close
Sayahna Sayahna
Search

നാടോടിപ്പാട്ടുകള്‍ II


നാടോടിപ്പാട്ടുകള്‍ II
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്

നാടോടിപ്പാട്ടുകള്‍ II

വടക്കന്‍പാട്ടുകള്‍

ഉപക്രമം

വടക്കേമലയാളത്തില്‍ പുരാതനകാലങ്ങളില്‍ വീര്യശൗര്യങ്ങള്‍ക്കു വിളനിലങ്ങളായിരുന്ന ചില പുരുഷകേസരികളുടെയും വനിതാരത്നങ്ങളുടേയും അപദാനങ്ങളെ പ്രകീര്‍ത്തനം ചെയ്യുന്ന നാടോടിപ്പാട്ടുകള്‍ക്കാണ് വടക്കന്‍പാട്ടുകള്‍ എന്നു പേര്‍ പറഞ്ഞുവരുന്നത്. ആ പാട്ടുകള്‍ക്കു പണ്ടത്തെപ്പോലെയുള്ള പ്രചാരം ഇക്കാലത്തില്ലെങ്കിലും ഇന്നും അവയില്‍ ജനങ്ങള്‍ക്കുള്ള പ്രതിപത്തി അസ്തമിച്ചിട്ടില്ല. നാനൂറോളം വടക്കന്‍പാട്ടുകള്‍ മലബാര്‍ ഡിസ്ട്രിക്ക് കളക്ടരായിരുന്ന മി. പെഴ്സിമാക്വീന്‍ ശേഖരിച്ചിട്ടുള്ളതായി കേള്‍വിയുണ്ട്. ഇനിയും ഒട്ടുവളരെ അധികം ആ ഇനത്തിലുള്ള ഗാനങ്ങള്‍ ശേഖരിക്കുവാന്‍ കിടപ്പുള്ളതായുമറിവുണ്ട്. ആകെക്കുടി മുപ്പത്തഞ്ചു പാട്ടുകളോളം മാത്രമേ ഇന്നേവരെ അച്ചടിപ്പിച്ചിട്ടുള്ളു. അതുകൊണ്ട് ഈ വിഷയത്തില്‍ ഭാഷാഭിമാനികള്‍ നേടീട്ടുള്ളതു മണല്‍, നേടേണ്ടതു മല എന്ന നിലയിലാണ് വസ്തുസ്ഥി. പാടുവാന്‍ വിശേഷിച്ചു ഗായകത്വമോ കേട്ടാനന്ദിക്കുവാന്‍ പ്രത്യേകിച്ചു വൈദൂഷ്യമോ വേണ്ടാത്ത പ്രസ്തുത ഗാനങ്ങള്‍ ഹൃദയത്തില്‍നിന്നു പുറപ്പെട്ടു ഹൃദയത്തില്‍ചെന്ന് അലിഞ്ഞുചേരുന്നു. കളരി, അടവ്, പയറ്റ്, അങ്കം, ഇവയോട് അനുബന്ധിക്കാത്ത വടക്കന്‍ പാട്ടുകള്‍ കുറയും. പടക്കലികൊണ്ട വീരന്മാരുടെ പോരിനുവിളി, ആയുധങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടല്‍ അപകടങ്ങളില്‍ നിന്നു യുവാക്കന്മാരും യുവതികളും അവരുടെ കയ്യുക്കുകൊണ്ടും ബുദ്ധിശക്തികൊണ്ടും നിഷ്പ്രയാസം നേടിക്കൊള്ളുന്ന ആത്മരക്ഷ മുതലായി പുളകപ്രദങ്ങളായ പല അത്ഭുതസംഭവങ്ങളും അവയില്‍ ഹൃദയങ്‌ഗമമായി പ്രതിബിംബിച്ചിട്ടുണ്ട്. പൂര്‍വ്വകാലത്തേ സമുദായാചാരങ്ങളുടെ സ്ഫടികദര്‍പ്പണങ്ങളെന്ന നിലയിലും അവയ്ക്കു ബഹുമാന്യമായ ഒരു സ്ഥാനമുണ്ട്. വടക്കന്‍ പാട്ടുകള്‍ പ്രായേണ ഒരൊറ്റ ദ്രാവിഡവൃത്തത്തിലാണ് രചിച്ചു കാണുന്നത്. അതില്‍ പലപ്പോഴും അക്ഷരങ്ങള്‍ ഒടിച്ചും മടക്കിയും നീട്ടുയും നിറുത്തിയും മറ്റും ഉച്ചരിക്കേണ്ടതുണ്ട്. ആപ്പണികള്‍ കഴിച്ച് എണ്ണിനോക്കിയാല്‍ ഓരോ വരിയിലും പതിനേഴുമാത്ര വീതം കാണാം. ʻതച്ചോളിമേപ്പയില്‍ കുഞ്ഞ്യോതേനന്‍ʼ എന്ന വരിതന്നെ ഇതിനുദാഹരണമാണു്. ʻകരുമ്പറമ്പില്‍ കണ്ണന്റെ കഥʼ യിലെ ആദ്യത്തെ ഭാഗം മാത്രമേ ഞാന്‍ മറ്റൊരു വൃത്തത്തില്‍ രചിച്ചതായി കണ്ടിട്ടുള്ളൂ. അതിലെ

ʻഒന്നുണ്ടു കേള്‍ക്കണം പെണ്ണേ നീയാര്‍ച്ചേ!
തോട്ടത്തില്‍ ചെത്തുവാന്‍ പോകുന്നു ഞാനും.ʼ

എന്നീ വരികളില്‍ പത്തൊന്‍പതു മാത്രംവീതം ഉണ്ടു്.

ദേശം

വടക്കന്‍പാട്ടുകളിലെ നായകന്മാരും നായികമാരും അറിവുള്ളിടത്തോളം കടത്തനാട്ടോ അതിനു സമീപമോ ജീവിച്ചിരുന്നവരാണു്. ആരോമല്‍ച്ചേകവരുടെ പാട്ടില്‍ (പുത്തരിയങ്കത്തില്‍) വെട്ടത്തുനാട്ടു് തൃപ്പറങ്ങോട്ടപ്പന്റെ നടയില്‍ പൊന്നും വെള്ളിയും പൊതിഞ്ഞുവച്ചു പരീക്ഷനടത്തി കുറുങ്ങാടിടം എന്ന തറവാട്ടിലെ കാരണവസ്ഥാനത്തെപ്പറ്റി ഉണിക്കോനാരും ഉണിച്ചന്ത്രോരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കുവാന്‍ ശ്രമിക്കുന്നതിനെപ്പറ്റി നാം വായിക്കുന്നുണ്ടു്; എന്നാല്‍ കുറുങ്ങാടിടം പ്രതിയാതിരിനാട്ടിലേ ഒരു വീടാണെന്നു കവി തന്നെ നമ്മെ ധരിപ്പിക്കുന്നുമുണ്ടു്. ഈ പ്രതിയാതിരിനാടു് എന്നു പറയുന്നതു പുറത്തായ നാടെന്നും പുറവഴിനാടെന്നും പേരുള്ള വടക്കന്‍ കോട്ടയമാണെന്നു് എനിക്കു തോന്നുന്നു. കോലത്തുനാട്ടു് അരിങ്ങോടരെ ഉണിച്ചന്ത്രോര്‍ക്കു ചോകോ[1]നായി കിട്ടിയതുപോലെ ഏളവന്നൂര്‍നാട്ടു പുത്തൂരംവീട്ടില്‍ ആരോമരെ ഉണിക്കോനാര്‍ക്കും ചേകോനായി കിട്ടി. ആ പാട്ടിലെ–-

ʻʻകറുത്തനാര്‍നാടു കിഴക്കേ അറ്റം
പുത്തൂരം പാടം പടിഞ്ഞാറ്ററം
എളവന്നൂര്‍ നാടൊരു നാടല്ലാണെˮ

എന്ന വരികളില്‍നിന്നു കടത്തനാട്ടിനു പടിഞ്ഞാറാണു് എളവന്നൂര്‍ നാടെന്നു നാം അറിയുന്നു. ചിറയ്ക്കല്‍ തമ്പുരാന്‍, കോട്ടയത്തു തമ്പുരാന്‍ ഇവര്‍ക്കു പുറമേ സാമൂതിരിയെപ്പറ്റിയും ചില പാട്ടുകളില്‍ സൂചനയുണ്ടു്.

കാലം

വടക്കന്‍പാട്ടുകളില്‍ ഭൂരിപക്ഷവും രണ്ടു കുടുംബങ്ങളിലേ അങ്ഗങ്ങളുടെ പ്രശസ്തിയെ വാഴ്ത്തുന്നവയാണു്. അവയില്‍ ഒന്നു മേല്പറഞ്ഞ പുത്തൂരംവീടും മറ്റൊന്നു കടത്തനാട്ടു വടകരയ്ക്കു സമീപമുള്ള പുതുപ്പണം അംശത്തില്‍ മേപ്പയില്‍ എന്ന പ്രദേശത്തില്‍പെട്ട തച്ചോളിമാണിക്കോത്തുവീടും ആണു്. പുത്തൂരം വീട്ടുകാര്‍ തീയന്മാരും മാണിക്കോത്തു വീട്ടകാര്‍ നായന്മാരുമാണെന്നു വായനക്കാര്‍ കേട്ടിരിക്കുമല്ലോ. തച്ചോളി എന്നതു ജാതിവിഭാഗത്തെ സൂചിപ്പിക്കുന്ന പേരാണെന്നറിയുന്നു. തച്ചോളി ʻഒതേനʼക്കുറുപ്പിനെപ്പറ്റിയുള്ള പാട്ടുകളാണു് ഒട്ടധികമുള്ളതു്. ഒതേനന്‍ കൊല്ലം 759-‌ആമാണ്ടു മിഥുനമാസം വെള്ളിയാഴ്ച നട്ടുച്ചയ്ക്കു് കറുത്ത വാവിന്‍നാളില്‍ ജനിച്ചു. മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ യശശ്ശരീരനായി. ഇതില്‍നിന്നു ആ യോദ്ധാവു് മരിച്ചിട്ടു മുന്നൂറില്‍ചില്വാനം വര്‍ഷങ്ങളേ കഴിഞ്ഞിട്ടുള്ളു എന്നു സിദ്ധമാകുന്നു. ആരോമല്‍ച്ചേകവരുടെ കാലവും ഇതിനെ അപേക്ഷിച്ചു വളരെ മുമ്പല്ലെന്നാണു് എനിക്കു തോന്നുന്നതു്. വലിയ ആരോമല്‍ച്ചേകവരുടെ കഥയില്‍

ʻʻനമ്മുടെ പണ്ടത്തെക്കാര്‍ന്നോന്മാരു്
അങ്കംപിടിച്ചു കഴിഞ്ഞുപോന്നു;
മുന്നൂറററുപത്തെട്ടു വരിഷമായി,
അന്നുതൊട്ടിന്നുവരെയ്ക്കുമുണ്ണി.ˮ

എന്നൊരു കുറിപ്പു കാണുന്നുമുണ്ടു്. ചേകവര്‍ തന്റെ അനുജന്‍ കുഞ്ഞിക്കണ്ണനോടു കേരളോല്‍പത്തിയേയും ഈഴവരുടെ ആഗമത്തേയുംമറ്റും പറ്റി പറയുന്ന പുരാവൃത്തത്തിലുള്‍പ്പെട്ടതാണു് ഈ കുറിപ്പു്. പ്രസ്തുത ചരിത്രകഥനം പുത്തിരിയങ്കത്തിലില്ല. പുത്തരിയങ്കം പൊലിപ്പിച്ചതാണു് വലിയ ആരോമല്‍ച്ചേകവരുടെ കഥ; എന്നാല്‍ ആ കഥയും പഴക്കമുള്ളതുതന്നെയെന്നു പറയേണ്ടിയിരിക്കുന്നു. ചേരമാന്‍പെരുമാള്‍ ഈഴത്തുരാജാവിനു് ആളയച്ചിട്ടാണു് ഈഴവര്‍ മലയാളക്കരയില്‍ കുടിപാര്‍പ്പു് തുടങ്ങിയതു് എന്നു് അതില്‍ പറയുന്നുണ്ടെങ്കിലും എന്നുമുതലാണു് പുത്തൂരംവീട്ടുകാര്‍ അങ്കംപിടിച്ചു തുടങ്ങിയതെന്നോ ഏതു ചേരമാന്‍ പെരുമാളാണു് ഈഴവരെ കുടിയിരുത്തിയതെന്നുപോലുമോ നിര്‍ണ്ണയിക്കുവാന്‍ യാതൊരു തെളിവും അതു നല്കുന്നില്ല. ക്രി. പി. ഒന്‍പതാം നൂറ്റാണ്ടിലല്ല പെരുമാള്‍വാഴ്ച അവസാനിച്ചതെന്നു മുന്‍പൊരധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്. അതുകൊണ്ടു് ക്രി. പി. ഒന്‍പതാം ശതകത്തിനുശേഷം മൂന്നൂറ്ററുപത്തെട്ടു വര്‍ഷം കഴിഞ്ഞിട്ടു് അതായതു പതിമൂന്നാംശതകത്തിലോ അതിന്നടുപ്പിച്ചോ ആണു് ആരോമല്‍ച്ചേകവര്‍ ജീവിച്ചിരുന്നതെന്നു സ്ഥാപിക്കുവാന്‍ മാര്‍ഗ്ഗമുണ്ടെന്നു തോന്നുന്നില്ല. ʻപട്ടാളമല്ലേ കാണുന്നതു്ʼ എന്നൊരു പ്രസ്താവനയും പുത്തിരിയങ്കത്തില്‍ കാണുന്നുണ്ടു്. ʻപട്ടാളംʼ എന്ന പദം പതിമ്മൂന്നാംശതകത്തില്‍ മലയാളത്തില്‍ പ്രചരിച്ചിരുന്നതായി തോന്നുന്നില്ല.

പുത്തൂരംവീടു്

പുത്തൂരംവീട്ടിലെ ആരോമല്‍ച്ചേകവര്‍, അദ്ദേഹത്തിന്റെ സഹോദരി ആറ്റുമ്മണമ്മേല്‍ ഉണ്ണിയാര്‍ച്ച, ഉണ്ണയാര്‍ച്ചയുടെ മകന്‍ ആരോമുണ്ണി ഈ മുന്നുപേരും അങ്കപ്പയറ്റില്‍ അത്യധികം വൈദഗ്ദ്ധ്യം സമ്പാദിച്ചവരായിരുന്നു. തന്റെ അച്ഛന്‍ കണ്ണപ്പനു നാല്പത്തിരണ്ടു വയസ്സുള്ളപ്പോളാണു് ആരോമല്‍ചേകവര്‍ ജനിച്ചതു്.

ʻʻഏഴങ്കം വെട്ടിജ്ജയിച്ചു അച്ഛന്‍;
പന്തിരണ്ടങ്കം പദവി തീര്‍ത്തു;
ഇരുപത്തിരണ്ടങ്കം താരി താഴ്ത്തി.ˮ

എന്നു് അദ്ദേഹത്തെപ്പറ്റി മകന്‍ പുത്തരിയങ്കത്തില്‍ പറയുന്നുണ്ടു്. ആ കണ്ണപ്പന്‍ ചേകവരെപ്പറ്റിയും ഒരു പാട്ടുണ്ടു്. ആരോമല്‍ച്ചേകവര്‍ (1) പകിടകളിക്കു പോയതും (2) പുത്തരിയങ്കം വെട്ടിയതും ഇങ്ങനെ രണ്ടു പാട്ടുകള്‍ ആ മഹാവീരനെപ്പറ്റി കാണ്മാനുണ്ടു്. മികവില്‍ മികച്ചേരിവീട്ടിലുള്ള അമ്മാവന്‍ ചൂതുകളിക്കു വിദഗ്ദ്ധനായിരുന്നതുകൊണ്ടു് അതു പഠിക്കുവാന്‍ ആരോമര്‍ അങ്ങോട്ടു പോയി.

ʻʻകോവില്‍ കൊടുത്തുള്ള കൊത്തുവള
നഗരി കൊടുത്തോരു പൊന്‍കുപ്പായം;
നാടുവാഴി കൊടുത്തോരു പൊന്നുന്തൊപ്പി
ദേശവാഴി കൊടുത്തോരു നാഗമാല;
ശിഷ്യന്മാര്‍ കൊടുത്തോരു പൊന്‍ചൂരക്കോല്‍;
ഏഴായിരത്തിന്റെയടിച്ചെരിപ്പ്;
ഏടമ്പിരി നല്ല വലമ്പിരിയും
ചക്കമുള്ളന്‍വള കൊത്തുവള;
താന്‍തന്നെ തീര്‍പ്പിച്ച പൊന്‍മോതിരം
ചമയങ്ങളൊക്കെയും ചേര്‍ത്തണിഞ്ഞു്ˮ

പുറപ്പെടാന്‍ ഒരുങ്ങുന്ന മകനോടു്

ʻʻചമയം കുറയ്ക്കുണ്ണി! പൊന്മകനേ!
കരിങ്കണ്ണുതന്നെയും തട്ടിപ്പോകുംˮ

എന്ന് അമ്മ ഗുണദോഷിയ്ക്കുന്നു. അമ്മാവന്റെ വീട്ടില്‍ ʻകാറ്റാടും നല്ല കളിത്തിണ്ണയില്‍ʼ പാവിരിച്ചു കുഞ്ഞമ്മായി ആരോമരെ എതിരേറ്റു സല്‍ക്കരിച്ചു. അപ്പോള്‍ അമ്മാവന്റെ മകന്‍ തുമ്പോലാര്‍ച്ച തേച്ചുകുളി കഴിഞ്ഞു,

ʻʻമാറത്തു തളിക കമഴ്ത്തിക്കൊണ്ടു,
പടിയും പടിപ്പുര കടന്നുവന്നു.ˮ

അവളെ

ʻʻഒളിമിന്നല്‍പോലങ്ങു കണ്ടുചേകോന്‍;
ദൃഷ്ടി മറിച്ചങ്ങു നോക്കി ചേകോന്‍;
പുഞ്ചിരികൊണ്ടു ചിരിച്ചു പെണ്ണും,ˮ

എന്തിനധികം? അന്നു രാത്രിയില്‍തന്നെ ഗാന്ധര്‍വ്വവിധിപ്രകാരം അവരുടെ വിവാഹം കഴിഞ്ഞു. അതു മാതാപിതാക്കന്മാര്‍ അറിയായ്കനിമിത്തം തുമ്പോലാര്‍ച്ച വളരെ കഷ്ടപ്പെടേണ്ടിവന്നു. ഓരോ സ്ത്രീകളോടു പുരുഷന്മാരെ താന്‍ തൊട്ടിട്ടില്ലെന്നു് അവള്‍ പിന്നീടു പറയുമ്പോള്‍

ʻʻമുലക്കണ്ണുരണ്ടും കറുത്തില്ലേടീ?
കരിനിറംപോലെ നിറമുണ്ടല്ലോ.
കടവയറുതന്നെ കനത്തുകണ്ടു;
പൊക്കിള്‍ക്കൊടിയും മലച്ചുകണ്ടു;
ഒത്തോരടയാളം കണ്ടു ഞങ്ങള്‍ˮ

എന്നു് അവര്‍ അവളെ പരിഹസിച്ചു. ഒടുവില്‍ പ്രസവിച്ചതിനുമേല്‍ ഭര്‍ത്താവിനെ എഴുത്തു കൊടുത്തയച്ചു വരുത്തി തന്റെ സ്ഥിതി പൊതുജനങ്ങളെ ഗ്രഹിപ്പിയ്ക്കുകയും അവരെല്ലാം സന്തോഷിയ്ക്കുകയും ചെയ്തു. മകനു് ഉണ്ണിക്കണ്ണനെന്നു പേരുമിട്ടു. ആദ്യത്തെ ദിവസംതന്നെ പകിടകളിയില്‍ അമ്മാവനെ തോല്പിച്ചു് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി എന്നുകൂടിപ്പറയേണ്ടതുണ്ടു്. ആലത്തൂര്‍വീട്ടിലെ കുഞ്ചുണ്ണൂലി എന്നൊരു ഭാര്യയും ആരോമര്‍ക്കുണ്ടായിരുന്നു.

പുത്തരിയങ്കം

ഉണിക്കോനാരുടെ ചേകോനെന്ന നിലയില്‍ അരിങ്ങോടരോടു് അങ്കംപൊരുതുവാന്‍ ആരോമര്‍ സന്നദ്ധനായി. സഹായത്തിനു കിട്ടിയതു് അച്ഛന്റെ ഒരു മരുമകനും തന്റെ സഹോദരി ഉണ്ണിയാര്‍ച്ച ഒരു കാലത്തു ഭാര്യാപദം സ്വീകരിയ്ക്കുവാന്‍ വിസമ്മതിയ്ക്കുകയാല്‍ ആരോമരോടു പ്രത്യേകം വിരോധമുള്ളവനുമായ ചന്തുവിനെയായിരുന്നു. അരിങ്ങോടര്‍ ചന്തുവിനെ തന്റെ വശത്താക്കി. അയാളെ ദ്വന്ദ്വയുദ്ധത്തില്‍ ആരോമര്‍ കൊന്നെങ്കിലും അങ്കത്തളര്‍ച്ചകൊണ്ടു ചന്തുവിന്റെ മടിയില്‍ കിടന്നു ഒന്നു മയങ്ങി. അപ്പോള്‍ ചതിയനായ ചന്തു ആരോമരുടെ വയറ്റത്തുണ്ടായിരുന്ന ഒരു മുറിവില്‍ കുത്തുവിളക്കിന്റെ തണ്ടു ചൂടുപിടിപ്പിച്ചു കുത്തുകയും ആ കുത്തേറ്റ് ആരോമര്‍ ആസന്നമൃത്യുവായിത്തീരുകയും ചെയ്തു. വല്ല പ്രകാരത്തിലും വീട്ടിലെത്തി അവിടെവെച്ചു ഇരുപത്തിരണ്ടാമത്തെവയസ്സില്‍ ആ ധീരയോദ്ധാവു് മരിച്ചു. പുത്തരിയങ്കം ഏറ്റവും വികാരോത്തേജകമായ ഒരു ഗാനമാണു്; കണ്ണുനീര്‍ വാര്‍ക്കാതെ അതു വായിച്ചുതീര്‍ക്കുവാന്‍ ആര്‍ക്കും സാധിക്കുന്നതല്ല. താഴെക്കാണുന്നതു് ആരോമരുടെ ഒരു പയറ്റുമുറയുടെ വര്‍ണ്ണനമാണു്,

ʻʻഅവിടുന്നെഴുനേറ്റു ആരോമരും;
പീഠം വലിച്ചങ്ങു വച്ചു ചോകോന്‍;
പാവാടതന്നെ വിരിക്കുന്നുണ്ടു്;
പാവാടതന്നില്‍ത്തളികവച്ചു;
തളികനിറയോളം വെള്ളരിയും;
വെള്ളരിമീതൊരു നാളികേരം;
നാളികേരത്തിന്മേല്‍ ചെമ്പഴുക്കാ;
പഴുക്കാമുകളിലൊരു കോഴിമുട്ടു;
കോഴിമുട്ടമേല്‍ സൂചിനാട്ടി;
സൂചിമുനമേല്‍ ചുരികനാട്ടി;
ചുരികമുനമേല്‍ മറിഞ്ഞുനിന്നും
നൃത്തങ്ങളേഴും കഴിച്ചവനും.ˮ

ഒടുവില്‍ ആരോമര്‍ തന്റെ അനുജന്‍ കണ്ണനോടു പറയുന്ന വാക്കുകള്‍ എത്രമാത്രം കരുണരസനിഷ്യന്ദികളാണെന്നു പരിശോധിക്കുക. തുമ്പോലാര്‍ച്ചയും ഉണ്ണിക്കണ്ണനും അവിടെ ഓടിയെത്തി. അപ്പോള്‍ ആരോമര്‍ അനുജനെ വിളിച്ചു.

ʻʻവിളിച്ചവിളികേട്ടു ചെന്നു കണ്ണന്‍
എന്താ വിളിച്ചെന്റെ നേരേട്ടനേ;
മറ്റേതുമല്ല വിളിച്ചതുണ്ണി
ഇവനെ നീ നല്ലോണം രക്ഷിക്കണം
നീയല്ലാതിവനാരുമില്ലയല്ലോ;
വിദ്യകളൊക്കെപ്പഠിപ്പിക്കേണം;
ഇവനു ഞാനൊന്നും കൊടുത്തിട്ടില്ല;
നീയുകൊടുത്തേയിരിക്കയുള്ളൂ.
എന്നു പറഞ്ഞു കൊടുത്തവനും
ചെന്തെങ്ങിളനീരും കൊണ്ടുവായോ!
ആ മൊഴി കേട്ടോരു നേരനുജന്‍
വേഗത്തിലിളനീരും കൊണ്ടുവന്നു
ജ്യേഷ്ഠന്റെ കൈയില്‍ക്കൊടുക്കുന്നുണ്ടേ;
തണ്ണീര്‍കുടിയും കഴിഞ്ഞിതല്ലോ
ഒന്നിങ്ങു കേള്‍ക്കണമച്ചായെന്നും;
കച്ച കഴിക്കട്ടെയച്ചായെന്നു,

* * *

കച്ച കഴിക്കട്ടെ നേരനുജാ!
കച്ചകഴിക്കട്ടെ ഉണ്ണിയാര്‍ച്ചേ!
കച്ച കഴിക്കട്ടെ കുഞ്ചുണ്ണൂല്യേ!
കച്ച കഴിക്കട്ടെ മാലോകരെ!
ഇനിയുള്ള കാഴ്ചയും നമ്മള്‍ തമ്മില്‍
ഇനിയുള്ള കാലത്തു കാണ്‍കയില്ല.
കച്ചയഴിച്ചു മരിച്ചു ചോകോന്‍ˮ

ആറ്റുമ്മണമ്മേല്‍ ഉണ്ണിയാര്‍ച്ച

ഉണ്ണിയാര്‍ച്ച ഒരിക്കല്‍ തനിക്കു് അല്ലിമലര്‍ക്കാവിലെ കുത്തു കാണുവാന്‍ പോകേണമെന്നു ശ്വശുരനോടും ശ്വശ്രൂവിനോടും അഭ്യര്‍ത്ഥിച്ചു. അവര്‍ വിരോധം പറഞ്ഞു. ആരേത്തുണ കുട്ടിക്കൊണ്ടുപോകുമെന്നു് അവര്‍ ചോദിച്ചതിനു തന്റെ ഭര്‍ത്താവു കുഞ്ഞിരാമന്‍ കൂടിപ്പോരമെന്നു് അവള്‍ മറുപടി പറഞ്ഞു. ഉണ്ണയാര്‍ച്ചയുടെ ചമയമാണു് താഴെകാണുന്ന വരികളില്‍ വര്‍ണ്ണിക്കുന്നതു്.

ʻʻചന്ദനക്കല്ലിന്റെയരികേ ചെന്നു
ചന്ദനമുരസിക്കുറി വരച്ചു;
കണ്ണാടിനോക്കിത്തിലകം തൊട്ടു;
പീലിത്തിരുമുടി കെട്ടിവച്ചു;
അഞ്ജനംകൊണ്ടവള്‍ കണ്ണെഴുതി;
കുങ്കുമം കൊണ്ടവള്‍ പൊട്ടുകുത്തി.
കസ്തൂരി കളഭങ്ങള്‍ പൂശുന്നുണ്ടേ;
മെയ്യാഭരണപ്പെട്ടി തുറന്നുവച്ചേ;
ഏഴു കടലോടി വന്ന പട്ടു,
പച്ചോലപ്പട്ടു ചുളിയും തീര്‍ത്തേ
പൂക്കുല ഞെറിവച്ചുടുക്കുന്നുണ്ടേ;
പൊന്‍തോടയെടുത്തു ചമയുന്നുണ്ടേ;
കോട്ടമ്പടിവച്ച പൊന്നരഞ്ഞാള്‍
മീതേ അഴകിനു പൂട്ടുന്നുണ്ടേ.
ഏഴു ചുറ്റുള്ളോരു പൊന്മാലയും–
മുത്തുപതിച്ചുള്ള മാലയല്ലോ–
കഴുത്തിലതന്നെയും ചേര്‍ത്തണിഞ്ഞു;
രാമായണം കൊത്തിച്ച രണ്ടു വള
എല്ലാമെടുത്തിട്ടണിയുന്നുണ്ടേ;
പൊന്‍മുടിതന്നെയും ചൂടുന്നുണ്ടേ;
ചമയങ്ങളൊക്കെച്ചമഞ്ഞൊരുങ്ങി
കൈവിരല്ക്കാറിലും പൊന്മോതിരം
ചേര്‍ച്ചയോടങ്ങു അണിയുന്നുണ്ടേ;
ഉറുമിയെടുത്തു അരയില്‍പ്പൂട്ടി.ˮ

താന്നൂരങ്ങാടി കടന്നു് ഏടവട്ടത്തങ്ങാടിയില്‍ എത്തിയപ്പോള്‍ ചില അക്രമികള്‍ അടുത്തുകൂടി. പേടിത്തൊണ്ടനായ കുഞ്ഞിരാമന്‍ എലിപോലെനിന്നു വിറയ്ക്കുകയാണു്. അയാളോടു്

ʻʻപെണ്ണായ ഞാനും വിറയ്ക്കുന്നില്ല;
ആണായ നിങ്ങള്‍ വിറയ്ക്കുന്നെന്തേ?ˮ

എന്നു ചോദിച്ചുകൊണ്ടു് അവള്‍ അവരോടു നേരിടുന്നു.

ʻʻഅരയും തലയുമുറപ്പിയ്ക്കുന്നു;
അരയീന്നുറുമിയെടുത്തവളും
നനമുണ്ടു നന്നായരയില്‍കെട്ടി
നേരിട്ടു നിന്നല്ലോ പെണ്‍കിടാവും.
അരിശംചൊടിച്ചു പറഞ്ഞു പെണ്ണും
ʻആണുംപെണ്ണ്വല്ലാത്ത കയ്യന്മാരേ!
എന്നോടൊരാശ നിങ്ങള്‍ക്കുണ്ടതെങ്കി
ലെന്നുടെ കയ്യും പിടിച്ചുകൊള്‍വിന്‍.ʼ

* * *

ഏറിയ ദൂഷണം ചൊല്ലിയാര്‍ച്ച;
ആലിലപോലെവിറതുടങ്ങി.
അങ്കക്കലികൊണ്ടു നിന്നവളും
അടിയീന്നു മുടിയോളം വിറച്ചുപോയി.

* * *

ʻഎന്നാലോ നോക്കിത്തടുത്തുകൊള്‍ക;
പകിരിതിരിഞ്ഞൊന്നു നിന്നു പെണ്ണും,
കുതിരപ്പാച്ചില്‍ ഒന്നു പാഞ്ഞവളും,
നനമുണ്ടു വീശീട്ട നിന്നു പെണ്ണും,
അഞ്ഞൂറും മൂന്നൂറും വീണു പെണ്ണും
രണ്ടാമതൊന്നു മറിഞ്ഞവളും
പതിനെട്ടാളെ കരത്തില്‍ വെയ്ക്കുന്നുണ്ടു്
തൊടുവോര്‍ [2]കളര്യെകരം വന്നുവല്ലോ.ˮ

നോക്കുക ആ മനസ്വിനിയുടെ അടവും അഭ്യാസവും ധൈര്യവും തന്റേടവും!

ആരോമുണ്ണി

തന്റെ അമ്മാവനായ ആരോമല്‍ച്ചേവകരെ ചതിച്ചുകൊന്ന ചന്തുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ അമ്മ ഉണ്ണിയാര്‍ച്ചയില്‍ നിന്നു മനസ്സിലാക്കി ആരോമുണ്ണി കോലത്തുനാട്ടു പാഞ്ഞുചെന്നു് അയാളെ അങ്കത്തില്‍ കൊല്ലുന്നതാണു് ആരോമുണ്ണി എന്ന പാട്ടിലെ കഥാവസ്തു. ʻആരോമുണ്ണിʼ ʻആരോമല്‍ ചേകവരെʼപ്പോലെതന്നെ മനോഹരമായ ഒരു പാട്ടാണു്.

ʻʻചേകോന്മാരായിജ്ജനിച്ചാല്‍പിന്നെ
വാള്‍ക്കണിയില്‍ച്ചോറല്ലോ ചേകോന്മാര്‍ക്കു്ˮ
ʻʻപുത്തൂരം വീട്ടില്‍ജ്ജനിക്കുന്നോര്‍ക്കു
നേര്‍ച്ചക്കോഴിയുടെ വയസ്സവര്‍ക്കു്ˮ
ʻʻകളരിയടച്ചങ്ങിരിക്കുന്നതും
ചേകവന്മാര്‍ക്കേതും ചേര്‍ച്ചയില്ല.ˮ

എന്നും മറ്റുമുള്ള ശൗര്യപ്രകാശകങ്ങളായ വരികള്‍ അതിലുള്ളവയാണു്. തന്റെ മാതാമഹന്‍ കണ്ണപ്പനില്‍നിന്നു പത്തൊന്‍പതാമത്തെ അടവുകൂടി പഠിച്ചുകൊണ്ടാണു് ആരോമുണ്ണി ചന്തുവിനെ ജയിക്കുവാന്‍ പോകുന്നതു്. ഉണ്ണിയാര്‍ച്ച മകനോടു പ്രസ്ഥാനാവസരത്തില്‍ ഇങ്ങനെ പറയുന്നു.

ʻʻനേരിട്ടുവെട്ടി മരിച്ചതെങ്കില്‍
വീട്ടേയ്ക്കു നല്ലൊരു മാനംതന്നെ.
വീരാളിപ്പട്ടുവിതാനത്തോടെ
ആര്‍ത്തുവിളിച്ചു ഇടുപ്പിക്കേണ്ടു്
എലപുലനന്നായ്ക്കഴിപ്പിച്ചേക്കാം.
ഒളിവാളുകൊണ്ടു മരിച്ചതെങ്കില്‍
പച്ചോലയില്‍ക്കെട്ടിവലിപ്പിക്കേണ്ടു്;
പുലയുംകൂടി ഞാന്‍ കുളിക്കയില്ല.ˮ

ആരോമുണ്ണിയും ചന്തുവും തമ്മില്‍ അങ്കംവെട്ടി.

ʻʻചീറ്റിയടുക്കുന്നു ആരോമുണ്ണി
വാടി മഴങ്ങുന്നു ചന്ത്വല്ലാണു്.
ʻഒന്നിങ്ങുകേള്‍ക്കണമാരോമുണ്യേ!
പതിനെട്ടുകളരിയില്‍ പയററിഞാനും
എന്നൊടു് ആരും ജയിച്ചോരില്ല.
പൂത്തൂരം ആരോമല്‍ ചേകവരെ
അവരോടുപൊരുതിഞാന്‍ നിന്നിട്ടുള്ളു.
നിന്നോടു ഞാനും മടങ്ങിയിപ്പോല്‍
അതുകൊണ്ടനിക്കൊരു ഭയവുമില്ല!
ഞാനൊരു കുടിപ്പിഴ ചെയ്തോനാണു്;
എനിക്കു മരിപ്പാന്‍ വിധിയും വന്നു.
വെള്ളം തന്നിട്ടെന്നെകൊന്നീടേണം.ʼ
അപ്പോള്‍ പറയുന്നു ആരോമുണ്ണി:
ʻഅമ്മാമന്‍ പണ്ടങ്കത്തിനുപോയകാലം
കള്ളച്ചതിയാലെ കൊന്നു നീയേ;
വെള്ളംകൊടുത്തുന്നു കൊന്നോ ചന്തു?ˮ

ഒടുവില്‍ ʻʻചന്തൂന്റെ കയ്യും തലയും കൂടി വീരാളിപ്പട്ടില്‍ പൊതിഞ്ഞെടുത്തു്ˮ ആരോമുണ്ണി കൊണ്ടുപോയി. കണ്ടവരെല്ലാം ʻഉത്തരംചോദിച്ചതുചിതമായിʼ എന്നു പറഞ്ഞ് ആ വീരനെ അഭിനന്ദിച്ചതേയുള്ളു.

തച്ചോളി ഒതേനന്‍

ʻതച്ചോളിമാണിക്കോത്തു്ʼ എന്ന പ്രാചീനവും പ്രശസ്തവുമായ നായര്‍ (കുറുപ്പ്) തറവാട്ടിലായിരുന്നു ഒതേനന്റെ ജനനം എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പുതുപ്പണത്തു വാഴുന്നവര്‍ എന്നും ചീനംവീട്ടില്‍ തങ്ങള്‍ എന്നും പറയുന്ന ഒരു നായര്‍പ്രഭുവായിരുന്നു അച്ഛന്‍; അമ്മയുടെ പേര്‍ ഉപ്പാട്ടിയെന്നുമായിരുന്നു. തേയിയെന്നാണ് ഉപ്പാട്ടിയുടെ അമ്മയുടെ പേര്‍. ഒതേനനു കോമപ്പന്‍ എന്നൊരു ജ്യേഷ്ഠനും ഉണിച്ചിരുത (ഉണിച്ചിര) എന്നൊരു അനുജത്തിയും കൂടിയുണ്ടായിരുന്നു. ഉപ്പാട്ടിയുടെ ദാസിയായ മാക്കത്തില്‍ ഒതേനന്റെ അച്ഛനു ജനിച്ച സന്താനമാണു് ʻഏതൊരു ദിക്കിലും പോകുന്നേരം കൂടേ നടക്കുന്ന കണ്ടാച്ചേരിʼ എന്നു് ഒരു പാട്ടില്‍ വര്‍ണ്ണിച്ചിട്ടുള്ള ഒതേനന്റെ ബഹിശ്ചരപ്രാണനായ കണ്ടാച്ചേരി ചാപ്പന്‍. കോമക്കുറുപ്പു് ആരോടും വഴക്കിനു പോകാത്ത ഒരു സാത്വികനായിരുന്നു. ഒതേനനാകട്ടെ നേരേമറിച്ചു കൂട്ടവും കുറിയുമുണ്ടാക്കുക എന്നുള്ളതായിരുന്നു നിത്യകര്‍മ്മം. ആ വീരന്‍ മതിലൂര്‍ഗുരുക്കളുടെ കളരിയില്‍ പയറ്റി അടവുകളെല്ലാം പഠിച്ചു കായികാഭ്യാസത്തില്‍ അദ്വിതീയനായിത്തീര്‍ന്നു. ചിണ്ടന്‍നമ്പ്യാരെ പരാജയപ്പെടുത്തിയ പൂഴിക്കടകനടി സാമൂതിരിയുടെ ആറു പടനായകന്മാരുടെ കഴുത്തില്‍ ഒരൊറ്റച്ചുഴറ്റല്‍കൊണ്ടു ചുണ്ണാമ്പുവരയിട്ട ഉറുമിപ്രയോഗം മുതലായ അനേകം അത്ഭുതസിദ്ധികള്‍ അദ്ദേഹത്തിനു സ്വാധീനമായിരുന്നു. മന്ത്രവാദികളിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു എന്നുള്ളതിനു തെളിവുണ്ട്. വഴിയേ പോകുന്ന വഴക്കുകള്‍ വലിച്ചുകൊണ്ടുവരുമെങ്കിലും ഒതേനന്‍ ഒരു ദുഷ്ടനായിരുന്നില്ല. എവിടെ അക്രമം കണ്ടാലും അതിനെ അമര്‍ച്ചചെയ്യുക, ഏതു ബലഹീനന്മാരേയും സര്‍വ്വസക്തികളും പ്രയോഗിച്ചു സഹായിക്കുക. തന്റെ പിന്‍തുണ ആവശ്യപ്പെടുന്ന രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും അധികാരങ്ങള്‍ താഴ്ചവീഴ്ചകള്‍ കൂടാതെ പരിപാലിയ്ക്കുക, ഇങ്ങനെ പല സല്‍ഗുണങ്ങള്‍ക്കു് അദ്ദേഹം അനര്‍ഘമായ ആകരമായിരുന്നു. ഇത്ര അകുതോഭയന്മാരായി, ആശ്ചര്യചരിതന്മാരായി, ദേവീഭക്തന്മാരായി, ദേശാഭിമാനികളായി അധികംപേര്‍ കേരളത്തില്‍ ജിവിച്ചിരുന്നിട്ടുണ്ടോ എന്നു സംശയമാണു്. ഒതേനന്റെ കായബലംകൊണ്ടു സാധിക്കാത്ത ചില കാര്യങ്ങള്‍ ചാപ്പന്‍ ബുദ്ധിശക്തികൊണ്ടു സാധിച്ചുപോന്നു. വടകര തീവണ്ടിസ്റ്റേഷനു് ഏകദേശം ഒരു നാഴിക കിഴക്കാണു് മേപ്പ എന്ന ദേശം; അവിടെ ഒരു കുന്നിന്റെ ചരിവിലായി ഒതേനന്‍ ജനിച്ച മാണിക്കോത്തുതറവാട്ടിന്റെ നഷ്ടശിഷ്ടങ്ങള്‍ ഇന്നും കാണ്മാനുണ്ടു്. അവിടെ തറവാട്ടിന്റെ തറയില്‍ രണ്ടു മണ്ഡപങ്ങള്‍ ഉണ്ടെന്നും അവയില്‍ ഒന്നില്‍ ഒതേനന്റേയും കോമക്കുറുപ്പിന്റേയും പ്രേതങ്ങളെ കുടിവെച്ചിട്ടുണ്ടെന്നും മറ്റേതില്‍ കോമക്കുറുപ്പിന്റെ വിഗ്രഹവും ഒതേനന്‍ കിടന്നുമരിച്ച കട്ടിലുമുണ്ടെന്നും അറിയുന്നു.

ഒതേനനെപ്പറ്റിയുള്ള പാട്ടുകള്‍

ഒതേനനെപ്പറ്റിയുള്ള പാട്ടുകള്‍ അസംഖ്യങ്ങളാണു്. ഒതേനന്‍ തന്റെ അച്ഛന്റെ മരണാന്തരം പുതുപ്പണത്തു വാഴുന്നവരായിത്തീര്‍ന്ന ഒരു ലുബ്ധപ്രഭൂവിനോടു് ഓണപ്പുടവ വാങ്ങിക്കാന്‍ ചെല്ലുന്നതു്, കോട്ടയത്തു തമ്പാരാനുവേണ്ടി കൊടുമലക്കുഞ്ഞിക്കണ്ണനോടു പാട്ടം പിരിക്കുന്നുതു്, അവിടെ കെക്കിവീട്ടില്‍ കുങ്കിഅമ്മയുടെ ഗര്‍വടക്കുന്നതു്, കൈതേരി ഒതേനന്‍ നമ്പ്യാരെ കൊല്ലുന്നതു്, ചിറയ്ക്കല്‍ തമ്പുരാനുവേണ്ടി മാപ്പിളമാരുമായി അങ്കം വെട്ടുന്നത്, തന്റെ ഉറ്റചങ്ങാതിയാണെങ്കിലും പെണ്‍കൊതിയനായ കോട്ടയ്ക്കല്‍ കുഞ്ഞാലിമരയ്ക്കാരെ സ്ത്രീവേഷം ചമഞ്ഞു് ഒരു പാഠം പഠിപ്പിക്കുന്നതു്, കരിമലക്കോട്ടപ്പണി കാണ്മാന്‍ പോയി അവിടെ നിന്നും ചാപ്പന്റെ സാമര്‍ത്ഥ്യംകൊണ്ടു രക്ഷനേടുന്നത്, ഇങ്ങനെ പല പാട്ടകളെപ്പറ്റി പറവാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ പ്രമേയം ചുരുക്കുന്നു.

ഒതേനന്റെ വിവാഹം

കാവിലുംചാത്തോത്തു മാതേയി അമ്മയ്ക്കു തന്റെ മകള്‍ ചീരവിനെ ഒതേനനെക്കൊണ്ടു ബാല്യത്തില്‍ താലി കെട്ടിക്കണമെന്നു മോഹമുണ്ടായിരുന്നു. അതിലേയ്ക്കുവേണ്ടി മാണക്കോര്‍ത്തു ചെന്നു് ആ സ്ത്രീ അപേക്ഷിച്ചപ്പോള്‍ ഒതേനന്‍

ʻʻകാക്കയെപ്പോലെ കറുത്തചീരു;
എനിക്കിന്നച്ചീരൂനെ വേണ്ടെന്റേട്ടാ!
ചക്കച്ചുളുപ്പല്ലും പേന്തലയും
എനിക്കിന്നച്ചീരൂനെ വേണ്ടന്റേട്ടാ;
അച്ഛനുമ്മയ്ക്കും വേണ്ടെങ്കിലും
വടകരപ്പൊക്കപ്പന്‍ ചോനകനു
കുപ്പയിട്ടാട്ടാനയച്ചേക്കട്ടേ,
കൊപ്പര കാക്കാനങ്ങാക്കിക്കോട്ടേ,
ചോനോനച്ചീരൂനെവേണ്ടെങ്കിലും
തോണിയില്‍ വെച്ചങ്ങൊഴുക്കിക്കോട്ടേ.ˮ

എന്നു പറഞ്ഞൊഴിഞ്ഞു. നവയൗവനവതിയായപ്പോള്‍ ചീരു ആളൊന്നു മാറി സൗന്ദര്യധാമമായിത്തീര്‍ന്നു. ഒരു ദിവസം ആ വീരന്‍

ʻʻഏഴു മടവികളും [3] ചീരൂം കൂടി
കഞ്ഞിക്കിണ്ണംകൊണ്ടു താളമടി;
താളത്തിനൊത്തൊരു പാട്ടും പാടി
കോവില്‍ച്ചിറയില്‍ കുളിക്കാന്‍ പോണു.ˮ

അതു കണ്ടു ഓതേനന്‍ കാമാര്‍ത്തനായി ചാപ്പനെ അവളുടെ പക്കല്‍നിന്നു് ഒരു നേരത്തേയ്ക്കു ʻമുറുക്കാന്‍ʼ വാങ്ങുന്നതിനു് അപേക്ഷിച്ചയച്ചു. അപ്പോള്‍ ചീരു ചാപ്പനോടു്

ʻʻകുറുപ്പല്ലേ വെറ്റിലയ്ക്കയച്ചൂട്ടതു്?
ചോനകന്‍ തിന്നുള്ള വെറ്റ്‌ലേയുള്ളൂ
കുറുപ്പിന്നു വെറ്റിലയില്ല ചാപ്പാ.
വടകരപ്പൊക്കപ്പന്‍ ചോനകന്റെ
കൊപ്പരയില്‍ക്കാക്കാനേ നോക്കീട്ടുള്ളൂ.ˮ

എന്നു കുറിക്കു കൊള്ളുന്ന വിധത്തില്‍ ഉത്തരം പറഞ്ഞു. ഒടുവില്‍ ചാപ്പന്‍ ചില സൂത്രങ്ങല്‍ പ്രയോഗിച്ചു് ഒതേനനെ ഒരു പൊട്ടന്റെ വേഷം കെട്ടിച്ചു കാവില്‍ച്ചാത്തോത്തു കൊണ്ടു പോകുകയും മാതേയിഅമ്മയറിയാതെ ചീരുവിനേയും അദ്ദേഹത്തേയും ദമ്പതിമാരാക്കുകയും ചെയ്തു. കടശിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മാതേയി

ʻʻഎന്നെച്ചതിച്ചല്ലോ കണ്ടാച്ചേരി!
നിന്നെയിടിവെട്ടിപ്പോണേ ചാപ്പാ!ˮ

എന്നു ശപിക്കുകയും അതിനു ചാപ്പന്‍ സരസമായി

ʻʻഎന്നെയെന്തിനമ്മേ ഇടിവെട്ടുന്നു?
കണ്ടം പറമ്പതും ഭാഗിക്കുമ്പോള്‍
എനിയ്ക്കുറ്റാന്‍ പാതി തരുമോ അമ്മേ?ˮ

എന്നു ചോദിച്ചു പിരിയുകയും ചെയ്യുന്നു.

ഒതേനനും കറുത്തനിടം (കടത്തനാട്ടു) കുഞ്ഞിക്കന്നിയും

കറുത്തനിടം തമ്പാരാന്റെ ഏകപുത്രിയായ കുഞ്ഞിക്കന്നിയേ പൊന്നാപുരം കോട്ടയിലെ കേളപ്പന്‍ എന്ന അക്രമി പിടിച്ചുകൊണ്ടുപോയി. ʻʻതുപ്പിയ തുപ്പലു വറ്റുമ്മുമ്പേ, ചവിട്ടിയ ചവിട്ടടി മായുമ്മുമ്പേˮ യാണു് ആ അപഹരണം നടന്നതു്. എതിര്‍ക്കാന്‍ പോയ തമ്പുരാനെ ʻʻകൊല്ലാക്കണക്കിലൊരസ്ത്രമയച്ചു കാലും കരിന്തുട മുറിയുന്നുണ്ടു്ˮ എന്ന നിലയിലാക്കി മടക്കുകയും ചെയ്തു. പൊന്നാപുരം കോട്ട പണ്ടു തന്റെ തറവാട്ടിലേയ്ക്കു സ്ത്രീധനമായി ലഭിച്ചിരുന്നതാണെന്നും കേളപ്പന്‍ ബലാല്ക്കാരേണ കൈയടക്കിയതാണെന്നും ഒതേനന്‍ അറിഞ്ഞു. ʻʻതച്ചോളിവീട്ടില്‍ ജനിച്ചോനല്ലേ? തുളുനാടന്‍ വിദ്യ പഠിച്ചോനല്ലെ? അങ്കക്കലികൊണ്ടു വിറച്ചുതയോന്‍ˮ ചാപ്പനുമായി ഇങ്ങനെ സംഭാഷണം ചെയ്തു.

ʻʻഏഴുവയസ്സിലെച്ചങ്ങാതിത്തം
ഇരുപത്തിരണ്ടോളം കാട്ടി നമ്മള്‍;
നാം തമ്മിലിപ്പോള്‍ പിരിയാന്‍പോണു;ˮ
അപ്പോള്‍ പറയുന്നു കണ്ടാച്ചേരി;
ʻʻഏറിയ ജോനോരെക്കൊന്നു നമ്മള്‍;
ഏറിയ പടയും കഴിച്ചു നമ്മള്‍;
കയറരുതാത്ത പടി കയറി;
ഇരിക്കരുതാത്ത കട്ടിന്മേലിരുന്നുനമ്മള്‍;
ഉറങ്ങരുതാത്തമുറിയിലുറങ്ങി നമ്മള്‍;
കുളിക്കരുതാത്ത കുളത്തില്‍ കുളിച്ചു നമമള്‍;
ചങ്ങാതിക്കു തുണ ഞാന്‍ പോരാഞ്ഞിട്ടോ?
എന്തിനായിട്ടു പിരിയുന്നിപ്പോള്‍?
ʻʻപൊന്നാപുരം കോട്ടയ്ക്കു പോണെനിക്കേ;
പോണെന്നും തീര്‍ച്ച ഞാനാക്കി ചാപ്പാ!ˮ
ʻʻഞാന്‍ തുണ കൂടീട്ടു പോരിലെന്നു
കുറുപ്പിനോടാരാനും ചെല്ലിത്തന്നോ?
തച്ചോളിവീട്ടിലെക്കുറുപ്പന്മാരു്
ആണും പെണ്വല്ലാത്ത കുറുപ്പന്മാര്
ഉചിതം കെടുത്തിപ്പറയുന്നോരു്;
അവരുടെ പിമ്പായ് വഴിനടന്നാ–
ലുരുളച്ചോറുണ്ണിക്കയില്ലവരു്.ˮ

ആ ആക്രോശം കേട്ടു പശ്ചാത്താപത്തോടുകൂടി ഒതേനന്‍ കോട്ടയ്ക്കു ചാപ്പനോടുകൂടിപ്പോയി. പൊന്നാപുരം കോട്ട പിടിച്ചു കന്യകയെ വിമുക്തയും കേളപ്പനെ ബന്ധനസ്ഥനുമാക്കി തമ്പുരാന്റെ സന്നിധിയില്‍ കൊണ്ടുചെന്നു. തമ്പുരാന്‍ കൃതജ്ഞനായി ഒതേനനെക്കൊണ്ടുതന്നെ മകളെ വിവാഹം ചെയ്യിക്കുകയും ചെയ്തു. പൊന്നാപുരം കോട്ടയില്‍ കേളുമൂപ്പനെപ്പറ്റിയുള്ള പാട്ടിലും ഇതുതന്നെയാണു് കഥ.

ഒതേനനും ചിറയ്ക്കല്‍ മാപ്പിളമാരും

ഒരിക്കല്‍ ചിറയ്ക്കല്‍ തമ്പുരാന്‍ എഴുന്നള്ളുമ്പോള്‍ ചില ജോനകര്‍ പതിവുപോലെ ആചാരം ചെയ്തില്ല.

ʻʻകണ്ണാലേ കണ്ടൊരു നേരത്തിങ്കല്‍
നീട്ടിയ കാലു മടക്കുന്നില്ല;
ഇരുന്നൊരു ദിക്കീന്നെണീക്കുന്നില്ല;
ആചാരത്തിന്‍വഴി നില്ക്കുന്നില്ല;ˮ

രാജാവു കാര്യക്കാരനെ വിളിച്ചു താന്‍ കോവിലകത്തേയ്ക്കു തിരിയേ പോകുന്നില്ല എന്നും അല്ലെങ്കില്‍ അങ്ങനെ ഒരു കോവിലകമുണ്ടെന്നു് അവരറിയണമെന്നും കല്പിച്ചു. കാര്യക്കാരന്‍ ചുറ്റി. അയാള്‍ ചില വേദാന്തതത്വങ്ങള്‍ അറിയിച്ചുതുടങ്ങി.

ʻʻപണ്ടത്തേയാചാരമൊന്നും തന്നെ
ഇപ്പോളുള്ളാളുകള്‍ചെയ്യുന്നില്ല.
[4]ഓറോടു ഞമ്മളു ചോദിച്ചെങ്കില്‍
ഓറൊട്ടും ഞമ്മളെ വെയ്ക്കൂലാലോ.
ഓറോ പറയുന്ന വാക്കു കേട്ടാല്‍
ഞമ്മളെ ഉത്തരം മുട്ടിപ്പോകും.
എല്ലാരെയും പടച്ചതു തമ്പുരാനോ;
ഒറാക്കു വ്യാത്യാസമില്ലല്ലോളി.
ചാളയ്ക്കുംവെയിലറിക്കുന്നല്ലോ;
കോലോത്തും വെയിലറിക്കുന്നല്ലോ;
രണ്ടുമൊരുപോലറിക്കുന്നല്ലോ;
പടച്ചോനോ വ്യത്യാസമൊന്നുമില്ല.
കോലോത്തും ചാളേലുമൊരുപോലെയ‌ാണു.
മഴയുമേതന്നെയതു പെയ്യുന്നില്ലേ?
അങ്ങിനെയുള്ള നിലയ്ക്കെങ്ങാണു്,
എന്തിനു തമ്പുരാന്‍ പോകുന്നേരം
ഞാങ്ങുളതേറ്റിട്ടു നില്‍ക്കുന്നതു്?ˮ

ഒടുവില്‍ രാജാവു് ഒതേനനെ വിളിച്ചു ശട്ടം കെട്ടുകയും അദ്ദേഹം അവരുടെ അഹങ്കാരം ശമിപ്പിക്കുകയും ചെയ്തു. കോട്ടമല കുങ്കിയമ്മ രാമായണംകഥ വായിക്കുന്നതു കേട്ടു പുലിനാടു വാഴുന്ന തമ്പുരാന്‍ തന്റെ നായന്മാരോടു പറയുകയാണു്–-

ʻʻചോലപ്പനിങ്കിളി കൂവുംപോലെ,
പനങ്കണ്ടന്‍ തത്ത പറയുംപോലെ;
നാദാപുരം കുഴലൂതുംപോലെ;
നാട്ടുകുയിലു വിളിക്കുംപോലെ.ˮ

മതിലൂര്‍ ഗുരുക്കള്‍ കുഞ്ഞാലിമരയ്ക്കാരുടെ ആനയെ വഴിയില്‍ നിന്നു മാറി നില്‍ക്കുവാന്‍ ആജ്ഞാപിക്കുന്നതു താഴെക്കാണുന്ന വിധത്തിലാകുന്നു.

ʻʻചങ്കരങ്കട്ടീ! നല്ലാനേ! കേള്‍ക്കു്;
വഴിമാറിപ്പെരിയേഞ്ഞു തന്നില്ലെങ്കില്‍
നട നാലും വെട്ടി ഞാന്‍ നാട്ടും;ˮ
ʻʻതുമ്പിക്കൈ വെട്ടി വള തട്ട്വല്ലോ;
വാലുമരിഞ്ഞു കഴുക്കോലാക്കും
ചെവിരണ്ടരിഞ്ഞു പുരകെട്ട്വല്ലോ.ˮ

ഒതേനന്റെ നിര്യാണം

ഒതേനനു കതിരൂര്‍ ഗുരുക്കള്‍ എന്നൊരു പ്രബലനായ ശത്രുവുണ്ടായിരുന്നു. ഒരിക്കല്‍ ഗുരുക്കള്‍ പുത്തനായി പണിയിച്ച തന്റെ തോക്കു് ഒരു പിലാവില്‍ ചേര്‍ത്തു ചാരി. ʻʻപൊന്‍കൂന്തം ചാരും പിലാവോടിയപ്പോള്‍ മണ്‍കുന്തം ചാരിയതാരാകുന്നു?ˮ എന്നു് ഒതേനന്‍ ചോദിക്കുകയും അതേടുത്തുനോക്കീട്ടു് ʻമയിലേ വെടിവെയ്ക്കാന്‍ നല്ല തോക്കു്ʼ എന്നു പറയുകുയം ചെയ്തു. ഗുരുക്കളുടെ മുഖം അരിശംകൊണ്ടു ചുവന്നു. [5]ആ അഭ്യാസി

ʻʻമയിലു വെടിവെയ്ക്കാന്‍ വന്നൊതേനോ!
നിനക്കു കൊതിയേറെയുണ്ടെങ്കിലോ
മയിലായി ഞാനാടി വന്നോളാലോ;
പൂവനെങ്കില്‍ക്കൂകിത്തെളിയും ഞാനെ;
പെടയെങ്കില്‍ വാലാട്ടിപ്പോകുമല്ലോ;
അന്നേരം വെടിപെച്ചോ നീയൊതേനാ!ˮ

എന്നു നിന്ദാഗര്‍ഭമായി മറുപടി പറഞ്ഞു. കുംഭമാസം ഒന്‍പതാം തീയതി ബുധനാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കു പട കുറിച്ചു. പൊന്നിയത്തു് അരയാലിന്റെ ചുവട്ടില്‍ അന്നു് എത്തിക്കൊള്ളണമെന്ന് ഗുരുക്കളുടെ വാക്കു കേട്ടു് ഒതേനന്‍

ʻʻതിങ്ങളിലോരാ കുളി എനിക്കു്;
കൊല്ലത്തിലോരോരോ പേറെനിക്കു്;
അന്നു ഞാന്‍ തീണ്ടാരിയായില്ലെന്നും
അന്നു ഞാന്‍ പെറ്റു കിടക്കില്ലെന്നും.ˮ

അവിടെ എത്തിക്കൊള്ളാമെന്നു് അവഹേളനപൂര്‍വം ശപഥം ചെയ്തു. ʻʻവെണ്‍മുരുക്കു പൂത്തു് ഒലര്‍ന്നപോലെ വെയിലത്തു കന്നി നിറഞ്ഞപോലെˮ ചമയങ്ങള്‍ അണിഞ്ഞു് ʻമഴവെള്ളം പോലെയുരുക്കുനെയ്യുംʼ കൂട്ടി ഊണുകഴിച്ചു്

ʻʻഎളുകതിരു കൊത്തിപ്പാറുംപോലെ
കരയീന്നു നെയ്യപ്പം കത്തുംപോലെ
പപ്പടം വാട്ടിയെടുക്കുംപോലെˮ

ശത്രുക്കളെ വധിക്കുന്നതിനു് ആ വീരന്‍ സജ്ജമായി. അതിനു മുന്‍പു അപശകുനങ്ങള്‍ കണ്ടു. ലോകനാര്‍കാവില്‍ ശാന്തിക്കാരനായ നമ്പൂരിയുടെ ദേഹത്തു ഭഗവതിയുടെ ആവേശമുണ്ടായി; ദേവി അന്നു പടയ്ക്കു പോകരുതെന്നു തടുത്തു. ഒതേനനുണ്ടോ മുന്‍വച്ച കാല്‍ പിന്നോട്ടെടുക്കുന്നു?

ʻʻഭഗവതിയെന്നു ഞാന്‍ വയ്ക്കയില്ല;
എല്ലാം നിരത്തി ഞാനെള്ളൊടിക്കുംˮ

എന്നായിരുന്നു ആ അരുളപ്പാടിനുള്ള മറുപടി. താന്‍ സദാ ധരിച്ചിരുന്നതും തന്നെ സകല വിപത്തുകളില്‍നിന്നും രക്ഷിച്ചുവന്നതുമായ ഉറുക്കും (ഏലസ്സും) നൂലും അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യയായ കൂമുണ്ടമഠത്തില്‍ കുഞ്ഞിത്തേയി അതിന്നു മുമ്പുതന്നെ അപഹരിച്ചുകഴിഞ്ഞിരുന്നു. പടക്കളത്തു പോയി ഒതേനന്‍ ഗുരുക്കളേയും സഹചാരികളായ പരുന്തുങ്കൂല്‍ എമ്മന്‍ പണിക്കര്‍ മുതല്‍പേരേയും പതിവനുസരിച്ചു നിഷ്‌പ്രയാസമായി വധിച്ചു. പിന്നീടു മടങ്ങി കുറേ ദൂരം പേയപ്പോള്‍ തന്റെ കഠാരി ആല്‍ത്തറയില്‍വെച്ചു മറന്നുപോയതായി കാണുകയും അതി തിരിയേ എടുക്കുവാന്‍ ആശിക്കുകയും ചെയ്തു. അപ്പോള്‍ ഒതേനന്റെ ചങ്ങാതിമാര്‍ ʻമടങ്ങി പടക്കളത്തില്‍ പോകരുതു്ʼ എന്നു് ഉപദേശിച്ചു. അതിനു് ആ യോദ്ധാവു്

ʻʻകേളിയുള്ള നായരു പടയ്ക്കു വന്നു്
ആയുധമിട്ടേച്ചു പോയിതെന്നു്
മാലോകര്‍ പറഞ്ഞു പരിഹസിക്കും
ചങ്ങാതിമാരു വിലക്കിയാലും
ആന തടുത്താലും നില്ക്കയില്ല.ˮ

എന്നു മറുപടി പറഞ്ഞു മടങ്ങി. ആ തക്കം കണ്ടു ഗുരുക്കളുടെ ശിഷ്യനായ ചുണ്ടങ്ങാപ്പൊയ്യില്‍ മായന്‍കുട്ടി (ഉളുമ്പന്‍ ബപ്പനെന്നും പറയും) ഒതേനന്റെ നെറ്റിത്തടം നോക്കി ഒരു വെടിവയ്ക്കുകയും അതു കുറിക്കുതന്നെ കൊള്ളുകയും ചെയ്തു. മായനെ ഒതേനന്‍ ഉടന്‍തന്നെ ഉറുമി (വാള്‍) തിരിച്ചെറിഞ്ഞു കൊന്നു. പക്ഷെ അപ്പോഴേക്കും അദ്ദേഹം ആസന്നമരണനായിക്കഴിഞ്ഞിരുന്നു എന്നു് ആര്‍ക്കും കാണാമായിരുന്നു. ജ്യേഷ്ഠന്‍ കോമക്കുറുപ്പു് ഓടിയെത്തി; അവര്‍തമ്മില്‍ താഴെക്കാണുന്ന സംഭാഷണം നടന്നു.

ʻʻഅനുജനെക്കണ്ണാലെ കാണുന്നേരം
കുന്നത്തിളമുള പൊട്ടുമ്പോലെ
പൊട്ടിക്കരയുന്നങ്ങേട്ടനല്ലോ.
ʻതച്ചോളിയോമനപ്പൊന്നനുജാ!
മടിയായുധമൊന്നു പോയെങ്കിലോ
പിന്നെയുമായുധം വീട്ടിലില്ലേ?ˮ
ആവുന്ന തഞ്ചം വിലക്കി ഞാനോ!
വിലക്കിയതൊന്നും നീ കേട്ടില്ലല്ലോ?
വംശം മുടിഞ്ഞല്ലോ പൊന്നനുജാ.ʼ
അതു കേട്ടൊതേനന്‍ പറയുന്നുണ്ടു;
ʻപൊന്നിയത്താളേറെക്കൂടീട്ടുണ്ടു്;
പയ്യാരംകൂട്ടല്ലേ നിങ്ങളേട്ടാ!
ജനിച്ചവര്‍ക്കേല്ലാേം മരണമുണ്ടു്;
പലരേയും നമ്മള്‍ കരയിച്ചില്ലേ?
നമ്മളുമൊരിക്കല്‍ കരഞ്ഞിടണ്ടേ‍‍?ʼ
ആ വാക്കു കേട്ടുക്കൂടുമ്പോളേട്ടന്‍
മാറത്തടിച്ചു കരയുകയും
പൊന്നനുജാ എന്നു വിളിക്കുകയും.
തച്ചൊളി ഒതേനക്കുറുപ്പിനപ്പോള്‍
കൂടക്കൂടാലസ്യം വന്നോളുന്നു.
ആതു കണ്ടിട്ടേട്ടനല്ലോ ചോദിക്കുന്നു,
ʻമഞ്ചലു വരുത്തട്ടേ പൊന്നനുജാ‍?ʼ
ʻഏതാന്‍ പിരാന്തുണ്ടോയെന്റെയേട്ടാʼ
മഞ്ചലില്‍ കേറീട്ടു പോകുന്നേരം
കേളിയുള്ള തച്ചോളിയാണിപ്പോഴെ
പൊന്നിയമ്പടയ്ക്കങ്ങു പോയോണ്ടിറ്റു്
നടന്നു പോകാന്‍ കഴിയാഞ്ഞിറ്റിപ്പോള്‍
മഞ്ചലില്‍ കേറീറ്റു പോകുന്നല്ലോ.
മാളോര്‍ പറഞ്ഞു പരിഹസിക്കും.ʼ
അന്നേരത്തേട്ടന്‍ പറയുന്നല്ലോ;
ʻഎങ്ങനെ നടന്നങ്ങു പോകുന്നതു്‍?
ക്ഷീണമുണ്ടല്ലോ നിനക്കൊതേനാ!ʼ
പകരം പറയുന്നു കുഞ്ഞ്യൊതേനന്‍;
ʻനെറ്റിത്തടര്‍ത്തിനൊരുണ്ടകൊണ്ടാല്‍
പണ്ടാരാന്‍ ജീവിച്ചിരുന്നിട്ടുണ്ടോ‍‍?ʼ
ആ വാക്കു കേട്ടുകൂടുമ്പൊളേട്ടന്‍
നിന്നനിലയീന്നു വീണുപോയി.ˮ

അങ്ങനെ മുമ്പു പറഞ്ഞതുപോലെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ആ മഹാവീരന്‍ പ്രപഞ്ചയവനികയ്ക്കുള്ളില്‍ തിരോധാനം ചെയ്തു. അദ്ദേഹത്തിന്റെ യശസ്സു് അനന്തവും അഭങ്ഗുരവുമായ ഒരു ദിവ്യജ്യോതിസ്സായി കേരളത്തിന്റെ അഭിമാനത്തെ ഇന്നും ഉദ്ദിപിപ്പിക്കുന്നു.

തച്ചാളിച്ചന്തു

തച്ചോളിത്തറവാട്ടിലെ മറ്റൊരഗ്ങത്തെപ്പറ്റിക്കൂടി സ്വല്പം പ്രസ്താവിക്കേണ്ടതുണ്ടു്. തച്ചോളിചന്തു ഒതേനന്റെ അനന്തരവനും അദ്ദേഹത്തെപ്പോലെ യുദ്ധവിദഗ്ദ്ധനുമായിരുന്നു. ചന്തു താഴത്തു മഠത്തിലെ മാതുവിനെയാണു് വിവാഹം ചെയ്തതു്. ഒരിക്കല്‍ മാതു ഓമല്ലൂര്‍ക്കാവില്‍ കളിച്ചുതൊഴാന്‍ പോയി. ക്ഷേത്രത്തില്‍വച്ചു തുളുനാടന്‍ കോട്ടയുടെ അധിപനായ കണ്ടര്‍മേനോന്‍ എന്നൊരു പ്രമാണി അവളെക്കണ്ടുമുട്ടി. ആ കാമഭ്രാന്തന്‍ അനുയായികളോടു ചോദിക്കുകയാണു്:

ʻʻഈവകപ്പെണ്ണുങ്ങള്‍ ഭൂമീലുണ്ടോ?
മാനത്തീന്നെങ്ങാനം പൊട്ടിവീണോ?
ഭൂമീന്നു തനിയെ മുളച്ചുവന്നോ?
എന്തുനിറമെന്നു ചൊല്ലേണ്ടു ഞാന്‍!
കുന്നത്തു കൊന്നയും പൂത്തപോലെ;
ഇളംമാവിന്‍ തയ്യുതളിര്‍ത്തപോലെ;
കുരുത്തോലയായതിന്‍ വര്‍ണ്ണംപോലെ
വയനാടന്‍മഞ്ഞള്‍ മുറിച്ചപോലെ.ˮ

കൂടെയുള്ള നായന്മാര്‍ ഗുണദോഷിച്ചതു കേള്‍ക്കാതെ ʻʻഏഴാനയ്ക്കുടയോനാം കണ്ടര്‍മേനോന്‍ˮ കനകപ്പല്ലക്കില്‍നിന്നു താഴത്തേയ്ക്കു ചാടി മാതുവിന്റെ കൈക്കു കേറിപ്പിടിച്ചു. അപ്പോള്‍ –-

ʻʻകയ്യുംപിടിച്ചൊരു നേരംതന്നില്‍
ഇടത്തുള്ളിവിറച്ചിതു മാതുപെണ്ണും.
ആണുംപെണ്വല്ലാത്ത വരുതിക്കയ്യാ!
അമ്മപെങ്ങന്മാരു നിനക്കില്ലേടാ?
ഓലക്കെട്ടതിനും പെണ്ണുങ്ങള്‍ക്കും
വഴിയതില്‍പ്പോലും കിടക്കാമല്ലോ.
എന്നെ നീയറിഞ്ഞിതോ വരുതിക്കയ്യാ
തച്ചോളിച്ചന്തൂനെയറിയോ നീയു്?
അവനുടെ പെണ്ണായ മാതു ഞാനേ;
അവനീ സങ്ഗതിയറിഞ്ഞതെങ്കില്‍
കഴുവിനെക്കൊത്തുമ്പോല്‍ കൊത്തും നിന്നെ.ˮ

എന്ന് ആ ധൈര്യവതി ശാസിച്ചു. കണ്ടര്‍മേനോന്‍ അതൊന്നും ചെവിക്കൊണ്ടില്ല. അന്നു ചന്തുവിനു് ഇരുപതിരണ്ടാണു് വയസ്സു്. ഒരു സന്യാസിയുടെ വേഷത്തില്‍ മേനവന്റെ കോട്ടയ്ക്കകത്തു കടന്ന് അയാളോടും അയാളുടെ നാലായിരും ഭടന്മാരോടും ആ പരാക്രമി ഒറ്റയ്ക്കു പടപൊരുതി.

ʻʻആത്തക്കം കണ്ടുടന്‍ കുഞ്ഞിച്ചന്തു
ഈറ്റപ്പുലിപോലെയെതിര്‍ക്കുന്നുണ്ടു്
പോത്തും കലയും ചെറുക്കും വണ്ണം
മാനത്തു വലിയിടി വെട്ടുംപോലെ,
ബാലിസുഗ്രീവന്മാര്‍യുദ്ധംപോലെ
ആളെ വിവരിച്ചറിഞ്ഞുകൂടാ
ആത്തക്കം കണ്ടുടന്‍ ചന്തുതാനും
പൂഴിപ്പോരങ്കം പിടിച്ചു ചന്തു.
പരിചക്കൊപ്പരയില്‍ മണ്ണുകോരി
കണ്ടര്‍മേനോന്റെ മുഖത്തെറിഞ്ഞു.
കണ്ണിലും മൂക്കിലും മണ്ണുപോയി;
ആത്തക്കം കണ്ടുടന്‍ ചന്തുതാനും
പകിരിതിരിഞ്ഞങ്ങു വെട്ടി ചന്തു;
തച്ചോളിയോതിരം വെട്ടു വെട്ടി,
ഒമ്പതു മുറിയായി വീണു മേനോന്‍
ആര്‍ത്തുവിളിച്ചുടന്‍ കുഞ്ഞിച്ചന്തു.ˮ

ഈ ചന്തുവിനെപ്പറ്റിയും വേറെയും പാട്ടുകളുണ്ടു്.

പാലാട്ടു കോമപ്പന്‍

കപ്പുള്ളിപ്പാലാട്ടെ കുങ്കിയമ്മയുടെ മകനായിരുന്നു ഒതേനന്റെ മറ്റൊരനന്തരവനായ കോമന്‍ നായര്‍ (കോമപ്പന്‍). തൊണ്ണൂറാംവീട്ടിലെ കുറുപ്പന്‍മാരും പാലാട്ടെ നായന്മാരും തമ്മില്‍ ഉള്ള കുടിപ്പക വളരെക്കാലമായി നിലനിന്നുപോന്നു. അന്നത്തെ ഏഴു കുറുപ്പന്മാര്‍ക്കു ഉണിച്ചിരുതയെന്നും ഉണ്ണിയമ്മയെന്നും രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഉണ്ണിയമ്മ വാഴുന്നവരുടെ കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കോമന്‍ അവിടെച്ചെന്നുചേര്‍ന്നു. രണ്ടു പേരും അന്യോന്യം പ്രണയബദ്ധരായി. അപ്പോള്‍ ഉണ്ണിയമ്മയുടെ ആങ്ങളമാര്‍ കോമന്‍ അവിടെയുണ്ടെന്നറിഞ്ഞു് അദ്ദേഹത്തെ കൊല്ലുവാന്‍ എത്തി.

ʻʻഅതുതാനെ കണ്ടവളുണ്ണിയമ്മ
നേരിയ ശീല എടുത്തുചുറ്റി
അരയോളം വെള്ളത്തിലിറങ്ങുന്നുണ്ടു്;
മുടിയും കഴിച്ചിട്ടുനിന്നു പെണ്ണും.
മുടിച്ചോട്ടില്‍ കോമനെ നിര്‍ത്തുന്നുണ്ടു്;
അമ്പേലാ പൊട്ടിച്ചു തലയില്‍ വച്ചു;
ചണ്ടി വലിച്ചു തലയിലിട്ടു;
കാലുംകവച്ചങ്ങു നിന്നുപെണ്ണ്;
മുടിയൂരിക്കളിച്ചങ്ങു നില്ക്കുന്നേരം
വാഴുന്നോരും കൂടെയുണ്ടതല്ലോ.
കുളംചുറ്റും വന്നുവളഞ്ഞവരു്
വീശല്‍വലകൊണ്ടു വീശിനോക്കി,
എഴുത്താണിയുളികൊണ്ടങ്ങെയ്തുനോക്കി,
കുളത്തിലിറങ്ങ്യങ്ങു തപ്പിനോക്കി.
ഊത്തനരിച്ചങ്ങു തപ്പുന്നുണ്ടു്;ˮ
വേഗത്തില്‍ത്തന്നെ കയറുന്നുണ്ടു്;
കോമനെത്തന്നെയും കണ്ടതില്ല.ˮ

അതിബുദ്ധിമതിയായ ഉണ്ണിയമ്മയുടെ സാമര്‍ത്ഥ്യംകൊണ്ടുനുണച്ചുണ്ടിയായ ഉണിച്ചിരുതയുടെ ഏഷണിയില്‍നിന്നും അവരുടെ ആങ്ങളാമാരുടെ വൈരത്തില്‍നിന്നും ഉണ്ടായ സകല പ്രതിബന്ധങ്ങളേയും ജയിച്ചു് ഒതേനനെക്കൊണ്ടു നാല്പത്തിരണ്ടു കുടിപ്പിഴയും പറഞ്ഞുതീര്‍പ്പിച്ചു കോമപ്പന്‍ ആ സ്ത്രീരത്നത്തെ വിവാഹം ചെയ്യുന്നതോടുകൂടി കഥ അവസാനിക്കുന്നു. ഉണിച്ചതിരുത ചെയ്ത പല കുറ്റങ്ങള്‍ക്കായി അവരെ ഒതേനന്‍ കൊല്ലുകയാണു് ചെയ്യുന്നതു്. ഈ പാട്ടാണു കണ്ടൂര്‍ നാരായണമോനോന്റെ ʻകോമപ്പന്‍ʼ എന്ന സുപ്രസിദ്ധമായ ʻപച്ചമലയാളʼ കാവ്യത്തിന്റെ മൂലം.

മറ്റു ചില വീരന്മാര്‍

ബമ്പായി ആലിക്കുട്ടി

അപൂര്‍വംചില വടക്കന്‍പാട്ടുകള്‍ മറ്റുചില വീരന്മാരുടെ പരാക്രമങ്ങളേയും പരാമര്‍ശിക്കുന്നു. ആദി (ലീ?) രാജാവിന്റെ പാട്ടില്‍ ആ രാജാവിന്റെ ഏഴാമത്തെ ആന മല കയറിയപ്പോല്‍ മാതങ്ഗശാസ്ത്രപാരങ്ഗതനായ ബമ്പായി (ബോംബെ) നാട്ടിലെ ആലിക്കുട്ടിയെ വിളിച്ചുകൊണ്ടുവന്നു എന്നും ആ യുവാവ് ആനയെ രാജാവിന്റെ സന്നിധിലേയ്ക്കുനയിച്ചു എന്നും അദ്ദേഹം സന്തുഷ്ടനായി തന്റെ മകളായ കുഞ്ഞിക്കന്നിയേ ആലിയെക്കൊണ്ടു വിവാഹംചെയ്യിച്ചു എന്നും കാണുന്നു. ആലിക്കുട്ടി ഒരു മന്ത്രവാദിയുമായിരുന്നു. ആനയെ ഇണക്കിയതു കവി ഇങ്ങനെ വര്‍ണ്ണിക്കുന്നു.

ʻʻമന്ത്രവുമങ്ങുജപിച്ചവനും
മന്ത്രം ഫലിച്ചല്ലോ ആനയ്ക്കപ്പോള്‍
ഒറ്റടി വച്ചു നടന്നു നിന്നും
ഒട്ടൊട്ടകലെയും വന്നുനിന്നു.
ʻഅടുത്തിങ്ങു വായൊടാ കൊമ്പാ നീയ്;
ഇളംനീരും വന്നു കുടിച്ചകൊള്‍ക.ˮ
അടുത്തങ്ങുവന്നല്ലോ കൊമ്പനപ്പോള്‍
ഇളംനീരും താനേ കൊടുത്തു ആലി.

* * * *


ʻʻഒന്നിങ്ങുകേള്‍ക്കണം പൊന്‍കെട്ട്യ കൊമ്പാ
നീയങ്ങു മലകേറിപ്പോന്നേപ്പിന്നെ
രാജാവിന്റെ സ്ഥിതി ഓര്‍ത്തുകൂടാ;
ഊണുമുറക്കവുമില്ലാതായി
നിന്നേയുമോര്‍ത്തു ഉരുകീടുന്നു;
അതുകൊണ്ടു നോക്കങ്ങു പോകവേണം;ˮ
ഇണക്കവും മൂളു നീ കൊമ്പാˮയെന്നു്
ഇണക്കവും മൂളിച്ചു ആലിക്കുട്ടി.
പൊന്‍കെട്ട്യ കൊമ്പു പിടിച്ചുകൊണ്ടു
ആറാംമലയുമിറങ്ങുന്നുണ്ടു്.ˮ

പുതുനാടന്‍ കേളു

പുതുനാടന്‍ ചന്തുവും കേളുവും സഹോദരന്മാരായിരുന്നു. ചന്തു, മാതു, എന്നൊരു സ്ത്രീയെ താലികെട്ടി അവളെ ആയുധവിദ്യയും മറ്റും പഠിപ്പിച്ചു് അവള്‍ക്കു സര്‍വസ്വവും ദാനം ചെയ്തു. വട്ടോളി മേനോന്‍ എന്നൊരാള്‍ മൂവായിരം പണത്തിന്റെ പൊന്നരഞ്ഞാള്‍ അഴിച്ചുകൊടുത്തു് അവളുടെ ജാരനായി. മേനവനെക്കൊണ്ടു് അവള്‍ ചന്തുവിനെ കൊല്ലിച്ചു. ചന്തു വളര്‍ത്തിയ മല്ലി എന്നും ചൊക്കനെന്നും പേരുള്ള രണ്ടു നായ്ക്കളില്‍ ഒന്നു ശവത്തെ കാത്തുകൊണ്ടു് അവിടെ ഇരിക്കുകയും മറ്റേതു് ഓടിച്ചെന്നു വിവരം കേളുവിനെ ഗ്രഹിപ്പിക്കുകയും ചെയ്തു. കേളു പാഞ്ഞെത്തി മാതുവിന്റെ അറയില്‍ മേനോന്‍ കൊടുത്ത അരഞ്ഞാള്‍ കണ്ടു് മാതുവിന്റെ കട്ടിലിന്മേല്‍ ചെന്നിരുന്നു.

ʻʻവാചകം ചോദിച്ചരിഞ്ഞു മുടി;
രണ്ടുവലംവച്ചരിഞ്ഞു മുല;
മൂന്നുവലംവച്ചരിഞ്ഞു കാതു്;
നാലുവരംവച്ചരിഞ്ഞു മൂക്ക്;
പരിചകൊണ്ടാന്നങ്ങടിച്ചു കേളു;
വായിലേപ്പല്ലുമടര്‍ന്നു വീണു;
നേത്രവുമൊന്നുകളഞ്ഞു കേളു.ˮ

കരുമ്പറമ്പില്‍ കണ്ണന്‍

കരുമ്പറമ്പില്‍ കണ്ണന്‍ എന്ന തീയയുവാവിനു് ആര്‍ച്ച എന്ന പതിവ്രതയായ ഒരു ഭാര്യയുണ്ടായിരുന്നു. കണ്ണന്‍ തോട്ടത്തില്‍ ചെത്തുവേലയ്ക്കു പോയപ്പോള്‍ പുതുക്കോലത്തു തമ്പുരാന്‍ ആ സ്ത്രീയെ കാമിക്കുകയും ഒരു രാത്രിയില്‍ അവള്‍ക്കു നാലു കുത്തു പട്ടും ഒരു സ്വര്‍ണ്ണമോതിരവും സമ്മാനിക്കുകയും ചെയ്തു. പിറ്റേദിവസം ആര്‍ച്ച കണ്ണനെ പൂണൂല്‍ ധരിപ്പിച്ചു് ഒരു നമ്പൂരിയാക്കി തമ്പുരാന്‍ തനിക്കുതന്ന പട്ടും മോതിരവും രാജാവിന്റെ ഭാര്യയുടെ കൈയില്‍ കൊടുക്കുവാന്‍ ചട്ടം കെട്ടിയയച്ചു. കണ്ണന്‍ ആ ഉദ്യമത്തില്‍ വിജയിയായി. തമ്പുരാന്‍ വിവരമറിഞ്ഞു വ്യസനിച്ചു കണ്ണനെ കഴുവേറ്റുവാന്‍ കല്പനകൊടുത്തു. ആര്‍ച്ച തിരുമുമ്പില്‍ എത്തി കണ്ണന്‍ ചെയ്ത കുറ്റമെന്തെന്നു ചോദിച്ചതിനു്

ʻʻകന്യകതന്നെ പിഴപ്പിച്ചവന്‍
ഇവനെയുമങ്ങു വിടുകയില്ല.
കഴുവേറ്റാന്‍ തന്നെയും നിശ്ചയിച്ചു.ˮ
അതു കേട്ട നേരത്തുചൊല്ലിയാര്‍ച്ച.
ʻʻആദ്യം പിഴപ്പിച്ച തമ്പുരാനും;
പിന്നെപ്പിഴപ്പിച്ചു കണ്ണനല്ലോ.
ആദ്യം പിഴയങ്ങു തീര്‍ത്തുതന്നാല്‍
പിന്നെപ്പിഴ ഞാനും തീര്‍ത്തുതരാം.
ഓമനമുഖം വാടി തമ്പുരാന്റെ;
ഇതില്‍ വഴിയങ്ങു കാണുന്നില്ല.
കണ്ണന്റെ കയ്യും പിടിച്ചു ആര്‍ച്ച
ഇരുപേരും കൂടിട്ടുപോരൂന്നുണ്ടു്!ˮ

ഉപസംഹാരം

ഇനിയും ʻബാലʼ ʻകുഞ്ഞാനുക്കന്‍ʼ മുതലായി ചിലരെപ്പറ്റി പാട്ടുകളുണ്ട്; അവയെക്കുറിച്ചു് ഇവിടെ ഒന്നും പ്രസ്താവിക്കുന്നില്ല. മേല്‍ ഉദ്ധരിച്ച ഭാഗങ്ങളില്‍നിന്നും വടക്കന്‍പാട്ടുകളുടെ ലാളിത്യവും മാധുര്യവും ഏതു തരത്തിലുള്ളതാണെന്നു വായനക്കാര്‍ക്കു ധാരാളമായി അനുഭവപ്പെട്ടിരിക്കണം. പ്രസ്തുതഗാനങ്ങളില്‍ കാണുന്ന രചനാവൈകല്യങ്ങള്‍ക്കു മുഴുവന്‍ അവയുടെ കര്‍ത്താക്കന്മാരെ ഉത്തരവാദികളാക്കുവാന്‍ പാടുള്ളതല്ല. കര്‍ണ്ണാകര്‍ണ്ണികയോ കേട്ടു പഠിക്കുന്നതും അനക്ഷരഞ്ജന്മാര്‍ പാടുന്നതുമായ പാട്ടുകളില്‍ ഇത്രമാത്രം ദോഷങ്ങളെ കടന്നുകൂടീട്ടുള്ളുവല്ലോ എന്നോര്‍ത്തു സമാശ്വസിക്കുവാനാണു് നമുക്കു് അധികം ന്യായമുള്ളതു്. ധീരോദാത്തത തികഞ്ഞ നായകന്മാരും നായികമാരുമത്രേ ഈ പാട്ടുകളില്‍ നമ്മേ അഭിമുഖീകരിക്കുന്നതു്. ബഹുഭാര്യാത്വത്തെ ഇവയില്‍ ഒരു ദുരാചാരമായി കരുതീട്ടില്ല. അതു് (ʻNone but the brave deserve the fairʼ) ʻശൂരന്നു ചേരേണ്ടവള്‍തന്നെ സുന്ദരിʼ എന്ന ആപ്തവാക്യമനുസരിച്ചോ അന്നത്തെ നാട്ടുനടപ്പനുസരിച്ചോ എന്നു തീര്‍ച്ചയില്ല. എന്നാല്‍ സ്ത്രീകളുടെ ചാരിത്രം ഏറ്റവും നിഷ്കര്‍ഷയോടുകൂടി പരിപാലിക്കപ്പെട്ടിരുന്നു. തേച്ചുകുളി, കുറി, ഊണു മുതലായ കാര്യങ്ങള്‍ എല്ലാ പാട്ടുകളിലും പ്രായേണ ഒന്നുപോലെയാണു് വര്‍ണ്ണിക്കുന്നതു്. കുളത്തില്‍വച്ചാണു് മിക്ക പ്രണയങ്ങളും ആരംഭിക്കുന്നതു്. ഇങ്ങനെ ആനാശാസ്യമായ ഐകരൂപ്യം ചില അംശങ്ങളില്‍ നാം കാണുന്നുണ്ടു്. ചില കഥകളില്‍ ആവാപോദ്വാപങ്ങളും ഇല്ലെന്നില്ല. തച്ചോളിച്ചന്തുവിനെപ്പറ്റിയുള്ള ഒരു പാട്ടില്‍ മദിരാശിപ്പട്ടാളത്തെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു. ഒതേനനെപ്പറ്റിയുള്ള ഒരു പാട്ടില്‍ ʻകാപ്പികുടിച്ചിറ്റേ പോകവേണ്ടൂʼ എന്നു പറയുന്നുണ്ടെങ്കിലും കുടിക്കാന്‍ കൊടുക്കുന്നതു് പാലാണു്. ഗോതമ്പുറൊട്ടിയെപ്പറ്റിയും അടുത്തുതന്നെ പ്രസ്താവിച്ചുകാണുന്നു. ഈ ന്യൂനതകള്‍ നിസ്സാരങ്ങളാണു്. രസാനുഗുണമായ വര്‍ണ്ണനാവൈവിധ്യം എല്ലാ പാട്ടുകളിലും സമൃദ്ധമായുണ്ടു്. മൊത്തത്തില്‍ നോക്കുമ്പോള്‍ വടക്കന്‍ പാട്ടുകള്‍ക്കുള്ള വശീകരണശക്തി അസാമാന്യമാണെന്നു് ഏതു ഭാവുകനും സമ്മതിക്കുക തന്നെ ചെയ്യും. പുരാണതിഹാസകഥകളെത്തന്നെ തിരിച്ചും മറിച്ചും, കൂട്ടിയും, കുറച്ചും, വര്‍ണ്ണിക്കുന്ന കൃതികളെ നീക്കിയാല്‍ അധികമൊന്നും അവശേഷിക്കാത്ത ഭാഷാസാഹിത്യത്തില്‍ ഇത്തരത്തിലുള്ള പാട്ടുകള്‍ അമൂല്യരത്നങ്ങലാണെന്നുള്ളതും അനപലനീയമായ ഒരു പരമാര്‍ത്ഥമാണു്.

മാപ്പിളപ്പാട്ടുകള്‍

മലബാറിലെ മഹമ്മദീയരേയും തിരുവിതാംകൂര്‍, കൊച്ചി, ഈ രാജ്യങ്ങളിലെ നാട്ടുക്രിസ്ത്യാനികളെപ്പോലെ മാപ്പിളമാര്‍ എന്നു വിളിച്ചുവരുന്നു. അവയില്‍ പ്രാചീനങ്ങളായയുള്ളവയ്ക്ക് അറുനൂറു കൊല്ലത്തേയെങ്കിലും പഴക്കം കാണണം എന്നാണു അഭിജ്ഞന്മാരുടെ പക്ഷം. ചോറ്റുവായി പരീതുകുട്ടിയുടെ ഫുത്തൂഹുശ്ശാം, കൂട്ടായി കഞ്ഞിക്കോയയുടെ വലിയ നസീഹത്തുമാല ഇവയാണു് ഇക്കാലത്തു കാണുന്ന പാട്ടകളില്‍ പുരാതനങ്ങള്‍. പൊന്നാനി മാളിയക്കലത്തു കുഞ്ഞഹമ്മതിന്റെ ഹുനൈന്‍ മുതലായ കവിതകള്‍ ആധുനികങ്ങളാണു്. മാപ്പിളമലയാള ലിപിമാലയില്‍ ആദ്യം മുപ്പത്തിമൂന്നു് അക്ഷരങ്ങളെ ഉണ്ടായിരുന്നുള്ളു. അറബിവാക്കുകള്‍ കൂടി എഴുതുന്നതിനുവേണ്ട സൌകര്യം ആ ലിപിമാലയില്‍ ഉണ്ടായിരുന്നു. സംസ്കൃതപദങ്ങള്‍ ആധുനികകാലത്തു് പ്രവേശിച്ചു തുടങ്ങിയപ്പോള്‍ അവ അന്‍പതായി വര്‍ദ്ധിച്ചു. മാപ്പിളമലയാളകൃതികള്‍ക്കു് അറബിപ്പദങ്ങളുടെ സങ്‌ക്രമണം മൂലവും മറ്റും ശബ്ദശുദ്ധി കുറയുമെങ്കിലും സംഗീതാത്മകത ധാരാളമുണ്ടു്. വീരവും ശൃങ്ഗാരവുമാണു് അവയിലെ രസങ്ങള്‍. ചില ഉദാഹരണങ്ങള്‍ പ്രദര്‍ശിപ്പിക്കാം.

രണ്ടു സ്ത്രീകളുടെ കലഹം:

ʻʻഅടിപെട്ടു കൊത്തിപ്പിടിത്താരോ അണൈ
താലിയും മാലൈയറുത്താരോ
പിടിപെട്ടു സിന്നും കടിത്താരോ; പിച്ച
ച്ചട്ടിയും കീറിപ്പെടുത്താരോ
കടുകപ്പുതപ്പോടെ കെട്ടിമറിന്തിട്ടും
കരിശത്തില്‍ക്കാശിനില്‍ക്കൂടെ വിഴുന്തിട്ടും
ഇടറിപ്പിടൈത്തവര്‍ പിന്നുമെഴുന്തിട്ടും
ഇരുപേരുമൊട്ടുമയങ്കി നിലന്തിട്ടും.ˮ

ഒരു യുവതിയുടം വര്‍ണ്ണനം:

ʻʻപെട്ടാലങ്കള്‍ ചിലമ്പൊടു കിങ്കിണി
തൊട്ടാരംതരിതണ്ടകളും കനി
പ്പിറമെഞ്ചിയും പാടകം ചെറു–
പൊന്‍കടകങ്കളും ചങ്കല കങ്കണം
ഓരോ മാതിരിയാല്‍ച്ചുടരാരമോതിരമേ
തട്ടാകള്‍ ഉടര്‍ പൊന്നരഞ്ഞാണുകള്‍
മൊട്ടാടും പൊന്‍പതക്കമുറുക്കുകള്‍.ˮ

  1. അങ്കം വെട്ടുന്ന യോദ്ധാവു്.
  2. പുത്തൂരം വീട്ടുകാരും മറ്റും പയറ്റു പഠിച്ചുവന്ന കളരിയാണു് തൊടുവോര്‍ കളരി. ആ കളരിയോളം പൊക്കം.
  3. മടവികള്‍–-ദാസിമാര്‍ (മടയ്ക്കുന്ന സ്ത്രീകള്‍)
  4. ഓറു്=അവരു്.
  5. മറ്റൊരു പാട്ടില്‍ വേറേയും കാരണം കാണാം.


Template:Ulloor/HistLitBox