close
Sayahna Sayahna
Search

ചാപ്ലിൻ: യൂറോപ്പിൽ


ചാപ്ലിൻ: യൂറോപ്പിൽ
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

യൂറോപ്പില്‍

1932-ല്‍ ചാപ്ലിന്‍ വീണ്ടും ഇംഗ്ലണ്ടിലെത്തി. ഇത്തവണ അദ്ദേഹം ആദ്യം പരിചയപ്പെട്ടവരില്‍ ഒരാള്‍ ബര്‍നാഡ് ഷായായിരുന്നു. അന്നത്തെ ബ്രട്ടീഷ പ്രധാനമന്ത്രിയായിരുന്ന രാംസേ മക്ഡൊണാള്‍ഡ്, മുന്‍ പ്രധാനമന്ത്രി ലോയഡ് ജോര്‍ജ്, പിന്നീട് പ്രധാനമന്ത്രിയായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇവരുടെയൊക്കെ വിരുന്നുകളില്‍ പങ്കെടുത്തു.തൊഴിലില്ലായ്മയും ദാരിദ്രവുമില്ലാത്ത ഒരു നാളയെക്കുറിച്ചും അങ്ങിനെയൊരു സാമൂഹ്യ വ്യവസ്ഥിതിയിളേയ്ക്കുള്ള മാര്‍ഗ്ഗത്തെ സംബന്ധിച്ചുമൊക്കെ ചാപ്ലിന്‍ വളരെ ഗൗരവമായിത്തന്നെ അവര്‍ ഓരോരുത്തരോടും സംസാരിച്ചു. ഏതു കാലത്തിലായാലും ഏതു രാജ്യത്തിലേയായാലും രാഷ്ട്രീയക്കാര്‍ ഒരുപോലെ തന്നെ. അവരാരും തന്നെ ചാപ്ലിനെ കാര്യമായെടുത്തില്ല. ചലച്ചിത്രകാരന്‍, അല്ലെങ്കില്‍ കലാകാരന്‍ രാഷ്ട്രീയക്കാരന്റെ മേഖലയിലേയ്ക്ക് കടക്കേണ്ട എന്ന വ്യക്തമായ സൂചനയായിരുന്നു അവര്‍ നല്‍കിയത്.

മഹാത്മഗാന്ധിയുമായും ലണ്ടനില്‍വച്ച് ഒരു കൂടികാഴ്ചയുണ്ടായി. യന്ത്രവല്‍ക്കരണവും അതുമൂലം തൊഴിലാളികള്‍ജ്ക്കുണ്ടാവുന്ന പ്രശ്നങ്ങളുമായിരുനു പ്രധാന സംഭാഷണവിഷയം.

ചാപ്ലിന്‍, താന്‍ ബാല്യത്തില്‍ പഠിച്ച ഹാന്‍വെല്‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു. ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്ഥാപനം പഴയതുപോലെ തന്നെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ഗൃഹാതുരത്വം അനുഭവിക്കാന്‍ തക്കതായ ഒന്നും ചാപ്ലിന്റെ, ആ സ്ക്കൂളിലെ ജിവിതത്തിലുണ്ടായിരുന്നില്ലെങ്കിലും ലോലഹൃദയനായ ചാപ്ലിനെ സംബന്ധിച്ചിടത്തോളം ഹൃദയസ്പര്‍ശിയായ ഒരു തിരിച്ചുവരവായിരുന്നു അത്.

ബര്‍ലിനില്‍ ഐന്‍സ്റ്റീനും ഭാര്യയുമൊത്ത് ഡിന്നര്‍ കഴിച്ചു. യന്ത്രങ്ങളുടെ അമിതമായ ഉപയോഗം സാധാരണക്കാരനെ തൊഴിലില്ലായ്മയിലേയ്ക്ക് തള്ളിവിടുകയാണെന്ന് ചാപ്ലിന്‍ അഭിപ്രായപ്പെട്ടു. (മോഡേണ്‍ ടൈംസിന്റെ ബീജാവാപം?) “താങ്കള്‍ ഒരു കൊമേഡിയനല്ലാ സാമ്പത്തിക ശാസ്ത്രജ്ഞനാണല്ലോ”) എന്നായിരുന്നു ഐന്‍സ്റ്റീന്റെ പുഞ്ചിരിയോടെയുള്ള പ്രതികരണം.

വിയന്നയിലെത്തിയപ്പോള്‍ വന്‍പിച്ച സ്വീകരണമാണ് ചാപ്ലിന് ലഭിച്ചത്. ചാപ്ലിനു കാണണമെന്നുണ്ടായിരുന്നതും ചാപ്ലിനെ കാണണമെന്നുണ്ടായിരുന്നതുമായ ഒരു വ്യക്തിയുമായി മാത്രം കൂട്ടിമുട്ടാനായില്ല. സിംഗമന്റ് ഫ്രോയ്ഡ്. ഫ്രോയ്ഡ് ഒരു സുഹൃത്തിനെഴുതി:

“ഒരു സംശയവുമില്ല. ചാപ്ലിന്‍ മഹാനായ ഒരു കലാകാരനാണ്. എപ്പോഴും ഒരേ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രീകരിക്കാറ്.

ദുര്‍ബലനും ദരിദ്രനും നിസ്സഹായനുമായ, തപ്പിത്തടയുന്ന ചെറുപ്പക്കാരന്‍. അയാളുടെ കാര്യങ്ങളെല്ലാം ഭംഗിയായി കലാശിക്കുന്നു. പക്ഷേ സ്വന്തം അഹത്തെ മറന്നാണ് ചാപ്ലിന്‍ ഈ കഥാപാത്രങ്ങളെ സൃഷ്ടിക്കാറുള്ളതെന്ന് നിങ്ങള്‍ കരുതുന്നുവോ? അങ്ങനെയല്ല. അഭിശപ്തമായ തന്റെ ബാല്യ-കൗമാര-യൗവന ജീവിതം പുനരാവിഷ്കരിക്കുന്നതേയുള്ളൂ അദ്ദേഹം. അക്കാലത്തെ അനുഭവങ്ങളുടെ തീവ്രതയില്‍നിന്ന് ചാപ്ലിന്‍ ഇനിയും മോചിതനായിട്ടില്ല. അന്നത്തെ മോഹഭംഗങ്ങളുടേയും അപമാനങ്ങളുടേയും കണക്കുതീര്‍ക്കുകയാണ് ഭംഗ്യന്തരേണ ചാപ്ലിന്‍ ചെയ്യുന്നത്.”

വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സിഡ്നി ചാപ്ലിന്‍ അമേരിക്കവിട്ട് തിരിച്ച് ഇംഗ്ലണ്ടിലെത്തിയിരുന്നു. അവിടെ ചില സിനിമകളില്‍ അഭിനയിക്കുകയും ചിലതു നിര്‍മ്മിക്കുകയും ചെയ്തതിനു ശേഷം പാരീസില്‍ കുടിയേറി പാര്‍ക്കുകയായിരുന്നു സിഡ്നി. ചാപ്ലിന്‍ തന്റെ സഹോദരനെ കണ്ടിട്ട് ഏറെക്കാലമായിരുന്നു. യാത്രാമദ്ധ്യേ പാരീസിലെത്തിയ ചാപ്ലിന്‍ പക്ഷേ സിഡ്നിയുമൊത്തല്ല കഴിഞ്ഞത്. ചാപ്ലിന് ഒരു പുതിയ കൂട്ടുകാരിയെ കിട്ടിയിരുന്നു. മേ റീവ്സ്. അവള്‍ക്കു ചാപ്ലിനെ വിവാഹം കഴിക്കണമെന്ന മോഹമുണ്ടായിരുന്നു. എന്നാല്‍ അധികം വൈയ്കാതെ അവര്‍ ‘നല്ല സുഹൃത്തുക്കളായി’ പിരിഞ്ഞു.

ആ നീണ്ട യാത്രയുടെ അവസാനമാണ് ചാപ്ലിന്‍ ജപ്പാനിലെത്തുന്നത്. വര്‍ഷങ്ങളായി ചാപ്ലിന്റെ ഡ്രൈവറും പിന്നീട് അദ്ദേഹത്തിന്റെ കാര്യസ്ഥനുമായിരുന്ന ജപ്പാന്‍കാരനായിരുന്ന കോനോ ആയിരുന്നു അവിടെ ചാപ്ലിന്റെ മാര്‍ഗദര്‍ശി. വളരെ അവിചാരിതവും നാടകീയവുമായ ചില സംഭവങ്ങള്‍ ടോക്യോയില്‍ വച്ചുണ്ടായി. മുറമുറയായി നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന സമയമായിരുന്നു ജപ്പാനില്‍ അത്. ഒരുപറ്റം പട്ടാളഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അപ്പോഴത്തെ ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളഭരണം നടപ്പാക്കാം എന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതങ്ങള്‍. പ്രധാനമന്ത്രി ഇസുകായ്റ്റുമൊത്ത് ചാപ്ലിന്‍ ഭക്ഷണം കഴിക്കുമ്പോള്‍ രണ്ടുപേരേയും ഒരുമിച്ച് വധിക്കണമെന്നതായിരുന്നു കലാപകാരികളുടെ പദ്ധതി/ എന്നാല്‍ അവസാനനിമിഷം ഇതു പൊളിഞ്ഞുപോയി. അറസ്റ്റിലായ നാല്‍പത്തിയൊന്നു കലാപകാരികളുടെ വിചാരണയ്ക്കിടയിലാണ് വിശദവിവരങ്ങള്‍ പുറത്തു വന്നത്. അമേരിക്കയില്‍ ഏറ്റവും ജനപ്രിയനായ ചാപ്ലിനേയും അമേരിക്കന്‍ അംബാസിഡറേയും വധിച്ചാല്‍ അമേരിക്ക ജപ്പാനുമായി യുദ്ധം പ്രഖ്യാപിക്കുമെന്നും അതോടെ, പ്രധാനമന്ത്രിയുമില്ലാത്ത ജപ്പാനില്‍ പട്ടാളത്തിന്‍ ഭരണം ഏറ്റെടുക്കാന്‍ കഴിയുമെന്നായിരുന്നു കലാപകാരികളുടെ ബുദ്ധിശൂന്യമായ ആശയം. തിരിച്ച് അമേരിക്കയിലെത്തിയ ശേഷമാണ് ചാപ്ലിന്‍ താന്‍ അതിജീവിച്ച അപകടത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്.