ചാപ്ലിൻ: ‘ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ…’
ചാപ്ലിൻ: ‘ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ…’ | |
---|---|
ഗ്രന്ഥകർത്താവ് | പി എൻ വേണുഗോപാൽ |
മൂലകൃതി | ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രണത ബുക്സ്, കൊച്ചി |
വര്‍ഷം |
2004 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 102 |
‘ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ…’
റെഡ് ഇന്‍ഡ്യന്‍ സംസ്കാരത്തെ തച്ചുടച്ച പാരമ്പര്യമല്ലാതെ മറ്റൊരു സംസ്കാരിക പാരമ്പര്യവും കൈമുതലായി ഇല്ലാതിരുന്ന അമേരിക്കന്‍ സംസ്കാരത്തിന് മാനത്തുനിന്നും വീണുകിട്ടിയ ഒരു സ്വത്തായിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ തങ്ങളുടെ ഏറ്റവും മികച്ച ആസ്തികളിലൊന്നായിരുന്ന ചാര്‍ളി ചാപ്ലിന്‍. നോവല്‍ സാഹിത്യത്തില്‍ നത്താനിയല്‍ ഹാതോണും കവിതയില്‍ വാള്‍ട് വിറ്റ്മാനും തത്വശാസ്ത്രത്തില്‍ എമേഴ്സണും മാനുഷിക-ഹാസ്യ രചനകളില്‍ മാര്‍ക് ട്വൈനും അടിത്തറകളായിരുന്നതുപോലെ, മനുഷ്യോന്മുഖ ചലച്ചിത്ര സംസ്കാരത്തിന്റെ അടിത്തറയായിരുന്നു ചാര്‍ളി ചാപ്ലിന്‍. അന്ധമായ കമ്യൂണിസ്റ്റ് വിരോധംമൂലം ചവിട്ടിപുറത്താക്കിയ ആ സ്വത്തിനെ ഓര്‍ത്തുള്ള നഷ്ടബോധം വൈകിയാണെങ്കിലും അമേരിക്കന്‍ സമൂഹമനസ്സിനെ മഥിക്കാന്‍ തുടങ്ങി.
1960-ൽ ന്യൂയോര്‍ക്ക് ടൈംസും ടൈംസ് മാഗസീനുമാണ് ചാപ്ലിനോടുള്ള പുനര്‍ചിന്തനം തുടങ്ങിവച്ചത്. തങ്ങള്‍ അമേരിക്കക്കാര്‍ ചാപ്ലിനോടു കാട്ടിയത് അനീതിയായിരുന്നില്ലേ എന്ന സംശയരൂപേണയായിരുന്നു തുടക്കം. “യുക്തിസഹമല്ലാത്ത അസഹിഷ്ണുതയുടെ, പീഡനത്തിന്റെ, അടിച്ചമര്‍ത്തലിന്റെ ജ്വാലയ്ക്കിരയായവരില്‍ ഒരാളായിരുന്നില്ലേ ചാപ്ലിന്‍?”
തളം കെട്ടിനില്‍ക്കുന്ന അപരാധബോധത്തിനു ബഹിര്‍ഗമിക്കാന്‍ ഒരു സുഷിരം കിട്ടിയാല്‍ പിന്നെയതൊരു വെള്ളച്ചാട്ടമായാണ് പ്രവഹിക്കുക. 1962-ല്‍ ടൈംസ് തങ്ങളുടെ സ്വയം വിമര്‍ശനം ആവര്‍ത്തിച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, ചാപ്ലിന് ഡോക്ടര്‍ ഓഫ് ലറ്റേഴ്സ് എന്ന ബഹുമതി നല്‍കിയതായിരുന്നു അവസരം. തന്റെ സിനിമകളിലൂടെ ചാപ്ലിന്‍ അനശ്വരനാക്കിയ ട്രാംപ് എക്കാലവും ജീവിക്കുമെന്നും ടൈംസിന്റെ എഡിറ്റോറിയല്‍ പ്രഖ്യാപിച്ചു.
1963-ല്‍ പ്ലാസാ തീയേറ്ററില്‍ ചാപ്ലിന്‍ ചിത്രങ്ങളുടെ പുന:പ്രദര്‍ശനം തുടങ്ങി. എല്ലാ ചിത്രങ്ങളും സാമ്പത്തികമായി വിജയമായിരുന്നെങ്കിലും ഹിറ്റായത് വിരോധാഭാസമെന്നു പറയട്ടെ, മൊസ്യേ വെര്‍ദൂ ആയിരുന്നു.
ബെര്‍ട്ട്ഷീഡര്‍ എന്ന ഇടതുപക്ഷ ചലച്ചിത്ര നിര്‍മ്മാതാവും, അമേരിക്കന്‍ ചലച്ചിത്ര അക്കാഡമിയുടെ പ്രസിഡന്റ് ഡാനിയല്‍ ടാറാഡാഷും ചാപ്ലിന് ഒരു സ്പെഷ്യല്‍ ഓസ്കാര്‍ അവാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. വിസാ ലഭിക്കുമെങ്കില്‍ അമേരിക്കയിലേയ്ക്ക് വരാന്‍ താന്‍ തയ്യാറാണെന്ന് ചാപ്ലിന്‍ അറിയിച്ചു. അപ്പോഴേയ്ക്കും 1971 ആയിരുന്നു. ചാപ്ലിന് 82 വയസ്സു പ്രായം.
1972-ഓടെ അക്കാദമിയുടെ മറ്റംഗങ്ങളെയും സമ്മതിപ്പിക്കാന്‍ ടാറാഡാഷിനു കഴിഞ്ഞു. സിനിമയുടെ ഭാഷാവലിയില്‍ ചാപ്ലിന്‍ എന്നത് അനശ്വരമായ ഒരു വാക്കാണെന്നു തുടങ്ങുന്ന ഒരുകത്ത് ഷ്നീഡറുടെ കൈയില്‍ ചാപ്ലിനു കൊടുത്തയച്ചു.
ഏപ്രില്‍ മൂന്നാംതീയതി ചാപ്ലിനും ഊനായും ന്യൂയോര്‍ക്കിലേയ്ക്കു പറന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ ചാപ്ലിന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിനങ്ങളായിരുന്നു. വിരുന്നുകള്‍, പൊതുസമ്മേളനങ്ങള്‍, പഴയ സുഹൃത്തുക്കളുമായി സമാഗമങ്ങള്‍. പ്രായാധിക്യം മൂലം ചാപ്ലിനു പലപ്പോഴും ഈ തിരക്കുമായി യോജിച്ചു പോകാന്‍ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം പിടിച്ചുനിന്നു. മറ്റൊരര്‍ത്ഥത്തില്‍, മുടിയനായ പുത്രന്റെ ആഘോഷസമന്വിതമായ ജൈത്രയാത്രയായിരുന്നല്ലോ അത്. മധുരമായ, അല്ലെങ്കില്‍ കയ്പ് ഇറ്റുവീണ പ്രതികാരവും.
അക്കാദമി അവാര്‍ഡുകളുടെ നാല്‍പത്തിനാലാം വര്‍ഷമായിരുന്നു അത്. സാധാരണ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡാണ് അവസാനം നല്‍കുക. എന്നാല്‍ ആ വര്‍ഷം ആ പാരമ്പര്യത്തെ ഖണ്ഡിച്ചുകൊണ്ട് ‘ദ ഫ്രഞ്ച് കണക്ഷന്’ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡു നല്‍കിയതിനുശേഷം ചാപ്ലിന്റെ ചിത്രങ്ങളുടെ ക്ലിപ്പുങ്ങുകളുടെ പ്രദര്‍ശനം നടന്നു. ദ സര്‍ക്കസ്സിലെ അവസാന രംഗം, ട്രാംപ് വിദൂരതയിലുള്ള മലനിരകളിലേയ്ക്ക് നടന്നകലുന്ന രംഗത്തോടെ അതും അവസാനിച്ചു. അവശേഷിച്ചത് അവാര്‍ഡ് ദാനം. ടാറാഡാഷ് അരങ്ങത്തു വന്നു. “ചലച്ചിത്രത്തെ ഈ നൂറ്റാണ്ടിന്റെ കലയാക്കി മാറ്റിയതില്‍ അഗണ്യമായ പങ്കുവഹിച്ചതിന്” ഈ സ്പെഷ്യല്‍ അവാര്‍ഡ് എന്നു വിളംബരം ചെയ്ത് ചാപ്ലിന് ഓസ്കാര്‍ സമ്മാനിച്ചു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ചാപ്ലിന്‍ പറഞ്ഞു. “വാക്കുകള്‍ അര്‍ത്ഥശൂന്യമാണ്, ദുര്‍ബലമാണ്…” അദ്ദേഹത്തിന് തുടരാന്‍ കഴിഞ്ഞില്ല. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ചാപ്ലിന്‍ അവസാനിപ്പിച്ചു.
സ്റ്റേജിന്റെ പാര്‍ശ്വങ്ങളില്‍ നിന്ന് ജായ്ക്ക് ലമണ്‍ കടന്നു വന്നു. ജയിന്‍ ഫോണ്ടായുടെ നേതൃത്വത്തില്‍ വിയറ്റ്നാം യുദ്ധവിരുദ്ധ കലാകാരന്‍മാരുടെ ഒരു സംഘവും. ട്രാംപിന്റെ വടിയും തൊപ്പിയും ലമണ്‍ ചാപ്ലിനു സമ്മാനിച്ചു. വടി ലെക്ടേണില്‍വച്ച്, തൊപ്പി തലയില്‍വച്ച് തന്റെ മൂക ചലച്ചിത്രങ്ങളില്‍ അനേകം പ്രാവശ്യം ചെയ്തിട്ടുള്ളതു പോലെ അതു മുകളിലേയിക്കു ഉയർത്തി. ഹോളിൽ ഗംഭീരമായ ഹര്‍ഷാരവം മുഴങ്ങി. എണ്‍പത്തിമൂന്നാം വയസ്സിലും ചാപ്ലിന്റെ ‘ഷോമാന്‍ ഷിപ്പിന്’ യാതൊരു ന്യൂനതയും സംഭവിച്ചിരുന്നില്ല. മോഡേണ്‍ ടൈംസിലെ ‘സ്മൈല്‍’ എന്ന ഗാനം പശ്ചാത്തലത്തിലുയര്‍ന്നു. മൈക്ക് ചാടിപ്പിടിച്ച ജായ്ക്ക് ലമണ്‍ എല്ലാവരോടും ഒപ്പം പാടാന്‍ ആഹ്വാനം ചെയ്തു. “ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ…”
1975-ല്‍ ചാര്‍ളി ചാപ്ലിനു സര്‍ പദവി നല്‍കപ്പെട്ടു. അതേവര്‍ഷം തന്നെ ഷ്നീഡര്‍ നിര്‍മ്മിച്ച ‘ദ ജന്റില്‍മന്‍ ട്രാംപ്’ എന്ന ഡോക്കുമെന്ററി പ്രദര്‍ശനത്തിനെത്തി. ‘പഴംതുണിയില്‍നിന്ന് പട്ടുകുപ്പായത്തിലേയ്ക്കുള്ള’ ചാപ്ലിന്റെ യാത്രയാണ് അതിലെ പ്രമേയം. ചാൾസ് ഡിക്കന്‍സിന്റെ ലണ്ടനില്‍ നിന്നു തുടങ്ങുന്ന ചിത്രമവസാനിക്കുന്നത് ഊനായുടെ കൈയുംപിടിച്ച് മറുകൈയില്‍ തന്റെ വടിയുമായി വിദൂരതയിലുള്ള വൃക്ഷത്തലപ്പുകളിലേയ്ക്കു നടന്നകലുന്ന ചാപ്ലിന്റെ ദൃശ്യവുമായാണ്.
അവസാന വിടവാങ്ങലിനു സമയമായിരിക്കുന്നു. 1977 ഡിസംബര്‍ 25-ആം തീയതി ക്രിസ്മസ് പ്രഭാതത്തില്‍ ഊനായുടെ കരതലങ്ങളും വേര്‍പെടുത്തി ചാര്‍ളി ചാപ്ലിന്‍ അന്ത്യയാത്രയായി.
|