോമിൽ നിന്നു പുറത്തു കടക്കണമെങ്കിൽ അവരുടെ ബിൽ കൊടുക്കേണ്ടിവരും. തനിക്ക് ആരെയെങ്കിലും അറിയിക്കാതെ നിവൃത്തിയില്ല. അവൾ ഡയൽ ചെയ്യാൻ തുടങ്ങി.

ഫോണിന്റെ മറുവശത്തുനിന്ന് സുനിലിന്റെ ശബ്ദം കേട്ടു. അപർണ്ണയ്ക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. അവൾ തേങ്ങിത്തേങ്ങിക്കരയുകയാണ്.

‘എന്തുപറ്റി മോളെ, എന്താണുണ്ടായത്? വല്ല അപകടവുമുണ്ടായോ? നീയെവിടെയാണ്...’

‘ഞാനിവിടെ ഒരു നഴ്‌സിങ്‌ഹോമിലാണ്. ഒന്ന് വരൂ, ഉടനെ...പേരോ? ഒരു മിനിറ്റ്.’ അവൾ നഴ്‌സിനോട് ചോദിച്ച ശേഷം തുടർന്നു. ‘ചോപ്രാ നഴ്‌സിങ് ഹോം. അന്തേരിയിലാണ്. ഒന്ന് വേഗം വരൂ. എന്നെ സഹായിക്കൂ.’

‘നീയൊന്ന് പരിഭ്രമിക്കാതിരിക്കൂ. എനിക്കറിയാം. ഡോ. അരുൺ ചോപ്രയുടെതാണ്. ഞാൻ അടുത്തറിയുന്ന ആളാണ്. ഞാനിപ്പോൾത്തന്നെ അവിടെ എത്താം.’

സുനിൽ വന്നത് ഡോ. ചോപ്രയുടെ ഒപ്പമാണ്. അയാൾ അടുത്ത് വന്ന് അവളുടെ തലമുടി തടവി.

‘സാരമില്ല മോളെ. സബ്ബ് ഠീക് ഹോജായെഗാ.’ തിരിഞ്ഞ് ഡോക്ടറോട് അയാൾ പറഞ്ഞു. ‘ഞാൻ ഒറ്റയ്ക്ക് ഇവളോട് സംസാരിക്കട്ടെ.’

‘ഷീയീസ് സ്റ്റിൽ ഇൻ ട്രോമ.’ ഡോക്ടർ പറഞ്ഞു. ‘ബീ കേർഫുൾ.’

ഡോക്ടർ പോയി. സുനിൽ നഴ്‌സിനെ നോക്കി. അവരും പോയി. അയാൾ കട്ടിലിന്നടുത്തിട്ട കസേലയിൽ ഇരുന്നു. അപർണ്ണയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. സുനിൽ അവളുടെ കൈപിടിച്ച് വാത്സല്യത്തോടെ തടവി. ‘കമോൺ അപർണ്ണ, നിനക്ക് ഇതിലധികം ധൈര്യമുണ്ട്.

സാവധാനത്തിൽ, വളരെ സാവധാനത്തിൽ അയാൾ എന്താണ് നടന്നതെന്ന് അപർണ്ണയോട് ചോദിച്ചു മനസ്സി ലാക്കി. അംബാസിഡർ കാറിന്റെ നമ്പർ അവൾക്ക് ഓർമ്മയുണ്ടായിരുന്നു. അവളെ ഉപദ്രവിച്ച നാലു പേരുടെ മുഖഛായയും. സുനിലിന്റെ മുഖം ഭീകരമാകുന്നത് അപർണ്ണ കണ്ടു.

‘ദേ വിൽ പേ ഫോറിറ്റ്.’ അയാൾ പല്ലു കടിച്ചുകൊണ്ട് പറഞ്ഞു.

‘നമുക്ക് നാളെ പോകാം.’ സുനിൽ പറഞ്ഞു. ‘നാളേയ്‌ക്കേ നീ നോർമലാവൂ എന്നാണ് ഡോക്ടർ പറയുന്നത്. പിന്നെ ഒരു കാര്യം നമ്മൾ ഇതൊന്നും പുറത്താക്കുന്നില്ല. എന്തോ ഭാഗ്യത്തിനാണ് നിന്നെ ഇവിടെത്തന്നെ കൊണ്ടുവന്നത്. നിന്നെ ഉപദ്രവിച്ചവരുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം.’

അയാൾ എഴുന്നേറ്റു, കുമ്പിട്ടുകൊണ്ട് അവളുടെ നെറ്റിമേൽ ചുംബിച്ചു.

‘ഞാൻ നാളെ വരാം.’

അയാൾ പോയി. അങ്കിളിനോട് എന്താണ് പറയുകയെന്ന് അവൾ ആലോചിച്ചു. രണ്ടു ദിവസം മുമ്പുമാത്രം ഒരു രാത്രി വീട്ടിൽ നിന്ന് വിട്ടുനിന്നു. ഇപ്പോൾ ഇതാ വീണ്ടും. അങ്ങിനെയൊരു കീഴ്‌വഴക്കമുണ്ടാക്കിയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. അതുകൊണ്ട് രാത്രിക്കുള്ളിൽത്തന്നെ അവൾക്ക് വീട്ടിൽ തിരിച്ചെത്തണമെന്നുണ്ട്. അവൾ സുനിലിനെ തിരിച്ചുവിളിച്ചു.

‘ഞാൻ ഇന്നു വൈകുന്നേരംതന്നെ വീട്ടിൽ പോട്ടെ? നാളെ വരാം.’

സുനിൽ ഒരു നിമിഷം ആലോചിച്ചു. ‘ശരി, ഞാൻ ഡോക്ടറോട് ചോദിക്കട്ടെ. പിന്നെ കാറിന്റെ താക്കോൽ തരൂ. ഞാനത് നഴ്‌സിങ ് ഹോമിലേയ്ക്കു കൊണ്ടുവരാം.’

സുനിൽ മേശപ്പുറത്തിരിക്കുന്ന ഹാന്റ്ബാഗ് തുറന്നു താക്കോലെടുത്തു പുറത്തുപോയി.

അഞ്ചു മിനിറ്റുകഴിഞ്ഞ് തിരിച്ചു വന്ന് അയാൾ പറഞ്ഞു. ‘ശരി. നമുക്ക് വൈകുന്നേരം പോകാം. ഞാൻ ഒരു ആറു മണിക്ക് വരാം.’

അവൾ ആശ്വസിച്ചു. സുനിലിനോട് എങ്ങിനെയാണ് നന്ദി പറയേണ്ടതെന്ന് അവൾക്കറിയില്ലായിരുന്നു. ആ മനുഷ്യൻ എന്തിനാണ് തനിക്കു വേണ്ടി കഷ്ടപ്പെടുന്നത്. ഡോക്ടർ ഉറങ്ങാനുള്ള മരുന്ന് തന്നിട്ടുണ്ടെന്നു തോന്നുന്നു. അവൾ മയക്കത്തിലായി.

വാച്ച്മാൻ ഗെയ്റ്റിന്നരികെ നിൽക്കുന്നുണ്ടായിരുന്നു. സുനിൽ തന്റെ ഹെരാൾഡ് അപർണ്ണയുടെ കാറിനു പിന്നിൽ നിർത്തി, അയാൾക്കു നേരെ നടന്നു. വാച്ച്മാൻ കുറച്ചു പരിഭ്രമിച്ചതായി തോന്നി.

‘സാബ്?...’

‘നിങ്ങളാണോ ആ പെൺകുട്ടിയെ രക്ഷിച്ചത്?’

‘അതേ സാബ്...’അയാൾ സംശയിച്ചുകൊണ്ട് പറഞ്ഞു.

‘നല്ല കാര്യമാണ് ചെയ്തത്. അവൾ എന്റെ കുട്ടിയാണ്. അവർ പിന്നീട് വന്നുവോ?’

‘ഇല്ല സാബ്. അവർ വരുമെന്ന് തോന്നുന്നില്ല.’

‘ശരി, എന്തായാലും ഇതിരിക്കട്ടെ.’ സുനിൽ കീശയിൽനിന്ന് നൂറിന്റെ രണ്ടു നോട്ടുകൾ എടുത്ത് അയാളുടെ കൈയിൽ വച്ചു കൊടുത്തു. ‘മറ്റൊരു കാര്യം. ഇങ്ങിനെയൊരു സംഭവം ഇവിടെ നടന്നിട്ടില്ല. മനസ്സിലായോ?’

‘ശരി സാബ്.’

‘നിങ്ങൾക്ക് ഡ്രൈവിങ് അറിയാമോ?’

‘അറിയാം സാബ്.’

‘എങ്കിൽ ഈ കാറ് നഴ്‌സിങ്‌ഹോമിന്റെ പാർക്കിങ് ലോട്ടിൽ കൊണ്ടു പോയി ഇടണം. ഞാൻ ഒപ്പം വരാം.’ അയാ ൾ കാറിന്റെ താക്കോൽ വാച്ച്മാന് കൊടുത്തു.

ഫ്‌ളാറ്റിലെത്തിയ ഉടനെ സുനിൽ ചെയ്തത് ഹസീമിനെ ബീയർ വാങ്ങാനായി പറഞ്ഞയക്കുകയായിരുന്നു. പിന്നെ ഫോണെടുത്തു കറക്കി. ഒന്ന് കുളിക്കണം. രണ്ടു കുപ്പി ബീയർ കുടിച്ച് ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങണം. അതുകഴിഞ്ഞ് വൈകുന്നേരം അപർണ്ണയെ കൂട്ടാൻ അന്തേരിക്ക് പോകണം.

‘ഹലോ... ഇത് സുനിലാണ്. അതെ, നിന്നെ ഒന്ന് കാണണം... അതെ അത്യാവശ്യമാണ്. ഒരു കാര്യം പറയാ നാണ്... എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയെ നാലുപേർ കൂടി നശിപ്പിച്ചു. ആരൊക്കെയാണെന്നു മനസ്സി ലായോ... അതെ അവർ തന്നെ. ഞാനങ്ങോട്ട് വരാം. അല്ലെങ്കിൽ വേറെ എവിടെയെങ്കിലും വച്ച്... എവിടെ?... മൈ ഗുഡ്‌നെസ്സ്, അവിടെയോ? ഞാനൊരു ടാക്‌സിയിൽ വരാം... കാറെടുക്കുന്നില്ല...രാത്രി എട്ടിന്...’

സുനിൽ ഫോൺ വച്ച് കുളിക്കാനായി ബാത്ത്‌റൂമിൽ കയറി.