close
Sayahna Sayahna
Search

അയനങ്ങള്‍: പതിനേഴ്


അയനങ്ങള്‍: പതിനേഴ്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

രാവിലെ എഴുന്നേറ്റപ്പോൾ അപർണ്ണയ്ക്ക് ഉണർവ്വു തോന്നി. കാലുകൾക്കിടയിലെ വേദന അപ്പോഴുമുണ്ടാ യിരുന്നു. രാവിലെ നഴ്‌സിങ് ഹോമിൽ പോകണമെന്ന് അതവളെ ഓർമ്മിപ്പിച്ചു. ഇന്ന് ഷൂട്ടിങ്ങിനു പോകാൻ തോന്നിയില്ല. ബീച്ചിൽ മൂന്നാം ദിവസവും ഷൂട്ടിങ്ങുണ്ടാവുമെന്ന് അവൾക്കറിയാം. പെട്ടെന്ന് അവൾ ആ ഹെലി ക്കോപ്ടർ അപകടം ഓർത്തു. പത്രത്തിൽ അതിന്റെ വിശദ വിവരങ്ങൾ ഉണ്ടായിരുന്നു. ബോട്ട് അടുത്തെത്തുമ്പോൾ ചാടാനായി തയ്യാറെടുത്തു നിന്ന നടന് ഹെലിക്കോപ്ടർ പെട്ടെന്ന് പൊന്തിയതു കാരണം പിടുത്തം വിടുകയാണു ണ്ടായത്. അയാൾ മുറുകെ പിടിക്കാൻ ശ്രമിച്ചു. അത് കൂടുതൽ കുഴപ്പമുണ്ടാക്കി. അപ്പോൾത്തന്നെ പിടി വിട്ടിരുന്നെങ്കിൽ അധികം ഉയരമില്ലാത്തിടത്തു നിന്നു തന്നെ വീണേനെ. അതത്ര അപകടമുണ്ടാക്കില്ലായിരുന്നു, കാരണം അടുത്തെത്തിയ ബോട്ടിലെ ആൾക്കാർക്ക് അയാളെ രക്ഷിക്കാൻ പറ്റുമായിരുന്നു. സാധു മനുഷ്യൻ. ദയനീയമായിട്ടുള്ളത് അയാളുടെ കുടുംബമാണ്. സ്റ്റ്രെച്ചറിൽ ഭർത്താവിന്റെ മൃതദേഹത്തിന്നെതിരെയുള്ള ചുവരിന്നരികിൽ അയാളുടെ ഭാര്യ വീണുകിടന്നിരുന്നു. ആ പാവം സ്ത്രീ കരഞ്ഞുതളർന്ന് കിടക്കുകയായിരുന്നു.

എന്തൊരു ജീവിതം! സിനിമാലോകത്തേയ്ക്കു പ്രവേശിക്കുന്നതിനെപ്പറ്റി അപർണ്ണയ്ക്കു ആദ്യമായി വീണ്ടു വിചാരമുണ്ടായി. അതിനു മാത്രമൊക്കെയുണ്ടോ വെള്ളിത്തിരയിലെ ജീവിതം?

അവൾ പത്രമെടുത്ത് ആദ്യംതൊട്ട് അവസാനംവരെ വായിച്ചു. തനിക്കു പറ്റിയ അപകടത്തെപ്പറ്റി എങ്ങിനെയെ ങ്കിലും വാർത്ത പുറത്തു വന്നിട്ടുണ്ടോ എന്നറിയാൻ. ഇല്ല, ഒന്നും വന്നിട്ടില്ല. എന്തോ ഭാഗ്യത്തിന് അവളെ ആ നഴ്‌സിങ് ഹോമിൽ ആക്കി. എന്തൊക്കെയോ നന്മകൾ ഈ കലുഷാവസ്ഥയിലും തനിക്കനുകൂലമായി വർത്തിക്കുന്നുണ്ട്. അതിൽ ഒന്നാമത്തേതാണ് സുനിൽ മൽഹോത്ര.

‘ഫോണുണ്ട്... അപർണ്ണയ്ക്ക് ഫോണുണ്ട്.’ ചുവട്ടിലെ നിലയിൽ നിന്ന് മിസ്സിസ്സ് പാണ്ഡേ വിളിച്ചു പറഞ്ഞു.

സുനിലായിരുന്നു.

‘എങ്ങിനെയുണ്ട് അപർണ്ണാ ഇപ്പോൾ?’

‘കുഴപ്പമില്ല.’

‘ഇന്ന് നഴ്‌സിങ്‌ഹോമിൽ പോകണം. ഞാൻ ഒമ്പതു മണിക്ക് അവിടെ വരാം.’

‘ഞാൻ ഒറ്റയ്ക്ക് പോയാൽപ്പോരെ?’

‘എന്താ ഞാൻ വരുന്നതുകൊണ്ട് വല്ല കുഴപ്പവുമുണ്ടോ?’

‘അല്ലാ, ഞാൻ സുനിലിനെ കുറേ ബുദ്ധിമുട്ടിക്കുന്നുണ്ട്.’

‘പെണ്ണെ തമാശ പറയാതെ തയ്യാറായി നിന്നോ. കൃത്യം ഒമ്പതു മണിക്ക് ഞാൻ അവിടെ എത്തും. ഹോണടിക്കാ നൊന്നും ഇടയാക്കണ്ട.’

‘ശരി സർ.’

അവൾ പോകാനായി വാതിൽവരെ എത്തിയപ്പോൾ മിസ്സിസ്സ് പാണ്ഡേ ഓടി വന്നു.

‘അപർണ്ണാ, ആജ് നാരിയേൽക്കാ ചട്ടിണി ബനായാ?’

‘അറിയില്ല ആന്റി. ഉണ്ടെങ്കിൽ രേണുവിന്റെ കൈയിൽ കൊടുത്തയക്കാം.’

കോണി കയറുമ്പോൾ അവൾ ആലോചിച്ചു, താൻ ചെയ്യുന്ന ഫോണുകളുടെ ചാർജ് അവർ ഈടാക്കുന്നത് നാളികേരച്ചട്ടിണി ചോദിച്ചു വാങ്ങിയിട്ടാണെന്ന് തോന്നുന്നു.

അവൾ കുളിച്ചു പുറപ്പെടാൻ തുടങ്ങി.

ഹെരാൾഡിൽ യാത്ര ചെയ്യുന്നത് ഒരു വിചിത്രാനുഭവമാണ്. നിങ്ങൾ ഒരു ബൈക്കിലാണ് പോകുന്നതെന്ന പ്രതീതിയുണ്ടാവും. ഇടയ്ക്ക് വല്ല കുഴിയിലും ചാടി തല മുകളിലടിക്കുമ്പോഴാണ് കാറിലാണെന്നു മനസ്സിലാവുക. അപർണ്ണ പറഞ്ഞു.

‘സുനിലിന് ഒരു നല്ല കാർ വാങ്ങിക്കൂടെ?’

അയാൾ അവളെ നോക്കി ചിരിച്ചു.

‘നിനക്കൊരു കാര്യം അറിയാമോ?’

‘ങും?’

‘എനിക്ക് ചെയ്യാമായിരുന്ന കാര്യങ്ങൾ എന്തൊക്കെയുണ്ടായിരുന്നു. അതൊന്നും ചെയ്തില്ല. എനിക്കു വയസ്സ് മുപ്പത്തിരണ്ടായി. കല്യാണം കഴിച്ചില്ല. ഞാനാരു നടനാണ്. പക്ഷേ ഇതുവരെ ഒരു സിനിമയിൽ നായകന്റെ വേഷ മണിഞ്ഞിട്ടില്ല. എന്റെ കയ്യിൽക്കൂടി ലക്ഷങ്ങൾ കടന്നു പോയിട്ടുണ്ട്. വില്ലെ പാർളെയിൽ ഒരു ബങ്ക്‌ളാവ് വാങ്ങുന്ന തിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടില്ല. നഷ്ടപ്പെടുത്തിയ അവസരങ്ങളുടെ ഒരു ആൽബമാണ് എന്റെ ജീവിതം. അല്ലെങ്കിൽ ഇതിലൊക്കെ എന്തിരിക്കുന്നു.’

‘നിങ്ങൾ ഒരദ്ഭുതമനുഷ്യനാണ്.’ അപർണ്ണ പറഞ്ഞു.

അവർ നഴ്‌സിങ്‌ഹോമിലെത്തിയിരുന്നു. ഡോക്ടറുണ്ടായിരുന്നില്ല. നഴ്‌സ് അവളെ ഉള്ളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അയാൾ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റെടുത്ത് ചുണ്ടിൽവച്ചു, പിന്നെ അതു വേണ്ടെന്നു തീരുമാനിച്ച് തിരിച്ചു് കൂട്ടിൽത്തന്നെയിട്ടു.

നഴ്‌സ് വന്ന് അയാളോടു പറഞ്ഞു. ‘രണ്ടാഴ്ച കഴിഞ്ഞ് വരണം. ഒന്നുരണ്ട് ടെസ്റ്റുകൾ നടത്തണം. അത് ഇപ്പോൾ നടത്തിയതു കൊണ്ട് കാര്യമില്ല.’

‘എന്തു ടെസ്റ്റ്?’

‘ഇങ്ങിനെയുള്ള കേസുകളിൽ അതാവശ്യമാണ്.’

സുനിലിനു മനസ്സിലായി. ആറു മാസം മുമ്പ് അയാൾക്ക് ഒരനുഭവമുണ്ടായിട്ടുണ്ട്. ആ മറാത്തി കുട്ടിയുടെ കാര്യ ത്തിൽ. പക്ഷേ ടെസ്റ്റുകൾ നടത്തേണ്ടി വന്നില്ല. അതിനുമുമ്പ് അവൾ എന്നെന്നേയ്ക്കുമായി യാത്രയായി. മോർച്ചറി യിൽ അവളുടെ ശവശരീരം കിടക്കുന്നത് ഓർമ്മ വന്നപ്പോൾ അയാൾ പല്ലിറുമ്മി.

കാറിൽ കയറുമ്പോൾ അയാൾ ചോദിച്ചു.’എന്താണ് നിന്റെ പരിപാടി?’

‘ഇന്നോ?’

‘അതെ. വേറെ പരിപാടിയൊന്നും ഇട്ടിട്ടില്ലെങ്കിൽ നമുക്ക് ലഞ്ചിനു പോകാം. നിനക്ക് കുറച്ചൊരു റിലാക്‌സേഷൻ കിട്ടും.’

‘അത് എവിടേയ്ക്ക് ക്ഷണിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.’

‘എന്താണ് വേണ്ടത്? ചൈനീസ് ഓർ കോൺടിനെന്റൽ.’

‘ചൈനീസ് മതി.’

‘എങ്കിൽ നമുക്ക് ഫ്‌ളോറയിൽ പോകാം.’

അവൾ ഫ്‌ളോറയിൽ പോയിട്ടുണ്ടായിരുന്നില്ല. അവൾ പറഞ്ഞു.

‘ശരി.’

ഫ്‌ളോറ വർളിയിലായിരുന്നു. അയാൾ കാർ സ്റ്റാർട്ടാക്കി.