അയനങ്ങള്‍: എട്ട്
അയനങ്ങള്‍: എട്ട് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | അയനങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 44 |
ചൈനാനിയോട് സംസാരിക്കാൻതന്നെ സുനന്ദ തീർച്ചയാക്കി. മാധ്യമങ്ങളിലെ കഥകൾ വളരെ വീർപ്പുമുട്ടിക്കുന്ന താണ്. അപമാനകരമാണ്. ഒന്നുകിൽ അയാൾ കാര്യം വ്യക്തമാക്കണം, അല്ലെങ്കിൽ മാധ്യമങ്ങളിൽ വേണ്ട തിരുത്തലു കൾ കൊടുക്കണം. അവൾ ചൈനാനിയുടെ നേരിട്ടുള്ള നമ്പർ ഡയൽ ചെയ്തു. സുനന്ദയടക്കം വളരെ കുറച്ചുപേരു ടെ കയ്യിലേ ഈ നമ്പറുള്ളൂ.
‘നിതിൻജി, ഇതു ഞാനാണ് സുനന്ദ.’
‘എനിക്കു മനസ്സിലായി ഇത്ര മധുരമായ ശബ്ദം വേറെ ആർക്കാണുള്ളത്?’
‘താങ്ക്‌സ് ഫോർ ദ കോംപ്ലിമെന്റ്‌സ്. എനിക്കൊന്നു കാണണമെന്നുണ്ടായിരുന്നു.’
‘ശരിയാണ്.’ ചൈനാനി പറഞ്ഞു. ‘നമ്മൾ കണ്ടിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയല്ലേ നീ വന്നത്. ശരിക്കും ഒരാഴ്ച. കാണേണ്ടത് എന്റേയും ആവശ്യമാണ്. ഇപ്പോൾ വരൂ.’
‘തിരക്കിലാണോ?’
‘സുനന്ദയ്ക്കുവേണ്ടി മാറ്റിവയ്ക്കാൻ പറ്റാത്ത തിരക്ക് എന്താണുള്ളത്?’
‘നിങ്ങളെന്നെ പ്രശംസകൊണ്ട് ശ്വാസം മുട്ടിക്കുന്നു.’
‘പ്രശംസ മാത്രം. ബാക്കിയുള്ള കാര്യങ്ങൾ നേരിൽ.’
ഈ മനുഷ്യൻ എന്തോ വലിയ കളിയിലാണ്. ഫോൺ താഴെ വച്ചു കൊണ്ട് സുനന്ദ വിചാരിച്ചു. അഭിനന്ദനങ്ങളും പ്രശംസയും പതിവാണ്. പക്ഷേ ഈ നിലയിൽ പതിവില്ലാത്തതാണ്. അപ്പോൾ എന്തെങ്കിലും കാണും. അവൾ പുറപ്പെ ടാൻ തുടങ്ങി.
റിസപ്ഷനിസ്റ്റ് സുനന്ദയെ കണ്ടപ്പോൾ എഴുന്നേറ്റ്, ചിരിച്ചുകൊണ്ട് പറഞ്ഞു.
‘ചൈനാനി സാബ് സുനന്ദാജിയെ കാത്തിരിക്കുന്നു.’
‘താങ്ക്‌സ്, രഞ്ജിനി.’
ചൈനാനി സാധാരണമട്ടിലോ അതിലധികമോ തന്നോട് സ്‌നേഹപൂർവ്വം പെരുമാറുന്നു. വാതിൽ കടന്ന ഉടനെ കസേലയിൽ നിന്ന് എഴുന്നേറ്റു വന്ന് ചൈനാനി അവളെ അരക്കെട്ടിലൂടെ പിടിച്ചടുപ്പിച്ച് ചുംബിച്ചു. അദ്ദേഹത്തിന് ചുംബനത്തിന്റെ അവസ്ഥയിൽ എത്തണമെങ്കിൽ സാധാരണ നിലയിൽത്തന്നെ രണ്ടു പെഗ്ഗെങ്കിലും അകത്തു ചെല്ലണം. അദ്ദേഹത്തെ വിസ്‌കിയുടെ മണമുണ്ടായിരുന്നില്ല.
‘എന്തു പറ്റീ ഇന്ന്?’ സുനന്ദ അമ്പരപ്പോടെ അന്വേഷിച്ചു.
‘ഇന്നു ഞാൻ സുനന്ദയെ അദ്ഭുതപ്പെടുത്തുവാൻ പോകുന്നു. എ ലിൽ ബിറ്റോഫ് സസ്‌പ്പെൻസ്.’
കസേലയിൽ ഇരുന്നു കഴിഞ്ഞപ്പോൾ സുനന്ദ തന്റെ കൈസഞ്ചി തുറന്ന് ഏതാനും പേപ്പർ കട്ടിങ്ങുകൾ പുറത്തെ ടുത്ത് ചൈനാനിയ്ക്കു നീട്ടി.
‘ഇതിനെക്കുറിച്ചൊക്കെ എന്താണഭിപ്രായം?’
ചൈനാനി ആ കട്ടിങ്ങുകൾ വാങ്ങി ഒന്നോടിച്ചു നോക്കി അവ അവളുടെ മുമ്പിലേയ്ക്കുതന്നെ ഇട്ടു.
‘ട്രാഷ്.’
‘എന്നുവച്ചാൽ...?’
‘അവ വെറും ട്രാഷാണെന്നുതന്നെ. പുതുതായി നിയമിച്ച ഒരു പെൺകുട്ടിയല്ല കമ്പനിയുടെ പോളിസികളും പ്ലാൻസും നിർണ്ണയിക്കുന്നത്. പത്രക്കാർക്ക് അവളെക്കൊണ്ട് എന്തും പറയിക്കാം.’
‘ഇതിനൊരറുതി വേണമെന്ന് നിതിൻജിക്ക് തോന്നുന്നില്ലെ?’
‘ഉണ്ട്, ഉണ്ടാവുകയും ചെയ്യും. അപർണ്ണയോടു പറഞ്ഞിട്ടുണ്ട്, ഇനി മുതൽ പത്രക്കാർക്ക് ഇന്റർവ്യൂ കൊടുക്കരു തെന്ന്. കൊടുക്കുകയാണെങ്കിൽത്തന്നെ അത് മദൻ പറയുന്ന റിപ്പോർട്ടർക്കു മാത്രം. ഞാൻ മദനോടും പറഞ്ഞിട്ടുണ്ട്. ഞാനിത് നേരത്തെ പറയേണ്ടതായിരുന്നു. പക്ഷേ അവൾ ഇത്ര പെട്ടെന്ന് ഇതിനൊക്കെ പോകുമെന്ന് ഊഹിച്ചില്ല. അവളുടെ ഉത്സാഹം കാരണമാവാം, അല്ലെങ്കിൽ പത്രക്കാരുടെ വൾഗറായിട്ടുള്ള വഴികളുണ്ടല്ലോ സ്‌കൂപ്പുകളുണ്ടാ ക്കാൻ. അതാവാം.’
‘ചിലതെല്ലാം എനിക്ക് വളരെ ഡാമേജിങ് ആണ്.’
‘എനിക്കറിയാം, ഐ ആം സോറി ഡിയർ. നീ എന്താണ് കുടിക്കുന്നത്. അല്ലെങ്കിൽ നമുക്ക് ലഞ്ചിന് പുറത്തു പോവാം. ഞാൻ ഇന്ന് നിനക്കു വേണ്ടി ഫ്രീയാണ്.’
‘ശരി.’
‘നമുക്ക് ഓരോ ബിയർ അകത്താക്കി പുറത്തിറങ്ങാം.’
‘ഓകെ.’
ചൈനാനി ഇന്റർകോമിന്റെ ബട്ടൻ അമർത്തി.
‘രഞ്ജിനി, രണ്ടു ബീയർ കൊണ്ടുവരാൻ പറയൂ.’
‘ശരി, സർ.’
അഞ്ചു മിനുറ്റിനുള്ളിൽ ഒരു ട്രെയിൽ രണ്ടു ബീയറും രണ്ടു മഗ്ഗും ഒരു പ്ലെയ്റ്റിൽ വറുത്ത കശുവണ്ടിയുമായി യൂനിഫോമിട്ട പെൺകുട്ടി എത്തി. ബീയർ മഗ്ഗുകളിൽ ഒഴിച്ച് അവരുടെ മുമ്പിൽ വച്ച് അവൾ ഭവ്യതയോടെ മുറി വിട്ടു.
‘ചീയേഴ്‌സ്...’
‘ചീയേഴ്‌സ്.’
ബീയർ കുടിച്ചുകൊണ്ടിരിക്കേ പുതിയ പ്രൊഡക്ഷന്റെ കാര്യങ്ങൾ ചൈനാനി പറഞ്ഞുതുടങ്ങി. ഒരു മാസത്തിനകം ഷൂട്ടിങ് തുടങ്ങണം. വളരെ വലിയ സെറ്റുകൾ. നൂറോളം കഥാപാത്രങ്ങളുണ്ട്. ‘ചിലപ്പോൾ ഞാൻ ആലോചിക്കും, എന്തിനാണ് ഇത്ര വലിയ കാൻവാസ് തെരഞ്ഞെടുക്കുന്നതെന്ന്.’ ചൈനാനി തുടർന്നു. ‘പക്ഷേ ഇതു മറ്റാർക്കും ചെയ്യാൻ കഴിയാത്തതാണ്. ഒരു നിയോഗമാണ്. ഞാൻ തന്നെ ചെയ്യണം.’
ബീയർ കഴിഞ്ഞപ്പോൾ ചൈനാനി പറഞ്ഞു. ‘വരൂ.’
ചൈനാനിയുടെ സ്വകാര്യ മുറിയിൽ വീണ്ടും സുനന്ദയുടെ ഭയാശങ്കകൾ ഇല്ലാതായി. പക്ഷേ നൂറു ശതമാനവും ഇല്ലാതാക്കുന്ന പ്രകൃതക്കാരനുമല്ല ചൈനാനി. ഒരു പത്തു ശതമാനം അയാൾ വില പേശലിനു വേണ്ടി, ചുറ്റുപാടുകൾ തനിക്കനുകൂലമാക്കുന്നതിനു വേണ്ടി മാറ്റിവയ്ക്കാറുണ്ട്. പക്ഷേ വളരെക്കാലത്തിനുശേഷം അവൾ തന്റെ വഴിക്ക്, തനിക്ക് വേണ്ടുന്ന വിധം ചൈനാനിയുമായുള്ള ലൈംഗികബന്ധം നേടിയെടുത്തു.
കിടക്കയിൽ അന്യോന്യം കരവലയത്തിൽ കിടക്കുമ്പോൾ ചൈനാനി പറഞ്ഞു.
‘സുനന്ദ വീട്ടിൽ പോയി പറപ്പെടു. പന്ത്രണ്ടു മണിക്ക് ഞാൻ വന്ന് പിക്കപ്പ് ചെയ്യാം. നമുക്ക് ഷെറട്ടനിൽ ലഞ്ച്. യു ഷുഡ് ഡ്രെസ്സ് ടു കിൽ.’
ഷെറട്ടനു മുമ്പിൽ കാറിൽനിന്നിറങ്ങി ചൈനാനിയുടെ കൈയ്യിലൂടെ തന്റെ കൈ കോർത്ത് നടക്കുമ്പോൾ പെട്ടെന്ന് ഫ്‌ളാഷുകൾ മിന്നി. നിറയെ കാമറകൾ. ചൈനാനി കൈവീശി, സുനന്ദയും. അപ്പോൾ അതിനാണല്ലെ കൊല്ലാനായി വസ്ത്രം ധരിക്കണമെന്നു പറഞ്ഞത്. ചൈനാനി ഇതെല്ലാം പ്ലാൻ ചെയ്തിരിക്കുന്നു. താഴത്തെ നിലയിലെ റസ്റ്റോറണ്ടിൽ എത്തിയപ്പോഴാണ് ചൈനാനിയുടെ പ്ലാനിങ്ങിന്റെ ഗൗരവം ശരിക്കും മനസ്സിലായത്. റസ്റ്റോറണ്ടിൽ എല്ലാവരും എഴുന്നേറ്റ് കൈയ്യടിച്ച് അവരെ സ്വീകരിച്ചു. ഫ്‌ളാഷുകൾ മിന്നിക്കൊണ്ടിരുന്നു. വീഡിയോഗ്രാഫർമാർ കാമറയുമായി ഓടുന്നു. ഒരു പ്രസ്സ് കോൺഫറൻസായിരുന്നു അത്. മദൻസിങ്ങ് റിപ്പോർട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. പിന്നെ ചൈനാനി സുനന്ദയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി. മൂന്നു നായകന്മാരുള്ള ഒരു മെഗാമൂവിയിൽ നായികയായി സുനന്ദ അഭിനയിക്കുന്നു. കൈയ്യടികൾ, ഫ്‌ളാഷുകൾ. ചൈനാനി കുനിഞ്ഞ് സുനന്ദയുടെ കവിളിൽ ചുംബിച്ചു.