close
Sayahna Sayahna
Search

ചാപ്ലിൻ: അവസാന ചലച്ചിത്രം


ചാപ്ലിൻ: അവസാന ചലച്ചിത്രം
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

അവസാന ചലച്ചിത്രം

1953-ന്റെ തുടക്കത്തില്‍ ചാപ്ലിന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ഥിരതാമസമായി. മുപ്പത്തിയേഴ് ഏക്കറില്‍ പരന്നുകിടക്കുന്ന പതിനഞ്ചു മുറികളുള്ള ‘മാനര്‍ ദിബാന്‍’ എന്ന വന്‍സൗധത്തില്‍.

സ്വിറ്റ്സര്‍ലന്‍ഡിലെ സാമൂഹ്യജീവിതവുമായി ഇഴുകിച്ചേരാന്‍ ചാപ്ലിനു കഴിഞ്ഞില്ല. വൈകാതെ തന്നെ മുനിസിപ്പിലാറ്റിയുമായി തര്‍ക്കത്തിലായി. സ്റ്റെനോഗ്രാഫര്‍ ആയിരുന്ന ഇസാബെല്‍ ദെല്യൂസ് ചാപ്ലിന്റെ തികച്ചും സ്വേഛാധിപത്യപരമായ പെരുമാറ്റത്തില്‍ സഹികെട്ട് ജോലിവിട്ടു. അവസാനത്തെ മുന്നുമാസത്തെ ശമ്പളത്തിനുവേണ്ടി അവര്‍ക്ക് കോടതിയില്‍ പോകേണ്ടിവന്നു. ഇതൊക്കെയാണെങ്കിലും മഹാനായൊരു കലാകാരന്‍ തങ്ങളുടെ നാട്ടില്‍ സ്ഥിരതാമസമായത് സ്വിറ്റ്സര്‍ലന്‍ഡിലെ ജനങ്ങള്‍ക്ക് അഭിമാനമായിരുന്നു.

1954-ല്‍ ചാപ്ലിന്‍ ‘കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്’ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ പണി ആരംഭിച്ചു. 56-ല്‍ ലണ്ടനില്‍ വച്ചാണ് ഷൂട്ടിങ്ങ് നടത്തിയത്. അന്ന് അത്രതന്നെ പ്രശസ്തരല്ലായിരുന്ന അഭിനേതാക്കളേയാണ് ചാപ്ലിന്‍ തിരഞ്ഞെടുത്തത്. പത്തുവയസ്സുള്ള മൈക്കിള്‍ ചാപ്ലിനും ചിത്രത്തില്‍ അഭിനയിച്ചു.

യുദ്ധക്കൊതിയന്മാരുടെ ലോകം. എന്നാല്‍ ‘ഷാഡോവ്’ രാജാവ് സമാധാനപ്രിയനാണ്. പക്ഷേ അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രജകളും (അമേരിക്കന്‍ ശൈലിയില്‍) അണ്വായുധങ്ങള്‍ നിര്‍മ്മിക്കണമെന്നും അവ മറ്റു രാജ്യങ്ങളുടെ മേല്‍ പ്രയോഗിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. അതേസമയം ഷാഡോവ് അണുശക്തിയെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് സാമൂഹിക-സാമ്പത്തിക വിപ്ലവം കൊണ്ടുവരാമെന്നു സ്വപ്നം കാണുന്നു. ഈ വൈരുദ്ധ്യം രാജാവിനെ നിഷ്കാസിതനാക്കുന്നതിലാണ് പരിണമിക്കുന്നത്. ഷാഡോവ് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുന്നു. പല രീതിയിലും, അമേരിക്കന്‍ സ്ഥാപനങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെ അവസരം കിട്ടുമ്പോഴൊക്കെ രാജാവിനെ അവഹേളിക്കുന്നു. ഒരു സ്കൂള്‍ സന്ദര്‍ശനവേളയില്‍ റൂപര്‍ട്ട് മക്കാബിയെന്ന വിദ്യാര്‍ത്ഥി (മൈക്കിള്‍ ചാപ്ലിന്‍) — അവന്‍ ഒരു കുട്ടികമ്യൂണിസ്റ്റാണ് — മുതലാളിത്തത്തിനെതിരേയും അണ്വായുധങ്ങള്‍ക്കെതിരേയും, ഒരു രാഷ്ട്രത്തിന്റെ (അതായത് അമേരിക്കയുടെ) കൈകളില്‍ അദമ്യമായ ശക്തിവന്നുചേരുന്നതിന്റെ അപകടത്തെപ്പറ്റിയും പ്രസംഗിക്കുന്നതു കേള്‍ക്കാനിടയാവുന്നു. (ഇന്നത്തെ ലോകസാഹചര്യത്തില്‍ എത്രയേറെ പ്രസക്തമായ ഒരു പ്രസ്താവന.)

കമ്യൂണിസ്റ്റുകളെ വേട്ടയാടുന്ന കമ്മറ്റിക്കു മുന്‍പില്‍ കുട്ടിയെ വിചാരണയ്ക്കു വിളിക്കുന്നു. ഒരു കമ്യൂണിസ്റ്റായ അവന്റെ അച്ഛന്‍ തന്റെ സഖാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നു. ഷാഡോവിനെയും കുറ്റവിചാരണ ചെയ്യുന്നു. രാജാവിനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിക്കുന്നില്ല. ഒരു കുട്ടിക്കു ചെറുത്തുനില്‍ക്കാന്‍ കഴിയാത്ത സമ്മര്‍ദ്ദത്തിനടിപ്പെട്ട് റൂപര്‍ട്ട് തന്റെയും അച്ഛന്റെയും കമ്യൂണിസ്റ്റ് സഖാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുന്നു. അമേരിക്ക മടുത്ത്, ഷാഡോവ് യൂറോപ്പിലേയ്ക്ക് വിമാനം കയറുന്നു. തന്റെ സുഹൃത്തുക്കളെ ഒറ്റിക്കൊടുക്കേണ്ടിവന്ന റൂപര്‍ട്ട് തനിക്കുണ്ടായ അപചയത്തിലും നിസ്സഹായതയിലും തേങ്ങിക്കരഞ്ഞുകൊണ്ട് നില്‍ക്കുന്ന രംഗത്തോടെ ചിത്രം അവസാനിക്കുന്നു.

മക്കാര്‍ത്തിയുടെ അമേരിക്ക. ചാപ്ലിന്റെ സ്വന്തം കഥ.

ഉദാത്തമായ കഥ എക്കാലവും കലാകാരന്റെ ജീവിതത്തിലെ തീക്ഷ്ണമായ പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്നു. തന്റെ ഉള്ളിന്റെ ഉള്ളിലേയ്ക്ക് ഊളിയിടുന്ന ചിന്തകളുടെയും വികാരങ്ങളുടെയും രേഖാചിത്രമാണ് മഹത്തായ കല. അങ്ങിനെയൊരു ചിത്രമായിരുന്നു ‘കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്’.

എന്നാല്‍ ചിത്രത്തിന്ന് വളരെ മോശം പ്രതികരണമാണ് ലഭിച്ചത്. ഏറ്റവും പരിതാപകരമായി ചൂണ്ടിക്കാണിക്കപ്പെട്ടത് അതിലെ സംഭാഷണങ്ങളായിരുന്നു. അതിഭാവുകത്വം കലര്‍ന്നതും നാടകീയവുമായിരുന്നു ഡയലോഗുകളില്‍ ഏറെയും. സംസാരിക്കുന്ന ചലച്ചിത്രങ്ങളുമായി സമരസപ്പെടാന്‍ ചാപ്ലിന് കഴിഞ്ഞില്ല എന്നതിന്റെ ഒരു തെളിവുകൂടിയാണ് ‘കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്.’

അവസാനചിത്രത്തിന്റെ പോസ്റ്റർ

‘ഏ കൗണ്ടസ് ഫ്രം ഹോങ്ങ്കോങ്ങ് ആയിരുന്നു ചാപ്ലിന്റെ അവസാനചിത്രം. ആദ്യ കളര്‍ ചിത്രവും. അപ്പോഴേയ്ക്കും അദ്ദേഹത്തിന് എഴുപത്തിയേഴ് വയസ്സാവാറായി. തനിക്ക് പാകമല്ലാത്ത നായകവേഷം ചെയ്യാന്‍ ചാപ്ലിന് തീരെ താല്പര്യമുണ്ടായില്ല. ‘വിമന്‍ ഇന്‍ പാരീസി’ല്‍ ചെറിയൊരു റോള്‍ മാത്രമേ ചാപ്ലിന്‍ അഭിനയിച്ചുള്ളു.‘ഏ കൗണ്ട്സ് ഫ്രം ഹോങ്ങ്കോങ്ങിലും അങ്ങിനെതന്നെയായി. അതാദ്യമായി ചാപ്ലിന്‍ തന്റെ സിനിമയ്ക്ക് വന്‍ താരങ്ങളെ ക്ഷണിച്ചു. സോഫിയാ ലോറനും മാര്‍ലണ്‍ ബ്രാന്‍ഡോയുമായിരുന്നു നായികാനായകന്മാര്‍.

നടാഷാ എന്നു പേരുള്ള ഒരു റഷ്യന്‍ പ്രഭ്വി — അവര്‍ ഇന്നു പട്ടിണിയിലാണ് — കള്ളക്കപ്പല്‍ കയറി ഹോംകോങ്ങില്‍ നിന്ന് ഹോണോലൂലുവിലേയ്ക്കു പോവാന്‍ തുനിയുന്നു. കപ്പലില്‍ വച്ച് അവള്‍ ഒരു അമേരിക്കന്‍ കോടീശ്വരന്റെ ക്യാബിനില്‍ എത്തിപ്പെടുന്നു. അവര്‍ തമ്മില്‍ വിരിഞ്ഞുവരുന്ന പ്രണയമാണ് ചിത്രത്തിലെ പ്രമേയം.

1966 ജനുവരിയില്‍ കൗണ്ടസ്സിന്റെ ചിത്രീകരണം ആരംഭിച്ചു. തുടക്കംമുതല്‍ തന്നെ പ്രശ്നങ്ങളായിരുന്നു. സോഫിയാ ലോറനും ബ്രാന്‍ഡോയും തമ്മില്‍ പിണങ്ങി. തന്റെ ഒരിക്കലും അടങ്ങാത്ത ആവേശം കൊണ്ട് ചാപ്ലിനും കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. മറ്റുള്ളവര്‍ക്ക് ചാപ്ലിനൊപ്പം എത്താന്‍ കഴിഞ്ഞില്ല. ആ ചിത്രത്തില്‍ അഭിനയിച്ചിരുന്ന മകന്‍ സിഡ്നി ചാപ്ലിനാണ് ചാപ്ലിന്റെ ദേഷ്യത്തിന് എപ്പോഴും ഇരയായത്. ഒരു കാര്യവുമില്ലാതെ സെറ്റില്‍വച്ച് ചാപ്ലിന്‍ സിഡ്നിയെ വഴക്കു പറഞ്ഞുകൊണ്ടേയിരുന്നു.

ചാപ്ലിനെ സംബന്ധിക്കുന്ന ഏതാണ്ടെല്ലാ കാര്യങ്ങള്‍ക്കും രണ്ടു ഭാഷ്യങ്ങളുണ്ടെന്നു നാം കണ്ടുകഴിഞ്ഞു. ഇതാ ഒരു ഉദാഹരണം കൂടി. ഒരു ദിവസം ബ്രാന്‍ഡോ കുറച്ചു വൈകിയാണ് സെറ്റിലെത്തിയത്. (ബാന്‍ഡോ പറയുന്നു. “ഞാന്‍ പതിനഞ്ചുമിനിറ്റു വൈകിയാണ് സെറ്റിലെത്തിയത്. അതു തെറ്റുതന്നെ. എന്നാല്‍ എല്ലാവരുടേയും മുന്‍പില്‍വച്ച് ചാപ്ലിന്‍ എന്റെ നേരെ തട്ടിക്കയറി. എനിക്ക് പ്രൊഫഷണല്‍ എത്തിക്സ് എന്താണെന്ന് വിവരമില്ലെന്നും എന്റെ തൊഴിലിനുതന്നെ ഞാന്‍ ഒരപമാനമാണെന്നും അദ്ദേഹമലറി. അവസാനം എനിക്കു പ്രതികരിക്കേണ്ടിവന്നു. “മി. ചാപ്ലിന്‍, ഞാന്‍ എന്റെ ഡ്രസ്സിങ്ങ് റൂമില്‍ ഇരുപതുമിനിറ്റുനേരം കൂടിയുണ്ടാവും. അതിനകം എന്നോടു ക്ഷമ പറയുന്നില്ലെങ്കില്‍ ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്ക് വിമാനം കയറും. ഇരുപതു മിനിറ്റു മാത്രം.” അല്പസമയത്തിനുശേഷം, വിനയാന്വിതനായ ചാപ്ലിന്‍ ബ്രാൻഡോയോട് ക്ഷമ ചോദിച്ചുവത്രേ.

ഇനി ആ ചിത്രത്തിന്റെ നിര്‍മ്മാതാവും ‘ലൈം ലൈറ്റു’ മുതല്‍ ചാപ്ലിന്റെ അടുത്ത സുഹൃത്തുമായിരുന്ന ജെറി എപ്സ്റ്റീന്‍ അതേ സംഭവത്തെപ്പറ്റി പറയുന്നതു ശ്രദ്ധിക്കാം. “ഇരുനൂറ് എക്സ്ട്രാ അഭിനേതാക്കളെ ഷൂട്ടിങ്ങിനായി ഒരുക്കിനിര്‍ത്തിയിരുന്നു. ചാര്‍ളിയും സോഫിയായും രാവിലെ എട്ടുമുതല്‍ റിഹേഴ്സലിനു തയ്യാറായി ഇരുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞു. മാര്‍ലോണെ കാണാനില്ല. ചാര്‍ളി അരിശംമൂത്ത് ഭ്രാന്തനാവുകയായിരുന്നു. അപ്പോള്‍ നിഷ്കളങ്കനായ ഒരു കുട്ടിയെപ്പോലെ മാര്‍ലോണ്‍ എത്തുന്നു. ചാര്‍ളി ഒരു കൊടുങ്കാറ്റുപൊലെ അയാളുടെ പുറകെകൂടി. ഞാന്‍ തടയാന്‍ നോക്കി. കഴിഞ്ഞില്ല. ചാര്‍ളി ബ്രാന്‍ഡോയുടെ കൈയില്‍ കടന്നുപിടിച്ചു. “കേള്‍ക്ക്, നായിന്റെ മോനേ, നീ ഇപ്പോള്‍ ചാര്‍ളി ചാപ്ലിനുവേണ്ടിയാണ് ജോലിയെടുക്കുന്നത്. ഇങ്ങിനെയാണ് ജോലി ചെയ്യുന്നതെങ്കില്‍ അടുത്ത വിമാനത്തില്‍ ഹോളിവുഡ്ഡിലേയ്ക്ക് പൊയ്ക്കോളൂ. ഞങ്ങള്‍ക്കു തന്നെ വേണ്ടാ..” കുറ്റം ചെയ്ത കുട്ടി അച്ഛന്റെ മുന്‍പിലെന്നപോലെ ഒതുങ്ങിനിന്ന് ബ്രാന്‍ഡോ ക്ഷമാപണപൂര്‍വ്വം മധുരസ്വരത്തില്‍ മൊഴിഞ്ഞു. “അതേ ചാര്‍ളീ, എനിക്കു നല്ല സുഖമില്ലായിരുന്നു..” മുഴുവന്‍ പറയാന്‍ ചാപ്ലിന്‍ സമ്മതിച്ചില്ല. “നോക്ക് ഒരു വയസ്സനായ ഞാന്‍ കൃത്യസമയത്ത് എത്തുന്നു. എന്നെപ്പോലെ കൃത്യം എട്ടരമണിക്ക് ഷൂട്ടിങ്ങിന് തയ്യാറായി സെറ്റില്‍ എത്തിയിരിക്കണം.” മാര്‍ലോണ്‍ ‘ചിന്നപ്പയ്യന്‍’ വിടര്‍ന്ന മിഴികളോടെ സമ്മതിച്ചു. “ഉവ്വ ചാര്‍ളീ.”

സത്യം ഇതിനിടയ്ക്കെവിടെയോ ആയിരിക്കാം. ഈ കാര്യത്തില്‍ മാത്രമല്ല, സ്വന്തം ജീവിതകഥയിലും വ്യക്തതയുടേയും സത്യത്തിന്റെയും വെളിച്ചം വീശാന്‍ ചാപ്ലിന്‍ സ്വയം സഹായിച്ചില്ല എന്നതാണ് പരിതാപകരം. ‘എന്റെ ആത്മകഥ’ ഏറിയകൂറും കേവലം കഥ മാത്രമായി അവശേഷിച്ചു.

ബ്രാന്‍ഡോ തുടര്‍ന്നു പറഞ്ഞു. “എങ്കിലും ചലച്ചിത്രമെന്ന മാധ്യമം സൃഷ്ടിച്ച ഏറ്റവും മഹാനായ പ്രതിഭാശാലിയായിത്തന്നെയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിനുണ്ടായിരുന്നത്ര പ്രാഗല്ഭ്യം മറ്റാര്‍ക്കും ഒരിക്കലും ഉണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ മുന്നില്‍ മറ്റെല്ലാവരും ലില്ലിപുട്ടുകാരായി മാറി. എന്നാല്‍ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹവും നമ്മെഒക്കെപ്പോലെയായിരുന്നു — കൂടിക്കുഴഞ്ഞ ഒരു ഭാണ്ഡം.”

“ഇതാണ് എന്റെ ഏറ്റവും നല്ല ചിത്രം.” ചാപ്ലിന്‍ ‘ഏ കൗൻടസ് ഫ്രം ഹോങ്ങ്കോങ്ങ്’ നെ പറ്റി പറഞ്ഞു. എന്നാല്‍ പ്രേക്ഷകരും നിരൂപകരും അങ്ങിനെയല്ല കരുതിയത്. ചാപ്ലിന്‍, സോഫിയാ ലോറന്‍, മാര്‍ലൊണ്‍ ബ്രാന്‍ഡോ എന്നീ മൂന്നു വിശിഷ്ട നാമങ്ങളുടെ അലങ്കാരമുണ്ടായിട്ടും ചിത്രം സാമ്പത്തികമായി വന്‍പരാജയമായി.