56
56 | |
---|---|
ഗ്രന്ഥകർത്താവ് | യു നന്ദകുമാർ |
മൂലകൃതി | 56 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2014 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 49 |
കഥയ്ക്ക മുഖവുര ആവശ്യമില്ല എന്നതുകൊണ്ടും, അങ്ങനെ ഒന്നു വേണമെന്ന് എനിക്കു വിശ്വാസമില്ലാത്തതുകൊണ്ടും നമുക്കു നേരെ കഥയിലേക്കുതന്നെ കടക്കാം. അനുസ്യുതമായി പ്രവഹിക്കുന്നുവെന്നു പറയപ്പെടുന്ന ജീവിതത്തില്‍ സംഭവങ്ങള്‍ ഇല്ലാതായി നിശ്ചലമാകുന്നതിനാ ലോ സംഭവങ്ങള്‍ ആവര്ത്തിക്കപ്പെടുന്നതിനാലോ ആണല്ലോ വിരസതയുണ്ടാകുന്നത്, (സായിപ്പ് ഇതിനെ ‘ബോര്‍ഡം’ എന്നു വിളിക്കുന്നു. കൊളിന്‍സ്–കോബില്ഡ് നിഘണ്ടുവിന്റെ പുതിയ പതിപ്പില്‍ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.) ടി വിരസത അകറ്റുവാന്‍ കണ്ടുപിടിക്കപ്പെട്ട ജൈവോപാധിയത്രെ അമ്പത്തിയാറ് എന്നറിപ്പെടുന്ന ചീട്ടുകളി. അവചാരിതമായി വീണുകിട്ടിയ അവധിദിനങ്ങള്‍ തളളിനീക്കാനാവാതെ ഞാനും സുഹൃത്തുക്കളും വിരസതയുടെ ആഘാതത്തില്‍ പൊട്ടിക്കരഞ്ഞുപോയി. കണ്ണീരില്‍ക്കുതിര്‍ന്ന വസ്ത്രങ്ങള്‍ പിഴിഞ്ഞുണക്കി വീണ്ടു മുടുത്തപ്പോഴാണ് അമ്പത്തിയാറിനെക്കുറിച്ച് ബോധമുണ്ടായതും ഉടന്‍ പട്ടണത്തില്‍ പോയി രണ്ടു കുത്തു ചീട്ടു വാങ്ങിവന്നതും. കൂടുതല്‍ നാളുപകരിക്കട്ടെ എന്നു കരുതി പ്ലാസ്റ്റിക് ചീട്ടുകളാണ് വാങ്ങിയത് (പ്ലാസ്റ്റിക്കിന് കഥയില്‍ പ്രത്യേക സ്ഥാനമുള്ളതിനാലാണ് എടുത്തു പറയുന്നത്.)
കഥയ്ക്കു നിദാനമായ സംഭവങ്ങള്‍ വളരെപ്പെട്ടെന്നു നടക്കുന്നതാകയാല് അവയുടെ സംക്ഷിപ്ത രൂപം മാത്രമേ ഇവിടെ ചേര്‍ക്കാന്‍ സാധിക്കൂ. ഉദാഹരണത്തിന് ചീട്ടുകളിയുടെ ഉദ്ഭവത്തെക്കുറിച്ചോ സമൂഹത്തില്‍ അതിനുള്ള പ്രസക്തിയെക്കുറിച്ചോ അറിയണമെന്നുള്ളവര്‍ മറ്റു റഫറന്സ്ഗ്രന്ഥങ്ങള് വായിക്കേണ്ടതാണ്.
ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെചീട്ടുകളി പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപിടിത്തം നടത്തിയത്. സുഖദായകമായ രണ്ട് ഏമ്പക്കകത്തിനിടയില് ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരുന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലുകളുടെയും റെഡ് ലേബലുകളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര് ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്സ്പിയര്‍ രൂപകല്പന ചെയ്ത ഒഥല്ലോ – ഡസ്ഡമോണമാരുടേതുപോലൊരു പ്രേമനാടകമാണത് എന്നുമനസ്സിലാക്കാന്‍ ആര്‍ക്കാണു സാധിക്കാത്തത്? (ഷേക്സ്പിയറെ കേട്ടിട്ടില്ലാത്തവര്‍ ശ്രീമാന്മാര് കോളറിഡ്ജ്, ബ്രാഡ്ലി എന്നീ വിമര്ശകത്തൊഴിലാളികളുടെ മാനിഫെസ്റ്റോ വായിക്കുക.) ഒരു സ്ത്രീയും പുരുഷനും ആവശ്യത്തിലധികം സമയം ഒപ്പമിരിക്കുകയോ, സംസാരിച്ചു രസിക്കുകയോ ചെയ്താല്‍ സദാചാരബോധമുള്ള നമ്മുടെ സമൂഹം അസൂയകൊണ്ട് വീര്‍പ്പുമുട്ടുന്നത് നാം കാണുന്നതാണല്ലോ. നമ്മുടെ സ്ക്കൂളുകളിലെ താഴ്ന്ന ക്ളാസ്സില്പ്പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒപ്പമിരിക്കുകയോ സംസാരിച്ചു രസിക്കുകയോ ചെയ്ത പതിവില്ലെന്ന് ഇംഗ്ലീഷ് മീഡിയം സെന്‍ട്രല്‍ സ്ക്കൂള് സിലബസ്സില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അനന്തിരവന് അരവിന്ദ്നായര് (ഒരു പേരിലെന്തിരിക്കുന്നു — അതുകൊണ്ട് ഇയാളെ ഇനിമുതല്‍ ശങ്കുവെന്നു വിളിക്കാം.) എന്ന ശങ്കു എന്നോടുപറയുകയുണ്ടായി. ഇപ്രകാരമുള്ള പെരുമാറ്റം കുട്ടികളില്‍പോലും “ലവ് " ആയി പരിഗണിക്കപ്പെടുമെന്നിരിക്കെ ഇവരുടെ ഈ പ്രവൃത്തി എങ്ങനെ ക്ഷന്തവ്യമാകും? ഏതെല്ലാം രീതിയില്‍ ചീട്ടുകള്‍ വിതരണം ചെയ്താതാലും ഈ രണ്ട് ചീട്ടുകള്‍ ഒത്ത് ഒരു കൈയിത്തന്നെ എത്തുന്നു മാത്രമോ, പടക്കളത്തിലിറങ്ങി തിരിച്ചും മറിച്ചും മറ്റൂള്ളവയെ വെട്ടിമുറിക്കുന്ന ക്ളാവര് ഗുലാനെ നോക്കി ഊറ്റംകൊള്ളുന്ന ആടുതന്‍ റാണിയെ ഒന്നു കാണേണ്ടതു തന്നെയാണ്. കുരുക്ഷേത്രത്തിലെ അര്‍ജ്ജുനന്റെ വീരകഥകള്‍ കേട്ടിരിക്കുന്ന കൃഷ്ണയെപ്പോലെ. വനവാസത്തിനായി കുമരകത്തും തിരുവനന്തപുരത്തും വരുന്ന സൈബീരിയന്‍ കാക്കകള്‍ (അവ കാക്കയോ കൊക്കോ എന്നറിയില്ല, ശങ്കുവിന്റെ ടീച്ചര്‍ക്കും അറിയില്ലത്രേ.) മുട്ടിയുരുമ്മിയിരിക്കുന്നതുപോലെയാണ് ഈ കമിതാക്കള്‍ കഴിഞ്ഞിരുന്നത്.
സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഇതൊന്നും വലിയ പ്രശ്നമായിരുന്നില്ല. ആദ്യമൊക്കെ. മറ്റുള്ളവരുടെ പ്രണയത്തിലിടപെടാന് എവിടെ സമയം? ഞങ്ങളുടെ സ്വഭാവം അങ്ങനെയാണ്. പിന്നെ പണ്ടുമുതല്‍ക്കുളള സ്വഭാവം മാറുമോ? (ഉദാഹരണത്തിന് കാഞ്ഞിരക്കുരുവിന്റെ കഥതന്നെ.) പക്ഷേ, വളരെ പ്രധാനമുളള സംഭവമാണ് പിന്നീടുണ്ടായത്. ഞങ്ങള്‍ കളിച്ചുകൊണ്ടിരുന്ന രണ്ടുകുത്തു ചീട്ടില്‍ ഒരു അധികച്ചീട്ടു പിറന്നു. സത്യത്തില്‍ ഏതു ചീട്ടാണ് അധികമെന്നു കണ്ടുപിടിക്കാനാവാതെ ഞങ്ങള്‍ കുഴങ്ങി. കറുപ്പും ചുവപ്പും ലേബലുകള്‍ക്കു വെളിയില്‍ വന്ന് പലയാവര്‍ത്തി ചീട്ടുകള്‍ പരിശോധിച്ചു: ചിലപ്പോള്‍ ആഡുതന്‍ ഒന്നധികം, ചിലപ്പോള്‍ ക്ളാവര് ഇഷ്ടാനുസരണം ആഡുതനോ കു്ളാവറോ ആയി മാറാന്‍ കഴിവുളള ഒരു ചീട്ടാണ് അധികമായി വന്നിരിക്കുന്നതെന്ന് അങ്ങനെ ഞങ്ങള്‍ കണ്ടുപിടിച്ചു. ആഡുതന്റെയും കു്ളാവറിന്റെയും ഓരോ ചീട്ടായെടുത്ത് വിവിധ പരീക്ഷണങ്ങള്‍ നടത്തി അധികച്ചീട്ട് ഏതെന്നു കണ്ടുപിടിക്കാനുള്ള ശ്രമമാരംഭിച്ചപ്പോള്‍ ക്ളാവര് ജാക്കിന്റെ മുഖത്തു പടര്‍ന്ന വിഷാദയോഗമകറ്റാന് ആഡുതന്‍ റാണിയുടെ പരിശ്രമങ്ങളും, പത്രാസുകളും ഗീതാക്ലാസ്സും പരാജയപ്പെട്ടു.
വേഷം മാറിവരാന്‍ കഴിവുള്ള ഒരധികച്ചീട്ട് വന്നുപെട്ടാലത്തെ കഥ മാന്യവായനക്കാര്‍ക്ക് മനസ്സിലാകുമല്ലോ. ഇത് ഞങ്ങളുടെ നിരന്തരമായ ചീട്ടുകളിയെ താറുമാറാക്കി. ചീട്ടുവിതരണം ചെയ്തുകഴിഞ്ഞാല്‍ ഏതെങ്കിലുമൊന്ന് അധികം. ഇനി ആഡുതന്‍ ഒമ്പതു മേശമേലിടുമ്പോള് അതു ക്ളാവര് പത്താവും. ചിലപ്പോള്‍ മറിച്ച്. (ഇങ്ങനെയൊരു ഗതികേട് നിങ്ങള്‍ക്കാര്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, സ്വാമി ശരണം.)
തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഭാവനയുള്ള വായനക്കാര്‍ ആലോചിച്ചു കൊള്ളുക. കള്ളക്കളി, മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കല്‍, ഇനിയുമുണ്ടായിട്ടും തുറുപ്പുകൊണ്ടു വെട്ടല്‍, ഗൂഢാലോചന തുടങ്ങിയ ദുരുദ്ധേശപ്രവൃത്തികള് പരസ്പരം ആരോപിക്കപ്പെട്ടു. ബ്ളാക്കും റെഡ്ഡും ലേബലുകളില്‍ കണ്ണു കലങ്ങിപ്പോയവര്ക്ക് ആഡുതന്‍ റാണിയും ക്ളാവര് ജാക്കും തമ്മിലുള്ള രഹസ്യവേഴ്ചകളുടെ പൊരുളറിയാന്‍ കഴിയാതെ പരസ്പരം മല്ലിട്ടു തല്ലിച്ചത്തു.
അനുബന്ധം:
കഥയ്ക്കു ഗുണപാഠം കൂടിയേതീരൂ എന്ന് എന്റെ മാന്യസുഹൃത്തും മറുനാടന്‍ മലയാളിയുമായ ഈസോപ്പ് പറഞ്ഞതനുസരിച്ചത്രേ ഇതു ചേര്‍ക്കുന്നത്. ഈ കഥയുടെ ഗുണപാഠങ്ങള്‍ താഴെപ്പറയുന്നു.
- ജാക്ക് എന്ന ആംഗലപദത്തിനര്ത്ഥം ജാരന് എന്നാണ്. നല്ല കുടുംബാസൂത്രണഉപാധികള് ഉപയോഗിച്ചില്ലെങ്കില്‍ ജാരസംസര്ഗ്ഗംമൂലം ജാരസന്തതികളുണ്ടാകും. ഇവര്‍ സമൂഹത്തിന് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല.
- പുരാണങ്ങളും ഭാരതത്തിലെ പഴയരാജാക്കന്മാരുടെ കഥകളും പരിശോധിച്ചാല്‍ റാണിമാര്‍ ജാരന്മാരുമായി ബന്ധപ്പെട്ടിരുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ കാണാം. ഇതിനെതിരായി നാമോരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
- ചീട്ടുകളിയില്‍ ഇങ്ങനെ സംഭവിച്ചാല്‍ അതു നശിപ്പിക്കുകയേ നിവൃത്തിയുള്ളു. അതിനാല്‍ ആരും പ്ലാസ്റ്റിക് ചീട്ടുകള്‍ വാങ്ങരുത്.