close
Sayahna Sayahna
Search

ചാപ്ലിൻ: ചിത്രീകരണരീതി


ചാപ്ലിൻ: ചിത്രീകരണരീതി
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

ചിത്രീകരണരീതി

തന്റെ സഹപ്രവര്‍ത്തകരുമായി ചാപ്ലിന്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1916ല്‍ ക്യാമറാമാന്‍ ആയി ചാപ്ലിനോടുകൂടിയ റോളണ്ട് ടോത്തറോ 1954 വരെയും ഒപ്പമുണ്ടായിരുന്നു. ആല്‍ഫ് റീവ്സ്‌ അദ്ദേഹത്തിന്റെ അന്ത്യംവരെയും സന്തതസഹചാരിയായിരുന്നു. എന്നാല്‍ സഹോദരന്‍ സിഡ്നിയുടെ അഭിപ്രായം വ്യത്യസ്തമായിരുന്നു. ആരെയും അധികകാലം കൂടെ നിര്‍ത്താന്‍ പാടില്ല എന്നായിരുന്നു സിഡ്നിയുടെ വാദം. “നിന്നെപ്പറ്റി അവര്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനുമുന്‍പ് അവരെ പറഞ്ഞുവിടണം” — സ്റ്റുഡിയോ ഫ്ളോറിലും മറ്റെവിടെയും ചാപ്ലിനെ മറുള്ളവരില്‍നിന്നും കാത്തു സുക്ഷിക്കുക തന്റെ കടമയാണെന്നു വിശ്വസിച്ചിരുന്ന സിഡ്നി ഒരിക്കല്‍ പറഞ്ഞു.

ചാപ്ലിന്‍ ചിത്രങ്ങള്‍ക്ക് സ്ക്രിപ്റ്റ് തയ്യാറാക്കാന്‍ ഇന്നു വിസ്മൃതിയില്‍ ആണ്ടുപോയിരിക്കുന്ന അനേകം എഴുത്തുകാരും സെക്രട്ടറിമാരും ഉണ്ടായിരുന്നെങ്കിലും ‘ദ ഗ്രേറ്റ് ഡിറ്റേക്ടര്‍’ വരെ ഒരു ചിത്രത്തിനും പൂര്‍ണമായ സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയില്‍ ഓരോ സീനും ഉരുത്തിരിഞ്ഞുവരികയായിരുന്നു പതിവ്. തന്റെ ഈ പ്രവണത ചാപ്ലിനുതന്നെ അതിയായ മാനസിക വിക്ഷോഭം ഉണ്ടാക്കാറുണ്ടായിരുന്നു.

ഒരു കോമിക് സീനിന്റെ ശ്ളഥമായ ആശയങ്ങളുമായി ചാപ്ലിന്‍ രാവിലെ സ്റ്റുഡിയോയിലെത്തുന്നു. ടേക്കുകള്‍ തുടങ്ങുന്നു. പലഭാഗത്തു നിന്നും ‘ഇതിങ്ങിനെയാവാം’ അല്ലാ ‘ഇങ്ങിനെയാവാം’ എന്ന് അഭിപ്രായങ്ങള്‍ ഉയരുന്നു. (‘ഇങ്ങിനെ തന്നെ വേണം’ എന്ന് ചാപ്ലിനോട് തറപ്പിച്ചു പറയാന്‍ തക്ക ധൈര്യവും വിഡ്ഢിത്തവുമുള്ള ആരുമുണ്ടായിരുന്നില്ല). ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് ആ സീന്‍ ശരിയാവും. ചിലപ്പോള്‍ വല്ലാതെ നീണ്ടുപോവും. ചിട്ടയില്ലാത്ത ഈ രീതിമൂലം കണക്കില്ലാത്തത്ര അടി റോ ഫിലം എക്സ്പോസു ചെയ്യപ്പെട്ടു. ഉദാഹരണത്തിന് ‘ദ ഇമിഗ്രന്റ്’ എന്ന ഫിലിമിന് 90,000 അടിയിലേറെ ഉപയോഗിച്ചു, എന്നാല്‍ റിലീസു ചെയ്തപ്പോള്‍ 1809 അടി മാത്രം ദൈര്‍ഘ്യമുള്ള ഒരു ഇരട്ട റീല്‍ ചിത്രം! ചാപ്ലിന്റെ മൂഡില്‍ ഉണ്ടാവുന്ന അപ്രതീക്ഷിതമായ വ്യതിയാനങ്ങളും ചിലവു വര്‍ദ്ധിപ്പിച്ചു. പെട്ടെന്ന് ഷുട്ടിങ്ങ് നിറുത്തി ചാപ്ലിന്‍ ഡ്രെസ്സിംഗ് റൂമില്‍ കയറി അടച്ചിരിക്കും. അല്ലെങ്കില്‍ കാറില്‍ കയറി നീണ്ട ഡ്രൈവിനുപോകും. അതുമല്ലെങ്കില്‍ ഒരു മുറിയില്‍ കയറി ഇരുന്ന് വയലിന്‍ മീട്ടും (പിയാനോ, വയലിന്‍ മുതലായവ വായിക്കാന്‍ ചാപ്ലിന്‍ പ്രാഗത്ഭ്യം നേടിയിരുന്നു. സ്വന്തമായി സംഗീതറെക്കോര്‍ഡുകള്‍ നിര്‍മ്മിക്കാനും പരിപാടിയിട്ടിരുന്നു).

റിഹേഴ്സലിനിടെ സഹനടന്‍മാര്‍ക്ക് അവരുടെ റോള്‍ അഭിനയിച്ചു കാണിക്കുക ചാപ്ലിന്റെ പതിവായിരുന്നു ഈ നിമിഷം സൌമ്യയായ ഒരു വയോവൃദ്ധയെങ്കില്‍ അടുത്തനിമിഷം എല്ലാം തല്ലിത്തകര്‍ക്കാന്‍ വെമ്പുന്ന റൗഡിയായും അതിനടുത്ത നിമിഷം സ്നേഹം വഴിഞ്ഞൊഴുകുന്ന നായികയായും ഓരോന്നും വ്യത്യസ്തമായ രീതികളില്‍ അഭിനയിച്ചു കാണിക്കും. മറ്റു നടീനടന്‍മാര്‍ ഇതുമൂലം പലപ്പോഴും വല്ലാത്ത ധര്‍മ്മസങ്കടത്തില്‍ പെട്ടുപോകുമായിരുന്നു – ഇതില്‍ ഏതു സ്വീകരിക്കണം?

അഭിനേതാക്കളുടെ മേക്കപ്പിനെക്കുറിച്ചും ചാപ്ലിന് തന്‍റേതായ ആശയങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ വല്ലാത്ത ചാഞ്ചല്യവും പ്രകടിപ്പിച്ചിരുന്നു. ഇന്നൊരു നടന് താടിവേണമെന്ന് നിഷ്കര്‍ഷിച്ചാല്‍ അടുത്ത ദിവസം എന്തിനീ താടിയെന്നു ചോദിക്കും. എഡ്നാ പര്‍വേയന്‍സ് ഉള്‍പ്പടെ തന്റെ എല്ലാ നായികമാരുടേയും വസ്ത്രാലങ്കാരം ചാപ്ലിന്‍ തനിയെയാണ് ചെയ്തിരുന്നത്. എന്തിന്, നടീനടന്‍മാരുടെ മുടി ചീകലില്‍ പോലും ചാപ്ലിന്‍ ശ്രദ്ധ പതിപ്പിക്കുകയും കൈകടത്തുകയും ചെയ്തു. (ചാപ്ലിന്‍ ഒരിക്കലും ബാര്‍ബര്‍ ഷോപ്പില്‍ പോയിരുന്നില്ല, വീട്ടില്‍തന്നെ സ്വയം മുടിവെട്ടുകയായിരുന്നു പതിവ്.)

ഉപയോഗിക്കാത്ത, വെട്ടിമാറ്റപ്പെട്ട ഫിലിം കഷണങ്ങള്‍ (അവയുടെ ഒരു കൂമ്പാരം തന്നെ ഉണ്ടാവുമായിരുന്നു) സിഡ്നി ആരുമറിയാതെ സ്റ്റുഡിയോയില്‍ നിന്നും കടത്തിക്കൊണ്ടുപോവുമായിരുന്നു. അത് സ്റ്റുഡിയോയുടെ വകയാണെന്ന് അറിയാഞ്ഞിട്ടല്ല. ചാപ്ലിന്റെ കാലശേഷം ഉപയോഗിക്കാനാണ് സിഡ്നിയുടെ ഉദ്ദേശ്യമെന്ന് പലരും ആക്ഷേപിക്കാറുണ്ടാതിരുന്നു. ചാപ്ലിന്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിതോടെ ഇങ്ങിനെ സംഭരിച്ചിരുന്ന വെട്ടുകഷണങ്ങള്‍ അവിടുത്തെ അലമാരികളില്‍ ഭദ്രമായി സൂക്ഷിച്ചു. 1952ല്‍ തന്റെ സ്റ്റുഡിയോ പൂട്ടി എന്നേയ്ക്കുമായി ചാപ്ലിന്‍ അമേരിക്ക വിട്ടപ്പോള്‍ അവയെല്ലാം നശിപ്പിക്കാന്‍ ടോത്തറോയോട് ചാപ്ലിന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അങ്ങിനെ ചെയ്യാന്‍ ടോത്തറോയ്ക്ക് മനസ്സു വന്നില്പ. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ബിബിസി മുന്നു ഭാഗമായി ടെലികാസ്റ്റ് ചെയ്ത ‘ദ അണ്‍നോന്‍ ചാപ്ലിന്‍’ ഈ മുറിക്കഷണങ്ങളില്‍ നിന്നായിരുന്നു. പൂര്‍ണ്ണത കൈവരിക്കാനുള്ള ഒരു കലാകരന്റെ നിരന്തരമായ പരിശ്രമത്തിന്റെ വിശദമായ ചിത്രീകരണമാണ് ഈ ടെലി ഫിലിം.

‘ദ ട്രാംപി്ല്‍ എഡ്നായുടെ അച്ഛന്റെ വേഷമിട്ട ഫ്രെഡ് ഗുഡ് വില്‍സ് ആയിരുന്നു ആദ്യം ചാപ്ലിന്റെ പബ്ലിസിറ്റി മാനേജര്‍. 1917 ല്‍ ഒരു പത്രക്കാരനായിരുന്ന കാര്‍ലൈന്‍ റോബിന്‍സണ്‍ ആ ചുമതല ഏറ്റെടുത്തു. നാണക്കേടു മൂലം ചാപ്ലിന്‍ തന്റെ അമ്മയെ ബ്രിട്ടനിലെ ഒരു നഴ്സിങ്ങ്ഹോമില്‍ തള്ളിയിരിക്കുകയാണെന്ന് ലോകം കരുതുമെന്നും അമ്മയെ അമേരിക്കയിലേയ്ക്കു കൊണ്ടുവരണമെന്നും റോബിന്‍സണ്‍ ഉപദേശിച്ചു. താനും അമ്മയെപ്പോലെ ആവുമോ, അമ്മയുടെ വിധി തന്നെയാണോ തനിക്കും നിയതി വച്ചിരിക്കുന്നത് എന്നായിരുന്നു ചാപ്ലിന്റെ യഥാര്‍ത്ഥ ഭയം. യുദ്ധം മൂലം 1917-ലും 18-ലും ഹാന്നായെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. 1919ല്‍ ഇമിഗ്രേഷന്റെ എല്ലാ ഔപചാരികതയും പുര്‍ത്തിയായപ്പോള്‍, ഇപ്പോള്‍വേണ്ടാ എന്ന് ചാപ്ലിന്‍ പറഞ്ഞു. വ്യക്തിപരമായും തൊഴില്‍പരമായും ഏതാണ്ടൊരു പ്രതിസന്ധിയിലായിരുന്ന ചാപ്ലിന് അമ്മയുടെ സാന്നിദ്ധ്യം തല്‍ക്കാലം അഭിലഷണീയമല്ലെന്നു തോന്നി.

അവസാനം 1921-ലാണ് ഹാന്നാ അമേരിക്കയിലെത്തുന്നത്. അമ്മയെ സ്വീകരിക്കാന്‍ ചാപ്ലിനോ സിഡ്നിയോ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. ഹാന്നായ്ക്കുവേണ്ടി ചാപ്ലിന്‍ ഒരു ബംഗ്ളാവ് വാങ്ങിയിരുന്നു. ഹാന്നായുടെ ജിവിതത്തില്‍ അവശേഷിച്ച ഏഴുവര്‍ഷവും ചാപ്ലിന്‍ വളരെ അപൂര്‍വ്വമായി മാത്രമേ അവരെ സന്ദര്‍ശിച്ചിരുന്നുള്ളു. തന്റെ വിട്ടിലേയ്ക്കോ തന്റെ സ്റ്റുഡിയോയിലേയ്ക്കോ അമ്മയെ കൊണ്ടുപോയതും വളരെ ചുരുക്കം പ്രാവശ്യം മാത്രം. കാര്‍ണോയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരുമിച്ച് സിനിമാസ്വപ്നം കണ്ടിരുന്ന ആല്‍ഫ് റീവ്സ് ഇതിനകം ചാപ്ലിന്റെ സ്റ്റുഡിയോയുടെ ജനറല്‍ മാനേജരായിരുന്നു. ആല്‍ഫും പത്നിയും, സിഡ്നിയും ഇടയ്ക്കിടെയെങ്കിലും അമ്മയെ കാണാന്‍ എത്താറുണ്ടായിരുന്നു. അല്ലെങ്കില്‍ ജോലിക്കാരും നഴ്സുമാരുമായിരുന്നു ഹാന്നായുടെ സഹചാരികള്‍.

ചുരുക്കിപ്പറഞ്ഞാല്‍ സ്നേഹശുശ്രൂഷകള്‍ക്കു പകരം ഹാന്നായ്ക്ക്’ തന്റെ പ്രശസ്തനായ മകനില്‍ നിന്ന് ലഭിച്ചത് പണം ചിലവഴിച്ച് ലഭ്യമാക്കാവുന്ന എല്ലാ സൌകര്യങ്ങളുമായിരുന്നു. ഇത് അമ്മയോടുള്ള സ്നേഹക്കുറവു മൂലമായിരുന്നില്ല. മാനസിക വിഭ്രാന്തികളില്‍ ആണ്ടുപോയ അമ്മയെ ആ അവസ്ഥയില്‍ കാണാന്‍ ചാപ്ലിന് മാനസികമായി കഴിവില്ലായിരുന്നതു മൂലമായിരുന്നു.