അയനങ്ങള്‍: ഇരുപത്
അയനങ്ങള്‍: ഇരുപത് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | അയനങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 44 |
മൂന്നുപേർ തന്നെ അമർത്തിപ്പിടിച്ചിരിക്കയാണ്. അവൾ കുതറുന്നു. നാലാമത്തവൻ തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റുകയാണ്. അവൾ ഉറക്കെ ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ശബ്ദം തൊണ്ടയിലെവിടേയോ ഉടക്കി നിൽക്കുന്നു. അവൾ വീണ്ടും കുതറാൻ ശ്രമിച്ചു. പെട്ടെന്നവൾ കണ്ണു തുറന്നു. ഉണർന്നപ്പോൾ ആദ്യം കണ്ടത് അങ്കിളിനെയായി രുന്നു. പിന്നിൽ സുനിലും രേണുവും. ആശുപത്രിയിലാണ്. കാര്യങ്ങളുടെ സ്ഥിതി മനസ്സിലാക്കാൻ അവൾക്ക് കുറച്ചു സമയമെടുത്തു. അവളുടെ കവിളിൽക്കൂടി കണ്ണീരൊലിച്ചിറങ്ങി.
‘എന്തിനാ മോള് ഇങ്ങിനെയൊക്കെ ചെയ്തത്?’ അങ്ക്ൾ ചോദിച്ചു. ‘എന്തോ ഭാഗ്യത്തിന് രേണു പണമെടുക്കാൻ മറന്നു. അവൾ തിരിച്ചു വന്നപ്പോൾ വാതിൽ തുറക്ക്ണില്ല്യാന്നു കണ്ടപ്പോൾ മിസ്സിസ്സ് പാണ്ഡേയുടെ അടുത്തു പോയി ബഹളമുണ്ടാക്കി. അതുകൊണ്ട് എന്റെ മോള് രക്ഷപ്പെട്ടു.
‘ഇപ്പോൾ എങ്ങിനെയുണ്ട്?’ സുനിൽ ചോദിച്ചു. അയാൾ അവളുടെ തലമുടിയിൽ തലോടി. ‘ഇങ്ങിനെയൊന്നും ചെയ്യാൻ പാടില്ല മോളെ. ഇതൊക്കെ ഒരു സിനിമാതാരമായി വിജയിച്ച് വർഷങ്ങൾ കഴിഞ്ഞ് ചെയ്യേണ്ട കാര്യമാണ്. തുടങ്ങുന്നതിനു മുമ്പുതന്നെ വേണ്ടതല്ല. കാര്യങ്ങൾക്കൊക്കെ അതിന്റേതായ ഒരു ക്രമമില്ലെ. അതു തെറ്റിക്കാൻ പാടില്ല.’
സുനിലിന്റെ മുഖത്ത് ചിരിയൊന്നുമില്ല. എന്തുകൊണ്ടോ താൻ ജീവിച്ചിരിക്കുന്നു എന്നതിൽ അവൾക്ക് ആശ്വാ സം തോന്നി. അവൾ അയാളുടെ കൈ പിടിച്ചമർത്തി.