close
Sayahna Sayahna
Search

ചാപ്ലിൻ: ‘ദ ഗ്രേറ്റ് ഡിക്ടേറ്റര്‍’


ചാപ്ലിൻ: ‘ദ ഗ്രേറ്റ് ഡിക്ടേറ്റര്‍’
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

‘ദ ഗ്രേറ്റ് ഡിക്ടേറ്റര്‍’

പോപ്ളെറ്റയെ നായികയാക്കി ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ചാപ്ലിൻ തുടര്‍ന്നും ശ്രമിച്ചു. നെപ്പോളിയന്റെ ജീവിതം ചലച്ചിത്രമാക്കണമെന്ന് വളരെക്കാലമായി ചാപ്ലിൻ‘ ആഗ്രഹമുൻടായിരുന്നു. അതിനായി ഒരു തിരക്കഥ തയ്യറാക്കന്‍ തുടങ്ങി. എന്നാല്‍ പിന്നീടതു വേണ്ടെന്നുവച്ചു. സംസാരിക്കുന്ന സിനിമയോടു സമരസപ്പെടാന്‍ ചാപ്ലിനു കഴിയാത്തതുകൊണ്ടായിരുന്നു നെപ്പോളിയന്‍ പോലെയുള്ള പല സംരംഭങ്ങളും ഉപേക്ഷിക്കേണ്ടി വന്നത്.

ആ തരുണത്തിലാണ് സെര്‍ജി ഐസന്‍സ്റ്റീന്റെ സുഹൃത്തായ ഐവര്‍ മൊണ്ടേഗു നാസികള്‍ പുറത്തിറക്കിയ, അവര്‍ക്ക് അനഭിമതരായ ജൂതന്മാരുടെ ചിത്രങ്ങളടങ്ങിയ ഒരു പുസ്തകം (‘ജൂതന്മാര്‍ നിങ്ങളെ നോക്കുന്നു’) ജര്‍മ്മനിയില്‍നിന്ന് ചാപ്ലിന് അയച്ചുകൊടുത്തത്. അതില്‍ ചാപ്ലിന്റെ ഫോട്ടോയുമുണ്ടായിരുന്നു. (ചാപ്ലിന് ജൂതരക്തമുള്ള പൂര്‍വ്വികരുണ്ടായിരുന്നു.) “അറപ്പുളവാക്കുന്ന ബോറനായ കുള്ളന്‍ ചാട്ടക്കാരന്‍” എന്നായിരുന്നു ചാപ്ലിന്റെ ഫോട്ടോയുടെ അടിക്കുറുപ്പ്. ഒരു നാസിവിരുദ്ധ ചിത്രം നിര്‍മ്മിക്കാന്‍ ചാപ്ലിന് പ്രചോദനമാവട്ടേ എന്ന ഉദ്ദേശ്യത്തോടെയാണ് മോണ്‍ടേഗു ‘ജൂതന്മാര്‍ നിങ്ങളെ നോക്കുന്നു’ ചാപ്ലിന് അയച്ചത്.

ഇതേ സമയത്തുതന്നെ ലണ്ടന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ തലവനും ഹംഗറിക്കാരനുമായിരുന്ന അലക്സാണ്ടര്‍ കോര്‍ഡാ ഹിറ്റ്ലറെ അനുകരിച്ചികൊണ്ട് ഒരു കോമഡി ചിത്രം നിര്‍മ്മിക്കാന്‍ ചാപ്ലിനെ പ്രേരിപ്പിച്ചു. സ്വഭാവത്തിലും വ്യക്തിത്വത്തിലും ജീവിതശൈലിയിലും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ ചില സമാനതകളെങ്കിലുമുണ്ടെന്നു പലര്‍ക്കും തോന്നിയിരുന്നു. തീക്ഷ്ണമായ സ്വഭാവ വൈചിത്ര്യങ്ങളുള്ള വ്യക്തികളാണ് കാരിക്കേച്ചറിനു പറ്റിയവരെന്ന കോമഡി തത്ത്വവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണം.

കോണ്‍റാഡ് ബര്‍ക്കോവിച്ച് എന്ന എഴുത്തുകാരന്‍ ഒരു പടികൂടി കടന്ന് ഹിറ്റ്ലറുമായി രൂപസാദൃശ്യമുള്ള ഒരു ബാര്‍ബര്‍, അല്ലെങ്കില്‍ ഒരു ഉന്തുവണ്ടിക്കാരന്‍ എന്ന ആശയവുമായി ആറുപേജുള്ള ഒരു ‘വിഷയപരിചരണം’ തയ്യാറാക്കിക്കൊടുത്തു. അവസാനം പ്രദര്‍ശനത്തിനെത്തിയ ചലച്ചിത്രത്തിലെ പല സീക്വെന്‍സുകളും ആ വിഷയ പരിചരണത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചാപ്ലിന്‍ അദ്ദേഹത്തിനു ‘ക്രെഡിറ്റ്’ നല്‍കുകയോ പണം നല്‍കുകയൊ ചെയ്തില്ല. ചാപ്ലിന്റെ സ്വഭാവ വൈചിത്രത്തിന്റെ ഒരുദാഹരണം എന്നല്ലാതെ എന്തുപറയാന്‍! ബര്‍ക്കോവിച്ച് ചാപ്ലിനെതിരെ കോടതിയില്‍പ്പോയി. അദ്ദേഹത്തിന് 90,000 ഡോളര്‍ നഷ്ടപരിഹാരമായി ചാപ്ലിന്‍ കൊടുക്കേണ്ടിവന്നു.

ഭൂഗോളം എന്റെ വിരൽത്തുമ്പിൽ

ജര്‍മ്മനിയില്‍നിന്ന് ജൂതന്മാരുടേയും കമ്യൂണിസ്റ്റുകാരുടേയും ഹോളിവുഡ്ഡിലേയ്ക്കുള്ള ഒഴുക്കു തുടങ്ങിക്കഴിഞ്ഞിരുന്നു. ഫ്രിറ്റ്സ് ലാങ്ങ് അക്കൂട്ടത്തിലൊരാളായിരുന്നു. ബര്‍ളിനില്‍ നീരോ ഫിലിംസിലെ ഡയറക്ടറായിരുന്ന ലാങ്ങ് ‘ദ ടെസ്റ്റ്മെന്റ് ഓഫ് ഡോക്ടര്‍ മാബ്യൂസ്’ എന്ന ചിത്രത്തില്‍ നാസി വിരുദ്ധ ആശയങ്ങള്‍ തിരുകിക്കയറ്റിയിരുന്നു. ഹിറ്റ്ലറുടെ സാംസ്ക്കാരിക വകുപ്പുമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സ് ചിത്രം നിരോധിച്ചു; ലാങ്ങിനെ തന്റെ ഓഫീസിലേയ്ക്കു വിളിപ്പിച്ചു. കഴിവും പ്രതിഭയും എവിടെക്കണ്ടാലും അതു തങ്ങളുടേതാവണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്ന ഗീബല്‍സ്, ലാങ്ങിനെ ശിക്ഷിക്കുന്നതിനുപകരം ജര്‍മ്മന്‍ സിനിമാ വ്യവസായത്തിന്റെ തലവനാകാന്‍ ക്ഷണിച്ചു. ആലോചിക്കാന്‍ ഒരു ദിവസത്തെ സമയം ചോദിച്ച ഫ്രിറ്റ്സ്ലാങ്ങ് അന്നു രാത്രി തന്നെ ജര്‍മ്മനിയില്‍നിന്ന് ഓടിപ്പോന്നു. അമേരിക്കയിലെത്തിയ ലാങ്ങ് ‘ഫ്യൂറി’ എന്നൊരു ചിത്രമെടുത്തു. അമേരിക്കയിലെ വര്‍ണ്നവിവേചനത്തെ ലക്ഷ്യമാക്കിയ ഫാസ്റ്റിറ്റ് വിരുദ്ധതയായിരുന്നു ആ ചലച്ചിത്രത്തിന്റെ പ്രമേയം. പിന്നീട് ലാങ്ങിന്റെയും മറ്റുചില കമ്യൂണിസ്റ്റ്, ഫാസിസ്റ്റ് വിരുദ്ധരുടെയും ആഭിമുഖ്യത്തില്‍ ‘ആന്റി നാസി ലീഗ്’ എന്നൊരു സംഘടന ഹോളിവുഡ്ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. മനുഷ്യന്റേയും സമൂഹത്തിന്റേയും പ്രശ്നങ്ങളില്‍നിന്ന്. പ്രതിസന്ധികളില്‍നിന്ന്, ഒരിക്കലും ഒളിച്ചോടിയിട്ടില്ലാത്ത ചാപ്ലിന് ‘ദ ഗ്രേറ്റ് ഡിക്ടേഠ്ടര്‍’ നിര്‍മ്മിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങി. ഇങ്ങനെയൊരു അരങ്ങ് ഒരുകാലത്തും ഒരു കലാകാരനുംവേണ്ടി ഒരുങ്ങിക്കാത്തിരുന്നിട്ടില്ല.

ചാപ്ലിന്‍ തന്റെ സ്റ്റുഡിയോയ്ക്കു പുറത്തുനിന്ന് കലാകാരന്മാരെ തിരഞ്ഞെടുത്തു. സംഗീതസംവിധാനത്തിന് മെറിഡിത്ത് വില്‍സണ്‍, മുസ്സോളിനിയുടെ സ്ക്രീന്‍ രൂപമായ നാപോളിയുടെ റോളില്‍ ജാക് ഓകി. ഹിഠ്ലറുടെ, സിനിമയിലെ പ്രതിരൂപമായ ഹിന്‍കലിന്റെ റോളിലും അതേ ഛായയുള്ള ജൂതബാര്‍ബറായും ചാര്‍ളി ചാപ്ലിന്‍. ബാര്‍ബറുടെ ജൂത ഗേള്‍ഫ്രണ്ട് ഹാന്നാ ആയി പോളെറ്റ് ഗോഡാര്‍ഡ്.

ഓകിയും ചാപ്ലിനും വളരെയേറെ സമയം ഒരുമിച്ചു ചിലവഴിക്കാന്‍ തുടങ്ങി. കോമഡിയേപ്പറ്റിയുള്ള തന്റെ ആശയങ്ങള്‍ ചാപ്ലിന്‍ ഓകിയുമായി പങ്കുവച്ചു. മാക് സെന്നറ്റിന്റെ കോമഡി ശൈലിയുടെ ‘ദ്രുതകാല’ത്തെ താന്‍ കുറച്ചുവെന്നും അതില്‍ അന്തര്‍ലീനമായിരുന്ന അക്രമത്തെ ക്രമീകരിച്ചുവെന്നും ചാപ്ലിന്‍ പറഞ്ഞു. ഓകിയുടെ അഭിപ്രായത്തില്‍ കോമഡിയിലെ എല്ലാ ട്രിക്കുകളുടേയും ജനയിതാവ് ചാപ്ലിനാണ്. ചാപ്ലിന്‍ ഓകിയോടു പറഞ്ഞുവത്രേ “ഒരു ലക്ഷ്യം ഞാന്‍ കണ്ടുപിടിക്കും. ഉദാഹരണത്തിന് വില്ലന്റെ തല. എന്റെ വടികൊണ്ട് ഒരടികൊടുക്കുന്നു. പിന്നെ അയാളുടെ തൊപ്പി ഊരിയെടുത്ത് ഒരടി, തല അല്പംതിരിച്ച് ഒന്നുകൂടി, വീണ്ടും അയാളുടെ തല അല്പം കൂടി തിരിച്ച് മര്‍മ്മസ്ഥാനം നോക്കി ഒരടികൂടി..” സ്വയം ഒരു കൊമേഡിയനായിരുന്ന ഓകി ചാപ്ലിനെ ‘മാസ്റ്റര്‍ മാത്തമാറ്റീഷ്യന്‍ ഓഫ് കോമഡി’ എന്നാണു വിശേഷിപ്പിച്ചത്. മറ്റു കൊമേഡിയന്മാര്‍ ഒരു സിറ്റ്വേഷനില്‍നിന്ന് ഒരു ചിരിയുയര്‍ത്തുമ്പോള്‍ ചാപ്ലിന് മൂന്നോ നാലോ ചിരിയുയര്‍ത്താന്‍ കഴിയുമായിരുന്നു.

ചാപ്ലിന്‍ ഹിറ്റ്ലറുടെ വേഷമിടുന്നുവെന്ന് 1938 അവസാനമായപ്പോഴേയ്ക്കും ലോകം മുഴുവന്‍ അറിഞ്ഞിരുന്നു. ജര്‍മ്മനിയുടെ ലോസ് ഏഞ്ചലസിലെ കോണ്‍സല്‍ ജനറല്‍, ബര്‍ലിനില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പി.സി.എ.യുടെ മേധാവി ജോസഫ് ബ്രീനിന് കത്തെഴുതി — അതു ചെയ്യാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍ പി.സി.എ. ഇടപെട്ടില്ല. മാത്രമല്ല, തിരക്കഥയാകെ പരിശോധിച്ചതിനുശേഷം ആകെ ഒരുവാക്ക്, ‘ലൗസി’ എന്ന ഒരു വാക്ക് ഒഴിവാക്കണമെന്നും അതു പോലും പറയാന്‍ വിഷമമുണ്ടെന്നും നിവര്‍ത്തിയില്ലാതെ പറയുകയാണെന്നും പ്.സി.എ. പ്രതികരിച്ചു. ദ ഗ്രേറ്റ് ഡിക്ടേറ്റര്‍ മഹത്തായ ഒരു ചലച്ചിത്രമാവുമെന്നുകൂടി ജോസഫ് ബ്രീന്‍ കൂട്ടിച്ചേര്‍ത്തു.

1940 ഒക്ടോബര്‍ 15 ന് ചിത്രം റിലീസ് ചെയ്തപ്പോള്‍ പൊതുജനത്തിനും അതേ അഭിപ്രായമായിരുന്നു. അച്ചുതണ്ടുശക്തികളായ ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ റിലീസു ചെയ്തില്ലെങ്കിലും ചിത്രത്തില്‍ നിന്നുള്ള വരുമാനം അന്‍പതു ലക്ഷം ഡോളറിനു മുകളിലായിരുന്നു.

ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുക്കുന്ന ജര്‍മ്മന്‍ ജൂതനായ ബാര്‍ബറുടെ യുദ്ധാനുഭവങ്ങളടങ്ങിയ പൂര്‍വ്വരംഗത്തോടെ ‘ദ ഗ്രേറ്റ് ഡിക്ടേറ്റര്‍’ തുടങ്ങുന്നു. തുടര്‍ന്ന് രണ്ടു ഗംഭീര പ്രസംഗങ്ങളുടെ ഉള്ളിലാണ് ചിത്രം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യം ഹിന്‍കലിന്റെ (ഹിറ്റ്ലര്‍) രോഷാകുലമായ, തീക്ഷ്ണമായ , ജൂതന്മാരോടും ലോകത്തിലെ മറ്റനേകം ജനസമൂഹങ്ങളോടുമുള്ള വെറുപ്പു കുമിഞ്ഞുമറിയുന്ന ന്യൂറംബര്‍ഗ് റാലിയിലെപ്പോലുള്ള പ്രസംഗം. രൻടാമത്തേത്, ഒന്നാം ലോകയുദ്ധത്തില്‍ പരിക്കുപറ്റി നീണ്ടകാലത്തെ ചികിത്സയിലും അബോധാവസ്ഥയിലും കഴിഞ്ഞ് പുറംലോകത്തില്‍ ഇതിനിടയില്‍ എന്തു നടന്നുവെന്ന് അറിയാത്ത ബാര്‍ബര്‍ (മറ്റുള്ളവര്‍ അയാളെ ഹിന്‍കലായി തെറ്റിദ്ധരിക്കുന്നു.) നടത്തുന്ന പ്രസംഗം.

ബാര്‍ബര്‍ തിരിച്ചെത്തുമ്പോള്‍ തന്റെ ബാര്‍ബര്‍ ഷാപ്പിന്റെ നിരപ്പലകമേലും ‘ജ്യൂ’ എന്നു മുദ്രകുത്തിയിരിക്കുന്നതുകണ്ട് ക്ഷുഭിതനാവുന്നു. നാസിപ്പട്ടാളക്കാരെ ചെറുക്കുന്നതില്‍ ബാര്‍ബര്‍ പ്രകടിപ്പിക്കുന്ന ചങ്കൂറ്റത്തില്‍ ആകൃഷ്ടയായ അയല്‍ക്കാരിയും അനാഥയുമായ ഹാന്നാ എന്ന യുവതി അയാളുമായി പ്രണയത്തിലാവുന്നു. ഒന്നാം ലോകയുദ്ധത്തില്‍ താന്‍മൂലം മരണത്തില്‍നിന്നു രക്ഷപ്പെട്ട കമാന്‍ഡര്‍ ഷൂള്‍സിന്റെ കാരുണ്യംമൂലം നാസികളുടെ പീഡനത്തില്‍നിന്ന് ബാര്‍ബര്‍ തല്ക്കാലം രക്ഷപെടുന്നു.

ഗ്ലോബെടുത്ത് തന്റെ വിരല്‍ത്തുമ്പില്‍ കറക്കി താന്‍ ലോക ചക്രവര്‍ത്തിയാവുന്ന ദിവാസ്വപ്നം കണ്ട് നൃത്തം ചെയ്യുന്ന (എസ്സന്‍സ് ഓഫ് ദ വേള്‍ഡ് ബാലേ എന്നാണ് ഇതറിയപ്പെടുന്നത്.) ഹിന്‍കലിന്റെ രൂപം, ഹിറ്റ്ലര്‍ പോളണ്ടും ഓസ്ത്രിയയും നോര്‍വേയും ഫ്രാന്‍സും കീഴ്പ്പെടുത്തി മുന്നേറിക്കൊണ്ടിരുന്ന കാലത്ത് സിനിമാശാലകളില്‍ തികഞ്ഞ നിശബ്ദത നിറച്ചു.

ജൂതന്മാരെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന ഷൂള്‍സിനെയും, സുഹൃത്തായ ബാര്‍ബറേയും ഹിന്‍കല്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലടയ്ക്കുന്നു. എന്നാല്‍ അവര്‍ അവിടെ നിന്ന് രക്ഷപ്പെടുന്നു. ജര്‍മ്മനി മുഴുവന്‍ ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചിലില്‍ മുഴുകുന്നു. ഹിന്‍കലും ബാര്‍ബറും തമ്മിലുള്ള രൂപസാദൃശ്യത്തില്‍ വഞ്ചിതരായ പട്ടാളക്കാര്‍ ഹിന്‍കലിനെ തടവിലാക്കുകയും ബാര്‍ബറെ സ്വേച്ഛാധിപതിയുടെ സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ജനാധിപത്യവും സമത്വവും സ്വാതന്ത്ര്യവുമാണ് ലോകത്തിന്റെ ശാപമെന്നും ഇനിമേല്‍ അവയുണ്ടാവില്ലെന്നും ആമുഖമായി പറഞ്ഞ് സാംസ്കാരിക മന്ത്രി ‘ലോകചക്രവര്‍ത്തി, മഹാനായ ഹിന്‍കലിനെ” പ്രസംഗിക്കാന്‍ ക്ഷണിക്കുന്നു.

മന്ത്രിയെന്നല്ലാ, ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രസംഗമാണ് തുടര്‍ന്നുണ്ടായത്.

“എന്നോടു ക്ഷമിക്കുക. എനിക്കു ചക്രവര്‍ത്തിയാവേണ്ട, അതെന്നെ സംബന്ധിക്കുന്ന കാര്യമല്ല .എനിക്കാരേയും കീഴ്പ്പെടുത്താനോ ഭരിക്കാനോ താല്പര്യമില്ല. എന്നെക്കൊണ്ടാവുമെങ്കില്‍ ലോകത്തിലൂള്ള എല്ലാവരേയും വെള്ളക്കാരനേയും കറുത്തവനേയും ജൂതന്മാരേയും മറ്റെല്ലാവരേയും സംരക്ഷിക്കാനാണ് താല്പര്യം. മറ്റുള്ളവരുടെ സന്തോഷം, ആനന്ദം, കണ്ടുകൊണ്ടാണ്, യാതനയും വേദനയും കണ്ടുകൊണ്ടല്ല നാം ജീവിക്കേണ്ടത്. ഈ ലോകത്തിൽ എല്ലാവർക്കും ഇടമുൻട്. റേഡിയോയുടേയും വിമാനത്തിന്റേയും വരവ് ലോകജനതയെ പണ്ടൊന്നുമില്ലാത്തതുപോലെ ഒന്നിച്ചു കൊണ്ടുവന്നിരിക്കുന്നു. ഈ കണ്ടിപിടുത്തങ്ങളുടെ പ്രകൃതംതന്നെ മനുഷ്യനിലെ നന്മയ്ക്കുവേണ്ടി കേഴുകയാണ്. ലോകസാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി വാദിക്കുകയാണ്.

(ഇന്‍ന്റര്‍നെറ്റിന്റേയും ആഗോളവല്‍ക്കരണത്തിന്റെയും അമേരിക്കന്‍ സ്വേഛാധിപത്യ മോഹത്തിന്റെയും ഈ കാലത്തും ഈ വാചകങ്ങള്‍ അറുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പെന്നപോലെ തന്നെ പ്രസക്തമാണ്.)

“പുതിയൊരു ലോകത്തിനുവേണ്ടി നമുക്കു പരിശ്രമിക്കാം. അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തിലേയ്ക്ക് നമുക്ക് ഉറ്റുനോക്കാം.” (“തന്റെ രാജ്യത്തോടു മാത്രമുള്ള രാജ്യസ്നേഹമാണ് ലോകത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ മാനസിക അപഭ്രംശം” എന്ന് ഉറച്ചു വിശ്വസിക്കുന്ന ചാപ്ലിനില്‍ നിന്ന് ഇങ്ങനെയുള്ള വിചാരവികാരപ്രകടനങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.‌)

ജൂതന്മാരുടെ ‘ഗെറ്റോ’യില്‍ നാസിഭടന്‍മാരാല്‍ ആക്രമിക്കപ്പെട്ട് അവശരായി കിടക്കുന്ന ഹാന്നാ, ബാര്‍ബറുടെ (ഹിന്‍കലിന്റെ) പ്രസംഗം റേഡിയോയിലൂടെ കേള്‍ക്കുന്നു. കരഞ്ഞ് അവശയായി നിലത്തുകിടക്കുന്ന ഹാന്നായെ ക്യാമറാ ഫോക്കസ് ചെയ്യുന്നു. റേഡിയോയിലൂടെ ഒഴുകിവരുന്ന വിചിത്രവും സ്നേഹമസൃണവുമായ പ്രഭാഷണം അവളെ അത്ഭുതസ്തബ്ധയാക്കുന്നു. അവസാനം അവള്‍ കേള്‍ക്കുന്നു.

“ഹാന്നാ, എവിടെയാണെങ്കിലും നീ ധൈര്യം കൈവിടരുത്.” സ്ക്രീനില്‍ ഹന്നായുടെ ക്ലോസ് അപ്. തന്റെ അമ്മയുടെ, ഏതു പ്രതിസന്ധിയിലും തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചു നിലനിര്‍ത്താന്‍ പൊരുതുന്ന അമ്മമാരുടെ, മനുഷ്യവംശത്തിന്റെ തന്നെ പ്രതീകം. “ഹാന്നാ, ഉയരങ്ങളിലേയ്ക്കു നോക്കൂ, കാര്‍മേഘാവൃതമായ മാനം തെളിയുകയാണ്. സൂര്യന്‍ മേഘങ്ങളുടെ മറവില്‍നിന്നു പുറത്തേയ്ക്കു വരുന്നു. അന്ധകാരത്തില്‍നിന്നു നാം പുതിയൊരു ലോകത്തിലേയ്ക്കുണരുകയാണ്. വെറുപ്പില്‍നിന്നും ആര്‍ത്തിയില്‍നിന്നും ക്രൂരതയില്‍നിന്നും മോചിതരാവുകയാണ്. ധൈര്യമാര്‍ജ്ജിക്കൂ ഹാന്നാ, മനുഷ്യന്റെ ആത്മാവിന് ചിറകുകള്‍ ലഭിച്ചിരിക്കുന്നു; അവന്‍ പറന്നുയരുകയാണ്. ഒരു മഴവില്ലിലേയ്ക്ക്, ആശയുടെ പ്രഭാപൂരത്തിലേയ്ക്ക്, ഭാവിയിലേയ്ക്ക്, നിന്റെയും എന്റെയും നമ്മുടേയും ഭാവിയിലേയ്ക്ക്. ഹതാശയാവരുത് ഹാന്നാ, ധൈര്യം സംഭരിക്കൂ ഹാന്നാ.”

രണ്ടാം ലോകയുദ്ധം മറ്റൊരഞ്ചു വര്‍ഷം കൂടി നീണ്ടുനിന്നു. അക്കാലമെല്ലാം സാധാരണ മനുഷ്യർക്കും ലോക നേതാക്കൾക്കും ആശയും ആത്മധൈര്യവും പകര്‍ന്നുകൊടുത്ത ഒരു രംഗമായിരുന്നു ഇത്. സമാധാനം കളിയാടുന്ന അന്താരാഷ്ട്ര ബന്ധങ്ങളുടെ ഭാവനാലോകത്തിലേയ്ക്ക് പറന്നുയരുമ്പോള്‍ തന്നെ തന്റെ അമ്മ ഹാന്നായേയും അനശ്വരയാക്കുകയാണ് ചാപ്ലിന്‍.’