ചാപ്ലിൻ: ‘ദ കിഡ്’
ചാപ്ലിൻ: ‘ദ കിഡ്’ | |
---|---|
ഗ്രന്ഥകർത്താവ് | പി എൻ വേണുഗോപാൽ |
മൂലകൃതി | ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രണത ബുക്സ്, കൊച്ചി |
വര്‍ഷം |
2004 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 102 |
‘ദ കിഡ്’
1919-ലെ വസന്തത്തില്‍ ‘സണ്ണി സൈഡ്’ റിലീസു ചെയ്തു. ചാപ്ലിന്‍ എന്ന കൊമേഡിയന്റെ മരണമാണ് ഈ ചിത്രമെന്ന് നിരൂപകര്‍ വിധിയെഴുതി. ഫാറ്റി അര്‍ബക്കിളും ഹാരോള്‍ഡ് ലോയഡും തങ്ങളുടെ കോമഡി ചിത്രങ്ങളുമായി വെന്നിക്കൊടി പാറിച്ചിരുന്ന കാലമായിരുന്നു അത്. രണ്ട് സ്വപ്ന സ്വീകെന്‍സുകളാണ് ‘സണ്ണി സൈഡ്.’ വിമര്‍ശനങ്ങള്‍ ഏറെയുണ്ടായെങ്കിലും ചിത്രം ബോക്സോഫീസില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ചവച്ചു. എങ്കിലും വൈയക്തികമായും സൃഷ്ടിപരമായും വളരെ മോശം കാലമായിരുന്നു ചാപ്ലിന്. ‘ചാര്‍ലീസ് പിക്നിക്’ എന്നൊരു ചിത്രം തുടങ്ങിവച്ചു. ചാര്‍ളിയും ഭാര്യയും അവരുടെ അഞ്ചു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ കഥയായിരുന്നു അത്. മില്‍ഡ്രഡിന്റെ പ്രസവമടുത്തതോടെ താൻ അച്ഛനാവുന്ന ഫാന്‍റസികള്‍ ചാപ്ലിന്റെ മനസ്സില്‍ തിങ്ങി നിറഞ്ഞതിന്റെ നിദര്‍ശനമായിരുന്നു ആ സ്ക്രിപ്റ്റ്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ അദ്ദേഹം ആ സംരഭം ഉപേക്ഷിച്ചു,
ജൂലൈ ഏഴാംതീയതി മില്‍ഡ്രഡ് പ്രസവിച്ചു. പക്ഷേ നാലാം ദിവസം കുഞ്ഞു മരിച്ചു. കുഞ്ഞിന്റെ മരണം ചാപ്ലിനെ അഗാധമായ ദു:ഖത്തിലാഴ്ത്തി. മില്‍ഡ്രഡുമായി മാനസികമായൊരു ബന്ധം തീരെ ഇല്ലായിരുന്നെങ്കിലും കുഞ്ഞ് അല്ലെങ്കില്‍ അച്ഛനെന്ന ആശയം ചാപ്ലിന്റെ ദൗര്‍ബല്യമായിരുന്നു. ആ ആഘാതത്തില്‍നിന്നും മോചനം നേടാന്‍ ചലചിത്രങ്ങളില്‍ പൂര്‍ണ്ണമായും മുഴുകുകമാത്രമായിരുന്നു മാര്‍ഗ്ഗം. കുഞ്ഞിന്റെ മരണത്തിലൂടെ തനിക്കു നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുന്ന ഒരു സ്വപ്നസാക്ഷാത്കാരമായ ‘ദ കിഡ്’ അങ്ങിനെയാണ് പിറവിയെടുക്കുന്നത്. ജൂലൈ 21-ആം തീയതി കിഡ്ഡിന്റെ ചിത്രീകരണം തുടങ്ങി. ജാക്കികൂഗന്‍ എന്നൊരു അഞ്ചുവയസ്സുകാരനെ പ്രധാന റോളിലേക്കു കണ്ടുപിടിച്ചിരുന്നു. ജാക്കി അതുല്യമായ അഭിനവപാടവം പ്രദര്‍ശിപ്പിച്ചിരുന്നു. ‘മാസ്റ്ററുടെ’ (അങ്ങിനെയാണ് സഹപ്രവര്‍ത്തകര്‍ ചാപ്ലിനെ അപ്പോള്‍ വിളിച്ചിരുന്നത്) പരിശീലനം കൂടിയായയപ്പോള്‍ അവന്‍ തിളങ്ങി. “അവന് അഭിനയത്തില്‍ വികാരം കലര്‍ത്താനും വികാരവായ്പോടെ അഭിനയിക്കാനും നൈസര്‍ഗ്ഗികത നഷ്ടപ്പെടാതെ അത് എത്ര പ്രാവശ്യം വേണമെങ്കിലും ആവര്‍ത്തിക്കാനും കഴിഞ്ഞു.”
എന്നാല്‍ ‘ദ കിഡ്ഡിന്റെ നിര്‍മ്മാണം തടസ്സങ്ങള്‍ നിറഞ്ഞതായിരുന്നു. ഫസ്റ്റ് നാഷണലുമായി എട്ടു ചിത്രങ്ങളുടെ കരാര്‍ ഒപ്പിട്ടിരുന്ന ചാപ്ലിന്‍ അതുവരേയ്ക്കും മൂന്നു ചിത്രങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കിയിരുന്നുള്ളൂ. ‘ദ കിഡ്ഡ്’ എന്നത്തേയ്ക്ക് തീര്‍ക്കാന്‍ കഴിയുമെന്ന് ചാപ്ലിന്‍ ഒട്ടു പറയുന്നുമില്ല. തങ്ങള്‍ക്കൊരു ചിത്രം ഉടനെ വേണമെന്ന കമ്പിനിയുടെ നിരന്തരമായ സമ്മര്‍ദ്ദത്തിനു വഴങ്ങി ‘ദ കിഡ്ഡ്’ മാറ്റിവച്ച് ‘ഏ ഡേയ്സ് പ്ലഷര്‍’ എന്ന ഒരു ഇരട്ടറീല്‍ ചിത്രം അതിവേഗം നിര്‍മ്മിച്ച് ഫസ്റ്റ് നാഷണലിന് എറിഞ്ഞുകൊടുത്തു. കിഡ്ഡിലേയ്ക്കു മടങ്ങിവരാനുള്ള തിരക്കായിരുന്നു ചാപ്ലിന്. എന്നാല്‍ വൈകാരിക പ്രശ്നങ്ങള്‍ പ്രതിബന്ധങ്ങളുണ്ടാക്കി.
മില്‍ഡ്രഡും അവളുടെ അമ്മയും ചാപ്ലിനുമൊത്താണ് താമസിച്ചിരുന്നത്. എന്നാൽ ചാപ്ലിനും ഭാര്യയും തമ്മിൽ മിണ്ടാട്ടമുണ്ടായിരുന്നുല്ല. അപൂര്‍വ്വമായേ പരസ്പരം കാണാറുണ്ടായിരുന്നുള്ളു. ചാപ്ലിന്‍ തന്നോടു കാട്ടിയ വെറുപ്പ് അതേ രീതിയില്‍ തന്നെ മില്‍ഡ്രഡും അങ്ങോട്ടു പ്രകടിപ്പിച്ചു. അവള്‍ സ്വന്തം സുഹൃത്തുക്കളുമൊത്ത് സമയം ചിലവഴിച്ചു. അല്ലെങ്കില്‍ അമ്മയുമൊത്ത് നീണ്ട യാത്രകള്‍ പോയി. ചാപ്ലിനും തന്റേതായ ലോകത്തില്‍ വിഹരിച്ചു. മാക്സ് ഈസ്റ്റുമാനുമായുള്ള ബന്ധം ദൃഢതരമായി; മാക്സുമായി മാത്രമല്ലാ, അയാളുടെ ഗേള്‍ഫ്രണ്ട് ഫ്ളോറന്‍സുമായും. കടഞ്ഞെടുത്ത വെണ്ണക്കല്‍ പ്രതിമയുടെ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു’ ഫ്ളോറന്‍സ്. തന്റെ ദാമ്പത്യജീവിതത്തിന്റെ പരാജയത്തിന്റെ കയ്പുനീര്‍ മാക്സ്-ഫ്ളോറന്‍സ് ജോഡിയുമായി ചാപ്ലിന്‍ പങ്കിട്ടു. ക്രമേണ അത് ചാപ്ലിനും ഫ്ളോറന്‍സുമായുള്ള ശാരീരികബന്ധത്തില്‍ കലാശിച്ചു. ഈസ്റ്റ്മാന് അതില്‍ പരാതിയുമില്ലായിരുന്നു. പരസ്പ്പരം നല്ല ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്ന അവര്‍ ഫ്ളോറന്‍സിനേയും പങ്കിടുകയായിരുന്നെന്നു പറയാം.
ചാപ്ലിന് ലോസേഞ്ചല്‍സ് അത്ലറ്റിക് ക്ലബ്ബിലേയ്ക്കു താമസം മാറി. 1920 മാര്‍ച്ച് മാസത്തില്‍ മില്‍ഡ്രഡ് വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തു. ലൂയിസ് ബി മേയര്‍ എന്ന നിര്‍മ്മാതാവ് മില്‍ഡ്രഡിനെ നായികയാക്കി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയിരുന്നു. മില്‍ഡ്രഡിന്റെ പേരിന്റെ വാലായുള്ള ചാപ്ലിന്‍ എന്ന പേരിനെ മുതലെടുക്കാം എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ വിവാഹമോചനകേസ് വന്നതോടെ ഈ പദ്ധതി പൊളിയുമെന്നുറപ്പായി.
ഒരു രാത്രി, ഹോട്ടല്‍ അലക്സാന്‍ഡ്രിയായിലെ ഡൈനിങ്ങ് ഹാളില്‍ ചാപ്ലിനും സുഹൃത്തുക്കളും അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനടുത്തുതന്നെ മേയറും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. മില്‍ഡ്രഡിനോടു ചാപ്ലിന്‍ ക്രൂരമായി പെരുമാറിയെന്നും മറ്റും പറഞ്ഞ് ഒരധിക്ഷേപക്കുറിപ്പ് മേയര്‍, വെയ്റ്റര്‍ വശം ചാപ്ലിനു കൊടുത്തയച്ചു. ക്ഷുഭിതനായ ചാപ്ലിന്‍ ചുട്ടമറുപടി മറ്റൊരു കുറുപ്പിന്റെ രൂപത്തില്‍ കൈമാറി. എന്നാല്‍ അതുകൊണ്ടും അശരീരം തീരാഞ്ഞ് ചാപ്ലിന്‍ എഴുന്നേറ്റ് മേയറുടെ അടുത്തുചെന്ന് അയാളെ അടിച്ചു. ആജാനുബാഹുവായ മേയര്‍ക്ക് ഒരു ഈച്ച പറന്നു വന്നിരുന്നതുപോലയേ തോന്നിയിട്ടുണ്ടാവൂ. പക്ഷേ അയാള്‍ തിരിച്ചടിച്ചു. ചാപ്ലിന്‍ താഴെ വീണു.അടുത്ത ദിവസങ്ങളിൽ പത്രങ്ങള്‍ ഇതെല്ലാം ശരിക്കു ഘോഷിച്ചു.
കുഞ്ഞിന്റെ അകാലമൃത്യു, വിവാഹമോചന പ്രശ്നങ്ങള്‍, ഹോട്ടലില്‍ വച്ചുള്ള അടികലശല്‍, കമ്യൂണിസ്റ്റാണെന്നുള്ളതിന്റെ രോഷം നിറഞ്ഞ പ്രതികരണങ്ങള്‍, ഇംഗ്ലണ്ടില്‍ തനിച്ചുകഴിയുന്ന അമ്മയെ ഓര്‍ത്ത് ഉള്ളിന്റെയുള്ളില്‍ എപ്പോഴും തിരയടിച്ചിരുന്ന സങ്കടം, ഫസ്റ്റ് നാഷണലിന്റെ സമ്മര്‍ദ്ദങ്ങള്‍, എല്ലാത്തിലുമുപരി ഒരു കൊമേഡിയന്‍ എന്ന നിലയില്‍ താന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന വിമര്‍ശകരുടെ നിഗമനം..എല്ലാംകൊണ്ടും മാനസിക വിക്ഷോഭത്തിന്റെ നാളുകളായിരുന്നു ചാപ്ലിന്.
മൃദുഭാഷിണിയും ഏതുപ്രതിസന്ധിയിലും സുസ്മേരവദനയുമായിരുന്ന ഫ്ളോറന്‍സുമായുള്ള ബന്ധം മാത്രമായിരുന്നു അക്കാലത്ത് ചാപ്ലിന് ആശ്വാസം. എന്നാല്‍ ഫ്ളോറന്‍സിന് കലശലായ അസുഖം ബാധിച്ചു. അവള്‍ ഗര്‍ഭിണിയാണെന്നും മൂന്നു മാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തിന് ജീവനില്ലെന്നും ഉടന്‍തന്നെ ഓപ്പറേഷന്‍ വേണ്ടിവരുമെന്നും വളരെ വൈകിയാണ് ഡോക്ടര്‍മാര്‍ മനസ്സിലാക്കിയത്. (ആ കുഞ്ഞ് ചാപ്ലിന്റെ ആയിരുന്നുവെന്നാണ് ഹോളിവുഡ്ഡില്‍ പരക്കെയുണ്ടായിരുന്ന ധാരണ.) ഓപ്പറേഷന്‍ കഴിഞ്ഞ് അവള്‍ ആരോഗ്യം വീണ്ടെടുത്തപ്പോള്‍, ഏതാനും മാസങ്ങള്‍ക്കകം താന്‍ വിവാഹമോചിതനാവുകയാണെന്ന് ചാപ്ലിന്‍ സൂചിപ്പിച്ചു. എന്നാല്‍ ചാപ്ലിനുമായി ഒരു സ്ഥിരം ബന്ധത്തിന് ഫ്ളോറന്‍സ് തയ്യാറായില്ല. അവള്‍ ഈസ്റ്റ്മാന്റെ അടുത്തേയ്ക്ക് മടങ്ങിപോയി. മാസങ്ങള്‍ക്കുശേഷം ഫ്ളോറന്‍സ് ചാപ്ലിനെ തേടിയെത്തിയെങ്കിലും അതിനിടെ അദ്ദേഹം മേ കോളിന്‍സ് എന്ന നടിയുമായി സഹവാസം തുടങ്ങിയിരുന്നു. വൈകാതെതന്നെ ഈസ്റ്റ്മാനുമായുള്ള ബന്ധവും തകര്‍ന്നു. തന്റെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളുമായി സമരസപ്പെടാന്‍ കഴിയാത്തതിനാലാവം കേവലം ഇരുപത്തിയാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ സുന്ദരി മുറിയില്‍ കയറി വാതിലുകളടച്ച് ഗ്യാസ് തുറന്നുവിട്ട് മരണം കാത്തുകിടന്നു. അവളെ ആശുപത്രിയില്‍ എത്തിച്ച് ഈസ്റ്റ്മാന്‍ സ്വന്തംരക്തം ദാനംചെയ്തുവെങ്കിലും ഫ്ളോറന്‍സിനെ രക്ഷിക്കാനായില്ല.
ഊനാ ഒനീലിനെ ഒഴിച്ചുനിര്‍ത്തിയാല്‍, ചാപ്ലിന്റെ ജീവിതത്തിലൂടെ കടന്നുപോയ അനേകം സ്ത്രീകളില്‍ ചാപ്ലിന് ഏറ്റവും പ്രിയപ്പെട്ടവള്‍ ഫ്ളോറന്‍സായിരുന്നെന്ന് മാക്സ് ഈസ്റ്റ്മാന്‍ പറഞ്ഞിട്ടുണ്ട്.
ഇതിനിടെ ‘ദ കിഡ്ഡി’ന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. എഡിറ്റിങ്ങ് അവശേഷിച്ചു. എന്നാല്‍ സ്റ്റുഡിയോയില്‍വച്ച് എഡിറ്റിങ്ങ് ചെയ്യാന്‍ ചാപ്ലിനു മനസ്സു വന്നില്ല. വിവാഹമോചന ദ്രവ്യമായി തീരുമാനിച്ചിരുന്ന ഒരു ലക്ഷം ഡോളര്‍ പോരാ എന്നവാദവുമായി മില്‍ഡ്രഡ് രംഗത്തു വന്നു. ദ കിഡ്ഡ് നിര്‍മ്മിക്കാനായി നാലു ലക്ഷം ഡോളര്‍ മാത്രമേ തങ്ങള്‍ കൊടുക്കൂ എന്ന് ഫസ്റ്റ്നാഷണല്‍ പിടിവാശി പിടിച്ചു. താന്‍ ഇതിനകം അഞ്ചുലക്ഷം ഡോളര്‍ മുടക്കിക്കഴിഞ്ഞെന്നും അത്രയുംതന്നെ കിട്ടണമെന്നു ചാപ്ലിനും. സ്റ്റുഡിയോയില്‍വച്ച് എഡിറ്റു ചെയ്താല്‍ മില്‍ഡ്രഡും ഫസ്റ്റ്നേഷനും ഒത്തുകൂടി കോടതിവഴി നെഗറ്റീവ് ജപ്തി ചെയ്തു കൊണ്ടുപോവുമോ എന്നായിരുന്നു ചാപ്ലിന്റെ ഭയം. അതുകൊണ്ട് ചാപ്ലിനും റോളി ടോത്തറോയും ആല്‍ഫ് റീവ്സും ഫിലിംപെട്ടികളുമായി ആരുമറിയാതെ സാള്‍ട്ട്ലേക്ക് സിറ്റിയിലേക്ക് ട്രെയിന്‍ കയറി. പിന്നീട് ഫ്ളോറന്‍സും അവിടെയെത്തി. നാല് ലക്ഷം അടി ഫിലിം എഡിറ്റുചെയ്തു 5300 അടിയാക്കി. ആ ചിത്രം ആദ്യം കണ്ട പ്രേക്ഷക ഫ്ളോറന്‍സ് ആയിരുന്നു. ഫ്ളോറന്‍സ് മാക്സ് ഈസ്റ്റ്മാനെഴുതി. “പ്രിയപ്പെട്ടവനെ, ഇന്നലെ ചാര്‍ളി ഡിന്നറിനു വന്നിരുന്നു. നിങ്ങളുടെ പുസ്തകം ഞാന്‍ ചാര്‍ളിക്കു കൊടുത്തു. ചാര്‍ളിക്ക് എന്തെന്നില്ലാത്ത സന്തോഷമായി. പ്രൊജക്ഷന്‍ റൂമിലിരുന്ന് ഞാന്‍ ‘ദ കിഡ്ഡ്’ കണ്ടു. അതു ഗംഭീരമായിരിക്കുന്നു.ഗംഭീരം. ഞാന്‍ കരയുകയും ചിരിക്കുകയും ചെയ്തു. വേവലാതിപൂണ്ടു, വീണ്ടും ചിരിച്ചു. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ആവേശകരമായ ചിത്രം.” സാള്‍ട്ട്ലേക്ക് സിറ്റിയിലെ ഒരു തീയേറ്ററില്‍ത്തന്നെ പ്രിവ്യൂ നടത്തി. പ്രേക്ഷരുടെ ആവേശകരമായ പ്രതികരണം ചാപ്ലിന്റെ ആശങ്കകളെ ശമിപ്പിച്ചു.
വിവാഹമോചനത്തിന് ഒരുലക്ഷം ഡോളര്‍ മതിയെന്ന് മില്‍ഡ്രഡ് സമ്മതിച്ചു. താനായി കിഡ്ഡിന്റെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്തില്ലെന്നും അവള്‍ ഉറപ്പുകൊടുത്തു. ‘കിഡ്ഡ് അഭൂതപൂര്‍വ്വമായ വിജയമായി.
തന്റെ ആന്തരികജീവിതത്തിന്റെ മൂശയില്‍ ചാപ്ലിന്‍ വാര്‍ത്തെടുത്ത ചിത്രമാണ് ‘ദ കിഡ്ഡ്’. അതിലെ കോമഡിയും നാടകീയതയും ആർദ്രതയും സ്വന്തം ജീവിതത്തില്‍നിന്ന് കടംകൊണ്ടതാണ്.
എഡ്നാ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. അവള്‍ വിവാഹിതയായിരുന്നില്ല. കുഞ്ഞിന്റെ അച്ഛനായ ആര്‍ടിസ്റ്റിന് ഇതേപറ്റിയൊന്നും യാതൊരു കൂസലുമില്ല. ചാപ്ലിന്‍ തീര്‍ച്ചയായും തന്റെ ജനനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും സ്വന്തം അച്ഛന്റെ നിരുത്തരവാദപരമായ പെരുമാറ്റങ്ങളും ജീവിതവും ഓര്‍ത്തുകാണണം. മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ എഡ്നാ തന്റെ കുഞ്ഞിനെ സമ്പന്നര്‍ താമസിക്കുന്ന ഒരു തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന വലിയൊരു കാറില്‍ കിടത്തുന്നു. ഏതോ ധനവാന്റെ കാറാണത് എന്നുറപ്പ്. അയാള്‍ തന്റെ കുഞ്ഞിനെ സംരക്ഷിക്കാതിരിക്കില്ല എന്നാണ് അവളുടെ ആശ. ഒപ്പം ഒരുകുറിപ്പും എഴുതിവെച്ചു. “ദയവുവിചാരിച്ച് ഈ കുഞ്ഞിനെ സംരക്ഷിക്കുക,
സ്നേഹിക്കുക.” എന്നാല്‍ രണ്ടു കള്ളന്മാര്‍ ആ കാറും മോഷ്ടിച്ചുകൊണ്ടുപോവുന്നു. കുറേദൂരം പോയിക്കഴിഞ്ഞാണ് അവര്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. അതിനകം ഒരു ചേരിപ്രദേശത്തെത്തിയിരുന്ന അവര്‍ ഒരു ചവറുകൂമ്പാരത്തിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് കാറോടിച്ചു പോവുന്നു. അപ്പോള്‍ ചാര്‍ളി അതുവഴി നടന്നുവരുന്നു. കുഞ്ഞിനെ കണ്ട് നില്‍ക്കുന്നു. മുകളിലെ ജനാലയില്‍നിന്ന് മറ്റു ചവറുകളുടെ ഒപ്പം കുഞ്ഞിനേയും എറിഞ്ഞതാവും എന്ന മട്ടില്‍ മുകളിലേയ്ക്കു നോക്കുന്നു. ആര്‍ദ്രതയോടെ കുഞ്ഞിനെ എടുക്കുന്നു. എന്നാല്‍ താന്‍ കാണിച്ചത് അബദ്ധമായി എന്നു തിരിച്ചറിഞ്ഞ് കുഞ്ഞിനെ പലരുടേയും തലയില്‍ കെട്ടി വയ്ക്കാന്‍ നോക്കുന്നു. എന്നാല്‍ വിജയിക്കുന്നില്ല. അവസാനം അതിന്റെ ഉത്തരവാദിത്വം സ്വയം പേറാന്‍ തീരുമാനിക്കുന്നു.
അഞ്ചുവര്‍ഷം കഴിഞ്ഞ്, വഴിയരികില്‍ നഖവും കടിച്ചിരിക്കുന്ന ജാക്കി കൂഗനേയാണ് ക്യാമറ പിന്നീട് കാണുന്നത്. വീട്ടിനുള്ളില്‍ ചാര്‍ളിയും കിഡ്ഡും തമ്മിലുള്ള ബന്ധം അമ്മ-മകന്റേതാണ്. അവന്റെ മുടി ചീകുന്നു, ആഹാരം കൊടുക്കുന്നു, കത്തി ഉപയോഗിച്ച് ആഹാരം കഴിക്കാന്‍ പഠിപ്പിക്കുന്നു. കിഡ്ഡ് കവിളത്തൊരു ഉമ്മ കൊടുത്താല്‍ ഏറ്റവും സ്ത്രൈണമായ പ്രതികരണമാണ് ചാര്‍ളിയില്‍നിന്നുണ്ടാവുക.
മാനസിക വിഭ്രാന്തിക്ക് അടിമയല്ലാതിരുന്ന ദിനങ്ങളില്‍ ദാരിദ്രത്തിന്റെ പരിമിതിയിലും തന്റെ അമ്മ എത്ര സ്നേഹമസൃണമായിട്ടാണ് തന്നെ ഓമനിക്കാറുണ്ടായിരുന്നതെന്ന് ‘എന്റെ ആത്മകഥ’യില്‍ ചാപ്ലിന്‍ വിവരിക്കുന്നുണ്ട്.
തങ്ങളുടെ വാസസ്ഥലത്തുനിന്നു പുറത്തിറങ്ങിയാല്‍ ചാര്‍ളി-കിഡ്ഡ് ബന്ധം അച്ഛന്‍-മകന്റെയാവുന്നു. തെരുവിലെ ജീവിതത്തില്‍, അതിജീവനത്തിനായി അവശ്യം അറിഞ്ഞിരിക്കേണ്ട വേലത്തരങ്ങള്‍ ചാര്‍ളി അവനെ പഠിപ്പിക്കുന്നു.
ഇതിനിടെ കിഡ്ഡിന്റെ അമ്മ എഡ്നാ, ഒരു ഓപ്പറാ നര്‍ത്തകിയായി ജീവിതത്തില്‍ വിജയം വരിച്ചിരുന്നു. തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചതിലുള്ള അപരാധബോധത്തില്‍ നിന്നു മോചനം നേടാനായി അവള്‍ ചേരി പ്രദേശത്ത് സാമൂഹ്യസേവനം നടത്താറുണ്ടായിരുന്നു. ഒരുദിവസം, തെരുവില്‍ പനിപിടിച്ചു കിടക്കുന്ന കിഡ്ഡിനെ കാണാനിടയാവുന്ന എഡ്നാ അവനെ ഡോക്ടറുടെയടുത്ത് എത്തിക്കുന്നു. ചാര്‍ളി, കിഡ്ഡിന്റെ അച്ഛനല്ലായെന്നു മനസ്സിലാക്കിയ ഡോക്ടര്‍, കിഡ്ഡിനെ ഒരനാഥാലയത്തില്‍ എത്തിക്കാന്‍ ഇടപാടു ചെയ്യുന്നു. അനാഥാലയത്തിന്റെ വണ്ടിയിലേയ്ക്ക് കിഡ്ഡിനെ കയറ്റുമ്പോള്‍ അതു തടയാന്‍ ശ്രമിക്കുന്ന ചാര്‍ളിയെ പൊലീസുകാരന്‍ വിലക്കുന്നു. തന്നെ കൊണ്ടുപോവരുതെന്ന് പറഞ്ഞു കരയുന്ന കിഡ്ഡിന്റേയും തന്റെ നിസ്സഹായതയില്‍ വീര്‍പ്പുമുട്ടുന്ന ചാര്‍ളിയുടേയും രംഗങ്ങള്‍ ഹൃദയാവര്‍ജ്ജകമാണ്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലൂടെ ഓടി, സാഹസികമായി പിന്‍തുടര്‍ന്ന് ചാര്‍ളി വണ്ടിയ്ക്കൊപ്പമെത്തി കിഡ്ഡിനെ തിരിച്ചുകൊണ്ടുവരുന്നു.
എന്നാല്‍ അവരുടെ പുനഃസ്സമാഗത്തിന് ഒരു രാത്രി മാത്രമേ ആയുസ്സുണ്ടായുള്ളൂ. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ എഡ്നാ എഴുതിയിരുന്ന കുറിപ്പ് ചാപ്ലിനില്‍നിന്ന് കൈക്കലാക്കിയിരുന്ന ഡോക്ടര്‍ അത് എഡ്നായ്ക്ക് കൊടുത്തു. പൊലീസിനെ ഇടപെടുത്തി എഡ്നാ കിഡ്ഡിനെയും കൊണ്ടുപോവുന്നു. കിഡ്ഡിനെ അന്വേഷിച്ച് രാത്രി മുഴുവന്‍ അലഞ്ഞ ചാര്‍ളി താന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പടികളില്‍ തളർന്നുറങ്ങുന്നു. ഒരു പോലീസുകാരൻ ചാർളിയെ ഉണർത്തി കാത്തുനില്‍ക്കുന്ന കാറില്‍ കയറ്റുന്നു. ഒരു വലിയ വീട്ടിലേയ്ക്കാണ് കാറ് ചാര്‍ളിയെ എത്തിക്കുന്നത്. കിഡ്ഡും എഡ്നായും ചാര്‍ളിയെ കാത്ത് അവിടെയുണ്ട്. വീടിന്റെ മുന്‍വാതില്‍ ചാര്‍ളിക്കുപുറകെ അടയുമ്പോള്‍ ചിത്രം അവസാനിക്കുന്നു.
|