close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 04


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 04
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

ഗ്രൗണ്ട് ഫ്‌ളോറിൽ രണ്ടു കാന്റീനുകളാണുള്ളത്. രണ്ടും അടുത്തടുത്തുതന്നെ. സസ്യഭോജനം, സസ്യേതരം. സസ്യഭോജികളുടെ പവിത്രതയും ശുദ്ധിയും കാത്തുസൂക്ഷിക്കുവാനും, ഒരു പരിധിവരെ പ്രലോഭനങ്ങളിൽനിന്നവരെ രക്ഷിക്കാനും ഇടയിൽ അരവരെ ഉയരമുള്ള ഒരു അലുമിനിയം റെയിലിങ് ഉണ്ടെന്നു മാത്രം. പക്ഷേ രണ്ടു ഭക്ഷണവും ഒരടുക്കളയിൽനിന്നാണ് ജനിച്ചു പുറത്തു വരുന്നതെന്ന കാര്യം സസ്യഭോജികൾ സൗകര്യപൂർവ്വം മറക്കുന്നു. സുഭാഷ് നൂറു ശതമാനം സസ്യേതരനാണ്. പക്ഷേ ഇന്ന് സസ്യഭക്ഷണം കഴിക്കാമെന്ന് തീരുമാനിച്ചു. ഒരു ട്രേയിൽ പ്ലെയ്റ്റും വച്ച് അയാൾ ക്യൂനിന്നു. വെജിറ്റബ്ൾ ഫ്രൈഡ് റൈസും ക്വാളിഫ്‌ളവർകൊണ്ട് മഞ്ചൂര എന്നവകാശപ്പെടുന്ന കറിയും ഒരു ഗ്ലാസ്സ് ഫ്രെഷ് ലൈംജൂസും എടുത്ത് ഹാളിലേയ്ക്ക് നടന്നു. രണ്ടു പേർക്കിരിക്കാവുന്ന ഒരു മേശമേൽ സ്ഥലമുണ്ടെന്നു കണ്ട് അയാൾ അങ്ങോട്ടു തിരിഞ്ഞു. ഇരിക്കാൻവേണ്ടി കുനിഞ്ഞപ്പോഴാണ് എതിർവശത്തിരിക്കുന്ന കക്ഷിയെ കണ്ടത്. അതോടെ അയാൾ ഇരിക്കാതെ വേറെ അത്രതന്നെ അപകടമില്ലാത്ത സ്ഥലമന്വേഷിക്കാനായി തിരിഞ്ഞു. അപ്പോഴാണ് പിന്നിൽനിന്ന് അശരീരി കേട്ടത്.

‘ഇവിടെ രണ്ടു പേർക്കിരിക്കാനുള്ള സ്ഥലമുണ്ടല്ലൊ.’

സുഭാഷ് തിരിഞ്ഞ് ട്രേ മേശമേൽ വച്ച് ഇരുന്നു. അഞ്ജലി ഒരു ട്രെയിൽ നിറയെ വിഭവങ്ങൾക്കു മുമ്പിൽ ഇരിക്കുകയാണ്. സുഭാഷിന്റെ ട്രെയിലെ തുഛമായ വിഭവങ്ങൾ അവൾ സാനുകമ്പം നോക്കി. അയാൾ അപ്പോഴും അവളുടെ മുമ്പിലെ ട്രെയിലുള്ള കൂമ്പാരം നോക്കിക്കൊണ്ടിരിക്കയാണ്.

‘എന്താണ് ഇവിടെ ഇരിക്കാതെ തിരിഞ്ഞുനടന്നത്? എന്നെ കണ്ടു പേടിച്ചിട്ടാണോ, അതോ മുമ്പിലുള്ള ട്രേ കണ്ടു പേടിച്ചിട്ടോ.?’

‘ഇത്രയും സാധനങ്ങൾ! ഇതെന്നും കഴിക്കാറുള്ളതാണോ?’

‘എപ്പോഴുമൊന്നുമില്ല. ചിലപ്പോൾ ഞാൻ വല്ലാതെ ഡിപ്രസ്സ്ഡ് ആവും.’

‘അപ്പോൾ കുറച്ചേ കഴിക്കുകയുണ്ടാവൂ അല്ലേ?’ സുഭാഷ് ആശ്വാസത്തോടെ ചോദിച്ചു.

‘അങ്ങിന്യല്ലാ, അപ്പോൾ ഞാൻ മൂന്നു നേരം എന്നതിനു പകരം നാലും അഞ്ചും തവണ ഭക്ഷണം കഴിക്കും.’

‘ഓ…’

‘ഇപ്പൊ മനസ്സിലായില്ലേ അമ്മ പ്രൊപ്പാസലിൽ സത്യം മുഴുവൻ എഴുതിയിട്ടില്ല എന്ന്.’

‘അല്ലെങ്കിലും ഞാൻ വിവാഹ പരസ്യമൊന്നും മുഴുവൻ വിശ്വസിക്കാറില്ല. വീറ്റിഷ് കോംപ്ലക്ഷൻ എന്നൊക്കെ എഴുതും. നേരിട്ട് കാണുമ്പോഴാണ് മനസ്സിലാവുക, പഞ്ചാബി ഗോതമ്പിന്റെയല്ല, നാടൻ മുട്ടിഗോതമ്പിന്റെ നിറമാണെന്ന്.’

‘നാടൻ മുട്ടിഗോതമ്പിന്റെ നിറമെന്താണ്?’

‘ഇരുണ്ട ബ്രൗൺ നിറം.’

അവൾ സ്വന്തം കൈയ്യിലേയ്ക്ക് നോക്കി. പിന്നെ അത്രതന്നെ ആത്മവിശ്വാസമില്ലാതെ ചോദിച്ചു.

‘എന്റെ നിറം ഏതു വകുപ്പിൽ പെടുത്താം?’

അയാൾ അഞ്ജലിയുടെ നീട്ടിക്കാട്ടിയ കയ്യിലേയ്ക്കു നോക്കി.

‘ഞാൻ നേരത്തെ പറഞ്ഞതുപോലത്തെ വീറ്റിഷ്, അതായത് നാടൻ മുട്ടിഗോതമ്പിന്റെ നിറം.’

അവൾ കൈ പിൻവലിച്ചു.

‘പാവം, എന്റെ അമ്മടെ വിചാരം എനിയ്ക്ക് വീറ്റിഷ് കോംപ്ലക്ഷനാണെന്നാണ്.’

‘അമ്മ നെറള്ള പെൺകുട്ടികളെ കണ്ടിട്ടുണ്ടാവില്ല. അതാണ്.’ സുഭാഷ് പറഞ്ഞു.

‘നമുക്ക് വേറെ വല്ലതും സംസാരിക്കാം.’ അഞ്ജലി പറഞ്ഞു.

അഞ്ജലിയുടെ പ്ലെയ്റ്റുകൾ പകുതിയും കാലിയായിരുന്നു. സംസാരിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കാൻ അവൾക്കൊരു മിടുക്കുണ്ട്. താൻ തുടങ്ങിയിട്ടുപോലുമില്ല. സുഭാഷ് സ്പൂണുകൊണ്ട് വെജിറ്റബ്ൾ ഫ്രൈഡ്‌റൈസ് കഴിക്കാൻ തുടങ്ങി.