close
Sayahna Sayahna
Search

ചാപ്ലിൻ: കമ്യൂണിസ്റ്റ് വിചാരണ


ചാപ്ലിൻ: കമ്യൂണിസ്റ്റ് വിചാരണ
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

കമ്യൂണിസ്റ്റ് വിചാരണ

1947 ഫ്രെബ്രുവരിയില്‍ ചാപ്ലിന്റെ സുഹൃത്തും സംഗീതജ്ഞനുമായ ഐഡ്ലറെ എഫ്. ബി. ഐ. അറസ്റ്റു ചെയ്തു. കമ്യൂണിസ്റ്റ് ആണെന്നും രാജ്യതാല്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു ആരോപണം. അതോടൊപ്പം ചാപ്ലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നു. അമേരിക്കന്‍ സെനറ്റില്‍ പ്രശ്നം ഉന്നയിക്കപ്പെട്ടു. “കമ്യൂണിസ്റ്റ് ചായ്‌വുള്ള, നിയമനിഷേധിയായ, 16–17 വയസ്സു മാത്രം പ്രായമുള്ള അമേരിക്കന്‍ പെണ്‍കുട്ടികളെ ബലാല്‍ക്കാരവും ലൈംഗിക ചൂഷണവും നടത്തുന്ന ചാര്‍ളി ചാപ്ലിനെപ്പോലുള്ള ഒരു വ്യക്തി ഈ രാജ്യത്ത് എന്തിന് വസിക്കണം?” വില്യം ലാംഗര്‍ എന്ന സെനറ്റര്‍ ചോദിച്ചു.

രണ്ടാം ലോകയുദ്ധത്തിനു മുമ്പുമുതല്‍തന്നെ ചാപ്ലിന്റെ കമ്യൂണിസ്റ്റ് ബന്ധങ്ങളെപ്പറ്റി എഫ്.ബി.ഐ. അന്വേഷണം ആരംഭിച്ചതാണ്. ഒരിക്കല്‍ അവര്‍ തുടര്‍ച്ചയായി നാലുമണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. 1947 ആയപ്പോഴേയ്ക്ക് ഏഴു വാല്യങ്ങള്‍ നീൻട ഒരു റിപ്പോര്‍ട്ടായി അതു മാറിയിരുന്നു. മലയാളികളായ നമുക്ക് ഒരാള്‍ കമ്യൂണിസ്റ്റാവുന്നത് എങ്ങിനെ ഒരപരാധമാവുമെന്ന് അത്ഭുതം തോന്നിയേക്കാം. എന്നാല്‍ അമേരിക്കയിലെ അവസ്ഥ തികച്ചും വിഭിന്നമായിരുന്നു. പ്രത്യേകിച്ചും രണ്ടാംലോകയുദ്ധത്തിനുശേഷം സോവിയറ്റ് യൂണീയനുമായുള്ള ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഹിസ്റ്റീരിയാ ബാധിച്ചവരെപ്പോലെയാണ് അമേരിക്കന്‍ ഭരണകൂടവും മാധ്യമങ്ങളും പൊതുജനങ്ങളും പെരുമാറിയിരുന്നത്.

എന്നാല്‍ ചാപ്ലിനെതിരെ സംശയലേശമന്യേ തെളിയിക്കപ്പെടാവുന്ന യതൊന്നും എഫ്.ബി.ഐ.യ്ക്കു ലഭിച്ചില്ല. അമേരിക്കന്‍ രാജ്യതാല്പര്യങ്ങള്‍ക്കു വിരുദ്ധമായി ചാപ്ലിന്‍ എന്തെങ്കിലും ചെയ്തതായി അവര്‍ക്ക് തറപ്പിച്ചുപറയാനായില്ല. കമ്യൂണിസ്റ്റ്കാര്‍ക്ക് ചാപ്ലിന്‍ 25,000 ഡോളര്‍ സംഭാവന ചെയ്തപ്പോള്‍ റെഡ്ക്രോസിന് 100 ഡോളര്‍ മാത്രമേ കൊടുത്തുള്ളൂ എന്നിങ്ങനെയുള്ള പത്ര റിപ്പോര്‍ട്ടുകളായിരുന്നു എഫ്. ബി. ഐയുടെ പ്രധാന ‘രേഖകള്‍’. അജയ്യരായ ലോകശക്തികളാണ് തങ്ങള്‍ എന്ന അഹങ്കാരത്തിനു വിലങ്ങുതടിയായി സോവിയറ്റ് യൂണിയന്‍ ഉയര്‍ന്നുവന്നത് അമേരിക്കയ്ക്ക് ഒരു തരത്തിലും സഹിക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെയുള്ള സോവിയറ്റ് യൂണിയനെ ചാപ്ലിന്‍ പുകഴ്ത്തുന്നത് അവരുടെ കണ്ണില്‍ ഘോരാപരാധം തന്നെയായിരുന്നു.

നീണ്ടുനിന്ന ചോദ്യംചെയ്യലുകളില്‍ തന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളെ തള്ളിപ്പഠയാന്‍ ചാപ്ലിന്‍ തുനിഞ്ഞില്ല. അവരുമായുള്ള ബന്ധം നിഷേധിച്ചുമില്ല. മനുഷ്യനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും തന്റെ ആശയങ്ങളില്‍ ചിലതെങ്കിലും കമ്യൂണിസ്റ്റുകാരുടേതാവുന്നതും കമ്യൂണിസ്റ്റുകാരുടെ ചില കാഴ്ചപ്പാടുകള്‍ തന്റേതാവുന്നതും കേവലം യാദൃഛികമാണെന്നുമായിരുന്നു ചാപ്ലിന്റെ നിലപാട്.

മൊസ്യേ വെര്‍ദൂ ചാപ്ലിന്‍ വരുദ്ധലോബിയെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ‘അണ്‍ അമേരിക്കന്‍ ആക്റ്റിവിറ്റീസ് കമ്മിറ്റി’യും ‘കാത്തലിക് വാർ വെറ്ററന്‍സ്’ എന്ന സംഘടനയും ചാപ്ലിനെ നാടുകടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ക്ക് തല്ക്കാലം ഒന്നും ചെയ്യാനായില്ല. അവര്‍ അവസരം പാര്‍ത്തിരുന്നു.

തനിക്കുനേരെ ഉയരുന്ന ഭീഷണികളെപ്പറ്റി ചാപ്ലിനു വ്യക്തമായ ധാരണകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലണ്ടനിലേയ്ക്ക് ഒരു സന്ദര്‍ശനത്തിനു പോകണമെന്നുണ്ടായിരുന്നെങ്കിലും അമേരിക്കവിട്ടു പുറത്തുപോയാല്‍ തിരിച്ചുവരാന്‍ അനുമതി ലഭിച്ചില്ലെങ്കിലോ എന്ന ആശങ്കമൂലം അതുവേണ്ടെന്നു വയ്ക്കുകയായിരുന്നു. (ചാപ്ലിന്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരുന്നില്ല.) താന്‍ ഒരു ലോകപൗരനാണെന്നായിരുന്നു ചാപ്ലിന്‍ വിശ്വസിച്ചിരുന്നത്. താന്‍ മാത്രമല്ല, മനുഷ്യരാശി മൊത്തം ലോകപൗരന്മാരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. “ലോകം പിന്താങ്ങിയ,പ്രോത്സാഹിപ്പിച്ച ഏറ്റവും വലിയ ഭ്രാന്താണ് രാജ്യസ്നേഹം” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രസിദ്ധമാണ്.

ലൈംലൈറ്റിൽ ആത്മകഥാംശം

ഇങ്ങിനെ കാറ്റുംകോളും നിറഞ്ഞ ഒരു പശ്ചാത്തലത്തിലാണ് ‘ലൈം ലൈറ്റ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാണത്തിലേയ്ക്ക് അദ്ദേഹം പ്രവേശിക്കുന്നത്.

ലൈം ലൈറ്റ് ചാപ്ലിന്റെ തന്നെ കഥയാണ്. കാല്‍വരോ എന്ന നായക കഥാപാത്രം ചാപ്ലിന്റെ പ്രതിരൂപവും. ഇംഗ്ലണ്ടിലെ ഒരു സംഗീത നാടകശാലയിലെ കൊമേഡിയനാണ് കാല്‍വരോ. ഇപ്പോള്‍ പ്രായമായി. ‘പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.’ എന്ന തോന്നല്‍ അയാളെ മഥിക്കുന്നു. പഴയതുപൊലെ ജനപ്രീതിയില്ല, ഒരു തിരിച്ചുവരവിന് കിണഞ്ഞു ശ്രമിക്കുകയാണ് അയാള്‍. തന്റെ പ്രേക്ഷകരെ തുടര്‍ന്നും തനിക്കു ചിരിപ്പിക്കാന്‍ കഴിയില്ലേ എന്ന അതിരുകവിഞ്ഞ ആശങ്ക അയാളെ ഒരു മദ്യപാനിയാക്കുന്നു. കാല്‍വരോയുടെ മുറിയില്‍ ചാപ്ലിന്റെ ട്രാംപിന്റെ ഒരു ചിത്രം ഭിത്തിയെ അലങ്കരിക്കുന്നു. ചാപ്ലിനെ പോലെ കാല്‍വരോയും ഇടതുകൈകൊണ്ട് വയലിന്‍ വായിക്കുന്നു. പഴ സ്റ്റെലില്‍, ബട്ടണുകളുള്ള ഷൂസു ധരിക്കുന്നു.

തന്റെ പ്രേമഭാജനമായിരുന്ന ഫ്ളോറന്‍സ് ആത്മഹത്യ ചെയ്തത് ജനല്‍ വാതിലുകളടച്ച് ഗ്യാസ് തുറന്നുവിട്ടായിരുന്നു. ടെറി അംബ്രോസെന്ന ലൈം ലൈറ്റിലെ നായികയും അങ്ങിനെ തന്നെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു. ഫ്ളോറന്‍സിനെ രക്ഷിക്കാന്‍ ചാപ്ലിനു കഴിഞ്ഞില്ല. എന്നാല്‍ അനാരോഗ്യംമൂലം നൃത്തംചെയ്യാന്‍ കഴിയാത്തതില്‍ നിരാശപൂണ്ട ഈ യുവനര്‍ത്തകിയെ സമയോചിതമായി ഇടപെടുന്ന കാല്‍വരോ മരണത്തില്‍നിന്നു രക്ഷിക്കുന്നു. അവള്‍ക്കു പക്ഷേ അതില്‍ യാതൊരു സന്തോഷവുമില്ല. തന്നെ എന്തിനു രക്ഷിച്ചു എന്നാണവളുടെ ചോദ്യം. കാല്‍വരോയുടെ മറുപടി: “എന്താ നിനക്കിത്ര തിരക്ക്? ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ ഉണ്ടായ പരിണാമത്തിന്റെ ഫലമാണ് മനുഷ്യര്‍. നീ എന്താ അതിനെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നോ? നക്ഷത്രങ്ങള്‍ക്കും സൂര്യനും അവരവരുടെ അച്ചുതണ്ടില്‍ കറങ്ങുകയും അഗ്നിജ്വാലകള്‍ വമിപ്പിക്കുകയുമല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും? സൂര്യനു ചിന്തിക്കാന്‍ കഴിയുമൊ? അതിനു ബോധമുണ്ടോ? ഇല്ല. പക്ഷേ നിനക്കുണ്ട്. നിനക്കു ചിന്തിക്കാന്‍ കഴിയും.” തന്റെ സിനിമകളിലൂടെ ചാപ്ലിൻ പറഞ്ഞുവയ്ക്കുന്ന ഏറ്റവും തത്വജ്ഞാനപരമായ വാചകങ്ങൾ ഈ ചിത്രത്തിലാണെന്നു പറയാം.

അവളില്‍ ജീവിക്കാനുള്ളമോഹം പുനര്‍ജനിപ്പിക്കാന്‍ കാല്‍വരോയ്ക്ക് നന്നേ പാടുപെടേണ്ടിവന്നു. അയാള്‍ അവളോടു പറയുന്നു. “കുട്ടിയായിരുന്നപ്പോള്‍ എനിക്കു കളിപ്പാട്ടങ്ങളില്ലായെന്ന് ഞാന്‍ പരാതി പറയാറുണ്ടായിരുന്നു. അപ്പോള്‍ അച്ഛന്‍ പറയും (കാല്‍വരോ തന്റെ തലയില്‍ തൊട്ടുകാണിക്കുന്നു) സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മഹത്തായ കളിപ്പാട്ടം ഇതാണ്. എല്ലാ സുഖത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യം ഇതിനുള്ളിലാണ്.”

ആത്മകഥാപരമായ പല അംശങ്ങളും വീണ്ടും ചിത്രത്തില്‍ കടന്നുവരുന്നു. തന്നെപ്പറ്റി കാല്‍വരോ ടെറിയോടു വിവരിക്കുമ്പോള്‍ “ഞാനൊരു കൊടുംപാപി’ യെന്നും തനിക്ക് അഞ്ചു ഭാര്യമാരുണ്ടായിരുന്നെന്നും പറയുന്നു. തന്റെ അഞ്ചു മക്കള്‍ക്ക് ചാപ്ലിന്‍ ഈ ചിത്രത്തില്‍ റോളുകള്‍ നല്‍കി. സിഡ്നി ചാപ്ലിന്‍ (ജൂനിയര്‍) സംഗീത സംവിധായകനായ നെവിലിന്റെ ഭാഗം ചെയ്യുന്നു. വീലര്‍ ഡ്രൈഡനും അഭിനയിക്കുന്നുണ്ട്. കാഴ്ചയില്‍ ഏതാണ്ട് ഊനയെപ്പോലുള്ള ബ്രട്ടീഷ് നടി ക്ലെയര്‍ ബ്ലൂം ആണ് ടെറിയുടെ റോളില്‍. ഊനായോട് രൂപസാദൃശ്യമുണ്ടെങ്കിലും ഹാന്നായുടെ സ്വഭാവ വിശേഷങ്ങള്‍ സന്നിവേശിപ്പിക്കാനാണ് ചാപ്ലിന്‍ ശ്രമിച്ചത്. കൊസ്റ്റ്യൂം ചെയ്ത ബ്രൂക്സിനോട്, ടെറിയുടെ വേഷവിധാനത്തെപറ്റി സംസാരിച്ചപ്പോള്‍ ഗായികയും നര്‍ത്തകിയുമായിരുന്ന തന്റെ അമ്മയുടെ വസ്ത്രസങ്കല്പം വിശദീകരിക്കുകയും അതേ പാറ്റേണിലുള്ള വേഷവിധാനം വേണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു.

തന്റെ ബാല്യകാലത്തെ ലണ്ടനെപ്പറ്റി ചാപ്ലിന്‍ ക്ലെയറിനോട് വളരെ വിശദമായി ദിവസങ്ങളോളം സംസാരിച്ചു. താന്‍ വിഭാവനം ചെയ്യുന്ന അന്തരീക്ഷം ക്ലെയര്‍ ഉള്‍ക്കൊള്ളണമെന്ന് ചാപ്ലിന് നിര്‍ബന്ധമുണ്ടായിരുന്നു “തന്നെ മുറിവേല്പിക്കുകയും കഷ്ടപ്പെടുത്തുകയുംചെയ്ത ഒരു ലണ്ടനാണ് ചാര്‍ളി എനിക്കുകാണിച്ചു തന്നുകൊണ്ടിരുന്നത്. എനിക്കു തീര്‍ത്തും അപരിചിതമായ ഒരു ലണ്ടന്‍. ഉദാഹരണത്തിന്, എനിക്ക് ആഹ്ലാദവും ഉന്മേഷവും പകര്‍ന്നുതന്നിരുന്ന ലണ്ടനിലെ ഉദ്യാനങ്ങള്‍ ചാപ്ലിന്റെ ഓര്‍മ്മയില്‍ ഏകാന്തരുടേയും അഗതികളുടേതും അഭയസ്ഥാനങ്ങളായിരുന്നു. “ക്ലെയര്‍ ബ്ലൂം പറഞ്ഞു. ക്ലെയറിന് വളരെ കര്‍ശനമായ ഒരു ദിനചര്യയാണ് ചാപ്ലിന്‍ നിര്‍ദ്ദേശിച്ചത്. സ്റ്റുഡിയോയിലെത്തിയാല്‍ ഒരു മണിക്കൂര്‍ ജിംനേഷ്യത്തില്‍ വ്യായാമം, അഞ്ചു മണിക്കൂര്‍ റിഹേഴ്സല്‍, പിന്നെ ഒരു മണിക്കൂര്‍ ബാലേ ക്ലാസ്സ്. ക്ലെയറിനെ ബാലേ പഠിപ്പിക്കാനായി അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ ബാലേ ഡാന്‍സര്‍, മെലിസ്റ്റാ ഹെയ്സനെയാണ് ചാപ്ലിന്‍ കൊണ്ടുവന്നത്. തന്റെ കലാസൃഷ്ടി പരിപൂര്‍ണ്ണതയുടെ മകുടോദാഹരണമാവണം എന്ന ചാപ്ലിന്റെ നിര്‍ബന്ധബുദ്ധിയുടെ ദൃഷ്ടാന്തമാണിത്. വ്യക്തിജീവിതം എത്രയേറെ കുത്തഴിഞ്ഞതായിരുന്നോ അത്രയേറെ അടുക്കും ചിട്ടയുമുള്ളതും കുത്തിക്കെട്ടിയതുമായിരുന്നു ചാപ്ലിന്റെ കലാജീവിതം.

കാല്‍വരോ, ടെറിയെ അകമഴിഞ്ഞു സ്നേഹിക്കുന്നു. എന്നാല്‍ താന്‍ അവള്‍ക്ക് അനുയോജ്യനല്ലെന്ന് അയാള്‍ക്കറിയാം. അവളുടെ ശാരീരികമായ പ്രശ്നങ്ങള്‍, മാനസികവും മന:ശാസ്ത്രപരവുമാണെന്ന് മനസ്സിലാക്കി, അയാള്‍ അവളെ പരിചരിച്ചും ധൈര്യം നല്‍കിയും വീണ്ടും സ്റ്റേജില്‍ കയറാവുന്ന അവസ്ഥയിലെത്തിക്കുന്നു. യുവാവും സുമുഖനുമായ നെവിലിനെ അവള്‍ സ്നേഹിക്കാന്‍ വേണ്ട അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു, രംഗത്തുനിന്നു സ്വയം നിഷ്കാസിതനാവുന്നു.

കാല്‍വരോയുടെ ബഹുമാനാര്‍ത്ഥം.അയാളുടെ സുഹൃത്തുക്കള്‍ ഒരുക്കുന്ന പരിപാടിയില്‍ അയാളും ടെറിയും പങ്കെടുക്കുന്നു. തന്റെ ഒരു നർമ്മരംഗം അവതരിപ്പിക്കുമ്പൊള്‍ സ്റ്റേജില്‍ നിന്നു താഴെവീഴുന്ന കാല്‍വരോയ്ക്ക് ഹൃദയാഘാതമുണ്ടായി അവശനും മൃതപ്രായനുമാവുന്നു. എന്നാല്‍ തന്റെ അവശത അവളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതെ സന്തോഷവദനനായി “ഇനി മുതല്‍ ഇങ്ങിനെയാവും പെണ്ണേ, നീ ബാലേനൃത്തമാടും, ഞാന്‍ കോമഡി അഭിനയിക്കും” എന്നു പറയുന്നു. കാല്‍വരോയുടെ ചുറ്റും കൂടിയവരില്‍ നെവിലുമുണ്ട്. “ആകുലമായ ഒരു സായം സന്ധ്യയുടെ ആര്‍ദ്രതയില്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് ഇയാള്‍ നിന്നോടു പറയും.” “അതൊക്കെ പോട്ടെ ഞാന്‍ നിങ്ങളെയാണ് സ്നേഹിക്കുന്നത്.” കാല്‍വരോയുടെ കൈകള്‍ തന്റെ കവിളില്‍ ചേര്‍ത്ത് അവള്‍ വിതുമ്പി.

നൃത്തം ചെയ്യാന്‍ ടെറിക്ക് സ്റ്റേജില്‍ കയറേണ്ട സമയമായി. “ഞാന്‍ വേഗംവരാം ഡാര്‍ളിങ്” എന്നു വാഗ്ദാനം ചെയ്തുകൊണ്ട് അവള്‍ സ്റ്റേജില്‍ കയറുന്നു. തനിക്ക് അവളുടെ നൃത്തം കാണണമെന്ന് കാല്‍വരോ ആവശ്യപ്പെടുന്നു. സൈഡ് കര്‍ട്ടനുകളുടെ ഇടയിലേയ്ക്ക് കാല്‍വരോയെ കൊണ്ടുപോകുന്നു. എന്നാല്‍ അവളുടെ ഒരു ദൃശ്യം മാത്രമേ അയാള്‍ക്കു ലഭിക്കുന്നുള്ളൂ, അപ്പോഴേയ്ക്കും മരണം അയാളെ മാടിവിളിച്ചു കഴിഞ്ഞു. സ്ക്രീനില്‍ ടെറിയുടെ നൃത്തം തുടരുന്നു. വലിയ സ്റ്റേജില്‍ ഏകയായൊരു നര്‍ത്തകി, പൂര്‍ണ്ണതയുടെ മകുടോദാഹരണമായ ഒരു ബാലേ പോസില്‍.