ഇന്ദുലേഖയും പൈങ്കിളിപ്രശ്നവും
ഇന്ദുലേഖയും പൈങ്കിളിപ്രശ്നവും | |
---|---|
ഗ്രന്ഥകർത്താവ് | യു നന്ദകുമാർ |
മൂലകൃതി | 56 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2014 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 49 |
സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ഇരുന്നുറ്റിനാല്പതുമാര്‍ക്കു നേടി ജയിക്കുന്നതിനു മുമ്പുതന്നെ പൊന്നമ്മയ്ക്ക് ഒരു പാരലല്‍ കോളേജ് സ്വപ്നമുണ്ടായിരുന്നു.
തന്റെ പ്രായത്തിലുള്ള മറ്റു പെണ്‍കുട്ടികളെപ്പോലെ പൊന്നമ്മയുടേയും കൗമാരം വിടര്‍ന്നത് വാരികകളില്‍ നിന്നും പുസ്തകത്താളുകളില്‍ കുറിച്ചിട്ട പൈങ്കിളി വാക്യങ്ങളില്‍ നിന്നുമാണ്. നൊമ്പരങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഏഴു നോവലുകളുടെ അദ്ധ്യായങ്ങളാണ് തന്റെ കൈകളില്‍ക്കുടി ദിവസേന കടന്നുപോകുന്ന ഓരോ വാരികയും നല്കിയിരുന്നത്. സങ്കീര്‍ണ്ണമായ ജീവിതപ്രശ്നങ്ങളും ത്രികോണ സമവാക്യങ്ങളും അവളുടെ മനസ്സിനെ അലോസര പ്പെടുത്തിയിരുന്നു. എന്നിട്ടും സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ആദ്യവട്ടം തന്നെ ജയിച്ചതത്രെ അവളുടെ നേട്ടം, അതും ഒറ്റ മാര്‍ക്കുപോലും മോഡറേഷനില്ലാതെ. അങ്ങനെ വെറും പതിനഞ്ചു ശതമാനം ബുദ്ധിജീവികളുടെ കൂട്ടത്തില്‍ അവളുംപെട്ടു. അവളോടൊപ്പം വാരിക പങ്കുവച്ച കൂട്ടുകാരികള്‍ക്കാകട്ടെ ഈ നേട്ടം അത്യന്തം അസൂയാവഹമായിരുന്നുതാനും.
പത്താംതരം പാസ്സാകുന്ന ഓരോ വിദ്ധ്യാര്‍ത്ഥിയേയും അലട്ടുന്ന ചോദ്യമുണ്ട്, ഇനിയെന്ത്? പൊന്നമ്മയെ ഇമ്മാതിരി ചോദ്യങ്ങള്‍ അലട്ടിയിരുന്നില്ല. തന്റെ ഉന്നത വിദ്യാഭ്യാസം പാരലല്‍ കോളേജിലായിരിക്കുമെന്ന് അവള്‍ നേരത്തേകൂട്ടി തീര്‍ച്ചപ്പെടുത്തിയിരുന്നല്ലോ. പാരലല്‍ കോളേജ് ഒരുക്കുന്ന വിപുലമായ സാദ്ധ്യതകള്‍ അവര്‍ക്ക് എന്നും ആവേശമായിരുന്നു. അതിനു കാരണവുമുണ്ട്. അടുത്തിടെയാണ് അവളുടെ പ്രിയപ്പെട്ട വാരികയില്‍ ശ്രീ.അരുക്കുറ്റി വീരരാഘവന്റെ “നാരങ്ങ മിഠായി" പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഈ നോവല്‍ അവളുടെ ജീവിതത്തെയും കാഴ്ച്ചപ്പാടുകളേയും വളരെയധികം സ്വാധീനിക്കുകയുണ്ടായി. സംഭവബഹുലവും വികാരഭരിതവുമായ നോവല്‍ ആരംഭിക്കുന്നതുതന്നെ തികച്ചും നാടകീയമായാണ്. പ്രായത്തിലധികം പക്വതയും വളര്‍ച്ചയുമുള്ള നായിക മേരിക്കുട്ടി മാറോടടുക്കിപ്പിടിച്ച പുസ്തകക്കെട്ടുമായി പാരലല്‍ കോളേജങ്കണത്തിലേക്കു കടന്നുവരുന്നു. അപ്പോള്‍ ഉയര്‍ന്ന ക്ളാസ്സിലെ വിദ്യാര്‍ത്ഥിയും ചില്ലറ റൗഡിയുമായിരുന്ന കെ. മദനന്‍ “ങ്ങ, കൈയില്‍ കോമേഴ്സുണ്ടോ?" എന്നുചോദിച്ച് മേരിക്കുട്ടിയുടെ പുസ്തകക്കെട്ടില്‍ കടന്നുപിടിച്ചതും അവളുടെ വലതുകൈ മദനന്റെ ചെകിട്ടത്ത് ആഞ്ഞുപതിച്ചതും ഒപ്പം കഴിഞ്ഞു. ആധുനിക സാഹിത്യത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ സ്പര്‍ദ്ധയുടെ തീനാളങ്ങളല്ല, മറിച്ച് പ്രേമത്തിന്റെ നീരുറവകളാണല്ലോ സൃഷ്ടിക്കുക.
തുടര്‍ന്ന് പ്രേമം മേരിക്കുട്ടിയേയും മദനനേയും പാരരല്‍ കോളേജിന്റെ ഇടുങ്ങിയ കോണുകളില്‍ എത്തിക്കുന്ന രംഗങ്ങള്‍ പൊന്നമ്മ അത്യുത്സാഹത്തോടെ വായിച്ചു തീര്‍ത്തു. ക്ളാസ്സുകള്‍ തീര്‍ന്നശേഷവും പാരലല്‍ കോളേജില്‍ ജീവിതം പരിലസിക്കുന്നുവെന്ന് പൊന്നമ്മയറിഞ്ഞത് ഈ കമിതാക്കള്‍ ആളൊഴിഞ്ഞ വൈകുന്നേരങ്ങളില്‍ ക്ലാസ്സ്മുറിയുടെ കോണിലിരുന്ന് ഇന്ത്യയുടെ വണിജ്യപ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങുമ്പോഴാണ്. അങ്ങനെ ഒരു ലക്കത്തില്‍ തങ്ങളുടെ പ്രേമത്തെ ക്ലാസ്സുമുറികളിലൊന്നില്‍ വച്ച് അനശ്വരതയുടെ മേഖലയിലേക്കു കൊണ്ടുപോകാന്‍ അവര്‍ തീര്‍ച്ചയാക്കി.
യഥാര്‍ത്ഥ പ്രേമം അനശ്വരമാണെന്നും ആ അനശ്വരതയ്ക്കു മുമ്പില്‍ നശ്വരമായ ശരീരം പ്രതിബന്ധമാവരുതെന്നും പൈങ്കിളി വാരികകളിലെ ഉല്‍കൃഷ്ട നോവലുകള്‍ പൊന്നമ്മയെ പഠിപ്പിച്ചു. അടുത്ത ലക്കത്തില്‍ മേരിക്കുട്ടിയും മദനനും തങ്ങളുടെ പ്രേമം സഫലീകരിക്കുന്നതു വായിക്കാന്‍ പൊന്നമ്മയ്ക്കു തിടുക്കമായി. സസ്പെന്‍സ് നിലനിത്തുക എന്നത് തഴക്കംവന്ന ഏതു നോവലിസ്റ്റിന്റെയും കഴിവാണല്ലോ. തുടര്‍ന്നുവന്ന മൂന്നു ലക്കങ്ങളില്‍ ശ്രീ.അരുക്കുറ്റി വീരരാഘവന്‍ ഈ കമിതാക്കളുടെ രഹസ്യ സമ്മേളനത്തിനു പകരം അവരുടെ കുടുംബ ചരിത്രവും മറ്റുമാണ് വിവരിച്ചത്. ആ മൂന്നാഴ്ച്ചകള്‍ പൊന്നമ്മയ്ക്ക് തന്റെ ജീവിതത്തിലെ പതിനാറു വര്‍ഷങ്ങളേക്കാള്‍ ദൈര്‍ഘ്യമേറിയതായിരുന്നു. വിമ്മിട്ടത്തിന്റെ നാളുകള്‍ അവസാനിച്ചത് മേരിക്കുട്ടിയും മദനനും പസ്പരം മനസ്സും ശരീരവും പങ്കുവയ്ക്കുന്ന അദ്ധ്യായം അവള്‍ വായിച്ചപ്പോഴാണ്. പ്രസ്തുത രംഗങ്ങള്‍ നോവലിസ്റ്റ് ചേതോഹരമായി വര്‍ണ്ണിച്ചിരുന്നു.
ശ്രീ. അരുക്കുറ്റി വീരരാഘവന്‍ അസാധാരണനായ നോവലിസ്റ്റാണ്. തന്റെ നോവലുകള്‍ സര്‍വ്വസാധാരണമായ സംഭവങ്ങളുടെ ക്ലീഷെയായി അവസാനിക്കാതിരിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. നാരങ്ങാ മിഠായിയിലെ ഏറ്റവും പുതിയ അദ്ധ്യായത്തില്‍ തന്റെ രചനാചാതുര്യം അദ്ദേഹം പ്രകടമാക്കി. ഇതിനകം പഠിത്തം പൂര്‍ത്തിയാക്കി അടുത്തുള്ള കയറുകമ്പിനിയില്‍ ജോലിനേടിയിരുന്ന കെ. മദനന്‍ ഇക്കുറി മേരിക്കുട്ടിയെക്കാണുന്നത് അത്യന്തം ഉദ്വേഗപൂര്‍ണ്ണമായ ഒരു രംഗമാണ്. താന്‍ നല്ലവനല്ലെന്നും പാപിയാണെന്നും അതിനാല്‍ തന്നെ മറക്കണമെന്നും മദനന്‍ മേരിക്കുട്ടിയോടപേക്ഷിച്ചു. ത്യാഗസന്നദ്ധയയായ മേരിക്കുട്ടിയുണ്ടോ അതു ചെവിക്കൊള്ളുന്നു? അപ്പോള്‍ അതിരഹസ്യമായി സ്കൂക്ഷിച്ചിരുന്ന തന്റെ സമാന്തര പ്രേമത്തെക്കുറിച്ചയാള്‍ അവളോടു പറഞ്ഞു. മറ്റൊരു പാരലല്‍ കോളേജ് വിദ്യാര്‍ഥിനിയായ വാസന്തിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും കുടുബങ്ങളുടെ സമ്മര്‍ദ്ദം മൂലം അവളെ വിവാഹം ചെയ്യാതെ തരമില്ലെന്നും മറ്റുമാണ് അയാള്‍ക്ക് അറിയിക്കാനുണ്ടായിരുന്നത്. തുടര്‍ന്ന് അയാള്‍ തന്റെ വിവാഹക്ഷണക്കത്ത് മേരിക്കുട്ടിക്കു നല്‍കി. കരയാന്‍പോലും മറന്ന് അയാളെതന്നെ നോക്കിനിന്ന മേരിക്കുട്ടിയെ ജീവിതത്തിലെ ഏകാന്തതയിലേക്കു തള്ളിവിട്ട് അയാള്‍ തിരിഞ്ഞുനടന്നു. മദനന്റെ ആദ്യരാത്രിയില്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ച മേരിക്കുട്ടിക്ക് തൂങ്ങിമരിക്കുന്നതാണോ വിഷംകഴിച്ചു മരിക്കുന്നതാണോ ഉത്തമം എന്നു തീരുമാനിക്കാനാവാത്ത അവസ്ഥയില്‍ നോവലിസ്റ്റ് പ്രക്ഷുബ്ധമായ പ്രസ്തുതലക്കം അവസാനിപ്പിചു. ആധുനിക പൈങ്കിളി സാഹിത്യത്തില്‍ പ്രസിദ്ധമായ ചാസ്സിവ് ആന്റിഹീറോ(യിന്‍) ടെക്നിക്കാണ് നോവലിസ്റ്റ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.
പൊന്നമ്മയുടെ കണ്ണീര്‍ വാരികത്താളില്‍ വീണുടഞ്ഞു. ഇമ്മാതിരി ഒരു ട്വിസ്റ്റ് നിഷ്കളങ്ക ഹൃദയങ്ങള്‍ക്കു താങ്ങാനാവുന്നതിലും അധികമാണല്ലോ. ലോകത്തെ ആകമാനം നശിപ്പിക്കാനുള്ള കഴിവ് അവള്‍ക്കില്ലാതെ പോയത് ഏതായാലും നന്നായി. ആ നിമിഷം അങ്ങനെ ചെയ്യാനാണ് അവള്‍ക്ക് തോന്നിയത്. മദനനെ മറ്റൊരാളില്‍നിന്നും അപഹരിച്ച വാസന്തിയുടെ പ്രവൃത്തി ഏറ്റവും ഹീനമായ പകല്‍കൊള്ളയായി അവള്‍ക്കു തോന്നി. ലോകം അത്രമാത്രം അധ:പതിച്ചിട്ടില്ലല്ലോ, വാസന്തി ഏതായാലും മദനനെ നേടരുത്, അവള്‍ തീരുമാനിച്ചു. ഏറ്റവും കടുത്ത ദുഃഖം അകറ്റുവാന്‍ തന്റെ കാവിലെ ഭഗവതിയോട് പ്രാര്‍ത്ഥിക്കയാണവള്‍ ചെയ്യാറ്. അന്നവള്‍ കഠിനമായി മേരിക്കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. വാസന്തിക്കു മദനനെ വിവാഹം ചെയ്യാന്‍ സാധിക്കരുതെന്ന് ഉറപ്പാക്കാന്‍ പ്രാര്‍ത്ഥനകള്‍ക്കു പുറമെ ഭഗവതിക്ക് രണ്ടു വെടി വഴിപാടുകൂടി കഴിക്കാന്‍ അവള്‍ മറന്നില്ല.
പിന്നീട് അവള്‍ ശ്രീ.അരുക്കുറ്റി വീരരാഘവന് ദീര്‍ഘമായ ഒരു കത്തെഴുതി. നോവല്‍ വന്നുനിൽക്കുന്നത് കേരളത്തിലെ സ്ത്രീകള്‍ക്ക് ഒട്ടും തന്നെ അംഗീകരിക്കാന്‍ പറ്റാത്ത ചുറ്റുപാടുകളിലാണ്. ഉല്‍കൃഷ്ടമായ പ്രേമത്തിലൂടെ അതിന്റെ ശാരീരികവും മാനസികവുമായ സുഖാനുഭവങ്ങള്‍ കവര്‍ന്നെടുത്ത ശേഷം വെറും ഒരു ഉപഭോഗവസ്തുവെപ്പോലെ പെണ്ണിനെ തഴയുന്നത് അനുവദിക്കാന്‍ കഴിയുന്നില്ല. കഥയുടെ സാഹചര്യങ്ങള്‍ എന്തുതന്നെയാകട്ടെ, വാസന്തിക്കു മദനനെ ലഭിക്കാന്‍ പാടില്ല എന്നും അപ്രകാരം സംഭവിക്കുന്നപക്ഷം താനും തന്റെ കൂട്ടുകാരികളും ഈ നോവല്ലെന്നല്ല ശ്രീ . അരുക്കുറ്റിയുടെ മറ്റു നോവലുകളും ബഹിഷ്കരിക്കുമെന്നും അവള്‍ വ്യക്തമാക്കി. അവളുടെ മനസ്സിനു സമാധാനം ലഭിക്കാന്‍ ഇത്രയും ചെയ്യണമായിരുന്നു.
മദനനും വാസന്തിയുമായുള്ള വിവാഹം ചിത്രീകരിക്കേണ്ട ലക്കം പുറത്തുവന്നത് പൊന്നമ്മപോലും പ്രവചിക്കാത്ത മറ്റൊരു ട്വിസ്റ്റുമായാണ്. വിവാഹത്തലേന്ന് നാഷണല്‍ ഹൈവേയിലെ അതിദാരുണമായ വാഹനാപകടത്തില്‍ മദനന്‍ കൊല്ലപ്പെട്ടു. തന്നെ വിവാഹം കഴിക്കാന്‍ വിസ്സമ്മതിച്ചെങ്കിലും താന്‍ ഹൃദയത്തില്‍ വച്ചാരാധിക്കുന്ന പുരുഷന്‍ മരണപ്പെട്ട വാര്‍ത്തകേട്ട് മേരിക്കുട്ടി സുദീര്‍ഘവും സന്ദര്‍ഭോജിതവുമായി മോഹാലസ്യത്തിലാഴ്ന്നു. പൊന്നമ്മയാകട്ടെ അവള്‍ നേര്‍ന്ന വെടിവഴിപാടിന് ഇങ്ങനെയൊരു പരിണാമം പ്രതീക്ഷിച്ചുമില്ല. മണിക്കുറുകളോളം അവള്‍ പൊട്ടിക്കരഞ്ഞു.
എന്നാല്‍ നാരങ്ങാമിഠായിയുടെ കര്‍ത്താവ് തന്റെ ആരാധകരെ ദുഃഖത്തിലാഴ്ത്തിയില്ല. മദനന്റേയും മേരിക്കുട്ടിയുടേയും പ്രേമനാടകത്തില്‍ ഒത്താശ ചെയ്തുകൊടുത്തിരുന്ന ജോണി എന്ന യുവാവ് തത്സമയം അവിടെ എത്തുകയും മേരിക്കുട്ടിയുടെ ദുഃഖത്തില്‍ മനസ്സലിയുകയും ചെയ്തു. മേരിക്കുട്ടിയെ വിവാഹം കഴിക്കാനയാള്‍ താത്പര്യം പ്രകടിപ്പിച്ചു. ജോണിയെന്ന സുഹൃത്തിലൂടെ മദനന്റെ ഓര്‍മ്മകള്‍ക്കു പുതുജീവന്‍ നല്‍കാമെന്നു കണ്ട അവള്‍ സന്തോഷത്തോടെ അതിനു സമ്മതിക്കുകയും അവര്‍ വിവാഹിതരാകുകയും ചെയ്തു. അവരിരുവരും ജോണിയുടെ ജോലിസ്ഥലമായ ബോംബെയ്ക്കു വണ്ടി കയറുംമുമ്പ് തങ്ങളുടെ പാരലല്‍ കോളേജില്‍വന്ന് എല്ലാ സുഹൃത്തുക്കള്‍ക്കും നാരങ്ങാമിഠായി വിതരണം ചെയ്തു. നോവലിന്റെ സന്തോഷപ്രദമായ അന്ത്യത്തില്‍ നാരങ്ങാമിഠായിയുടെ മാധുര്യം നുണഞ്ഞു.
ഏതാനും നാള്‍ കഴിഞ്ഞ് നോവലിസ്റ്റില്‍ നിന്നും പൊന്നമ്മയ്ക്ക് മറുപടിക്കത്തുലഭിച്ചു. അതില്‍ താന്‍ സാധാരണയായി വായനക്കാര്‍ക്ക് കത്തെഴുതാറില്ലെന്നും എന്നാല്‍ പൊന്നമ്മയുടെ കത്തിലൂടെ തന്റെ ഭാവനയെ മറ്റൊരു തലത്തിലേക്കു വികസിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അതിനാലാണ് സഹൃദയയായ തന്റെ വായനക്കാരിയോടുള്ള കടപ്പാട് വ്യക്തമാക്കാന്‍ ഈ കത്തെഴുതുന്നതെന്നും പറഞ്ഞിരുന്നു. മേരിക്കുട്ടിയെ തിരസ്കരിച്ച ശേഷം മദനനും വാസന്തിയുമായുള്ള ബന്ധം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് തനിക്കുതന്നെ വ്യക്തമായ രൂപമില്ലായിരുന്നു. അപ്പോഴാണ് പൊന്നമ്മയുടെ കത്തു ലഭിക്കുന്നത്. അതിലെ സൂചന മനസ്സിലാക്കിയാണ് വളരെ മുമ്പേ താന്‍ തഴഞ്ഞ ജോണിയെന്ന കഥാപാത്രത്തെ തിരികെ കഥയിലേക്ക് കൊണ്ടുവന്ന് ഇപ്രകാരം നോവല്‍ അവസാനിപ്പിച്ചത്. നാരങ്ങാമിഠായി പുസ്തകരൂപത്തിലാകുമ്പോള്‍ പൊന്നമ്മയുടെ സംഭാവന പ്രേത്യകം സൂചിപ്പിക്കാന്‍ താനാഗ്രഹിക്കുന്നുവെന്ന് നോവലിസ്റ്റ് തുടര്‍ന്നു. അതിലേക്ക് വെടിവഴിപടിന്റെ അസ്സല്‍ രസീത് അയച്ചുതരണമെന്നും ശ്രീ. അരുക്കുറ്റി പൊന്നമ്മയോടഭ്യര്‍ത്ഥിച്ചു.
നോവലിസ്റ്റിന്റെ ഈ കത്ത് ഒരു നിധിപോലെയാണ് പൊന്നമ്മ സൂക്ഷിച്ചിരുന്നത്.
ഇപ്രകാരം ആധുനിക മലയാള സാഹിത്യവുമായി നന്നെ ചെറുപ്പത്തില്‍ തന്നെ ഇടപഴകാന്‍ പൊന്നമ്മയ്ക്ക് കഴിഞ്ഞിരുന്നു. ഇതവള്‍ക്ക് അസാധാരണമായൊരു പക്വത നല്‍കി. അതിന്റെ ബലത്തിലാണ് സ്കൂള്‍ ഫൈനല്‍ പരീക്ഷയുടെ സാക്ഷിപത്രവുമായി അവള്‍ പാരലല്‍ കോളേജിലെത്തുന്നത്.
പാരലല്‍ കോളേജന്തരീക്ഷം പൊന്നമ്മയ്ക്ക് നന്നേ പിടിച്ചു. ധാരാളമായി കിട്ടുന്ന സ്വാതന്ത്രവും ഒഴിവുസമയങ്ങളും അവള്‍ക്ക് ആസ്വാദ്യമായി. ക്ലാസ്സ്മുറികളിലും പുറത്തും നിറഞ്ഞുനിന്ന റൊമാന്റിക് ലോകം അവളെ എങ്ങനെ കീഴടക്കാതിരിക്കും? സ്വപ്നവും യാഥാര്‍ത്ഥ്യവും പരസ്പരം വേര്‍തിരിക്കാനാവാത്ത സര്‍ റിയലിസ്റ്റ് അനുഭവം അവള്‍ ആര്‍ത്തിയോടെ നുകര്‍ന്നു. ഒരു പദപ്രശ്നത്തെ കൈകാര്യം ചെയ്യുന്ന ഗൗരവത്തോടെ കഥാപാത്രങ്ങളേയും സഹപാഠികളേയും യഥേഷ്ടം മാറ്റിമറിക്കുന്നതായിരുന്നു അവളുടെ പ്രിയപ്പെട്ട വിനോദം. ചരിത്രം പഠിപ്പിച്ചിരുന്ന പ്രഫുല്ലചന്ദ്രന്‍ സാര്‍ ഒരിക്കല്‍ അവളെ പിടികൂടി. അവളപ്പോള്‍ ശ്രീ. അരുക്കുറ്റി വീരരാഘവന്റെ ഏറ്റവും പുതിയ നോവലായ “കരിമീനും കാതരമിഴിയും" വായിക്കുകയായിരുന്നു. വാരിക പിടിച്ചെടുത്ത പ്രഫുല്ലചന്ദ്രന്‍ ക്ലാസ്സുകഴിഞ്ഞ് തന്നെ നേരിട്ടുകാണാന്‍ അവളോടാജ്ഞാപിച്ചു.
പ്രഫുല്ലചന്ദ്രനെ കാണാന്‍ സ്റ്റാഫ്റൂമിലെത്തുമ്പോള്‍ അവളുടെ കൈകാലുകള്‍ മരവിച്ചുപോയി. ഒരിക്കലും ഭയം ഇതുപോലെ അവളെ കീഴടക്കിയിട്ടില്ല. പാരലല്‍ കോളേജില്‍നിന്നും പുറത്താക്കിയാല്‍ തന്റെ ജീവിതം അര്‍ത്ഥശൂന്യമാകുമല്ലോ എന്ന ചിന്തയാണ് അവളെ ഏറെ അലട്ടിയിരുന്നത്. എന്നാല്‍ പ്രഫുല്ലചന്ദ്രന്‍സാര്‍ എത്രയോ സൗമ്യനായിരുന്നു. ഗുണദോഷങ്ങളും കഥാചര്‍ച്ചയുമായിരുന്നു അയാള്‍ക്ക് നല്‍കാനുണ്ടായിരുന്നത്. അരുക്കുറ്റി വീരരാഘവന്‍ തന്റേയും പ്രിയപ്പെട്ട നോവലിസ്റ്റാണെന്ന് പ്രഫുല്ലചന്ദ്രന്‍ പറഞ്ഞത് അവള്‍ക്കാദ്യം വിശ്വാസം വന്നില്ല. അവരുടെ ചര്‍ച്ച പിന്നിട് തങ്ങള്‍ വായിച്ച നോവലുകളെക്കുറിച്ചായി. നാരങ്ങാമിഠായിയില്‍ അവളുടെ റോള്‍ അയാളെ തികച്ചും ആശ്ചര്യപ്പെടുത്തി. “കരിമീനും കാതരമിഴിയും" എന്ന നോവലിനെക്കുറിച്ചും അവള്‍ക്കൊട്ടേറെ സംസാരിക്കാനുണ്ടായിരുന്നു. കൈനകരിയില്‍നിന്നും ആലപ്പുഴവരെ ദിവസേന ബോട്ടില്‍ സഞ്ചരിക്കുന്ന യാത്രക്കാരായിരുന്നു കുമാരനും സുമലതയും. ബോട്ടുയാത്ര പസ്പരം അറിയാനും കണ്ടെത്തലിന്റെ പുതിയ മാനങ്ങള്‍ ഉള്‍കൊള്ളാനും രണ്ടു യാത്രക്കാരെ എങ്ങനെ സഹായിക്കും എന്നതായിരുന്നു കഴിഞ്ഞ അദ്ധ്യായങ്ങളിലെ വിഷയം. ഇതേക്കുറിച്ചും ഇനി വരാനുള്ള രംഗങ്ങളെക്കുറിച്ചും പൊന്നമ്മയ്ക്ക് സുദൃഢമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. പലപ്പോഴും പ്രഫുല്ലചന്ദ്രന്‍ അവളെ കാണുമ്പോള്‍ നോവലിലെ വരാനിരിക്കുന്ന സാധ്യതകളാവും ചര്‍ച്ച ചെയ്യുക. അവളുടെ നിഗമനങ്ങള്‍ മിക്കതും ശരിയാകാറാണ് പതിവ്. ധിഷണയുടേയും ബുദ്ധിയുടെയും കാര്യത്തില്‍ അവള്‍ തന്നെക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലാണെന്നു മനസ്സിലാക്കാന്‍ വളരെനാള്‍ വേണ്ടിവന്നില്ല അയാള്‍ക്ക്. ക്രമേണ അവരുടെ സാഹിത്യ ചര്‍ച്ച കൂടുതല്‍ ദൈര്‍ഘ്യമുള്ളതാകുകയും അവളില്‍ അയാള്‍ക്കൊരാരാധനാ മനോഭാവം ഉണ്ടാകുകയും ചെയ്തു. ഫ്രഞ്ചുവിപ്ലവത്തില്‍ എഴുത്തുകാരുടെ പങ്കിനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍, സാഹിത്യത്തിന് സമൂഹത്തെ ഇളക്കിമറിക്കാനാവുമോ എന്ന് അയാള്‍ അവളോടു ചോദിച്ചു. “തീര്‍ച്ചയായും" എന്ന അവളുടെ ഉറച്ച മറുപടിയിലൂടെ ഇമ്മാതിരി പല സാമൂഹ്യ പ്രശ്നങ്ങളിലും അവള്‍ക്കുള്ള കാഴ്ചപ്പാട് അയാള്‍ ഗ്രഹിച്ചു.
അദ്ധ്യാപകനും വിദ്ധ്യാര്‍ത്ഥിയും പ്രേത്യകിച്ച് അവര്‍ ആണും പെണ്ണുമാണെങ്കില്‍, കണ്ടുമുട്ടുന്നത് സാഹിത്യചര്‍ച്ചയ്ക്കു മാത്രമാണെന്ന് അംഗീകരിക്കാന്‍ പാരലല്‍ കോളേജിലെ പൗരന്മാര്‍ കൂട്ടാക്കിയില്ല. അതിനാല്‍ അവര്‍ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അവളുടെ നോട്ടുബുക്കിലൂടെയാക്കി. കുമാരനും സുമലതയും ഇനി എന്തുചെയ്യും എന്ന ചോദ്യത്തിന് അവള്‍ തന്റെ നോട്ടുബുക്കില്‍ മറുപടി എഴുതും. അതിനു താഴെ കുമാരന്‍ ഇനി എന്താവും ചെയ്യുക എന്ന അവളുടെ ചോദ്യവുമായി പുസ്തകം പ്രഫുല്ലചന്ദ്രനു കൈമാറും. മടങ്ങിവരുമ്പോള്‍ പുസ്തകത്തില്‍ കുമാരന്‍ ചെയ്യാന്‍ സാധ്യതയുള്ളതിനെക്കുറിച്ച് സുമലതയുടെ ചിന്തകള്‍ എന്താണ് എന്നൊരു ചോദ്യവും. അടുത്ത ഘട്ടത്തില്‍ നാം കുമാരനും സുമലതയുമായിരുന്നെങ്കില്‍ സുമലത ഇതാവും ചെയ്യുക എന്ന് അവളും, കുമാരന്‍ ഇങ്ങനെയാവും പ്രതികരിക്കുക എന്ന് അയാളും അറിയിച്ചു. ക്രമേണ ഞാന്‍ സുമലതയും സാറ് കുമാരനുമാണെങ്കില്‍ എന്നില്‍ നിന്നെന്താവും പ്രതീക്ഷിക്കുക എന്ന് അവളും ഞാന്‍ കുമാരനും നീ സുമലതയുമാണെങ്കില്‍ ഞാന്‍ ഇങ്ങനെയായാല്‍ മതിയോ എന്ന് അയാളും അന്വേഷിച്ചു പോന്നു. ഭാവനയുടെ തലത്തില്‍ കഥാപാത്രത്തിനുള്ളില്‍നിന്ന് അവര്‍ പ്രേമസങ്കല്പങ്ങള്‍ പരസ്പരം കൈമാറി. ഒടുവില്‍ കുമാരനും സുമലതയും വിവാഹിതരായ ലക്കം പുറത്തുവന്നനാള്‍ പ്രഫുല്ലചന്ദ്രന്‍ അവളുടെ തോളുകുലുക്കി അനുമോദിച്ചു. സന്തോഷാധിക്യത്താല്‍ അയാളുടെ നെഞ്ചില്‍ തലചായ്ച് അവള്‍ പൊട്ടിച്ചിരിച്ചു.
ചൂടുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാന്‍ പാരലല്‍ കോളേജില്‍ പ്രേത്യക സംവിധാനമുണ്ട്. അവരുടെ പ്രണയം പൊടിപ്പും തൊങ്ങലും കലര്‍ന്ന് കോളേജിലാകെ പടര്‍ന്നപ്പോള്‍ അവള്‍ ഒരു സെലിബ്രിറ്റിയായിമാറി. താനൊരു കാമുകിയായിരിക്കുന്നുവെന്നും അഷ്ടപദിയിലെ രാധയെപ്പോലെ ഉയര്‍ന്നിരിക്കുന്നുവെന്നും അവള്‍ക്കു തോന്നി. ഇതുവരെ വായനയിലൂടെ മാത്രം അറിഞ്ഞ റൊമാന്റിക് സങ്കല്പങ്ങള്‍ അനുഭവിച്ചറിയാന്‍ ഒത്തുവെന്നെതും അവളെ സന്തോഷിപ്പിച്ചു.
ഉദാത്തവും അനശ്വരവുമായ പ്രേമം എന്ന സങ്കല്പമൊന്നും പാരലല്‍കോളേജ് മാനജുമെന്റിനില്ല. കച്ചവട മനഃസ്ഥിതി മാത്രമുള്ള അവര്‍ക്ക് പ്രേമത്തില്‍ കുടുങ്ങുന്ന അദ്ധ്യാപകന്‍ നല്ല മോഡല്‍ അല്ല എന്ന ഇടുങ്ങിയ ചിന്താഗതി മാത്രമേയുള്ളു. മാനജുമെന്റിന്റെ ഇത്തരം അഭിപ്രായങ്ങളും സമ്മര്‍ദ്ദതന്ത്രങ്ങളും പ്രഫുല്ലചന്ദ്രന് പൊന്നമ്മയോടുള്ള പ്രേമത്തെ കൂടുതല്‍ ഉറപ്പിക്കയാണു ചെയ്തത്. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത പ്രഫുല്ലചന്ദ്രനെ പിരിച്ചുവിടാന്‍ തന്നെ ഒടുവില്‍ മൂരാച്ചി മാനേജുമെന്റ് തീര്‍ച്ചയാക്കി. സാമ്പത്തിക ഭദ്രത നഷ്ടപ്പെട്ടാല്‍ ജീവിതം കയ്പേറിയതാകുമല്ലോ. തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിവന്ന ജീവിതബന്ധത്തിന്റെ അടിത്തറ ഇളകുന്നത് അവരെ ഭയപ്പെടുത്തി. പ്രഫുല്ലചന്ദ്രന് മറ്റൊരു ജോലിലഭിക്കുവാന്‍ അവള്‍ തന്റെ കണ്ണിരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ ഭഗവതിയില്‍ അര്‍പ്പിച്ചു.
അവധിക്കാലം കഴിഞ്ഞ് കോളേജ് വീണ്ടും തുറന്നപ്പോള്‍ പ്രഫുല്ലചന്ദ്രനു പകരം മറ്റൊരദ്ധ്യാപകനാണ് ചരിത്രം പഠിപ്പിച്ചുതുടങ്ങിയത്. കോളേജിനുപുറത്ത് പൊന്നമ്മയുടേയും പ്രഫുല്ലചന്ദ്രന്റേയും കൂടിക്കാഴ്ച്ചകള്‍ അനുരാഗത്തിന്റെയും ദുഃഖത്തിന്റേയും സമ്മിശ്ര മുഹൂര്‍ത്തങ്ങളായിരുന്നു. അവരുടെ കണ്ണുകള്‍ മധുരംകൊണ്ടു വിടരുകയും ദുഃഖം കൊണ്ടു നിറയുകയും ചെയ്തു. തന്റെ പ്രേമം എത്ര അഗാധമാണെന്ന് പ്രഫുല്ലചന്ദ്രന്‍ അവള്‍ക്കൊരുനാള്‍ വിവരിച്ചു കൊടുത്തു. തനിക്കറിയാമെന്നും അതില്‍ സംശയമില്ലെന്നും അവള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അയാള്‍ക്ക് നിര്‍ത്താനായില്ല. തനിക്ക് അബുദാബിയില്‍ ജോലി ശരിയായിട്ടുണ്ടെന്നയാള്‍ തുടര്‍ന്നു. അവള്‍ക്കപ്പോള്‍ തുള്ളിച്ചാടുവാനുള്ള സന്തോഷമാണു തോന്നിയത്. അയാളുടെ നെഞ്ചില്‍ മുഖമമര്‍ത്തി സന്തോഷത്തിന്റെ കണ്ണുനീരൊപ്പിയപ്പോള്‍ അവളോടയാള്‍ തുടര്‍ന്നു. എന്നാല്‍ വിസവാങ്ങാന്‍ അമ്പതിനായിരം രൂപ നല്‍കണം. ജോലിപോലുമില്ലാത്ത തനിക്ക് അതിനെന്താണു വഴി. ഈ ജോലി നഷ്ടപ്പെട്ടാല്‍ ജീവിതംതന്നെ നഷ്ടപ്പെട്ടതിനു തുല്യമല്ലേ, അയാള്‍ ചോദിച്ചു. ഇത്രയും തുകയുണ്ടാക്കാനാവാതെ കുഴങ്ങിയ തനിക്ക് അതു നൽകുവാനിപ്പോള്‍ ഒരാള്‍ എത്തിയിട്ടുണ്ട്, അയാള്‍ പറഞ്ഞു. എന്നാല്‍ അത് സ്ത്രീധനമായാണു തരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റു പോംവഴിയില്ലാത്തതിനാല്‍ സുഗന്ധവല്ലിയെന്ന പെണ്‍കുട്ടിയെ കല്യാണം കഴിച്ച് സ്ത്രീധനം കൈപ്പറ്റേണ്ടിയിരിക്കുന്നു. ഇതു തനിക്ക് ഏറ്റവും ദുഃഖമുണ്ടാക്കുന്നതാണ്. തന്റെ ജീവിതത്തിലെപ്പോഴും പൊന്നമ്മ നിറഞ്ഞുനില്‍ക്കും. താന്‍ ഹൃദയത്തില്‍ അവളെ ആരാധിക്കും. ഒരിക്കലും തന്നെ മറക്കരുതെന്നും തങ്ങളുടെ അനുരാഗം എന്നും കാത്തുസൂക്ഷിക്കണമെന്നും അയാള്‍ പൊന്നമ്മയോട് പ്രത്യേകം അപേക്ഷിച്ചു.
പൊന്നമ്മ പൊട്ടിക്കരഞ്ഞു. അവള്‍ക്കു തടുക്കാനാവാതെ ഒഴുകിയ കണ്ണീരില്‍ പ്രഫുല്ലചന്ദ്രന്‍ മങ്ങിയില്ലാതാകുന്നതായി അവള്‍ക്കു തോന്നി. ആരെ കല്യാണം കഴിച്ചാലും പ്രഫുല്ലചന്ദ്രന്‍ തന്റേതുതന്നെയായിരിക്കുമെന്ന അയാളുടെ വാക്കുകളായിരുന്നു അവള്‍ക്കാശ്വാസം.
സുഗന്ധവല്ലിയുടെ അച്ഛനില്‍നിന്നും അമ്പതിനായിരം രൂപ സ്ത്രീധനമായി സ്വീകരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രഫുല്ലചന്ദ്രന്‍ അബുദാബിക്കു പറന്നു. അടുത്ത അവധിക്കായിരുന്നു സുഗന്ധവല്ലിയുടെയും പ്രഫുല്ലചന്ദ്രന്റേയും വിവാഹം. പൊന്നമ്മയുടെ ആശീര്‍വാദം വാങ്ങാനും അവളെ പ്രത്യേകമായി ക്ഷണിക്കാനും അയാള്‍ മറന്നില്ല.
സമയോചിതം സുഗന്ധവല്ലി ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും അവര്‍ ആ കുഞ്ഞിന് പൊന്നു എന്ന് പേരിടുകയും ചെയ്തു. പൊന്നുവുമായി പ്രഫുല്ലചന്ദ്രനും സുഗന്ധവല്ലിയും പൊന്നമ്മയെ സന്ദര്‍ശിക്കുന്നത് ഹൃദയസ്പര്‍ശിയായ ഒരു രംഗമാണ്.
ഈ കഥ ഇങ്ങനെ അവസാനിക്കുന്നു. ഒരു പൈങ്കിളിക്കഥ ഏറെക്കുറെ ഇങ്ങനെയൊക്കെയാണ് അവസാനിക്കേണ്ടത് എന്നത്രേ നമ്മുടെ സങ്കല്പം. രാജ്യത്തിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ഇക്കോണമിയില്‍ ഭര്‍ത്താക്കന്മാര്‍ കമ്പോളവ്യവസ്ഥയില്‍ ലഭ്യമാകുകയും പ്രേമം മുതലായ ഉദാത്തമായ വികാരങ്ങള്‍ സമൂഹത്തില്‍ ജീര്‍ണ്ണിച്ചു നാമാവശേഷമാകുകയും ചെയ്യും. മാത്രമല്ല സ്വകാര്യവല്കരണത്തിന്റെ കുടക്കീഴില്‍ സ്ത്രീധന സമ്പ്രദായം അതിന്റെ രഹസ്യസ്വഭാവം വെടിഞ്ഞ് വിലപേശല്‍, വിദേശനാണ്യനിക്ഷേപം എന്നീ മാര്‍ക്കറ്റ് ശക്തികളുടെ പ്രേരണയില്‍ പരസ്യമായി പുറത്തുവരും. സ്ത്രീകളുടയിടയില്‍പ്പോലും സാമൂഹ്യമൂല്യങ്ങള്‍ അധ:പതിക്കാന്‍ ഇതു കാരണമായിക്കുടെന്നില്ല. ഇമ്മാതിരി അപ്രധാനമായ ചില സന്ദേശങ്ങള്‍ മാത്രമേ ഇക്കഥയിലുള്ളു. ഗൗരവമേറിയ സന്ദേശങ്ങളില്ലാത്തത് ഈ കഥയുടെ പോരായ്മയാണ്.
എന്നാല്‍ പൊന്നമ്മയെപ്പോലെ ശക്തയായ കഥാപാത്രം യാതൊരു ചെറുത്തുനില്പ്പും കൂടാതെ പരാജയം വരിച്ച് പിന്‍വാങ്ങുമെന്നു കരുതാനും വയ്യ. സുഗന്ധവല്ലിയെ വിവാഹം കഴിക്കാനുള്ള പ്രഫുല്ലചന്ദ്രന്റെ തിരുമാനം അറിയുമ്പോള്‍ പൊട്ടിക്കരയുന്നതിനുപകരം പ്രതികാരത്തിന്റെ ജ്വാലയാണ് അവളുടെയുള്ളില്‍ ഉണ്ടാകേണ്ടത്. പ്രഫുലചന്ദ്രനെ അന്നവള്‍ ആദ്യമായി തികഞ്ഞ പുച്ഛത്തോടും അറപ്പോടും നോക്കണം. വെറും സ്ത്രീധനം മോഹിച്ച് തന്നില്‍നിന്നും ഭീരുവിനെപ്പോലെ ഓടി അകലുന്ന അയാളെ നഷ്ടപ്പെടുന്നതില്‍ അവള്‍ സന്തോഷിക്കുകയും പുരുഷന്‍മാരെ ആകമാനം വെറുക്കുകയും ചെയ്യാം. ഇനി വിവാഹമേ വേണ്ടെന്നുവച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍പോലും അവള്‍ക്കു തീരുമാനിക്കാം. അവിടെ അവള്‍ അതിവേഗം ഉയര്‍ന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ വ്യവസായ മന്ത്രിയായി എന്നിരിക്കട്ടെ. അബുദാബിയില്‍ നിന്നും ഇതിനിടെ തിരിച്ചെത്തിയ പ്രഫുല്ലചന്ദ്രന്‍ നാട്ടില്‍ ഒരു ചെറുകിട വ്യവസായം ആരംഭിക്കുന്നതിനു ശ്രമിക്കുകയും സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട ലൈസന്‍സ്, സബ്സ്ഡി എന്നിവയ്ക്കായി മന്ത്രി പൊന്നമ്മയുടെ ആഫീസുപടിക്കല്‍ എത്തുകയും ചെയ്യാം. അപ്പോള്‍ അയാളുടെ മനസ്സില്‍ മുന്‍കാല സംഭവങ്ങള്‍ ഒരു ചലചിത്രമെന്നപോലെ കടന്നുപോകാം. ഒരു സസ്പെൻസിന്റെ ധ്വനിയോടെയാവുമ്പോള്‍ കഥ അവസാനിക്കുക.
പക്ഷേ ഇവിടെയുമുണ്ട് കാര്യമായ പന്തികേട്. പ്രഫുല്ലചന്ദ്രന്‍ തന്നെ വഞ്ചിച്ചു എന്നുവച്ച് വിവേചനബുദ്ധിയോടെ കാര്യങ്ങള്‍ കാണാന്‍ കഴിവുള്ള പൊന്നമ്മ എല്ലാ പുരുഷന്മാരേയും വെറുക്കേണ്ട കാര്യമുണ്ടോ? വിവാഹമേ വേണ്ടേന്നു വയ്ക്കേണ്ട കാര്യമുണ്ടോ? ആധുനിക പൈങ്കിളി സാഹിത്യം വളരെ വികാസം പ്രാപിച്ചിരിക്കുന്ന ഇക്കാലത്ത് പ്ളോട്ടില്‍ ഇമ്മാതിരി ദൗര്‍ലഭ്യം ആരംഗീകരിക്കും. കേരളത്തില്‍ ഇന്ന് എല്ലാ തുറകളിലും സ്ത്രീകള്‍ ഇമ്മാതിരി സന്ദര്‍ഭങ്ങളില്‍ ഒരു പോരാട്ടമില്ലാതെ വിട്ടുകൊടുക്കാറില്ല. അതുകൊണ്ട് കഥയുടെ ഗതി അത്തരം ലൈനിലേക്ക് തിരിച്ചുവിടുന്നതാണ് ഭംഗി. എന്നാല്‍ പ്രഫുല്ലചന്ദ്രനെ തന്നിലേക്കു മടക്കിക്കൊണ്ടുവരുന്നതിനും സുഗന്ധവല്ലിയുമായുള്ള വിവാഹം അലസിപ്പിക്കുന്നതിനും സംഘടിതമായ മുന്നേറ്റം കൂടിയേതീരൂ. അത് പൊന്നമ്മ മാത്രം വിചാരിച്ചാല്‍ നടക്കുകയുമില്ല. ഇവിടെ സംഘടനാപാടവവും ശക്തിയുമുള്ള മറ്റൊരു കഥാപാത്രം കൂടി ആവശ്യമായിവരുന്നു. അങ്ങനെയൊരു കഥാപാത്രത്തെ ലഭിച്ചാല്‍ കഥ എങ്ങനെ രൂപപ്പെടുമെന്നു നോക്കാം.
അമ്പതിനായിരം രൂപ സ്ത്രീധനമായി വാങ്ങി താന്‍ സുഗന്ധവല്ലിയെ വിവാഹം കഴിക്കാന്‍ പോണു എന്ന് പ്രഫുല്ലചന്ദ്രന്‍ പറഞ്ഞത് പൊന്നമ്മയ്ക്ക് വിശ്വസിക്കാനായില്ല. (തന്റെ പാദങ്ങള്‍ തളരുന്നതായും ഭൂമി പിളര്‍ന്ന് താന്‍ താഴോട്ടു പോകുന്നതായും അവള്‍ക്കു തോന്നി. അവളുടെ കണ്ണുകള്‍ നിറയുകയും കാഴ്ച്ച മങ്ങുകയും ചെയ്തു. പ്രഫുല്ലചന്ദ്രനെ തിരികെ നേടാന്‍ തന്റെ പക്കല്‍ അമ്പതിനായിരം രൂപയില്ലാത്തതിനാല്‍ അവള്‍ ദുഃഖിച്ചു. ഈ വരികള്‍ പൊന്നമ്മയുടെ സ്ത്രീസഹജമായ നിഷ്കളങ്കത കാട്ടാന്‍ ചേര്‍ത്തിരിക്കുന്നതാണ്.) എന്നാല്‍ അടുത്ത നിമിഷം അവള്‍ തന്റെ മനഃസാന്നിദ്ധ്യം വീണ്ടെടുക്കുകയും തന്റെ ഭഗവതിയില്‍ സ്വയം അര്‍പ്പിക്കുകയും ചെയ്തു. താന്‍ പിന്തള്ളപ്പെടാന്‍ പോകുന്നില്ലെന്നും ഭഗവതിയുടെ സഹായത്തോടെ പ്രഫുല്ലചന്ദ്രനെ വീണ്ടെടുക്കുമെന്നും മനസ്സിലുറച്ച് അവള്‍ തിരിഞ്ഞുനടന്നു. അപ്പോഴാണ് അവള്‍ ശ്രീമതി അനുരാധാവര്‍മ്മയെ കണ്ടുമുട്ടിയത്. ഇനി കഥയുടെ ഗതി നിയന്ത്രിക്കേണ്ടത് ശ്രീമതി വര്‍മ്മയാണ്. അവര്‍ തമ്മില്‍ ആകസ്മികമായി എങ്ങനെ കണ്ടുമുട്ടി എന്നു ചോദിക്കേണ്ട കാര്യമില്ല. അവര്‍ കണ്ടുമുട്ടിയത് ഒരു നിയോഗമായി നമുക്കു കരുതാം.
കേരളത്തിലെ വനിതാ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളാണ് ശ്രീമതി അനുരാധാവര്‍മ്മ. പുരുഷമേധാവിത്തം, സ്ത്രീപീഡനം, സ്ത്രീപുരുഷ സമത്വം മുതലായ കാലികപ്രശ്നങ്ങളാണ് അവര്‍ കൈകാര്യം ചെയ്തിരുന്നത്. ഇവയാണെങ്കില്‍ രൂപയുടെ മൂല്യശോഷണം, ഡങ്കല്‍ഡ്രാഫ്റ്റ് എന്നിവയേക്കാള്‍ സങ്കീര്‍ണമായ കുരുക്കുകളാണെന്ന് ശ്രീമതി വര്‍മ്മയ്ക്കറിയാമായിരുന്നു. ഏതാനും വര്‍ഷംമുമ്പ് ‘ഇന്ദുലേഖയ്ക്കു നൂറുവയസ്സ് ’ എന്ന പ്രസ്ഥാനത്തെ എതിര്‍ത്തു പരാജയപ്പെടുത്തിയാണ് ശ്രീമതിവര്‍മ്മ പൊതുജനശ്രദ്ധ പിടിച്ചുപറ്റിയത്. നൂറുവര്‍ഷംമുമ്പ് രചിക്കപ്പെട്ട ‘ഇന്ദുലേഖ’ യെ വീണ്ടും കേരളീയര്‍ക്കു പരിചയപ്പെടുത്താനായിരുന്നല്ലോ ഈ പ്രസ്ഥാനം തുടങ്ങിയത്. പണ്ടുതന്നെ എഴുതിത്തള്ളിയ സംസ്കാരവും ജീവിതരീതിയും പുനരുജ്ജീവിപ്പിക്കുന്നത് സ്ത്രീസമൂഹത്തെ പിന്നോക്കം കൊണ്ടു പോകാനാണെന്ന് ശ്രീമതി വര്‍മ്മ മനസ്സിലാക്കി. പഴയകാല സങ്കല്പങ്ങള്‍ ഇക്കാലത്തെ സ്ത്രീകള്‍ക്ക് ഒരു റോള്‍ മോഡല്‍ ആകാന്‍ പാടുള്ളതല്ല. പോയ തലമുറയില്‍ ഒട്ടേറെ കഷ്ടപ്പാടുകളും പീഡനങ്ങളും അനുഭവിച്ചവരാണ് സ്ത്രീകള്‍. അവയൊക്കെ ഓര്‍മ്മപ്പെടുത്താനും അംഗീകാരത്തിന്റെ ആവരണം നല്കാനുമുള്ള ശ്രമം ഏതായാലും അനുവദിക്കാന്‍ വയ്യെന്ന് ശ്രീമതി വര്‍മ്മയുടെ സംഘടനകള്‍ തീര്‍ച്ചപ്പെടുത്തി. അവര്‍ പ്രസ്ഥാനത്തിനെതിരെ ആഞ്ഞടിച്ചു. പ്രധാനമായും മൂന്നു കാര്യങ്ങളിലാണ് ‘ഇന്ദുലേഖ’ ആക്രമിക്കപ്പെട്ടത്.
ഒന്നാമതായി “ഇന്ദുലേകയ്ക്കു ഭ്രാന്തുണ്ടോ?" എന്ന സൂരി നമ്പൂതിരിയുടെ ചോദ്യം തന്നെ. ഇതു തികഞ്ഞ പുരുഷമേധാവിത്വവും സ്ത്രീപീഡനവുമല്ലാതെ മറ്റെന്താണ്? ലോകത്തെവിടെയാണ് വിവാഹഭ്യര്‍ത്ഥനയുമായി വരുന്ന പുരുഷന്‍ സ്ത്രീയോട് നിങ്ങള്‍ക്കു ഭ്രാന്തുണ്ടോ എന്നു ചോദിക്കുക? അതും ആദ്യമായി കാണുന്ന വേളയില്‍. അനൗചിത്യവും അപമര്യാദയും കലര്‍ന്ന ഈ ചോദ്യം ഇന്ദുലേഖാകാലഘട്ടത്തില്‍ സ്ത്രീകള്‍ എന്തുമാത്രം അടിമത്വം അനുഭവിച്ചിരുന്നുവെന്നു വ്യക്തമാക്കും. സ്ത്രീയോട് എന്തു ധിക്കാരവും പറയുവാന്‍ പുരുഷന് അവകാശമുണ്ടായിരുന്നു, അന്നൊക്കെ. തന്മയത്വവും അല്പം പാരുഷ്യവും നിറഞ്ഞ ഇന്ദുലേഖയുടെ പ്രതികരണത്തില്‍ ചൂളിപ്പോയ നമ്പൂതിരിപ്പാട് താന്‍ കഥകളി ഭ്രാന്താണ് ഉദ്ദേശിച്ചതെന്നും തനിക്കാണെങ്കിലതുവേണ്ടുവോളമുണ്ടെന്നും മറ്റും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഒരു പുരുഷ നോവലിസ്റ്റായ ചന്തുമേനോന്‍ പുരുഷകഥാപാത്രങ്ങള്‍ക്കു ചെയ്യുന്ന ഒത്താശകള്‍ മാത്രമായി ഈ രക്ഷപ്പെടലിനെ കണ്ടാല്‍ മതി. എന്നാല്‍ ഇത്തരം സംഭാഷണങ്ങളിലെ സദാചാര രാഹിത്യം ചര്‍ച്ചചെയ്യപ്പെടുകയോ സ്ത്രീകളുടെ പ്രശ്നമായി ഇതിനെ കാണാന്‍ ശ്രമിക്കുകയോ നാളിതുവരെ ആരും ചെയ്തിട്ടില്ലെന്നത് ശ്രദ്ധാര്‍ഹമാണ്.
രണ്ടാന്മതായി ഇന്ദുലേഖയുടെ വിവാഹം കഴിഞ്ഞുവെന്ന നുണപ്രചാരണം കേട്ടമാത്രയില്‍ നാടുവിടുന്ന മാധവനെ നോക്കുക. വാര്‍ത്ത ശരിയാണെന്നുറപ്പുവരുത്തുവാന്‍ അയാള്‍ ശ്രമിക്കുന്നില്ലെന്നതുപോട്ടെ, തന്റെ അവകാശങ്ങള്‍ക്കായി പൊരുതുവാന്‍ അനുവദിക്കാത്ത സമൂഹത്തിലാണ് ഇന്ദുലേഖ ജീവിക്കുന്നത് എന്നതോര്‍ത്ത് അവളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിവാഹത്തില്‍ നിന്നവളെ രക്ഷിക്കുവാനുള്ള മാര്‍ഗ്ഗമാരായുകയല്ലേ മാധവന്‍ ശരിക്കും ചെയ്യേണ്ടത്? ഇങ്ങനെയുണ്ടൊ ഒരു കാമുകന്‍? അതും പിന്തിരിയാന്‍ വയ്യാത്ത ഘട്ടംവരെ പ്രേമം അവളില്‍ വളര്‍ത്തിക്കൊണ്ടുവന്നിട്ട്? അന്നും ഇന്നും സ്ത്രീകളെ വെറും ഉപഭോഗവസ്തുവായിക്കാണുന്ന ഹീനമായ പുരുഷ സംസ്കാരം തന്നെയാണെന്നു താന്‍ വിശ്വസിക്കുന്നതായി ശ്രീമതി വര്‍മ്മ പ്രഖ്യാപിച്ചു.
മൂന്നാമതായി, നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ മാധവന്‍ രാജ്യത്തെ സാമൂഹികവും രാഷ്ടീയവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദീര്‍ഘമായ അദ്ധ്യായമുണ്ട്. ഇങ്ങനെ ഒരദ്ധ്യായം നോവലില്‍ വേണമോ അരുതോ എന്നതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്, ശ്രീമതി വര്‍മ്മ അനുസ്മരിച്ചു. പ്രസ്തുത അദ്ധ്യായം നോവലിന്റെ ഒഴുക്കും താളവും നഷ്ടപ്പെടുത്തുന്നതായും അതില്ലായിരുന്നെങ്കില്‍ നോവല്‍ കൂടുതല്‍ ഈടുറ്റതാകുമായിരുന്നുവെന്നുള്ള ശ്രീ. എം. പി. പോളിന്റെ നിരൂപണത്തോടോ, കല സാമൂഹ്യപുരോഗതിക്കുള്ളതാണെങ്കില്‍ കലാസൃഷ്ടികളില്‍ കാലഘട്ടാനുസൃതമായ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിക്കാമെന്നും അക്കാരണത്താല്‍ സുദീര്‍ഘമായ ഈ ചര്‍ച്ച ന്യായീകരിക്കാമെന്നുമുള്ള ശ്രീ. ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ ഇടതുപക്ഷാനുകൂലമായ പഠനത്തോടോ തനിക്കു പൂര്‍ണ്ണമായി യോജിക്കാനാവില്ലെന്ന് ശ്രീമതി വര്‍മ്മ തുറന്നടിച്ചു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരദ്ധ്യായം വേണമോ വേണ്ടയോ എന്നതല്ല, ഈ അദ്ധ്യായം ചേര്‍ക്കുന്നപക്ഷം തൊട്ടടുത്ത അദ്ധ്യായത്തില്‍ അക്കാലത്തെ സ്ത്രീകളുടെ സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് ഇന്ദുലേഖ നയിക്കുന്ന സമദീര്‍ഘമായ മറ്റൊരു ചര്‍ച്ചകൂടി ഉള്‍പ്പെടുത്തണമായിരുന്നു എന്നതാണ് കാതലായ പ്രശ്നം. ബുദ്ധിയിലും കാഴ്ചപടിലും മാധവനില്‍നിന്നും ഒട്ടും പിന്നില്ലല്ലോ ഇന്ദുലേഖ. സാമൂഹ്യനീതിയുടേയും സ്ത്രീപുരുഷസമത്വത്തിന്റെയും ദൃഷ്ടിയിലൂടെ നോക്കിയാല്‍ ഇങ്ങനെ ചെയ്യാത്തതില്‍ ഒരു നിയമജ്ഞനും ന്യായാധിപനുമായ ശ്രീ. ചന്തുമേനോന് തെറ്റുപറ്റിയെന്നു പറയാതെ തരമില്ല എന്നും ശ്രീമതി വര്‍മ്മ കൂട്ടിചേര്‍ത്തു.
ശ്രീമതി വര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന ഈ എതിര്‍പ്പിനെ അതിജീവിക്കാന്‍ “ഇന്ദുലേഖയ്ക്കു നൂറുവയസ്സ് " എന്ന പ്രസ്ഥാനത്തിനായില്ല. കേരളീയരായ നാം ഈ പ്രസ്ഥാനത്തെ ഇത്രവേഗം മറന്നുപോയത് ശ്രീമതി വര്‍മ്മയുടെ പ്രവര്‍ത്തനംമൂലമാണ്.
അതിവിദഗ്ദ്ധമായ കരുനീക്കങ്ങളോടെയാണ് ശ്രീമതി വര്‍മ്മ പൊന്നമ്മ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയത്. ‘പൊന്നമ്മ പ്രശ്നം, നാട്ടിലാകെ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമൂഹത്തിന്റെ ശ്രദ്ധ പൊന്നമ്മയില്‍നിന്ന് സുഗന്ധവല്ലിയിലേക്കു തിരിക്കേണ്ടതിന്റെ ആവശ്യം ശ്രീമതി വര്‍മ്മ ആദ്യംമുതലേ മനസ്സിലാക്കി. ഒരു കള്ളനെപ്പോലെ പിന്നില്‍നിന്നുവന്ന് പ്രഫുല്ലചന്ദ്രനെ എങ്ങനെയാണ് സുഗന്ധവല്ലി അപഹരിച്ചതെന്ന് ശ്രീമതി വര്‍മ്മയുടെ സംഘടനാപ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്ക് വിവരിച്ചുകൊടുത്തു. ക്രമേണ അവര്‍ പ്രശ്നത്തെ ‘സുഗന്ധവല്ലിപ്രശ്ന, മാക്കി മാറ്റി. ഇത് ശ്രീമതി വര്‍മ്മയുടെ തന്ത്രപരമായ വിജയമായിരുന്നു. സമൂഹമന:സാക്ഷിയെ ഉണര്‍ത്തികൊണ്ടുവരാന്‍ അവര്‍ ചെറു പൊതുയോഗങ്ങളും ബിറ്റു നോട്ടിസുകളുമായി രംഗത്തെത്തി. ഇവയെല്ലാം സുഗന്ധവല്ലിയുടെ കുടുംബത്തിന് വളരെ പേരുദോഷം വരുത്തിവയ്ക്കാനിട നല്കി.
പൊതുജനാഭിപ്രായം തന്റെ ഭാഗത്താണെന്നു കണ്ട ശ്രീമതി വര്‍മ്മ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കാണിച്ച് പ്രഫുല്ലചന്ദ്രന് കത്തെഴുതി. ഈ വിവാഹത്തില്‍നിന്നും പിന്മാറണമെന്നും നാട്ടിലെ ജനങ്ങളാകെ സുഗന്ധവല്ലി പ്രശ്നത്തില്‍ അയാള്‍ക്കെതിരാണെന്നും അവര്‍ അയാളെ അറിയിച്ചു. അതിനാല്‍ മടങ്ങിവന്ന് പൊന്നമ്മയെ വിവാഹം കഴിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പക്ഷെ ഈ കത്തിന് പ്രഫുല്ലചന്ദ്രനില്‍ നിന്നും മറുപടിയുണ്ടായില്ല.
അതിനാല്‍ സമരം രണ്ടാം ഘട്ടത്തിലേക്കു കൊണ്ടുപോകാന്‍ ശ്രീമതി വര്‍മ്മ നിര്‍ബ്ബന്ധിതയായി. നാട്ടില്‍ ചെറു റാലികള്‍, പന്തംകൊളുത്തി പ്രകടനം എന്നിവയുണ്ടായി. ‘സുഗന്ധവല്ലിപ്രശ്നം’ എന്ന പേരില്‍ അനേകം തെരുവുനാടകങ്ങള്‍ സംഘടിക്കപ്പെട്ടു. പ്രശനത്തിന്റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഗാനങ്ങളുടെ കാസറ്റുകളും പുറത്തു വന്നു. ഇവയിലൊക്കെ നാട്ടിലെ ചെറുപ്പക്കാര്‍ പൊന്നമ്മയ്ക്കനുകൂലമായി വന്നത് ശ്രീമതി വര്‍മ്മയുടെ നേട്ടമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അവിവാഹിതരായ പുരുഷന്മാര്‍ പൊന്നമ്മയ്ക്കുവേണ്ടി രംഗത്തെത്തിയപ്പോള്‍ സുഗന്ധവല്ലിയുടെ പിതാവും വഴങ്ങി. സ്ത്രീധനമായി താന്‍ നല്കിയ അമ്പതിനായിരം രൂപ മടക്കികിട്ടിയാല്‍ ഈ വിവാഹത്തില്‍നിന്നും പിന്മാറാമെന്ന് അയാള്‍ സമ്മതിക്കുകയും അപ്രകാരം പ്രഭുല്ലചന്ദ്രനെ എഴുതി അറിയിക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന് ശ്രീമതി വര്‍മ്മ വീണ്ടും പ്രഫുല്ലചന്ദ്രന് എഴുതി. ഇക്കുറി കത്തിന്റെ സ്വരം വളരെ പരുക്കനായിരുന്നു. പൊന്നമ്മയെ വിവാഹം കഴിക്കാന്‍ ഉടന്‍ സമ്മതിക്കാത്ത പക്ഷം അയാള്‍ക്കെതിരെ ശക്തിയായ സമരമുണ്ടാകുമെന്നും, സ്ത്രീധനവിരുദ്ധ നിയമങ്ങള്‍ അയാള്‍ക്കെതിരെ പ്രയോഗിക്കുമെന്നും, സുഗന്ധവല്ലിയെ വിവാഹം ചെയ്യാന്‍ ഏതായാലും അനുവദിക്കില്ലെന്നും അവര്‍ മുന്നറിയിപ്പു നല്കി. അവരുടെ കത്തിന്റെ പകര്‍പ്പ് എംബസ്സിക്കു നല്കാനും ശ്രീമതി വര്‍മ്മ മറന്നില്ല. ഈ കത്തിന് ഉടന്‍ മറുപടിയുണ്ടായി. താന്‍ പൊന്നമ്മയെ ജീവനുതുല്യം സ്നേഹിക്കുന്നുവെന്നും സുഗന്ധവല്ലിയെ കല്യാണം കഴിക്കാനുള്ള നീക്കം തെറ്റായിപ്പോയെന്നും അയാള്‍ ശ്രീമതി വര്‍മ്മയെ രേഖാമൂലം അറിയിച്ചു.
പ്രഫുല്ലചന്ദ്രന്‍ അവധിക്കു നാട്ടില്‍ വന്നപ്പോള്‍ സുഗന്ധവല്ലിയുടെ പിതാവില്‍നിന്നും താന്‍ വാങ്ങിയ അമ്പതിനായിരം രൂപ പലിശയില്ലാതെ മടക്കിക്കൊടുത്ത് പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുകയും സുഗന്ധവല്ലിയുമായി വിവാഹത്തിനു നിശ്ചയിച്ചിരുന്ന മുഹൂര്‍ത്തത്തില്‍ അയാള്‍ പൊന്നമ്മയുടെ കഴുത്തില്‍ താലികെട്ടുകയും ചെയ്തു.
പൊന്നമ്മ സമയോചിതം ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും അവള്‍ കൈകുഞ്ഞുമായി പ്രഭുല്ലചന്ദ്രനുമായി അബുദാബിക്കു പറക്കുകയും ചെയ്തു. ശ്രീമതി വര്‍മ്മ തത്സമയം “വനിതാ വിമോചനത്തില്‍ പുതിയ സമരമുറകള്‍" എന്ന പഠനശിബിരം സംഘടിപ്പിക്കുന്നതില്‍ മുഴുകിയിരുന്നു.
ഈ കഥയ്ക്ക് മറ്റു സാധ്യതകളും ഉണ്ടാവണം, തീര്‍ച്ച. വനിതാസംഘടനകളും ശ്രീമതി അനുരാധാവര്‍മ്മയും രംഗത്തെത്തിയതോടെ കഥയില്‍ വന്നുചേര്‍ന്ന രൂക്ഷമായ സാമൂഹ്യവിമര്‍ശനം ശ്രദ്ധിക്കുക.