close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 16


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 16
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

വീട്ടിലെത്തിയ ഉടനെ അവൾ അലമാറിയുടെ വാതിലിൽ ഘടിപ്പിച്ച കണ്ണാടിയിൽ നോക്കി. എന്റെ ദൈവമേ, ഞാനൊരു തടിച്ചിയായിട്ട്ണ്ട്. ഇങ്ങിനെ പോയാൽ ശരിയാവില്ല. നാളെതൊട്ട് ഡയറ്റിങ് തുടങ്ങണം. ഏറ്റവും നല്ലത് ഉച്ചഭക്ഷണം വീട്ടിൽനിന്നു കൊണ്ടുപോകയാണ്. അപ്പോൾ ഒരു നിയന്ത്രണമുണ്ടാവും. കാന്റീനിൽനിന്നാവുമ്പോൾ എത്രയായാലും വിചാരിച്ച മാതിരി നിർത്താൻ പറ്റില്ല. ഒന്നെടുത്തുകഴിയുമ്പോഴായിരിക്കും അതിലും നല്ലത് അപ്പുറത്ത് വച്ചിരിക്കുന്നത് കാണുക. അപ്പോൾ അതും എടുക്കും.

നിറത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? തോന്നുന്നില്ല. എല്ലാവരും നല്ല നിറമുള്ളവരായിട്ടല്ലല്ലൊ ജീവിക്കുന്നത്. ആർക്കെങ്കിലും എന്നെ പിടിച്ചില്ലെങ്കിൽ വേണ്ട. പക്ഷേ തടിയുടെ കാര്യത്തിൽ താൻ വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റും.

സമയം അഞ്ചുമണി. വീട്ടിലേയ്ക്ക് വിളിക്കാം. അവൾ ഫോണെടുത്തു.

അമ്മയാണ് ഫോണെടുത്തത്.

‘അമ്മേ, അച്ഛൻ എന്തു ചെയ്യുണു?’

‘ഒറങ്ങാണ് മോളെ.’

‘അഞ്ചു മണ്യായി. വിളിച്ചൊണർത്തു. മതി ഒറങ്ങീത്ന്ന് പറയൂ.’

‘വിളിക്കാം. നിന്റെ വിശേഷൊക്കെ പറേ.’

‘അമ്മേ ഞാൻ ഡയറ്റിങ് തൊടങ്ങ്വാണ്. 62 കിലോണ്ട്. കഴിഞ്ഞ ആഴ്ച അട്ത്ത്‌ള്‌ള മെഡിക്കൽ ഷോപ്പില് നോക്കീതാ. അവിടെ വെയിങ് സ്‌കെയ്‌ല്ണ്ടല്ലൊ. 62 കിലോ അധികല്ലേ അമ്മേ?’

‘അത്ര അധികൊന്നും അല്ല. പെൺകുട്ട്യോള്ക്ക് കൊറച്ച് തടിയില്ലെങ്കില് കാണാൻ വൃത്തിണ്ടാവില്ല.’

‘ന്നാലും 62 കൂട്തലാ. കൊറച്ച് കൊറക്കണം.’

‘വല്ലാതെ കൊറക്ക്യൊന്നും ചെയ്യല്ലേ. ഇതാ അച്ഛൻ എണീറ്റ് വന്നിട്ട്ണ്ട്. ഞാൻ അച്ഛന് കൊടുക്കാം.’

‘അച്ഛാ. അച്ഛൻ ഒറങ്ങ്വായിരുന്നോ?’

‘ഒറങ്ങ്വായിരുന്നു. ഒരമ്മേം മോളും കൂടി ഇങ്ങനെ ബഹളംണ്ടാക്ക്യാ മനുഷ്യന്മാർക്ക് ഒറങ്ങാൻ പറ്റ്വോ?’

അച്ഛന്റെ കുലുങ്ങിച്ചിരി അവൾ കേട്ടു…

അവൾ സഞ്ചി തുറന്ന് സി.ഡി.കൾ പുറത്തെടുത്തു. ഏത് ആദ്യം കേൾക്കണം. അവളെ സംബന്ധിച്ചേടത്തോളം എല്ലാം ഒരേപോലെയാണ്. അവൾ ആദ്യം ബീജീസിന്റെ സി.ഡി. തുറന്നു. ബീജീസിന്റെ സൗമ്യമായ ശബ്ദവും കേട്ടുകൊണ്ട് അഞ്ജലി ഉറങ്ങിപ്പോയി.

രാത്രി ചപ്പാത്തിയ്ക്കുള്ള കറി ഫ്രിജ്ജിൽനിന്നെടുത്തു ചൂടാക്കുമ്പാൾ തോന്നി ഒരു സാലഡ് ഉണ്ടാക്കാമെന്ന്. അവൾ ഫ്രിജ്ജിൽനിന്ന് മയോനീസിന്റെ കുപ്പി പുറത്തേയ്‌ക്കെടുത്തു. പെട്ടെന്നവൾക്ക് കണ്ണാടിയിൽ കണ്ട പ്രതിഛായ ഓർമ്മ വന്നു. ഡയറ്റിങ് തുടങ്ങുമെന്ന പ്രതിജ്ഞയും. അവൾ കുപ്പി അതേപോലെ തിരിച്ചുവച്ച് അടുക്കളയിലേയ്ക്കു നടന്നു. ഉണക്കച്ചപ്പാത്തി, സ്വാദെന്താണെന്ന് മനസ്സിലാവാത്ത കറികൂട്ടി കഴിക്കുമ്പോൾ അവൾക്കു മനസ്സിലായി ഡയറ്റിങ്ങിന് താൻ നല്ലൊരു വില കൊടുക്കേണ്ടിവരുമെന്ന്.

തിങ്കളാഴ്ച ഓഫീസിൽ പോകുമ്പോൾ സാധാരണ എടുക്കാറുള്ള സാധനങ്ങളോടൊപ്പം ഒരു ചെറിയ ലഞ്ചുബോക്‌സും ഉണ്ടായിരുന്നു.

സുഭാഷ് എത്തിയിട്ടുണ്ട്. അവൾ നെറ്റ്‌വർക്കിൽ അയാളുമായി ബന്ധപ്പെട്ടു.

‘ഇതു ഞാനാണ്, അഞ്ജലി.’

‘ഇന്ന് വൈകിയോ?’

‘കുറച്ച്. ഞങ്ങളുടെ ബസ്സ് ട്രാഫിക് ജാമിൽ പെട്ടുപോയി. പിന്നെ, മിനിഞ്ഞാന്നത്തെ ആതിഥ്യത്തിന് നന്ദി.’

‘നീ എന്തു കൺസൾട്ടന്റാണ്? ഫീസ് അഡ്വാൻസായി മേടിച്ച് എനിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതുവരെ ഒരൊറ്റ പ്രൊപോസലും കണ്ടുപിടിച്ചു തന്നില്ലല്ലൊ.’

‘ഇന്ന് കുറച്ചു പ്രൊപോസലുകൾ ഫിൽട്ടർ ചെയ്ത് തരാം. നല്ല പെൺകുട്ടികളെ കിട്ടുക എളുപ്പമാണെന്നു വിചാരിച്ചോ. സമയമെടുക്കും.’

‘സി.ഡി.കൾ കേട്ടോ?’

‘കേട്ടു. ഓരോ സി.ഡി.യും രണ്ടു പാട്ടു കഴിയുമ്പോഴേയ്ക്ക് ഞാൻ ഉറക്കമായി. ഇതെന്താണ് താരാട്ടുപാട്ടുകളാണോ?’

‘ഏതാണ് കൂടുതൽ ഇഷ്ടമായത്?’

‘കാർപെന്റേഴ്‌സ്. അതിലെ യെസ്റ്റർഡേ വൺസ് മോർ.’

‘യു ഹാവ് ഗുഡ് ടേയ്സ്റ്റ്.’

‘താങ്ക്‌സ് ആന്റ് ബൈ… ഒരു മിനുറ്റ്. ഞാൻ ഡയറ്റിങ് തുടങ്ങി. അതുകൊണ്ട് ഇനി ഭക്ഷണം വീട്ടിൽനിന്നു കൊണ്ടുവരികയാണ്.’

സുഭാഷിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നുമില്ല.

‘ഹലോ…നിങ്ങൾ അവിടെത്തന്നെയുണ്ടോ?’

‘ഉണ്ട്. ഞാൻ ചിന്തിക്കുകയായിരുന്നു. ങാ, ഒന്നുമില്ല.’

അയാൾ കണക്ഷൻ വിഛേദിച്ചു. ഇന്ന് ടെലികോൺഫറൻസുള്ള ദിവസമാണ്. രാത്രി എട്ടുമണിയ്ക്കാണത്. എങ്കിലും അതിനുള്ളിൽ ആവുന്നത്ര ജോലി തീർക്കണം.

ശനിയാഴ്ച അമ്മയുടെ കത്തുണ്ടായിരുന്നു. എന്തായി ആലോചനകൾ. വല്ലതും ശരിയാവുന്നുണ്ടോ? അറിയിക്കൂ. വേഗം നടന്നുകാണണംന്ന്ണ്ട്. ഞാനും അച്ഛന്റെ പിന്നാലെ വല്യേ താമസല്യാതെ പോണ മട്ടാണ്. അതിനുമുമ്പ്…

താൻ കാര്യമായി ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ന് എന്തായാലും സമയംണ്ടാവില്ല. നാളെ വൈകുന്നേരം ഇന്റർനെറ്റിലൊന്ന് പരതണം. അയാൾ ജോലിയിൽ മുഴുകി.