അയനങ്ങള്‍: പതിനൊന്ന്
അയനങ്ങള്‍: പതിനൊന്ന് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | അയനങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 44 |
രേണു പുറത്തേയ്ക്കു പോയതായിരുന്നു. അവൾ വന്നപ്പോഴേയ്ക്കും അപർണ്ണ ഒരുമാതിരി മനസ്വാസ്ഥ്യം വീണ്ടെടുത്തു. വലിച്ചെറിഞ്ഞ പത്രം വീണ്ടുമെടുത്ത് ചിത്രം ഒരിക്കൽക്കൂടി സൂക്ഷ്മമായി നോക്കി. ചൈനാനിയുടെ കൈകൾ സുനന്ദയുടെ അരക്കെട്ടിലാണ്. തൊട്ടടുത്ത് നിൽക്കുന്നത് ഡയറക്ടർ വിനോദ് ചന്ദാനി, അതിനുമപ്പുറത്ത് സുനിൽ മൽഹോത്ര. ചൈനാനിയുടെ ഇടത്തു വശത്തായി പി.ആർ.ഓ മദൻ സിങ്ങ്, പിന്നിലായി ചൈനാനിയുടെ പേഴ്‌സനൽ അസിസ്റ്റന്റ് രഞ്ജിനി. താഴെ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ചൈനാനിയുടെ മൾട്ടിസ്റ്റാറർ മെഗമൂവിയിൽ നായിക സുനന്ദ തന്നെ.
അപ്പോൾ...അപ്പോൾ വിനോദ് ഇന്നലെത്തന്നെ അറിഞ്ഞിരിക്കുന്നു. തന്റെ ഒപ്പം ഡിന്നർ കഴിക്കുമ്പോഴും, പിന്നെ അയാളുടെ ഫ്‌ളാറ്റിൽ വച്ച് തന്റെ ഒപ്പം കിടക്കുമ്പോഴും ഒക്കെ വിനോദിന്റെ കൈയ്യിൽ ഈ അറിവ്, തന്നെ തിരസ്‌ക രിച്ച വിവരം ഉണ്ടായിരുന്നു. എന്തുകൊണ്ടയാൾ അത് തന്നോട് പറഞ്ഞില്ല. അതുപോലെ സുനിലും അതെ, രാവിലെ കണ്ടപ്പോൾ തന്നോട് ഒന്നും പറഞ്ഞില്ല. ഇത് തന്നെ എത്രത്തോളം ബാധിക്കുന്ന കാര്യമാണെന്ന് ആരെക്കാളും നന്നായി അറിയുന്ന ആളാണ് സുനിൽ മൽഹോത്ര. ഒരുപക്ഷേ രാവിലെയുണ്ടായ അപകടം കാരണം അയാൾ സംസാരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല. സുനിലിനെ കുറ്റക്കാരനാക്കാൻ അവൾക്ക് തോന്നുന്നില്ല. മറിച്ചാണ് വിനോദിന്റെ സ്ഥിതി. അയാൾക്ക് പറയാമായിരുന്നു.
അതുപോലെ ചൈനാനിക്കും തന്നെ വിളിച്ച് സംസാരിക്കാമായിരുന്നു. എന്തെങ്കിലും കാരണം പറഞ്ഞ്, അതു കൊണ്ട് താൻ സുനന്ദയെത്തന്നെ നായികയാക്കുകയാണെന്ന് പറഞ്ഞാൽ മതിയായിരുന്നു. അങ്ങിനെയായിരു ന്നെങ്കിൽ തനിക്ക് ഇപ്പോഴത്തെ അത്ര വിഷമമുണ്ടാവില്ലായിരുന്നു. ഇപ്പോൾ താൻ ശരിക്കും തഴയപ്പെട്ടപോലെ തോന്നുകയാണ്.
അവൾ പുറത്തേയ്ക്കിറങ്ങി. ഫോൺ ചെയ്യണം. മിസ്സിസ്സ് പാണ്ഡേയുടെ വീട്ടിൽ നിന്ന് ഈവക കാര്യങ്ങൾ സംസാരിക്കാൻ വയ്യ. ഏതെങ്കിലും ബൂത്തിൽത്തന്നെ പോകണം. അങ്ക്ൾ ബുക്കു ചെയ്ത ഫോൺ എപ്പോഴാണാ വോ കിട്ടാൻ പോകുന്നത്.
വിനോദ് വീട്ടിലുണ്ടായിരുന്നു. അപർണ്ണയുടെ പ്രശ്‌നങ്ങൾ അയാൾക്ക് മനസ്സിലാവുന്നില്ല. അയാളെ ബാധിക്കു ന്നില്ലെന്നു പറയുകയാവും ഭംഗി. അവൾ ചോദിച്ചു.
‘എന്തുകൊണ്ടത് തലേന്നു പറഞ്ഞില്ല?’
‘എന്തിന് നല്ലൊരു സായാഹ്നം നശിപ്പിക്കണം.’ അയാൾ മറുപടി പറഞ്ഞു. അപർണ്ണ നിശ്ശബ്ദയായി.
പുതിയ സിനിമയിൽ നായികയാവുമെന്നൊക്കെ താൻ പറഞ്ഞത് കേട്ടു തലകുലുക്കിയപ്പോഴെല്ലാം അയാൾക്ക് അറിയാമായിരുന്നു അന്ന് ഉച്ചയ്ക്കുതന്നെ ഈ പെണ്ണിന്റെ വിധി നിർണ്ണയിക്കപ്പെട്ടു എന്ന്. അയാൾ ഉള്ളിന്റെ ഉള്ളിൽ ചിരിച്ചിട്ടുണ്ടാവും. അപർണ്ണ അമർഷത്തോടെ വിചാരിച്ചു.
‘ഇനി എപ്പോഴാണ് കാണുന്നത്? നാളെ ബീച്ചിൽത്തന്നെയാണ് ഷൂട്ടിങ്. വരുന്നോ?’
‘ഇല്ല.’ അവൾ ഫോൺ വെച്ചു.
അവൾ സുനിലിന്റെ നമ്പർ കറക്കി. ഭാഗ്യത്തിന് അയാൾ വീട്ടിലുണ്ടായിരുന്നു.
‘ഇതു ഞാനാണ് അപർണ്ണ.’
‘അപർണ്ണാ, എന്തു വിശേഷം, പറയൂ.’
‘എന്തു വിശേഷം. നിങ്ങളൊക്കെക്കൂടി എന്നെ തഴഞ്ഞു അല്ലെ?.’
സുനിൽ നിശ്ശബ്ദനായി. അവൾ തുടങ്ങി. തുടങ്ങിയെന്നു പറയുന്നത് വളരെ സൗമ്യമായ വാക്കായിരുന്നു. ഒരുതരം ബോംബാക്രമണമായിരുന്നു അത്. സുനിൽ എല്ലാം കേട്ടിരുന്നു. ഒരക്ഷരം ഉരിയാടലുണ്ടായില്ല. കുറേ നേരം പറഞ്ഞു കഴിഞ്ഞപ്പോൾ തന്റെ ആയുധങ്ങളെല്ലാം തീർന്നെന്ന് അപർണ്ണയ്ക്കു മനസ്സിലായി. അവൾ നിർത്തി.
‘എല്ലാം പറഞ്ഞു കഴിഞ്ഞോ.’ സുനിൽ ശാന്തനായി ചോദിച്ചു. അപർണ്ണ ഒന്നും പറയാതെ റിസീവർ പിടിച്ചുകൊണ്ട് നിന്നു. അവളുടെ കവിളിൽക്കൂടി കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.
‘ഒരു കാര്യം അപർണ്ണ മനസ്സിലാക്കണം. എനിക്ക് നിന്നെ ഇഷ്ടമാണ്. ഈ വക ശകാരങ്ങളൊന്നും ആ സ്‌നേഹത്തെ ബാധിക്കില്ല. ഞാനിന്നലെ രണ്ടു വട്ടം നിന്നെ വിളിക്കാൻ ശ്രമിച്ചു. നീ ഡിന്നറിനു പോയതാണെന്നു പറഞ്ഞു. പിന്നെ ഇന്നു രാവിലെയും വിളിച്ചു. അപ്പോഴും നീ ഉണ്ടായിരുന്നില്ല. പിന്നെ നീ അറിഞ്ഞിട്ടുണ്ടാവുമെന്ന് കരുതി. കാരണം ഇന്നത്തെ പേപ്പറിൽ, ഒരുമാതിരി എല്ലാ പേപ്പറിലും ഈ വാർത്ത വളരെ വലുതായി വന്നിരുന്നു. നീ എന്റെ വീട്ടിൽ വന്നപ്പോൾ ബീച്ചിലെ അപകടമല്ലാതെ മറ്റൊരു വിഷമവും നിന്റെ മുഖത്ത് കണ്ടില്ല. അപ്പോൾ നീ സംഗതികളുമായി പൊരുത്തപ്പെട്ടിട്ടുണ്ടാവുമെന്ന് ഞാൻ കരുതി.’
അപർണ്ണ ഒന്നും പറയാതെ ഫോൺ പിടിച്ചു കൊണ്ട് നിൽക്കുക തന്നെയാണ്. സുനിൽ തുടർന്നു.
‘ഇനി നീ പറയൂ, എന്റെ തെറ്റെന്താണെന്ന്.’
ഒരു ദീർഘനിശ്വാസത്തിനുശേഷം അവൾ സംസാരിച്ചു.
‘എന്താണ് ഇങ്ങിനെയൊക്കെ വരാൻ?’
‘ആ ശവം ഇല്ലേ, സുനന്ദ, അതിന്റെ പണിയാണ്. ദാറ്റ് ബിച്ച്...’
‘ഐയാം സോറി സുനിൽ.’
നെവർ മൈന്റ് ഡിയർ. എല്ലാം വഴിയേ ശരിയാവും. നീ ഒരു സൂപ്പർ സ്റ്റാറാകും...’ കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ തുടർന്നു. ‘നിന്നെ ഞാനൊരു സൂപ്പർസ്റ്റാറാക്കും.’
‘ഞാനൊന്ന് ചൈനാനി സാബിനെ കണ്ടാലോ?’
‘നിതിനെ ഇടയ്ക്കിടക്ക് കാണുന്നത് നല്ലതാണ്. നിതിന് അതിഷ്ടമാണ്.’
‘ഞാൻ ഒറ്റയ്ക്കു പോയാൽ മതിയോ?’ പെട്ടെന്നവൾക്ക് ധൈര്യക്ഷയമുണ്ടായി. ഇന്നലെവരെ താൻ ലോകത്തിന്റെ മുകളിലാണെന്നവൾക്കു തോന്നിയിരുന്നു. ഇന്ന് പെട്ടെന്ന് വീഴ്ച സംഭവിച്ചിരിക്കയാണ്. ആ അറിവുമായി അവൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല.
‘മതി.’ സുനിൽ പറഞ്ഞു.