ചാപ്ലിൻ: വിവാഹം
ചാപ്ലിൻ: വിവാഹം | |
---|---|
ഗ്രന്ഥകർത്താവ് | പി എൻ വേണുഗോപാൽ |
മൂലകൃതി | ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രണത ബുക്സ്, കൊച്ചി |
വര്‍ഷം |
2004 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 102 |
വിവാഹം
മ്യൂച്ച്വല്‍ഫിലിം കോര്‍പ്പറേഷനുവെണ്ടി ചാപ്ലിന്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളില്‍ എറ്റവും പ്രസിദ്ധമായത് ‘ഈസീ സ്ട്രീറ്റ് ആണ്. ‘വണ്‍ എ എം, ‘റിങ്ക്, ‘ദ ഫ്ളോര്‍ വാക്കര്‍’, ‘ദ പോണ്‍ ഷോപ്പ്’, ‘ദ ഇമിഗ്രന്റ്’, മുതലായ ചിത്രങ്ങളും റിലീസു ചെയ്തപ്പോള്‍ തന്നെ ‘ഹിറ്റു’കളായിരുന്നു. വെറും കോമഡി എന്നതിനപ്പുറത്തേയ്ക്ക് സാമുഹ്യരാഷ്ട്രീയസാഹചര്യങ്ങളിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും (രണ്ടു റീലില്‍ സാധ്യമാവുന്നത്ര) ചാപ്ലിന്‍ കാല്‍വച്ചു തുടങ്ങിയിരുന്നു. ‘ദ ഇമിഗ്രന്റ്’-ലെ ഒരു രംഗം ഉദാഹരണമാണ്.
പല യുറോപ്യന്‍ രാജ്യങ്ങളില്‍നിന്നും കുടിയേറ്റക്കാരുമായി വന്ന കപ്പല്‍ ന്യൂയോര്‍ക്ക് തുറമുഖത്തിലേയ്ക്കു പ്രവേശിക്കുകയാണ്. ന്യായമായും ആദ്യം സ്ക്രീനില്‍ വരുന്നത് ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയാണ്’. അപ്പോള്‍ ഒരു ടൈറ്റില്‍ കാര്‍ഡു വരുന്നു. ‘സ്വാതന്ത്ര്യത്തിന്റെ നാട്ടിലേയ്ക്ക് ആഗമനം’. ഒറ്റ നോട്ടത്തിന്‍ വളരെ സാധാരണമായ ഒരു രംഗം. എന്നാല്‍ അത് 1917 ആയിരുന്നു, ഒന്നാംലോകയുദ്ധത്തില്‍ തങ്ങളും ഇടപെടാന്‍ പോവുകയാണെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പൊതുജനാഭിപ്രായത്തിനു വിരുദ്ധമായിരുന്നു ഇത്’. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ സെന്‍സര്‍ഷിപ്പ് എര്‍പ്പെടുത്തി. വിരുദ്ധാഭിപ്രായങ്ങളുടെ പ്രകാശനം നിരോധിക്കുന്ന പല പുതിയ നിയമങ്ങളും പ്രാബല്യത്തില്‍ വന്നു. യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മന്‍ ബന്ധങ്ങളുണ്ടോയെന്ന നിരീക്ഷണം കര്‍ശനമാക്കി. പല മൌലികവകാശങ്ങളുടേയും മേല്‍ വൂഡ്രൂ വില്‍സണ്‍ന്റെ ഭരണകൂടം കടന്നാക്രമണം നടത്തി. ആ സാഹചര്യങ്ങളിലാണ് സ്വാതന്ത്ര്യപ്രതിമയും “സ്വാതന്ത്ര്യത്തിന്റെ നാട്ടിലേയ്ക്ക് ആഗമനം എന്ന ടൈറ്റില്‍ കാര്‍ഡും കാണിക്കാന്‍ ചാപ്ലിന്‍ ധൈര്യം കാണിച്ചത്.
ഈ ധൈര്യപ്രകടനം യാദൃച്ഛികമായിരുന്നില്ല. ചാപ്ലിന്‍ എസ്സാനേയില്‍ ആയിരുന്നപ്പോള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ ചാപ്ലിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ലൈംഗികതയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സൂചനകള്‍ അവസാനിപ്പിക്കണമന്ന് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തില്‍ കാണുന്നതു മാത്രമേ താന്‍ ചിത്രികരിക്കുന്നുള്ളു എന്നായിരുന്നു ചാപ്ലിന്റെ മറുപടി.
ഇനി ‘ഈസീ സ്ട്രീറ്റിലേയ്ക്കു വരാം. ചാപ്ലിന്റെ ചെറുപ്പത്തിലെ ലണ്ടനിലാണ് കഥ നടക്കുന്നത്. ‘ഈസീ സ്ട്രീറ്റ്’ എന്ന പേരുപോലും ചാപ്ലിന്‍ ജനിച്ച ‘ഈസ്റ്റ്‌ലേന്‍’ ന്റെ ഒരു രൂപഭേദമാണ്. ചെറുപ്പത്തില്‍ ആകെ കൈമുതലായുണ്ടായിരുന്ന ദാരിദ്ര്യം നിറഞ്ഞതാണ് സിനിമയിലെ ഈസി സ്ട്രീറ്റ്. പേരു സൂചിപ്പിക്കുന്നതുപോലെ അത്ര ‘ഈസി’യായ ഒരു ജീവിതമായിരുന്നില്ല ആ തെരുവില്‍. വ്യവസ്ഥാപിതമായ എല്ലാം ചാപ്ലിന്റെ നിശിതമായ കളിയാക്കലിന് ഇരയാവുന്നു. പള്ളി, പൊലീസ്, സാമൂഹ്യ വ്യവസ്ഥ… സാധാരണക്കാരന് ഭീഷണമായുള്ള പലതിനേയും തകര്‍ക്കുന്നു ചാര്‍ളി. എല്ലാം ഭംഗിയായിപ്പോകുന്ന, എല്ലാവരും നല്ല വസ്ത്രങ്ങള്‍ ധരിക്കുന്ന, റൗഡികള്‍ക്കുപോലും മാനസാന്തരം വന്ന ഒരു ഡ്രിം സ്ട്രീറ്റ് കാണിച്ചുകൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത്. നിയമരഹിതമായിരുന്ന, അടുക്കും ചിട്ടയുമില്ലാതിരുന്ന, ദാരിദ്ര്യത്തില്‍ മുങ്ങിയ തന്റെ ബാല്യത്തെ ഒരു സ്വപ്നലോകത്തില്‍ കുടിയിരുത്തുകയാണ് ചാപ്ലിന്‍ ഈ ചിത്രത്തില്‍.
പ്രശസ്‌ത എഴുത്തുകാരനായിരുന്ന വില്യം സരോയനും ഭാര്യ കരോളും 1947-ലെ ഒരു സായാഹ്നത്തില്‍ ചാപ്ലിന്റേയും ഭാര്യ ഊനാ ഒനീലിന്‍റേയും അതിഥികളായി എത്തി. സംഭാഷണത്തിനിടെ ഊനാ പൊട്ടിത്തെറിച്ചു. “ഇയാള്‍ ഒപ്പം ശയിച്ചിട്ടുള്ള പെണുങ്ങളെക്കുറിച്ച് കേട്ടു മടുത്തു ഞാന്‍. ഇയാള്‍ ഈ പറയുന്നതെല്ലാം കേട്ട് പൊട്ടിത്തെറിക്കാതെ ഞാന്‍ മറ്റെന്താണ് ചെയ്യുക?. ഇവിടെയിരുന്ന് പുഞ്ചിരിക്കണോ?” ആ രോഷപ്രകടനത്തിനു കാരണം എച്ച് ജി വെല്‍സിന്റെ കുട്ടിയുടെ അമ്മയായിരുന്ന റബേക്ക വെസ്റ്റിനെ താന്‍ കീഴ്പ്പെടുത്തിയ കഥ വില്യം സരോയനോടു പറഞ്ഞത് കേട്ടതാണ്.
ഊനായെ അല്ല, മില്‍ഡ്രഡ് ഹാരിസിനെയാണ് ചാപ്ലിന്‍ ആദ്യം വിവാഹം കഴിച്ചത്. സാം ഗോള്‍ഡ്‌വിന്നിന്റെ വീട്ടില്‍ ഒരു സ്വിമ്മിംഗ് പാര്‍ട്ടിയില്‍ വച്ചാണ് ചാപ്ലിന്‍ മില്‍ഡ്രഡിനെ കാണുന്നത്. കുട്ടിയുടെ ചേഷ്ടകളും മുഖഭാവങ്ങളുമുള്ള ഒരു സുന്ദരി. വലിയ, ഭാവതീവ്രമായ കണ്ണുകള്‍, സുന്ദരമായ നാസികയും വായും. ‘വിസാര്‍ഡ് ഓഫ് ദ ഓസ്’ സിരീസില്‍ ഡൊറോത്തിയായി അഭിനയിച്ച പെണ്‍കുട്ടി. ഡി. ഡബ്‌ള്യൂ ഗ്രിഫിത്തിന്റെ ‘ഇന്‍ടോളറന്‍സിലും’ അവള്‍ ചെറിയൊരു റോളില്‍ ഉണ്ടായിരുന്നു.
മില്‍ഡ്രഡിനെ പാര്‍ട്ടിക്കു കൊണ്ടുവന്ന യുവാവുമായി എന്തോ കാര്യത്തില്‍ അവള്‍ പിണങ്ങി. തന്നെ വീട്ടില്‍ വിട്ടുപോവുമോ എന്ന് മില്‍ഡ്രഡ് ചാപ്ലിനോടു ചോദിച്ചു. മില്‍ഡ്രഡിനെ അവളുടെ വീട്ടിലാക്കി ചാപ്ലിന്‍ തന്റെ വാസസ്ഥലമായ ലോസ്ഏഞ്ചലസ് അത്‌ലറ്റിക് ക്ലബ്ബിലേയ്ക്കു പോയി. മില്‍ഡ്രഡ് ഹാരിസ് ഇങ്ങോട്ടുവന്ന് താല്പര്യം കാണിച്ചില്ലായിരുന്നെങ്കില്‍ താന്‍ ഒരിക്കലും അവളുമായി ഒരു ബന്ധത്തില്‍ പെടില്ലായിരുന്നെന്നാണ് ചാപ്ലിന്‍ ‘എന്റെ ആത്മകഥ’യില്‍ പറയുന്നത്. എന്തായാലും അഞ്ചുമിനിറ്റു കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.
മില്‍ഡ്രഡ് ആയിരുന്നു അത്. നിങ്ങള്‍ എന്തു ചെയ്യുകയാണെന്നറിയാനണ് ഞാന്‍ വിളിച്ചത് എന്നു പറഞ്ഞുതുടങ്ങിയ സംഭാഷണം ചാപ്ലിന്‍ അവളെ ഡിന്നറിനു ക്ഷണിച്ചുകൊണ്ടാണ്’, അവസാനിച്ചത്.
അടുത്തയാഴ്ച മില്‍ഡ്രഡ് ചാപ്ലിനെ വീണ്ടും വിളിച്ചു. അവളുടെ സൗന്ദര്യത്തെ തന്റെ ഡ്രൈവര്‍ പുകഴ്ത്തുന്നതും “അദ്ദേഹം വര്‍ണനാതീതനാണ്, എന്നോട് അച്ഛനെന്നപോലെയാണ് പെരുമാറുന്നത്’, എന്നുപറയുന്നതു കേള്‍ക്കാനിടയായതും ചാപ്ലിനെ അവളിലേയ്ക്ക് അടുപ്പിച്ചു. യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ പുറത്ത്’ മില്‍ഡ്രഡ് ഷൂട്ടിങ് കഴിഞ്ഞ് ഇറങ്ങി വരുന്നതും നോക്കി മണിക്കൂറുകളോളം ചാപ്ലിന്‍ കാറില്‍ കാത്തിരിക്കാന്‍ തുടങ്ങി. ഡി.ഡബ്‌ള്യൂ ഗ്രിഫിത്ത് ഒരിക്കല്‍ മില്‍ഡ്രഡിനോട് ചോദിച്ചൂ ‘മില്‍ഡ്രഡ്; നീ എന്താ ചാര്‍ളിയെ വിവാഹം കഴിക്കാത്തത്? അതേശ്വാസത്തില്‍ത്തന്നെ ചാര്‍ളിക്കുനേരെ തിരിഞ്ഞു പറഞ്ഞു ‘ചാര്‍ളീ… ഇവള്‍ നിനക്കു നല്ലൊരു ഭാര്യയായിരിക്കും.” കുറച്ചുനാള്‍ കഴിഞ്ഞു മില്‍ഡഡ്രഡ് ചാപ്ലിനോട് ചോദിച്ചു ‘എന്നാണെന്നെ വിവാഹം കഴിക്കുക്?” “ഒരിക്കലുമില്ല” എന്നായിരുന്നു ചാപ്ലിന്റെ മറുപടി.
ഇതോടെ പ്രശ്നം കഴിഞ്ഞു എന്നായിരുന്നു ചാപ്ലിന്റെ ധാരണ. എന്നാല്‍ 1918 വേനലില്‍ താന്‍ ഗര്‍ഭിണിയാണെന്ന് മില്‍ഡ്രഡ് അറിയിച്ചു. ഇനി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചാല്‍ താന്‍ ആപ്പിലാകുമെന്ന് ചാപ്ലിന്‍ മനസ്സിലാക്കി. പത്രങ്ങളില്‍ വന്‍ വാര്‍ത്തകള്‍ വരും. മില്‍ഡ്രഡ് തന്റെ പ്രായം കുറച്ചുപറഞ്ഞാല്‍ ബലാല്‍സംഗക്കേസ്. അതുവരെയും അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിട്ടില്ലാ എന്നതിനാല്‍ ജയില്‍ശിക്ഷ കഴിഞ്ഞ് നാടുകടത്തിയെന്നും വരാം. തന്റെ സെക്രട്ടറി ടോം ഹാരിങ്ടന്നോടു രജിസ്ട്രര്‍ വിവാഹത്തിനുവേണ്ട സംവിധാനങ്ങള്‍ ചെയ്യാന്‍ ഹതാശനായ ചാപ്ലിന്‍ നിര്‍ദ്ദേശിച്ചു. ഒക്റ്റോബര്‍ 23-ആം തീയതി യാതൊരു പബ്ലിസിറ്റിയുമില്ലാതെ ഒരു ജഡ്ജിയുടെ വീട്ടില്‍വച്ച് വിവാഹം നടന്നു.
അടുത്തു ദിവസം ചാപ്ലിന്‍ സാധാരണപോലെ സ്റ്റുഡിയോയില്‍ എത്തി. ഹണിമൂണിനൊന്നും ചാപ്ലിന് മനസ്സുണ്ടായിരുന്നില്ല. തന്റെ ഡ്രസ്സിങ് റൂമിലേയ്ക്കു നടന്ന ചാപ്ലിനെ എഡ്ന പര്‍വേയന്‍സ് തടഞ്ഞു നിര്‍ത്തി. ‘അഭിനന്ദനങ്ങള്‍’ അവള്‍ മൃദുവായി പറഞ്ഞു. ‘താങ്ക് യൂ’ ചാപ്ലിന്‍ വല്ലായ്മയോടെ പ്രതികരിച്ചു. മില്‍ഡ്രഡിന്റെ ഗര്‍ഭധാരണം വെറും കെട്ടുകഥയായിരുന്നെന്ന് തെളിഞ്ഞു. എങ്കിലും ചാപ്ലിന്‍ തന്റെ ‘പാവക്കുട്ടി വധുവു’മൊത്തു കഴിഞ്ഞു. നവംബറില്‍ മില്‍ഡ്രഡ് ശരിക്കും ഗര്‍ഭവതിയായി. എന്നാല്‍ ഇതുകൊണ്ടും ചാപ്ലിന് അവളോടു തോന്നിയിരുന്ന വെറുപ്പു കുറഞ്ഞില്ല.
|