ചാപ്ലിൻ: ബാല്യം
ചാപ്ലിൻ: ബാല്യം | |
---|---|
ഗ്രന്ഥകർത്താവ് | പി എൻ വേണുഗോപാൽ |
മൂലകൃതി | ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രണത ബുക്സ്, കൊച്ചി |
വര്‍ഷം |
2004 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 102 |
ബാല്യം
1894 — ലണ്ടന്‍ നഗരത്തിലെ വാല്‍വര്‍ത്ത് പ്രദേശം. ഈസ്റ്റ് ലെയ്‌നിലെ ഒരു വീട്ടില്‍ രണ്ടു കൊച്ചു കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ചാര്‍ളിയും സിഡ്നിയും. അവരുടെ അമ്മ — ഹാന്നാ — വേച്ചുവേച്ച് മുറിയിലേക്കു കടന്നു വരുന്നു. ചാര്‍ളി അമ്മയുടെ വിരലുകള്‍ സ്പര്‍ശിച്ചു. അവ വല്ലാതെ തണുത്തിരിക്കുന്നു. അവള്‍ കട്ടിലിലേയ്ക്കു ചെരിഞ്ഞു. തൊട്ടുപുറകേ അവരുടെ അച്ഛന്‍ അകത്തെത്തി. മുറിയിലാകെ മദ്യത്തിന്റെ മണം പരന്നു.
“നീ ജോലിക്കു പോകാതിരുന്നാല്‍ പറ്റില്ല. നമുക്ക് ആ പണം ആവശ്യമുണ്ട്.”
“ഇന്നെനിക്കു കഴിയില്ല. തീരെ വയ്യ — ഇന്നു ഞാന്‍ പാടിയാല്‍ ശരിയാവില്ല.”
“എന്നാല്‍ ഞാന്‍ ചാര്‍ളിയെ കൊണ്ടുപോകും എവിടെ ആ കുരുത്തംകെട്ടവന്‍?”
അമ്മ ചാര്‍ളിയെ അടുത്തേക്കു വിളിച്ചു. അമ്മയ്ക്കു പകരം അവന്‍ നാടകശാലയിലെ സ്റ്റേജില്‍ കയറി പാടണമെന്നു പറഞ്ഞു. അവനെ നല്ല വേഷം ധരിപ്പിച്ചു. നെറ്റിയില്‍ ഉമ്മവച്ച് അച്ഛനോടൊപ്പം യാത്രയാക്കി.
നാടകശാലയിലെത്തിയപ്പോള്‍ ‘ജാക്‌ജോണ്‍സ്’ എന്ന പാട്ടുപാടാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചു. ഹാളില്‍ നല്ല തിരക്ക്. എന്നാല്‍ ചാര്‍ളിക്കു തീരെ പരിഭ്രമം തോന്നിയില്ല. പാട്ടു പകുതിയായപ്പോള്‍ സ്റ്റേജിലേക്ക് നാണയങ്ങളുടെ ഒരു മഴ തന്നെ തുടങ്ങി. കാണികള്‍ അവനു സമ്മാനമായി നാണയത്തുട്ടുകള്‍ എറിയുകയായിരുന്നു. ചാര്‍ളി പാട്ടുനിര്‍ത്തി തുട്ടുകള്‍ പെറുക്കാന്‍ തുടങ്ങി.
‘ഞാനിതൊക്കെ പെറുക്കിയെടുക്കട്ടെ. എന്നിട്ടു പാടാം’ അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
കാണികള്‍ ഇളകിമറിഞ്ഞു അവര്‍ കസേരകളില്‍ കയറിനിന്നു കൊണ്ട് വീണ്ടും പണമെറിഞ്ഞു. കീശ നിറഞ്ഞപ്പോള്‍ ചാര്‍ളി തന്റെ തൊപ്പിയിലേയ്ക്കും പെറുക്കിയിട്ടു. അവന്‍ പാട്ടുപാടി മുഴുമിപ്പിച്ചു. കാണികളുടെ ആവശ്യപ്രകാരം വീണ്ടും വീണ്ടും പാടി.
ചാര്‍ളി ചാപ്ലിനെക്കുറിച്ച് പരാമര്‍ശമുണ്ടാകുമ്പോഴൊക്കെ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഒരു കഥയാണിത്. എന്നാല്‍ തന്റെ ആത്മകഥയില്‍ ചാപ്ലിന്‍ എഴുതിയ ഈ സംഭവം അദ്ദേഹത്തിന്റെ ഒരു കാല്‍പനിക കഥ മാത്രമായിരുന്നുവെന്ന് പിന്നീടു നടന്ന അന്വേഷണങ്ങള്‍ വെളിവാക്കി. ചാപ്ലിന്‍റെ അമ്മ ഹാന്നാ 1887 ല്‍ത്തന്നെ, അതായത് ചാപ്ലിന്‍ ഭൂജാതനാവുന്നതിന് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, ‘മ്യുസിക് ഹാളു’കളില്‍ പാടുന്നത് നിര്‍ത്തിയിരുന്നു എന്നതിനു രേഖകളുണ്ട്.
ചാപ്ലിന്റെ ജീവിതമെന്തായിരുന്നു, എങ്ങനെയായിരുന്നു, എന്നറിയാന്‍ താല്പര്യമുള്ള ഒരു വ്യക്തിക്ക് മുഖവിലയ്ക്കെടുക്കാന്‍ കഴിയുന്നതല്ല ‘എന്റെ ആത്മകഥ’ (My Autobiography) എന്നതിനു ലഭിക്കുന്ന അനേകം ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിത്.
ഹാന്നാ ഹില്ലിന്റേയും ചാര്‍ളി ചാപ്ലിന്‍റേയും (സീനിയര്‍) മകനായി ചാര്‍ളി ചാപ്ലിന്‍ ജനിക്കുന്നത് 1889 ഏപ്രില്‍ 16നാണ്. ലണ്ടനിലെ മ്യൂസിക് ഹാളുകളില്‍ ഗായികയും നര്‍ത്തകിയുമായിരുന്ന ഹാന്നായ്ക്ക് അന്നു നാലു വയസ്സുള്ള ഒരു മകനുണ്ട് — സിഡ്നി. അവന്‍ പക്ഷേ അഭിനേതാവും ഗായകനുമായിരുന്ന സീനിയര്‍ ചാര്‍ളി ചാപ്ലിന്റെ മകനായിരുന്നില്ല. തികഞ്ഞ മദ്യപാനിയായിരുന്ന സീനിയര്‍ ചാപ്ലിന്‍ ചാര്‍ളിയുടെ ജനനത്തിനു രണ്ടുവര്‍ഷം മുമ്പു മാത്രമാണ് ഹാന്നായുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.
അതീവ സുന്ദരിയല്ലെങ്കിലും നീലക്കണ്ണുകളും ഊതവര്‍ണ്ണത്തിലുള്ള നീണ്ട മുടിയുമുണ്ടായിരുന്ന ഹാന്നാ സിഡ്നിക്കും ചാര്‍ളിക്കും ഒരു മാലാഖ തന്നെയായിരുന്നു. കുടുംബം പുലര്‍ത്തുന്നതില്‍ ഭര്‍ത്താവിന്റെ സഹായം തീരെയും ലഭ്യമല്ലായിരുന്നു എങ്കിലും ഹാന്നാ കഷ്ടപ്പാടുകള്‍ സഹിച്ച് തന്റെ മക്കളെ അല്ലലറിയിക്കാതെ വളര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ അന്നുതന്നെ അവള്‍ ‘സ്കിസോഫ്രേനിയ’ എന്ന മാനസിക രോഗത്തിന് അടിമയായിരുന്നു. അതിനു പുറമേയാണ് ശബ്ദവും നഷ്ടപ്പെട്ടത്. തുന്നല്‍ ജോലി ചെയ്തും മറ്റുപല കൊച്ചുകൊച്ചു പണികളെടുത്തുമാണ് അവള്‍ നിത്യവൃത്തി കഴിച്ചിരുന്നത്. ഇടയ്ക്കിടെ അവള്‍ മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാറുണ്ടായിരുന്നു. അങ്ങിനെയുള്ള അവസരങ്ങളില്‍ ചാര്‍ളിയും സിഡ്നിയും അനാഥാലയങ്ങളിലാണ് കഴിഞ്ഞിരുന്നത്. ആ സമയത്ത് അച്ഛന്‍ അവരെ തിരിഞ്ഞു നോക്കാറുണ്ടായിരുന്നില്ല.
ഹാന്നാ മറ്റൊരു പുരുഷനില്‍ അഭയം തേടി. ഗായകനായ ലിയോ ഡ്രൈഡന്‍ . എന്നാല്‍ അവര്‍ക്ക് ഒരു കുട്ടി ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അയാള്‍ ആ കുട്ടിയേയും കൊണ്ട് ഇംഗ്ളണ്ടു വിട്ടുപോയി. ചാര്‍ളിയായിരുന്നു അമ്മയുടെ പ്രിയപുത്രന്‍. പക്ഷേ പരിലാളനങ്ങള്‍ക്കു പകരം രാത്രിയില്‍ തന്നെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മയെ ആശ്വസിപ്പിക്കേണ്ട അവസ്ഥയായിരുന്നു ചാര്‍ളിയുടേത്. തെരുവുകളില്‍ വച്ച് സമനിലതെറ്റുന്ന അമ്മയെ കൂക്കിവിളിക്കുന്ന തെരുവു പിള്ളേരില്‍നിന്ന് പലപ്പോഴും രക്ഷിച്ചുകൊണ്ടുവരേണ്ടിവന്നു ചാര്‍ളിക്ക്. വര്‍ഷങ്ങള്‍ക്കുശേഷം ഡാനാ ബര്‍ണറ്റ് എന്ന എഴുത്തുകാരിയോടു ചാപ്ലിന്‍ പറഞ്ഞു:
“ഞാന്‍ ഒരു മെലിഞ്ഞുണങ്ങിയ, വേണ്ടത്ര വളര്‍ച്ചയില്ലാത്ത കൊച്ചു പയ്യന്‍ — അമ്മയെ കൊടുംതണുപ്പത്ത് വൃത്തിഹീനമായ തെരുവിന്റെ ദുര്‍ഗ്ഗന്ധങ്ങളിലൂടെ പിടിച്ച് വലിച്ച്, പുറകേ വരുന്ന പിള്ളേരില്‍നിന്നും രക്ഷിച്ച് ഞങ്ങളുടെ ദയനീയമായ വീട്ടിലേയ്ക്കു കൊണ്ടുപോകുന്ന രംഗങ്ങള്‍ എന്റെ മനസ്സില്‍ ഇടയ്ക്കിടെ തെളിഞ്ഞു വരാറുണ്ട്” ‘ചാപ്ലിന്റെ മനസ്സില്‍ അമ്മ ദുരന്തതീവ്രതയുടെ പ്രതീകമായി മാറി’ എന്നും ഡാനാ ബര്‍ണറ്റ് കൂട്ടിച്ചേര്‍ക്കുന്നു എങ്കിലും പല ദിവസങ്ങളിലും അവര്‍ തന്റെ തുന്നല്‍ സാമഗ്രികള്‍ മാറ്റിവച്ച് നാടകശാലകളില്‍ താന്‍ അവതരിപ്പിക്കാറുണ്ടായിരുന്ന പാട്ടുകള്‍ പാടി, നൃത്തമാടി കുട്ടികളെ രസിപ്പിക്കാറുണ്ടായിരുന്നു. ഹാന്നാ ചില നാടകങ്ങള്‍ അഭിനയിച്ചു കാണിക്കും. കുട്ടികള്‍ക്കുവേണ്ടി അവര്‍ നെപ്പോളിയന്‍, ജോസഫൈന്‍, ചാള്‍സ് രണ്ടാമന്‍ ഒക്കെയാവും വിക്ടോറിയന്‍ ഇംഗ്ളണ്ടിലെ നാടകശാലകളില്‍ മദ്യവും ലഭ്യമായിരുന്നു. പരിപാടി കഴിഞ്ഞാല്‍ പ്രധാന നടന്മാര്‍ തിയേറ്ററില്‍ത്തന്നെയുള്ള മദ്യശാലകളില്‍ പ്രേക്ഷകരുമൊത്തിരുന്നു മദ്യപിക്കണമെന്ന ഒരു അലിഖിത നിയമവുമുണ്ടായിരുന്നു. പലപ്പോഴും നാടകശാലാ ഉടമകള്‍ക്ക് കൂടുതല്‍ പണം ലഭിച്ചിരുന്നത് ഈ മദ്യശാലകളില്‍ നിന്നായിരുന്നു. ഘനഗാംഭീര്യമാര്‍ന്ന ശബ്ദമുള്ള ഗായകനായിരുന്ന തന്റെ അച്ഛന്‍ ഒരു മദ്യപാനിയാവാനുള്ള പ്രധാന കാരണം ഇതായിരുന്നുവെന്ന് ചാപ്ലിന്‍ ‘എന്റെ ആത്മകഥയില്‍’ പറയുന്നുണ്ട്.
1895 ജുണ്‍ മാസത്തില്‍ ഹാന്നാ, ‘ചാംപ്യന്‍ ഹില്‍ ഇന്‍ഫേര്‍മറിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നഗരാധികാരികള്‍ ചാര്‍ളിയേയും സിഡ്നിയേയും ആദ്യം ന്യൂവിംഗ്‌ടണ്‍ വര്‍ക്ക്ഹൌസിലും പിന്നീട് ചാപ്ലിന്‍ സീനിയറിനെ തേടിപ്പിടിച്ച് എല്ലാ ആഴ്ചയിലും കുട്ടികളുടെ ചിലവിലേയ്ക്കായി പതിനഞ്ചു ഷില്ലിംഗ് വീതം കൊടുത്തുകൊള്ളാമെന്ന ഉറപ്പില്‍ ഹാന്‍വെല്‍ പുവര്‍ സ്കൂളിലേയ്ക്കും മാറ്റി. ചാപ്ലിന്‍ സീനിയര്‍ ഈ ഉറപ്പു പാലിച്ചില്ല എന്നതു മറ്റൊരു കാര്യം.
ഒരു വര്‍ഷത്തിനകം സിഡ്നിക്ക് ഒരു കപ്പലില്‍ ജോലി കിട്ടി. അതോടെ ചാര്‍ളി തനിച്ചായി. രണ്ടുവര്‍ഷത്തിനുശേഷം സിഡ്നി തിരിച്ചെത്തിയപ്പോള്‍ ആശുപത്രിയില്‍നിന്നും പുറത്തുവന്ന അമ്മയോടൊപ്പം അവരും ചേര്‍ന്നു. എന്നാല്‍ ഇത് അധികകാലം നീണ്ടുനിന്നില്ല. ഹാന്നാ വീണ്ടും ആശുപത്രിയിലായി. അധികാരികള്‍ കുട്ടികളെ അച്ഛനെയേല്‍പ്പിച്ചു. ഒരു വെപ്പാട്ടിയോടൊത്തു കഴിഞ്ഞിരുന്ന ചാപ്ലിന്‍ സീനിയറിന്റെ വീട്ടിലെ ജീവിതം അവര്‍ക്ക് ദുസഹമായിരുന്നു. വിദ്യാഭ്യാസവും അതോടെ അവസാനിച്ചു.
പല ദിവസങ്ങളിലും ചാര്‍ളി നീണ്ട നടത്തത്തിനു പോകുമായിരുന്നു. അലഞ്ഞുതിരിഞ്ഞു എന്നു പറയുകയാവും കൂടുതല്‍ ശരി. ഒരര്‍ദ്ധരാത്രിയില്‍ കെന്‍സിങ്ടണ്‍ ക്രോസ്‌വഴി തിരിച്ചു വരുമ്പോള്‍ ‘ദ ഹണീ സിക്കിള്‍ ആന്‍ഡ് ദ ബീ’ എന്ന സുന്ദരമായ ഒരു ട്യുണ്‍ ഹാര്‍മോണിയത്തിലും ക്ലാരനറ്റിലും കൂടി സമീപത്തെ ഒരു മദ്യശാലയില്‍ നിന്ന് ഒഴുകി വരുന്നതു കേട്ട് ചാര്‍ളി മന്ത്രമുഗ്ദ്ധനായിനിന്നു. ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന ചാര്‍ളിയുടെ സംഗീതോപാസനയുടെ തുടക്കം അവിടുന്നായിരുന്നു.
അമ്മ ഹാന്നാ സാനിട്ടോറിയത്തില്‍നിന്ന് വീണ്ടും പുറത്തുവന്നു. സിഡ്നി ഒരു ടെലഗ്രാഫ് ബോയ് ആയി ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. ചാര്‍ളി തെരുവിലേക്കിറങ്ങി. ഒരു തെരുവു നര്‍ത്തകനായി ചില്ലറ നാണയങ്ങള്‍ സമ്പാദിക്കാന്‍ തുടങ്ങി. അപ്പോളവന് കേവലം പത്തു വയസ്സ് പ്രായം.
|