close
Sayahna Sayahna
Search

ചാപ്ലിൻ: ‘ദ സര്‍ക്കസ്സ്’


ചാപ്ലിൻ: ‘ദ സര്‍ക്കസ്സ്’
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

‘ദ സര്‍ക്കസ്സ്’

“മാനസിക വിഭ്രാന്തിയുടെ പാരമ്യത്തില്‍ ഒരാള്‍ അനിവാര്യമായും കോമഡിയെഴുതുന്നു” എന്ന് വി. എസ്. നെയ്പോള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ മാനസികാവസ്ഥയിലായിരുന്ന ചാപ്ലിന്‍ തന്റെ അസിസ്റ്റന്റ് ഹെൻറി ബര്‍ഗ്‌മാനോട് പറഞ്ഞു. “ഹെൻറീ, ഞാന്‍ വളരെ ഉയരത്തില്‍ അകപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍കൊണ്ടും എനിക്കു രക്ഷപ്പെടാനാവുന്നില്ല. കുരങ്ങന്മാരോ മറ്റെന്തെക്കെയോ എന്നെ ആക്രമിക്കാന്‍ വരുന്നു.” ഈ പ്രമേയത്തിന് ഉതകുന്ന വ്യത്യസ്ത പരിചരണങ്ങള്‍ എഴുതിയുണ്ടാക്കുവാന്‍ ചാപ്ലിന്‍ ഹെൻറിയോട് ആവശ്യപ്പെട്ടു. ഇതായിരുന്നു ‘ദ സര്‍ക്കസ്’ എന്ന സിനിമയുടെ ബീജാവാപം. ഈ വാചകത്തിന് അപ്പുറവും ഇപ്പുറവുമായി കഥ വികസിക്കുകയാണുണ്ടായത്. ഞാണിന്മേല്‍ കളിക്കാരനെ അനുകരിച്ച് വടത്തില്‍ കയറുന്ന ചാര്‍ളിയെ കുരങ്ങന്മാര്‍ ആക്രമിക്കുന്ന ഒരു രംഗവുമുണ്ട് ‘ദ സര്‍ക്കസ്സില്‍’.

പൊലീസുകാരനില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കസ് റിങ്ങിലേയ്ക്കു ചാടികയറുന്ന ചാര്‍ളി കാണികള്‍ക്ക് ചിരിക്കാന്‍ അനേകം അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ചാര്‍ളിക്ക് സര്‍ക്കസ്സില്‍ വിദൂഷകനായി ജോലി ലഭിക്കുന്നു. എന്നാല്‍ മന:പൂര്‍വ്വം നര്‍മ്മം സൃഷ്ടിക്കാന്‍ ചാര്‍ളിക്കു കഴിയുന്നില്ല. കൃത്രിമമായ നര്‍മ്മം ചാര്‍ളിക്കും അന്യമാണ്. താന്‍ അറിയാതെതന്നെ വന്നുപോകുന്ന, അല്ലെങ്കില്‍ തന്റെ ജീവിത ശൈലിയില്‍ നിന്നാണ് ചാര്‍ളിയുടെ തമാശമുഴുവന്‍. റിങ്ങ്മാസ്റ്ററുടെ മകളോട് ചാര്‍ളിക്ക് പ്രേമമുദിക്കുന്നു. അവള്‍ക്ക് പക്ഷേ തിരിച്ചൊന്നും തോന്നുന്നില്ല. ഒരു ഞാണിന്മേല്‍ കളിക്കാരന്‍, ചെറുപ്പക്കാരന്‍, സര്‍ക്കസ്സില്‍ പുതുതായി ചേരുന്നു. പ്രേമബദ്ധരാവുന്ന അയാളും പെണ്‍കുട്ടിയും വിവാഹം കഴിക്കുന്നു. സര്‍ക്കസ് കമ്പിനി പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. ചാര്‍ളി അവരോടൊപ്പം പോകുന്നില്ല. യാദൃച്ഛികമായാണ് അയാൾ സര്‍ക്കസ്സില്‍ വന്നടിഞ്ഞത്. അവിടെ തന്നെപ്പിടിച്ചുനിറുത്തിയ സുന്ദരി മറ്റൊരാളുടേതായിക്കഴിഞ്ഞു. ലോകത്തിന്റെ കോമാളിയാവാന്‍ വിധിക്കപ്പെട്ട താന്‍ ഒരു സര്‍ക്കസ്സിലെ കാണികളെ മാത്രം ചിരിപ്പിച്ചാല്‍ പോരല്ലോ…വിദൂരതയിലേയ്ക്കുമറയുന്ന സര്‍ക്കസ് വാഹനങ്ങളെ നോക്കി ചാര്‍ളി ഏകനായി നില്‍ക്കുമ്പോള്‍ ചിത്രം അവസാനിക്കുന്നു. അവസാന രംഗം ഇരുപതു പ്രാവശ്യം ആവര്‍ത്തിച്ചെടുത്തിട്ടേ ചാപ്ലിനു തൃപ്തിയായുള്ളൂ.

പിന്നീട് ഓസ്കാര്‍ അവാര്‍ഡ് എന്ന പേരില്‍ പ്രശസ്തമായ പുരസ്കാരങ്ങള്‍ ആദ്യമായി നല്‍കപ്പെട്ടത് 1929-ലാണ്. അവാര്‍ഡ് കമ്മിറ്റി ചാപ്ലിന് ഒരു ‘സ്പെഷ്യല്‍’ അവാര്‍ഡ് നല്‍കി ബഹുമാനിച്ചു. “ദ സര്‍ക്കസിന്റെ രചനയിലും സംവിധാനത്തിലും നിര്‍മ്മാണത്തിലും ചാപ്ലിന്‍ പ്രദര്‍ശിപ്പിച്ച അസാമാന്യ പാടവ’ത്തിനായിരുന്നു അവാര്‍ഡ്.

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപ്രതീക്ഷിതമായ പല പ്രതിബന്ധങ്ങളുമുണ്ടായി. സെറ്റുകള്‍ തയ്യാറാക്കി ഷൂട്ടിങ്ങ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നതിനു തലേന്ന് ഒരു വന്‍ കൊടുങ്കാറ്റിലും മഴയിലും സെറ്റുകളെല്ലാം തകര്‍ന്നു. ഷൂട്ടിങ്ങ് മാറ്റിവയ്ക്കേണ്ടിവന്നു. ഇതിനിടെ രണ്ടാമത്തെ കുട്ടി ജനിച്ചു. ആറുമാസം കഴിഞ്ഞപ്പോള്‍ സെറ്റിനു തീപിടിച്ചു: സെറ്റു പൂര്‍ണ്ണമായും നശിച്ചു. സ്റ്റുഡിയോയുടെ വിദ്യുച്ഛക്തി സംവിധാനം തകരാറിലായി.

രൻടാം ഭാര്യ: ലിറ്റാ ഗ്രേ

ഡിസംബര്‍ മാസത്തില്‍ ലിറ്റാ കുട്ടികളേയുമെടുത്ത് വീടുവിട്ടു. വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തു. പന്ത്രണ്ടര ലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി അവള്‍ ആവശ്യപ്പെട്ടത്. ചാപ്ലിന്‍ സർക്കസ്സിന്റെ പണി പൂര്‍ണ്ണമായും നിറുത്തിവച്ചു. ലിറ്റായുടെ അമ്മാവന്‍ കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പ്രകൃതിവിരുദ്ധ ലൈംഗിക കേളികള്‍ക്ക് നിര്‍ബന്ധിച്ചു എന്നതായിരുന്നു പ്രധാന കാരണമായി ആരോപിച്ചിരുന്നത്. ഇതിനിടെ ആദായനികുതിവകുപ്പും പുറകേകൂടി. ചാപ്ലിന്റെ 1918 മുതലുള്ള വരുമാനം അവര്‍ പുന:പരിശോധിച്ച്, പതിമൂന്നര ലക്ഷം ഡോളര്‍ നികുതി കുറച്ചാണ് കൊടുത്തിരിക്കുന്നതെന്ന നിഗമനത്തിലെത്തി. അത് ഈടാക്കാനായി ചാപ്ലിന്റെ എല്ലാ ആസ്തികളും മരവിപ്പിച്ചു.

ലിറ്റായുമായുള്ള വിവാഹവും അവരുടെ ദാമ്പത്യവും പത്രമാധ്യമങ്ങളിലും ജനങ്ങളുടെയിടയിലും വിചാരണയ്ക്കു വിധേയമായി. രാജ്യമെങ്ങും ചാപ്ലിന്‍ വിരുദ്ധതരംഗം അലയടിച്ചു. ചാപ്ലിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ കലാകാരനായ ചാപ്ലിനെതിരെ നിരത്തുന്നതു നീതിയല്ലായെന്നു വാദിച്ച ഒരു ന്യൂനപക്ഷമുണ്ടായിരുന്നു.

വന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് കേസ് നടന്നു. വന്‍കിട അഭിഭാഷകര്‍ ചാപ്ലിനുവേണ്ടി കേസ് വാദിച്ചു. ഈ ആറേഴുമാസംകൊണ്ട് ചാപ്ലിന്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നു. ചികിത്സയിലുമായി. അപ്പോള്‍ ലിറ്റായുടെ അമ്മാവന്‍ വീണ്ടും ചന്ദ്രഹാസമിളക്കി. ലിറ്റയും ചാപ്ലിനും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ച അതേ കാലയളവില്‍ ചാപ്ലിന്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട അഞ്ചു പ്രശസ്ത സ്ത്രീകളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. മരിയോണ്‍ ഡേവിസ്, മേര്‍ണാ കെന്നഡി, എഡ്നാ പര്‍വേയന്‍സ്. ക്ലയര്‍ വിന്‍സർ, പോളോ നെഗ്രി എന്നിവരായിരുന്നു ആ അഞ്ചുപേര്‍. ലിറ്റാ നേരിട്ട് മരിയോണ്‍ ഡേവിസിനെ സന്ദര്‍ശിച്ച് അവരുടെ പേരു വെളിപ്പെടുത്തുമെന്ന് അറിയിച്ചു. എങ്ങിനെയും വിവാഹമോചനത്തിനു സമ്മതിക്കണമെന്ന് മരിയോണ്‍ ചാപ്ലിനോടഭ്യര്‍ത്ഥിച്ചു. പത്തുലക്ഷം ഡോളര്‍ കൊടുക്കാമെന്ന ധാരണയില്‍ വിവാഹമോചനം നടന്നു. ഏതാണ്ട് അത്രതന്നെ തുക വക്കീലന്മാര്‍ക്കും കോടതിക്കുമായി ചാപ്ലിനു വേറെയും ചിലവായി.