ചാപ്ലിൻ: ‘ദ ട്രാംപ്’
ചാപ്ലിൻ: ‘ദ ട്രാംപ്’ | |
---|---|
ഗ്രന്ഥകർത്താവ് | പി എൻ വേണുഗോപാൽ |
മൂലകൃതി | ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | പ്രണത ബുക്സ്, കൊച്ചി |
വര്‍ഷം |
2004 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 102 |
‘ദ ട്രാംപ്’
ഇംഗ്ളണ്ടില്‍ നിന്ന് അമേരിക്കയിലെത്തി 22 മാസങ്ങള്‍ക്കു ശേഷം 1914 ആഗസ്റ്റ് 9ാം തീയതി, അതായത് ഒന്നാം ലോക യുദ്ധം ആരംഭിച്ച് അഞ്ചു ദിവസം കഴിഞ്ഞ് ചാര്‍ളി ചാപ്ലിന്‍, ജ്യേഷ്ഠന്‍ സിഡ്നിക്ക് ആദ്യമായി ഒരു കത്തെഴുതി. ‘സിഡ്’ ഇതാ അവസാനം ഞാന്‍ വിജയിച്ചിരിക്കുന്നു. ഇന്ന് അമേരിക്കയിലെ തീയേറ്ററുകളിലെല്ലാം എന്റെ പേരു മുഴങ്ങി കേള്‍ക്കുന്നു.” ലോസ്എഞ്ചലസ്സിലെ പ്രസിദ്ധമായ ഒരു ക്ളബ്ബിലാണ് താമസമെന്നും 6700 ഡോളര്‍ പല ബാങ്കുകളിലായി ഉണ്ടെന്നും അറിയിച്ചു. ‘സിഡ്, നാം താമസിയാതെ ലക്ഷപ്രഭുക്കളാകും” ചാപ്ലിന്‍ തുടര്‍ന്നു. ഉടന്‍ തന്നെ സിഡ്നിയോട് അമേരിക്കയിലേയ്ക്ക് വരാനും സിനിമയില്‍ അഭിനയിക്കാന്‍ അവസരമൊരുക്കാമെന്നും ചാപ്ലിന്‍ എഴുതി.
അതുവരെ ചാപ്ലിന്‍ അഭിനയിച്ചതില്‍വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രം, ‘ടില്ലീസ് പംക്ചേഡ് റൊമാന്‍സ് ‘ പൂര്‍ത്തിയായ സമയമായിരുന്നു – ആറു റീല്‍. അതോടെയാണ് മേരി ഡ്രസ്‌ലര്‍, ആ ചിത്രത്തിലെ നായിക, ഒരു ഹോളിവുഡ് സ്റ്റാര്‍ ആയത്. ‘ടില്ലി’ വന്‍ വിജയമായിരുന്നു. ചാപ്ലിന്റെ പ്രശസ്തി വര്‍ദ്ധിച്ചു.
കീസ്റ്റോണിലെ കരാര്‍ കാലാവധി അവസാനിക്കാറായിരുന്നു. അവിടെ തുടരില്ലെന്ന് ചാപ്ലിന്‍ തീരുമാനിച്ചിരുന്നു. ‘എസ്സാനേ’ എന്ന ഷിക്കാഗോ കമ്പനി ചാപ്ലിനെ വലവീശി. ഒരാഴ്ചയ്ക്ക് 1250 ഡോളറും കരാര്‍ ഒപ്പ് വയ്ക്കാന്‍ 10,000 ഡോളറും. 1914 ഡിസംബറിലെ ഒരു ശനിയാഴ്ച ആരോടും യാത്രപറയാതെ ചാപ്ലിന്‍ കീസ്റ്റോണ്‍ വിട്ടു.
എസ്സാനേയില്‍ ചേര്‍ന്നപ്പൊള്‍ തന്നെ “ഇനി ഞാന്‍ മറ്റുള്ളവരുടെ സ്ക്രിപ്റ്റില്‍ ജോലി ചെയ്യില്ല; ഞാന്‍ എന്റെ സ്ക്രിപ്റ്റ് സ്വയം എഴുതും” എന്ന് ചാപ്ലിന്‍ പ്രഖ്യാപിച്ചു. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ചാപ്ലിന്റെ മാത്രമായ ആദ്യചിത്രം ‘ഹിസ് ന്യൂ ജോബ് ‘ന്റെ പണിപ്പുര ജോലികള്‍ തുടങ്ങി. എസ്സാനേയിലേയ്ക്ക് അഡ്വാന്‍സ് ഓര്‍ഡറുകള്‍ പ്രവഹിച്ചുതുടങ്ങി. ആ ചിത്രം പൂര്‍ത്തിയായതോടെ ഇനി തനിക്ക് ഷിക്കാഗോയില്‍ ചിത്രനിര്‍മ്മാണം കഴിയില്ലെന്നും കാലിഫോര്‍ണിയായില്‍ പോവണമെന്നും ചാപ്ലിന്‍ വാശിപിടിച്ചു. കാലിഫോര്‍ണിയായില്‍ അല്ലെങ്കിലും ‘നൈല്‍ സിറ്റി’യില്‍ കമ്പനി വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.
പുതിയൊരു നായികയെ തേടലായി ചാപ്ലിന്‍. എല്ലാം ഒത്തുവരുമെങ്കില്‍ അവള്‍ തന്റെ ജീവിതത്തിലെ നായികയും ആവണമെന്ന മോഹവും ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഒരു സ്റ്റെനോഗ്രാഫറായിരുന്ന എഡ്നാ പര്‍വേയന്‍സിനെ കണ്ടുമുട്ടുന്നത്. അവളുടെ വലിയ കണ്ണുകളും ഭംഗിയുള്ള ദന്തനിരയും തുടുത്ത അധരങ്ങളും ആകാരസൌഷ്ടവവും തന്റെ നായികസ്ഥാനത്തിന് അവളെ അനുയോജ്യയാക്കുന്നുവെന്ന് ചാപ്ലിന്‍ തീരുമാനിച്ചു. എന്നാല്‍ ഇത്രയും ഗൗരവമുള്ള ഒരു മുഖത്ത് മന്ദസ്മിതവും ചിരിയും കളിയാടുമോ എന്ന സംശയം ചാപ്ലിന്റെ മനസ്സില്‍ ഉദിച്ചു. പക്ഷേ ആ സംശയം അസ്ഥാനത്തായിരുന്നു.
തങ്ങളുടെ പുതിയ ചിത്രത്തിന്റെ തലേന്ന് രാത്രിയിലെ ഡിന്നര്‍ പാര്‍ട്ടി. ആരോ ഹിപ്നോട്ടിസത്തെപറ്റി സംഭാഷണമാരംഭിച്ചു. ചാപ്ലിന്‍ തന്റെ ഹിപ്നോട്ടിക് കഴിവുകളെക്കുറിച്ച് പൊങ്ങച്ചം പറയാന്‍ തുടങ്ങി. വിഡ്ഢിത്തം പറയാതെ എന്ന് എഡ്നാ. എന്നാല്‍ നിന്നെ അറുപതു സെക്കന്‍ഡുകൊണ്ട് ഹിപ്‌നോട്ടൈസ് ചെയ്യാം, പന്തയം വയ്ക്കുന്നോ എന്നു ചാപ്ലിന്‍. എഡ്നാ പത്തു ഡോളര്‍ വാതുവെച്ചു. ചാപ്ലിന്‍ എഡ്നായെ ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തി. അടുത്തു ചെന്നുനിന്ന് അവളുടെ വലിയ കണ്ണുകളിലേയ്ക്ക് ഗാഢമായി ഉറ്റുനോക്കി. എന്നിട്ട് പതുക്കെ മന്ത്രിച്ചു. “നീ അഭിനയിക്കണം.” അവളുടെ മിഴികള്‍ കൂമ്പി. കാലുകള്‍ തളര്‍ന്നു.
ചാപ്ലിന് എഡ്നായെ താങ്ങി. ‘വേഗം, ഇവളെ കിടത്താന്‍ ആരെങ്കിലും സഹായിക്കൂ.’ ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നുമറിയാത്തമട്ടില്‍ എഡ്നാ കണ്ണുതുറന്നു. “ഞാനെവിടെയാണ്” എന്നൊരു ചോദ്യവും. ചാപ്ലിന് എല്ലാം “ക്ഷ”പിടിച്ചു. ഒരു നര്‍മ്മരംഗത്തിനുവേണ്ടി പത്ത് ഡോളര്‍ നഷ്ടപ്പെടാന്‍ എഡ്നാ തയ്യാറായത് അവളോടു ചാപ്ലിന് മമതയും ബഹുമാനവും ഉളവാക്കി. എന്നാല്‍ അവളുടെ ത്യാഗത്തിന് ചാപ്ലിനെ സംബന്ധിച്ചിടത്തോളം മറ്റു പല അര്‍ത്ഥതലങ്ങളുമുണ്ടായിരുന്നു. തന്റെ അധീശത്വം അംഗീകരിക്കാന്‍ എഡ്നാ തയ്യാറായി എന്നതായിരുന്നു പ്രധാനം. ചാപ്ലിന്‍ ചവിട്ടിമെതിച്ചു കടന്നുപോയ അനേകം യുവജീവിതങ്ങളില്‍ ആദ്യത്തെ സുന്ദരിയായിരുന്നു എഡ്നാ. ചാപ്ലിന്റെ എല്ലാ മോഹങ്ങളും സാധിച്ചുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നു. ഉറച്ച പാറയുടെ സുരക്ഷിതത്വമായിരുന്നു ചാപ്ലിന് അവള്‍. ചാപ്ലിന്റെ മെലിഞ്ഞ കൊച്ചു രൂപത്തിന് പരിപൂരകമായി ‘ജുണോ’ റാണിയുടെ സൌന്ദര്യമായിരുന്നു എഡ്നായുടേത്. സൌമ്യവും മധുരവും മാതൃതുല്യവുമായ ഒരു അഭയകേന്ദ്രമായിരുന്നു ചാപ്ലിന് എഡ്നാ. തന്റെ മാതാവില്‍നിന്ന് ലഭിക്കാതിരുന്നതും അതിലപ്പുറവും അവളില്‍ ചാപ്ലിന്‍ ദര്‍ശിച്ചു.
എസ്സാനെയില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങളിലൂടെ അവരുടെ വ്യക്തിബന്ധം ഗാഢമായി. ആ ചിത്രങ്ങളിലും ഒരു മാറ്റത്തിന്റെ അന്തര്‍ധാരയുണ്ടായിരുന്നു. കീസ്റ്റോണ്‍ ചിത്രങ്ങളില്‍ താന്‍ കാമാവേശത്തോടെ പുറകേ നടക്കുന്ന യുവതികളോട് ചാര്‍ളിക്ക് ആത്യന്തികമായി യാതൊരു പ്രതിപത്തിയുമുണ്ടായിരുന്നില്ല. എന്നാല്‍ എസ്സാനേ ചിത്രങ്ങളില്‍ പ്രധാന പുരുഷ കഥാപാത്രങ്ങള്‍ക്ക് സ്ത്രീകളോടുള്ള സമീപനത്തില്‍ മൃദുത്വവും അവരുടെ നിസ്സഹായാവസ്ഥയില്‍ അനുകമ്പയും മുന്നിട്ടുനിന്നു.
നൈല്‍സില്‍ വച്ചെടുത്ത ചലച്ചിത്രങ്ങളിലെ അവസാനത്തേതായ ‘ദ ട്രാംപ്’ എന്ന രണ്ടു റീല്‍ ചിത്രം ലോകത്തിനു മുന്‍പില്‍ ചാര്‍ളി ചാപ്ലിന്റെ ‘ഇമേജ്’ എക്കാലത്തേയ്ക്കും ഉറപ്പിച്ചു. അടുത്ത ഇരുപതു വര്‍ഷങ്ങളില്‍ എത്രയെത്ര വൈവിധ്യമാര്‍ന്ന റോളുകളിലാണ് അദ്ദേഹം അഭിനയിച്ചത്… എന്നാല്‍ എല്ലാ റോളുകളും കാണികളെ സംബന്ധിച്ചിടത്തോളം ട്രാംപിന്റെ വിവിധ രൂപങ്ങള്‍ മാത്രമായിരുന്നു.
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം.
ലോകം മുഴുവന്‍ ചാപ്ലിന് അംഗീകാരം ലഭിക്കുന്നതിന്റെ മൂലകാരണവും ഇതുതന്നെ.
വിശന്നു നടക്കുന്ന ചാര്‍ളിക്ക് ഒരു ഫാം ഹൌസിലെ പെണ്‍കുട്ടിയെ മോഷ്ടാവില്‍നിന്നും രക്ഷിക്കുന്നതിനു പ്രത്യുപകാരമായി അവിടെ ഒരു സഹായിയായി ജോലി ലഭിക്കുന്നു. ഫാം ഹൌസിന്റെ ഉടമയുടെ മകളായ ഈ പെണ്‍കുട്ടി (എഡ്നാ) യുമായി ചാര്‍ളി സ്നേഹത്തിലാവുന്നു. മോഷ്ടാവ് തന്റെ രണ്ടു സുഹൃത്തുക്കളേയും കൂട്ടി തോക്കുമായി ഫാം ഹൌസ് ആക്രമിക്കാനെത്തുന്നു. അവരെ തുരത്താന്‍ കഴിഞ്ഞെങ്കിലും ചാര്‍ളിയുടെ മുട്ടിനു വെടിയേല്‍ക്കുന്നു. കാലുഭേദമാകുമ്പോഴേയ്ക്കും എഡ്നായുടെ പ്രതിശ്രുത വരന്‍ അവിടെയെത്തുന്നു. എഡ്നായോട് വിട പറഞ്ഞ് ചാര്‍ളി വീണ്ടും അനന്തമായ പാതയിലേയ്ക്കിറങ്ങുന്നു.
അതുവരെ ഇറങ്ങിയിട്ടുള്ള കോമഡികളില്‍നിന്ന് തികച്ചും വ്യത്യസ്ഥമായിരുന്നു ‘ദ ട്രാംപ്’. ഒരു കോമഡിയില്‍, നായകന്‍, നിരാശനായി തന്റെ പെണ്ണിനെ കൂടാതേ പോവാനോ? ചരിത്രപരമായ ഒരു വ്യതിയാനമായിരുന്നു അത്. സ്ത്രീകളില്‍നിന്നുള്ള തിരസ്കാരം — അത് ചാപ്ലിന്റെ ബാല്യകൌമാരാനുഭവമായിരുന്നു. മനഃപൂര്‍വ്വമല്ലെങ്കിലും അമ്മയില്‍ നിന്നുണ്ടായ അനുഭവം ചാപ്ലിന് സ്ത്രീകളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായിരുന്നു. ഇവിടെ അതാവര്‍ത്തിക്കുകയാണ്.
അവസാനരംഗം തുടക്കത്തിലെ പോലെ തന്നെയാണ്. ചാര്‍ളി നടന്നു പോകുന്നു. എന്നാല്‍ ഇത്തവണ ചില വ്യത്യാസങ്ങളുണ്ട്. ആദ്യത്തെ ചടുലതയില്ല നടപ്പിന്. നിരാശയുടെ ഭാരത്താല്‍ ഭുജങ്ങള്‍ ഇടിഞ്ഞിരിക്കുന്നു. സ്വയം സഹതാപത്തോടെ, വിഷാദത്തോടെ അവസാനിക്കുന്ന ഒരു കോമഡി ചിത്രം? അല്ലാ. എന്തെന്നാല്‍ പെട്ടെന്ന് ചാര്‍ളി ബാലേ നൃത്തക്കാരന്റെ ചുവടുവയ്പുകളിലേയ്ക്കു മാറുന്നു. നടപ്പിന് പഴയ ഊര്‍ജ്ജസ്വലത കൈവരുന്നു. എന്തായാലും അയാള്‍ സ്വതന്ത്രനായ വ്യക്തിയാണല്ലോ. നീണ്ടപാതയില്‍, അടുത്ത വളവില്‍ എന്താണ് തന്നെ കാത്തിരിക്കുന്നതെന്ന് ആരറിഞ്ഞു! സഹൃദയത്വവും ശുഭാപ്തിവിശ്വാസവും ഉള്ളിടത്തോളം ജീവിതത്തെ വെറുക്കാനോ നിരാകരിക്കാനോ കഴിയില്ല. ‘ഇതെന്റെ വിധി’യെന്നു വിലപിക്കുന്നവന് നിലനില്പില്ല.
എതാണ്ട് ഇതേ കാലത്തുതന്നെ വിയന്നായിലെ തെരുവുകളിലൂടെ മറ്റൊരു ‘ട്രാംപ്’ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു. ജീവിതപ്പാതയില്‍നിന്ന് അയാള്‍ പെറുക്കിസൂക്ഷിച്ചത് മനുഷ്യവംശത്തോടുള്ള സ്നേഹത്തിന്റെ പൊട്ടുകളായിരുന്നില്ല എന്നുമാത്രം. അഡോള്‍ഫ് ഹിറ്റ്‌ലര്‍.
‘ദ ട്രാംപ്’ റിലീസായതിനുശേഷം ചാപ്ലിന്‍ ലോസ്ഏഞ്ചലസ്സിലേയ്ക്കു പോന്നു. അവിടെ ഒരു വലിയ കെട്ടിടം ചാപ്ലിനായി എസ്സാനേ കമ്പനി വാടകയ്ക്കെടുത്തിരുന്നു. ഒരു സ്റ്റുഡിയോ തയ്യാറാകുന്നതുവരെ ചിത്രങ്ങള്‍ എടുക്കാനായി. ചാപ്ലിന്‍ സിഡ്നിയെ മാനേജരായി നിയമിച്ചു. ‘ബൈ ദ സീ’, ‘വര്‍ക്ക്’ ‘ലൈഫ്’ ഇവയായിരുന്നു അടുത്ത ചിത്രങ്ങള്‍. എന്നാല്‍ ചാപ്ലിന് ഇരട്ട റീല്‍ ചിത്രങ്ങള്‍ മടുത്തു തുടങ്ങിയിരുന്നു. തന്റെ സൃഷ്ടിപരമായ സാമര്‍ത്ഥ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇത്ര ഹ്രസ്വമായ സമയം തികച്ചും അപര്യാപ്തമായി ചാപ്ലിനു തോന്നി.
ന്യൂയോര്‍ക്കിലെ പല കമ്പനികളും തങ്ങള്‍ക്കുവേണ്ടി ജോലിചെയ്യാന്‍ ചാപ്ലിനെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. സിഡ്നി ന്യൂയോര്‍ക്കിലെത്തി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിവച്ചിരുന്നു. മിക്ക കമ്പനി മേധാവികള്‍ക്കും ചാപ്ലിനോട് നേരിട്ടു സംസാരിക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. താന്‍ ഇന്ന ദിവസം ന്യൂയോര്‍ക്കിലേയ്ക്’ ട്രെയിന്‍മാര്‍ഗ്ഗം പുറപ്പെടുന്നുവെന്നു കാണിച്ച് ചാപ്ലിന്‍ സിഡ്നിക്ക് ടെലിഗ്രാം അയച്ചു. ട്രെയിന്‍ ഏറെദുരം പിന്നിട്ടിട്ടും അധികം സംസാരിക്കാത്ത, മാന്യമായ വേഷം ധരിച്ച ഈ ചെറുപ്പക്കാരനെ സഹയാത്രികര്‍ തിരിച്ചറിഞ്ഞില്ല. അമാറില്ലോ സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ ചാപ്ലിന്‍ ടോയ്‌ലറ്റില്‍ അടിവസ്ത്രം മാത്രം ധരിച്ച് നിന്ന് ഷേവു ചെയ്യുകയും അത്താഴം കഴിക്കാന്‍ വേണ്ടി തയ്യാറാവുകയുമായിരുന്നു. പ്ളാറ്റ്ഫോമില്‍ ജനം തിങ്ങി നിറഞ്ഞിരിക്കുന്നത് ജനാലയിലൂടെ ചാപ്ലിനു കാണാമായിരുന്നു.
പ്ളാറ്റ്ഫോം ദീപാലംകൃതമായിരുന്നു. ട്രെയിനിനകത്ത് കതകുകള്‍ തുറന്നടഞ്ഞു. പെട്ടെന്ന് ടോയ്‌ലറ്റിന്റെ വാതില്‍ പുറത്തുനിന്ന് തള്ളിത്തുറക്കപ്പെട്ടു. “അമാറില്ലോയുടെ മേയര്‍ക്കും അങ്ങയുടെ ആരാധകര്‍ക്കും വേണ്ടി ഞാന്‍ അങ്ങയെ ക്ഷണിക്കുന്നു. ഞങ്ങളോടൊപ്പം ഒരു ഡ്രിങ്കും സാന്‍ഡ്‌വിച്ചും കഴിക്കൂ.” മനസ്സില്ലാ മനസ്സോടെയെങ്കിലും വേഷം ധരിച്ച് ചാപ്ലിന്‍ പ്ലാറ്റ്ഫോമിലേയ്ക്കിറങ്ങി. മേയര്‍ അനുമോദന പ്രസംഗം നടത്തി. എല്ലാവരും ഒരുമിച്ചിരുന്ന് സാന്‍ഡ്‌വിച്ചും ശീതളപാനീയങ്ങളും കഴിച്ചു. താന്‍ ഈ ട്രെയ്‌നില്‍ ഉണ്ടെന്ന് എങ്ങിനെ മനസ്സിലാക്കിയെന്ന് ചാപ്ലിന്‍ മേയറോടു ചോദിച്ചു. ചാപ്ലിന്‍ സിഡ്നിക്കയച്ച ടെലിഗ്രാം രാജ്യം മുഴുവനുമുള്ള ടെലിഗ്രാഫ് ഓപ്പറേറ്റര്‍മാര്‍ വഴിയാണ് ന്യൂയോര്‍ക്കിലെത്തിയത്. ചില ഓപ്പറേറ്റര്‍മാര്‍ ആ ടെലിഗ്രാമിലെ വിവരം പത്രമോഫീസുകളിലെത്തിച്ചു.
കാന്‍സാസ് സിറ്റിയിലും ഷിക്കോഗോയിലും വന്‍ തിരക്കായിരുന്നു. സ്റ്റേഷനുകള്‍വിട്ട് വണ്ടി വയലുകളിലൂടെ ഓടുമ്പോഴും ട്രെയിനിനെ നോക്കി ജനം കൈവീശുന്നുണ്ടായിരുന്നു. ഷിക്കാഗോയില്‍ രാത്രി ഒരു ഹോട്ടലില്‍ തങ്ങിയ ചാപ്ലിന് ന്യൂയോര്‍ക്കിലെ പോലീസ് തലവനില്‍നിന്ന് ഒരു കമ്പിസന്ദേശം ലഭിച്ചു. ന്യൂയോര്‍ക്കിലെ ഗ്രാന്റ് ട്രങ്ക് സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ പ്രധാന കവാടം ഒഴിവാക്കി മറ്റൊരു വാതിലിലൂടെ പുറത്തു കടക്കണമെന്ന്. അവിടെയുണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹത്തിന് സംശയമുണ്ടെന്ന്. ആരാധകരുടെ ഈ സ്നേഹപ്രകടനങ്ങളില്‍ ഉത്സാഹഭരിതനാകുന്നതിനു പകരം ഒരു കുടുക്കില്‍ വീണ തോന്നലാണ് ചാപ്ലിനില്‍ സുഷ്ടിച്ചത്.
യുണിവേഴ്സല്‍, വിറ്റാഗ്രാഫ്, ഫേമസ് പ്ലയേഴ്സ്, ഫോക്സ്, തുടങ്ങി നിരവധി പ്രമുഖ കമ്പനികളുടെ മേധാവികള്‍ ചാപ്ലിനെ മാറി മാറി സല്ക്കരിച്ചു. വിവിധ നൈറ്റ് ക്ലബ്ബുകളില്‍ പാര്‍ട്ടികളും കാബറേയും ലക്ഷക്കണക്കിനു ഡോളറുകളുടെ വാഗ്ദാനങ്ങളും. എന്നാല്‍ ചാപ്ലിന് അവരാരും വിശ്വസ്തരായി തോന്നിയില്ല. മദ്യവും മദിരാക്ഷിയുമില്ലാതെ ബിസിനസ്സ് സംസാരിച്ച മ്യൂച്ചല്‍ ഫിലിം കോര്‍പ്പറേഷന്റെ ജോണ്‍ ആര്‍ ഫ്രൂയിലര്‍ മുന്നോട്ടു വച്ച കരാറിലാണ് ചാപ്ലിന്‍ ഒപ്പിട്ടത്. ആഴ്പയില്‍ 10,000 ഡോളറും ഒപ്പിടുമ്പോള്‍ 1,50,000 ഡോളറും. അതായത് 6,70,000 ഡോളര്‍ ഒരു വര്‍ഷം. ഇന്നത്തെ ഡോളര്‍മുല്യത്തില്‍ ഈ തുക മനസ്സിലാക്കണമെങ്കില്‍ അതിനെ 15 കൊണ്ടു ഗുണിക്കുക. ഇന്‍ഡ്യന്‍ രൂപയില്‍ അറിയണമെങ്കില്‍ വീണ്ടും 47 കൊണ്ടു ഗുണിക്കുക).
പത്രങ്ങളിലേയും ആനുകാലികങ്ങളിലേയും കാര്‍ട്ടുണിസ്റ്റുകള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ചാപ്ലിന്റെ പുതിയ കരാറായിരുന്നു വിഷയം. എകാകിയായ, മുഷിഞ്ഞ വേഷം മാത്രം ധരിക്കാറുള്ള പട്ടിണിപ്പാവമായ ‘ലിറ്റില്‍ ട്രാംപ്’ എവിടെ? കോടികളുടെ പ്രഭുവായ ഈ ഇരുപത്തിയേഴുകാരനെവിടെ?
|